സുമയമ്മയുടെ സി.ജെ. കുട്ടപ്പൻ; ഒരപൂർവ സുന്ദരകഥ

'എന്തുകണ്ടിട്ടാണ് അവൾ എന്നെ സ്‌നേഹിച്ചത് എന്നെനിക്കറിയില്ല. പണമില്ല, സൗന്ദര്യമില്ല, വീടില്ല, മാറാരോഗമല്ലാതെ മറ്റൊന്നുമില്ല. അവൾക്കന്ന് നല്ല രൂപഭംഗിയുള്ള പ്രായം. ഞാനൊരു വെറും വേട്ടാവളിയനും'- ഫോക്‌ലോർ അക്കാദമി ചെയർമാനും പ്രമുഖ നാടൻ പാട്ട് കലാകാരനുമായ സി.ജെ. കുട്ടപ്പന്റെ ജീവിതത്തിലെ അറിയപ്പെടാത്ത ഒരേട്

ഫോക്‌ലോർ അക്കാദമി ചെയർമാനും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ കല്ലറ സി. ജെ. കുട്ടപ്പന്റെയും സുമയമ്മയുടെയും പ്രണയകഥ കേട്ടുകൊണ്ടിരിക്കെ ഓർമ വന്നതത്രയും കുമാരനാശാന്റെ വീണപൂവിലെ വരികളായിരുന്നു...‘‘കില്ലല്ലി ഹാ! ഭ്രമരവര്യനെ നീ വരിച്ചു, തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ...’’- ശലഭമേനിയുടെ സൗന്ദര്യങ്ങളെ അവഗണിച്ച് കരിവണ്ടിനെ സ്വീകരിച്ച പൂവ്!
കുട്ടപ്പനാശാൻ എന്നെങ്കിലും ആ സാദൃശ്യം ഓർത്തിരുന്നുവോ എന്നറിയില്ല. സുമതി എന്ന പേരിനെ ‘സുമ' എന്നാക്കി മാറ്റിയത് കുട്ടപ്പനാശാനായിരുന്നുവത്രേ. അടുക്കളന്നിലത്തിരുന്ന് സംസാരിക്കവേ സുമയമ്മയുടെ വാക്കുകളിൽ പോയകാലങ്ങളുടെ ഓർമകൾ നിറഞ്ഞു ...

സുമയമ്മയു​ടെ ‘കല്ലാറങ്കിൾ’

പലയർത്ഥങ്ങളിൽ ചിതറിപ്പോയ ഒരു കുടുംബത്തിനുള്ളിലെ അനാഥത്വത്തിന്റെ കാലങ്ങളായിരുന്നു അവ. സുമയമ്മയുടെ അമ്മ അവരുടെ ചെറുപ്പത്തിലേ മരിച്ചിരുന്നു. അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. സുമയമ്മക്കു താഴെ നാലഞ്ച് കുഞ്ഞുങ്ങൾ സഹോദരങ്ങളായുണ്ട്. മൂത്തജ്യേഷ്ഠന്റെയും ഭാര്യയുടെയുമൊപ്പം ഇവരെല്ലാവരും ഒരു വീട്ടിനുള്ളിൽ കഴിഞ്ഞുപോന്നു.

തനിക്കിളയവരായ കുഞ്ഞുങ്ങളെ ഒരമ്മയുടെ സ്ഥാനത്ത് നിന്ന് വളർത്തേണ്ട ചുമതല കുഞ്ഞുസുമയ്ക്കുണ്ടായിരുന്നു. അതിനാൽ അധിക കാലം സ്‌കൂളിൽപ്പോകാനോ വിദ്യാഭ്യാസം തുടരാനോ സാധിച്ചതുമില്ല.

ഉടുതുണിക്ക് മറുതുണിയില്ലാത്ത പഞ്ഞകാലത്ത് ഒരാശ്രയസങ്കേതത്തിലേക്കെന്നവണ്ണമാണ് സി. ജെ. കുട്ടപ്പൻ എന്ന യുവാവ് സുമയമ്മയുടെ വീട്ടിലേക്ക് കടന്നുവന്നിരുന്നത്. ഒരു ഷർട്ടും ഒരു മുണ്ടും മാത്രം. കാശു മുടക്കി വസ്ത്രം വാങ്ങാനോ ഭക്ഷണം കഴിക്കാൻ പോലുമോ നിവൃത്തിയില്ലാതിരുന്ന കാലങ്ങളായിരുന്നു അവ. സുമ എന്ന അന്നത്തെ സുമതിയുടെ മൂത്തസഹോദരനും കുട്ടപ്പനും നല്ല സുഹൃത്തുക്കളായിരുന്നു. വീട്ടിലെത്തുന്ന ആശാന് സുമയമ്മ വയറുനിറയെ ഭക്ഷണം വിളമ്പും. ഓരോതവണ വീട്ടിൽ വന്നുപോകുമ്പോഴും വഴിച്ചെലവിന് രണ്ടു രൂപ കുട്ടപ്പനാശാന്റെ കൈയ്യിൽ വെച്ച് കൊടുക്കുമായിരുന്നു.

സുമയമ്മയ്ക്കന്ന് ഇരുപത് വയസ്സാണ് .

ഒരുവിധത്തിലും പ്രണയമാണെന്ന് തോന്നിപ്പിക്കത്തക്ക വിധത്തിലുള്ള പെരുമാറ്റങ്ങളും കുട്ടപ്പനെന്ന സുഹൃത്തിൽനിന്നും ഉണ്ടായതേയില്ല. കുട്ടികൾ എല്ലാവരും ‘കല്ലാറങ്കിൾ ' എന്നാണ് അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നത്, അവരോടൊപ്പം ചേർന്നു സുമയമ്മയും.

സുമയമ്മയുടെ ഉറപ്പ്​

ഒരുദിവസം കല്ലാർ അങ്കിൾ വന്നുകയറിയപ്പോൾ കേൾക്കുന്നത് ‘എനിക്കാരുമില്ല' എന്നു പറഞ്ഞുകൊണ്ടുള്ള സുമയുടെ ഉച്ചത്തിലുള്ള നിലവിളിയായിരുന്നു. മൂത്തസഹോദരനുമായുണ്ടായ ഏതോ വഴക്കിനവസാനം കരഞ്ഞുകൊണ്ടിരുന്ന സുമയെ ആശാൻ സമാധാനിപ്പിച്ചു. ‘ഇനിയൊരിക്കലും അങ്ങനെ പറയരുത് നിനക്കാരുമില്ലെന്നാരാ പറഞ്ഞത്? ഞങ്ങളൊക്കെപ്പിന്നെ എന്തിനാ?' എന്നുപറഞ്ഞ് ആശ്വസിപ്പിച്ചു. ആ വാക്ക് സുമയമ്മ അനുസരിച്ചു. അവിടെവച്ചായിരുന്നു അങ്കിൾ തനിക്കൊപ്പമുണ്ടാവണമെന്ന് സുമയമ്മ മനസ്സിലുറപ്പിച്ചത്. സുമയമ്മ പിന്നീട് തനിക്കാരുമില്ലെന്ന് വിഷമിച്ചതേയില്ല.

എങ്കിലും കുട്ടപ്പനാശാൻ ഇതൊന്നും തിരിച്ചറിഞ്ഞില്ല. ആശാൻ ഒരു പരദേശിയുടെ മട്ടിൽ സഞ്ചാരിയായി നടുക്കുന്ന കാലമാണ്. പലവിധ പൊലീസ് കേസുകളും ആശാന്റെ പേരിലുണ്ട്. ഒരിടത്ത് സ്ഥിരതാമസമാകാനായില്ല. അക്കാലങ്ങളിലൊന്നും കുട്ടപ്പനാശാനും സുമയമ്മയും തമ്മിൽ കണ്ടില്ല. കത്തുകൾ പോലുമയച്ചിരുന്നില്ല. വർഷങ്ങൾക്കുശേഷമാണ് ആശാൻ തിരുവല്ലയിലെ ഡൈനാമിക് ആക്ഷനിൽ എത്തുന്നത്.

അന്ന്, 1982 ൽ ആശാനെ അലട്ടുന്ന ഒരു മാറാരോഗം ഉണ്ടായിരുന്നു. നഖങ്ങളിലൊഴിച്ച് ദേഹത്തെല്ലായിടത്തും നാറുന്ന പുണ്ണ്! കുഷ്ഠരോഗം പോലൊരു മാറാരോഗം. ദേഹത്തിൽ എവിടെയെങ്കിലും വിരലമർത്തിയാൽ വിരൽ മാംസത്തിലേക്ക് ഇറങ്ങിപ്പോകുന്ന അത്രയും ഭീകരമായ അവസ്ഥ! ദിവസവും നാലുനേരമെങ്കിലും കുളിക്കണം. കൈ നീളമുള്ള ഷർട്ടും പാദം വരെയുള്ള പാന്റും ഇട്ടാണ് നാടുനീളെ നടന്നിരുന്നതും നാടകം കളിച്ചിരുന്നതും പാടിയിരുന്നതുമെല്ലാം. ദേഹത്ത് തൊടുവാൻ ആരും ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ, പാട്ടിന്റെയും അഭിനയത്തിന്റെയും മികവിൽ ആശാനെ അവർ തള്ളിക്കളയാതെ കൊണ്ടുനടന്നു.

സുമയമ്മയുടെ കത്ത്​

അസുഖം കൂടിക്കൂടിവന്നപ്പോൾ പരിചരിക്കാനോ സഹായിക്കാനോ മറ്റാരുമില്ലാതെ ആശാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സക്കായിച്ചെന്നു. അവിടെ അഡ്മിറ്റായി. അടുത്തുള്ള മറ്റു രോഗികളെ നോക്കാനായി വന്നവരായിരുന്നു ചായ വാങ്ങിക്കൊടുത്തിരുന്നതും സഹായങ്ങൾ ചെയ്തിരുന്നതും. അന്ന് ഒരു ദിവസം ജനതാദൾ നേതാവ് പ്രൊഫ. വർഗീസ് ജോർജും രണ്ട് സുഹൃത്തുക്കളും ഒരു കാറുമായി ആശാനെ കാണാൻച്ചെന്നു. കാര്യമിതാണ് - ഒരു പയ്യൻ സി. ജെ. കുട്ടപ്പനെ അന്വേഷിച്ച് തിരുവല്ലയിലെത്തിയിരുന്നു. അവന്റെ കൈവശം ഒരു പെൺകുട്ടി കൊടുത്തയച്ച കത്തും ഉണ്ട്.

കുട്ടപ്പനാശാൻ കത്ത് തുറന്നുനോക്കിയപ്പോൾ സുമയുടെ എഴുത്താണ്. മുഷിഞ്ഞ തുണ്ടുകടലാസിൽ രണ്ടേരണ്ടു വാചകങ്ങൾ മാത്രം - ‘മറ്റന്നാൾ എന്റെ കല്യാണം നിശ്ചയമാണ്. അങ്കിളിനോടൊന്ന് ചോദിക്കണമെന്ന് മനസ്സ് പറയുന്നു.' ഇത്രേയുള്ളൂ. വരണമെന്ന നിർബന്ധങ്ങളില്ല. സങ്കടങ്ങളില്ല. മറ്റൊന്നുമില്ല. കത്തിലെന്താണെന്ന് ഒരു വ്യക്തതയുമില്ല. ഡോക്ടറോട് പറഞ്ഞാൽ ആ അവസ്ഥയിൽ പുറത്തുവിടില്ല. ആരോടും പറയാതെ ആശാൻ ഇറങ്ങിപ്പോന്നു. ഇങ്ങനെ ഒരു പ്രേമകഥയുണ്ടായിട്ട് ആരോടും ഇതുവരെ പറയാഞ്ഞതെന്താണെന്ന് ഡൈനാമിക് ആക്ഷനിലെ ജേക്കബ്ബച്ചൻ പരിഭവിച്ചുവത്രേ. അത്തരമൊരു സൂചനപോലും അന്നേവരെയില്ലാതിരുന്ന കുട്ടപ്പനാശാൻ എന്ത് പറയാൻ!

അന്നുതന്നെ ഇടുക്കിയിലുള്ള സുമതിയുടെ വീട്ടിൽ അങ്കിൾ എത്തി. നമ്മുടെ ജാതി വ്യത്യസ്തമാണെന്നും നല്ല നിലയിൽ ഒരു കുടുംബം നോക്കിനടത്താനുള്ള പണമെന്റെ കൈവശമില്ല എന്ന് നിനക്ക് നന്നായിയറിയാവുന്നതല്ലേ എന്നൊക്കെപ്പറഞ്ഞ് അങ്കിൾ പലതവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഡൈനാമിക് /ആക്ഷനിലെ അന്നത്തെ ശമ്പളം 400 രൂപയായിരുന്നു. അത് മരുന്നിനുപോലും തികഞ്ഞിരുന്നില്ല. അങ്കിളിന്റെ മാറാരോഗത്തെക്കുറിച്ചും സുമയമ്മയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും പിന്തിരിയാൻ മനസ്സനുവദിച്ചില്ല.
അങ്കിൾ സുമയമ്മയുടെ ഒരു നാത്തൂനോട് വിവരം പറഞ്ഞു. പക്ഷേ അവിടെ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞിരുന്നു.

നാത്തൂനല്ലാതെ മറ്റാരും ഇതറിഞ്ഞില്ല. വീട്ടുകാർ സമ്മതിച്ച് തങ്ങളുടെ കല്യാണം നടക്കില്ലെന്ന് ഉറപ്പായിരുന്നു. പിറ്റേന്ന് അങ്കിൾ വന്നുവിളിക്കുമ്പോൾ കൂടെയിറങ്ങിപ്പോകാമെന്നുതന്നെ ഉറപ്പിച്ചു. അങ്കിളിന്റെ ഒരു സുഹൃത്താണ് വിളിക്കാൻ വന്നത്. സി. ജെ. യുടെ ഒരു കുറിപ്പും അയാളുടെ കൈയ്യിലുണ്ടായിരുന്നു: ‘ഈ വരുന്നത് എനിക്ക് വിശ്വസിക്കാവുന്ന ആളാണ്. അദ്ദേഹം നിന്നെ വിളിക്കും. കൂടെപ്പോന്നോളൂ -സി. ജെ. '

സുമയമ്മയുടെ നിറഞ്ഞ ചിരി

അങ്ങനെ തിരുവല്ലയിൽവച്ച് സുമയമ്മയുടെയും കല്ലറ സി. ജെ. യുടെയും കുടുംബജീവിതം ആരംഭിച്ചു. ‘ഒരർത്ഥത്തിൽ ആദ്യരാത്രിയോ പുതുമോടികളോ ഒന്നുമുണ്ടായിരുന്നില്ല. ആദ്യകാലങ്ങളിൽ സി. ജെ. യെ തേച്ചുകഴുകി കുളിപ്പിക്കുകയും മരുന്നുവച്ച് കെട്ടുകയുമായിരുന്നു പ്രധാന പരിപാടി. ‘ഏതൊരു ചെറുപ്പക്കാരുടെയും അത്തരം സ്വപ്നനഷ്ടങ്ങളെ അതിജീവിക്കുന്ന മറ്റൊരുജീവിതം സി.ജെയും സുമയും ചേർന്ന് കെട്ടിപ്പടുത്തു. മൂത്ത മകളെ മൂന്നുമാസം ഗർഭമായിരിക്കുമ്പോഴാണ് നിയമപ്രകാരമുള്ള വിവാഹം എന്ന നിലയിൽ രജിസ്റ്റർ ചെയ്തത്. ഒരു വിവാഹഫോട്ടോ പോലും ഇല്ല.

കറുകച്ചാലിൽ ആയിരുന്നു അന്ന് താമസം. പ്രസവത്തിന് സി.ജെ യുടെ വീട്ടിൽപ്പോയി. 12 വർഷം പലയിടത്തായി വാടകയ്ക്ക് താമസിച്ചിട്ടാണ് സ്വന്തമായൊരു കൊച്ചുവീട് പണിതത്. ഡൈനാമിക് ആക്ഷനിൽനിന്ന് പോരുമ്പോൾ സി.ജെ ക്ക് 7000 രൂപയായിരുന്നു ശമ്പളം. പിന്നെ ‘തായില്ലം’ എന്ന സ്വന്തം സ്ഥാപനം തുടങ്ങി. പരിപാടികൾ ബുക്ക് ചെയ്യാൻ വരുന്നവരോട് സംസാരിക്കുന്നത് പണമിടപാടുകൾ നടത്തുന്നതുമെല്ലാം അന്നും ഇന്നും സുമയമ്മയാണ്. പ്രായമായതുകൊണ്ട് ഇപ്പോൾ പണ്ടത്തെപ്പോലെ അധികം എവിടെയും പാടാൻപോകാറില്ല.

‘എന്തൊക്കെയായാലും ജീവിതത്തിൽ ഇതേവരെ പരാജയപ്പെട്ടിട്ടില്ല. ഞങ്ങളുടെ ജീവിതം കണ്ട് പലരും പറഞ്ഞിട്ടുണ്ട് കേട്ടോ ഇങ്ങനെ ജീവിക്കാൻ പറ്റിയാൽ മത്യാരുന്നു എന്ന്. സാമ്പത്തികപ്രയാസം ഒക്കെ ഉണ്ടായിരുന്നു. എന്നാലും ഐക്യം ഉണ്ടായിരുന്നു. രണ്ട് മക്കളുണ്ടായി. രണ്ടാൾക്കും നല്ല കലാവാസനയുണ്ടായിരുന്നു. ആദ്യമൊക്കെ കുഞ്ഞുങ്ങളും അച്ഛനോടൊപ്പം പരിപാടികൾക്ക് പോയിരുന്നു. ഇരുവരും ഇപ്പോൾ മുതിർന്നു, വിവാഹിതരായി. ഓരോരോ നാടുകളിലായി. നമ്മൾ അവരെ പൊതിഞ്ഞുവെച്ചിട്ട് കാര്യമില്ലല്ലോ'.

സുമയമ്മയുടെ നിറഞ്ഞ ചിരിയിൽനിന്നുമിറങ്ങുമ്പോൾ കുട്ടപ്പനാശാന്റെ വാക്കുകൾ ഓർത്തു: ‘എന്തുകണ്ടിട്ടാണ് അവൾ എന്നെ സ്‌നേഹിച്ചത് എന്നെനിക്കറിയില്ല. പണമില്ല, സൗന്ദര്യമില്ല, വീടില്ല, മാറാരോഗമല്ലാതെ മറ്റൊന്നുമില്ല. അവൾക്കന്ന് നല്ല രൂപഭംഗിയുള്ള പ്രായം. ഞാനൊരു വെറും വേട്ടാവളിയനും'.


Comments