പാലക്കാട് സ്വരലയയുടെ പരിപാടിയിൽ മുഹമ്മദ് റഫിയുടെ ‘ഓ ദുനിയാ കേ രഖ് വാലെ…’ എന്ന പാട്ട് പാടിക്കഴിഞ്ഞശേഷം കെ.കെ. നിഷാദിനെ അഭിനന്ദിച്ച് എസ്. ജാനകി ആലിംഗനം ചെയ്യുന്നു.

പാട്ട് നിർത്തി
ഞാൻ കണ്ണു തുറന്നപ്പോൾ,
ജാനകിയമ്മയുടെ ഒരുമ്മ…

‘‘ആ പാട്ടിന്റെ അവസാനം ഞാൻ കണ്ണടച്ചുപിടിച്ചാണ് പാടിയത്. കണ്ണ് തുറന്നുനോക്കുമ്പോൾ കാണുന്നത്, ജാനകിയമ്മ എന്റടുത്തേക്കുവന്ന് എന്നെ കെട്ടിപ്പിടിക്കുന്നതാണ്. അവർക്ക് കമ്മിറ്റിക്കാർ കൊടുത്ത ബൊക്കെ എനിക്ക് തന്നിട്ട്, എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു’’- ഗായകൻ കെ.കെ. നിഷാദിന്റെ ജാനകിയോർമ്മ.

2001-ൽ ‘ഗന്ധർവ്വസംഗീത’ത്തിന്റെ ഫലപ്രഖ്യാപനസമയത്ത് ‘ഇന്ത്യൻ സിനിമാ സംഗീതം’ എന്ന വിഭാഗത്തിൽനിന്ന് രണ്ടുപേർക്ക് യേശുദാസിന്റെ പേരിൽ അവാർഡ് നൽകിയിരുന്നു. എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയുമായിരുന്നു അവർ.

അന്നാണ് ജാനകിയമ്മയെ നേരിട്ട് കാണുന്നത്. പിന്നീട് പാലക്കാട് സ്വരലയയിൽ ഓർക്കസ്ട്ര രൂപീകരിച്ച സമയത്ത് ഞാനും അതിലെ പാട്ടുകാരനായിരുന്നു. ലെജൻഡറി ഗായകർ അതിൽ ഗസ്റ്റായി വന്ന് പാടിയിട്ടുണ്ട്. അങ്ങനെ ജാനകിയമ്മയും സ്വരലയയിൽ പാടാൻ വന്നു. രണ്ടോ മൂന്നോ പ്രോഗ്രാമായിട്ടാണ് അത് നടത്തിയിരുന്നത്. പാലക്കാട്ടും പാനൂരിലും തലശ്ശേരിയിലും ജാനകിയമ്മയുടെ പ്രോഗ്രാമുണ്ടായിരുന്നു. അന്ന് അവർക്കൊപ്പം എനിക്ക് പാടാൻ പറ്റിയിട്ടുണ്ട്. ‘അകലെ അകലെ നീലാകാശം’ പോലെയുള്ള മലയാളത്തിലെ വലിയ ഹിറ്റ് ഗാനങ്ങൾ.

അന്ന് മുഹമ്മദ് റഫിയുടെ ‘ഓ ദുനിയാ കേ രഖ് വാലെ…’ ജാനകിയമ്മയുള്ള സ്റ്റേജിൽ പാടി. അപ്പോൾ അവർ ബാക്ക്സ്റ്റേജിലിരിക്കുകയായിരുന്നു.

ഒരു വലിയ യൂണിവേഴ്സിറ്റി എന്നൊക്കെ പറയില്ലേ, ഒരു വലിയ പാഠം, പാഠപുസ്തകം. മറക്കാനാവില്ല, എസ്. ജാനകിയെ…

പാടിക്കഴിഞ്ഞ്, അവസാനം ‘രഖ് വാലേ…’ ഹൈ പിച്ചിൽ നിർത്തുന്ന ഭാഗമുണ്ട്. ഞാനത് കണ്ണടച്ച് പാടി. കണ്ണ് തുറന്നുനോക്കുമ്പോൾ കാണുന്നത്, ജാനകിയമ്മ എന്റടുത്തേക്കുവന്ന് എന്നെ കെട്ടിപ്പിടിക്കുന്നതാണ്. അവർക്ക് കമ്മിറ്റിക്കാർ കൊടുത്ത ബൊക്കെ എനിക്ക് തന്നിട്ട്, എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നു. ഭാഗ്യവശാൽ ഒരു ഫോട്ടോഗ്രാഫർ ആ ദൃശ്യം ക്യാമറയിൽ പകർത്തി. ഇന്നും എന്റെ ജീവിതത്തിൽ ഒരു നിധിപോലെ കാത്തുസൂക്ഷിക്കുന്നു ആ ഫോട്ടോ. ജാനകിയമ്മയുമായുള്ള ഒരു വലിയ ഓർമ്മയാണത്.

അന്ന് ആ യാത്രയിൽ ജാനകിയമ്മയുമായി ഒരുപാട് സംസാരിക്കാനും പാട്ടുകളെക്കുറിച്ച് കൂടുതൽ അറിയാനും അവരുടെ പാട്ടുരീതികളെക്കുറിച്ചും പാട്ടുവഴികളെക്കുറിച്ചും അറിയാനും സാധിച്ചു. അതൊരു വലിയ കാര്യമാണ്. ഒരു വലിയ യൂണിവേഴ്സിറ്റി എന്നൊക്കെ പറയില്ലേ, ഒരു വലിയ പാഠം, പാഠപുസ്തകം. മറക്കാനാവില്ല.

എല്ലാവരും പറയുന്നതുപോലെ, ലാളിത്യവും സ്നേഹവും നിറഞ്ഞ വാത്സല്യമാണവർ. അത് അനുഭവിച്ചുതന്നെ അറിയണം. ഇന്ത്യൻ സിനിമക്ക് മറക്കാനാകാത്ത എത്രയോ പാട്ടുകൾ സമ്മാനിച്ച ആളാണിതെന്ന് നമ്മൾ തിരിച്ചറിയുമ്പോൾ, ആ ഒരു നിമിഷത്തിൽ, നമ്മൾ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവരാണ് എന്നു തോന്നും.

Comments