സൂര്യകാന്തിപ്പൂക്കൾക്കും ഗോതമ്പുകൃഷിക്കും പേരുകേട്ട സ്ട്രവപോൾ എന്ന ജില്ലയിലെ പ്രിവോൾനോയെ എന്ന ചെറിയ ഗ്രാമത്തിൽ 1931 ലാണ് ഗോർബച്ചേവ് ജനിച്ചത്. 30 കളിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ കൃഷിഭൂമിയുടെ കളക്ടീവൈസേഷൻ പദ്ധതി നടക്കുമ്പോൾ അതിൽ നേതൃപരമായ പങ്ക് വഹിച്ച കുടുംബമായിരുന്നു ഗോർബച്ചേവിന്റെത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ട്രവപോൾ നാസികളുടെ നിയന്ത്രണത്തിലായിരുന്നു. യുദ്ധം ആ പ്രദേശത്തെ പൂർണ്ണമായും നശിപ്പിച്ചു കളഞ്ഞിരുന്നു. കൊടിയ ക്രൂരതകൾ നാസികളുടെ നേതൃത്വത്തിൽ അരങ്ങേറി. ഒട്ടുമിക്ക സോവിയറ്റ് കുടുംബങ്ങളും പോലെ ഗോർബച്ചേവിന്റെ പല ബന്ധുക്കളും യുദ്ധത്തിൽ കൊല്ലപ്പെടുകയുണ്ടായി.
1950ൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടാനാണ് ഗോർബച്ചേവ് ഗ്രാമം വിട്ട് മോസ്‌കോ നഗരത്തിലേക്ക് വരുന്നത്. അദ്ദേഹം അവിടെ നിയമ വിദ്യാർത്ഥിയായിരുന്നു. ലെനിനുശേഷം ഔദ്യോഗിക യൂണിവേഴിസിറ്റി വിദ്യാഭ്യാസം നേടിയ ആദ്യത്തെ ജനറൽ സെക്രെട്ടറി ഗോർബച്ചേവാണ്. വിദ്യാഭ്യാസ സമയത്താണ് ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറാകുന്നത്. വിദ്യാഭ്യാസത്തിനുശേഷം തിരിച്ചു ഗ്രാമത്തിലേക്ക് വരുന്ന ഗോർബച്ചേവ്, ഒരു വക്കീലായി പ്രാക്ടീസ് ചെയ്യാൻ താല്പര്യപ്പെട്ടില്ല. മറിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി മാറുകയായിരുന്നു. അടുത്ത ഇരുപത് കൊല്ലം അയാൾ പ്രദേശത്തെ പാർട്ടിയെ നയിച്ചു. അർബൻ വിദ്യാഭ്യാസം നൽകിയ പ്രിവിലേജുകളും കഠിനാധ്വാനവും ഒരു മികച്ച കേഡർ എന്ന പ്രശംസ ഗോർബച്ചേവിന് ലഭിക്കാൻ കാരണമായി.
ഇതേകാലയളവിൽ അഗ്രോണമിയിൽ ഒരു ഡിഗ്രി കൂടി അയാൾ കരസ്ഥമാക്കുന്നുണ്ട്. ഒരേ സമയം ഒരു കഠിനാധ്വാനിയും എന്നാൽ തനിക്കുള്ളതിനേക്കാൾ വലിയ അറിവും കഴിവും ഉണ്ടെന്ന മിഥ്യാധാരണ പുലർത്തുന്ന വ്യക്തിത്വവും ഗോർബച്ചേവിൽ കാണാൻ സാധിക്കുമായിരുന്നു. മാർക്‌സിസത്തെ കുറിച്ച് അൽപ ധാരണ മാത്രം കൈമുതലായുള്ളപ്പോഴും അഗാധ പാണ്ഡിത്യം തനിക്കീ വിഷയങ്ങളിൽ ഉള്ളതായി അയാൾ ഭാവിക്കുമായിരുന്നു. 1970ൽ 39ാം വയസ്സിൽ രണ്ടരലക്ഷം മനുഷ്യർ വസിച്ചിരുന്ന സ്ട്രവപോൾ റീജിയന്റെ ഫസ്റ്റ് സെക്രട്ടറിയായി ഗോർബച്ചേവിനെ പാർട്ടി തിരഞ്ഞെടുത്തു. ഗോർബച്ചേവിന്റെ പിന്നീടുള്ള രാഷ്ട്രീയ വളർച്ച അതിവേഗത്തിലായിരുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ, ഒരുപക്ഷെ ചരിത്രത്തിൽ അധികം സമാനതകളില്ലാത്ത പോലെ.
അതേവർഷം, സുപ്രീം സോവിയറ്റിലേക്കും (നിയമ നിർമാണ സഭ) പാർട്ടി സെൻട്രൽ കമ്മിറ്റിയിലേക്കും ഗോർബച്ചേവിന് സ്ഥാനം ലഭിച്ചു. 1978 സെൻട്രൽ കമ്മിറ്റിയുടെ അഗ്രികൾച്ചർ ഡിപ്പാർട്‌മെൻറ് തലവനായി ഗോർബച്ചേവ് നിയമിതനായി. ഇതോടെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനം മോസ്‌കോയിലേക്ക് മാറ്റേണ്ടിവന്നു. ഗോർബച്ചേവിന് മുന്നേ സോവിയറ്റ് യൂണിയനെ നയിച്ച ആന്ത്രോപോവിന്റെ പിന്തുണ ഓരോ ഘട്ടത്തിലും പാർട്ടിക്കുള്ളിലെ ഗോർബച്ചേവിന്റെ വളർച്ചയെ സഹായിച്ചു. തൊട്ടടുത്ത വർഷം പാർട്ടിയുടെ പരമോന്നത സഭയായ പി.ബിയിലേക്ക് ഗോർബച്ചേവ് തിരഞ്ഞെടുക്കപ്പെട്ടു. തന്റെ 48ാം വയസ്സിൽ. അന്നത്തെ സോവിയറ്റ് പി.ബിയുടെ ശരാശരി പ്രായം നോക്കിയാൽ ഏറ്റവും പ്രായം കുറഞ്ഞ മെമ്പർമാരിൽ ഒരാളായിരുന്നു ഗോർബച്ചേവ്.
1985 ലാണ് ഗോർബച്ചേവ് കമ്മ്യൂണിസ്റ്റ് പാർട്ടി തലപ്പത്തേക്ക് വരുന്നത്. രണ്ടു കാര്യങ്ങളാണ് പി.ബിയിൽ ഗോർബച്ചേവിന്റെ തിരഞ്ഞെടുപ്പിന് സഹായകരമായത്. ഒന്ന്, അതിന് മുന്നേ ചെറിയ ഇടവേളകളിൽ മൂന്ന് ജനറൽ സെക്രട്ടറിമാർ ആരോഗ്യ പ്രശനങ്ങൾ മൂലം മരിച്ചിരുന്നു. 82 ൽ ബ്രഷ്‌നേവും 84 ൽ ആന്ത്രോപോവും 85 ൽ ചേർനെൻകോയും. ഒരു യുവാവ് അതും ഗോർബച്ചേവിനെ പോലെ പേരെടുത്ത ഒരാൾ സ്വാഭാവികമായും ഈ സ്ഥാനത്തേക്ക് വരാൻ പിന്തുണയേറി. മറ്റൊന്ന്, സോവിയറ്റ് യൂണിയൻ മറ്റേതൊരു ഭരണകൂടത്തെപോലെയും നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഒരു പുതിയ തുടക്കം അല്ലെങ്കിൽ പരിഷ്‌കരണം വ്യവസ്ഥയിൽ ആവശ്യമാണ് എന്ന പൊതു ചിന്ത പ്രബലമായിരുന്നു. ഇതിന്റെ ഏറ്റവും പ്രധാന ശബ്ദങ്ങളിൽ ഒരാൾ കൂടിയായിരുന്നു ഗോർബച്ചേവ്.
തുടക്കകാലത്ത് തന്റെ മെന്റർ കൂടിയായ മുൻ സെക്രട്ടറി ആന്ത്രോപോവ് മുന്നോട്ട് വെച്ച പരിഷ്‌ക്കരണ പദ്ധതികളാണ് ഗോർബച്ചേവ് ഏറ്റെടുത്തത്. ആന്ത്രോപോവിന്റെ കാലഘട്ടത്തെ കുറിച്ച് വിശദമായി മറ്റൊരു അവസരത്തിൽ എഴുതേണ്ടതാണ്. ഒരു അഞ്ചു വർഷം കൂടി ആന്ത്രോപോവ് ജീവിച്ചിരിക്കുകയും അദ്ദേഹം തുടങ്ങിവെച്ച നടപടികൾ മുന്നോട്ട് പോകുകയും ചെയ്തിരുന്നു എങ്കിൽ സോവിയറ്റ് യൂണിയൻ തകരില്ലായിരുന്നു എന്നുവിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. എന്തായാലും അടിയുറച്ച മാർക്‌സിസ്റ്റ് ലെനിനിസ്റ്റായിരുന്നു ആന്ത്രോപോവ്. ദീർഘകാലം കെ.ജി.ബിയിലും മറ്റും പ്രവർത്തിച്ച് തഴക്കം വന്ന കേഡർ. ചുരുക്കി പറഞ്ഞാൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി ജനകീയമാക്കി സോവിയറ്റ് യൂണിയന്റെ പ്രശനങ്ങൾ (സ്റ്റാഗ്‌നേഷൻ) പരിഹരിക്കാം എന്നതായിരുന്നു ആന്ത്രോപോവിന്റെ റിഫോമേഷൻ ഫ്രെയിംവർക്കിന്റെ രത്നച്ചുരുക്കം. കേന്ദ്രീകൃത പ്ലാനിംഗ്, ഇന്റർനാഷണൽ സോളിഡാരിറ്റി, പാർട്ടിയുടെ കേന്ദ്രസ്ഥാനം, വർഗസമരം പോലുള്ള അടിസ്ഥാന ലെനിനിസ്റ്റ് തത്വങ്ങൾ ഇതിന്റെ അവിഭാജ്യ ഘടകമായിരുന്നു.
തന്റെ ആദ്യ രണ്ടു വർഷങ്ങളിൽ ഏകദേശം ആന്ത്രോപോവ് ചാർട്ട് ചെയ്ത റിഫോം മോഡൽ അതെ പോലെ പിന്തുടരുന്ന ഗോർബച്ചേവിനെ നമുക്ക് കാണാൻ സാധിക്കും (ചില അപവാദങ്ങൾ കാണാമെങ്കിലും.) ഇത് ഗോർബച്ചേവിന്റെ ജനപ്രീതി വലിയ തോതിൽ വർധിപ്പിക്കുന്നുണ്ട്.
എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ ഇതിനെല്ലാം നേരെ വിപരീത ദിശയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എന്തുകൊണ്ട് അത് സംഭവിച്ചു എന്ന ചോദ്യം ഒരു വലിയ പ്രഹേളികയാണ്. ഒരുപാട് വാദങ്ങൾ ഇതിനെക്കുറിച്ചുണ്ട്. പ്രബലമായ വാദങ്ങളിൽ ഒന്ന് റിഫോം തുറന്നുവിട്ട ഭൂതങ്ങളെ (സമൂഹത്തിലും പാർട്ടിയിലും നിലനിന്ന വലതുപക്ഷ താല്പര്യങ്ങളെ) മനസ്സിലാക്കാനോ നിയന്ത്രിക്കാനോ ഉള്ള നേതൃപാടവമോ സിദ്ധാന്തപരമായ ഉൾക്കാഴ്ചയോ ഇല്ലാത്ത (ചൈനയിൽ ഡെങ് സിയാവോപിങ് മുതൽ സി ജിങ്പിങ് വരെയുള്ളവർക്ക് സാധിച്ചത്) പിന്നീട് ആ സാമൂഹിക ശക്തികൾക്ക് മുന്നിൽ കീഴ്‌പ്പെടുകയും തുടർന്ന് ആ ശക്തികൾ കാര്യങ്ങളെ നിയന്ത്രിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി എന്നതുമാണ്. മറ്റൊന്ന് ഗോർബച്ചേവ് എല്ലാ കാലത്തും ഇത്തരം വലതുനയങ്ങളെ താലോലിച്ച വ്യക്തിയായിരുന്നു എന്നതാണ്. ഒരു വ്യക്തിയുടെ ചിന്തകൾക്കുള്ളിൽ എന്തെല്ലാം സംഭവിച്ചു എന്ന് കൃത്യമായി പറയുക ബുദ്ധിമുട്ടായതിനാൽ തന്നെ ഈ ചോദ്യം എന്നും കുഴപ്പിച്ചു കൊണ്ടേയിരിക്കും.
എന്ത് തന്നെയായാലും ഗോർബച്ചേവ് തുറന്നുവിട്ട ഭൂതങ്ങൾക്ക് സോവിയറ്റ് യൂണിയനെ തകർത്തതിൽ നിർണായക പങ്കുണ്ട് എന്നത് ഉറപ്പാണ്. ഒരു ജനകീയ പ്രതിഷേധമോ, 1930കളിൽ അല്ലെങ്കിൽ 2008 അമേരിക്ക നേരിട്ട പോലൊരു സാമ്പത്തിക പ്രശനമോ, ശത്രുക്കളുടെ യുദ്ധമോ ഒന്നുമില്ലാതെ ഇതിലും എത്രയോ വലിയ പ്രതിസന്ധികളെ, വിപ്ലവവും തുടർന്നുള്ള ആഭ്യന്തര യുദ്ധവും രണ്ടാം ലോക മഹായുദ്ധവും അതിനുശേഷമുള്ള നാശനഷ്ടങ്ങളും, അതിജീവിച്ച രാഷ്ട്രം എങ്ങനെ തകർന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. ജനാധിപത്യം ഇല്ലാത്തതുകൊണ്ട് സോവിയറ്റ് യൂണിയൻ തകർന്നു എന്നതൊക്കെ ആകും ഫാഷനബിളായ ഉത്തരങ്ങൾ. അവയെല്ലാം ശുദ്ധ അസംബദ്ധവും വസ്തുതാവിരുദ്ധവുമാണ്. സോവിയറ്റ് യൂണിയനിൽ ജനാധിപത്യം ഇല്ലായിരുന്നു എന്നതുതന്നെ അടിസ്ഥാനമില്ലാത്തതാണ്. അയ്യഞ്ചു വർഷത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പാണ് ജനാധിപത്യം എന്ന് കരുതുന്നവരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക ബുദ്ധിമുട്ടാണ് എന്നാലും ഇന്ത്യക്കാർ ശരാശരി ജീവിതത്തിൽ ചെയ്യുന്ന വോട്ടിനേക്കാൾ എത്രയോ അധികം വോട്ട് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സോവിയറ്റ് പൗരന് ചെയ്യേണ്ട ഭരണവ്യവസ്ഥ അവിടെ ഉണ്ടായിരുന്നു എന്നതെങ്കിലും മനസ്സിലാക്കേണ്ടതാണ്. ഇതിനർത്ഥം ഒരു പ്രശ്‌നവും ഇല്ലായിരുന്നു എന്നല്ല എല്ലാ രാജ്യങ്ങളും പോലെ പരീക്ഷണങ്ങളും നിരവധി പ്രശനങ്ങൾ അവർക്കും ഉണ്ടായിരുന്നു. എന്നാൽ സോവിയറ്റ് തകർച്ചയിലേക്ക് നയിക്കാൻ മാത്രമുള്ള ഒരു പ്രശ്‌നവും ഇതിലൊന്നും ഉണ്ടായിരുന്നില്ല. അഫ്ഗാനിസ്ഥാൻ യുദ്ധമാണ് സോവിയറ്റ് യൂണിയനെ തകർത്തത് എന്ന് കരുതുന്നവരുണ്ട്. ഇതൊക്കെ അടിസ്ഥാനമില്ലാത്ത വാദങ്ങളാണ്. ഒരു യുദ്ധം കൊണ്ടൊന്നും തകരുന്നത് ആയിരുന്നില്ല സോവിയറ്റ് സാമ്പത്തിക ശക്തി.
ഇവിടെ സോവിയറ്റ് യൂണിയൻ തകർന്നു എന്നതിനേക്കാൾ തകർത്തു എന്ന് പറയുന്നതാകും ശരി. ഗോർബച്ചേവ് മുന്നോട്ടു വെച്ച നടപടികൾ നാല് ഭാഗങ്ങളായി മനസ്സിലാക്കാൻ കഴിയും. ഇവ നാലും അടിസ്ഥാന മാക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്തയുടെ പിന്നോട്ടുള്ള പോക്കും അതിന്റെ കടക്കൽ കത്തി വെക്കുന്നതുമായിരുന്നു.
വർഗസമരം ഉപേക്ഷിക്കപ്പെട്ടു. വിപ്ലവാനന്തരശേഷവും വിവിധ വർഗ താല്പര്യങ്ങൾ (സമൂഹത്തിലും അതിന്റെ അലയൊലികൾ പാർട്ടിയിലും) നിലനിൽക്കും എന്നത് അടിസ്ഥാന ലെനിനിസ്റ്റ് സങ്കല്പമാണ്. കാരണം വിപ്ലവം സ്വിച്ചിട്ട പോലെ സമൂഹത്തെ മാറ്റുന്ന ഒരു പ്രക്രിയയല്ല. ഒരു സമൂഹത്തിന്റെ ജീർണ്ണതകളെയാണ് സോഷ്യലിസം അനന്തരാവകാശമായി കൈക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ സോഷ്യലിസം സൃഷ്ടിക്കേണ്ട ഒരു പ്രക്രിയയാണ് സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ഇത് മനസ്സിലാക്കുകയും അതിലെ തൊഴിലാളി വർഗ്ഗത്തിനെതിരായ താല്പര്യങ്ങളെ പാർട്ടിക്കകത്തും പുറത്തും എതിരിട്ട് തോല്പിക്കേണ്ടതുമുണ്ട്. റാപിഡ് ഇൻറസ്ട്രിയലൈസേഷനും കലക്റ്റിവൈസേഷനുമെല്ലാം മുൻപേ സോവിയറ്റ് ഭരണകൂടം ഇതിനായി ഏറ്റെടുത്ത പ്രക്രിയകളാണ്. ഇടക്ക് ഇവയിൽ വിട്ടുവീഴ്ചകൾ നടത്തേണ്ടി വരും. എന്നാൽ, അടിസ്ഥാന മാനങ്ങളെ മുറുകെ പിടിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം നടത്തേണ്ടതാണ് അത്തരം വിട്ടുവീഴ്ചകൾ. ലെനിന്റെ ആദ്യകാല സാമ്പത്തിക നടപടികളായ യുദ്ധകാല കമ്മ്യൂണിസം പോലെ. ഗോർബച്ചേവിന്റെ കാലഘട്ടം എത്തുന്നതോടെ ഈ അടിസ്ഥാന ആശയം കൈമോശം വരികയും വർഗസമരം ഇനി ആവശ്യമേ ഇല്ലെന്ന നിലപാടിലേക്ക് എത്തുകയും ചെയ്യുന്നു.
സമസ്ത മേഖലകളിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുണ്ടായിരുന്ന സ്വാധീനം ഇല്ലാതെയാക്കി പകരം പ്രതിവിപ്ലവകാരികൾക്കും സ്വയം പ്രഖ്യാപിത ജനാധിപത്യവാദികൾക്കും തുറന്നുനൽകി. ആന്ത്രോപോവ് മുന്നോട്ട് വെച്ചതിൽ നിന്നും ഗോർബച്ചേവ് അടിച്ചൊരു യൂ ടേണാണ് ഇത്. പാർട്ടി ദുർബലപ്പെടുന്നതോടെ സോവിയറ്റ് രാഷ്ട്രീയത്തിന് നിലനിൽക്കാനുള്ള അടിസ്ഥാന പ്രതലം ഇല്ലാതായി മാറി. എന്തുകൊണ്ട് സാധാരണ ജനങ്ങൾ സോവിയറ്റ് തകർച്ചയെ എതിർത്തില്ല എന്ന് ചോദിച്ചാൽ ഉത്തരം ഇവിടെയാണ്. (ഗ്രാസ് റൂട്ടിൽ നിന്ന് തന്നെ എതിർപ്പുണ്ടായിരുന്നു. എന്നാൽ പാർട്ടി എന്ന അടിസ്ഥാന പ്രതലം നഷ്ടമാകുന്നതോടെ ആ എതിർപ്പുകളുടെ ശക്തി ക്ഷയിച്ചു.) ഇതേ സമയമാണ് മീഡിയ പൂർണമായും തുറന്നുനൽകുകയും വലതുപക്ഷം അത് നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് മേധാവിത്വമുണ്ടായിരുന്ന മീഡിയയെ പൂർണമായും പ്രതിവിപ്ലവകാരികൾക്ക് സോവിയറ്റ് വിരുദ്ധത പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. പാർട്ടിയെ ദുർബലപ്പെടുത്തുന്നതോടെ സോവിയറ്റ് വിരുദ്ധ പ്രതിവിപ്ലവ സ്വഭാവമുള്ള സകല ശക്തികളും പൂർവ്വാധികം ശക്തമായി തിരിച്ചുവന്നു. ഇതിൽ പ്രധാനപ്പെട്ട വിഭാഗം വിവിധ നാഷണാലിറ്റി മൂവ്‌മെന്റുകളായിരുന്നു. അവയെ ഒരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടിൽ (ദേശീയതാ ചോദ്യത്തെ) മനസ്സിലാക്കി നിയന്ത്രിക്കാൻ ഗോർബച്ചേവ് പരാജയപ്പെട്ടു. പാർട്ടി സമൂഹത്തെ വിപ്ലവത്തിലും വിപ്ലവാനന്തര സാമൂഹിക മാറ്റത്തിലും വഹിക്കേണ്ട കേന്ദ്ര സ്ഥാനം (വാൻഗാർഡ്) ഇല്ലാതെ ലെനിസം നിലനിൽക്കില്ല.
സോഷ്യലിസത്തിൽ നിലനിന്ന രണ്ടാം സാമ്പത്തിക വ്യവസ്ഥയെ (ഒന്നാം സാമ്പത്തിക വ്യവസ്ഥ സോഷ്യലിസ്റ്റ് കേന്ദ്രീകൃത പ്ലാൻഡ് വ്യവസ്ഥ, രണ്ടാം സാമ്പത്തിക വ്യവസ്ഥ സ്വകാര്യ വ്യക്തികൾ തമ്മിലുള്ളത്. ഇത് ചെറിയ തോതിൽ നിയമപരമായിരുന്നു.) പരിധികളില്ലാതെ തുറന്നുവിട്ടു. മാർക്കറ്റ് ഓറിയന്റഡ് റിഫോമുകളുടെ ഒരു കുത്തൊഴുക്ക് ഗോർബച്ചേവിന്റെ കാലത്തോടെ സംഭവിക്കുന്നുണ്ട്. അതുണ്ടാക്കിയ സാമൂഹിക ശക്തികൾ (പുത്തൻ പണക്കാർ) വീണ്ടും പാർട്ടി സംവിധാനത്തെ ദുർബലപ്പെടുത്തി. അടിസ്ഥാന ലെനിനിസ്റ്റ് ആശയയമായ കേന്ദ്രീകൃത പ്ലാനിംഗ് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു.
അമേരിക്കയുമായുള്ള ശീതയുദ്ധത്തിൽ ഏകപക്ഷീയമായ ഒത്തുതീർപ്പുകൾക്ക് വഴങ്ങിക്കൊടുക്കാനും ആഗോള കമ്മ്യൂണിസ്റ്റ് / ആന്റി കൊളോണിയൻ പോരാട്ടങ്ങളിൽ നിന്ന് പിറകോട്ട് പോകാനും ആരംഭിച്ചു. ഇന്റർനാഷണൽ സോളിഡാരിറ്റി എന്ന അടിസ്ഥാന ലെനിനിസ്റ്റ് സങ്കലനം ഇതോടെ സോവിയറ്റ് യൂണിയന്റെ ഫോറിൻ പോളിസിയുടെ ഭാഗമല്ലാതെയായി.
ഇതിന്റെ ആകെത്തുകയായി, ഇവയെല്ലാം തുറന്നുവിട്ട സോവിയറ്റ് സമൂഹത്തിലെ വലതുപക്ഷ ശക്തികളാണ് സോവിയറ്റ് യൂണിയനെ തകർത്തത്. ഇതിനെതിരെ നിലകൊള്ളേണ്ടിയിരുന്ന പാർട്ടിയിലെ തന്നെ ഇടതുപക്ഷം സന്ദർഭത്തിനൊത്ത് ഉയരുന്നതിന് പരാജയപ്പെട്ടു. ഒടുവിൽ അവർ ശ്രമിച്ചപ്പോൾ സമയം ഒരുപാട് വൈകിപ്പോയിരുന്നു.
ഗോർബച്ചേവ് എന്ന ഒരു വ്യക്തി ഒറ്റക്ക് തകർത്തതാണ് സോവിയറ്റ് രാഷ്ട്രം എന്ന നിലപാട് പൂർണമായും ശരിയല്ല. ഗോർബച്ചേവിന് അതിൽ നിർണായക പങ്കുണ്ട്. ഒരു പക്ഷെ ഗോർബച്ചേവിനുപകരം ലിഗച്ചേവിനെ പോലൊരാളായിരുന്നു ജനറൽ സെക്രട്ടറി ആയിരുന്നത് എങ്കിൽ ഇന്നും സോവിയറ്റ് യൂണിയൻ നിലനിന്നേനെ. എന്നാൽ സോവിയറ്റ് ചരിത്ര വിദ്യാർഥികൾ ഇതിനെ സമീപിക്കേണ്ടത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം മുതൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിൽ ആരംഭിക്കുന്ന ആശയ സമരങ്ങളിൽ നിന്നാണ്. മാർക്‌സിനോളം തന്നെ പഴക്കം ഈ ആശയ സമരങ്ങൾക്കുണ്ട്. സോവിയറ്റ് ചരിത്രത്തിലേക്ക് വന്നാൽ, വിപ്ലവത്തിന് മുന്നേ പാർട്ടിയിലെ വലതുപക്ഷ സമീപനങ്ങൾക്കെതിരെ എന്നും പോരാട്ടം നയിച്ചതാണ് ലെനിന്റെ ജീവിതം. കൗട്‌സ്‌കി, മെൻഷെവിക്കുകൾ, നറോഡിനിസ്റ്റുകൾ അങ്ങനെ മൂവ്‌മെന്റിനുള്ളിലും പൊതുവിൽ ഇടതുപക്ഷത്തുമുള്ള തെറ്റായ നടപടികളോടുള്ള സമരമായിരുന്നു ലെനിൻ. പല ഘട്ടങ്ങളിലും ഇക്കൂട്ടർക്ക് എണ്ണത്തിലും അല്ലാതെയും കൂടുതൽ ശക്തി ഉണ്ടായിരുന്നതായി കാണാൻ കഴിയും.
ബോൾഷെവിക്കുകൾക്ക് ഉള്ളിൽ തന്നെ പല സമയങ്ങളിൽ ഇത്തരം ആശയ സമരങ്ങൾ കാണാൻ സാധിക്കും. ലെനിനും ട്രോട്‌സ്‌കിയും ലെനിനും ബുഖാറിനും എന്നിങ്ങനെ അതിന്റെ വലിയൊരു ചരിത്രമുണ്ട്. പറഞ്ഞുവരുന്നത് വിപ്ലവാനന്തര സോവിയറ്റ് പാർട്ടിക്കകത്ത് എല്ലാ കാലത്തും വലതുപക്ഷ സ്വഭാവമുള്ള ഒരു കൂട്ടം ഉണ്ടായിരുന്നു. വിപ്ലവത്തിന് മുന്നേയും അതിനു ശേഷമുള്ള തുടർവർഷങ്ങളിലും ലെനിൻ അവയോടെല്ലാം പോരാടുകയും അവയെ പരാജയെപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ലെനിനുശേഷം സ്റ്റാലിൻ ഇതിനെ വീണ്ടും പരാജയപ്പെടുത്തുകയും സി.പി.എസ്.യുവിന്റെ മാർക്‌സിസ്റ്റ് സ്വഭാവം നിലനിർത്തുകയും ചെയ്തു. ഇതിന്റെ അർഥം ഇത്തരം സമീപനങ്ങൾ അവസാനിച്ചു എന്നല്ല. അവ പരാജയപ്പെട്ടു എങ്കിലും നിലനിന്നുതന്നെ പോന്നു. കാരണം, അത്തരം ആശയങ്ങൾക്ക് ശക്തിപകരുന്ന വർഗതാല്പര്യങ്ങൾ സോവിയറ്റ് സമൂഹത്തിൽ നിലനിന്നിരുന്നു.
സ്റ്റാലിൻ എന്ന മഹാമേരു അവസാനിക്കുന്നതോടെ ആ യുഗത്തിന്റെ അന്ത്യത്തോടെ അതുവരെ നിയന്ത്രിച്ചു തോൽപ്പിച്ച് ഒതുക്കി നിർത്തിയ റിവിഷനിസം (അടിസ്ഥാന മാർക്‌സിസ്റ്റ് സങ്കല്പങ്ങളിൽ നിന്നുള്ള പിന്നോട്ട് പോക്ക്, അനാവശ്യമായി നടത്തുന്ന ഒത്തുതീർപ്പ് എന്നിവയെ സൂചിപ്പിക്കുന്ന പദം) പൂർവ്വാധികം ശക്തിയായി തിരിച്ചുവരുന്ന കാഴ്ച കാണാൻ സാധിക്കും. ക്രൂഷ്‌ചേവ് ആൻറി സ്റ്റാലിനിസം എന്ന കള്ളപ്പേരിൽ മുന്നോട്ടു വെച്ചത് ആൻറി ലെനിനിസമായിരുന്നു. ഈ ധാര പിന്നീട് കൂടുതൽ ശക്തമാകുന്നതാണ് സോവിയറ്റ് പിൽക്കാല ചരിത്രം. അത് മനസ്സിലാക്കുമ്പോൾ മാത്രമേ ചരിത്രത്തിൽ ഗോർബച്ചേവും യെൽറ്റ്സിനും എല്ലാം ഉണ്ടാകുന്നത് എങ്ങനെ എന്നറിയാൻ കഴിയൂ. മുൻപേ സൂചിപ്പിച്ച സമൂഹത്തിൽ നിലനിന്ന തൊഴിലാളി വർഗ്ഗ വിരുദ്ധ താല്പര്യങ്ങളും ഇതും ഒന്നിച്ചു പോകുന്നതാണ്. അവ പരസ്പരം സഹായിക്കുന്നതും ഒന്ന് മറ്റൊന്നിനോട് ചേർന്ന് നിൽക്കുന്നതുമാണ്.
ചരിത്രം എങ്ങനെയാകും ഗോർബച്ചേവിനെ പോലൊരു വ്യക്തിയെ വിലയിരുത്തുക എന്ന് ചോദിച്ചാൽ അത് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും എന്നുപറയാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. 1987 നു ശേഷം ഗോർബച്ചേവ് ചെയ്ത ഒരേയൊരു നല്ല കാര്യം ഒരുപക്ഷെ ഇന്നലെ രാത്രി ആയിരിക്കും. സോവിയറ്റനാന്തര സമൂഹങ്ങളിലോ ഈസ്റ്റ് യൂറോപ്യൻ സോഷ്യലിസ്റ്റ് പൂർവ്വ സമൂഹങ്ങളിലോ ഒന്നിൽ പോലും മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട ജീവിതസാഹചര്യം ഇന്നില്ല എന്നത് കാണാതെ പോകാൻ കഴിയില്ല. എല്ലാ ഒപ്പീനിയൻ പോളുകളിലും ജനങ്ങൾ സോവിയറ്റ്/സോഷ്യലിസ്റ്റ് ലോകമായിരുന്നു മെച്ചമെന്ന് പറയുന്നത് വെറുതെയല്ല. സോവിയറ്റ് തകർച്ചയോടെ ആ സമൂഹങ്ങൾക്ക് നൽകേണ്ടി വന്ന വില സമാനതകളില്ലാത്തതാണ്. ദാരിദ്ര്യം കൊണ്ട് മനുഷ്യർ മരിച്ചതിന്റെ കണക്ക് മാത്രം മതി ഒരു വലിയ കൂട്ടക്കുരുതിയായി അതിനെ പരിഗണിക്കാൻ.
ഗോർബച്ചേവിന്റെ ജീവിതം എല്ലാ മാർക്‌സിസ്റ്റുകളും പഠിക്കേണ്ട പാഠപുസ്തകമാണ്. റിവിഷനിസത്തിനോട് പുലർത്തേണ്ട നിതാന്ത ജാഗ്രതയാണ് അതിൽ നിന്ന് മനസിലാക്കേണ്ട അറിവ്.