ബാനർജി, വേറിട്ടുകേട്ട ഒരു ശബ്ദം

പ്രശസ്തങ്ങളായ നിരവധി ശില്പങ്ങളും കാരിക്കേച്ചറുകളും ബാനർജിയുടേതായിട്ടുണ്ട്. തെക്കൻ കേരളത്തിലുടനീളം അയ്യങ്കാളി ശിൽപങ്ങൾ നിർമിച്ചു- ആഗസ്​റ്റ്​ ആറിന്​ അന്തരിച്ച പ്രശസ്​ത നാടൻപാട്ടുകലാകാരൻ പി.എസ്​. ബാനർജിയെക്കുറിച്ച്​ ഒരു സുഹൃത്തി​ന്റെ ഓർമക്കുറിപ്പ്​.

നാടൻപാട്ടുകലാകാരനായ പി.എസ്. ബാനർജി ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ആ പേരു കൊണ്ടാണ്.
സ്‌കൂൾ അധ്യാപകനായ പാച്ചു സാർ തന്റെ മൂന്ന് ആൺമക്കൾക്ക് ആസാദ്, ബാനർജി, ചാറ്റർജി എന്നാണ് പേരിട്ടത്.

മൂന്നുപേരിലും ജന്മസിദ്ധമായ കല ഉണ്ടായിരുന്നെങ്കിലും ബാനർജി തന്നിലെ കലയേ ജീവശ്വാസം പോലെ കൊണ്ടുനടന്നു. ഒരേ നാട്ടുകാരാണെങ്കിലും രണ്ട് സ്‌കൂളുകളിലാണ് ഞങ്ങൾ പഠിച്ചത്. കളിസ്ഥലങ്ങളിലെ കണ്ടുമുട്ടലിലാണ് പരിചയപ്പെടുന്നത്. പ്രീഡിഗ്രിക്ക് ഒരേ ട്യൂട്ടോറിയൽ കോളേജിൽ രണ്ട് ബാച്ചുകളിലായിരുന്നു. സെന്റർ ഓഫ് കൊമേഴ്സിലെ ഇടവേളകളിൽ ഒരുമിച്ചിരുന്ന് തമാശകൾ പറഞ്ഞു. ശാസ്താംകോട്ട കോളേജ് ഗ്രൗണ്ടിൽ മൽസര ക്രിക്കറ്റ് കളി കാണാൻ ബാനർജിയും മജു അണ്ണനും പ്രശാന്തും ഞാനും ഒന്നിച്ചുപോയി.

പിന്നീട് ആ സൗഹൃദം മുറിഞ്ഞ് പലവഴിക്കായെങ്കിലും. കാണുമ്പോഴെല്ലാം പഴയ ചിരിയിൽ അൽപം പോലും കുറവ് വരാതെ സുനിയേ എന്ന് വിളിച്ചു.
ശാസ്താംകോട്ട ഡി. ബി. കോളേജിലെ പഠനകാലത്ത് പ്രകാശ് കുട്ടൻ രൂപീകരിച്ച ‘നാടോടി പെർഫോമിങ് ഗ്രൂപ്പാ’ണ് ബാനർജിയിലെ പാട്ടുകാരന് വഴി തെളിച്ചുകൊടുത്തത്.

പി.എസ്. ബാനർജീ

എന്റെ അറിവിൽ തെക്കൻ കേരളത്തിലെ ആദ്യത്തെ നാടൻ പാട്ട് സംഘമായിരുന്നു ‘നാടോടി’. തെരുവ് നാടകങ്ങൾ കളിച്ചും നാടൻ പാട്ട് പാടിയും ‘നാടോടി’യിലൂടെ ബാനർജിയിലെ കലാകാരനിൽ കാതലുറച്ചു.
പിന്നീട് സി.ജെ. കുട്ടപ്പന്റെ ശിഷ്യനായി നാടൻപാട്ടിലെ നാഴികക്കല്ലായി ബാനർജി മാറിയത് ചരിത്രമാണ്. സ്വന്തമായി കനൽ ബാന്റ് രൂപീകരിച്ച് കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചു. ഡി.ബി കോളേജിലെ പഠനശേഷം തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിലും വിസ്മയ മാക്‌സിലും പഠിച്ചു. ഡി.ബി കോളേജിലെ പഠന സമയത്ത് പ്രണയിച്ച ജയപ്രഭയെ ജീവിതത്തിലേക്ക് കൂട്ടി.

കറതീർന്ന കലാകാരനായിരുന്നു ബാനർജി.
പാട്ടും ചിത്രകലയും ശിൽപകലയും ഒന്നിച്ച് ഒരാൾക്ക് കിട്ടുന്നത് അത്യപൂർവമാണ്.
സത്യൻ കോമല്ലൂർ രചിച്ച താരക പെണ്ണാളേ എന്ന പാട്ട് കേരളം ഏറ്റുപാടാൻ കാരണം ബാനർജിയുടെ ശബ്ദമാണ്. കൊച്ചോലക്കിളിയേ, വില്ലുവണ്ടിയിലേറി വന്ന തുടങ്ങി ഒരുപാട് നാടൻ പാട്ടുകൾക്ക് ജീവൻ നൽകിയത് ബാനർജിയാണ്. ഞാനെഴുതിയ ഒരു ഭക്തിഗാനം പാടിയത് ബാനർജിയാണ്.
ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചത് അടുത്തിടെയാണ്.

പ്രശസ്തങ്ങളായ നിരവധി ശില്പങ്ങളും കാരിക്കേച്ചറുകളും ബാനർജിയുടേതായിട്ടുണ്ട്. തെക്കൻ കേരളത്തിലുടനീളം അയ്യങ്കാളി ശിൽപങ്ങൾ നിർമിച്ചു. ഒരു വർഷം മുമ്പ് ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഒരു കിഡ്‌നി നീക്കം ചെയ്തിരുന്നു. എങ്കിലും വരയും പാട്ടുമായി പ്രതിസന്ധികൾ തരണം ചെയ്ത് വരയിൽ ശ്രദ്ധയൂന്നി വരുമ്പോഴാണ് കോവിഡ് ബാധിച്ചത്.
കോവിഡ് നെഗറ്റീവായെങ്കിലും ന്യുമോണിയ ബാധിച്ചതാണ് 41 വയസ്സുമാത്രമുള്ള ആ അതുല്യ കലാകാരന്റെ ജീവനെടുത്തത്. മലയാള നാടൻ പാട്ട് ചരിത്രത്തിൽ ബാനർജിയുടെ പാട്ടും പറച്ചിലും വേറിട്ടുനിൽക്കും.


Comments