ലത മ​ങ്കേഷ്​കർ

ഓർക്കുന്ന നിമിഷം ആത്മാവിൽ പടരുന്ന ലത

മുകേഷ്, മുഹമ്മദ് റഫി, കിഷോർകുമാർ എന്നീ അതികായന്മാർ അടക്കിവാണ ഇന്ത്യൻ സിനിമാസംഗീതലോകത്ത് ആദിമധ്യാന്തം വിളങ്ങിനിന്ന പെൺസ്വരമാണ്​ ലത മ​ങ്കേഷ്​കർ

സ്വരമാധുരിയുടെ ആ സ്വർണ മണിനാദം നിലയ്ക്കുമ്പോൾ ഒരു കാലഘട്ടം അവസാനിക്കുകയാണ്. എഴുപതുകൊല്ലത്തിലേറെ നീണ്ട സംഗീതസപര്യകൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ, ഭാവഗാനങ്ങളുടെ ചക്രവർത്തിനി, സംഗീതലോകത്തെയാകമാനം അനാഥമാക്കി വിടവാങ്ങുമ്പോൾ ഇനിയാര് എന്നൊരു ചോദ്യം ബാക്കിയാവുന്നു. ഈ വാനമ്പാടിയില്ലാതെ സംഗീതാകാശം ഇനിയെത്ര ശൂന്യമായിരിക്കും.

മുകേഷ്, മുഹമ്മദ് റഫി, കിഷോർകുമാർ എന്നീ അതികായന്മാർ അടക്കിവാണ ഇന്ത്യൻ സിനിമാസംഗീതലോകത്ത് ആദിമധ്യാന്തം വിളങ്ങിനിന്ന പെൺസ്വരത്തിന്റെ ഏകതാരം! മറ്റാരുമല്ല, മധുരോദാര സ്വരധാരയാൽ സംഗീതപ്രേമികളായ ജനലക്ഷങ്ങളെ ദേശത്തിനും ഭാഷയ്ക്കുമതീതമായി ആനന്ദത്തിലാറാടിച്ച, ‘ദീദി' എന്ന് സ്‌നേഹപൂർവം വിളിക്കപ്പെട്ട, ലതാ മങ്കേഷ്‌കർ!
ഒരു ജനതതിയുടെ പ്രണയത്തിനും വിരഹത്തിനും വേദനയ്ക്കും രാഗാർദ്രസാന്ത്വനം നൽകിയ ഗായിക.

ഗുലാം ഹൈദർ നൽകിയ ബ്രേക്ക്​

1929 സെപ്റ്റംബർ 28-ന്, ദീനാനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടെയും
അഞ്ചുമക്കളിൽ മൂത്തവളായി ഇൻഡോറിൽ ജനിച്ചു. തിയേറ്റർ കലാകാരനായിരുന്ന ദീനാനാഥ് അഭിനയത്തോടൊപ്പം ഹിന്ദുസ്ഥാനിയിലും നാട്യസംഗീതത്തിലും പ്രവീണ്യമുള്ള കലാകാരനായിരുന്നു. എന്നാൽ ചെറിയ പ്രായത്തിൽതന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങിയതോടെ കുടുംബത്തിന്റെ ഭാരമേറിയ ഉത്തരവാദിത്തങ്ങൾ മൂത്തമകളായ ലതയിൽ നിക്ഷിപ്തമായി.
ദീനാനാഥിന്റെ സുഹൃത്തും ‘നവയുഗ് ചിത്രപഥ് മൂവി കമ്പനി'യുടെ ഉടമയുമായ മാസ്റ്റർ വിനായക്, സിനിമാമേഖലയിലേയ്ക്കുള്ള വാതിൽ അവൾക്കുമുന്നിൽ തുറന്നുകൊടുത്തു. അഭിനയവും സംഗീതവും ലത അക്കാലത്ത് ഇഷ്ടപ്പെട്ടിരുന്നു. 1942-ൽ, പതിമൂന്നാം വയസ്സിൽ, ‘കിതി ഹസാൽ' എന്ന മറാത്തി ചിത്രത്തിനുവേണ്ടി പാടി സിനിമാരംഗത്തേയ്ക്ക് കടന്നുവന്നു. ആ ഗാനം സിനിമയിൽ നിന്ന് നീക്കംചെയ്യപ്പെട്ടെങ്കിലും അക്കൊല്ലം തന്നെ മറ്റൊരു മാറാത്തി ചിത്രത്തിൽ ‘നതാലി ചൈത്രാച്ചി നവലാലി...' എന്ന പാട്ടുപാടി ആ നീണ്ട ചരിത്രത്തിന് നാന്ദി കുറിച്ചു. 1943-ൽ തന്നെ ആദ്യ ഹിന്ദി ഗാനവും പാടി.

ബാലമുരളീകൃഷ്ണ, ഭൂപെൻ ഹസാരിക, പണ്ഡിറ്റ് ജസ്‌രാജ്, ആശാ ഭോസ്‌ലേ, ജഗ്ജീത് സിങ്,ഹരിഹരൻ, എ.ആർ. റഹ്‌മാൻ എന്നിവരോടൊപ്പം ലത മങ്കേഷ്കർ /  Photo : lataonline
ബാലമുരളീകൃഷ്ണ, ഭൂപെൻ ഹസാരിക, പണ്ഡിറ്റ് ജസ്‌രാജ്, ആശാ ഭോസ്‌ലേ, ജഗ്ജീത് സിങ്,ഹരിഹരൻ, എ.ആർ. റഹ്‌മാൻ എന്നിവരോടൊപ്പം ലത മങ്കേഷ്കർ / Photo : lataonline

1945-ൽ മാസ്റ്റർ വിനായകിന്റെ മൂവി കമ്പനി പഴയ ബോംബെയിലേക്ക് ആസ്ഥാനം മാറ്റിയതോടെ ലതയും ബോംബെയിലേക്ക് ചേക്കേറുകയാണ്. അവിടെവെച്ച് ഭിന്ദിബസാർ ഘരാനയിലെ ഉസ്താദ് അമാൻ അലി ഖാനെ ഗുരുവായി സ്വീകരിച്ച്, ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള ശിക്ഷണം ആരംഭിക്കുന്നു. അക്കാലത്ത് ചില ചിത്രങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്യുന്നുണ്ട് ലത. പിന്നീട് മാസ്റ്റർ വിനയാകിന്റെ മരണത്തോടെ ഗുരുസ്ഥാനീയനായി വരുന്നത് സംഗീത സംവിധായകനായ ഗുലാം ഹൈദറാണ്. ലതയുടെ കഴിവുകളിൽ പൂർണവിശ്വാസമുണ്ടായിരുന്ന അദ്ദേഹമാണ് ലതയ്ക്ക് ആദ്യ ബ്രേക്ക് എന്ന് പറയാവുന്ന ഗാനം നൽകുന്നത്. 1948-ൽ പുറത്തിറങ്ങിയ ‘മജ്ബൂർ' എന്ന ചിത്രത്തിലെ ‘ദിൽ മേരാ തോഡാ...' എന്ന ഗാനമാണത്. ലതാ മങ്കേഷ്‌കർ അവരുടെ തലതൊട്ടപ്പനായി കണ്ടതും ഇതേ ഗുലാം ഹൈദറിനെ തന്നെയായിരുന്നു.

തുടക്കകാലത്ത് ഏതൊരു പുതുമുഖത്തെയും പോലെ വ്യക്തമായ ഒരു ശൈലിയില്ലായിരുന്നെങ്കിലും പിന്നീട് കഠിനപ്രയത്‌നവും സമർപ്പണവും കൊണ്ട് സ്വന്തമായി ഭാവതീവ്രമായൊരു സംഗീതശൈലി വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞു. പഴയ ഗാനങ്ങളിൽ ധാരാളമായുണ്ടായിരുന്ന ഉറുദു വാക്കുകളുടെ ഉച്ചാരണശുദ്ധി ഉറപ്പുവരുത്താൻ ഉറുദു പ്രത്യേകമായി പഠിക്കുകയും ചെയ്​തത്​ ആത്മാർപ്പണത്തിന്റെ ആദ്യചുവടുവെപ്പുകളായിരുന്നിരിക്കണം. ആത്മാവിനെ സ്വയം സംഗീതത്തിലർപ്പിച്ച് ഒരു സൂര്യതേജസ്സായി ആ സ്വരം ഭാരതത്തിലാകമാനം നിറഞ്ഞുനിന്നു.

പാട്ടുകളനവധി

അമ്പതുകളുടെ തുടക്കത്തോടെ സിനിമാസംഗീത രംഗത്ത് ചുവടുറപ്പിച്ച ലത പിന്നീടങ്ങോട്ട് പ്രഗത്ഭരായ അനേകം സംഗീത സംവിധായകാരോടൊപ്പം പ്രവർത്തിച്ചു. നൗഷാദ്, ശങ്കർ- ജയ്കിഷൻ, അമർനാഥ്, സലിൽ ചൗധരി, എസ്.ഡി. ബർമൻ, ഖയ്യാം, സജ്ജദ് ഹുസൈൻ, കല്യാൺജി- ആനന്ദ്ജി, ഹൻസ്രാജ് ബെഹൽ, മദൻ മോഹൻ, ലക്ഷ്മികാന്ത്- പ്യാരെലാൽ, നദീം- ശ്രാവൺ, ജതിൻ- ലളിത്, അനു മാലിക് എന്നിങ്ങനെ ആ നിര നീളുന്നു. അനുഗ്രഹീതമായ ഈ കൂട്ടുകെട്ടുകളിൽ നിന്ന് സംഗീതസാഗരത്തിലെ പവിഴമുത്തുകളെന്ന് പറയാവുന്ന നിരവധി ഗാനങ്ങൾ നമുക്കുലഭിച്ചു. ഒന്നിനെപ്പറ്റി എടുത്തെഴുതിയാൽ മറ്റൊന്നിനെ ഒഴിവാക്കുന്നതെങ്ങനെ എന്ന് തോന്നിയേക്കാവുന്നത്രയധികം ഗാനങ്ങൾ. ഒന്നിനൊന്ന് മനോഹരമായവ.

ഇതിനിടെ ആർ.ഡി. ബർമൻ - ഗുൽസാർ ടീമിന്റേതായി 1972-ൽ പുറത്തുവന്ന ‘പരിചയ്' എന്ന ചിത്രത്തിലെ ആലാപനത്തിന് മികച്ച ഗായികയ്ക്കുള്ള ആദ്യ നാഷണൽ അവാർഡ് ലഭിച്ചു. പിന്നെയും അവാർഡുകളുടെ പെരുമഴതന്നെയുണ്ടാവുന്നുണ്ട്. അതിൽ ‘ലേക്കിൻ' (1990) എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് കിട്ടിയ ദേശീയ അവാർഡിന് പ്രത്യേകിച്ചൊരു മധുരമുണ്ട്. ലതയുടെ ഇളയസഹോദരനായ ഹൃദയനാഥ് മങ്കേഷ്‌കറായിരുന്നു ആ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത്. ‘യാര സീലി സീലി...', ‘കേരസിയ ബാൽമാ...' തുടങ്ങിയവയിൽ ലതയുടെ സ്വരം ആരോഹണാവരോഹണങ്ങളുടെ വിദ്യുത്പ്രവാഹമായി അനുവാചകരെ കോൾമയിർകൊള്ളിക്കുന്നവയാണ്.

ലതാ മങ്കേഷ്കർ
ലതാ മങ്കേഷ്കർ

ലതാജിയുടെ ഏറ്റവും മനോഹരമായ പാട്ട് ഏതെന്ന് ചോദിച്ചാൽ രത്‌നഖനിയിൽ നിന്ന് ഏറ്റവും മനോഹരമായ രത്‌നം എടുത്തുവരാൻ പറഞ്ഞാലെന്നപോലെ നാം സന്ദേഹപ്പെട്ടുപോകും. എങ്കിലും മദൻ മോഹനോടൊപ്പമുള്ള ചില പാട്ടുകളെ വേണമെങ്കിൽ ഏറ്റവും മനോഹരമെന്നുതന്നെ പറയാം. ‘ലഗ് ജാ ഗലേ കേ ഫിർ...'- 1964-ൽ പുറത്തുവന്ന ‘വോ കോൻ ഥി' എന്ന ചിത്രത്തിൽ, രാജ മെഹ്ദി അലി ഖാൻ വരികളെഴുതിയ ഈ ഗാനം പ്രണയാതുരരായ അനേകശതം കമിതാക്കളെ മാത്രമല്ല, ആർദ്രമാനസരായ സർവസംഗീതാസ്വാദകരുടെയും ഹൃദയങ്ങളെ ഉരുക്കിയലിയിച്ച് ഇന്നുമൊഴുകുന്നു. യൂട്യൂബിലും മറ്റും വരുന്ന നൂറുകണക്കിന് കവർ വേർഷനുകൾ ഈ പാട്ടിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ്.

എസ്.ഡി. ബർമനോടൊപ്പമുള്ള പാട്ടുകളിൽ ‘ജോഗി ജബ്‌സെ തു...', ‘ആജ് ഫിർ ജീനേകി...', 'മേ നെ കഹാ ഫൂലോ സേ...' എന്നിവ എടുത്തുപറയേണ്ടതാണ്. മനോഹരമായ ആ കൂട്ടുകെട്ട് 1958 മുതൽ 1962 വരെ നീണ്ട ഒരു ചെറിയ പിണക്കത്തിൽ അകന്നിരുന്നതിനാൽ പല ഗാനങ്ങളും നമുക്ക് നഷ്ടമായിട്ടുണ്ടാവാം. എന്നാൽ 1963-ൽ ‘ബാന്ധിനി' എന്ന ചിത്രത്തോടെ അവർ വീണ്ടുമൊന്നിച്ചു.

ലത മങ്കേഷ്‌കർ കുടുംബത്തോടൊപ്പം / Photo : lataonline.com
ലത മങ്കേഷ്‌കർ കുടുംബത്തോടൊപ്പം / Photo : lataonline.com

ശങ്കർ- ജയ്കിഷനോടൊപ്പം വിവിധ ഴോണറുകളിലുള്ള പാട്ടുകൾ ലതയുടെ ശബ്ദത്തിൽ പുറത്തുവന്നു. ‘അജീബ് ദാസ്താ ഹെ യേ...', ‘ഓഹ് ബസന്തി പവൻ...', ‘തുമേ യാദ് കർതേ കർതേ..', ‘മൻമോഹൻ കൃഷ്ണ മുരാരി...' അങ്ങനെയങ്ങനെ...
ലക്ഷ്മികാന്ത്- പ്യാരെലാലിനൊപ്പമുള്ള ‘സത്യം ശിവം സുന്ദരം' ഇതിന്റെയെല്ലാം മേലേ ഹിമാലയംപോലെ തുടിച്ചുയർന്നുനിൽക്കുന്ന ഒരു സൃഷ്ടിതന്നെയാണ്. ‘രാം ആവധ് മേ... കാശി മേ ശിവ്...' എന്ന് അനുപല്ലവിയായി പാടുന്നിടത്ത് സർവം മറക്കുന്നൊരു രോമഹർഷത്താൽ ശരണഗംഗയിലാണ്ടുപോകാത്തവരാരുണ്ട്!
ലതയുടെ മാസ്മരികശബ്ദത്തിൽ ഇങ്ങനെ പാട്ടുകളനവധി! തലമുറകൾ അതിനെ വാരിപ്പുണർന്നുകൊണ്ടിരിക്കുന്നു.

യുഗ്മഗാനങ്ങളുടെ ഹിറ്റ്​ ചാർട്ട്​

ലത മങ്കേഷ്‌കർ എന്ന ഗായിക വളർന്നുവന്ന അതേകാലത്ത് പ്രബലരായ പുരുഷസ്വരങ്ങളായി മുകേഷും, മുഹമ്മദ് റഫിയും, കിഷോർകുമാറും, ഭൂപീന്ദറും, ഹേമന്ത് കുമാറും മറ്റും ജ്വലിച്ചുനിന്നിരുന്നു. അവരോടൊപ്പമുള്ള യുഗ്മഗാനങ്ങൾ ഒരുകാലത്ത് ഹിറ്റ് ചാർട്ടുകളെ അടക്കിവാണവയാണ്.‘തെരേ മേരേ മിലന് കി യേ രേനാ...' ‘ജൊ വാദാ കിയാ വോ...' ‘തെരേ ബിനാ സിന്ദഗി സേ...' ‘കോരാ കാഗസ് ഥാ...' ‘ദേഖാ ഏക് ഖ്വാബ് തോ...' ‘തും ആഗയേ ഹോ നൂർ ആഗയാ ഹേ...' ‘ഗാതാ രഹേ മേരാ ദിൽ...' ‘കർവട്ടേ ബദൽതേ രഹേ സാരി രാത്...' ‘തെരേ ചെഹരേ സേ....' ‘തെരേ ബിന്ദിയാ രേ...' ‘സൗ സാൽ പെഹലെ...'
ഇതിനൊരു അവസാനമില്ല, എവിടെയാവസാനിപ്പിക്കും എന്നറിയാനാവാത്തവിധം ഓർമയിലേയ്ക്ക് പാട്ടുകൾ ഒന്നൊന്നായി കടന്നുവരും. അത്രെയേറെ!

വളരെക്കുറച്ചു പാട്ടുകൾ മലയാളത്തിന്റെ ഗാനഗന്ധർവനോടൊപ്പം പാടി. അവ തീർച്ചയായും മലയാളികൾക്ക് മനസ്സിനോട് കൂടുതൽ അടുത്തുനിൽക്കും. ‘ആപ്കി മെഹകി ഹുയി സുൾഫ്...', ‘ആപ് തോ ഏസേ ന...', ‘ദോനോം കേ ദിൽ ഹേ...' എന്നിങ്ങനെ ഏതാനും പാട്ടുകൾ.

ഇടയ്ക്ക് മലയാളത്തിൽ സലിൽ ചൗധരിയുടെ സംഗീതത്തിൽ ‘നെല്ല്' (1974) എന്ന ചിത്രത്തിലെ ‘കദളീ കൺകദളീ...' എന്ന ഗാനം ആലപിച്ചു. അതിനുമുൻപ് സലിൽ ചൗധരിയുടെ തന്നെ സംഗീതത്തിൽ ‘ചെമ്മീനി'ൽ (1965) കടലിനക്കരെ പോണോരെ...' എന്ന പാട്ട് പാടിക്കുവാൻ തീരുമാനിക്കുകയും, ലതയെ മലയാളം ഉച്ചാരണം പഠിപ്പിക്കുവാൻ യേശുദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പക്ഷേ പിന്നീട് ആരോഗ്യപ്രശ്‌നങ്ങളാലോ മലയാളത്തിന്റെ കാഠിന്യംകൊണ്ടോ അവർ അതിൽനിന്ന്​ പിന്മാറി. സലിൽ ചൗധരിയ്ക്ക് ആ ആഗ്രഹപൂർത്തീകരണത്തിനായി 1974 വരെ കാത്തിരിക്കേണ്ടി വന്നു.

സജ്ദാ

ഗസൽ സുൽത്താൽ എന്നുതന്നെ പറയാവുന്ന ജഗ്ജിത് സിംഗിനോടൊപ്പം ‘സജ്ദാ' എന്ന ആൽബം ചെയ്തു. പത്തോളം ഗസലുകളുള്ള ആൽബത്തിലെ ‘ദർദ് സേ മേരാ ദാമൻ...', ‘ഘം കാ ഘസാന...', ‘ആംഖോം സേ ദൂർ നാ...' എന്നിവ എക്കാലത്തെയും മികച്ച ഭാവദീപ്തമായ കാവ്യാവതരണങ്ങളാണ്. വേദനാനിർഭരമായി ലത പാടുമ്പോൾ ഒരുപക്ഷേ ജഗ്ജിത് പോലും അതിൽ, ആ അനർഗളപ്രവാഹത്തിൽ അലിഞ്ഞുപോയിരുന്നിരിക്കാം.

ലതാ, തുമ്‌നെ ആജ് മുജ്‌ഛേ റുലാദിയാ...

ഒരുപാട് നായികമാർക്കുവേണ്ടി അവർ നിരന്തം പാടിക്കൊണ്ടിരുന്നു.‘വീർ സാറ'യിലെ പ്രീതി സിന്റ വരെയുള്ളവരുടെ ശബ്ദമായി ആ കഥാപാത്രങ്ങളുടെ വൈകാരികതലങ്ങളെ സാക്ഷാത്കരിച്ചു.
‘തെരേ ലിയെ ഹം ഹേ ജിയെ...', ‘ജിയാ ചലേ ജാൻ ചാലെ...', ‘അന്ധേഖി അഞ്ജാനീ സീ...' എന്നിങ്ങനെ താരതമ്യേന പുതിയ ഗാനങ്ങൾ റാണി മുഖർജി, പ്രീതി, കരീന എന്നിവർക്കുവേണ്ടി പാടി. പക്ഷേ അവരുടെ ശബ്ദം കൂടുതലിണങ്ങിയത് ഷർമിളാ ടാഗോറിനും, ജയാ ഭാദുരിയ്ക്കും, സാധനയ്ക്കും, സൈറാബാനുവിനും, നൂതനും, വഹീദ റഹ്മാനും ഒക്കെയായിരുന്നു. ആ സുവർണകാലഘട്ടത്തിൽ നിന്നുള്ള പാട്ടുകൾ ചിപ്പിയ്ക്കുള്ളിലെ മുത്തുകൾ പോലെ ഇന്നും പ്രഭമായാതെ ഒളിമങ്ങാതെ നിൽക്കുന്നു.

കല്യാൺ ജി ആനന്ദ് ജിയോടൊപ്പം ലത മങ്കേഷ്കർ
കല്യാൺ ജി ആനന്ദ് ജിയോടൊപ്പം ലത മങ്കേഷ്കർ

എഴുപതിലേറെ കൊല്ലങ്ങൾ സംഗീതത്തിന്റെ ലോകത്ത് സുവർണനക്ഷത്രമായി നിലനിന്നു. മാറാത്തിയിലും ഹിന്ദിയിലുമായി അരങ്ങേറിയെങ്കിലും പിന്നീട് നിരവധി ഭാഷകളിൽ പാടി. ഭാരതത്തിന്റെ വാനമ്പാടി എന്ന് പേരെടുത്തു.
ജൊ വാദാ കിയാ... എന്ന പാട്ടിൽ റാഫി സാബിന്റെ ഭാഗം കഴിഞ്ഞ് ലത പാടിത്തുടങ്ങുന്നത് ഇങ്ങനെയാണ്: ‘യെ മാനാ ഹമേ ജാൻ സേ ജാനാ പടേഗാ...'‘‘ഒരിക്കൽ ഈ ജീവിതത്തിൽ നിന്ന് ആത്മാവിനെ വെടിഞ്ഞ് പോകേണ്ടിവരും.. എന്നാൽ ഒന്നോർക്കുക... നീ എന്നെ പേരുചൊല്ലി വിളിക്കുന്ന ആ നിമിഷം ഞാൻ നിന്നിലേയ്ക്ക് വരും... കൊടുത്ത വാഗ്ദാനങ്ങൾ നിറവേറ്റുകതന്നെ വേണമല്ലോ... ’’ ശരിയാണ്... ആത്മാവിൽ നിന്ന് അടർന്നുപോകാം. പക്ഷേ പാട്ടുകളിലൂടെ എന്നുമെന്നും നിത്യഹരിത സ്വരസാന്നിധ്യമായി നിലനിൽക്കുന്ന ലതയ്ക്ക്...
ദീദിയ്ക്ക് എങ്ങനെ ഇവിടുന്ന് വിടപറയാനാവും.

ഇന്ത്യ- ചൈന യുദ്ധം കഴിഞ്ഞ കാലം, 1963 ജനുവരിയിൽ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി, കൊടുംതണുപ്പിലും ജനങ്ങൾ ആർത്തിരമ്പിയെത്തിയ രാംലീല മൈതാനത്ത്, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെയും പ്രസിഡൻറ്​ സർവേപ്പള്ളി രാധാകൃഷ്ണന്റെയും സാന്നിധ്യത്തിൽ ലത മങ്കേഷ്‌കർ പാടി... ‘യെ മേരേ വതൻ കേ ലോഗോ... തും ഖൂബ് ലഗാ ലോ നാരാ...'
ആത്മഹർഷത്താൽ ജനം കൂടെയലിഞ്ഞു പാടിയിട്ടുണ്ട്, തീർച്ച.
പരിപാടിയുടെ അവസാനം നെഹ്റു ലതയെക്കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. നേരിൽ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, ‘ലതാ, തുമ്‌നെ ആജ് മുജ്‌ഛേ റുലാദിയാ...' (‘ലതാ, നീയിന്നെന്നെ കരയിച്ചു...').
അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോഴും ജലാർദ്രമായിരുന്നു... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


സ്​മിത പ്രകാശ്​

സംഗീതം, യാത്ര, എഴുത്ത്​ എന്നീ മേഖലകളിൽ താൽപര്യം. അഗർത്തല വിമാനത്താവളത്തിൽ കമ്യൂണിക്കേഷൻ, നാവിഗേഷൻ ആൻറ്​ സർവൈലൻസ്​ ഡിപ്പാർട്ടുമെൻറിൽ എഞ്ചിനീയർ (മാനേജർ).

Comments