കണ്ണീരുകൊണ്ട് നനഞ്ഞതാണ്, മച്ചാട്ട് വാസന്തിയുടെ ജീവിതവും സംഗീതജീവിതവും

പ്രശസ്ത ഗായകനായ വി.ടി. മുരളി സപ്തംബർ 12ന് എഴുതിയ കുറിപ്പാണിത്. ‘ഓളവും തീരവും’ എന്ന സിനിമയും അതിൽ മച്ചാട്ട് വാസന്തിയും യേശുദാസും ചേർന്ന് പാടുന്ന ‘മണിമാരൻ തന്നത്’ എന്ന പാട്ടുമാണ് ഈ എഴുത്തിലെ വിഷയം. എന്നാൽ, മച്ചാട്ട് വാസന്തിയുടെ ജീവിതവും സംഗീതജീവിതവും കണ്ണുനീർ കൊണ്ട് നനഞ്ഞതാണ് എന്ന നിരീക്ഷണത്തോടെ, അവരുടെ ജീവിതത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു മുരളിയുടെ ഈ കുറിപ്പ്. മച്ചാട്ട് വാസന്തിയുടെ വേർപാടിൽ അവരുടെ പാട്ടും ജീവിതവും വീണ്ടും ഓർമിക്കപ്പെടുന്ന സന്ദഭത്തിൽ, വി.ടി. മുരളി പങ്കുവെച്ച ഹൃദയസ്പർശിയായ ഈ ഓർമക്കുറിപ്പ് വായിക്കാം.

ചാരുചിത്രയുടെ ബാനറിൽ പി.എ. ബക്കർ നിർമ്മിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1970- ൽ പുറത്തിറങ്ങിയ ഓളവും തീരവും എന്ന ചലച്ചിത്രത്തിന് മലയാള സിനിമാ ചരിത്രത്തിൽ ഞാൻ പ്രമുഖമായ ഒരു സ്ഥാനം നൽകുന്നുണ്ട്. എം.ടി. വാസുദേവൻ നായരുടെ കഥയും തിരക്കഥയും സംഭാഷണവും പി. ഭാസ്കരൻ മാസ്റ്റരുടെയും ബാബുരാജിന്റേയും ഗാനങ്ങളുമായിരുന്നു ചിത്രത്തിന്. ഈ ചിത്രത്തിന്റെ നിർമ്മാതാവ് പി.എ. ബക്കർ പിൽക്കാലത്ത് പുതു സിനിമയുടെ സംവിധായകരിൽ പ്രമുഖനായിരുന്നു.

മധു, ഉഷാനന്ദിനി, നെല്ലിക്കോട് ഭാസ്കരൻ, ജോസ് പ്രകാശ് , ഫിലോമിന, പരിയാനംപറ്റ തുടങ്ങിയ അഭിനേതാക്കളെയെല്ലാം ഓർക്കുന്നു.

വർഷം ഏതാണെന്ന് ഓർമയില്ല, ഇന്ത്യ റ്റുഡേ വാരിക പ്രശസ്തരായ എഴുത്തുകാരരോടും സിനിമാക്കാരോടുമൊക്കെ മലയാളത്തിലെ മികച്ച പത്ത് സിനിമകൾ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷം പേരുടേയും പത്തിൽ ഓളവും തീരവും ഉൾപ്പെട്ടിരുന്നു.
ഓളവും തീരവും പുറത്തിറങ്ങിയത് എന്റെ ഹൈസ്കൂൾ കാലത്താണ്. ആ ചിത്രം ആ കാലത്ത് തന്നെ കാണാൻ കഴിഞ്ഞിരുന്നു എന്നുമാത്രമല്ല ഇത്രയും വർഷങ്ങളായിട്ടും ആ സിനിമ ശക്തമായിത്തന്നെ മനസ്സിൽ നിലനിൽക്കുന്നു. എം.ടിയുടെ രചനയുടെ കാവ്യഭംഗിയും ജീവിത വികാരങ്ങളും ഒട്ടും ചോർന്നു പോകാതെയാണ് പി.എൻ. മേനോൻ ഓളവും തീരവും എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു അഭ്രകാവ്യം തന്നെ എന്ന് ഞാൻ പറയും.

സിനിമ എന്ന കലയെക്കുറിച്ച് ആധികാരികമായി പഠിച്ച സിനിമാ പണ്ഡിതനൊന്നുമല്ല ഞാൻ എന്ന് എന്നെ വായിക്കുന്നവർക്കറിയാം. എന്നാലും എന്റെ പരിരിമിതമായ ഒരു ദൃശ്യസംസ്കാരത്തിന്റെ, ബോധത്തിന്റെ അടിസ്ഥാനത്തിൽ മലയാളത്തിലെ എക്കാലത്തേയും മികച്ച പടങ്ങളിൽ ഒന്നാണ് ഓളവും തീരവും എന്ന് തന്നെ ഞാൻ പറയും. അതിലെ ബാപ്പുട്ടിയും അബ്ദുവും കുഞ്ഞാലിയും ബീവാത്തുമ്മയും കാളിക്കുട്ടിയും മമ്മദ്ക്കയുമൊക്കെ ഇപ്പോഴും ഉള്ളിലുണ്ട്. മധുവിന്റെ ബാപ്പുട്ടിയേയും, നെല്ലിക്കോടിന്റെ അബ്ദുവിനേയും പരിയാനം പറ്റയുടെ കടത്തുകാരനേയുമൊന്നും അത്ര എളുപ്പം മറക്കാൻ എനിക്ക് കഴിയില്ല.

ഓളവും തീരവും എന്ന പടത്തെ വിശദീകരിക്കാനൊന്നും എനിക്കാവില്ല. ഓളവും തീരവും വീണ്ടും മറ്റൊരു സംവിധായകൻ, ബാപ്പുട്ടിയെ മറ്റൊരു നടന്നെ ഏൽപ്പിച്ച് പുനഃ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഏറെ ദുഃഖിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞ ഇത്തരം സിനിമകൾ നമ്മൾ തൊടാൻ പാടില്ല എന്നാണീയെന്റെ പക്ഷം. അതവിടെ ഇരുന്നോട്ടെ. പുതിയ കുട്ടികൾ സിനിമകൾ തിരഞ്ഞ് യുട്യൂബിലേക്കാണല്ലോ പോവുക. അപ്പോൾ അവർക്ക് പുതിയ ഓളവും തീരവും, പുതിയ ഭാർഗ്ഗവീ നിലയവുമൊക്കെയല്ലെ ലഭിക്കുക. പി.എൻ. മേനോനേയും വിൻസെന്റിനേയും മധുവിനേയും ഉഷാനന്ദിനിയേയും നെല്ലിക്കോടിനെയുമെല്ലാം നാം മായ്ച്ചുകളയുമോ? മധു ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത് കാണേണ്ടിവരുന്നു. ഇങ്ങനെയൊരു പ്രവണത മലയാളികളിൽ പൊതുവേയുണ്ട്.

വിദേശ നാടക വേദികളിലൊക്കെ കാലാകാലമായി പല പുതിയ സംവിധായകരും പുതിയ ഭാഷ്യം ചമയ്ക്കാറുണ്ട് എന്ന് വായിച്ചിട്ടുണ്ട്. എന്നാൽ വിഖ്യാതമായ സിനിമകളിൽ അവർ കൈവെക്കാറുണ്ടോ എന്നറിയില്ല നമ്മുടെ ക്ലാസ്സിക്ക് സിനിമകളൊക്കെ പുതിയ സംവിധായകർക്ക് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനർ നിർമിക്കാമല്ലൊ. അങ്ങിനെ ചെയ്യാറുണ്ടോ എന്നറിയില്ല. മധുവിന് പകരം മോഹൻലാലിനെയിട്ടാൽ പുതിയതാവുമോ എന്നുമറിയില്ല, ഇന്ത്യൻ ക്ലാസ്സിക്കുകൾ തന്നെ ഇനി പുതിയ സംവിധായകരെ വെച്ച് മാറ്റുമോ എന്തോ. സത്യജിത് റായിയേയും ഋത്വിക്ക് ഘട്ടക്കിനേയും മൃണാൾ സെന്നിനെയുമൊക്കെ ചരിത്രത്തിൽ നിന്ന് നീക്കം ചെയ്‌ത് കളയുമോ.

ഒരു പാമരന്റെ സംശയമായി മാത്രം കണക്കാക്കിയാൽ മതി. അതും പാട്ടുകാരന്റെ.മലയാളിയാണിത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുക.

ഓളവും തീരവും എന്ന സിനിമയിലെ എല്ലാ പാട്ടുകളും ആ സിനിമയുടെ കഥയുമായും കഥാ സന്ദർഭങ്ങളുമായും കൃത്യമായി ചേർന്നു നിൽക്കുന്നു. പാട്ടുകൾക്ക് വേണ്ടിയുള്ള പാട്ടുകളല്ല എന്നർത്ഥം. പി.ഭാസ്കരൻ മാസ്റ്റർ രചിച്ച പാട്ടുകൾക്ക് പുറമെ മഹാകവി മോയിൻകുട്ടി വൈദ്യർ രചിച്ച ബദറുൽ മുനീർ ഹുസുനുൽ ജമാൽ എന്ന പ്രണയ കാവ്യത്തിലെ വരികളും അതേ ഇശലിൽ തന്നെ സി.എ. അബൂബക്കർ പാടി സിനിമയിൽ ചേർത്തിട്ടുണ്ട്. ആ പാട്ടിന്റെ തെരത്തെടുപ്പ് പോലും കഥയുടെ പ്രമേയവുമായി ചേർന്നുനിൽക്കുന്നു.

‘ഒയ്യേ എനിക്കുണ്ട് ഫയൽ ഫിറായത്തിൽ
ഒത്തൊരുമിത്തു കളിത്തും കൊണ്ടേ - ഒരുവൻ
ഉറ്റൊരു ബാക്ക് ഞാൻ തെറ്റിടാതെ’

എന്ന പാട്ട് നജീമത്തിന്റേയും സെയ്നുജ്ജാറിന്റേയും പ്രണയത്തിൽ മിസ്വർ രാജാവ് കരിനിഴൽ വീഴ്ത്തുന്നതിനെക്കുറിച്ചാണ്. ബാപ്പുട്ടിയുടേയും നെബീസുവിന്റെയും സ്നേഹത്തെ എങ്ങിനെയാണ് കുഞ്ഞാലി നശിപ്പിക്കുന്നത്. ഇങ്ങനെ കൃത്യമായി സിനിമയുടെ സന്ദർഭവുമായി പാട്ടിനെ ചേർത്തു വെക്കുന്നു എം.ടി.
ബാബു രാജിന്റെ സംഗീത സംവിധാന മികവ് ഈ ചിത്രത്തെ കൂടുതൽ വികാര തീവ്രവും മനോഹരവുമാക്കിത്തീർത്തു എന്ന് പറയാതെ വയ്യ.

ഓളവും തീരവും  വീണ്ടും മറ്റൊരു സംവിധായകൻ, ബാപ്പുട്ടിയെ മറ്റൊരു നടന്നെ ഏൽപ്പിച്ച് പുനഃ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഏറെ ദുഃഖിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞ ഇത്തരം സിനിമകൾ നമ്മൾ തൊടാൻ പാടില്ല എന്നാണീയെന്റെ പക്ഷം.
ഓളവും തീരവും വീണ്ടും മറ്റൊരു സംവിധായകൻ, ബാപ്പുട്ടിയെ മറ്റൊരു നടന്നെ ഏൽപ്പിച്ച് പുനഃ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ ഏറെ ദുഃഖിച്ചവരുടെ കൂട്ടത്തിൽ ഞാനുമുണ്ട്. നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി ക്കഴിഞ്ഞ ഇത്തരം സിനിമകൾ നമ്മൾ തൊടാൻ പാടില്ല എന്നാണീയെന്റെ പക്ഷം.

കേരള സർക്കാരിന്റെ 1970- ലെ മികച്ച സിനിമയ്ക്കുള്ള അവാർഡ് ഓളവും തീരത്തിനുമാണ് ലഭിച്ചത്. രണ്ടാമത്തെ മികച്ച ചിത്രം മധു സംവിധാനം ചെയ്ത പ്രിയയ്ക്കും മൂന്നാമത്തേത് കെ.എസ്. സേതുമാധവന്റെ അരനാഴികനേരത്തിനുമാണ്. മികച്ച സംവിധായകനായി ഓളവും തീരത്തിന്റെ സംവിധായകൻ പി എൻ. മേനോനേയും രചയിതാവായി എം.ടിയേയും തെരഞ്ഞെടുത്തു ആ കമ്മിറ്റി. മികച്ച നടൻ അരനാഴികനേരത്തിലെ കൊട്ടാരക്കരയായിരുന്നു. 1969- ൽ തുടങ്ങിയ സിനിമാ അവാർഡിന്റെ ചരിത്രത്തിലൂടെ കടന്നു പോയാൽ അന്നൊന്നും നിനിമ അമിതമായ താരാധിപത്യത്തിൽ അമർന്നു പോയിരുന്നില്ല എന്ന് മനസ്സിലാകും.

‘മണിമാരൻ തന്നത്…’ എന്ന ഗാനം യേശുദാസും മച്ചാട്ട് വാസന്തിയും ചേർന്ന് പാടിയതാണ്. പല്ലവിയിൽ മാത്രമേ വാസന്തിച്ചേച്ചി പാടുന്നുള്ളൂ. അനുപല്ലവിയും ചരണവും യേശുദാസാണ് പാടുന്നത്. അനുപല്ലവി കഴിഞ്ഞ് പല്ലവിയിലേക്കുള്ള ഒരു ലിങ്ക് പോലെ വാസന്തിച്ചേച്ചിയുടെ ഒരു നാണച്ചിരിയുണ്ട്. ആ ചിരിയെക്കുറിച്ച് ചേച്ചി തന്നെ പറയുന്നത് കേട്ടിട്ടുണ്ട്.

ആ സിനിമയിൽ ആ പാട്ട് പാടാനവസരം ലഭിച്ചതിനെക്കുറിച്ച് ഭാനുപ്രകാശ് രചിച്ച ‘പച്ചപ്പനന്തത്ത’ എന്ന മച്ചാട്ട് വാസന്തിയുടെ ജിവചരിതത്തിൽ ഇങ്ങനെ എഴുതുന്നു:

"സുബൈദയിൽ പാടിയതിനുശേഷവും നാലു വർഷത്തെ ഇടവേളയുണ്ടായി. ആ സമയങ്ങളിലെല്ലാം മലബാറിലെ ഗാനസന്ധ്യകളിൽ വാസന്തി തുടർച്ചയായി പാടിക്കൊണ്ടിരുന്നു. എം.ടി.യുടെ ഓളവും തീരവും സിനിമയാക്കുന്നത് അക്കാലത്താണ്.
പി. ഭാസ്കരന്റെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് ബാബുരാജ് ആയിരുന്നു. യേശുദാസും എസ്. ജാനകിയും പി. ലീലയും തുടങ്ങി ബാബുരാജും സി.എ. അബുബക്കറും വരെ ഓളവും തീരത്തിലെ ഗായകരായി വന്നപ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ സോംഗായ ‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല’ യേശുദാസിനൊപ്പം പാടേണ്ടത് ആരെന്ന് ചർച്ചയായി. ‘വാസന്തിയെ കൊണ്ട് പാടിക്കാം’ , എം.ടി.യാണ് നിർദ്ദേശിച്ചത്. ബാബുരാജിന്റെ ശിഷ്യ കൂടിയായ വാസന്തിയെ എല്ലാവർക്കുമറിയും. വാസന്തിയാകുമ്പോൾ പുതിയൊരു ശബ്ദവുമായി ഭാസ്കരൻ മാഷ് പറഞ്ഞു’’.

അരനാഴികനേരത്തിൽ കൊട്ടാരക്കര
അരനാഴികനേരത്തിൽ കൊട്ടാരക്കര

അങ്ങനെയാണ് ‘മണിമാരൻ’ എന്ന പാട്ട് പാടാൻ അവസരം തെളിഞ്ഞത്. ഭാസ്കരൻ മാസ്റ്റരുടെ പല പാട്ടുകളിലും അദ്ദേഹം സാധാരണ മനുഷ്യന്റെ സ്വപ്നങ്ങളും കൊച്ചു കൊച്ചു പ്രതീക്ഷകളും വരച്ചിട്ടിട്ടുണ്ട്. ഇവിടെ കഥയിലേക്ക് കടക്കുന്നതിന് മുമ്പ് സിനിമയുടെ ശീർഷക ഗാനത്തിൽത്തന്നെ അദ്ദേഹം എഴുതുന്നു,
‘നാടും നഗരവും കടന്നു പോകാം
നാഴൂരി മണ്ണു വാങ്ങി നമുക്ക് പാർക്കാം,
പുള്ളിക്കുയിലിന്റെ കൂട് പോലുള്ളൊരു
പുല്ലാനിപ്പുര കെട്ടി നമുക്കിരിക്കാം’.

നാഴൂരി മണ്ണും പുള്ളിക്കുയിലിന്റെ കൂടു പോലുള്ള കൊച്ചു പുരയുമൊക്കെ അവരുടെ പുതിയ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. ഇത് അദ്ദേഹത്തിന്റെ പല പാട്ടുകളിലും പലയിടങ്ങളിലായി കാണാം. ടൈറ്റിൽ സോംഗാണെങ്കിലും പാട്ടിന്റെ മുകളിൽ ടൈറ്റിൽസ് വരുന്നുണ്ടോ എന്ന് ഓർമയില്ല. സിനിമയുടെ തിരക്കഥ ആരംഭിക്കുന്നതിങ്ങനെയാണ്.

‘‘മേഘമാലകൾ ചിതറിയ ആകാശത്തിന്റെ ഒരു വിശാല വീക്ഷണം. താഴെ അത് പ്രതിബിംബിക്കുന്ന നദീതടം. നദിയുടെ സംഗീതം. നദി ഒരു സജീവമായ കഥാപാത്രമാണിതിൽ. അതിന്റെ മുഖഛായകൾ കണ്ട് തീരങ്ങളും ഓളങ്ങളും കണ്ട് ആരംഭത്തിലേക്ക് കുതിക്കുകയാണ് നാമെന്ന പ്രതീതി. നദീതീരത്ത് കരയടുപ്പിച്ചിട്ട ചരക്കുകൾ കയറ്റിയ ഒരു പുര വഞ്ചിയുടെ സമീപത്ത് നാമെത്തിച്ചേരുന്നു’’.

ഈ വരികൾ തന്നെയാവാം ഒരു പക്ഷെ മണിമാരൻ തന്നത് എന്ന പാട്ട് ചിത്രീകരിക്കുന്നതിന് പി.എൻ. മേനോന് പ്രേരണയായത്.

മച്ചാട്ട് വാസന്തിയെന്ന ഗായികയെ എനിക്ക് വളരെ അടുത്ത് വളരെക്കാലമായി അറിയാം. ഞങ്ങൾ രണ്ടു പേരുമൊരുമിച്ച് പല വേദികളിലും ‘മണിമാരൻ തന്നത്’ പാടിയിട്ടുണ്ട്. പിന്നണി ഗായിക എന്നൊക്കെ വിളിച്ചിരുന്നു, ഇന്നും വിളിക്കുന്നു. അപ്പോഴും ജീവിതത്തിലും പാട്ടിലുമെല്ലാം അവർ പിന്നിലായിപ്പോയിരുന്നു. ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി ഗായകനായിരുന്ന മച്ചാട്ട് കൃഷ്ണൻ ഒരർത്ഥത്തിൽ മകളെ പാർട്ടിക്ക് നൽകുകയായിരുന്നു. ബാബുരാജുമായുള്ള ബന്ധത്തിലൂടെയാണ് വാസന്തി സിനിമയിലെത്തുന്നത്. കെ.പി.എ. സിയിൽ ഗായികയായും അഭിനേത്രിയായും പ്രവർത്തിച്ച അവരെ കെ.പി എ.സിയും വേണ്ടത്രപരിഗണിച്ചിട്ടുണ്ടോ എന്ന് സംശയം. ‘പച്ചപ്പനന്തത്ത’ എന്ന ജീവചരിത്രത്തിൽ തന്റെ പാർട്ടിക്കാലം മുഴുവൻ ഓർത്തെടുക്കുകയാണവർ.

അവരുടെ ജീവിതത്തെ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ ചുരുക്കുന്നു:

‘‘മച്ചാട്ട് വാസന്തിയുടെ ജീവിതം സംഭവബഹുലമായിരുന്നു. നാടകത്തിലും സിനിമയിലും സജീവമായിരുന്ന അവർ നിരവധി കലാപ്രതിഭകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ ജീവിതം അടയാളപ്പെടുത്തുമ്പോൾ ആ പ്രതിഭകളും സ്വയമേവ തെളിഞ്ഞു വരും. ബാബുരാജും കെ.ടി.മുഹമ്മദും കോഴിക്കോട് അബ്ദുൾ ഖാദറും ശാന്താദേവിയും കെ.പി.എ. സി. സുലോചനയുമൊക്കെ അതിൽ ഉൾപ്പെടും’’.

‘മണിമാരൻ തന്നത്’ പശ്ചാത്തല സംഗീതമുൾപ്പെടെയെല്ലാം ആകർഷകമാണ്.

വി.ടി. മുരളിയും മച്ചാട്ട് വസന്തിയും
വി.ടി. മുരളിയും മച്ചാട്ട് വസന്തിയും


സ്ത്രീ ശബ്ദത്തിൽ
‘മണിമാരൻ തന്നത് പണമല്ല പൊന്നല്ല മധുരക്കിനാവിന്റെ കരിമ്പിൻ തോട്ടം’
എന്ന് പാടുമ്പോൾ പുരുഷശബ്ദത്തിൽ,

‘കണ്ണുനീർ തേവിത്തേവി
കരളിതിൽ വിളയിച്ച
കനകക്കിനാവിന്റെ
കരിമ്പിൻ തോട്ടം’
എന്നാണ് പാടുന്നത്.

മച്ചാട്ട് വാസന്തിയുടെ ജീവിതവും സംഗീതജീവിതവും കണ്ണുനീർ കൊണ്ട് നനഞ്ഞതാണ്. ഈ പാട്ട് ഇപ്പോൾ ജീവിച്ചിരിക്കുന്ന അവരെ ഒന്നുകൂടി ഓർക്കാൻ വഴിവെച്ചെങ്കിൽ എന്ന ആശയോടെ ഞാനിവിടെ ആ പാട്ട് പാടിവെക്കുന്നു. നമ്മെവിട്ടു പോയ ഭാസ്കരൻ മാസ്റ്ററെയും ബാബുരാജിനേയും പി.എൻ. മേനോനേയും ഓർമ്മിക്കാനും മച്ചാട്ട് വാസന്തിയെന്ന ഗായിക ജീവിതദുരിതങ്ങളുമായി, കണ്ണീരൊഴിയാതെ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട് എന്ന് ഓർമിപ്പിക്കാനും ഉതകട്ടെ ഈ പാടൽ.

Comments