വെള്ളിനേഴീന്ന് വന്ന കാക്കയും സുമംഗലയും

ചെറിയ പ്രായത്തിൽ തന്നെ കഥ പറച്ചിലിൽ പ്രാഗല്ഭ്യം തെളിയിച്ച ലീലയ്ക്ക് മുതിർന്നപ്പോൾ അത് എഴുതുവാൻ മറ്റൊരു സ്വത്വമുഖം ആവശ്യമാണെന്ന് തോന്നിയത് അക്കാലത്തെ സാമൂഹിക ഘടനയുടെ പ്രതിഫലനമായി കണക്കാക്കാം. ലീലാ നമ്പൂതിരിപ്പാട്, സുമംഗല ആയതോടെ മലയാളസാഹിത്യത്തില്‍ പുതിയൊരു അധ്യായം ആരംഭിച്ചു.

അക്കാലത്തെ ബാലസാഹിത്യ രംഗത്തെ രണ്ടു പ്രതിഭകളായിരുന്നു സരളാ വർമ്മയും സുമംഗലയും. കേരളീയ മൂഹത്തിന്റെ  പരിണാമദശയിൽ ബാലസാഹിത്യകൃതികളിലൂടെ  സാംസ്കാരിക മണ്ഡലത്തിലെ നവോത്ഥാന പ്രക്രിയയില്‍ സുമംഗല ചെലുത്തിയ സ്വാധീനം വലുതാണ്. സുമംഗല തന്റെ ജീവിതത്തിൽ പിന്നീട് അനുഭവിച്ച കഷ്ടപ്പാടുകളെ അതിജീവിച്ചത് സാഹിത്യത്തിലൂടെ കൈവരിച്ച ഇച്ഛാശക്തി ഒന്നു കൊണ്ടു മാത്രമായിരുന്നു. ഒളപ്പമണ്ണ മനയിലെ പ്രശസ്തനായ ഒ എം സി നാരായണൻ നമ്പൂതിരിപ്പാടിന്റെയും കുറൂർ ഉമാ അന്തർജനത്തിൻറെയും മൂത്ത പുത്രിയായ ലീലയുടെ ബാല്യകാലം വളരെ സമ്പന്നമായിരുന്നു. ഈ പശ്ചാത്തലം തന്നെയായിരുന്നു സാഹിത്യത്തിലും കലകളിലും താൽപ്പര്യവും വൈദഗ്ധ്യവും ഉണ്ടാവാൻ കാരണമായത്. സുമംഗല അറിയപ്പെടുന്നത് ബാലസാഹിത്യകാരി എന്ന നിലയിലാണ്. സാഹിത്യത്തിൽ മാത്രമല്ല വൈജ്ഞാനിക ശാഖയിലും നിപുണയാണ് എന്നതിന്  പച്ച മലയാള നിഘണ്ടു, പുരണ ഇതിഹാസ രചനകളുടെ പുനരാഖ്യാനങ്ങൾ എന്നീ കൃതികളാണ് തെളിവ്. കേരള കലാമണ്ഡലത്തിന്റെ ചരിത്രം ആദ്യം വെളിച്ചം കണ്ടത് ലീലയിലൂടെയായിരുന്നു. അന്വേഷണ പ്രവർത്തനം ഏറെ പ്രയാസകരമായിരുന്ന ആ ചരിത്രരചന വലിയ ഒരു ലക്ഷ്യത്തിലേക്കുള്ള നാന്ദി കുറിക്കലായിരുന്നു.

സുമംഗല

പഠിക്കാൻ ഏറെ ആഗ്രഹമുള്ള ആളായിരുന്നു ലീല. ‘കുറേ ഭാഷകൾ പഠിക്കണം, എല്ലാ ഭാഷകളിലെയും പുസ്തകങ്ങൾ വായിക്കണം ഇതൊക്കെയായിരുന്നു ആഗ്രഹങ്ങൾ. ഒന്നും നടന്നില്ല. വിവാഹം കഴിഞ്ഞ് മൂന്നു മക്കളുടെ അമ്മയാവാനായിരുന്നു യോഗം’ എന്ന് അവർ പറയുമായിരുന്നു. എങ്കിലും മലയാളികളായ കുട്ടികളധികവും പഠിച്ച് വലുതായത് സുമംഗലമുത്തശ്ശിയുടെ കഥകൾ വായിച്ചും കേട്ടുമാണെന്ന് അവർ സന്തോഷത്തോടെ അറിഞ്ഞിരുന്നു. വീട്ടിലേക്ക് ദിവസേന വരുന്ന കുട്ടികളുടെയും വലിയവരുടെയും കത്തുകൾ അത് തെളിയിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും.

ഒളപ്പമണ്ണയിലെ ആദ്യത്തെ പെൺകുട്ടിയായതു കൊണ്ടാവാം അവിടെ നിന്നും ദേശമംഗലത്തേക്കുള്ള വിവാഹം അതിഗംഭീരമായിട്ടായിരുന്നു നടത്തിയത്. പെൺകുട്ടിയുടെ എല്ലാ സാധനങ്ങളും കൂടി ഒരു കാൽ പെട്ടിക്കുള്ളിൽ വച്ച് ദേശമംഗലത്തേക്കു കൊടുത്തുവിട്ട കൂട്ടത്തിൽ അതിനുള്ളിൽ ആഭരണങ്ങൾക്കും തുണികൾക്കും പുറമെ ലീലയുടെ അമ്മയുടെ അപ്ഫൻ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് കൊടുത്ത, 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ജവഹർലാൽ നെഹ്റുവിന്റെ പുസ്തകം കൂടി ഉണ്ടായിരുന്നു. വളരെ കുറച്ചുപേർക്കു മാത്രമേ ധാരാളം വായിക്കുന്ന കൂട്ടത്തിലാണ് ഈ കുട്ടി എന്ന് അറിയുമായിരുന്നുള്ളൂ.

സ്വന്തം മക്കൾക്കു വേണ്ടിയാണ് ലീല കുട്ടിക്കഥകൾ എഴുതാൻ തുടങ്ങിയത്. അത്താഴത്തിന് ഇരിക്കുമ്പോൾ ലീലയുടെ മക്കൾക്ക് കഥ കേട്ടേ തീരൂ.. അന്ന് കൈയിലുണ്ടായിരുന്ന പുസ്തകങ്ങളിൽ നിന്നും കുട്ടികൾക്കു പറ്റിയ കഥകൾ പരതിപ്പരതി വായിച്ചു കേൾപ്പിക്കും. അപ്പോഴാണ് കുട്ടികൾക്കുപറ്റിയ കഥകൾ വളരെ കുറവാണ് എന്ന കാര്യം ലീല കണ്ടെത്തിയത്. അങ്ങനെ ഒരു ദിവസം ഉച്ചക്ക് വീട്ടിൽ വരാറുള്ള കുറിഞ്ഞിപ്പൂച്ചയെ കുറിച്ച് ലീല ഒരു കഥയെഴുതി. പൂച്ചയെ വളർത്തുന്ന ഒരച്ഛനും അമ്മയും മൂന്നു കുട്ടികളും ഉള്ള കുടുംബം. ചുരുക്കത്തിൽ ലീലയുടെ കുടുംബം തന്നെ.

ഫോട്ടോ : കിള്ളിമംഗലം കുഞ്ചു നമ്പൂതിരിപ്പാട്

ലീല എഴുതാൻ തുടങ്ങുന്ന ആ കാലത്ത് കുട്ടികൾക്ക് വേണ്ടി എഴുതിയിരുന്ന മാലിയും നരേന്ദ്രനാഥും അരങ്ങൊഴിഞ്ഞിരുന്നു. കെ.വി. രാമനാഥൻ എഴുതി തുടങ്ങിയിരുന്നതും ഇല്ല. ആ ഒഴിവിലേക്കാണ് ലീല കാൽ വച്ചത്. കുട്ടികൾക്ക് ലീലയുടെ കഥകൾ വളരെ ഇഷ്ടമായി. പല കുട്ടികളും അവർക്ക് മധുരക്കഥകൾ പറഞ്ഞു കൊടുക്കുന്ന സുമംഗല മുത്തശ്ശിക്ക് എഴുത്തുകൾ എഴുതാൻ തുടങ്ങി. എല്ലാ കത്തുകൾക്കും കൃത്യമായ മറുപടിയും മുത്തശ്ശി അയച്ചുകൊടുത്തു. അങ്ങനെ കണ്ടിട്ട് പോലും ഇല്ലാത്ത കുറെയേറെ കൊച്ചു ചങ്ങാതിമാർ ലീലയ്ക്ക് ഉണ്ടായി. സ്വന്തം അച്ഛനോടും അമ്മയോടും  ചോദിക്കാൻ കഴിയാത്ത പല കാര്യങ്ങളും അവർ സുമംഗല മുത്തശ്ശിയുമായി പങ്കുവെച്ചു. ബാലസാഹിത്യകാരിയായതു കൊണ്ട് പ്രശസ്തിയേക്കാൾ സമ്പത്തിനേക്കാൾ കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹമെന്ന അമൂല്യ നിധി സ്വന്തമാക്കാൻ കഴിഞ്ഞു.

ലീലയുടെ ജീവചരിത്ര രചനയ്ക്കിടയിൽ എന്നോടു പങ്കുവച്ച സ്മരണകളിൽ അധികവും അച്ഛനെക്കുറിച്ചുള്ളതായിരുന്നു.

ഒ എംസി നമ്പൂതിരിപ്പാടിന്റെ വേദങ്ങളിലും പുരാണങ്ങളിലും ഉള്ള അഗാധ പാണ്ഡിത്യം മകളെ ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹമാണ് ഭാര്യ ഉമയ്ക്ക് ഇംഗ്ലീഷും സംസ്കൃതവും എല്ലാം പഠിപ്പിച്ചു കൊടുത്തത്. അച്ഛൻ മരിച്ച പിറ്റേദിവസം ഒ എം സി യുടെ അനിയത്തി പാർവതി, ലീലയോട് പറഞ്ഞു. "പതിവുപോലെ സൂര്യൻ ഉദിച്ചു. പക്ഷികൾ പാടിത്തുടങ്ങി. പൂക്കൾ ഒക്കെ വിരിഞ്ഞു. ആളുകൾ എല്ലാവരും അവരവരുടെ കർമ്മങ്ങളിൽ മുഴുകി. എല്ലാം പതിവുപോലെ! പക്ഷേ എന്റെ വല്യേട്ടൻ മാത്രം ഈ ലോകത്തില്ല " ശരിയാണ്. അഗാധമായ സഹോദര സ്നേഹം ഉള്ളവരായിരുന്നു പാർവ്വതിയും ഒ എം സി യും. ഒഎംസി മരിച്ച ദുഃഖം അഞ്ചുവർഷത്തോളം ലീലയെ കഠിനമായി വേദനിപ്പിച്ചു. ഒന്നും എഴുതാതെയും വായിക്കാതെയും അച്ഛനെ മാത്രം ഓർത്ത് കഴിഞ്ഞ നാളുകളായിരുന്നു അത്. അപ്പോൾ ലീലയ്ക്ക് പ്രായം 55.

ഒ എം സി യുടെ അനിയൻ ശങ്കരൻ നമ്പൂതിരിപ്പാട് ക്വിറ്റ് ഇന്ത്യാപ്രക്ഷോഭത്തിൽ പങ്കെടുത്ത വ്യക്തിയായിരുന്നു. 1942ൽ ജയിലിൽ കിടക്കുമ്പോൾ അദ്ദേഹം ഒഎംസിക്ക് ധാരാളം കത്തുകൾ എഴുതി. ജയിലിൽ ഒപ്പം രാജഗോപാലാചാരി, സഞ്ജീവ റെഡ്ഡി, ഭക്തവത്സലം, കല്ക്കി‍ കൃഷ്ണമൂർത്തി മുതലായവരൊക്കെ ഉണ്ടായിരുന്നു. രാഷ്ട്രീയ അസ്വാരസ്യങ്ങളെക്കുറിച്ചും അന്നത്തെ ജയിൽ ജീവിതത്തെക്കുറിച്ചും ആയിരുന്നു കത്തിൽ കൂടുതലും പ്രതിപാദിച്ചിരുന്നത്. ആറുമാസത്തെ ജയിൽവാസത്തിനുശേഷം വല്യ ഫ്ഫൻ ശങ്കരൻ തിരിച്ചെത്തി. അരയ്ക്കൊപ്പം ഉള്ള വലിയ ട്രൗസറും ചെറിയ വരകൾ ഉള്ള ഒരു കുപ്പായവും ആയിരുന്നു അന്ന് അദ്ദേഹത്തിന്റെ വേഷം. ആ വേഷത്തിൽ എനിക്ക് ഒരു ഫോട്ടോ എടുക്കണം എന്ന് ഒഎംസിയോട് അദ്ദേഹം ആവശ്യപ്പെട്ടു. കുഞ്ചുവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഒറ്റപ്പാലത്തുള്ള ഈശ്വര സ്റ്റുഡിയോയിലെ വെള്ളിനേഴിക്കാരൻ കുറുപ്പിനോട് പറയുകയും കുറുപ്പ് വരികയും എല്ലാവരെയും വിളിച്ചുവരുത്തി ഒരു ഫോട്ടോ എടുക്കുകയും ചെയ്തു.

പട്ടിണി കിടന്നുള്ള കഠിനമായ വ്രതമൊന്നും എടുക്കണ്ട എന്ന് ഇടക്കിടെ ഭാര്യ ഉമയോട് പറയുമായിരുന്നു അദ്ദേഹം. 'മൂന്നുതവണയേ അച്ഛനെ ഭക്ഷണം കഴിക്കാതെ ലീല കണ്ടിട്ടുള്ളൂ.കഥകളി ആചാര്യന്‍ പട്ടിക്കാന്തൊടി രാവുണ്ണി മേനോന്‍ മരിച്ച ദിവസം, അമ്മാളു അമ്മ മരണപ്പെട്ടതറിഞ്ഞ ദിവസം (ഒഎം സി ജനിക്കുന്നതിനു മുമ്പേ വീട്ടില്‍ വന്നു കൂടിയ അമ്മ്യാര് ആയിരുന്നു അവര്‍ ),പിന്നെ മഹാത്മാ ഗാന്ധി മരിച്ച വിവരമറിഞ്ഞപ്പോള്‍. ഒരു തികഞ്ഞ ഗാന്ധിയനായിരുന്നു ഒ എം സി.

എട്ടാം വയസിൽ ഫസ്റ്റ് ഫോറം പഠിക്കുമ്പോൾ അധ്യാപകനായ അച്യുതക്കുറുപ്പ് ലീലയ്ക്ക് പ്രസംഗിക്കാൻ ഒരവസരം കൊടുത്തു. അന്ന് അഫ്ഫൻ ശങ്കരൻ, ജയിലിൽ കിടക്കുന്ന കാലമായിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രസംഗിക്കാം എന്ന് കരുതി സ്റ്റേജിൽ കയറി. സ്വാതന്ത്ര്യത്തെ പറ്റിയും അസ്വാതന്ത്ര്യം മനുഷ്യനെ തളർത്തുന്നതിനെ പറ്റിയും എല്ലാം പ്രസംഗിച്ചു. എന്തൊക്കെയോ വിളിച്ചു പറഞ്ഞു  സ്റ്റേജിൽ നിന്നും ഓടിയിറങ്ങി. ഇതുകണ്ട് കുറുപ്പ് മാഷ് പറഞ്ഞു: "എന്തൊക്കെയാ കുട്ടി ഈ പ്രസംഗിച്ചത്? ഇങ്ങനെ ഒക്കെ പറഞ്ഞാൽ ജയിലിൽ പോവേണ്ടി വരും " എന്ന്. കുറച്ചുനേരം ചിന്തിച്ച ലീല മറുപടി പറഞ്ഞു " അതിനിപ്പോൾ കുഴപ്പം ഒന്നും ല്യ മാഷേ ..... ജയിലിൽ എന്റെ വല്യഫ്ഫൻ ണ്ടല്ലോ "

തുഷ്ടി നിറഞ്ഞ ബാല്യകാലമായിരുന്നു ലീലയുടെത്. ഒരു പാട് ആളുകൾ വന്നും പോയും കൂട്ടുകുടുംബമായി താമസിച്ചുമിരുന്ന വീട്. അധികം വർത്തമാനം പറയുന്നതു കേൾക്കുമ്പോൾ ഒ എം സി പറയുമായിരുന്നു "വെള്ളിനേഴീന്ന് ഒരു കാക്ക വന്നാൽ മതി പിന്നെ വർത്താനായി " എന്ന്. ബാലസാഹിത്യത്തിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത സുമംഗല മുത്തശ്ശിയുടെ കഥകൾ അധികവും തന്റെ ജീവിത പരിസരം  ഇഴ ചേർത്ത് എഴുതിയവ തന്നെ ആയിരുന്നു. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കു വേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു. പൂമ്പാറ്റ ബാലമാസിക നടത്തിയിരുന്ന പി.എ വാരിയർ ലീലയുടെ കുടുംബ സുഹൃത്തായിരുന്നു. ലീലയുടെ കുട്ടികൾ മുതിർന്നിട്ടും അദ്ദേഹത്തിന്റെ നിർബന്ധ പ്രകാരം ലീല കഥയെഴുത്ത് തുടർന്നു. പുഴക്കരയിലെ വീട്, കുറ്റവാളി, തങ്ക കിങ്ങിണി, മഞ്ചാടിക്കുരു, രഹസ്യം, മുത്തു സഞ്ചി, വിശപ്പ്, കള്ളനോട്ട്, നീലിമയുടെ കഥകൾ മുതലായവയെല്ലാം ആദ്യം പ്രസിദ്ധീകരിച്ചത് പൂമ്പാറ്റയിലാണ്.

ഇവക്കെല്ലാം പുറമെ ആശ്ചര്യചൂഢാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് അവർ  വിവർത്തനം ചെയ്തു.

നെയ്പ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപ്പൊതി , മുത്തു സഞ്ചി തുടങ്ങി നടന്നു തീരാത്ത കഥ വഴികൾ തുറന്നിട്ട, കുട്ടികൾക്ക് കഥകളുടെ നെയ്പ്പായസം വിളമ്പിയ കഥമുത്തശ്ശിയുടെ ഓർമ്മകൾ, രണ്ടു വർഷം പിന്നിടുന്നു.

Comments