1957-ൽ അധികാരത്തിലേറിയ ഇ.എം.എസ്. സർക്കാറിനെതിരെ പ്രതിപക്ഷ പാർട്ടികളും സാമുദായിക സംഘടനകളും യോജിച്ച് നടത്തിയ ‘വിമോചന സമര’ത്തിന്റെ ചില തൃശൂർ അനുഭവങ്ങൾ ഓർത്തെടുക്കുകയാണ്.
പൂങ്കുന്നം ചെങ്കൊടി പാറിയ ദേശമാണ്. സീതാറാം മിൽ തൊഴിലാളികളും ചുരുക്കം ചില സമ്പന്നരുമാണ് ഇവിടെ താമസം. രണ്ട് സ്കൂളുകളുള്ളതിൽ ഒന്ന്, ഗവൺമെൻറ് എൽ.പി. സ്കൂളും, രണ്ടാമത്തേത്, കുണ്ടനിടവഴി (കുന്നത്ത് ലെയ്ൻ) ജനകീയ പാഠശാലയുമാണ്. ഈ സ്കൂളിന്റെ മാനേജ്‌മെൻറ് ക്രിസ്ത്യാനികളായ വ്യക്തികളുടേതായിരുന്നു. തൂപ്പുകാരും അധ്യാപകരും പ്രധാനാധ്യാപകനും എല്ലാം മാനേജ്മൻറിന്റെ ബന്ധുക്കൾ. വിമോചനസമരത്തെത്തുടർന്ന് ജനകീയ പാഠശാല താത്കാലികമായി അടച്ചു. (അല്പകാലത്തിനുശേഷം സ്കൂൾ മാനേജ്‌മെൻറ് ഈ വിദ്യാലയവും വിറ്റ് കാശാക്കി).
എന്റെ ജ്യേഷ്ഠസഹോദരി മാത്തിരി തൃശൂർ കൊക്കാലയിലെ സെൻറ് അഗസ്റ്റിൻസ് സ്കൂൾ അധ്യാപികയായിരുന്നു. രണ്ടുമൂന്നു മൈൽ നടന്നുവേണം അവർക്ക് സ്കൂളിലെത്താൻ. അതിരാവിലെ ഉറക്കമുണർന്ന് അടുക്കളജോലികളിൽ അമ്മയെ സഹായിച്ച്, ചോറ്റുപാത്രത്തിൽ ഉച്ചഭക്ഷണം നിറച്ച് സ്കൂളിലേക്ക് പായുന്ന മാത്തിരി ചേച്ചിക്ക് അന്ന് സ്കൂളിൽ പോകാൻ എന്തോ ഒരുത്സാഹവും കണ്ടില്ല. അത് ‘മുത്തൻ മടി'യാണെന്ന് ഞാൻ കരുതി. വീടിന് തൊട്ടടുത്ത പൂങ്കുന്നം ഗവൺമെൻറ്എൽ.പി. സ്കൂളിലെ നാലാം ക്ലാസ് ‘എ' ഡിവിഷൻ വിദ്യാർഥിയാണ് ഞാൻ. ടി.ടി. പെരുങ്കായത്തിന്റെ (ഒരു ഇഫക്റ്റിനുവേണ്ടി മാത്രമാണ് ഈ വിശേഷണം ഇവിടെ ചേർത്തത്) മുദ്രചാർത്തിയ തുണിസഞ്ചിയിൽ സ്ലേറ്റും പുസ്തകങ്ങളും കുത്തിനിറച്ച് സ്കൂളിലേക്ക് വെച്ചടിക്കവെ സമീപവാസികളും സുഹൃത്തുക്കളുമായ ഹരിയും സുന്ദരവും മുന്നിൽവന്നുനിന്ന് പറഞ്ഞു, ‘സ്കൂളിൽ സമരം നടക്കുന്നു, ആരെയും അകത്തേക്ക് കടത്തിവിടുന്നില്ല.'
അപ്പോഴും ഞങ്ങളുടെ സ്കൂൾ പടിക്കൽ ‘വിമോചനസമരം' തകൃതിയാണ്. സ്കൂൾ പിക്കറ്റിങ്ങിന് സംഘങ്ങളായി കോൺഗ്രസ്, എൻ.എൻ.എസ്. പ്രവർത്തകർ വന്ന് മുദ്രാവാക്യം വിളിച്ച് കൂവിക്കൊണ്ടിരുന്നു.
ജീവിതത്തിലാദ്യമായി കേട്ട ‘സമരം' എന്ന വാക്കിന്റെ അർഥമെന്തെന്നറിയാൻ ഞങ്ങൾ മൂവരും സ്കൂളിലെത്തി. അവിടെ കുറെ മുതിർന്ന ‘ചെക്കൻ'മാർ സ്കൂളിന്റെ അടച്ചിട്ട പടിയുടെ മുന്നിൽക്കിടന്ന് എന്തൊക്കെയോ വിളിച്ചുപറയുന്നു; ‘വിമോചനസമരം സിന്ദാബാദ്, ഇ.എം.എസ്. തുലയട്ടെ'.
വിമോചനസമരം എന്തെന്നോ എന്തിനാണ് ഇ.എം.എസിനെ അവർ തെറിവിളിക്കുന്നതെന്നോ ഞങ്ങൾക്ക് മനസ്സിലായില്ല. വൈകാതെ പൊലീസെത്തി അവരെ ജീപ്പിൽ കയറ്റി. അവർ അപ്പോഴും മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു. പൊലീസ് ജീപ്പ് പുകപരത്തി മുന്നോട്ടുപോകവേ വേറെ ചേട്ടൻമാരെത്തി സ്കൂൾപടി പിടിച്ചുനിന്ന് പുതിയ മുദ്രാവാക്യങ്ങൾ വിളിക്കാൻ തുടങ്ങി; ‘‘മുണ്ടശ്ശേരിയുടെ മണ്ടേലെന്താ ചകിരിച്ചോറെ ചാരായോ...?'' എന്നൊക്കെയാണ് ആ ചേട്ടൻമാർ അപ്പോൾ അലറിവിളിച്ചിരുന്നത്.
മുണ്ടശ്ശേരി മാഷെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എന്റെ ജ്യേഷ്ഠനെ സെൻറ് തോമസ് കോളേജിൽ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടെന്നുമറിയാം. പക്ഷേ മാഷും ഈ ചേട്ടൻമാരുടെ ആക്രോശങ്ങളും തമ്മിലുള്ള ബന്ധം എന്തെന്ന് മനസ്സിലായില്ല. ഏതായാലും ഇന്ന് സ്കൂളില്ല. സംഗതി നന്നായി. എബൗട്ടേൺ അടിച്ച് വീട്ടിലേക്ക് ഞങ്ങൾ വെച്ചുപിടിച്ചു. വീടിനുമുന്നിലെ റെയിൽപാളത്തിന്റെ ഓരത്ത് പോത്തുകളെ തീറ്റുന്ന സുഹൃത്ത് നന്ദൻ ചോദിച്ചു, ‘‘ഡാ എല്ലൻപാപ്പേ, നെന്റ സ്കൂൾ അടച്ചില്ലെടാ...? മെലിഞ്ഞുനീണ്ട എന്നെ ആ ഭാഗത്തെ പിള്ളേർ എല്ലൻപാപ്പ എന്നാണ് വിളിച്ചിരുന്നത്. എനിക്കതിൽ പരിഭവവുമുണ്ടായിരുന്നില്ല. അല്പസമയത്തിനുശേഷം വിവേകോദയം, സി.എം.എസ്. സ്കൂളുകളിൽനിന്ന് അയൽപക്കക്കാരായ ‘ചെക്കൻമാർ' മടങ്ങിവന്നുകൊണ്ടിരുന്നു.
ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമായ തൃശൂരിലേയും അങ്കമാലിയിലെയും ക്രൈസ്തവരും തീരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ട വിശ്വാസികളും ഇളകിമറിഞ്ഞ് ഭരണകൂടത്തിനെതിരെ തിരിഞ്ഞു. ഇവരിൽ പലർക്കും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് ഒരു ചുക്കും അറിയാൻ വഴിയില്ല
വളരെ നാളുകൾ നീണ്ടുനിന്ന വിമോചനസമരം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. കാരണം, മറ്റു സ്കൂളുകൾ അടച്ചിട്ടപ്പോൾ ഞങ്ങളുടെ പൂങ്കുന്നം സ്കൂൾ മാത്രം തുറന്ന് പ്രവർത്തിച്ചത് മാനസികമായി ഉൾക്കൊള്ളാനായില്ല. സി.എം.എസിലെയും സെൻറ് തോമസിലെയും പിള്ളേർ കറങ്ങിത്തിരിഞ്ഞ് നടക്കുമ്പോൾ ഞാൻ സഞ്ചിയും പേറി സ്കൂളിലെത്തി പടിയുടെ സമീപം വായും പൊളിച്ചുനില്ക്കുക, അങ്ങോട്ടുമിങ്ങോട്ടും നോക്കി സമയം കളയുക തുടങ്ങിയ അഭ്യാസങ്ങൾ എനിക്ക് ഒട്ടും സന്തോഷം തന്നില്ല.
ഇതിനിടെ, ഞങ്ങളുടെ ഭാഗത്ത്, പട്ടാളത്തിൽനിന്ന് പെൻഷൻപറ്റി വന്ന ഒരു വ്യക്തി അദ്ദേഹത്തിന് ലഭിച്ച രണ്ടു കൊതുകുവലകൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് സമ്മാനിച്ചെങ്കിലും അതെക്കുറിച്ച് തൃശൂർ എക്സ്പ്രസിൽ വാർത്ത വരാത്ത നീരസത്തിൽ, പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന സംഭവമുണ്ടായി.
ആയിടെ സ്കൂളിൽ രാത്രി പാറാവ് നിന്നിരുന്ന പൊലീസുകാർ മൂന്നാം ക്ലാസ് ബിയിൽ നിന്ന് രണ്ട് നാടൻ ബോംബ് കണ്ടെത്തി. ഭാഗ്യവശാൽ അത് പൊട്ടിത്തെറിച്ചില്ല. ആരാണ് ആ കടുംകൈ ചെയ്തത് എന്ന് ഇന്നും വ്യക്തമല്ല. അപ്പോഴും ഞങ്ങളുടെ സ്കൂൾ പടിക്കൽ ‘വിമോചന സമരം' തകൃതിയാണ്. സ്കൂൾ പിക്കറ്റിങ്ങിന് സംഘങ്ങളായി കോൺഗ്രസ്, എൻ.എൻ.എസ്. പ്രവർത്തകർ വന്ന് മുദ്രാവാക്യം വിളിച്ച് കൂവിക്കൊണ്ടിരുന്നു. ഒരു ദിവസം സമരാനുകൂലികളെ ജീപ്പിൽ കയറ്റവേ, ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിക്കൊപ്പം അവർ സ്കൂളിന് തൊട്ടുമുമ്പിൽ സ്ഥിതിചെയ്തിരുന്ന അന്നാമ്മചേച്ചയെ നോക്കി ഇങ്ങനെ വിളിച്ചു പറഞ്ഞു; ‘അമ്മേ, ഞങ്ങൾ പോവാണ്, കണ്ടില്ലെങ്കിൽ കരയണ്ടാ...'
ഉറച്ച കമ്യൂണിസ്റ്റായിരുന്ന അന്നാമ്മ ചേച്ചിയുടെ മറുപടി അതിലും കൗതുകകരമായിരുന്നു, ‘മക്കളേ നിങ്ങൾ പൊക്കോളൂ, അമ്മ ഇനിയും പെറ്റോളാം...'
അന്നാമ്മ ചേച്ചി മരിച്ചിട്ട് വർഷങ്ങളേറെയായി. എന്നാലും ആ രംഗം മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല.
‘അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരുണ്ടെങ്കിൽ...'
വിമോചനസമരം ആഘോഷമാക്കാൻ കോൺഗ്രസ്, സിറോ മലബാർ സഭ, നായർ സർവീസ് സൊസൈറ്റി, മുസ്ലിം ലീഗ് കൂട്ടുകെട്ട് തീവ്രശ്രമം നടത്തി. ജാഥകൾ, പൊതുസമ്മേളനങ്ങൾ, പള്ളികളിൽ പാതിരിമാരുടെ ഘോരഘോര പ്രസംഗങ്ങൾ തുടങ്ങിയവ ദിനമെന്നോണം അരങ്ങേറി. ക്രിസ്ത്യൻ ഭൂരിപക്ഷപ്രദേശമായ തൃശൂരിലേയും അങ്കമാലിയിലെയും ക്രൈസ്തവരും തീരപ്രദേശങ്ങളിലുമുള്ള പാവപ്പെട്ട വിശ്വാസികളും ഇളകിമറിഞ്ഞ് ഭരണകൂടത്തിനെതിരെ തിരിഞ്ഞു. ഇവരിൽ പലർക്കും മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിനെക്കുറിച്ച് ഒരു ചുക്കും അറിയാൻ വഴിയില്ല എന്നാണ് എന്റെ നിഗമനം. ‘‘അച്ചൻ പറഞ്ഞു സമരം ചെയ്യാൻ, ഞങ്ങളത് ചെയ്യുന്നു’’ എന്ന മട്ടായിരുന്നു അവർക്ക്. പള്ളിയുടെ ആഹ്വാനം, കർത്താവിന്റെ ആഹ്വാനമാണ്എന്നവർ കരുതിയിട്ടുണ്ടാകാം.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അങ്കമാലിയിൽ പൊലീസിന് ദിവസവും അറസ്റ്റും ലാത്തിച്ചാർജും നടത്തേണ്ടിവന്നു. വിമോചനസമരകാലത്ത് നിത്യേനയെന്നോണം പള്ളികളിൽനിന്ന് കൂട്ടമണി കേൾക്കാമായിരുന്നു. വിശ്വാസികൾ പള്ളിയങ്കണത്തിൽ ഓടിയെത്തുമ്പോൾ പാതിരി ആവേശഭരിതനായി പുതിയ സംഭവമെന്തെങ്കിലും വിളമ്പും. അതോടെ വിശ്വാസികൾ എന്തും ചെയ്യുവാൻ സന്നദ്ധരായി മുദ്രാവാക്യങ്ങൾ വിളിച്ച് കച്ചകെട്ടിയിറങ്ങും. അങ്ങനെ, ഒരു ദിവസം, അക്രമാസക്തരായ വിശ്വാസികൾ പൊലീസിനുനേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകർത്ത് പ്രതികാരവാഞ്ജയോടെ പൊലീസിനുനേരെ തിരിഞ്ഞു. സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ലാത്തിച്ചാർജിൽ പരിക്കേറ്റ വിശ്വാസികൾ, ‘പുല്ലാണേ, പുല്ലാണേ പൊലീസ് ഞങ്ങൾക്ക് പുല്ലാണേ' എന്നാർത്തുവിളിച്ച് മുന്നോട്ടടുത്തപ്പോൾ പൊലീസ് നിറയൊഴിച്ചു.
ആ ജനക്കൂട്ടത്തിൽ ഫ്‌ളോറി എന്നൊരു ഗർഭിണിയുണ്ടായിരുന്നു. വെടികൊണ്ട് അവർ മരിച്ചുവീണു. പലർക്കും പരിക്കേറ്റു.
ക്ലാസ് നടന്നുകൊണ്ടിരിക്കെ മറ്റു വിദ്യാലയങ്ങളിൽനിന്ന് മുതിർന്ന വിദ്യാർഥികളെത്തുന്നു. അവർ കൂട്ടമണിയടിക്കുന്നു. ഇത് കേൾക്കുന്ന മാത്രയിൽ ഞങ്ങളെല്ലാവരും ബഹളത്തോടെ അഴികളില്ലാത്ത ജനലുകളിലൂടെയും വാതിലിലൂടെയും തള്ളുണ്ടാക്കി പുറത്തേയ്‌ക്കോടുകയായി.
ഫ്‌ളോറിയുടെ മരണം പ്രതിപക്ഷത്തിന് വീണുകിട്ടിയ തുറുപ്പുഗുലാൻ കാർഡാണെന്നുപറയാം. പിന്നീട് സമരക്കാരുടെ മുദ്രാവാക്യങ്ങളുടെ ശൈലി മാറി. ‘‘തെക്കുതെക്കൊരു ദേശത്ത്/തിരമാലകളുടെ തീരത്ത്/ഫ്‌ളോറിയെന്നൊരു ഗർഭിണിയെ/ചുട്ടുകരിച്ചൊരു സർക്കാരേ/ പകരം ഞങ്ങൾ ചോദിക്കും.''
സിറോ മലബാർ സഭ പകരം ചോദിക്കുകതന്നെ ചെയ്തു. ഫ്‌ളോറിയെക്കൂടാതെ വെടിവെപ്പിൽ ഏഴുപേർ മരിച്ചിരുന്നു. ഈ സെന്റിമെൻസ് വിമോചനസമരക്കാർക്ക് അനുകൂലമായി വർക്കൗട്ട് ചെയ്തു. അതോടെ വിമോചനസമരത്തിനെ ഒരു ജനകീയപ്രക്ഷോഭത്തിന്റെ തലത്തിലേക്കുമാറ്റാൻ പ്രതിപക്ഷത്തിനു കഴിഞ്ഞു.
‘അരിയും നെല്ലും ഗോതമ്പും അറയിലിരുന്നു ചിരിക്കുമ്പോൾ...’
ഞാൻ സി.എം.എസ്. ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന 1963-64 കാലത്ത്കേരളത്തിൽ അരങ്ങേറിയ അരിസമരത്തെക്കുറിച്ച് രസകരമായ ചില ഓർമകൾ ഇപ്പോഴുമുണ്ട്. ക്ലാസ് നടന്നുകൊണ്ടിരിക്കെ മറ്റു വിദ്യാലയങ്ങളിൽനിന്ന് മുതിർന്ന വിദ്യാർഥികളെത്തുന്നു. അവർ കൂട്ടമണിയടിക്കുന്നു. ഇത് കേൾക്കുന്ന മാത്രയിൽ ഞങ്ങളെല്ലാവരും ബഹളത്തോടെ അഴികളില്ലാത്ത ജനലുകളിലൂടെയും വാതിലിലൂടെയും തള്ളുണ്ടാക്കി പുറത്തേയ്‌ക്കോടുകയായി. സ്കൂളിനുമുമ്പിൽ തടിച്ചുകൂടിയ കോളേജ് വിദ്യാർഥികളോടൊപ്പം മുദ്രാവാക്യം മുഴക്കി തൃശ്ശൂർ നഗരത്തിലെ സ്കൂളുകളിൽ കയറി വിദ്യാർഥികളെ പുറത്തുചാടിക്കുന്നു.
ഇവിടെ അരിസമരമാണ് വിഷയം. കേരളത്തിൽ അരിക്ക് ക്ഷാമമുണ്ടായിരുന്ന ആ കാലത്ത് റേഷനരി അൽപം മാത്രമാണ് ലഭിച്ചിരുന്നത്. ‘കോഴിറേഷൻ' എന്നാണ് പത്രങ്ങളും ജനങ്ങളും അതിനെ വിളിച്ചുപോന്നത്. അപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമാണ്. ലാൽ ബഹദൂർ ശാസ്ത്രിയാണ് പ്രധാനമന്ത്രി. വി.വി. ഗിരി കേരള ഗവർണർ. ‘അരിയും നെല്ലും ഗോതമ്പും അറയിലിരുന്നു ചിരിക്കുമ്പോൾ, ശാസ്ത്രിക്കെന്താ കണ്ണില്ലേ? ഗിരി സാറെന്താ മിണ്ടാത്തെ?' എന്ന മുദ്രാവാക്യം തൊണ്ട പൊട്ടുമാറ് അലറിവിളിച്ച് തൃശൂരിന്റെ നഗരവീഥികൾ തിങ്ങിനിറഞ്ഞ് ഞങ്ങൾ നീങ്ങിയിരുന്ന ആ കാലം അമ്പതിലേറെ വർഷങ്ങൾക്കുമുമ്പാണ്. കലക്ടറേറ്റിൽ സമാപിക്കുന്ന അന്നത്തെ അരിസമരജാഥ പലപ്പോഴും പൊലീസ് തടയാറുണ്ടെങ്കിലും അവർ ചൂരൽപ്രയോഗത്തിൽ കാര്യമവസാനിപ്പിച്ചിരുന്നു. അറസ്റ്റ്, ജലപീരങ്കി, വെടിവെപ്പ് മുതലായവ അരങ്ങേറിയതോർമയില്ല. രണ്ടുമൂന്ന് മൈലുകൾ വലഞ്ഞ് നടന്ന്, മുദ്രാവാക്യം വിളിച്ച് കലക്ടറേറ്റ് പരിസരത്ത് എത്തുമ്പോൾ വയർ കത്തിക്കാളി വിശപ്പിന്റെ യഥാർഥ വിളി അറിയിക്കും.
പത്തിരുനൂറ് വിദ്യാർഥികളുമായി കോളേജ് കോമ്പൗണ്ടിൽ മുദ്രാവാക്യങ്ങൾ മുഴക്കി ചുറ്റിനടന്നു. വിദ്യാർഥിനികളും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. സമരം ഒന്നുകൂടി ഉഷാറാകാൻ പിന്നെന്തുവേണം?
ഇങ്ങനെയൊക്കെ സമരം ഞങ്ങളുടെ വിദ്യാർഥിജീവിതത്തിന്റെ ഒരു ഭാഗമായിമാറി. വീടിനടുത്തുള്ള പൂങ്കുന്നം ഗവ. ലോവർ പ്രൈമറി സ്കൂളിൽ നാലാം ക്ലാസിൽ പഠിച്ചിരുന്ന എന്റെ ജ്യേഷ്ഠപുത്രൻ ബോബൻ (കൊള്ളന്നൂർ) കുട്ടിക്കാലം മുതലേ സമരോത്സുകനാണ്. അന്ന്, അരിസമരജാഥക്കാരായ ഞങ്ങൾ പൂങ്കുന്നം സ്കൂളിലെത്തേണ്ട താമസം ബോബൻ ആവേശത്താൽ മതിമറന്ന് ക്ലാസിൽനിന്ന് പുറത്തുചാടി, ‘അരിയും നെല്ലും ഗോതമ്പും' മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. പക്ഷെ, അവിടെ രണ്ടു കണ്ണുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നത് ഇരുവരും അറിഞ്ഞില്ല.
ഞങ്ങളുടെ കുടുംബം ഭാഗികമായി കൃഷിക്കാരാണ്. അറുപതുപറയോളം ‘ഇരുപ്പൂ' പാടത്ത് ചെമ്പാവും തവളക്കണ്ണനും ഐ.ആർ. എട്ടുമാണ് പ്രധാനമായും കൃഷി ചെയ്തിരുന്നത്. പരമ്പരാഗതമായി ഞങ്ങൾക്ക് ലഭിച്ച പാട്ടഭൂമിയാണത്. നിലമുടമയ്ക്ക് നെല്ല് പാട്ടമായി അളക്കുമ്പോൾ നാല് മുഴുത്ത നേന്ത്രക്കുലകളും അവയോടൊപ്പം നൽകുക പതിവുണ്ട്. ഒരു കെട്ട് പപ്പടമാണ് അവർ സമ്മാനമായി ഞങ്ങൾക്ക് നൽകുക. അമ്മയാണ് കൃഷി നടത്തിപ്പുകാരി. പത്തുപതിനാറോളം അംഗങ്ങളുള്ള ഞങ്ങളുടെ കൂട്ടുകുടുംബത്തിലെ, അപ്പനും ഭൂരിഭാഗം മുതിർന്നവരും ഗവ. ഓഫീസ് ജോലിക്കാരോ, അധ്യാപകരോ ആണ്. അതായത് ‘അന്ന'ത്തിന് മുട്ടുണ്ടായിരുന്നില്ല എന്നുസാരം. അന്ന് വൈകിട്ട് ബോബന്റെ ക്ലാസ് ടീച്ചർ (ബേബി) വീട്ടിലെത്തി. കുശലപ്രശ്‌നത്തിനും കാപ്പികുടിയ്ക്കുംശേഷം ടീച്ചർ പോകാൻ തയ്യാറെടുത്തപ്പോൾ അവർ അപ്പനോട് ചോദിച്ചു, ‘മാഷെ, നിങ്ങളീ ചെക്കൻമാർക്ക് ചോറൊന്നും കൊടുക്കുന്നില്ലേ?'
ടീച്ചർ പടികടക്കുന്നതിന്റെ മുമ്പെത്തന്നെ അപ്പൻ ബോബന്റെ ചെവി പൊന്നാക്കി. എനിക്ക് പുളിവാറൽ പ്രയോഗവുമുണ്ടായി.
അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന വിദ്യാർഥിസമരങ്ങളുമായി ഞങ്ങളുടെ ജീവിതം മുന്നോട്ടുപോയി. ഞാനും ബോബനും തമ്മിൽ വയസ്സിൽ അധികം അന്തരമില്ല. സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങളുടെ ആത്മബന്ധം. സ്കൂൾ വിട്ടുവന്നാൽ ഞാനും അവനും വീടിനുമുന്നിലെ മതിലിലിരുന്ന് ഒരു കാര്യവുമില്ലാതെ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരിക്കും; ‘അങ്കമാലിക്കല്ലറയിൽ ഞങ്ങടെ സോദരരുണ്ടെങ്കിൽ...' എന്നതിൽ തുടങ്ങി ‘പുല്ലാണേ, പുല്ലാണേ, പൊലീസ് ഞങ്ങൾക്ക് പുല്ലാണേ...' എന്നിങ്ങനെ തുടർന്ന് അക്കാലത്തെ ലേറ്റസ്റ്റ് മുദ്രാവാക്യമായ ‘അരിയും നെല്ലും ഗോതമ്പിൽ...' അത് എത്തിനിൽക്കും.
ഇതിനിടെ തമിഴ്‌നാട്ടിൽ, ‘ഹിന്ദി ഒഴിക, തമിഴ് വാഴ്ക' സമരമുണ്ടായി. ആ സമരം തേട്ടിയൊഴുകി കേരളത്തിലെ സ്കൂളുകളിലെത്തി. ഹിന്ദി അധ്യാപകൻ ‘വിമൽജി' ആയിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പാരമ്പര്യവും അദ്ദേഹത്തിനുണ്ട്. എന്റെ ക്ലാസിലെ ഭാസ്കരൻ ഹിന്ദിവിരോധിയായത് അയാളുടെ വ്യക്തിപരമായ കാരണം മൂലമാണെന്ന് തോന്നുന്നു. വിമൽജി മാഷ് ഹിന്ദി ഭാഷയുടെ മഹാത്മ്യം വിളമ്പി ഹിന്ദിപഠനം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല. ഹിന്ദിപരീക്ഷകളിൽ എപ്പോഴും ‘മുട്ട' ലഭിച്ചിരുന്നതിനാൽ വിദ്യാർഥിയായ ഭാസ്കരനും ഞാനും മറ്റു ചിലരും ‘ഹിന്ദി ഒഴിക' സമരം ഏറ്റുപിടിച്ചു. അതും ഒരു സമരമാണല്ലോ. ഒടുവിൽ കേന്ദ്രഭരണകൂടം സംസ്ഥാനങ്ങളിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പരിപാടി നിർത്തിവെച്ചു.
‘നിറുത്താതെ, നിറുത്താതെ, കോളേജ് ബസ് നിറുത്താതെ...’
1969-ൽ ഞാൻ കേരളവർമ കോളേജിലെത്തി. സമരങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത കാലം. തൃശൂരിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ബസിൽ തൃശൂർ റൗണ്ടിലെത്തുന്ന വിദ്യാർഥികളെ ‘പിക്' ചെയ്യാൻ കോളേജിന് സ്വന്തമായ ബസ് സർവീസുണ്ടായിരുന്നു. ദൗർഭാഗ്യകരമെന്നു പറയട്ടെ, ആ സൗകര്യം മാനേജ്‌മെൻറ് നിർത്തലാക്കി. വിദ്യാർഥികൾ കുഴങ്ങി. അവർക്ക് നടന്നോ വീണ്ടും വേറെ ബസിലോ വേണം കോളേജിലെത്താൻ. ഞങ്ങൾക്ക് അരിശം കേറി. പത്തിരുനൂറ് വിദ്യാർഥികളുമായി കോളേജ് കോമ്പൗണ്ടിൽ മുദ്രാവാക്യങ്ങൾ മുഴക്കി ചുറ്റിനടന്നു. വിദ്യാർഥിനികളും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. സമരം ഒന്നുകൂടി ഉഷാറാകാൻ പിന്നെന്തുവേണം? പക്ഷെ, ഇവിടെ ഞങ്ങൾ മുഴക്കിയ മുദ്രാവാക്യങ്ങൾ തമിഴിലായിരുന്നു: ‘നിറുത്താതെ, നിറുത്താതെ, കോളേജ് ബസ് നിറുത്താതെ, പോരാടുവോം പോരാടുവോം നീതിക്കാകെ പോരാടുവോം' എന്ന മട്ടിൽ. ഇതിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ എന്റേതായിരുന്നു.
മുംബൈയിൽ കോളികളെ സംഘടിപ്പിച്ചതും അവർക്കുവേണ്ടി സമരം ചെയ്തതുമെല്ലാം അന്ന കുര്യൻ എന്ന മലയാളിയായ ആക്റ്റിവിസ്റ്റായിരുന്നു. പക്ഷെ, അവരുടെ ഉദ്യമം പാളിപ്പോയി എന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു.
ആയിടയ്ക്ക് ഇടുക്കി ജലവൈദ്യുത പദ്ധതി നിർമാണം ഏറ്റെടുത്ത ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയുടേതായി, ക്ലാർക്കുമാരെ ആവശ്യമുണ്ട് എന്ന പരസ്യം ഹിന്ദു പത്രത്തിൽ വന്നു. ഞാൻ അപേക്ഷ അയച്ചു. കോൾലെറ്ററെത്തി. കോയമ്പത്തൂരിലായിരുന്നു എഴുത്തുപരീക്ഷയും ഇന്റർവ്യൂവും. ബി.എ. ഒന്നാം വർഷ വിദ്യാർഥിയായ എന്നെ വീട്ടുകാർ ഈ ‘ജോലിസാഹസ'ത്തിന് വിടില്ല എന്നുറപ്പുള്ളതിനാൽ നൂറുരൂപ എങ്ങിനെയോ ഒപ്പിച്ച് ഐലൻറ് എക്സ്പ്രസിൽ ഞാൻ കോവൈയിലേക്ക് ‘ചാടിപ്പോകുക’യായിരുന്നു. ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പരീക്ഷയെഴുതി. ജോലി കിട്ടിയോ ഇല്ലയോ എന്നത് ഇവിടെ പ്രസകതമല്ല. പക്ഷെ, ആ ദിവസങ്ങളിൽ കോയമ്പത്തൂരിൽ നടന്നിരുന്ന ഓട്ടോറിക്ഷക്കാരുടെ സമരത്തിലെ മുദ്രാവാക്യങ്ങൾ അടിച്ചുമാറ്റി, ചെറിയൊരു ടച്ചപ്പ് നടത്തി കേരളവർമയിലെ ബസ് സമരത്തിന് തൽക്കാലം ഉപയോഗിച്ചു എന്നുമാത്രം.
‘ദുഃഖബാൻറ്' അടിച്ച് വിലാപയാത്ര
എന്റെ ജ്യേഷ്ഠപുത്രൻ ബോബൻ കൊള്ളന്നൂരിനെക്കുറിച്ച് ഒന്നുകൂടി പറയാനുണ്ട്. ബോബൻ ഞങ്ങളുടെ വീട്ടിൽ നിന്ന് ജീവസന്ധാരണത്തിന് ദുബായിയിലെത്തിയ ആദ്യ വ്യക്തിയാണ്. നല്ലൊരു സമ്പാദ്യവുമായി മടങ്ങി തൃശൂരിലെത്തിയ അവനും മറ്റുചില എൻ.ആർ.ഐ. സുഹൃത്തുക്കളും ചേർന്ന് തൃശൂരിന്റെ പ്രാന്തപ്രദേശമായ വരടിയത്ത് ഫോസ്റ്റർ എന്ന പേരിൽ ബിസ്കറ്റ് കമ്പനി ആരംഭിക്കാൻ ശ്രമിച്ചു. ഓഫീസും കെട്ടിടവും തയ്യാറായി. ഹൈദരാബാദിൽ നിന്നും നോയ്ഡയിൽ നിന്നും ബിസ്ക്കറ്റ് ഫാക്ടറിക്ക് മെഷിനറിയെത്തി. അങ്ങനെ പ്ലാന്റും തയ്യാറാക്കി. സമീപവാസികളായ പത്തുമുന്നൂറ് തൊഴിലാളികളെ റിക്രൂട്ട് ചെയ്തു. കെ.ആർ. ഗൗരിയമ്മയെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. എല്ലാവർക്കും ക്ഷണക്കത്തയച്ചു. കമ്പനിയുടെ ഇതര ജോലികളെല്ലാം പൂർത്തീകരിച്ചു. എന്നാൽ വൈദ്യുതി കണക്ഷൻ നൽകിയില്ല. ബോബനോട് അവർ ഓരോ തടസം പറഞ്ഞുകൊണ്ടിരുന്നു. സ്ഥലം എം.എൽ.എ. എൻ.ആർ. ബാലനും പഞ്ചായത്ത് പ്രസിഡന്റും തൊഴിലാളികളും കൊട്ടേക്കാട് - വരടിയം പ്രദേശത്തെ സാധാരണക്കാരും ബോബനൊപ്പം അണിനിരന്നു. പിന്നീട് അരങ്ങേറിയത്, കെ.എസ്.ഇ.ബി എന്നെഴുതിയ കറുത്ത ശവപ്പെട്ടിയുമേന്തിയുള്ള സമരമായിരുന്നു. ബോബനും എം.എൽ.എ.യും മറ്റു രണ്ടുപേരും ശവപ്പെട്ടി ചുമന്നു, പിന്നിൽ വലിയൊരു ജനാവലിയ്‌ക്കൊപ്പം ‘ദുഃഖബാൻറ്' അടിച്ച് വിലാപയാത്രയായി അണിനിരന്നു. തൃശൂരിൽ അക്കാലത്ത് ക്രിസ്ത്യാനികളിൽ ആരെങ്കിലും മരിച്ചാൽ അന്തരീക്ഷം കൂടുതൽ ശോകമൂകമാക്കാൻ ‘ദുഃഖബാന്റടി'യുണ്ടായിരുന്നു. ഫോട്ടോഗ്രാഫർമാരുടെ ഫ്‌ളാഷ് ബൾബുകൾ മിന്നി. എല്ലാ പത്രങ്ങളും അത് റിപ്പോർട്ട് ചെയ്തതോടെ തൃശൂരിലെ വൈദ്യുതിവിഭാഗം ചീഫ് എഞ്ചിനീയർ ഉടൻ ബിസ്കറ്റ് കമ്പനിയിലെത്തി അപ്പോൾതന്നെ കണക്ഷൻ നൽകി. ഒരു സാധാരണക്കാരന്റെ വേറിട്ട സമരം വേണ്ടിവന്നു, കെ.എസ്.ഇ.ബി.യുടെ കണ്ണു തുറപ്പിക്കാൻ എന്നുപറയാം.
അടുത്തവർഷം കേരളത്തിലെ ഏറ്റവും നല്ല സംരംഭകനായി ബോബൻ കൊള്ളന്നൂർ തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിയിൽനിന്ന് അദ്ദേഹം സമ്മാനം ഏറ്റുവാങ്ങി. തൊഴിലാളികളും സ്ഥാപന ഉടമയും ഒത്തൊരുമിച്ച് നടത്തിയ നിരാഹാരമടക്കമുള്ള സമരങ്ങൾ ഇവിടെ ഇതുവരെയുണ്ടായിട്ടില്ലെന്ന് തോന്നുന്നു.
കോളികളുടെ കുടിയിറക്കൽ വിരുദ്ധ സമരം
തൃശ്ശൂരിലെ സമരകാലത്തിനുശേഷം, ജീവസന്ധാരണത്തിന് കൊച്ചിൻ ദാദർ എക്സ്പ്രസിൽ കയറി ബോംബെയിൽ വണ്ടിയിറങ്ങി സഹോദരി ബേബിയുടെ താമസസ്ഥലമായ ഘാഠ്‌ള വില്ലേജിലെത്തി. ഉച്ചകഴിഞ്ഞ് പുറത്തേക്കിറങ്ങവേ ഒരു കൊടിയും കൈകളിലേന്താതെ സ്ത്രീകളും പുരുഷന്മാരും വൃദ്ധരും കുട്ടികളുമടങ്ങിയ വലിയൊരു ജാഥ മുന്നിലൂടെ കടന്നുപോയി. ഹിന്ദിയിലും മറാഠിയിലും തമിഴിലും അവർ വിളിച്ച മുദ്രാവാക്യങ്ങൾ ഒരു മേഘഗർജ്ജനത്തെ വെല്ലുന്നതായിരുന്നു. ബി.എ.ആർ.സി. പ്രദേശത്തുള്ള ചേരികളിൽനിന്ന് അടിച്ചിറക്കപ്പെട്ടവരായിരുന്നു അവരെല്ലാം. ചായക്കട നടത്തുന്ന ഒരു ബയ്യയുടെ ബോജ്പുരിയിലുള്ള സംഭാഷണത്തിൽ നിന്ന് ഈ സംഭവം വേർതിരിച്ചെടുക്കാൻ ഭാഷ ഒരു തടസ്സമായില്ല. പെട്ടെന്ന് ആയുധധാരികളായ ഒരു വാൻ പൊലീസെത്തി ജാഥക്കാരെ അടിച്ചോടിക്കുന്നത് കണ്ടു. അടി കൊണ്ട് ഒന്നുരണ്ടുപേരുടെ തല പൊളിഞ്ഞു. എന്നിലെ വിപ്ലവവീര്യം വീണ്ടും തലപൊക്കിയെങ്കിലും കാലുകൾ മുന്നോട്ടുനീങ്ങിയില്ല. ബി.എ.ആർ.സിയിലെ 3000 ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് നിർമിക്കാൻ പതിനായിരങ്ങളുടെ കുടിലുകൾ ഭരണകൂടത്തിന് തകർക്കേണ്ടിവന്നത് ലജ്ജാകരം തന്നെ.
ബോംബെയിൽ ഞാൻ ജോലിയിൽ പ്രവേശിച്ചപ്പോൾ കഫെ പരേഡിലെ കോളികൾ സ്വന്തം അവകാശങ്ങൾക്കുവേണ്ടി നടത്തിയ പ്രതിഷേധജാഥകൾ കാണാനിടയായി. ജാഥാംഗങ്ങളേക്കാൾ അധികം പൊലീസാണ് അവർക്കൊപ്പമുണ്ടായിരുന്നത്. നരിമാൻ പോയിൻറ് റിക്ലമേഷനുവേണ്ടി ധാരാളം കോളികളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ അവിടെ തലയുയർത്തി നിൽക്കുന്ന അംബരചുംബികളെല്ലാം ഒരുകാലത്ത് മുംബൈയുടെ ഉടമസ്ഥരായിരുന്ന കോളികളുടെ ഗ്രാമങ്ങളായിരുന്നു. കഫേ പരേഡിലും പരിസരങ്ങളിലും ഉണ്ടായിരുന്ന കോളികളെ സംഘടിപ്പിച്ചതും അവർക്കുവേണ്ടി സമരം ചെയ്തതുമെല്ലാം അന്ന കുര്യൻ എന്ന മലയാളിയായ ആക്റ്റിവിസ്റ്റായിരുന്നു. പക്ഷെ, അവരുടെ ഉദ്യമം പാളിപ്പോയി എന്ന് ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു. അവരുടെ പ്രതിഷേധത്തിന് മഹാരാഷ്ട്ര ഗവൺമെൻറ് പുല്ലുവില കൽപിച്ചില്ല. വീണ്ടും വീണ്ടും ആകാശംമൂടുന്ന കെട്ടിടങ്ങൾ അവിടെ ഉയർന്നുവന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.