ശ്യാം ബെനഗലിന്റെ ‘ദി മേക്കിങ് ഓഫ് ദി മഹാത്മാ’ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിൽ വേറിട്ടുനിൽക്കുന്നതാണ്. മഹാത്മാഗാന്ധിയിലെ സമര പോരാളിയെയും സ്റ്റേറ്റ്സ്മാനേയും സൃഷ്ടിച്ചതിന്റെ പിറകിലെ ചരിത്രചോദനകൾ പലർക്കുമറിയില്ല. ഒരു മഹാധനികന്റെ കേസ് വാദിക്കാനാണ് ബാരിസ്റ്റർ ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെങ്കിലും 21 വർഷക്കാലം അവിടെയുള്ള സംഭവബഹുലമായ ജീവിതത്തിൽ മനുഷ്യ -വർണ്ണ വിവേചനത്തിന്റെ കൊടിയ കോളനി വിഭ്രാന്തികൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിവരച്ചു. ഇറങ്ങിയ പല ഗാന്ധിസിനിമകളിലും ആ ചരിത്രം തൊട്ടുപോകുന്നേയുള്ളൂ എന്നിരിക്കെ, മഹാത്മയെ രൂപപ്പെടുത്തിയ ജീവിതത്തിന്റെ പൊരുൾ അന്വേഷിക്കണമെന്നാണ് ശ്യാം ബെനഗലിന് തോന്നിയത്.
മുഖ്യധാരാ ബോളിവുഡ് സിനിമാ സംസ്കാരം നഗര മനുഷ്യരുടെയും അവിടുത്തെ കോട്ടകൊത്തളങ്ങളുടെയും കഥകൾക്ക് പ്രാമുഖ്യം നൽകിയപ്പോൾ സിനിമയിലൂടെ ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളുടെ ജീവിതചിത്രം അന്വേഷിച്ച ചലച്ചിത്രകാരനായിരുന്നു ശ്യാം ബെനഗൽ. അങ്കൂർ മുതലുള്ള തന്റെ മിക്ക സിനിമകളിലും ഈ അന്വേഷണത്തിന്റെ ഫലശ്രുതിയുണ്ട്. മഹാത്മാഗാന്ധി തങ്ങളെ സ്വാധീനിച്ച ഒരു മഹത് വ്യക്തിത്വമാണെന്ന് ഇന്ത്യയിലെ പ്രഗത്ഭരായ സമാന്തര സിനിമാക്കാരിൽ സത്യജിത് റേയടക്കം പലരും അടയാളപ്പെടുത്തുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഗരെ ഭൈരെ’ പോലുള്ള സിനിമകൾ അതിന് സാക്ഷിയാണ്. വിഭജനത്തിൽ പൊള്ളുന്ന ഇന്ത്യൻ മനഃസാക്ഷിയെ ആ സിനിമ മൂർത്തവൽക്കരിക്കുന്നു. ബെനഗലിലുള്ള സ്വാധീനത്തിന്റെ മൂർച്ച ഗാന്ധിയെക്കുറിച്ചുള്ള സിനിമയെടുക്കാവുന്ന തരത്തിൽ എത്തി. തന്റെ ചലച്ചിത്രങ്ങളിൽ മിക്കവയിലും ഇന്ത്യൻ ഗ്രാമീണ ജീവിതത്തിന്റെ സ്വരാ-പസ്വരങ്ങൾ പതിഞ്ഞു കിടപ്പുണ്ട്. അങ്കൂർ തൊട്ട് തുടങ്ങുന്നു ഈ പ്രത്യേകത.

ഗാന്ധിയുടെ ആദ്യകാല ദക്ഷിണാഫ്രിക്കൻ ജീവിതത്തിലേക്കും സമരങ്ങളിലേക്കുമാണ് അദ്ദേഹം ക്യാമറ തിരിച്ചുവെച്ചത്. ഫാത്തിമ മീറിന്റെ ‘The Apprenticeship of a Mahathma’ എന്ന കൃതി അക്കാര്യത്തിൽ അദ്ദേഹത്തിന് ഏറെ കരുത്തുനൽകി. ഇറ്റാലിയൻ നവ-റിയലിസ്റ്റ് സിനിമ അക്കാലത്തെ ഇന്ത്യയിലെ എല്ലാ സമാന്തര സിനിമാക്കാരെയും അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. വിറ്റോറിയ ഡിസീക്കായുടെ സ്വാധീനം ഇന്ത്യയിലെന്നല്ല അക്കാലത്തെ ലോക സിനിമകളിൽ മൊത്തത്തിലുണ്ട്. എന്നാൽ ഡിസീക്കയടക്കമുള്ള ഇറ്റാലിയൻ നവറിയലിസ്റ്റുകൾ പലപ്പോഴും കൈകാര്യം ചെയ്തത് നഗരത്തിലെ നിസ്വരും ഒറ്റപ്പെട്ടവരുമായ മനുഷ്യ ജീവിതങ്ങളുടെ ദൈന്യതയും അവരെ അപരവൽക്കരിക്കുന്ന രാഷ്ട്രീയത്തിന്റെ ആസുരതയും എടുത്തുകാണിക്കാനാണ്. ‘ബൈസിക്കൾ തീവ്സ്’ മുതൽ ‘ഉമ്പർട്ടോ ഡി’ വരെയുള്ള പല സിനിമയുടെ പശ്ചാത്തലവും അതുതന്നെ.
എന്നാൽ ഇന്ത്യൻ ‘നവതരംഗ’ സിനിമകളിൽ ഇക്കാര്യത്തിൽ സമ്മിശ്ര ഇതിവൃത്തഗതിയാണുള്ളത്. റേയുടെയും മണി കൗളിന്റെയും ഘട്ടക്കിന്റെയും അടൂരിന്റെയുമൊക്കെ സിനിമകളിലെ ഇതിവൃത്തങ്ങൾ അത് ബോധ്യപ്പെടുത്തുന്നു. അതേസമയം നഗരത്തിൽ വർത്തിക്കുന്ന പാപ്പരായ ജനതയുടെ/ഗ്രാമ്യതയുടെ പ്രതിനിധാനം മുൻതൂക്കം നേടുന്നു. കൊൽക്കത്ത നഗരത്തെ ഒഴിവാക്കിക്കൊണ്ട് അന്നത്തെ ഇന്ത്യൻ ജീവിത-രാഷ്ട്രീയ യാഥാർഥ്യത്തെക്കുറിച്ച് ആലോചിക്കാൻ പറ്റിയിരുന്നില്ല. അതുപോലെ നെഹ്റു ദേശീയതയുടെ അടിയൊഴുക്കുകൾ അന്നത്തെ കലാസങ്കല്പത്തെ ആഴത്തിൽ തൊട്ടിരുന്ന കാലവുമാണ്. 80- കളിലെത്തുമ്പോൾ മലയാള സിനിമയിൽ ഈ ട്രെൻഡ് മാറുന്നുണ്ട്. വ്യക്തിവൽക്കരണത്തിനും സാമൂഹ്യ ശ്രേണിയുടെ മേൽത്തട്ടു ജീവിതങ്ങളുടെ സ്വകാര്യ കാമനാചിത്രീകരണത്തിലേക്കും വഴുതിപ്പോവുന്നുണ്ട്, അപ്പോഴേക്കും നമ്മുടെ സാമാന്തര സിനിമ.

ബെനഗലിന്റെ സിനിമകളിലും ഈ സമ്മിശ്രഗതിയുണ്ട് എന്നിരുന്നാലും ഗാന്ധിയൻ പ്രചോദനത്തിൽ നിന്നുകൊണ്ട് ഇന്ത്യൻ ഗ്രാമീണതയുടെ ജീവിതത്തുടിപ്പ് അന്വേഷിക്കാനുള്ള ബോധപൂർവമായുള്ള ആന്തരത്വരയാണ് ആ സിനിമകളുടെ സവിശേഷത. അതിന്റെ തന്നെ മൂർത്തമായ ചലച്ചിത്ര പരിശ്രമമാണ് ‘The making of the Mahathma.’ ഇംഗ്ലീഷിലാണ് അദ്ദേഹം ഈ സിനിമ ചെയ്തത്. സാർവ്വദേശീയമായ ഒരു കാഴ്ചപ്പാടിലാണ് ഗാന്ധിയുടെ ദക്ഷിണാഫ്രിക്കൻ ജീവിതവും സമരവും അദ്ദേഹം ചിത്രീകരിക്കുന്നത്. കോളനിവൽക്കരണത്തിന്റെ ദ്വീർഘദൂരധ്വനികൾക്ക് സാക്ഷ്യം വഹിച്ച ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ കരൺചന്ദ് ഗാന്ധിയുടെ ജീവിതമാണ് പിൽക്കാല മഹാത്മായുടെ ബീജഗണിതം എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു, ഈ സിനിമ.
ഒരുപക്ഷേ ബെനഗലിൻെറ മുൻകാല സിനിമകളിലൊക്കെ ഈ വൻ ഉദ്യമത്തിലേക്കുള്ള ഒരു ഉൾസഞ്ചാരമുണ്ട്. കലാകാരന്റെ വളർച്ച ചെറുതിൽ നിന്നും വലിയ തീമുകളിലേക്ക് ഉള്ള സഞ്ചാരത്തിലാണ് വിലയിരുത്തേണ്ടത്. രജിത് കപൂറും പല്ലവി ജോഷിയുമാണ് ഈ സിനിമയിൽ ഗാന്ധിയായും കസ്തൂർഭയായും വേഷമിട്ടിരിക്കുന്നത്. ശ്യാം ബെനഗലിന്റെ ഓരോ സിനിമയും രൂപ-ഭാവ- സാങ്കേതിക മുന്നേറ്റത്തിൽ പുതിയ അളവുകൾ അടയാളപ്പെടുത്തുന്നുണ്ട്.
‘അങ്കൂറി’ൽ നിന്നും ‘ദി മേക്കിങ് ഓഫ് ദി മഹാത്മാ’യിലേക്കുള്ള ദൂരം അതുകൂടിയാണ് എന്ന് പറയാം. ‘നിഷാന്തും’ ‘ചരന്ദ് ദാസ് ചോറും…’ മറ്റും സിനിമാവഴികളിലെ പരീക്ഷണ സൃഷ്ടികൾ കൂടിയത്രേ. ‘ചരന്ദ് ദാസ് ചോർ’ എന്ന ചിത്രം, വിജയ്ദൻ ദത്തയുടെ നാടോടിക്കഥയ്ക്ക് പ്രശസ്ത നാടകക്കാരനായ ഹബീബ് തൻവീറിന്റെ നാടക അനുകല്പനത്തെ ആധാരമാക്കി പറയാനുള്ള ഉദ്യമമാണല്ലോ. തൻവീർ എന്ന നാടകാചാര്യന്റെ ‘ചരന്ദ് ദാസ് ചോർ’ മലയാളമടക്കം ഇന്ത്യൻ തിയേറ്ററിലെവിടെയും അരങ്ങുതകർത്ത കാലം നമ്മെ വിസ്മയിപ്പിയിക്കും. അക്കാലത്തെ, സംഗീത -നാടക-ചലച്ചിത്ര ലോകത്തെ വിശ്രുതരായ ആർട്ടിസ്റ്റുകളുടെ സാന്നിധ്യം ബെനഗലിന്റെ കലാസപര്യയിൽ ഒന്നിക്കുന്ന കാഴ്ച്ച അത്യത്ഭുതകരമായി തന്നെ കാണേണ്ടതുണ്ട്.

ഏകദേശീയവും വംശീയവുമായ ജനാധിപത്യ വിരുദ്ധവുമായ എല്ലാ ആശയങ്ങൾക്കും എതിരായിരുന്നു ശ്യാം ബെനഗൽ. ‘Mujeeb making of Nation’ എന്ന സിനിമയെടുക്കാൻ ജീവിത സായാഹ്നത്തിൽ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതേ വസ്തുത തന്നെ. പാകിസ്ഥാൻ രൂപീകരണത്തോടെ ആ രാജ്യത്തിന് ബോധ്യപ്പെട്ട രാഷ്ട്രീയവും സാംസ്കാരികവുമായ ഏകാശിലാത്മകത പൂർവ ബംഗാളികൾക്ക് വലിയൊരു ബാധ്യതയും ദുരന്തവുമായി മാറുന്നത് ബെനഗലിലെ കലാകാരൻ തിരിച്ചറിയുന്നതിന്റെ ശക്തമായ അടയാളമാണ് ആ സിനിമ. ആരീഫിൻ ഷുവുവാണ് സിനിമയിൽ മുജീബ് റഹ്മാനായി വേഷമിട്ടിരിക്കുന്നത്. രജിത് കപൂറും നുസ്രത് ഫാരിയ മുസ്ഹറുമാണ് സുൽഫിക്കർ അലി ഭൂട്ടോയായും ഷേക്ക് ഹസീനയായും ചലച്ചിത്രത്തിലുള്ളത്. പരിചരണത്തിൽത്തന്നെ അത്യന്തം ചടുലതയുള്ള ബെനഗൽ സിനിമകളിൽ ഒന്നാണിത്. എന്നാൽ, ശ്യാം ബെനഗലിന്റെ മറ്റു സിനിമകളെപ്പോലെ ‘മഹാത്മായെ’ക്കുറിച്ച് നാം പലപ്പോഴും വാചാലമാവാറില്ല. ആസന്നരാഷ്ട്രീയ യഥാർഥ്യത്തെ മുന്നേക്കണ്ട ഒരു കലാകാരൻ എന്ന നിലയ്ക്ക് ‘ദി മേക്കിങ് ഓഫ് ദി മഹാത്മ’ക്ക് ഇന്ന് സവിശേഷസ്ഥാനമുണ്ട്. ബെനഗൽ നിർമ്മിച്ചുവച്ച കലാഗോപുരം ഇന്ത്യയുടെ ഭാവിയിലേക്കുള്ള രാഷ്ട്രീയ - സാംസ്കാരിക ശുഭസൂചനകൾ കൂടിയാവട്ടെ.