ഇതാ ഒരു നടൻ ജനിക്കുന്നു

‘‘ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുവാൻ തുടങ്ങിയത് 2016 മുതലാണ്. ഇപ്പോൾ പേരിനൊപ്പം അവർ ചേർക്കുന്ന വിശേഷണം 'നടൻ' എന്നാണ്. ഒരു നടൻ അങ്ങനെ രൂപപ്പെട്ടു. യാദൃശ്ചികമായി സ്‌ക്രീനിൽ വന്നു, കാഴ്ചക്കാരുടെ മനസ്സിലേക്ക് കയറി അവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നതോടെ നമ്മുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറി’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ഷുക്കൂർ വക്കീൽ​ എഴുതുന്നു.

ജീവിതം, 2022 ആഗസ്റ്റ് 11 നു മുമ്പും ശേഷവും എന്ന് അടയാളപ്പെട്ടു. വ്യക്തി എന്ന നിലയിൽ ജീവിതരീതികളിലോ കാഴ്ചപ്പാടുകളിലോ സമീപനങ്ങളിലോ ഒരു മാറ്റവും ഇല്ലാതിരുന്നിട്ടും ജീവിതത്തെ ആകെ ഒന്നു "കുലുക്കിയ' ദിവസമാണ് 2022 ആഗസ്റ്റ് 11. ആ ദിവസത്തെ ജാതകം കുറിച്ചത് രതീഷ് ബാലകൃഷ്ണ പൊതുവാൾ എന്ന സംവിധായകനാണ്. "ന്നാ താൻ കേസ് കൊട്' എന്ന സിനിമയിൽ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി അദ്ദേഹം എന്നെ തിരഞ്ഞെടുത്ത നിമിഷം കുറിക്കപ്പെട്ടു, ആ ജാതകം.

ആഗസ്റ്റ് 11 വ്യാഴം. പതിവുദിവസത്തിൽ നിന്ന്​ അന്ന്​ വ്യത്യസ്തമായത് രശ്മിത രാമചന്ദ്രൻ വക്കീലിന്റെ വാട്‌സ്ആപ്പ് മെസേജ് കാണുന്നതോടെയാണ്. റോഡിലെ കുഴി അടിസ്ഥാനപ്പെടുത്തി എല്ലാ പത്രങ്ങളിലും "ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യം വന്നതാണ് അവരെ പ്രകോപിപ്പിച്ചത്. തുടർന്ന് പല സഖാക്കളും മെസ്സേജുകൾ അയച്ചു തുടങ്ങി. (ഞാൻ ആ സിനിമയിൽ അഭിനയിച്ചത് പ്രഖ്യാപിച്ചുകൊണ്ട്, സിനിമ കാണണമെന്നു പറഞ്ഞ് രശ്മിത വക്കീൽ അടക്കം പലരും സുദീർഘമായ ഫെയ്സ്ബുക്ക് പോസ്റ്റ് നേരത്തെ എഴുതിയിരുന്നു.)

ന്നാ താൻ കേസ് കൊട്' സിനിമയിൽ നിന്ന്‌
ന്നാ താൻ കേസ് കൊട്' സിനിമയിൽ നിന്ന്‌

ഒരു നടൻ പിറക്കുന്ന ദിവസം. ഏറെ സന്തോഷിക്കേണ്ട ആ ദിനം അസ്വസ്ഥതയോടെയാണ് പിറന്നത്. പതിവുപോലെ ഓഫീസിൽ പോയി. കോടതിയിൽ പോകേണ്ടതും കക്ഷികളെ കാണേണ്ടതുമായ കാര്യങ്ങൾ തീർത്തു, പത്തര മണിയോടെ നേരത്തെ നിശ്ചയിച്ചതു പ്രകാരം കോടതിയിലേക്ക് പോയി. അവിടെ ഹോസ്ദുർഗ്ഗ് ബാർ അസോസിയേഷൻ ജുഡീഷ്യൽ ഓഫീസർമാരെ പങ്കെടുപ്പിച്ച്​ സിനിമാ പ്രവേശനം ഗംഭീരമായി ആഘോഷിക്കുവാൻ നിശ്ചയിച്ചിരുന്നു. സിനിമാ റിലീസിനു പോകാതെ ബാർ ഹാളിൽ രണ്ട് ജില്ലാ ജഡ്ജിമാരും ഒരു സബ് ജഡ്ജും രണ്ടു മജിസ്‌ട്രേറ്റുമാരും ഒക്കെ ചേർന്ന്​ കേക്ക് മുറിച്ച്​ ഗംഭീരമായി ആഘോഷിച്ചു. തൊട്ടടുത്ത തിയേറ്ററിൽ ഉച്ചയ്ക്ക് 2.30 നുള്ള ഷോയ്ക്ക് എഴുപതോളം അഭിഭാഷകർ ഒന്നിച്ച്​ ടിക്കറ്റെടുത്ത്​കാണുവാൻ തീരുമാനിച്ചു. അതിനിടയിൽ റോഡിലെ കുഴി ഗഹനമായി ചർച്ച ചെയ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ പല തർക്കങ്ങളും നടക്കുന്നു. പതിവിനു വിപരീതമായി ഞാൻ നെറ്റ് ഓഫ് ചെയ്തു, കോടതിയിൽ കയറാതെ, ഓഫീസിലിരിക്കാതെ വീട്ടിലേക്ക് പോയി.

വീട്ടിലാരുമില്ല. പാർട്ണർ ഡോ. ഷീന കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ നിയമ വകുപ്പു മേധാവിയാണ്. അവർ രാവിലെ പോയി. മൂത്ത മകൾ ഡൽഹിയിൽ നിന്ന്​വരുന്നുണ്ട്, രണ്ടാമത്തെ മകൾ ചെന്നൈയിൽ നിന്ന്​ വരുന്നു, ഇളയ മകൾ സ്‌കൂളിലും പോയി. പന്ത്രണ്ടരയോടെ ട്രൂകോപ്പി എഡിറ്റർ മനില സി. മോഹന്റെ പേര് ഫോൺ സ്‌ക്രീനിൽ തെളിയുന്നു. ഞങ്ങൾ അങ്ങനെ സ്ഥിരം വിളിക്കുന്നവരല്ല. മനില പറഞ്ഞുതുടങ്ങിയത്, "ങ്ങള് തകർത്തു അഭിനയിച്ചു, ഒരു ഇന്റർവ്യൂ വേണം' എന്നാണ്. സിനിമാ അഭിനയത്തെക്കുറിച്ച് കിട്ടിയ ആദ്യ അഭിപ്രായം അതായിരുന്നു. പിന്നെ നിരവധി കോളുകൾ.

ഉച്ചയ്ക്ക് അഭിഭാഷകരോടൊപ്പം തിയറ്ററിലേക്ക് പോയി. കുറച്ചുനേരം അവിടെ ഇരുന്നു. വലിയ സ്‌ക്രീനിൽ എന്റെ മുഖം! അഭിഭാഷകർ അട്ടഹസിക്കുന്നു, ആർത്തുവിളിക്കുന്നു. പകുതിയിൽ തീയേറ്ററിൽ നിന്നിറങ്ങി. ഉച്ചയ്ക്കുശേഷം ഓഫീസിൽ കക്ഷികളോടും സഹപ്രവർത്തകരായ അഭിഭാഷകരോടും സംസാരിക്കുമ്പോഴൊക്കെ നിരന്തരം ഫോൺ കോളുകൾ.
വൈകീട്ട് 5.30 മണിയോടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് കാഞ്ഞങ്ങാട് ദീപ്തിയിൽ സിനിമ കാണാൻ നിൽക്കുമ്പോഴാണ് സിനിമ കണ്ടവർ തിരിച്ചറിയാൻ തുടങ്ങിയത്. പലരും അടുത്തു വന്ന്​ ഷെയ്ക്ക് ഹാൻറ്​ തന്നും സെൽഫി എടുത്തും സന്തോഷം പങ്കിടുവാൻ തുടങ്ങി. അങ്ങനെ രതീഷ് ബാലകൃഷ്ണ പൊതുവാൾ എനിക്ക് മറ്റൊരർത്ഥത്തിൽ ജന്മം നൽകി.

 സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം

ഇടയ്‌ക്കൊരു ദിവസം രതീഷ് ബാലകൃഷ്ണ പൊതുവാളിന് നിയമപരമായ ഒരു പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ഒരു മീറ്റിംഗിനായി ഞങ്ങൾ ഒന്നിച്ചിരുന്നു. എറണാകുളത്തുവെച്ച് നിയമ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ട ശേഷം കൂടെയുണ്ടായിരുന്ന സുഹൃത്ത് ബഷീർ ആറങ്ങാടി എന്റെ അഭിനയത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു.
"അല്ല, വക്കീല്​ ഗംഭീരമായി ചെയ്യുന്നത് നിങ്ങൾ കണ്ടതല്ലേ, എന്റെ പേടി അതായിരുന്നില്ല. സിനിമയിലെ ഷുക്കൂർ വക്കീൽ കോടതിയിൽ തോൽക്കുന്ന വക്കീലാണ്, സിനിമ റിലീസായാൽ അതു പ്രൊഫഷനെ ബാധിക്കുമോ എന്നതായിരുന്നു. നെഗറ്റീവായി ബാധിച്ചില്ലെന്നു മാത്രമല്ല വക്കീലിനു അതു ഗുണം ചെയ്തു എന്നു കണ്ടപ്പോ സന്തോഷം തോന്നി' -ഇതായിരുന്നു മറുപടി.

ഇതിനിടയിൽ സെപ്റ്റംബർ 24 ന് ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. രണ്ട് ദിവസം സൈബർ പൊലീസ് സ്റ്റേഷനിൽ പോയി. ഒരു ഫലവും ഇല്ല. മറ്റൊരു അക്കൗണ്ട് തുടങ്ങി. ദിവസങ്ങൾ കൊണ്ട് പഴയതുപോലെ സജീവമായി. യാത്രകളിലുടനീളം ആളുകൾ നമ്മെ തിരിച്ചറിയുന്നതും അഭിനയത്തിന്റെ പേരിൽ അഗീകരിക്കപ്പെടുന്നതും നിരവധി പരിപാടികൾക്ക് ക്ഷണിക്കുന്നതും മറ്റൊരു സന്തോഷം. സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർമാരും വിളിക്കുകയും തിയതിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു.

തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കുമ്പോഴാണ് സിനിമാരംഗത്തുള്ളവരും ആസ്വാദകരും എത്രമാത്രം എന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നു മനസ്സിലായത്. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ എന്നോടൊപ്പമുള്ള ഫോട്ടോ ചേർത്ത് ഫേസ്ബുക്കിൽ ഒരു കുറിപ്പുമെഴുതി. ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുവാൻ തുടങ്ങിയത് 2016 മുതലാണ്. ഇപ്പോൾ പേരിനൊപ്പം അവർ ചേർക്കുന്ന വിശേഷണം "നടൻ' എന്നാണ്. ഒരു നടൻ അങ്ങനെ രൂപപ്പെട്ടു.

യാദൃച്​ഛികമായി സ്‌ക്രീനിൽ വന്നു, കാഴ്ചക്കാരുടെ മനസ്സിലേക്ക് കയറി അവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നതോടെ നമ്മുടെ ജീവിതം മറ്റൊരുതലത്തിലേക്ക് മാറുകയാണ്. നാം ഇടപഴകുന്ന, ചെല്ലുന്ന എല്ലായിടത്തും കലാകാരനെ അവർ അംഗീകരിക്കുന്നു.


Summary: ‘‘ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കുവാൻ തുടങ്ങിയത് 2016 മുതലാണ്. ഇപ്പോൾ പേരിനൊപ്പം അവർ ചേർക്കുന്ന വിശേഷണം 'നടൻ' എന്നാണ്. ഒരു നടൻ അങ്ങനെ രൂപപ്പെട്ടു. യാദൃശ്ചികമായി സ്‌ക്രീനിൽ വന്നു, കാഴ്ചക്കാരുടെ മനസ്സിലേക്ക് കയറി അവിടെ രജിസ്റ്റർ ചെയ്യപ്പെടുന്നതോടെ നമ്മുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറി’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ഷുക്കൂർ വക്കീൽ​ എഴുതുന്നു.


ഷുക്കൂർ വക്കീൽ

അഭിഭാഷകന്‍, നടന്‍.

Comments