കെ.കെ, ഈ നിമിഷങ്ങൾക്ക്​ മരണമില്ല

ചൊവ്വാഴ്ചത്തെ പരിപാടിയിൽ പാടിത്തീർന്ന് നിമിഷങ്ങൾക്കകമാണ് കെ കെ കുഴഞ്ഞുവീണുമരിച്ചത്. ഒരു പാട്ടുകാരന് ഈ ലോകം വിട്ടുപോകാൻ ഇതിലും നല്ല വഴി വേറെ എന്തുണ്ട്?

കെ. കെ എന്ന പാട്ടുകാരനെ, കുന്നത്ത് കൃഷ്ണകുമാർ എന്ന മനുഷ്യനെ രണ്ടുമൂന്നു തവണ നേരിൽ കണ്ടിട്ടുണ്ട്. കൈകൊടുത്ത് സംസാരിച്ചിട്ടുണ്ട്. മറ്റു പാട്ടുകാരിൽനിന്ന് മാറ്റവും പൗരുഷവുമുള്ള അദ്ദേഹത്തിന്റെ ശബ്ദത്തേയും ആലാപന രീതിയേയും പറ്റി അദ്ദേഹത്തോട് തന്നെ നേരിട്ട് പറഞ്ഞ് സന്തോഷിച്ചിട്ടുണ്ട്.

ഇരുപതാം വയസ്സിൽ പൊതുവേദികളിൽ പാടിത്തുടങ്ങിയ ഉടനെ പേരെടുത്ത പാട്ടുകാരനാണ് കെ. കെ. സ്റ്റുഡിയോകളിൽ പാടാൻ തുടങ്ങിയപ്പോൾ, അത് സിനിമാപ്പാട്ടാണെങ്കിലും സ്വകാര്യ ആൽബത്തിലെ പാട്ടാണെങ്കിലും ആഴമുള്ള ആത്മാർത്ഥതയോടെയാണ് പാടിയത്. പ്രശസ്തമായ എത്രയോ പാട്ടുകൾ ഹിന്ദിയിൽ. തമിഴിലും ഒട്ടേറെ ഹിറ്റുകൾ. എ.ആർ. റഹ്‌മാന്റെ സ്ട്രോബെറി കണ്ണേ, ഹാരിസ് ജയരാജിന്റ ഉയിരിൻ ഉയിരേ, വിദ്യാസാഗറിന്റെ പൂവുക്കെല്ലാം ചിറകു മുളൈത്തത് തുടങ്ങിയ മധുര മെലഡികൾ. കല്ലൂരി സാലൈ (കാതൽ ദേശം), അണ്ടങ്കക്കാക്ക കൊണ്ടക്കാരി (അന്യൻ), അപ്പടി പോട് പോട് പോട് (കില്ലി) പോലെയുള്ള പല അടിപൊളിപ്പാട്ടുകൾ.

കെ. കെ (കുന്നത്ത് കൃഷ്ണകുമാർ) / Photo : @ajinkya_jumde, Twitter

പത്തു ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും മാതൃഭാഷയായ മലയാളത്തിൽ ആരും ശ്രദ്ധിക്കാത്ത ഒന്നോ രണ്ടോ പാട്ടുകളേ അദ്ദേഹത്തിന് കിട്ടിയുള്ളു. മൂന്നാം തലമുറ മലയാളിയായി ഡൽഹിയിൽ ജനിച്ചുവളർന്ന അദ്ദേഹത്തിന് മലയാളം നന്നായി സംസാരിക്കാനറിയില്ലാത്തത് ഇതിന് കാരണമാകാൻ തരമില്ല. മലയാളം ഒരക്ഷരം അറിയില്ലാത്ത എത്രയോ പേർ ഇവിടെ നൂറുകണക്കിന് പാട്ടുകൾ പാടിയിരിക്കുന്നു!

യാതൊരു ബഹളങ്ങളുമില്ലാത്ത, ജാടയോ നാട്യങ്ങളോ ഇല്ലാത്ത സൗമ്യനായ മനുഷ്യനായിരുന്നു കെ കെ. ഉള്ളതുകൊണ്ടും കിട്ടിയതുകൊണ്ടും തൃപ്തി അടയുന്ന മനോഭാവം. വിളിച്ചു കൂവലില്ല. സ്വയം മാർക്കെറ്റിങ് ഇല്ല. പാടാൻ വിളിച്ചാൽ ആത്മാർത്ഥമായി പാടിക്കൊടുക്കും. ആരോഗ്യമുള്ള ശരീരപ്രകൃതിയും രൂപഭാവങ്ങളും. ഒരേ ആണ്ടിൽ ജനിച്ചവരാണ് ഞങ്ങൾ രണ്ടുപേരും. എന്നെക്കാൾ രണ്ടുമാസം ഇളയ ആൾ. പക്ഷേ എന്നെപ്പോലെ മടിയനായിരുന്നില്ല എന്നുറപ്പ്. ഭക്ഷണപ്രിയനാണെങ്കിലും ആരോഗ്യം നിലനിർത്തുന്നതിൽ നന്നായി ശ്രദ്ധിച്ചിരുന്നു. വ്യായാമം മുടക്കിയില്ല. അങ്ങനെയുള്ള കെ. കെ പെട്ടെന്നുണ്ടായ ഹൃദയ സ്തംഭനത്തിൽ മരിച്ചുപോയി എന്ന് എങ്ങനെ വിശ്വസിക്കാനാണ്?

ശനി, ഞായർ ദിവസങ്ങളിൽ പോലും സംഗീത പരിപാടികൾക്ക് ആളെക്കിട്ടാത്ത ഈ കാലത്ത് കെ കെയുടെ പാട്ടു കേൾക്കാൻ തിങ്കളാഴ്ച വൈകിട്ടും ചൊവ്വാഴ്ച വൈകിട്ടും കൽക്കത്തയിലെ ആ അരങ്ങിൽ ആൾക്കൂട്ടം നിറഞ്ഞൊഴുകി. ഗേറ്റ് തകർത്തും മതിൽ ചാടിക്കടന്നും പോലും യുവാക്കൾ ഇടിച്ച് കയറി. അവർ ആർത്തുല്ലസിച്ച് ആടിപ്പാടി പാട്ടു കേട്ടു. തൊണ്ണൂറുകളുടെ പ്രേമഗായകൻ എന്നറിയപ്പെട്ട കെ കെ ഇക്കാലത്തും എത്രമാത്രം ജനപ്രിയനായിരുന്നു എന്ന് തെളിയിച്ച സംഗീത സന്ധ്യകൾ.

കൊൽക്കത്തയിൽ വെച്ച് നടന്ന കെ കെ യുടെ അവസാന സംഗീത പരിപാടിയിൽ നിന്ന്

ചൊവ്വാഴ്ചത്തെ പരിപാടിയിൽ പാടിത്തീർന്ന് നിമിഷങ്ങൾക്കകമാണ് കെ കെ കുഴഞ്ഞുവീണുമരിച്ചത്. ഒരു പാട്ടുകാരന് ഈ ലോകം വിട്ടുപോകാൻ ഇതിലും നല്ല വഴി വേറെ എന്തുണ്ട്?
കെ കെയുടെ പ്രശസ്തമായ "പ്യാർ കേ പൽ' കേൾക്കൂ...
നാളെ നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും
ഈ നിമിഷങ്ങൾക്ക് മരണമില്ല
പ്രണയത്തിന്റെ ഈ നിമിഷങ്ങൾക്ക്
വരൂ.. ഇപ്പോൾ എന്റെ ഒപ്പം നടക്കൂ
നാളെ വീണ്ടും നാം കണ്ടുമുട്ടിയാൽ
അത് നമ്മുടെ ഭാഗ്യംകൊണ്ട് മാത്രമായിരിക്കും
ഓർക്കുക...
ഈ നിമിഷങ്ങൾക്ക് മരണമില്ല
നാളെ നമ്മൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും....

Comments