(സു) ഗന്ധങ്ങളാൽ അടയാളപ്പെടുത്തിയ സ്ഥലങ്ങൾ

കുമരഞ്ചിറക്കാവിൽ, കോരപ്പാരക്കുള്ള, പാലക്കൽ കുരുതി കഴിഞ്ഞ്, അമ്മയുടെ കൈപിടിച്ച്, മറ്റുള്ളവരോടൊപ്പം ചരൽ നിറഞ്ഞ ഇടവഴി താണ്ടി, പൊന്തേക്കണ്ടത്തെ, മുളങ്കാട്ടിന്നരികിൽ, ബ്രഹ്മക്ഷസ്സിനെ കുടിയിരിത്തിയിരിക്കുന്ന സ്ഥലം അടയാളപ്പെടുത്തിയിട്ടുള്ളത് പാലപ്പൂവിന്റെ സുഗന്ധത്താലാണ്​.

കരുവന്നൂർ പുഴയിൽ മുങ്ങിക്കുളിക്കാൻ പോകുന്ന വഴിയുടെ നീളം ലാഭിക്കാൻ, എളുപ്പവഴി തിരഞ്ഞെടുക്കുന്നത്, കാടുപിടിച്ച, ഷാരത്തെ പറമ്പിലൂടെ കയറിയിറങ്ങിയിട്ടാണ്​

കരുവന്നൂർ പുഴയിൽ മുങ്ങിക്കുളിക്കാൻ പോകുന്ന വഴിയുടെ നീളം ലാഭിക്കാൻ, എളുപ്പവഴി തിരഞ്ഞെടുക്കുന്നത്, വലുപ്പം നന്നേ കുറഞ്ഞ, നാരു നിറഞ്ഞ, ഈമ്പിക്കുടിക്കാൻ രുചിയേറെയുള്ള, ശർക്കരമാങ്ങ നിറയെ വീണുകിടക്കുന്ന, കാടുപിടിച്ച, ഷാരത്തെ പറമ്പിലൂടെ കയറിയിറങ്ങിയിട്ടാണ്​. ശർക്കരമാങ്ങയുടെ വാസന തന്നെയാണടയാളം.

ശർക്കരമാങ്ങയുടെ വാസന ഒരടയാളമാണ്​

പഠിച്ചിരുന്ന അംഗനവാടി അടയാളപ്പെടുത്തിയിരിക്കുന്നത്, ചോളപൊടി കൊണ്ടുള്ള, ഉപ്പുമാവിന്റെ ഗന്ധത്താലാണെങ്കിൽ, ലോവർ പ്രൈമറിയാകട്ടെ കടുകും, കറിവേപ്പിലയും വറുത്തിട്ട നുറുങ്ങു ഗോതമ്പുപ്പുമാവിന്റെ നറുമണം കൊണ്ടുമാണ്​.

അച്ഛന്റെ തറവാട് വീടിനെ അടയാളപ്പെടുത്തിരിയിരിക്കുന്നത്, ചാണകവും, ബാറ്ററി കരിയും ചേർത്ത് മെഴുകിയ നിലത്തിന്റെ മണത്താലാണെങ്കിൽ, വരിക്കച്ചക്കയുടെ വാസനയിൽ ഒരു ബാല്യം മുഴുവനായും ഞാൻ അടയാളപ്പെടുത്തിവച്ചിട്ടുമുണ്ട്.

അച്ഛന്റെ തറവാട് വീടിനെ അടയാളപ്പെടുത്തിരിയിരിക്കുന്നത്, ചാണകവും, ബാറ്ററി കരിയും ചേർത്ത് മെഴുകിയ നിലത്തിന്റെ മണമാണ്​

വേനൽക്കാലത്ത് കളിച്ച് തിമിർക്കാറുള്ള കർത്താങ്കട പാടത്തിന്നടയാളമിട്ടത്, ചേറിന്റേം താമരയുടേയും സമിശ്രമായ ഗന്ധത്താലാണ്​.

അമ്മയുടെ വീടിരിക്കുന്ന മട്ടാഞ്ചേരിയിലെ പാലസ് റോഡിനെ വരച്ചുവച്ചത് ഹൃദ്യമായ പൂക്കളുടെ സുഗന്ധത്താലാണെങ്കിൽ, സപ്ലൈ ഓഫീസ് റോഡിനെയടയാളപ്പെടുത്തുവാൻ ഘാട്ടിയയുടേയും, ലഡ്ഡുവിന്റേയും, ജിലേബിയുടേയും സമ്മിശ്ര ഗന്ധങ്ങളാണുപയോഗിച്ചത്.

മട്ടാഞ്ചേരിയിലെ പാലസ് റോഡിനെ വരച്ചുവച്ചത് ഹൃദ്യമായ പൂക്കളുടെ സുഗന്ധത്താലാണ്​

ഫോർട്ടുകൊച്ചിയെ അടയാളപ്പെടുത്തിയിരിക്കുന്നത് ഗന്ധകത്തിന്റെ മണമുള്ള കടലിന്റെ ഗന്ധത്താലാണെങ്കിൽ, മത്സ്യത്തിന്റെ മണത്താൽ വൈപ്പിനും, മുനമ്പവും രേഖപ്പെടുത്തി. തൊണ്ട് ചീഞ്ഞഴുകുന്ന മണത്താൽ കോട്ടപ്പുറത്തെ അടയാളപ്പെടുത്തിയപ്പോൾ, മഞ്ഞൾ പ്രസാദത്തിന്റെ വാസനയാൽ കൊടുങ്ങല്ലൂരിനേയും ചേർത്തുവച്ചു.

കൂടൽമാണിക്യ ക്ഷേത്രം അടയാളപ്പെടുത്താനായി കറുകനാമ്പിന്റേയും, താമരയുടേയും, മുക്കിടിയുടേയും ഗന്ധങ്ങൾ

നടവരമ്പിനെ അടയാളപ്പെടുത്തിയത് ഹനുമാന്റെ അമ്പലത്തിലെ വടമാലയുടെ മെഴുക്കുമയമുള്ള ഗന്ധം കൊണ്ടാണെങ്കിൽ, ഇരിങ്ങാലക്കുട നടയാകട്ടെ വുഡ്‌ലാൻസ് സ്വാമിയുടെ കടയിൽ നിന്നുമുയരുന്ന മസാലദോശയുടെ ഗന്ധത്താലും. ആൽത്തറ രേഖപെടുത്തിയത് രാധാകൃഷ്ണ കോഫീ ഹൗസിൽ നിന്നുമുത്ഭവിച്ച് പടർന്ന് പന്തലിക്കുന്ന അപ്പോൾ പൊടിച്ച കാപ്പിക്കുരുവിന്റെ സുഗന്ധത്താലാണെങ്കിൽ, അയ്യങ്കാവു മൈതാനത്തിനു വേണ്ടി വന്നത്, സാധാ ബീഡിയുടെ വെറും പുകമണം മാത്രം!

കൂടൽമാണിക്യ ക്ഷേത്രം അടയാളപ്പെടുത്താനായി കറുകനാമ്പിന്റേയും, താമരയുടേയും, മുക്കിടിയുടേയും ഗന്ധങ്ങൾ ഉപയോഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് തോമാസ് പള്ളിക്ക് പുകയുന്ന കുന്തിരിക്കത്തിന്റെ ഗന്ധം

ഇരിങ്ങാലക്കുട സെന്റ് തോമാസ് പള്ളിക്ക് പുകയുന്ന കുന്തിരിക്കത്തിന്റെ ഗന്ധമാണ്​ നൽകിയത്. പെരുന്നാളു കാലമാണെങ്കിൽ പച്ചക്കരിമ്പിന്റേയും!

കൊയ്ത്ത് കഴിഞ്ഞ പാടത്തിന്റെ മണത്താൽ പൂരങ്ങളുടെ പൂരമായ ആറാട്ട്പുഴ ദേശത്തെ മൊത്തമായി ഞാൻ അടയാളപ്പെടുത്തിയപ്പോൾ, ഊരകത്തമ്മയും, ചുറ്റുവട്ടത്തേയും ഓലക്കുടയുടെ ഗന്ധത്താലും എന്നിലേക്ക് ഞാൻ ചേർത്ത് വച്ചു.

ചിയ്യാരത്തുള്ള വീടിന്​, അമ്മയുടേയും, അച്ഛന്റേയും, ചേട്ടന്മാരുടേയും, സ്‌നേഹ സുഗന്ധത്തോടൊപ്പം തന്നെ പൂത്തുലഞ്ഞ അശോകത്തിന്റേയും സുഗന്ധവുമുണ്ട്.

ഇലഞ്ഞിപ്പൂമണത്താൽ വടക്കുന്നാഥനേയും, പൂരപ്പറമ്പിന്റെ സമിശ്രഗന്ധത്താൽ, പാറമേക്കാവിനേയും, തിരുവമ്പാടിയേയും, ഒരുമിച്ച് ചേർത്തിയടയാളപ്പെടുത്തി വച്ചപ്പോൾ, ഗുരുവായൂരമ്പലവും പരിസരങ്ങളും അടയാളപ്പെടുത്താനുപയോഗിച്ചത്, കദളിപ്പഴത്തിന്റേയും, വെണ്ണയുടേയും, പാൽ പായസത്തിന്റേയും നറുമണമായിരുന്നു.

പുന്നത്തൂർ ആനക്കോട്ടയെ അടയാളപ്പെടുത്താൻ ആനപ്പിണ്ടത്തിന്റെ മുഷ്‌ക് മണം!

കുട്ടനാടും, എന്തിന്​, ആലപ്പുഴ മൊത്തത്തിൽ അടയാളപ്പെടുത്താൻ, കതിരിന്റേയും പൊരിച്ച കരിമീനിന്റേയും ഗന്ധം. കൊല്ലത്തിനാണേൽ, തൊണ്ടും കയറും, കശുവണ്ടിയും വേണ്ടി വന്നു.

കണ്ണൂരടയാളപെടുത്താൻ, നിറച്ച കല്ലുമ്മക്കായുടെ മണവും, കോഴിക്കോടിനു നല്ല ബിരിയാണിക്കൂട്ടിന്റേം, നെയ്യലുവയുടേയും ഗന്ധങ്ങളാണു പയോഗിച്ചത്. മലപ്പുറത്തിനാണേൽ തേങ്ങാച്ചോറിന്റേയും, പത്തിരിയുടേയും സുഗന്ധം.

ജുമ മസ്ജിദിന്നാണെങ്കിൽ അത്തറിന്റേയും, ഊദിന്റേയും സുഗന്ധമാണ്​നൽകിയത്. പെരുന്നാളിനാണെങ്കിൽ കോടിവസ്ത്രത്തിന്റേയും, പൊരിച്ച കോഴിയുടേയും, ബിരിയാണിയുടേയും സുഗന്ധം ഒപ്പത്തിനൊപ്പം!

ഇടുക്കിക്ക്, കുരുമുളകും, ഏലവുമാണുപയോഗിച്ചതെങ്കിൽ , വയനാടിനാകട്ടെ മരമഞ്ഞൾ മുറിച്ച ഗന്ധവും.

ഇടുക്കിക്ക്, കുരുമുളകും, ഏലവും

അങ്ങ് തലക്കൽ, പത്മനാഭനെ, എങ്ങിനെ ഞാൻ അടയാളപ്പെടുത്തും എന്ന് ശങ്ക ഇനിയും ബാക്കിയുണ്ട്, എങ്കിലും ബോളിയും, ചെങ്കദളി പഴവും വച്ച്, തിരുവനന്തപുരത്തെ, ചെറുതായൊന്നു ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്.

പനനൊങ്കിന്റേയും, പനങ്കള്ളിന്റേയും ഗന്ധത്താൽ പാലക്കാടൊന്നാകെ ഞാൻ നിറച്ചു.

വേണമെങ്കിൽ, കേരളത്തിനെ മൊത്തത്തിൽ നാളികേരക്കൊത്തിട്ട്, വരട്ടിയെടുത്ത പോത്തിറച്ചിയുടെ സുഗന്ധത്തിനോടൊപ്പം പുട്ടും, കടലയും, പരിപ്പുവടയുടേയും ഗന്ധങ്ങൾ കൂട്ടിചേർത്താവാഹിച്ചെടുത്തെനിക്കടയാളപ്പെടുത്താം!

തമിഴകത്തെ മൊത്തമായി പൊങ്കലിന്റെയും, സാമ്പാറിന്റേയും ഗന്ധത്താലും!

ശബരിമലക്കുപയോഗിച്ചത് ആടിയ നെയ്യിന്റെ മണമാണെങ്കിൽ, കുതിരച്ചാണകത്തിന്റെയും, കളഭത്തിന്റേയും മണത്താലാണ്​ പഴനിമലയെ രേഖപ്പെടുത്തിയത്! മുല്ലപ്പൂവിന്റെ സുഗന്ധത്താൽ മധുര മീനാക്ഷി ക്ഷേത്രത്തേയും, ലഡ്ഡുവിന്റെ മണത്താൽ തിരുപ്പതിയേയും ഞാനടയാളപ്പെടുത്തി!

ചെന്നെയ്ക്കും, കാഞ്ചീപുരത്തിനും ഉപയോഗിച്ചത് പുതിയ പട്ട് സാരിയുടെ മണമാണ്​. സേലത്തിനാണേൽ മാമ്പഴത്തിന്റെ നറുമണം മാത്രം. ശിവകാശിക്ക് വെടിമരുന്നിന്റെ ഗന്ധമായിരുന്നെങ്കിൽ മൈസൂരിനു നല്ല ചന്ദനത്തിന്റെ സുഗന്ധം!

ഗോവക്കോ, വീര്യമേറിയ ഫെനിയുടെ ഗന്ധവും.

മുംബൈയ്ക്ക് വെറും പാവ് ബാജിയുടെ ഗന്ധം!

കൽക്കട്ടക്കാകട്ടെ, മീൻ തലക്കറിയുടേയും, രസഗുള്ളയുടേതുമായ ഗന്ധമായിരുന്നു ഉപയോഗിച്ചത്.

പഴയ ദില്ലി അടയാളപ്പെടുത്തിയത് കനലിനു മുകളിൽ, കമ്പിൽ കോർത്ത നെയ്യൊലിച്ചുരുകുന്ന ബീഫ് കബാബിന്റെ മണത്താൽ

ഗന്ധങ്ങളുടെ രസക്കൂട്ടുകളാൽ മായാജാലം തീർക്കേണ്ടിവന്നു എനിക്ക് ദില്ലിയിലോരോയിടവും, പ്രത്യേകം, പ്രത്യേകമായി അടയാളപ്പെടുത്തുവാൻ!

പഴയ ദില്ലിയും പ്രാന്തപ്രദേശങ്ങളും, നിസാമുദ്ദീനും അടയാളപ്പെടുത്തിയത് കനലിനു മുകളിൽ, കമ്പിൽ കോർത്ത നെയ്യൊലിച്ചുരുകുന്ന ബീഫ് കബാബിന്റെ മണത്താലാണെങ്കിൽ, ജി. ബി റോഡിന്​ ദേവദാസികളുടെ മനംപിരട്ടുന്ന അലങ്കാര വസ്തുക്കളുടെ ഗന്ധമാണുപയോഗിച്ചത്!

രാജ്ഘട്ടിന്​, പുഷ്പങ്ങളുടേ ഗന്ധമായിരുന്നെങ്കിൽ, ഇന്ത്യാഗേറ്റിന്​, കത്തുന്ന ചന്ദനത്തിരിയുടെ സുഗന്ധവും.

പ്രഗതി മൈദാനും, ഭൈരവ മന്ദിറിനേയും മദ്യത്തിന്റെ മണത്താൽ അടയാളപ്പെടുത്തിയപ്പോൾ, ജമുനാപാറിനു കലക്കവെള്ളത്തിന്റെ ചേറ്റുമണമാണുപയോഗിച്ചത്.

ജയ്​പുരിന്​, നിറങ്ങളുടെ വൈവിധ്യം കാരണം കളിമണ്ണിന്റെ മണമാണുപയോഗിച്ചതെങ്കിൽ, ഉദയ്പുരിന്​ തടാകങ്ങളുടെ മണവും, ജയ്‌സാൽമറിന്​ കോട്ട-കൊത്തളങ്ങളുടെ അതിപുരാതനമായ ഗന്ധത്തോടൊപ്പം തന്നെ ഒട്ടകത്തിന്റെ ചൂരും മണവും ചേർത്തു. പുഷ്‌കറിനാകട്ടെ മൊത്തം ഭാംഗിന്റെ ഗന്ധമായിരുന്നു. മനം മയക്കുന്ന ഭാംഗിന്റെ സുഗന്ധം!

ബനാറസിനെ അടയാളപ്പെടുത്താൻ മുറുക്കാന്റെ സുഗന്ധം, ഒപ്പം ബനാറസി പട്ടിന്റേയും!

ജയ്‌സാൽമറിന്​ കോട്ട- കൊത്തളങ്ങളുടെ അതിപുരാതനമായ ഗന്ധം

കാശിക്കാണെങ്കിൽ, ആരതിയുടെ സുഗന്ധത്തോടൊപ്പം തന്നെ കത്തിയെരിയുന്ന മനുഷ്യ ശരീരത്തിന്റെ മനംമടുക്കുന്ന ഗന്ധമാണ്​! ഹരിദ്വാറും, റിഷികേശും ഇതിൽ നിന്നും തികച്ചും വ്യത്യസ്തമല്ലതാനും! കഞ്ചാവിന്റെ ഘനമേറിയ രൂക്ഷഗന്ധം ഈ മൂന്നു സ്ഥലങ്ങളിലും ആവോളമുപയോഗിച്ചിട്ടുമുണ്ട്, അടയാളങ്ങൾ രേഖപ്പെടുത്തുവാനായി. ഒപ്പം അഘോരികൾ പൂശുന്ന ചുടലഭസ്മത്തിന്റേയും!

മനാലി - മനാലിക്കാണേൽ ഒരേ ഒരു ഗന്ധം മാത്രം. ചരസ്സിന്റേയും, ലുഗിടിയുടേയും (ചോറുപയോഗിച്ച് നിർമ്മിക്കുന്ന ഒരു തരം കള്ള്) മനം മയക്കുന്ന, നുരക്കുന്ന, ഭ്രമിപ്പിക്കുന്ന ഗന്ധം.

പഞ്ചാബിനെ വരച്ച് വെക്കാൻ ഗോതമ്പിന്റെ നറുമണം മാത്രം മതിയായിരുന്നു.

കാശ്മീരിനാണെങ്കിൽ കുങ്കുമപ്പൂവിന്റെ കുത്തുന്ന സുഗന്ധം!

സുഗന്ധങ്ങളുടെ വൈവിധ്യം തേടിയുള്ള യാത്ര വീണ്ടും മുകളിലേക്ക്.

അങ്ങനെയാണു ലഡാക്കിലെത്തിപ്പെട്ടത്.

ലഡാക്കടയാളപ്പെടുത്താൻ, തുക്പയുടേയും, മോമോസിന്റേയും ഗന്ധം

ലഡാക്കടയാളപ്പെടുത്താൻ, തുക്പയുടേയും, മോമോസിന്റേയും ഗന്ധമാണുപയോഗിച്ചത്.

പോര, സുഗന്ധങ്ങൾക്ക് വൈവിധ്യം പോര!

നാസാരന്ധ്രങ്ങളിൽ കയറുന്ന മണങ്ങളൊന്നും പോര. മണങ്ങൾക്ക് ലഹരി പോര, പോരേ, പോര. തീരെ പോര!

ഇനിയും ...ഇനിയുമേറെ സുഗന്ധങ്ങൾ ആവാഹിക്കണം. ഇനിയുമേറെ. ഒരുപാടൊരുപാട്!

മുകളിലേക്ക്, മുകളിലേക്ക്, പിന്നേയും, പിന്നേയും, നടന്നു കയറി.

നാസാരന്ധ്രങ്ങൾ വിടർത്തി തന്നെ പിടിച്ചു. പുതുഗന്ധങ്ങളുടെ വരവെപ്പോഴാണെന്നറിയില്ലല്ലോ!

വെടിയേറ്റത് നെഞ്ചിലാണു!

ചീറ്റുന്ന ചോര, മങ്ങുന്ന കാഴ്ചകൾ.

ആഞ്ഞു വലിച്ചു.

ചുടു ചോരയുടെ ഗന്ധം. പുതു ഗന്ധം. ആഞ്ഞാഞ്ഞു വലിച്ചു. മനം നിറയുവോളം.

ശ്വാസം ആഞ്ഞ് വലിച്ചു, ആഞ്ഞാഞ്ഞു വലിച്ചു. ഒരേയൊരു ഗന്ധം. ചുടു ചോരയുടെ ഗന്ധം മാത്രം

പോര! ഇനിയും വരട്ടെ, വൈവിധ്യങ്ങളായ സുഗന്ധങ്ങൾ! സുഗന്ധങ്ങളിലെനിക്കങ്ങിനെ മുങ്ങണം. മുങ്ങാം കുഴിയിടണം. സ്വയം മറന്ന്, മറന്ന്, മറന്നങ്ങിനെ!

ഇനിയും മുകളിലേക്ക്, മുകളിലേക്ക്, മുകളിലേക്ക്.

ശ്വാസം ആഞ്ഞ് വലിച്ചു, ആഞ്ഞാഞ്ഞു വലിച്ചു.

ഒരേയൊരു ഗന്ധം. ചുടു ചോരയുടെ ഗന്ധം മാത്രം!

ചോര! ചുടു ചോര! ചോരയുടെ ഗന്ധം. എങ്ങും എവിടേയും!

കണ്ണുകൾ അടഞ്ഞടഞ്ഞങ്ങിനെ....

മുകളിലേക്ക്.....മുകളിലേക്ക്.....മുകളിലേക്ക്!


Comments