നെറവയറിന്റെ വെപ്രാളങ്ങൾ

മണ്ണെണ്ണവിളക്കാണുള്ളത്, അതും കത്തിച്ചുവച്ച് ഉറങ്ങാൻ കിടന്നാലും ബ്രോയ്ക്ക് ഉറക്കം വരാറില്ല. മിക്ക ദിവസവും എഴുന്നേറ്റിരുന്ന് കരയും. രാത്രി മുഴുവൻ എഴുന്നേറ്റിരുന്ന് ബയന്റുകൊണ്ട് എത്ര വീശിക്കൊടുത്താലും വെപ്രാളം മാറത്തില്ല. ഒടുക്കം രാത്രി രണ്ട് മണിക്കൊക്കെ ബ്രോ നെറവയറും കൊണ്ട് കായലിലെറങ്ങി മുങ്ങിക്കെടക്കും- ഒരു കവിയുടെ ജീവിതമെഴുത്ത്​. ഒരു കായൽക്കവിതയുടെ ജീവിതം. പരമ്പരയുടെ തുടർച്ച.

ഹൈസ്‌കൂളിൽ പഠിക്കുമ്പം രണ്ടാമത്തെ പെങ്ങളെ അയക്കാൻ വീടുവിറ്റു. ഓലപ്പെരയാരുന്നെങ്കിലും അവടം വിട്ടുപോവാൻ ഹൃദയം പറിഞ്ഞുപോരുന്ന വേദനയാരുന്നു.
പിന്നെ വാങ്ങിയ വീട് മൂന്നാമത്തെ പെങ്ങക്ക് എഴുതി വച്ചിട്ടാണ് അവളുടെ കല്യാണം നടത്തിയത്.
അച്ഛന്റെ മൂക്കിൽകെറുവ് ഒരു വൻ വിഷയവായിരുന്നു.
മനസ്സിനിഷ്ടപ്പെടാത്തത് കണ്ടാൽ അച്ഛൻ അന്നേരം അവിടുന്നെറങ്ങും,
എത്ര കരഞ്ഞ് പറഞ്ഞാലും കേക്കത്തില്ല.

ഒരു ദെവസം എളേ പെങ്ങളവിടുന്ന് പെണങ്ങി മൂത്ത പെങ്ങടെ വീട്ടിൽ പോയി.
കൊറച്ച് കാലം അവടെ നിന്നിട്ട് അവിടന്നും പെണങ്ങി.

അന്ന് ഞാൻ ശാസ്താംകോട്ടയിൽ ഫൈനാൻസിയേഴ്‌സിൽ ജോലി ചെയ്യുവാണ്. ഒരു ദെവസം ജോലീം കഴിഞ്ഞ് ചെല്ലുമ്പം അയലത്തെ വീടിന്റെ എരുത്തിലിന്റെ തിണ്ണയ്ക്ക് അച്ഛൻ ചുരുണ്ടു കെടക്കുവാണ്. അടുത്ത് അമ്മയും ഇരിപ്പുവൊണ്ട്.
എവടെ പോയാലും വാല് പോലെ അമ്മയും ഞാനും കൂടെക്കാണണം.
അന്ന് രാത്രി പായും തലയണയും ഞാൻ തലയിൽ ചൊമന്നോണ്ട് രണ്ട് കിലോമീറ്ററ് നടന്ന് മൂത്ത ചേട്ടന്റെ വീട്ടിൽ പോയത് മറക്കാൻ പറ്റത്തില്ല.
അവടെ കൊറച്ച് കാലം നിന്നിട്ട് ഇവിടുന്നും പെണങ്ങിയാൽ
ഇനി കേറിച്ചെല്ലാൻ വേറേ വീടൊന്നും ഇല്ലെന്നറിയാവുന്നോണ്ട് ഒരു വീട് വയ്ക്കാൻ തീരുമാനിച്ച് മദ്രാസിലെ കമ്പനി വിട്ട് വന്നപ്പം കിട്ടിയ കൊറച്ച് പി.എഫ് പൈസ കയ്യിലൊണ്ടാരുന്നു. ആ കാശിന് പുന്നക്കാട്ടിൽ പൊളിക്കാനിട്ടിരുന്ന ഒരു വീട് വാങ്ങിച്ചു.

കൂട്ടുകാരമ്മാര് എല്ലാരുങ്കൂടെ ഒരു ദെവസം അത് പൊളിച്ച് കല്ല് ചെമന്ന് കായല് വീടിരുന്നിടത്ത് എത്തിച്ചു ഉൽസവമായിരുന്നു. അന്ന് പത്തിരുപത്തഞ്ച് പേര് നെരന്ന് നിന്ന് കല്ല് കൈ മാറി കൈമാറിയാണ് ഇപ്പുറത്ത് എത്തിച്ചത്. വീട് നിക്കുന്നിടം വല്യൊരു കെടങ്ങായിരുന്നു. മൂന്ന് ദെവസം കൊണ്ട് അത് നെകത്തിയെടുത്തു.
പൈസ കൊറവായതുകൊണ്ട് അരിഷ്ടിച്ചായിരുന്നു കാര്യങ്ങള്. സിമന്റിട്ട് കെട്ടാൻ പാങ്ങില്ലാത്തത് കൊണ്ട്
ചെളിക്കാണ് കല്ല് കെട്ടിയത്.
ഓരായം അടയ്ക്കാനൊള്ള മണലും ഫൗണ്ടേഷനിടാനൊള്ള കാട്ട് കല്ലും കായല് വാരത്ത് നിന്നും ഒറ്റയ്ക്ക് വാരി കൊണ്ടുവന്നു. അങ്ങനാണ് രണ്ടു മുറിക്ക് ഓടിട്ട കായലരികത്ത് വീടായത്.

ആ സമയത്താണ് മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ പ്രശ്‌നം.
നിയമങ്ങളെല്ലാം കർശനമായി. വീട്ട് നമ്പരിടാൻ പഞ്ചായത്തിൽ ചെന്നപ്പോ നിയമ വശം പറഞ്ഞ് അവരൊഴിഞ്ഞു. തറയും കതകും ഇടാൻ കാശില്ലാത്തത് കൊണ്ട് അതൊന്നും ചെയ്തില്ല.

ഞാനും അമ്മയും അച്ഛനും പച്ചമണ്ണിൽ പാ വിരിച്ച് കെടന്നു.
ആ സമയത്താണ് ഗൾഫിൽ പോകാൻ വിസ കിട്ടുന്നത്. ഒരുപാട് ആഗ്രഹങ്ങളൊന്നും ഇല്ലാരുന്നു. വീട് ശരിയാക്കി എടുക്കാവല്ലോ എന്ന് കരുതിയാണ് പോയത്. പക്ഷേ ചെന്ന് കൊറച്ച് നാള് കഴിഞ്ഞപ്പം അമ്മയ്ക്ക് ക്യാൻസറാണെന്നറിഞ്ഞ് ആ ആഗ്രഹം താത്ത് വച്ചു.

അമ്മക്ക് അസുഖം കൂടിയപ്പം നാട്ടിൽ വന്നു അമ്മക്ക് വയ്യാത്തോണ്ട് അന്ന് താമസം ഏറ്റവും എളയ പെങ്ങടെ വീട്ടിലാണ്. കൂനിൻമേൽ കുരൂ പോലെ കായലരികത്ത് വീട് കായൽ ക്യാച്‌മെന്റ് ഏരിയയിലാണെന്ന് പറഞ്ഞ് ഒഴിപ്പിക്കൽ നോട്ടീസ് കിട്ടി.

അന്ന് ആവുന്ന പോലൊക്കെ പ്രതിഷേധിച്ചു.

ഫേസ് ബുക്ക് പോസ്റ്റ് കണ്ട് ദേശാഭിമാനി വീടിന്റെ പടം സഹിതം വാർത്ത കൊടുത്തു. സമകാലിക മലയാളത്തിൽ കലേഷ് ഫീച്ചർ ചെയ്തു. ഡക്കാൻ ക്രോണിക്കിളിലും മീഡിയ വണ്ണിലും റിപ്പോർട്ടർ ചാനലിലുമെല്ലാം വാർത്ത വന്നു. അങ്ങനെ ഒഴിപ്പിക്കൽ നിർത്തിവച്ചു.

പക്ഷേ ഫലമുണ്ടായില്ല. കരമടയ്ക്കാനോ വീട്ട് നമ്പരിടാനോ ഇന്ന് വരെ സാധിച്ചിട്ടില്ല.

വല്യ ആഗ്രഹങ്ങളൊന്നും ഒരു കാലത്തും ഒണ്ടാരുന്നില്ല.
നിസാരനാണെന്ന് സ്വയം വിശ്വസിച്ച് ഒരു വിധം ജീവിച്ചുപോന്നു.
കല്യാണം കഴിക്കണവെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. പ്രേമങ്ങളൊരുപാടൊണ്ടാരുന്നേലും അവരാരും കൈ തരാൻ മനസൊള്ളോരാരുന്നില്ല.

ആദ്യത്തെ വട്ടം കാലൊടിഞ്ഞ് കെടപ്പിലായപ്പഴാണ് കെടന്ന് പോയാലത്തെ പ്രശ്‌നങ്ങള് മനസിലായത്. അങ്ങനെ സുമത്തിനെ പരിചയപ്പെട്ടു, മനസ്സിലാവുന്ന തീച്ചൂട് പരസ്പരം തോന്നി കല്യാണം കഴിക്കാൻ തീരുമാനിച്ചു. രണ്ട് മതം ജാതി എന്നൊക്കെയുള്ള ടെൻഷൻ ആദ്യവൊണ്ടാരുന്നു. മറ്റുള്ളവരെ കരുതി ജീവിച്ചത് മതിയാക്കാൻ തീരുമാനിച്ചു, കല്യാണം കഴിച്ചു.
ഒരു കൊല്ലത്തോളം എളയ പെങ്ങടെ വീട്ടിലാരുന്നു, പിന്നീട് വീട് മാറാൻ തീരുമാനിച്ചു.

കായലരികത്ത് വീട്ടിൽ കറന്റും വെള്ളവും ഇല്ലാത്തതുകൊണ്ട് ഒരു വാടക വീടന്വേഷിച്ച് നടന്നു. ബ്രോയന്ന് ഏഴ് മാസം ഗർഭിണിയാണ്.
ഒരു എൻജിനീയറുടെ റബറെസ്റ്റേറ്റിലെ ടാപ്പിങ്ങുകാരൻ താമസിച്ചിരുന്ന വീട് കിട്ടുമെന്ന് പ്രതീക്ഷിച്ച് അയാളുടെ കൊട്ടാരം പോലുള്ള വീടിന് മുമ്പിൽ ചെന്ന് പ്രതീക്ഷയോടെ ബെല്ലടിച്ച് കാത്തുനിന്നു. കുറേക്കഴിഞ്ഞ് അയാളുടെ ഭാര്യ വന്ന് കതക് തുറന്നിട്ട് അകത്തേക്ക് ചെന്ന് കാര്യം പറഞ്ഞു. പക്ഷേ അയാൾ ഒന്നിറങ്ങി വരാനോ കാര്യങ്ങൾ കേൾക്കാനോ മനസ് കാണിക്കാതെ വീടില്ല എന്നുപറഞ്ഞ് ആട്ടി വിട്ടു.

വല്ലാതെ നൊന്തു പോയി.

കള്ളനോ പകർച്ചവ്യാധിയുള്ളവനോ ആയിരുന്നില്ല,
എന്നിട്ടും നേരിട്ട അപമാനം മനസിൽ കിടന്ന് നീറി.

മറ്റൊരു വീടിന്റെ കാര്യം ഭാര്യ സവർണ്ണയല്ലാത്തതുകൊണ്ട് വീടിപ്പോ കൊടുക്കുന്നില്ല എന്നുപറഞ്ഞ് അവർ ഒഴിഞ്ഞു. ഒരു വഴിയും ഇല്ലാത്തത് കൊണ്ട് കായലരികത്ത് വീട്ടിലേക്ക് താമസം മാറി.
കതകും ജനലുമെല്ലാം ചിതൽ തിന്ന് പോയ കായലരികത്തെ വീട് തട്ടിത്തൂത്തെടുത്ത് ഒന്നരമാസത്തോളം കറന്റില്ലാതെ അവിടെ കഴിഞ്ഞു. അന്ന് ചാരുമ്മൂട് ഫർണീച്ചർ ഷോറൂമിൽ പോകുന്നുണ്ട്. വൈകുന്നേരം ഏഴ് മണിയാവുമ്പം ചാരുമ്മൂട് നിന്ന് സ്‌കൂട്ടറിൽ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് പാഞ്ഞുചെല്ലും.

ബ്രോ തിരുവനന്തപുരത്ത് നിന്ന് വന്നിറങ്ങും മുൻപ് ചെല്ലണം. വന്നിറങ്ങുമ്പോൾ കണ്ടില്ലെങ്കിൽ പേടിയും ദേഷ്യവുമാണ്.
രാവിലെ അഞ്ച് മണിക്ക് ബസ് കയറി പോകുന്നതാണ്. നെറവയറും കൊണ്ടുള്ള യാത്രയുടെ മുഴുവൻ ക്ഷീണവുമുണ്ടാവും. സ്‌കൂട്ടർ യാത്ര പാടില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഞങ്ങൾക്ക് അതല്ലാതെ വേറേ വഴിയില്ലായിരുന്നു.

ഒൻപത് മണി കഴിയും തിരിച്ച് വീട്ടിലെത്താൻ. എന്നിട്ടാണ് അത്താഴമുണ്ടാക്കി കഴിക്കുന്നത്.

മണ്ണെണ്ണവിളക്കാണുള്ളത്, അതും കത്തിച്ചുവച്ച് ഉറങ്ങാൻ കിടന്നാലും ബ്രോയ്ക്ക് ഉറക്കം വരാറില്ല. മിക്ക ദിവസവും എഴുന്നേറ്റിരുന്ന് കരയും.
രാത്രി മുഴുവൻ എഴുന്നേറ്റിരുന്ന് ബയന്റുകൊണ്ട് എത്ര വീശിക്കൊടുത്താലും വെപ്രാളം മാറത്തില്ല.
ഒടുക്കം രാത്രി രണ്ട് മണിക്കൊക്കെ ബ്രോ നെറവയറും കൊണ്ട് കായലിലെറങ്ങി മുങ്ങിക്കെടക്കും.


Comments