അജയൻ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം

ജയൻ ഇന്നലെ ജോലിയിൽ നിന്നു വിരമിച്ചു. ഉച്ചകഴിഞ്ഞ് വൽസലനും ശ്രീകുമാറിനും ഒപ്പം അജയന്റെ വീട്ടിൽ പോയി. കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. അഞ്ചു മണിയോടെ മടങ്ങി. തിരിച്ചിറങ്ങുമ്പോൾ ആകാശം കാർ മൂടി നിൽക്കുകയായിരുന്നു. മനസ്സിൽ പതിയെപ്പതിയെ ശൂന്യത വളരുന്നുണ്ടായിരുന്നു. ആഴമേറിയ ഏതോ വിഷാദവും. ജീവിതകാലം മുഴുവൻ ഇനിയത് കൂടെയുണ്ടാവും. അജയൻ എനിക്ക് ആരായിരുന്നു?
സുനിശ്ചിതമായ ഉത്തരമൊന്നുമില്ല. 22 വർഷക്കാലത്തെ സൗഹൃദമാണ്.
ഇക്കാലത്ത് ഞാൻ ഏറ്റവുമധികം സംസാരിച്ചത് അജയനോടാവണം.
നാട്ടുകാര്യങ്ങളും ചെറുഫലിതവും മുതൽ സാഹിത്യവും കലയും രാഷ്ട്രീയവും വരെ എല്ലാം ഞങ്ങൾ തമ്മിൽ പ്പറഞ്ഞു. എന്റെ എഴുത്തുകളെല്ലാം ആദ്യം വായിച്ചത് അജയനാണ്. മിക്കവാറും എല്ലാ തോന്നലുകളും ആദ്യം പറഞ്ഞത് അജയനോടാണ്. സന്തോഷങ്ങളിൽ അജയൻ ഒപ്പം ചിരിച്ചു. സങ്കടങ്ങളിലും പ്രയാസങ്ങളിലും കരുണയും കരുതലുമായി കൂടെ നിന്നു. മനുഷ്യരെ അവരായിരിക്കുന്നതു പോലെ സ്നേഹിക്കുകയാണ് അജയൻ ചെയ്തത്. ഏതു വിദ്യാർത്ഥിക്കും അജയൻ എപ്പോഴും ലഭ്യമായിരുന്നു. വിജയികളേക്കാൾ അയാൾ പരാജിതരെ കൂടെ കൂട്ടി. അവരുടെ അഭയവും പ്രത്യാശയുമായി. അജയനോളം അതിനു കഴിയുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അജയന് എല്ലാ കാര്യങ്ങളിലും ഉറച്ച ബോധ്യങ്ങൾ ഉണ്ടായിരുന്നു എന്നാണെനിക്ക് മനസ്സിലായിട്ടുള്ളത്. സാഹിത്യവും കലയും മുതൽ ദൈനംദിനരാഷ്ട്രീയ കാര്യങ്ങൾ വരെ അജയൻ ജാഗ്രതയോടെ ശ്രദ്ധിച്ചിരുന്നു. എല്ലാത്തിനെക്കുറിച്ചും സുചിന്തിതമായ നിലപാടുകൾ രൂപപ്പെടുത്തിയിരുന്നു. പക്ഷേ, അതൊന്നും ഉറക്കെപ്പറയാനോ അടിച്ചേൽപ്പിക്കാനോ അജയൻ ശ്രമിച്ചതേയില്ല. നിശിതവും അഗാധവുമായ ഉൾക്കാഴ്ചകൾ പതിഞ്ഞ ശബ്ദത്തിൽ മാത്രം പറഞ്ഞു.
താനായി പണിതെടുത്ത ലോകങ്ങളിലും താനിതിനാളല്ല എന്ന് പിൻവാങ്ങി നിന്നു. എല്ലാവരുടേതുമായിട്ടല്ലാതെ തന്റേതു മാത്രമായ ഒരു ലോകം അജയൻ ആഗ്രഹിച്ചില്ല. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന' പരമമായ വിവേകമായിരുന്നു അയാൾ.

1998 ലാണ് സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ ഞങ്ങൾ ഒത്തുചേർന്നത്. സ്കറിയാമാഷ്, ദിലീപ്, അജയൻ, പവിത്രൻ, ഷാജി ജേക്കബ്ബ്, സജിത, ഞാൻ... ഇങ്ങനെ ഏഴു പേർ. അറിവിന്റെയും ഉദാരതയുടെയും വനവൃക്ഷമായിരുന്നു സ്കറിയാ മാഷ്. എവിടേക്കും തുറന്നിരുന്ന മനസ്സ്. ജനാധിപത്യബോധത്തെ ജീവിതം തന്നെയാക്കിയ ഒരാൾ. മാഷിന്റെ കീഴിലാണ് ഞങ്ങൾ രൂപപ്പെട്ടത്. അജയൻ ആ പാരമ്പര്യത്തെ അതിലും വലുതാക്കി വളർത്തി. ഏതു വിഷയത്തിലും അജയന് ആഴത്തിൽ അറിവുണ്ടായിരുന്നു. പ്രാചീന സാഹിത്യവും വ്യാകരണവും മുതൽ ചലച്ചിത്ര ഗാന സംസ്കാരവും ആധുനികാനന്തര ചിന്തയും വരെ അജയൻ അനായാസം പഠിപ്പിച്ചു. അപ്പോഴൊക്കെയും തന്റെ അറിവിന്റെ പരിമിതികളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

ഇന്നലെ വൈകീട്ട് അജയനോട് യാത്ര പറഞ്ഞ് കൈപിടിച്ചപ്പോൾ കണ്ണുനിറഞ്ഞു. തൊണ്ടയിൽ കനം വന്നു മൂടി. ജീവിതത്തെ അർത്ഥപൂർണ്ണമാക്കിയ ആ നിരുപാധിക സ്നേഹത്തോടു ചേർന്ന് അൽപ്പനേരം മിണ്ടാതെ നിന്നു.
പിന്നെ മടങ്ങി.

നല്ല മനുഷ്യനായി ജീവിക്കേണ്ടത് എങ്ങനെയാണെന്നു കൂടിയാണ് രണ്ടു പതിറ്റാണ്ടിലധികമായി അജയൻ നിശബ്ദമായി പഠിപ്പിച്ചു കൊണ്ടിരുന്നത്.

അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠം.

പ്രിയനേ.....


സുനിൽ പി. ഇളയിടം

എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ. ശ്രീ ശങ്കരാചാര്യ സംസ്​കൃതം സർവകലാശാലയിൽ മലയാളം അധ്യാപകൻ. അധിനിവേശവും ആധുനികതയും, ഇന്ത്യാ ചരിത്ര വിജ്​ഞാനം, വീ​ണ്ടെടുപ്പുകൾ- മാർക്​സിസവും ആധുനികതാ വിമർശനവും, മഹാഭാരതം: സാംസ്​കാരിക ചരിത്രം എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments