ബൂട്ട് പോളിഷ് വാല

(സിനിമയിലല്ല)

ചർച്ച് ഗേറ്റിലോ വി.റ്റിയിലോ മണിക്കൂറുകളോളം കഠിനാദ്ധ്വാനം ചെയ്ത് പ്രതിദിനം നാനൂറോ അഞ്ഞൂറോ രൂപ മാത്രം സമ്പാദിച്ച് കുടുംബം പോറ്റുന്ന പാവങ്ങളായ യഥാർത്ഥ ബൂട്ട് പോളിഷ് വാലകളുടെ ജീവിതം സിനിമയിലെ ഈ കഥാപാത്രങ്ങളുടെ ജീവിതത്തിൽനിന്ന്​ ഏറെ അകലെയാണ്​.

വീരാർ - ചർച്ച് ഗേറ്റ് ഫാസ്റ്റ് ആറാം നമ്പർ പ്ലാറ്റ്‌ഫോമിൽ വന്നുനിന്ന് കിതച്ചു. ഗുഹാമുഖങ്ങൾ താണ്ടിയെത്തുന്ന പൂർവികരെപ്പോലെ യാത്രികർ പ്ലാറ്റ്‌ഫോമിൽ ചിതറിവീണു; ഒരു നീണ്ട വാചകത്തിൽനിന്ന് വാക്കുകൾ ഉതിർന്നു വീഴുന്നപോലെ.

പ്രശസ്ത മറാഠി കവി ദിലീപ് ചേത്രിയുടെ വരികൾ ഞാനോർത്തു. ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്ന് പ്ലാറ്റ്‌ഫോമിന്റെ സമീപത്തുള്ള റെയിൽവെ ടീസ്റ്റാളിലെ മുഷിഞ്ഞ വാട്ടച്ചായ കുടിച്ചു. സ്റ്റാളിന് തൊട്ടടുത്ത ഷൂപോളിഷ് വാല മരം കൊണ്ട് തട്ടിക്കൂട്ടിയ അല്പം മാത്രം ഉയരമുള്ള തന്റെ പെട്ടിയിൽ ബ്രഷ്‌ കൊണ്ട് ടപ്പ്, ടപ്പ്, ടപ്പ് എന്ന് തട്ടി ശബ്ദമുണ്ടാക്കി എന്റെ ശ്രദ്ധ ക്ഷണിച്ചു. പത്തിരുപത്തഞ്ച് വയസ്സോളം പ്രായമുള്ള ഈ യു.പി വാല പതിവായി എന്റെ ഷൂ പോളിഷ് ചെയ്ത് തിളക്കുന്നു; കേവലം അഞ്ചു രൂപയ്ക്ക്. തന്റെ ഒട്ടും ഷൈനിങ്ങില്ലാത്ത ജീവിതം പേറുമ്പോഴും അന്യരുടെ ഷൂ പോളിഷ് ചെയ്ത് ‘ഷൈനാക്കാൻ' അയാൾ നിർബ്ബന്ധിതനാണ്.

ഓഫീസുകളിലെത്താൻ പായുന്ന വൈറ്റ്‌കോളർ ജീവനക്കാർക്ക് നീല യൂണിഫോംധാരികളായ ബൂട്ട്‌പോളിഷ് വാലകളെ, അവരുടെ ജീവിതവ്യഥകളെ തിരിച്ചറിയണമെന്നില്ല.

അശോക് ചൗഹാൻ എന്ന ഈ പയ്യൻ 17-ാം വയസ്സിലാണ് അയാളുടെ അമ്മാവനുമൊത്ത് മഹാനഗരത്തിലെത്തുന്നത്. നരിമാൻ പോയിന്റിലെ ഓഫീസുകൾ തൂത്തുവാരുന്ന ജോലിയിലുള്ള അയാളുടെ അമ്മാവൻ ഒരിക്കൽ അശോകിനോട് പറഞ്ഞു, ‘‘നീ എന്റെ കൂടെ വാ. എന്തെങ്കിലും ജോലി ചെയ്ത് നാല് ചക്രമുണ്ടാക്ക്. ഇവിടെ കിടന്ന് നീ ഠാക്കൂറിന്റെ എരുമകളുടെ ചാണകംവാരി മരിക്കണ്ട.''

അമ്മാവെന്റ വാക്ക് കേട്ടപാതി അശോക് തകരപ്പെട്ടിയും അല്പം ചില വസ്ത്രങ്ങളുമെടുത്ത് അദ്ദേഹത്തോടൊപ്പം ബോംബെയിലേക്ക് വണ്ടി കയറി. കുർള ടെർമിനസ്സിൽ വന്നിറങ്ങിയ ഇരുവരും സബർബൻ ​ട്രെയിൻ പിടിച്ച് ചർച്ച് ഗേറ്റിലെത്തി. രമ്യഹർമ്യങ്ങളും അംബരചുംബികളും വേൾഡ്‌ ട്രേഡ് സെന്ററുമൊക്കെയുള്ള കഫേപരേഡിലെ ഈ പോഷ് ലൊക്കാലിറ്റിയിൽനിന്ന് കുറച്ചുമാറി സാമാന്യം വൃത്തികെട്ട ശീതൾ നഗർ ചോളിൽ അമ്മാവനുമൊത്ത് ബോംബെ ജീവിതത്തിന് അയാൾ തുടക്കമിട്ടു. മെട്രിക് പരീക്ഷ തോറ്റ അശോകിന് അമ്മാവനെപ്പോലെ തൂപ്പുകാരനാകാൻ വൈമനസ്യമുണ്ട്. പിന്നീട് ആ പയ്യൻ നരിമാൻ പോയിന്റിലെ ഗോൽഗപ്പ (പാനിപൂരി) വില്പനക്കാരന്റെ സഹായിയായി.

വഴിവക്കിലെ വാണിഭം പൊടിപൊടിക്കുമ്പോഴും അയാളുടെ സേഠ് ഉച്ചയ്ക്ക് കഴിക്കാൻ രണ്ടുമൂന്ന് ചപ്പാത്തിക്കും ഉരുളക്കിഴങ്ങുകറിക്കുമുള്ള പണം മാത്രം അശോകിനു നൽകി സ്വന്തം കീശ വീർപ്പിച്ചു. തൊട്ടടുത്ത തമിഴ് അണ്ണന്റെ ഇഡ്ഡലി - വട ടീസ്റ്റാളിൽനിന്ന് ആവശ്യമെങ്കിൽ മാത്രം ഒന്നോ രണ്ടോ കട്ടിംഗ് ചായ കുടിക്കാൻ മഹാമനസ്കനായ ആ സേഠ് അനുവദിച്ചിട്ടുണ്ട്. ഓഫീസുകളിലെ പരിഷ്‌കൃത വസ്ത്രധാരിണികളായ യുവതികൾ അശോകിന്റെ കൈയ്യിൽ നിന്നുമാത്രം പാനിപൂരി വാങ്ങുന്നത് സേഠിന് അത്ര പിടിച്ചില്ല. ഒരുതരം അസ്വസ്ഥത അയാൾ പ്രകടിപ്പിച്ചു. കുടവയറനായ സേഠ് ആ സുന്ദരീമണികളുടെ മുന്നിൽവെച്ചുതന്നെ അശോക് ചൗഹാന്റെ തലയ്ക്ക് കിഴുക്കുകയും തെറിപറയുകയും ചെവി പിടിച്ച് തിരിക്കുകയുമൊക്കെ പതിവാക്കി. അശോക് ഒരു ദിവസം ധൈര്യം സംഭരിച്ച് പറഞ്ഞു: ‘‘മേ ബോഡ്താഹും യെ നൗക്കരി. ഭാഡ് മേം ഗയാ തുമാരാ ചാർ അണേ കാ ദന്താ....''- ഞാനീ പണി വിടുന്നു, അടുപ്പിൽ പോയി തന്റെ നാലണയുടെ കച്ചവടം.

നഗരപ്രാന്തങ്ങളിലും അതിലും ദൂരയുമുള്ള ചെറു കുടിലുകളിൽ കുഞ്ഞുകുട്ടികളുമായി താമസിക്കുന്ന ബൂട്ട് പോളിഷ് വാലകൾ കൂടുതലായും ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിന്നാക്ക സമുദായങ്ങളിൽപെട്ടവരാണ്.

അന്ന് ജീവിതത്തിലാദ്യമായാണ് ആ പതിനേഴുകാരൻ ഒരു സേഠിന്റെ മുമ്പിൽ പ്രതികരിക്കുന്നത്. ഇതിലും ഭേദം തന്റെ ഗാവിലെ ഠാക്കൂറിന്റെ എരുമകളെ തീറ്റുന്നതും അവയുടെ ചാണകം വാരുന്നതുമൊക്കെയാണ് നല്ലതെന്ന് അശോകിന് തോന്നിത്തുടങ്ങി. യു.പി. ഗ്രാമീണ ഭാഷയിൽ അസ്സൽ തെറി പിറുപിറുത്ത്​അശോക്ഭയ്യ എന്ന യുവാവ് നരിമാൻ പോയിന്റിനോട് താൽക്കാലികമായി വിട പറഞ്ഞു. അശോകിന് വേറെ ജോലിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ചപ്പാത്തി ചുട്ടും മീനും പച്ചക്കറി കൂട്ടാനുണ്ടാക്കിയും അമ്മാവനെ അയാൾക്ക് ഊട്ടേണ്ടി വന്നു. കൂടാതെ ആ കക്ഷിക്ക് സംബാജി ബീഡിയും ഹാത്തി ചാപ്പ് തമ്പാക്കും വൈകുന്നേരം നാടൻ റാക്കും വാങ്ങിക്കൊണ്ടുവരുന്ന പണി അശോകിന് വല്ലാതെ മടുത്തു തുടങ്ങിയിട്ടുണ്ട്.

കൊമ്പൻമീശക്കാരനായ അയാളുടെ അമ്മാവൻ വർഷത്തിൽ രണ്ടുപ്രാവശ്യമെങ്കിലും അയാളുടെ ഇൻസ്റ്റാൾമെൻറ്​ ദാമ്പത്യത്തിന്റെ ഓർമ പുതുക്കാൻ സ്വന്തം ഗാവിലേക്ക് പോകും. ആ ഒഴിവുകാലം ആഘോഷിക്കാൻ പോയ അമ്മാവൻ തിരിച്ചുവന്നപ്പോൾ അയാൾക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. കൂടാതെ അവരുടെ വലംകൈയ്യിൽ കമ്പിറാന്തൽപോലെ തൂങ്ങിയ ഒരു കൊച്ചുപയ്യനും. അശോക് ചൗഹാൻ അന്ന് എവിടെയോ തെണ്ടിത്തിരിഞ്ഞ് തിരികെയെത്തി. അടുപ്പിൽ ചോറുണ്ടാക്കുന്ന ആ ചെറുപ്പം സ്​ത്രീയെയാണ് അയാൾ അപ്പോൾ കണ്ടത്. അമ്മാവൻ ആ സ്ത്രീയെ പരിചയപ്പെടുത്തി. ഹിന്ദി സിനിമയിലെ ഒരു സ്ഥിരം ഡയലോഗ് അയാൾ അപ്പോൾ കാച്ചി: ‘യേ തുമാരാ മൗസി (അമ്മായി) ഹെ.'

ഈ പുത്തൻ അമ്മായി ശിരസ്സിലെ സാരി ഒന്നു കൂടി വലിച്ച് മുഖംമറച്ച് അശോകിനെ ഒളികണ്ണാൽ നോക്കിക്കണ്ടു. ‘നമസ്തേ മൗസി' എന്ന് ബഹുമാനസൂചകമായി മൗസി നമ്പർ-2വിനെ അയാൾ വണങ്ങി. മെലിഞ്ഞ് അനാരോഗ്യവാനായ അശോകിനെ ആ സ്ത്രീയ്ക്ക് ഒട്ടും പിടിച്ച ലക്ഷണമില്ല. അവർ ഒരക്ഷരം പോലും മിണ്ടാതെ അടുപ്പിൽ ഫൂ... ഫൂ... ഫൂ... എന്നൂതി. ഇതോടെ അശോകിന്റെ ചിന്ത കാടുകയറി. അയാൾ അതുമിതും ആലോചിച്ച് ചോപ്ഡയുടെ പുറത്തിട്ടിരുന്ന കയർ കട്ടിലിൽ കിടന്ന് അപ്പോൾ തന്നെ മയങ്ങി. അതിരാവിലെ ശീതൾ നഗറിലെ മറ്റു താമസക്കാർ ഉണർന്ന് പബ്ലിക് ടാപ്പിന്റെ കീഴെ തലകാണിച്ച് കാക്കക്കുളി കുളിയ്ക്കുന്നത് ശ്രദ്ധിക്കാതെ അശോക് അയാളുടെ ‘രസോയി' (പുതപ്പ്) ഒന്നുകൂടി വലിച്ചു പുതച്ച് വീണ്ടും കൂർക്കം വലിച്ചു. അപ്പോൾ മുറിയിൽ പാത്രങ്ങൾ നിലത്തെറിയുന്നതിന്റെയും അമ്മാവന്റെ അട്ടഹാസങ്ങളും മൗസിയുടെ അലർച്ചയും ആ കൊച്ചുകുട്ടിയുടെ നിർത്താത്ത കരച്ചിലും കേട്ടു. അശോകിന് കാര്യം പിടികിട്ടി. അയാളുടെ അമ്മാവൻ താൻ ഇവിടെ താമസിക്കുന്ന വിവരം ആ സ്ത്രീയെ അറിയിച്ചിട്ടില്ല. ബഹുഭാര്യാത്വം നിലനിൽക്കുന്ന യു.പി.യിലെ താഴെത്തട്ടിലുള്ള സമുദായാംഗമായ അശോകിന് മൗസിയുടെ ഈ ജരജല്പനങ്ങൾ പുതുമയുള്ളതായി തോന്നിയില്ല. അമ്മാവന് സൗകര്യപൂർവ്വം സെക്‌സ് ചെയ്യാനാണ് ആ സ്ത്രീയെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. അശോക് ചൗഹാൻ തന്റെ കുടിലിലേയ്ക്ക് പായുകയും ട്രങ്കിൽ അവന്റെ വസ്ത്രങ്ങൾ നിറയ്ക്കുകയും ശരംപോലെ ശീതൾ നഗർ പിന്നിലാക്കി നടന്ന് നീങ്ങുകയുമായിരുന്നു.

അന്യരുടെ ഷൂ പോളിഷ് ചെയ്ത് മിനുക്കുമ്പോഴും ഇവരിൽ ഭൂരിഭാഗത്തിന്റെയും ജീവിതത്തിൽ ഒരു മിനുസവുമില്ല. പരുക്കൻ യാഥാർത്ഥ്യങ്ങൾ മുംബൈയിലെ മറ്റുപലരെപ്പോലെ ഇവരെയും അലട്ടുമ്പോഴും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിയുള്ള ജീവിതസമരം തുടർന്നുകൊണ്ടേയിരിക്കുന്നു.

കഫേ പരേഡിലെ പാറക്കെട്ടുകൾ നിറഞ്ഞ സമുദ്രഭാഗത്ത് കോലികൾ പുറംതിരിഞ്ഞ് കുത്തിയിരുന്ന് ബീഡിവലിക്കുന്നതിനിടയിൽ വിസർജ്ജിക്കുന്ന ദൃശ്യം കണ്ട് അശോകിന് ഓക്കാനം വന്നു. അവരിൽ സ്ത്രീകളാകട്ടെ നിവർത്തിപ്പിടിച്ച കുട മറയാക്കിപ്പിടിച്ചിരിക്കുന്നു എന്നുമാത്രം. ഇവർക്കൊരു നാണവുമില്ലേയെന്ന് അയാൾ മനസ്സിൽ ചോദിച്ചു. വീണ്ടും നടന്ന് മന്ത്രാലയ പരിസരത്തെത്തി. നേരം രാവിലെ എട്ടുമണി കഴിഞ്ഞതേയുള്ളൂ. പൈജാമയുടെ കീശയിൽനിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ച് അശോക് പുകവിട്ടു. ഒടുവിൽ കെ.സി. കോളേജിന് മുന്നിലുള്ള വഴിയിലൂടെ ഷോർട്കട്ടടിച്ച് അശോക് ചൗഹാൻ ഓവൽ മൈതാനത്തിൽ ചിലർ ക്രിക്കറ്റ് കളിക്കുന്നത് അല്പനേരം നോക്കിനിന്നു. ചർച്ച് ഗേറ്റ് സ്റ്റേഷനെതിർവശമുള്ള ഈറോസ് സിനിമക്കെട്ടിടത്തിനു (ഈ തിയേറ്ററിന്റെ പ്രവർത്തനം ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു) മുകളിലായി ഒരു പടുകൂറ്റൻ ബിൽബോർഡിൽ പതിച്ചിരിക്കുന്ന പോസ്റ്റർ അയാൾ നോക്കി. അത് ഒരു ഇംഗ്ലീഷ് സിനിമയുടേതാണ്. മെട്രിക്ക് തോറ്റ അശോകിന് പക്ഷെ, സിനിമയുടെ പേര് തിരിഞ്ഞില്ല. വലിയൊരു മെഷീൻഗൺ കൈയ്യിലേന്തിയ മൊട്ടത്തലയെന്റ ശരീരത്തിലെ മസിലുകൾ കണ്ട് അമ്പരന്ന അശോക് തന്റെ ശോഷിച്ച ശരീരം തടവി, എങ്ങനെ തനിക്കും ഒരു മസിൽമാൻ ആകാമെന്ന് വൃഥാ ചിന്തിച്ചു. ഈ മൊട്ടത്തലയൻ എത്രലിറ്റർ ബദാം ചേർത്ത പാലും മുട്ടയും മറ്റും ദിവസവും കഴിക്കുന്നുണ്ടാവുമെന്നും അയാൾ ആലോചിച്ചുകൊണ്ടിരുന്നു. അശോക് ചൗഹാൻ പതിയെ നടന്ന് ഇതിനിടെ ചർച്ച ഗേറ്റ് സ്റ്റേഷൻ പരിസരത്തെത്തി. അയാൾക്കിപ്പോൾ വലിയ ഉത്സാഹമൊന്നുമില്ല.

സ്റ്റേഷൻ റോഡിൽ ബൂട്ട്‌പോളിഷ് വാലകൾ നിരന്നിരിക്കുന്നുണ്ട്. അവരുടെ ‘ദന്തെ കാ ടൈം' ആരംഭിക്കാറായി. ഹോണടിച്ച് കാറുകൾ നീങ്ങുന്നു. സമാന്തരമായി ബി.എസ്.ടി. ബസും ഇഴയുന്നുണ്ട്. വഴിപോക്കർ നടന്നുനീങ്ങുന്നു. ചിലർ ബൂട്ട്‌പോളിഷ് വാലകളെ സമീപിക്കുന്നുണ്ട്. ഷൂ ഷൈൻ വാലകൾ സംസാരിക്കുന്ന ഗ്രാമ്യഭാഷ തന്റേതാണല്ലോ, അയാൾ അവിടെ തമ്പടിച്ചു. അവരെ നോക്കി ചിരപരിചയമുള്ള ഭാവത്തിൽ വെറുതെ പല്ലിളിച്ചു. പോളിഷ് വാലകളിൽ ഒരു വൃദ്ധൻ വെറ്റിലക്കറപുരണ്ട പല്ല് പുറമെ കാണിച്ച് അശോകിനെ കൈ കൊണ്ട് മാടിവിളിച്ചു. ആ പയ്യൻ അയാളുടെ മുമ്പിൽ കുത്തിയിരുന്ന് സ്വയം പരിചയപ്പെടുത്തി, ഉപചാരവാക്കുകൾ പരസ്പരം കൈമാറി. മഹാനഗരത്തിൽ അപ്രതീക്ഷിതമായി നാമ്പെടുക്കുന്ന സൗഹൃദങ്ങൾ പലപ്പോഴും ജീവിതത്തിൽ വഴിത്തിരിവുകളാവാറുണ്ട്. ആ കൂട്ടത്തിൽ ഞാനും ഉൾപ്പെടുന്നു.

പിന്നീട് അശോകിനെ നാം കാണുന്നത് വി.ടി സ്റ്റേഷനിലെ ഒരു ബൂട്ട്‌പോളിഷ് വാലയായാണ്. അയാളുടെ കൈയ്യിൽ ഷൂ പോളിഷിങ്ങിനുള്ള വിവിധതരത്തിലുള്ള ബ്രഷുകളും പോളിഷുകളുമൊക്കെയുണ്ട്. ഇത് അയാളുടെ മാത്രം കഥയല്ല; മഹാനഗരത്തിലെ ഇത്തരക്കാരായ അനേകം പേരുടെ കൂടിയാണ്. അന്യരുടെ ഷൂ പോളിഷ് ചെയ്ത് മിനുക്കുമ്പോഴും ഇവരിൽ ഭൂരിഭാഗത്തിന്റെയും ജീവിതത്തിൽ ഒരു മിനുസവുമില്ല. പരുക്കൻ യാഥാർത്ഥ്യങ്ങൾ മുംബൈയിലെ മറ്റുപലരെപ്പോലെ ഇവരെയും അലട്ടുമ്പോഴും തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടിയുള്ള ജീവിതസമരം തുടർന്നുകൊണ്ടേയിരിക്കുന്നു.

മഹാനഗരത്തിലെ റെയിൽവെസ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ടായിരത്തോളം ഷൂപോളിഷ് വാലകളുണ്ടെന്ന് ചില കണക്കുകൾ പറയുന്നു. റോഡുവക്കിലുള്ള മരങ്ങളുടെ തണലിലും ബസ്​ ഡിപ്പോകൾക്ക് സമീപവവും സാന്റാക്രൂസ് ഡൊമസ്റ്റിക് എയർപോർട്ട് പരിസരങ്ങളിലും മുംബൈ ഹവായ് ഹഡ്ഡ (ഇന്റർനാഷണൽ എയർപോർട്ട്) യ്ക്ക് അധികം ദൂരെയല്ലാത്ത റോഡുകളിലും ഇവരെ കാണാം. അനൗദ്യോഗിക കണക്കുപ്രകാരം മഹാനഗരത്തിൽ നാലായിരത്തോളും ബൂട്ട് പോളിഷ് വാലകളുണ്ടെന്ന് സാവ്ധാൻ എൻ.ജി.ഒ. ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നഗരപ്രാന്തങ്ങളിലും അതിലും ദൂരയുമുള്ള ചെറു കുടിലുകളിൽ കുഞ്ഞുകുട്ടികളുമായി താമസിക്കുന്ന ബൂട്ട് പോളിഷ് വാലകൾ കൂടുതലായും ഹരിയാന, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ പിന്നാക്ക സമുദായങ്ങളിൽപെട്ടവരാണ്. മഹാരാഷ്ട്രയിലെ ദുലിയ, ലാത്തൂർ, നാൻഡെഡ് ജില്ലകളിലുള്ളവരും ഈ രംഗത്തുണ്ടെന്ന് ഈ അന്വേഷണത്തിൽ അറിഞ്ഞു. ഇവരുടെ സ്ത്രീജനങ്ങൾ സമ്പന്ന വീടുകളിൽ പാത്രം കഴുകിയും നിലംതുടച്ചും അടിച്ചുവാരിയും അല്പം പണം സമ്പാദിച്ച് വീടു പുലർത്താൻ ശ്രമിക്കുന്നുണ്ട്.

1960-ൽ ജഗ്ജീവൻ റാം നടപ്പിലാക്കിയ ആശയങ്ങളിൽ ഒന്നാണ് താഴെക്കിടയിലുള്ള സമുദായാംഗങ്ങളെ സ്വയംപര്യാപ്തരാക്കുക എന്നത്. പല എൻ.ജി.ഒ.കളും ഇപ്പോൾ ഇത്തരം പരിപാടികൾക്ക് ബോംബെയിൽ അവരുടെ സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നു.

ബോറിവിലി ഈസ്റ്റിൽനിന്ന് ദഹിസറിലേക്ക് നീളുന്ന റോഡിന്റെ എതിർഭാഗത്ത് കൂറ്റനൊരു ഷോപ്പിങ്ങ് ആർക്കേഡ് തലയുയർത്തി നിൽക്കുന്നതുകാണാം. അതിന് തൊട്ടുപിന്നിലായുള്ള ടിൻഷീറ്റ് മേഞ്ഞ കൂരകളിലൊന്നിലെ താമസക്കാരനാണ്​ ലാത്തൂർ സ്വദേശി കിരൺ സക്പൽ എന്ന മുപ്പതുകാരൻ. ഇയാളെക്കണ്ടാൽ പഴയകാല ഹിന്ദി സൂപ്പർസ്റ്റാർ രാജേഷ്ഖന്ന തന്നെയെന്ന് തോന്നിപ്പോകും. ഈ കക്ഷിയെ ഞാൻ പരിചയപ്പെടുന്നത് വീരാർ ബോളിഞ്ച് നാക്കയിൽവെച്ചാണ്. അന്ന് കിരൺ ബോളിഞ്ച് ടു വീരാർ സ്റ്റേഷൻവരെ ഓട്ടോറിക്ഷ ട്രിപ്പുകൾ അടിച്ചുകൊണ്ടിരുന്നു. (ട്രിപ്പ് മാർത്തെ - മറാഠി). നാക്കയിലെ റാംബറോസെ ടീ സ്റ്റാളിൽനിന്ന് രാവിലെ എട്ടുമണിയോടെ പതിവായി കട്ടിംഗ് ചായ അടിക്കാറുള്ള കിരൺ അവിടെ കലാപരിപാടി നടത്താറുണ്ട്. പക്ഷെ, അധികം കാണികൾ ആ ആർട്ട് പെർഫോർമൻസ് ആസ്വദിക്കാനുണ്ടാകാറില്ല. അയാളെ അധികമാരും ​പ്രോത്സാഹിപ്പിക്കാറുമില്ല. രാജേഷ് ഖന്നയുടെ അനനുകരണീയായ തലവെട്ടിച്ചുകൊണ്ടുള്ള സ്‌റ്റൈലോടെ അദ്ദേഹത്തിന്റെ ഡയലോഗ് അതേപടി കിരൺ അനുകരിക്കുന്നു. ‘ജിന്ദഗി കൈസേഹെ പെഹേലി ആയി' എന്ന ഗാനം കിരൺ അഭിനയിച്ച് അന്ന് പാടിക്കൊണ്ടിരുന്നു. അപ്പോൾ വഴിയിലൂടെ നടന്നു നീങ്ങുന്ന ഒരു യുവതി ആ ഗാനം കേട്ട് എന്തോ ചിന്തിച്ച് നടന്നുനീങ്ങുന്നതു കണ്ടു. നടന്റെ ഫോട്ടോഗ്രാഫുകൾ അയാൾ ഓട്ടോയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പതിച്ചുവെച്ചിട്ടുണ്ട്. കിരണോട് ഒരുനാൾ ദേവാനന്ദ്, ദിലീപ് കുമാർ, വിനോദ്ഖന്ന തുടങ്ങിയ മറ്റ് പ്രമുഖ നടന്മാരുടെ ശബ്ദാനുകരണം നടത്താൻ ഞാൻ പ്രേരിപ്പിച്ചപ്പോൾ അയാൾക്കത് സ്വീകാര്യമായില്ല. രാജേഷ് ഖന്നയോട്​ ഇത്ര ആരാധന വേണോ എന്ന എന്റെ ചോദ്യം രസിക്കാതെ കിരൺ ആ നടന്റെ സ്‌റ്റൈലിൽതന്നെ തലവെട്ടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു.

ഷെയർ ഓട്ടോയിൽ ട്രിപ്പടിച്ച് കാര്യമായ വരുമാനമൊന്നും ഒപ്പിക്കാൻ അതുവരെ കിരണിന്‌ കഴിഞ്ഞിട്ടില്ല. ഒടുവിൽ ബോറിവ്​ലി പ്ലാറ്റ്‌ഫോം നമ്പർ ഒന്നിൽ ബൂട്ട് പോളിഷ് വാലയായി അയാൾ മാറി. ഇതിനിടെ കിരൺ സക്പൽ കല്യാണവും കഴിച്ച് ഒരു കുട്ടിയുമായി ദഹിസറിൽ കഴിഞ്ഞുവരുന്നുവെന്ന് ഒരിക്കൽ പറഞ്ഞു. വീരാർ മുതൽ അർണാല വരെയുള്ള സഞ്ചാരികൾക്കായി സ്റ്റേഷൻ പരിസരത്തും എസ്.ടി. ബസ് സ്റ്റാന്റിലും ഇതിനകം ഓട്ടോകൾ നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. കിരണിന്റെ ഓട്ടോ ഒരു ബനിയയിൽനിന്ന് ദിവസവാടകയ്‌ക്കെടുത്താണ് ഓടിക്കുന്നത്. ആ സേഠിന് ദിവസവും 400 രൂപ വാടകയിനത്തിൽ നൽകേണ്ടതുമുണ്ട്. കൂടാതെ​ പെട്രോൾ, ഡീസൽ വില കുതിച്ചു കയറുമ്പോൾ ഓട്ടോറിക്ഷാവാലകൾക്ക് കാര്യമായ വരുമാനമൊന്നുമില്ലാതായിരിക്കുന്നു. സ്വന്തം ഓട്ടോ വാങ്ങാനുള്ള അശോകിന്റെ സ്വപ്നം, സ്വപ്നം മാത്രമായിത്തന്നെ തൽക്കാലം അവസാനിച്ചിരിക്കുന്നു. ഒരു ജാത്ത് വാലയുടെ (സ്വന്തം ജാതിക്കാരൻ) സഹായത്തോടെ ഇന്നിപ്പോൾ ആ പഴയ മിമിക്രിക്കാരൻ ഒരു ഓട്ടോ ഡ്രൈവറായി മാറിയിരിക്കുന്നു. രാജേഷ് ഖന്നയുടെ ഭാവാഭിനയം പകർന്നതുകൊണ്ട് ജീവിതം ഒരിക്കലും ഒരറ്റത്തും എത്തുകയില്ലെന്ന് തിരിച്ചറിഞ്ഞതോടെ കിരൺ ആ പരിപാടി ഉപേക്ഷിച്ചു.

ഇതിനിടെ ഒരു സ്ലോ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ വന്നുനിന്നു. തിരക്കിട്ട് യാത്രക്കാർ പാഞ്ഞ് പോകുന്നു. ഒരു വൈറ്റ് കോളർ ജോലിക്കാരനെ നോക്കി കിരൺ പറഞ്ഞു: ‘പോളിഷ്, ബൂട്ട് പോളിഷ്.’

ഒരു മിമിക്രി കലാകാരൻ ഇവിടെ മരണമടയുന്നു. പകരം, ഒരു ബൂട്ട്‌പോളിഷ് വാല ജന്മംകൊണ്ടിരിക്കുന്നു.

റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ബൂട്ട്‌പോളിഷ്​വാല മരിച്ചാൽ അയാളുടെ അനന്തരാവകാശികളിൽ ആരെങ്കിലും ഒരാൾക്ക് ആ ജോലി നൽകുന്നു. ഒരു പോളിഷ്​വാല ഈ ജോലി ഉപേക്ഷിക്കുന്നുവെങ്കിൽ ആ ഒഴിവിൽ അയാൾ നിർദ്ദേശിക്കുന്ന വ്യക്തിക്ക് അതേ ജോലി നൽകും

1960-ൽ ജഗ്ജീവൻ റാം നടപ്പിലാക്കിയ ആശയങ്ങളിൽ ഒന്നാണ് താഴെക്കിടയിലുള്ള സമുദായാംഗങ്ങളെ സ്വയംപര്യാപ്തരാക്കുക എന്നത്. പല എൻ.ജി.ഒ.കളും ഇപ്പോൾ ഇത്തരം പരിപാടികൾക്ക് ബോംബെയിൽ അവരുടെ സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നു. ഓഫീസുകളിലെത്താൻ പായുന്ന വൈറ്റ്‌കോളർ ജീവനക്കാർക്ക് നീല യൂണിഫോംധാരികളായ ബൂട്ട്‌പോളിഷ് വാലകളെ, അവരുടെ ജീവിതവ്യഥകളെ തിരിച്ചറിയണമെന്നില്ല. രാവിലെ 8.30 മുതൽ വൈകീട്ട് 9 മണിവരെയെങ്കിലും ഇക്കൂട്ടർ തങ്ങളുടെ ജോലിയിൽ തിരക്കിലായിരിക്കും. ഇവർക്ക് 500 രൂപ വിലവരുന്ന പോളിഷും ബ്രഷും മറ്റുമടങ്ങിയ കിറ്റുകൾ ബോംബെയിലെ പ്രധാന ഷൂ ഷോറൂമിന്റെയും സോഷ്യൽ ലാബ് എന്ന എൻ.ജി.ഒവിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘ഏക് കദം ആഗേ’ യോജന ആരംഭിച്ചതായി ഒരു പ്രസ് റിലീസിൽ പറയുന്നുണ്ട്. ഈ പദ്ധതിയുടെ പത്രക്കുറിപ്പനുസരിച്ച് ഇരുന്നൂറോളം ഷൂ ഷൈനേഴ്‌സിനെ പങ്കെടുപ്പിച്ച് തങ്ങളുടെ ഉദ്യമം സജീവമാക്കിയെന്ന് അവർ അവകാശപ്പെടുന്നു. ഈ ഷൂ കമ്പനിയുടേയും ബി.ജെ.പി.ക്കാരുടേയും ഒരു ‘ബിസിനസ്​ പ്രൊപഗാൻഡ’ യുടെ ഭാഗമാണിതെന്ന് തോന്നുന്നു. എന്തായാലും ടൈംസ് ഓഫ് ഇന്ത്യയുടെ ടാബ്ലോയ്ഡ് മുംബൈ മിറർ ഈ വിഷയത്തിൽ നടത്തിയ അന്വേഷണത്തിന് കൂടുതൽ ആധികാരികതയുണ്ടെന്ന് പറയാം. ആ റിപ്പോർട്ടിന്റെ ഒരു ഭാഗത്ത് ഇങ്ങനെ പറയുന്നു: റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ബൂട്ട്‌പോളിഷ്​വാല മരിച്ചാൽ അയാളുടെ അനന്തരാവകാശികളിൽ ആരെങ്കിലും ഒരാൾക്ക് ആ ജോലി നൽകുന്നു. ഒരു പോളിഷ്​വാല ഈ ജോലി ഉപേക്ഷിക്കുന്നുവെങ്കിൽ ആ ഒഴിവിൽ അയാൾ നിർദ്ദേശിക്കുന്ന വ്യക്തിക്ക് അതേ ജോലി നൽകാവുന്നതാണെന്നും ഇവരുടെ സംഘടന വ്യക്തമാക്കുന്നു.

സംഘടനയുടെ മുക്കാദം (സൂപ്പർവൈസർമാർ) വി.ടി. മുതൽ അംബർനാഥ് വരെയും ചർച്ച് ഗേറ്റ് മുതൽ വീരാർവരെയുമുള്ള സ്റ്റേഷനുകളിലെ ബൂട്ട്‌പോളിഷ് വാലകളുടെ ജോലിക്ഷമത പരിശോധിക്കുന്നുണ്ട്. ആദ്യം ഒരു രൂപ മാത്രം ഒരാളുടെ ഷൂ പോളിഷിങ്ങിന് ചാർജ്ജ് ചെയ്തിരുന്നത് ഇപ്പോൾ അഞ്ചു മുതൽ പത്തു രൂപ വരെ ഉയർത്തിയിട്ടുണ്ട്. എല്ലാ പോളിഷ് വാലകൾക്കും അവരുടേതായ തൊഴിൽ സ്ഥലങ്ങൾ സ്റ്റേഷനുകളിൽ സംഘടന രേഖപ്പെടുത്തി നിർണയിച്ചിരിക്കുന്നു. ദിവസം 12 രൂപ വീതം പോളിഷ്​വാലകളുടെ ക്ഷേമനിധിയിലേക്ക് ഓരോരുത്തരിൽനിന്നും പിരിച്ചെടുക്കുന്നതും സൂപ്പർവൈസർമാരാണ്. സംഘടന നൽകുന്ന നീല യൂണിഫോമും റെയിൽവെയുടെ അംഗീകൃത ബാഡ്ജും ധരിച്ചാണ് പോളിഷ് വാലകൾ ജോലി ചെയ്യുന്നത്. യാത്രക്കാർ കുറവായ സമയങ്ങളിൽ ഇവർ വീട്ടിൽനിന്ന് കൊണ്ടുവരുന്ന ചെറിയ ഡബ്ബയിലെ ഭക്ഷണം കഴിയ്ക്കുന്നു. ഇടയ്ക്കിടെ കട്ടിംഗ് ചായ കുടിക്കുകയും തംബാക്ക് ചവയ്ക്കുന്നതും തമ്മിൽ സൊറ പറയുന്നതും കാണാം. ചിലർ ‘നവ ഭാരത് ടൈംസ്' ഹിന്ദി പത്രം വായിയ്ക്കുന്നത് പതിവായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അംബർനാഥിൽനിന്നും കല്യാണിൽ നിന്നും വീരാറിൽനിന്നും മറ്റും ചർച്ച് ഗേറ്റിലോ വി.ടി.യിലോ ജോലിക്കിരുന്ന ബൂട്ട് പോളിഷ് വാലകൾക്ക് സൗജന്യ റെയിൽവെ പാസ്​ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ ഇവരുടെ സംഘടന നിവേദനം നൽകി റെയിൽവെ അധികാരികളുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.

മഹാനഗരത്തിലുണ്ടായ ബോംബ് സ്ഫോടന പരമ്പര പോളിഷ് വാലകളുടെ ജീവിതം കുറെ നാളുകളെങ്കിലും താറുമാറാക്കി. അനുദിനം പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകേണ്ടി വന്നു.

മഹാനഗരത്തിലുണ്ടായ ബോംബ് സ്ഫോടന പരമ്പര പോളിഷ് വാലകളുടെ ജീവിതം കുറെ നാളുകളെങ്കിലും താറുമാറാക്കി. അനുദിനം പൊലീസ് ഉദ്യോഗസ്ഥന്മാരുടെ ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകേണ്ടി വന്നു. 2005-ലെ ഏറ്റവും വലിയ പ്രളയവും രണ്ടുമൂന്ന് വർഷങ്ങൾക്കുമുമ്പ് ലോകമാകെ ഭീതിയുണർത്തി പടർന്നുകയറിയ കോവിഡ് മഹാമാരിയും ബൂട്ട് പോളിഷ് വാലകളെ പട്ടിണിക്കിരയാക്കി. ഇവരിൽ അനേകം പേർ ഈ രോഗം മൂലം മരിക്കുകയും ചെയ്തു. റെയിൽവെ സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കു പുറമെ ട്രെയ്നുകളിൽ സഞ്ചരിച്ച് യാത്രക്കാരുടെ ഷൂ പോളിഷ് ചെയ്യുന്നവരുമുണ്ട്. ഇവർ സംഘടിതരല്ല. പൊലീസിന്റെയും ടിക്കറ്റ് കളക്ടറുടെയും ധംക്കി (ഭീഷണി) ഇവർക്ക് പലപ്പോഴും പ്രതീക്ഷിക്കാം.

1952-ൽ പുറത്തിറങ്ങിയ രാജ്കപൂർ ചിത്രമായ ‘ബൂട്ട് പോളിഷ്' എന്ന ചലച്ചിത്രം ഇത്തരമൊരു പോളിഷ്​വാല പയ്യന്റെ കഥ പറയുന്നതാണ്. ഡേവിഡ് ചാച്ച, നാസ് എന്നീ അഭിനേതാക്കൾക്ക് ഈ സിനിമയിൽ പുരസ്കാരവും നേടാനായി. ‘നന്നേ മുന്നേ ബച്ചേ തേരെ മുഠി മെ ക്യാ ഹെ’ എന്ന ശ്രുതിമധുരമായ ഗാനം വർഷമേറെ കഴിഞ്ഞിട്ടും ഇപ്പോഴും ​പ്രേക്ഷകരുടെ ചുണ്ടിൽനിന്ന് മാഞ്ഞിട്ടില്ല. അമിതാഭ് ബച്ചന്റെ ഡോണിൽ ബോളിവുഡ് നടൻ രഞ്ജിത് ചൗധരി ബോംബെ പോഷ് ലൊക്കാലിറ്റിയിലെ ബൂട്ട്‌പോളിഷ്​വാലയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഡോണിലെ നായകനായ അമിതാഭ്​ ബച്ചൻ ശത്രുക്കളുടെ താമസസ്ഥലമന്വേഷിച്ചുള്ള കറക്കത്തിനിടയിൽ അദ്ദേഹത്തെ സഹായിക്കുന്നത് വഴിവക്കിൽ ജോലി ചെയ്യുന്ന ഈ ബൂട്ട്‌ പോളിഷ്​വാലയാണ്. റോഡിന് എതിർവശമുള്ള ബഹുനിലക്കെട്ടിടത്തിൽ വില്ലൻ കഥാപാത്രങ്ങൾ (അജിത്ത്, ഇഫ്തിക്കർ, മദൻപുരി) താമസിക്കുന്ന ഫ്ലോർ ഏതെന്നും ഫ്ലാറ്റ്​ നമ്പർ എത്രയെന്നുമുള്ള ചോദ്യങ്ങൾക്ക് നൂറു രൂപവീതം ഈ പയ്യൻ അമിതാഭിൽനിന്ന് ഈടാക്കി കൃത്യമായ വിവരം നൽകുന്ന രംഗം രസകരമാണ്.

ബോളിവുഡിലെ പ്രശസ്ത സംവിധായക ദീപ മേത്തയുടെ ബോളിവുഡ്/ഹോളിവുഡിൽ രഞ്ജിത്ത്​ സപ്പോർട്ടിങ്ങ് ആക്ടർ റോളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ക്വീൻ ലത്തീഫ് അഭിനയിച്ച ‘ലാസ്റ്റ് ഹോളിഡേ' എന്ന ഹോളിവുഡ് ചലച്ചിത്രം രഞ്ജിത് ചൗധരിയുടെ സിനിമാ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കി. പ്രശസ്ത തിയേറ്റർ പേഴ്‌സണാലിറ്റി പേൾപദം സിയുടെ മകനായ രഞ്ജിത്ത് 2020 ഏപ്രിൽ 15 ന്​ മരിച്ചു.

ലളിതമായി വലിയ കാര്യങ്ങൾ പറയുന്ന സിനിമകൾ സംവിധാനം ചെയ്യുന്ന ബാസു ചാറ്റർജിയുടെ ‘ഖട്ടാ-മീഠ'യിൽ രഞ്ജിത്ത് ചൗധരിയുടെ റോൾ സിനിമാേപ്രമികൾ മറക്കാനിടയില്ല. ബാസുദായുടെ മറ്റൊരു ഉത്തമ കലാസൃഷ്ടി, ഗോവൻ കൃസ്ത്യൻ സമുദായത്തിന്റെ കഥപറയുന്ന ‘ബാത്തോം ബാത്തോ മേം' യിൽ ‘കഭി ഖുശി, കഭി ഗം / മേരാ ഘർ ആയാ കരോ' (സംഗീതം ആർ.ഡി. ബർമൻ) എന്ന ഗാനം പേൾപദംസിയും അമോൽപാലേക്കറും ടീനാ മുനിമും രഞ്ജിത്തും ചേർന്ന് അത്രമേൽ മനോഹരമാക്കിയതും ഇപ്പോൾ ഓർമ വരുന്നു.

കൂടുതൽ ഉയരങ്ങളിലേക്ക് കുതിയ്‌ക്കേണ്ടിയിരുന്ന ഭാവനാസമ്പന്നനായ രഞ്ജിത്ത് എന്ന നടന്റെ വിയോഗം ഏറെ ദൗർഭാഗ്യകരമായിപ്പോയി. ബൂട്ട്‌പോളിഷ്​വാലയുടെ വേഷമിട്ട ചൗധരിയ്ക്ക് സമൂഹത്തിൽ ആദരവും സ്ഥാനവും പിടിച്ചുപറ്റാനായി. എന്നാൽ ചർച്ച് ഗേറ്റിലോ വി.റ്റിയിലോ മണിക്കൂറുകളോളം കഠിനാദ്ധ്വാനം ചെയ്ത് പ്രതിദിനം നാനൂറോ അഞ്ഞൂറോ രൂപ മാത്രം സമ്പാദിച്ച് കുടുംബം പോറ്റുന്ന പാവങ്ങളായ യഥാർത്ഥ ബൂട്ട് പോളിഷ് വാലകളുടെ ജീവിതം വിസ്മരിക്കപ്പെടുന്നു. ▮


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments