സ്റ്റാൻ സ്വാമിയുടെ മരണം മുൻനിശ്ചിതമായ ഭരണകൂട അജണ്ട- പ്രമോദ് രാമൻ

‘‘പാർക്കിൻസൺ രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കാൻ ഫാദർ സ്റ്റാൻ സ്വാമിക്ക് കോടതിയെ സമീപിക്കേണ്ടിവന്നതും അതിനോട് അന്വേഷണ ഏജൻസിയും കോടതിയും സ്വീകരിച്ച ദയാരഹിതമായ സമീപനവും വെളിവാക്കുന്നത് സ്വാമിയുടെ മരണം മുൻനിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്നാണ്.''

Truecopy Webzine

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം മുൻനിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പ്രമോദ രാമൻ. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായ വരവര റാവുവിന് അനാരോഗ്യം കണക്കിലെടുത്ത് ആറുമാസത്തേക്ക് ജാമ്യം കിട്ടിയതൊഴിച്ചാൽ ബാക്കി മുഴുവൻ പേരും രണ്ടുവർഷമോ അതിലധികമോ ആയി ജയിലിലാണ്. പൊതുസമൂഹത്തിലാകെ ഭയംവിതച്ച് നിശ്ശബ്ദത കൊയ്യുന്ന ഭരണകൂട പദ്ധതിയാണിതെന്ന്​ ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

ഈ കേസിൽ നിയമ നടത്തിപ്പിലുപരിയായി കടന്നുവന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ കഥയാണ് ഫാദർ സ്റ്റാൻ സ്വാമിയുടെ വേദനാകരമായ വിടവാങ്ങലോടെ ഒരു പുതിയ സന്ധിയിൽ എത്തിയിരിക്കുന്നത്. വിമർശകരെയും പോരാളികളെയും രാജ്യദ്രോഹ-തീവ്രവാദ കേസുകളിൽ കുരുക്കി നിശ്ശബ്ദരാക്കുക മാത്രമല്ല മരണത്തിലേക്ക് നയിക്കുക കൂടിയാണ് നിലവിലെ പ്രത്യയശാസ്ത്ര സർക്കാരിന്റെ മോഡസ് ഓപ്പറാൻഡി- പ്രമോദ്​ രാമൻ എഴുതുന്നു.

ആരോഗ്യനില ചൂണ്ടിക്കാട്ടി ഫാദർ നടത്തിയ ജാമ്യശ്രമങ്ങൾ അവസാനിച്ചത് മരണത്തിലാണ്. പാർക്കിൻസൺ രോഗമുള്ളതിനാൽ വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കാൻ അദ്ദേഹത്തിന് കോടതിയെ സമീപിക്കേണ്ടിവന്നതും അതിനോട് അന്വേഷണ ഏജൻസിയും കോടതിയും സ്വീകരിച്ച ദയാരഹിതമായ സമീപനവും വെളിവാക്കുന്നത് സ്വാമിയുടെ മരണം മുൻനിശ്ചിതമായ ഭരണകൂട അജണ്ട തന്നെ ആയിരുന്നുവെന്നാണ്. ഒരു വലിയ ഔദാര്യം പോലെ വളരെ ആലോചിച്ച് അദ്ദേഹത്തിന് സ്ട്രോ ഉപയോഗിക്കാൻ അനുമതി നൽകിയ കോടതി സ്വയം വെളിപ്പെടുത്തിയതും സങ്കുചിത നീതി നടത്തിപ്പിന്റെ ഉദാഹരണമാണെന്ന് മുൻ സുപ്രിംകോടതി ജഡ്ജി മദൻ ബി. ലോക്കൂർ തന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.

പ്രത്യയശാസ്ത്ര ഭരണകൂടത്തിന്റെ ഏറ്റവും മാരകമായ ഭീതിവിതയ്ക്കൽ പ്രയോഗമാണ് ഭീമ കൊറേഗാവ് കേസിൽ ഉണ്ടായിട്ടുള്ളത്. ഭയമില്ലാതെ പോരാടിയവരും ശബ്ദിച്ചവരും അഴികൾക്കുള്ളിലാവുകയോ അവിടെ അന്ത്യശ്വാസം വലിക്കുകയോ ചെയ്തു. ഈ പ്രക്രിയ തുടരും. ധൈര്യശാലികൾ രക്തസാക്ഷികളായിക്കൊണ്ടിരിക്കും. സാംസ്‌കാരിക ദേശീയതയാണ് ഫാസിസത്തിന് ഏണിവച്ചുകൊടുക്കുകയെന്ന 90കളിലെ ലിബറൽ ബുദ്ധിജീവികളുടെ ആശങ്ക തെറ്റിയില്ലെങ്കിലും പ്രയോഗഘട്ടത്തിൽ അത് ദേശീയതയെ തന്നെ പ്രശ്നവൽക്കരിക്കുമെന്ന് കാണേണ്ടതായിരുന്നു. ആദിവാസി സമൂഹങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ മുഴുവൻ മാവോയിസ്റ്റുകൾ, മനുഷ്യാവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർ മുഴുവൻ നഗര നക്സലൈറ്റുകൾ, സിനിമയിലും സാഹിത്യത്തിലും അധ്യാപനത്തിലും മാധ്യമ പ്രവർത്തനത്തിലും ഭരണകൂട വിമർശനം നടത്തുന്നവർ മുഴുവൻ രാജ്യദ്രോഹികൾ - ഈ പ്രത്യയശാസ്ത്ര നിർമിതിയാണ് ഫലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

നമുക്കുമേൽ നിശ്ശബ്ദതയുടെയും ഭയത്തിന്റെയും മേൽക്കോയ്മ
പ്രമോദ് രാമൻ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം
വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 33.

Comments