സുന്ദർലാൽ ബഹുഗുണ

മണ്ണായിത്തീർന്ന ഒരില മനുഷ്യരോട്​ പറയുന്നത്​...

ഏറെ സ്വാധീനമുള്ള ബദൽ വികസന ചിന്തകൻ, പല തലമുറകളിൽ പെട്ട ഇക്കോ- പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനം- അന്തരിച്ച സുന്ദർലാൽ ബഹുഗുണയെക്കുറിച്ച്​ ഒരോമർക്കുറിപ്പ്​

മേരിക്കൻ ഇക്കോളജിസ്റ്റ് ഗാരറ്റ് ഹാർദിൻ മുന്നോട്ടു വച്ച ഒരു ചോദ്യമുണ്ട്, ""എന്തു കൊണ്ടാണ് ഇക്കോളജിസ്റ്റുകളും എൻവയോൺമെന്റലിസ്റ്റുകളും വെറുക്കപ്പെട്ടവരും ആളുകൾ ഭയക്കുന്നവരുമായതെന്ന്?''

""അവർക്ക് പറയാനുള്ള കാര്യങ്ങളിൽ പലതും പൊതുജനത്തെ സംബന്ധിച്ച്​പുതിയതാണ്, പുതിയ കാര്യങ്ങൾ ആളുകളെ പരിഭ്രമപ്പെടുത്തും'' എന്നാണ് ഹാർദിന് തന്നെ നൽകിയ മറുപടി.

എന്നാൽ ചിപ്‌കോ പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ ഒരാളായ സുന്ദർലാൽ ബഹുഗുണ തീർച്ചയായും സ്വന്തം രാജ്യത്തിനകത്ത് വെറുക്കപ്പെട്ടിരുന്നില്ല. മറിച്ച്, പ്രകൃതിയെക്കുറിച്ചും അടിസ്ഥാനവർഗത്തിന്റെ അവകാശങ്ങളെക്കുറിച്ചുമുള്ള ധീരവും വിട്ടുവീഴ്ചയില്ലാത്തതുമായ സുന്ദർലാലിന്റെ നിലപാടുകൾക്കു മുന്നിൽ ഭൂമി പിടിച്ചെടുക്കുന്നവരും കാട് കൈയ്യേറുന്നവരും മെഗാ ഡെവലപ്‌മെന്റലിസ്റ്റുകളും മുട്ടുമടക്കുകയും, അദ്ദേഹം പ്രബലനാവുകയുമാണുണ്ടായത്.

ചിപ്‌കോ പ്രസ്ഥാനത്തിന്റെ പ്രബല നേതാവെന്ന നിലക്ക് ഹിമാലയൻ ഭൂവിഭാഗത്തിലെ കാടുകളും മറ്റു പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിൽ ബഹുഗുണ വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഹാർദിൻ പറഞ്ഞത് എല്ലാ തരത്തിലുമുള്ള മഹാവിപത്തുകളെ കുറിച്ചാണ് എന്ന് യഥാർത്ഥത്തിൽ സുന്ദർലാൽ ബഹുഗുണ ഭയപ്പെട്ടിരുന്നു. ദ ട്രാജഡി ഓഫ് കോമൺസിൽ (1968) ഹാർദിൻ എഴുതുന്നു; ""എല്ലാ മനുഷ്യരും തിടുക്കപ്പെടുന്നത് നാശത്തിലേക്കാണ്, ഒരോരുത്തരും അവരവരുടെ താൽപര്യങ്ങൾ പിന്തുടരുന്നു എന്നു മാത്രം.''
ഈ "തിടുക്കത്തെ'ക്കുറിച്ച് ബഹുഗുണയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണദ്ദേഹം ഹന്ന ആരെന്ദിന്റെ "പൊതു മണ്ഡലം' എന്ന സങ്കൽപത്തിലൂന്നി, തന്റെ ‘സാക്രഡ് ഇക്കോളജി’ എന്ന ആശയം അവതരിപ്പിച്ചത്. ഹിമാലയത്തെ ഒരു പ്രത്യക്ഷ പൊതുമണ്ഡലമാക്കി മാറ്റണമെന്നാവശ്യപ്പെട്ട ബഹുഗുണ തന്നെ ഹിമാലയത്തിന്റെ പരിസ്ഥിതിയുടെ സംരക്ഷകനായും സ്വയം അവരോധിച്ചു.

ലോകത്തെ ഒരു പൊതു മണ്ഡലമായി വിഭാവനം ചെയ്യുമ്പോൾ, അതിനെ ഒരു തലമുറയ്ക്കു മാത്രമായി കെട്ടിപ്പടുത്താനോ അവരുടെ ജീവിതത്തിന് മാത്രമായി ക്രമപ്പെടുത്താനോ സാധിക്കില്ല. അത് നശ്വരനായ മനുഷ്യരുടെ ജീവിത കാലയളവിനെ അതിജീവിക്കേണ്ടതുണ്ട്. ഭൗമ അനശ്വരത്വത്തിലേക്കുള്ള ഈയൊരു അതിജീവനം കൂടാതെ, ഒരു രാഷ്ട്രീയവും, ഒരു പൊതു ലോകവും, പൊതു ഇടങ്ങളും സാധ്യമല്ല. ഈ അതിജീവന പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു സുന്ദർലാൽ ബഹുഗുണ.

വിദ്യാർത്ഥികളോടൊപ്പം സുന്ദർലാൽ ബഹുഗുണ

ഗാന്ധിയൻ തന്ത്രമായ അഹിംസയിലൂന്നിയ പ്രതിരോധവും പ്രതിഷേധവും ആവിഷ്‌കരിച്ച് പരിസ്ഥിതി പ്രവർത്തനത്തിന്റെ പുതിയൊരു ശ്രേണി ആരംഭിക്കാൻ ബഹുഗുണയക്ക് സാധിച്ചു. ചിപ്‌കോ പ്രസ്ഥാനത്തിന്റെ പ്രബല നേതാവെന്ന നിലക്ക് ഹിമാലയൻ ഭൂവിഭാഗത്തിലെ കാടുകളും മറ്റു പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിൽ ബഹുഗുണ വലിയ പങ്കു വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സുരക്ഷ, അഹിംസയിലൂന്നിയ പ്രതിഷേധം എന്നിവയെക്കുറിച്ചുള്ള സന്ദേശം ലോകത്തിന് മുന്നിലെത്തിക്കാനും അദ്ദഹത്തിന് കഴിഞ്ഞു.

സ്വാതന്ത്ര്യസമര പോരാട്ടത്തിനും ഇന്നത്തെ കാലത്തെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കും ഇടയിലെ തുടർച്ചയായിരുന്നു ബഹുഗുണയെന്ന് പരിസ്ഥിതി പ്രവർത്തക വന്ദന ശിവ പറയുന്നു: ""ഗാന്ധിയൻ തത്വശാസ്ത്രം എന്നെ പഠിപ്പിച്ചത് ബഹുഗുണ സുന്ദർലാലും വിമ്‌ല ബഹുഗുണയുമാണ്. അതായത്, പരിസ്ഥിതിയാണ് സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥ എന്നതും, മറ്റുള്ളവർക്ക് സേവനം ചെയ്ത് ലളിതജീവിതം നയിക്കലാണ് അഹന്താകേന്ദ്രീകൃത ചിന്തയിൽ നിന്ന് പരിസ്ഥിതി കേന്ദ്രീകൃത ചിന്തയിലേക്ക് മാറുന്നതിൽ പ്രധാനമെന്നും അവരിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്. അഹന്താനിഷ്ഠ ആർത്തിയും, ഉപഭോഗസംസ്‌കാരവും, മറ്റുള്ളവരുടെ പങ്കിൽ നിന്ന് എടുക്കാനുള്ള ത്വരയും വർധിപ്പിക്കും. അതേസമയം പരിസ്ഥിതി കേന്ദ്രീകൃത ചിന്താവ്യവസ്ഥ കരുതലിനേയും, പങ്കുവെക്കലിനേയും പരിപോഷിപ്പിക്കും. ബഹുഗുണ പ്രകൃതിക്കും അതിന്റെ സംരക്ഷണത്തിനും വേണ്ടിയാണ് ജീവിച്ചത്. ജീവനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള തുടർച്ചയായ സത്യാഗ്രഹമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.''

ചിന്തയിലും പ്രവർത്തിയിലും ഗാന്ധിയനായിരുന്ന ബഹുഗുണ, ജാതി വിവേചനത്തെ വെല്ലുവിളിക്കുകയും ആത്മനിർണയത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ഊർജ്ജം മറ്റുള്ളവരിൽ പകരുകയും ചെയ്തു

1927ൽ ഇന്നത്തെ ഉത്തരാഖണ്ഡലിൽ സ്ഥിതി ചെയ്യുന്ന തെഹ്‌രി ജില്ലയിൽ ജനിച്ച ബഹുഗുണ, ഹിമാലയാസിലെ ഇടതിങ്ങിയ മരങ്ങളും വിശാലമായ പുൽത്തകിടികളുമുള്ള പരിസ്ഥിതിയിലാണ് വളർന്നത്. തന്റെ 13-ാം വയസ്സിൽ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ പങ്കെടുത്ത ബഹുഗുണ അറസ്റ്റിലായി. അതിനു ശേഷം സാമൂഹ്യപ്രവർത്തനളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഭാര്യ വിമ്‌ലയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സാമൂഹിക തുല്യതയെക്കുറിച്ചും, ഉപജീവനത്തിന്റെ സുസ്ഥിരതയെക്കുറിച്ചുമുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ച് ബഹുഗുണ ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കാനാരംഭിച്ചു. കൂടുതൽ ഗഹനമായി കാര്യങ്ങളെ നോക്കിക്കാണാൻ വിമ്‌ലയാണ് തന്നെ പ്രേരിപ്പിച്ചതെന്ന് ബെറ്റർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്: ""യഥാർത്ഥ മാറ്റങ്ങൾ കൊണ്ടുവരാൻ ഞാൻ എനിക്കു ചുറ്റുമുള്ള കുമിളയ്ക്ക് പുറത്തു കടന്ന്, ഗ്രാമീണ മേഖലയിലേയും ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേയും ജനങ്ങൾക്കിടയിൽ ജീവിക്കണമെന്ന തിരിച്ചറിവ് ലഭിക്കുന്നത് വിമ്‌ലയുടെ പിന്തുണ കാരണവും മറ്റു ചിലരുടെ മാർഗനിർദേശങ്ങളിൽ നിന്നുമാണ്. എനിക്കവരുടെ ദൈനംദിന പ്രശ്‌നങ്ങൾ മനസ്സിലാക്കാനും, സർക്കാർ നയങ്ങൾ അവർക്ക് സഹായകരമാണോ എന്നറിയേണ്ടതായും ഉണ്ടായിരുന്നു.''

ഭാര്യ വിമ്‌ല ബഹുഗുണയോടൊപ്പം സുന്ദർലാൽ ബഹുഗുണ

മറ്റൊരു അഭിമുഖത്തിൽ ബഹുഗുണ പറയുന്നു: ""1956-ൽ ഞാൻ രാഷ്ട്രീയം വിട്ട് ഭാര്യയോടൊപ്പം ഒരാശ്രമം പണിത് ദരിദ്രരോടൊപ്പം താമസിക്കാൻ ആരംഭിച്ചു. ഇവരുടെ ദാരിദ്ര്യത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്താൻ ശ്രമിച്ചു. മണ്ണൊലിപ്പും, ജല​സ്രോതസ്സുകളുടെ വരൾച്ചയും, വനനശീകരണവുമായിരുന്നു അതിനുള്ള പ്രധാന കാരണങ്ങൾ. ഗ്രാമത്തിലെ സ്ത്രീകൾ ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ഭാഗമായി. ഞങ്ങളുടെ പ്രദേശത്ത് സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയുടെ നട്ടെല്ല് സ്ത്രീകളായിരുന്നു. മണ്ണൊലിപ്പ് കാരണം പുരുഷന്മാർ ഉപജീവമാർഗ്ഗത്തിനായി മറ്റു പ്രദേശങ്ങളിലേക്ക് പോയതോടെ ഗ്രാമത്തിൽ സ്ത്രീകൾ മാത്രമായി. കുടുംബം പുലർത്തേണ്ടതിന്റെ മുഴുവൻ ഉത്തരാദിത്തങ്ങളും ഇതോടെ സ്ത്രീകളുടെ ചുമലിലായി. കാലിത്തീറ്റ, വിറക്, വെള്ളം തുടങ്ങിയവയെല്ലാം സ്ത്രീകളാണ് ശേഖരിച്ചിരുന്നത്.''

1981-83 കാലയളവിൽ ബഹുഗുണ കാഷ്മീരിൽ നിന്ന് കോഹിമയിലേക്ക് നടത്തിയ 4,870 കിലോമീറ്റർ ദൂരം വരുന്ന പദയാത്ര അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗ്രീൻ ഫെല്ലിംങ്ങ് നിരോധിക്കുന്നതിന് കാരണമായി.

ചിന്തയിലും പ്രവർത്തിയിലും ഗാന്ധിയനായിരുന്ന ബഹുഗുണ, ജാതി വിവേചനത്തെ വെല്ലുവിളിക്കുകയും ആത്മനിർണയത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ഊർജ്ജം മറ്റുള്ളവരിൽ പകരുകയും ചെയ്തു. സർവോദയ പ്രസ്ഥാനം അദ്ദേഹത്തിൽ ശ്വാശതമായ സ്വാധീനം ചെലുത്തി. വിനോദ് ഭാവെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബഹുഗുണ, ജില്ലകൾ തോറും പരിസ്ഥിതി സുരക്ഷയെക്കുറിച്ച് ബോധവൽകരണം നടത്താൻ പദയാത്രകൾ നടത്തി. പരിസ്ഥിതി മുന്നേറ്റങ്ങളിൽ കാര്യമായ വളർച്ചയുണ്ടായ പതിറ്റാണ്ടാണ് 1960കൾ. മരങ്ങൾ മുറിക്കുന്നതിനെതിരെ ഗാന്ധിയൻ ശൈലിയിൽ പ്രതിഷേധിക്കാൻ ഗ്രാമീണരെ പ്രേരിപ്പിക്കാൻ ചാണ്ടി പ്രസാദ് ഭട്ടിനൊപ്പം ബഹുഗുണയ്ക്ക് വിജയകരമായി സാധിച്ചു. ഇത് പിന്നീട് 1973ൽ ചിപ്‌കോ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നതിന് കാരണമായി. ചിപ്‌കോ പ്രസ്ഥാനത്തിന്റെ സന്ദേശം വ്യക്തവും ശക്തവുമായിരുന്നു.
"ഇന്ന്, ഹിമാലയാസ് നിന്നെ വിളിക്കുന്നു. ഉണരൂ, എന്റെ ലേലം അനുവദിക്കരുത്. അറുത്തുമുറിക്കപ്പെടുന്നതിൽ നിന്നും എന്നെ രക്ഷിക്കൂ.'

ജനങ്ങളിലും അധികാരകേന്ദ്രങ്ങളിലും ഭീമൻ നിർമാണപ്രവർത്തനങ്ങളുടേയും വനനശീകരണത്തിന്റേയും വിപത്തുകളെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കാൻ ബഹുഗുണ ശ്രമിച്ചു. അദ്ദേഹത്തിന്റെ പദയാത്രകൾക്ക് വമ്പിച്ച സ്വീകരണവും പിന്തുണയുമാണ് ലഭിച്ചിരുന്നത്. 1973ൽ 120 ദിവസങ്ങൾ കൊണ്ട് 1,400 കിലോമീറ്ററുകൾ താണ്ടിയായിരുന്നു ഇതിന്റെ ആരംഭം. പിന്നീട് 1975ൽ ഉത്തരാഖണ്ഡിലൂടെ 2,800 കിലോമീറ്റർ ദൂരം അദ്ദേഹം സഞ്ചരിച്ചു. 1981-83 കാലയളവിൽ ബഹുഗുണ കാഷ്മീരിൽ നിന്ന് കോഹിമയിലേക്ക് നടത്തിയ 4,870 കിലോമീറ്റർ ദൂരം വരുന്ന പദയാത്ര അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഗ്രീൻ ഫെല്ലിംങ്ങ് നിരോധിക്കുന്നതിന് കാരണമായി.

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിനൊപ്പം സുന്ദർലാൽ ബഹുഗുണ

1970-80കളിലെ "സേവ് സൈലൻറ്​ വാലി' പ്രസ്ഥാനത്തിനും ബഹുഗുണ പ്രചോദനമായി. പ്രശസ്ത പരിസ്ഥിതിപ്രർത്തകനും മെൻ ഓഫ് ട്രീസിന്റെ സ്ഥാപകനുമായ റിച്ചാർഡ് ബാർബെ ബേക്കർ ഇന്ത്യയിലേതു പോലുള്ള ട്രോപ്പിക്കൽ വനങ്ങളുടെ വർധിച്ചു കൊണ്ടിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ബഹുഗുണയെ ഓർമിപ്പിക്കാറുണ്ടായിരുന്നു. 1977ൽ സുന്ദർലാൽ ബഹുഗുണയെ കണ്ട്, നിരാഹാരത്തിലൂടെയും ജയിലിൽ കിടന്നും മരം മുറിക്കുന്നത് തടഞ്ഞതിനെ താൻ പ്രശംസിച്ചതായും 1980 ഓഗസ്റ്റ് 20ന് ബോംബെയിൽ നടത്തിയ പ്രസംഗത്തിൽ റിച്ചാർഡ് ബാർബെ ബേക്കർ പറയുന്നുണ്ട്. ""സൈലൻറ്​ വാലിയുടെ കാര്യത്തിൽ നമുക്ക് സാധിക്കുന്നതെല്ലാം ചെയ്യണം. നമ്മൾ എല്ലാവരും അതിനു വേണ്ടി നിരാഹാരം കിടക്കേണ്ടിവരുമെന്ന് എനിക്ക് തോന്നുന്നു.'' അദ്ദേഹം പറഞ്ഞു.

1989-ൽ മരിച്ച ബേക്കറെ കുറിച്ച് ബഹുഗുണ ഇങ്ങനെ പറയുന്നു: ""1977-ലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്താരാഷ്ട്ര വെജിറ്റേറിയൻ കോൺഫറൻസിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദ്ദേഹം. ചിപ്‌കോ പ്രസ്ഥാനത്തെക്കുറിച്ച് അറിഞ്ഞയുടൻ അദ്ദേഹം അവിടം വിട്ട് ഹിമാലയാസിലേക്ക് പോകാൻ തീരുമാനിച്ചു. "ശാസ്ത്രീയ മരംമുറി'ക്കെതിരെ പോരാടുന്നതു കൊണ്ട് അന്ന് ഒട്ടും സ്വീകാര്യനല്ലായിരുന്നു ഞാൻ. ഡൽഹിയിലെ പ്രധാനികൾക്ക് അദ്ദേഹം സമരത്തിന്റെ ഭാഗമാകുന്നതിനോട് എതിർപ്പായിരുന്നു. അദ്ദേഹത്തെ സ്വാധീനിക്കാൻ, "നിങ്ങൾ പ്രായമായ വ്യക്തിയാണ്, മോശം ആരോഗ്യം മുൻനിർത്തി മലയിലേക്കുള്ള ദുർഘടമായ പാതയിലൂടെ സഞ്ചരിക്കുന്നതിലെ അപകടസാധ്യത പരിഗണിക്കണം,' എന്നവർ പറഞ്ഞു. "കൂടിയതെന്റെ മരണമായിരിക്കും സംഭവിക്കുക. ഞാനിപ്പോൾ തന്നെ ജീവിക്കുന്നത് ബോണസിലാണ്. ജീവിക്കാൻ ഒരു ദിവസം മാത്രം ബാക്കിയാവുകയും, അന്നു ഞാൻ ഹിമാലയത്തിന്റെ താൽപര്യങ്ങൾക്കു വേണ്ടി മരിക്കുകയും ചെയ്താൽ അന്തെന്റെ ജീവിതത്തിലെ ശ്രേഷ്ഠമായ ദിവസമായിരിക്കും. ഞാൻ സ്വർഗസ്ഥനാവും.' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ ഉറച്ച തീരുമാനം കണ്ട് അവർ ചോദിച്ചു, "കൂടെ പോകാനൊരുങ്ങുന്ന ആളെ നിങ്ങൾക്കെന്നു മുതലാണ് പരിചയം?', "നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്? ഒരുപാട് കാലങ്ങളായി എനിക്കിയാളെ അറിയാം!!' പതിനൊന്നു ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഞാനദ്ദേഹത്തെ ഗാന്ധിയുടെ ശിഷ്യനായ വിനോദ് ഭാവെയുടെ അടുത്തു കൊണ്ടു പോയി. പിരിയാറായപ്പോൾ എനിക്ക് ദുഃഖം തോന്നി. ഞാൻ ചോദിച്ചു, "നമ്മളിനി എന്നാണ് കാണുക?', " നമ്മുടെ പ്രാർത്ഥനകൾക്കിടയിലും പ്രകൃതിക്കു വേണ്ടി പോരാട്ടങ്ങൾക്കിടയിലും നമ്മൾ പരസ്പരം കണ്ടുമുട്ടുന്നതായിരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.''

1980കളിലും 90കളിലും രാജ്യത്തെ നദികളുടെയും കാടുകളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളിലെല്ലാം അവിഭാജ്യഘടകമായിരുന്നു ബഹുഗുണ.

ബഹുഗുണയുടെ അഭിസംബോധന അധികാര കേന്ദ്രങ്ങൾക്കുള്ള താക്കീതു കൂടിയായിരുന്നു: ""നമ്മൾ ബൗദ്ധിക പ്രവാചകരുടെ ലോകത്താണ് ജീവിക്കുന്നത്- ക്രൂരരായ ശാസ്ത്രജ്ഞർ, നമ്മുടെ വിധിയെ ഭരിക്കുന്നവർ. ലോകത്തിലെ ദശലക്ഷക്കണക്കിന് ശാസ്ത്രജ്ഞർ ഏറ്റവും കാര്യക്ഷമമായ കില്ലിങ്ങ് മെഷീൻ രൂപപ്പെടുത്തുന്നതിൽ വ്യാപൃതരാണ്. ഭൂമിയിലെ വിഭവങ്ങൾ തുരന്നെടുക്കാനുള്ള പ്രക്രിയക്ക് ആക്കം കൂട്ടാനുള്ള ഗവേഷണങ്ങളിലാണ് ബാക്കിയുള്ളവർ. ഭൗതിക മനുഷ്യരുടെ അത്യാർത്തികളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നവർ. സമ്പദ്‌വ്യവസ്ഥയെ മതമായി സ്വീകരിച്ച, ആർത്തിപൂണ്ട മനുഷ്യർക്ക് പ്രകൃതിയെ നശിപ്പിക്കാനുള്ള മാരകായുധങ്ങൾ പക്ഷപാതപൂർണമായ ഈ ശാസ്ത്രം നൽകിയിട്ടുണ്ട്. ഭൂമിക്ക് മാരകമായി മുറിവു പറ്റിയിട്ടുണ്ട്. അതിന്റെ മക്കൾ ദുരിതത്തിലാണ്. അവരിൽ പലർക്കും വംശനാശം സംഭവിക്കുകയും മറ്റു പലരും വംശനാശത്തിന്റെ വക്കിലുമാണ്. യുദ്ധം, മലിനീകരണം, വിശപ്പ് എന്നീ മൂന്ന് ഭീഷണികൾക്കു മുന്നിൽ ഉഴലുകയാണവർ.''

റിച്ചാർഡ് ബാർബെ ബേക്കർ

1980കളിലും 90കളിലും രാജ്യത്തെ നദികളുടെയും കാടുകളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി മുന്നേറ്റങ്ങളുണ്ടായി. ഈ സമരങ്ങളിലെല്ലാം അവിഭാജ്യഘടകമായിരുന്നു ബഹുഗുണ. ഹിമാലയാസിലെ തന്റെ ജന്മനാട്ടിലെ പുഴയ്ക്കു കുറുകെ തെഹ്‌രി ഡാം പണിയുന്നതിനെതിരെ നടത്തിയ പോരാട്ടമായിരുന്നു അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. തെഹ്‌രി ഡാമിന്റെ അപകടങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കാൻ 1989ൽ അദ്ദേഹം ആദ്യത്തെ നിരാഹാരസമരം ആരംഭിച്ചു. പ്രൊജക്ട് പുനഃപരിശോധിക്കുമെന്ന സർക്കാർ ഉറപ്പിന്റെ അടിസ്ഥാനത്തിൽ 1995ൽ നടത്തിയ 45 ദിവസത്തെ നിരാഹാരസമരം അദ്ദേഹം അവസാനിപ്പിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. 1996ൽ 74 ദിവസം നീണ്ടു നിന്ന മറ്റൊരു നിരാഹാരസമരത്തിനിത് കാരണമായി. സമഗ്രമായ പുനഃപരിശോധന ഉണ്ടാവുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിനു ശേഷമാണിത് അവസാനിപ്പിച്ചത്. ഭീമമായ പുനരധിവാസത്തിനു പുറമെ, ഡാം നിർമാണത്തിന്റെ അന്തരഫലത്തെക്കുറിച്ചും ബഹുഗുണ നിരന്തരം ഓർമിപ്പിച്ചിരുന്നു.

തെഹ്‌രി ഡാം നിർമ്മാണത്തെ എതിർത്ത്​ വിശ്വഹിന്ദു പരിഷത്ത് പ്രമേയം പാസാക്കിയെന്ന് ബഹുഗുണയെ അറിയിച്ചപ്പോൾ അദ്ദേഹം വി.എച്ച്.പിയുടെയും മറ്റുള്ളവരുടേയും പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഇതിനെ തുടർന്ന്, ബഹുഗുണ ഏറെ തെറ്റിദ്ധരിക്കപ്പെട്ടു

പ്രതീക്ഷിച്ചതു പോലെ സർക്കാറിന്റെ ഉറപ്പിന് അൽപായുസായിരുന്നു. നിർമാണം കുറച്ചു കാലത്തേക്ക് നിർത്തിവെക്കുകയായിരുന്നു അവർ. എന്തു തന്നെയായാലും കുറച്ചു വർഷങ്ങൾക്കുള്ളിൽ ഡാം യാഥാർത്ഥ്യമാവുകയും പരിസ്ഥിതി ലോല പ്രദേശങ്ങളെ അത് തീവ്രമായി ബാധിക്കുകയും ചെയ്തു. തെഹ്‌രി ഡാം പരിസരത്തെ ഗ്രാമങ്ങളെ വെള്ളത്തിലാക്കിയെന്നും ഭീമമായ പുനരധിവാസത്തിന് പദ്ധതി കാരണമായെന്നും ബഹുഗുണ തന്നെ പറയുന്നുണ്ട്. പ്രകൃതിയുടെ മേൽ പൊറുക്കാനാവാത്ത തെറ്റാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

1981ൽ സർക്കാർ പത്മശ്രീ നൽകി ആദരിച്ചപ്പോൾ അദ്ദേഹമത് നിരസിച്ചു. എന്നാൽ 2009ൽ സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകിയപ്പോൾ അദ്ദേഹം സ്വീകരിച്ചു. ഒരഭിമുഖത്തിൽ ഇതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ""ഞാൻ നേരത്തെ പത്മശ്രീ നിരസിച്ചിരുന്നു. ഈ വട്ടം ഞാൻ പുരസ്‌കാരം സ്വീകരിച്ചത്, സമഗ്രമായ ഹിമാലയൻ നയം എന്ന എന്റെ ആവശ്യത്തിന് ഇത് ശക്തിപകരുമെന്ന പ്രതീക്ഷയിലാണ്. അത്തരമൊരു നയം ഇല്ലാത്തപക്ഷം ഹിമാലയാസ് ഉടൻ നശിക്കും, പ്രത്യകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും പശ്ചാത്തലത്തിൽ.''

1973 മാർച്ച് 26-ന് ഉത്തരാഖണ്ഡിൽ (അന്നത്തെ ഉത്തർ പ്രദേശ്​ ) ചമോലി ജില്ലയിലെ റെനി ഗ്രാമത്തിൽ ഗ്രാമീണ വനിതകൾ നടത്തിയ ചിപ്കോ സമരം

തെഹ്‌രി ഡാം വിരുദ്ധ സമരകാലത്ത് ബഹുഗുണ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതായി Ecology Is Permanent Economy: The Activism and Environmental Philosophy of Sunderlal Bahuguna എന്ന പുസ്തകത്തിന്റെ രചയിതാവ് ജോർജ് ആൽഫ്രഡ് ജെയിംസ് പറയുന്നുണ്ട്. പാർലമെൻറ്​ ഓഫ് വേൾഡ്‌സ് റിലീജിയനിൽ ജെയിംസ് (2015) അവതരിപ്പിച്ച പേപ്പറിൽ പറയുന്നു; 2001 കുംഭമേളയിലെ ഒരു അഭിമുഖത്തിൽ, തെഹ്‌രി ഡാം നിർമ്മാണത്തെ എതിർത്ത്​ വിശ്വഹിന്ദു പരിഷത്ത് പ്രമേയം പാസാക്കിയെന്ന് ബഹുഗുണയെ അറിയിച്ചപ്പോൾ അദ്ദേഹം വി.എച്ച്.പിയുടെയും മറ്റുള്ളവരുടേയും പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഇതിനെ തുടർന്ന്, ഗംഗയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മതപരമായ ആശങ്കകളെ വി.എച്ച്.പിയുടെ നിഷേധക മത രാഷ്ട്രീയ നിലപാടുകളോടുള്ള സഖ്യമായി വ്യാഖ്യാനിക്കപ്പെടാൻ തുടങ്ങി. ഉദാഹരണത്തിന് ബ്രിട്ടീഷ് ഗവേഷക എമ്മ മൗഡ്‌സ്‌ലെ, വി.എച്ച്.പിയുമായുള്ള ബന്ധം മൂലം ഒരൊത്തുതീർപ്പിലെത്തിയ ആളാണ് പലർക്കും ബഹുഗുണ എന്ന് എഴുതിയിട്ടുണ്ട്.''

ചിപ്‌കോയുടെ പശ്ചാത്തലത്തിലെ അർത്ഥവത്തും ആകർഷകവുമായിരുന്ന മതാത്മകാന്തരീക്ഷം തെഹ്‌രിർ ഡാം വിരുദ്ധ സമരങ്ങളുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമിച്ചെന്ന് ജോർജ് ആൽഫ്രഡ് ജെയിംസ് സമ്മതിക്കുന്നു

ബഹുഗുണയുടെ പ്രസ്താവനകളുടെ ഇത്തരം തെറ്റായ വായനകളെ ജെയിംസ് ചോദ്യം ചെയ്യുന്നുണ്ട്, എങ്കിലും ഇന്ത്യയിൽ സങ്കുചിത വാചാടോപം വർധിച്ചു കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിൽ, ചിപ്‌കോയുടെ പശ്ചാത്തലത്തിലെ അർത്ഥവത്തും ആകർഷകവുമായിരുന്ന മതാത്മകാന്തരീക്ഷം തെഹ്‌രിർ ഡാം വിരുദ്ധ സമരങ്ങളുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമിച്ചെന്ന് അദ്ദേഹം സമ്മതിക്കുന്നു.

ഹിന്ദുത്വയുമായി ബഹുഗുണയ്ക്ക് ബന്ധം ഉണ്ടെന്ന ആരോപണത്തിന് ജെയിംസ് മറുപടി നൽകുന്നുണ്ട്. മാത്രമല്ല ആത്മീയതയും സങ്കുചിത മതബോധവും തമ്മിൽ നിർണായക വ്യത്യാസം ഉണ്ടെന്നും, തെഹ്‌രി ഡാം വിരുദ്ധ സമരം ജനങ്ങൾ ആരംഭിച്ച്, ജനങ്ങളാൽ ശക്തിപ്പെട്ട മുന്നേറ്റമാണെന്നും വി.എച്ച്.പിക്ക് ഇതുമായി ബന്ധം ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ് ബഹുഗുണ തന്നെ ആരോപണങ്ങളെ നിഷേധിക്കുന്നുണ്ട്.

ഭാര്യ വിമ്‌ല ബഹുഗുണയോടൊപ്പം സുന്ദർലാൽ ബഹുഗുണ

തന്റെ നിരന്തര പോരാട്ടത്തിൽ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ച് ബഹുഗുണ ബോധവാനായിരുന്നു. അത് കൊണ്ടാണദ്ദേഹം ഇങ്ങനെ പറഞ്ഞത്; ഒഴുക്കിനെതിരെ നീന്തുന്നവരെ, സത്യത്തിന് വേണ്ടി പോരാടുന്നവരെ കാത്തിരിക്കുന്നത് നാലു കാര്യങ്ങളാണ്; അധിക്ഷേപം, അവഗണന, ഒറ്റപ്പെടുത്തൽ പിന്നെ അപമാനവും.

ദരിദ്രരുടേയും പാർശ്വവൽക്കരിക്കപ്പെട്ടരുടേയും അവകാശങ്ങൾക്കും വനസംരക്ഷണത്തിനും വേണ്ടിയുള്ള തന്റെ ദീർഘകാലത്തെ പോരാട്ടത്തിൽ നിന്ന് അദ്ദേഹം ഒരിക്കൽ പോലും സംശയിച്ച് നിൽക്കുകയോ പിന്മാറുകയോ ചെയ്തില്ല.

വികസനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതിന്റെ ആവശ്യകത ബഹുഗുണ നിരന്തരം ഉയർത്തിക്കാട്ടി. വികസനം സംസ്‌കാരവുമായി ബന്ധപ്പെട്ടതായിരിക്കണം, അദ്ദേഹം വാദിച്ചു. നമ്മൾ സമാധാനവും, സന്തോഷവും, സമൃദ്ധിയും, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ തൃപ്തിയും കണ്ടെത്താൻ പാകത്തിൽ പ്രകൃതിയെ ശുദ്ധീകരിച്ചാൽ അത് സംസ്‌കാരത്തോട് അടുക്കലാണ്. വികസനത്തിന്റെ ഉത്തമ ലക്ഷ്യം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹവർതിത്ത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ നമ്മൾ ഭൂമിയോടും പ്രകൃതിയോടും ചെയ്യുന്നത് അക്രമമാണ്. നമ്മൾ പ്രകൃതിയുടെ കശാപ്പുകാരായി മാറിയിരിക്കുന്നു.

ദരിദ്രരുടേയും പാർശ്വവൽക്കരിക്കപ്പെട്ടരുടേയും അവകാശങ്ങൾക്കും വനസംരക്ഷണത്തിനും വേണ്ടിയുള്ള തന്റെ ദീർഘകാലത്തെ പോരാട്ടത്തിൽ അദ്ദേഹം ഒരിക്കൽ പോലും സംശയിച്ച് നിൽക്കുകയോ പിന്മാറുകയോ ചെയ്തില്ല. ഏറെ സ്വാധീനമുള്ള ബദൽ വികസന ചിന്തകനും, പല തലമുറകളിൽ പെട്ട ഇക്കോ- പൊളിറ്റിക്കൽ ആക്ടിവിസ്റ്റുകൾക്ക് പ്രചോദനവുമാണ് സുന്ദർലാൽ ബഹുഗുണ. ▮

വിവർത്തനം: മുഹമ്മദ് ഫാസിൽ


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments