കാർലോസ് റൂയ്‌സ് സഫോൺ / Photo: Twitter

വിസ്​മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം തേടിപ്പോയ ഒരാൾ

ഈ കോവിഡ് കാലത്ത്, 2020 ജൂൺ 19 ന്, അമ്പത്തഞ്ചാമത്തെ വയസ്സിൽ അർബ്ബുദം ബാധിച്ച് മരിച്ച വിഖ്യാത സ്പാനിഷ് നോവലിസ്റ്റ് കാർലോസ് റൂയ്‌സ് സഫോണിനെക്കുറിച്ച് ഒരോർമക്കുറിപ്പ്

പുസ്തകങ്ങളെ ആത്മാവിൽ ചേർത്തുപിടിച്ചു നടക്കുന്ന ഒരു പുസ്തക വിൽപ്പനക്കാരനെ നാം ഒരു പക്ഷേ കണ്ടുമുട്ടിയിട്ടുണ്ടാവാം. എന്നാൽ, പുസ്തകത്തിനു വേണ്ടി പ്രാണൻ ബലി നൽകേണ്ടി വന്ന ഒരു പുസ്തക വിൽപ്പനക്കാരനെ? അത്തരമൊരാളായിരുന്നു സെഞ്ഞ്യോർ സെംപർ. ഒരു പുസ്തകത്തെപ്രതി രക്തസാക്ഷിയായ ലോകത്തെ ആദ്യ പുസ്തക വിൽപ്പനക്കാരൻ ഒരുപക്ഷേ, സെംപർ ആയിരിക്കണം. ഈ കൊറോണക്കാലത്ത് ലോകത്തോടു വിട പറഞ്ഞ, സമകാലിക സ്പാനിഷ് നോവൽ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയരിൽ ഒരാളായ കാർലോസ് റൂയ്‌സ് സഫോണിന്റെ "വിസ്മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം ' (Cemetery of forgotten books) എന്ന പരമ്പരയിലുള്ള നോവൽ ചതുഷ്ടയത്തിലെ കഥാപാത്രമാണ് പുസ്തക വിൽപ്പനക്കാരനായ സെംപർ. ഈ പരമ്പരയിലെ രണ്ടാമത്തെ നോവലായ The Angel's Game ലെ കഥാനായകനായ മാർട്ടിന് അവന്റെ കുട്ടിക്കാലം മുതൽക്കേ, പണമൊന്നും ഈടാക്കാതെ തന്നെ പുസ്തകങ്ങൾ വായിക്കാൻ നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു. മികച്ച എഴുത്തുകാരോ മഹത്തായ കൃതികളോ മാത്രമല്ല നല്ല വായനക്കാരെ സൃഷ്ടിക്കുന്നത്. പുസ്തങ്ങളെ ആത്മാവിൽ കൊണ്ടു നടക്കുന്ന പുസ്തക വിൽപ്പനക്കാരനും ഗ്രന്ഥശാലക്കാരനും അതിൽ പങ്കുണ്ട്.

പണം മുടക്കി പുസ്തകം വാങ്ങാൻ പാങ്ങില്ലാത്തവർക്ക് സെഞ്ഞ്യോർ സെംപർ പുസ്തകങ്ങൾ സൗജന്യമായി വായിക്കാൻ നൽകി. അവ പലപ്പോഴും അദ്ദേഹത്തിന് തിരിച്ചു കിട്ടുമായിരുന്നില്ല. കത്തിച്ചു കളയുമെന്ന് ഉടമകൾ പറഞ്ഞ സമാഹാരങ്ങൾ, തനിക്ക് വിൽക്കാൻ സാധിക്കില്ലെന്ന് അറിയാമായിരുന്നിട്ടും, അദ്ദേഹം വില കൊടുത്തു വാങ്ങി. പുസ്തകങ്ങൾക്ക് ആത്മാവുണ്ടെന്ന് സെംപർ ആത്മാർത്ഥമായും വിശ്വസിച്ചു - എഴുതിയ ആളുടെ, വായിക്കുന്നവരുടെ, അതിനെ സ്വപ്നം കാണുന്നവരുടെ ആത്മാവ്. ഒരു പുസ്തകം കൈമാറപ്പെടുന്ന ഓരോ വേളയിലും, എഴുതപ്പെട്ട ഓരോ പേജിലൂടെ ഒരാൾ കടന്നു പോകുമ്പോഴും അത് കൂടുതൽ ചൈതന്യവത്താകുന്നു.

സെഞ്ഞ്യോർ സെംപറുടെ പക്കൽ നിന്ന് "സ്വർഗത്തിന്റെ പടികൾ ' എന്ന പുസ്തകം കൈക്കലാക്കാൻ ശ്രമിച്ച ഒരു സ്ത്രീയുടെ കൊലക്കത്തിക്ക് ഇരയാവുകയായിരുന്നു അദ്ദേഹം. ആ കത്തി സെംപറുടെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയിരുന്നതായി ഡോക്ടർ സാക്ഷ്യപ്പെടുത്തി. വാർത്തയറിഞ്ഞ് എത്തിയവർ - മുഖ്യമായും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വായനക്കാരും - സെംപറുടെ പുസ്തകശാലക്കുമുന്നിൽ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി നിലകൊണ്ടു. ചിലർ നിശബ്ദമായി കരഞ്ഞു. മറ്റു ചിലർ എന്തു ചെയ്യേണ്ടൂ എന്നറിയാതെ മുഖത്തോടു മുഖം നോക്കി നിൽപ്പായി. സെഞ്ഞ്യോർ സെംപറിനാൽ വായനയിലേക്ക് ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവരായിരുന്നു അവരിൽ പലരും. അദ്ദേഹത്തിൽ നിന്ന് പലപ്പോഴും പുസ്തകങ്ങൾ സമ്മാനമായി കൈപ്പറ്റിയിരുന്നവരും അക്കൂട്ടത്തിൽ ഒട്ടും കുറവായിരുന്നില്ല. ബാഴ്‌സലോണ നഗരത്തിലെ പുസ്തക സ്‌നേഹികളുടെയും അലഞ്ഞു തിരിയുന്ന ആത്മാക്കളുടെയും അത്താണിയായിരുന്നല്ലൊ സെഞ്ഞ്യോർ സെംപറുടെ പുസ്തകശാല.
സംസ്‌ക്കാരച്ചടങ്ങിന്റെ ഒരുക്കങ്ങൾക്കായി നിയുക്തനായ ഒരാൾ അതിനിടെ സമീപത്തുണ്ടായിരുന്ന മാർട്ടിനോടു ചോദിച്ചു:"മരിച്ചയാൾ... അദ്ദേഹം ഒരു വിശ്വാസിയായിരുന്നോ?' "സെഞ്ഞ്യോർ സെംപർ പുസ്തകങ്ങളിൽ വിശ്വസിച്ചിരുന്നു.'
മാർട്ടിൻ മറുപടി പറഞ്ഞു.
ദൈവം കുടിപാർക്കുന്നത് പുസ്തകങ്ങളിലാണെന്നു വിശ്വസിച്ച സെംപർ ഒരു പേജു പോലും നഷ്ടപ്പെടാതെ അവയെ സംരക്ഷിച്ചു പോരുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. കുട്ടിക്കാലം മുതൽക്ക് സഫോണിന് സാഹിത്യത്തോടും പുസ്തകങ്ങളോടുമുണ്ടായ അഗാധമായ അനുരാഗം തന്നെയാവാം.

മഹാനായ ഈ പുസ്തകസ്‌നേഹിയുടെ പാത്രസൃഷ്ടിക്കു പിന്നിലെ ആത്മചോദന.
സഫോണിന്റെ വിഖ്യാതമായ "വിസ്മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം' പരമ്പരയിലെ നാലു നോവലുകളിൽ ആദ്യത്തേതാണ് 2001 ൽ പുറത്തിറങ്ങിയ The Shadow of the Wind. 2004 ൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകൃതമായി. പ്രശസ്ത ഇംഗ്ലീഷ് കവിയും നോവലിസ്റ്റുമായ റോബർട്ട് ഗ്രേവ്‌സിന്റെ മകൾ ലൂസിയ ഗ്രേവ്‌സ് ആയിരുന്നു വിവർത്തക. ഈ നോവലിന്റെ പതിനഞ്ചു ദശലക്ഷത്തിൽപ്പരം കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്. സെർവാന്തിസിന്റെ ഡോൻകിഹോത്തെ (Don Quixote), മാർക്കേസിന്റെ "ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും വിറ്റഴിക്കപ്പെട്ട സ്പാനിഷ് നോവലാണിത്. ഏറ്റവുമധികം രാജ്യങ്ങളിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ട സമകാലിക സ്പാനിഷ് എഴുത്തുകാരൻ കൂടിയാണ് സഫോൺ. നാൽപ്പത്തിയഞ്ചിലധികം രാജ്യങ്ങളിലായി അമ്പതോളം ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടു.

ലൂസിയ ഗ്രേവ്‌സ്

1964ൽ ബാഴ്‌സലോണയിലാണ് സഫോൺ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹൻ ഒരു ഫാക്ടറിത്തൊഴിലാളിയായിരുന്നു. ഇൻഷുറൻസ് ബ്രോക്കറും പുസ്തകക്കമ്പക്കാരനുമായിരുന്ന പിതാവിന്റെ വിപുലമായ പുസ്തക ശേഖരമാണ് ചെറുപ്പം മുതലേ സഫോണിന് പുസ്തകങ്ങളോട് ഒടുങ്ങാത്ത അഭിനിവേശമുണ്ടാക്കിയത്. സ്പാനിഷ് എഴുത്തുകാരേക്കാൾ ബ്രിട്ടീഷ്, റഷ്യൻ, ഫ്രഞ്ച് എഴുത്തുകാരോടായിരുന്നു.
സഫോണിന് പ്രിയം. സങ്കീർണ കഥാലോകങ്ങളോടുള്ള ഹൃദയവായ്പ്പു കാരണം ഭാഷയുടെ, ഭാവനയുടെ സങ്കീണമായ ലാബിറിന്തുകൾ തന്നെ സഫോൺ പിൽക്കാലത്ത് പണിയാൻ തുടങ്ങി. മികച്ച പിയാനോ വാദകൻ കൂടിയായ അദ്ദേഹം സംഗീതത്തെ മറ്റൊരു ഭാഷയായാണ് കണക്കാക്കിയിരുന്നത്. പരസ്യമേഖലയിൽ പ്രവർത്തിച്ചു തുടങ്ങിയ സഫോൺ 1990 കളിൽ അമേരിക്കയിലേക്കു കുടിയേറി. ലോസ് ഏഞ്ചൽസിൽ കുറച്ചു കാലം തിരക്കഥാരചനയിൽ ഏർപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഒരു പ്രോജക്റ്റു പോലും ഫലപ്രാപ്തിയിലെത്തിയില്ല. സാഹിത്യത്തേക്കാൾ ചലച്ചിത്രങ്ങളാണ് തന്നെ സ്വാധീനിച്ചിട്ടുള്ളതെന്ന് അക്കാലത്ത് പറയാറുണ്ടായിരുന്ന സഫോൺ, പിൽക്കാലത്ത് സാധ്യമായിരുന്നിട്ടും, അതിപ്രശസ്തങ്ങളായി മാറിയ തന്റെ നോവലുകളൊന്നും ചലച്ചിത്രങ്ങളാക്കാൻ കൂട്ടാക്കിയില്ല. സാഹിത്യത്തോടുള്ള ആരാധനയുടെ ഫലസിദ്ധിയായി തന്റെ കൃതികളെ കരുതുന്ന അദ്ദേഹം മറ്റൊരു മാധ്യമത്തിലൂടെയുള്ള അവയുടെ പ്രകാശനം ആഗ്രഹിച്ചിരുന്നില്ല.

നവയുവതയെ ലക്ഷ്യം വെച്ചെഴുതിയ The Prince of Mist (1993) ആയിരുന്നു ആദ്യ കൃതി. കൊൽക്കത്ത നഗരം പശ്ചാത്തലമായി രചിച്ചതായിരുന്നു The Midnight Palace. ഇതേ ജനുസ്സിൽപെട്ട The Watcher in the Shadows, Marina എന്നീ നോവലുകൾക്കു ശേഷം സഫോൺ കൂടുതൽ ഗൗരവതരമായ സാഹിത്യരചനയിലേക്കു തിരിഞ്ഞു.

ഡിക്കൻസ്, വിൽക്കി കോളിൻസ്, മാർക്കേസ്, ഉമ്പർത്തോ എക്കോ, ബോർഹെസ് എന്നിവർ ഒരുമിച്ചു നടത്തുന്ന ഇന്ദ്രജാല പ്രകടനമാണ് സഫോണിന്റെ നോവലുകളെന്ന് വാഴ്​ത്തപ്പെട്ടു.

വിസ്മൃതഗ്രന്ഥങ്ങളുടെ ശ്മശാനം

സ്‌പെയിനിലെ ആഭ്യന്തര യുദ്ധം അവസാനിച്ച് ആറു വർഷങ്ങൾക്കു ശേഷമാണ് ഈ പരമ്പരയിലെ ആദ്യ നോവലായ The Shadow of the Wind ആരംഭിക്കുന്നത് .
ബാഴ്‌സലോണ എന്ന പുരാതന നഗരത്തിന്റെ ഹൃദയമധ്യേ മറഞ്ഞു കിടക്കുന്ന, ഇരുൾ വീണ എണ്ണമറ്റ ഇടനാഴികളും വഴി തെറ്റിക്കുന്ന തിരിവുകളുമുള്ള, നിഗൂഢതയാൽ ചൂഴപ്പെട്ട രാവണൻ കോട്ട പോലുള്ള ഗ്രന്ഥാലയമാണ് വിസ്മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം. 1945 ലെ തണുത്ത പ്രഭാതത്തിൽ സെംപർ ഡാനിയലെന്ന തന്റെ പത്തു വയസ്സുകാരൻ മകനെയും കൂട്ടി ഈ ഗ്രന്ഥാലയത്തിലെത്തുന്നു. ഡാനിയലിന് ആ ഗ്രന്ഥശേഖരത്തിൽ നിന്ന് ഒരു പുസ്തകം തെരഞ്ഞെടുക്കാൻ അനുമതി ലഭിക്കുന്നു. പൊടിയടിഞ്ഞു കിടക്കുന്ന ആ ഗ്രന്ഥാലയത്തിലെ ഒരു അലമാരയിൽ നിന്ന് അവൻ വലിച്ചെടുത്ത പുസ്തകം ഹൂലിയൻ കരക്‌സ് രചിച്ച The Shadow of the Wind ആയിരുന്നു. എന്നാൽ ഡാനിയൽ വളർന്നു വരവെ, അവൻ കണ്ടെത്തിയ പുസ്തകത്തെത്തേടി നിരവധി പേർ എത്തുന്നു. ഒരു സാഹിത്യ താത്പര്യമെന്ന മട്ടിൽ ആരംഭിച്ചത് ക്രമേണ ഹൂലിയൻ കരക്‌സിന്റെ, നിഗൂഢതയുടെ ആവരണമണിഞ്ഞ ജീവിതത്തിന്റെയും മരണത്തിന്റെയും പൊരുൾ തേടുന്ന അന്വേഷണമായി മാറുന്നു. ആ എഴുത്തുകാരൻ അവശേഷിപ്പിച്ചു പോയത് കാക്കുവാനുള്ള ഒരു യത്‌നമായും അത് പരിണമിക്കുന്നു. വാസ്തവത്തിൽ, അവൻ ആ പുസ്തകം തെരഞ്ഞെടുക്കുകയായിരുന്നോ അതോ, ആ പുസ്തകം അവനെ തെരഞ്ഞെടുക്കുകയായിരുന്നോ?

പുസ്തകത്തിനുള്ളിലെ പുസ്തകമായി വരുന്ന അലക്‌സാണ്ടർ ഡ്യുമായുടെ "ദ കൗണ്ട് ഒഫ് മോണ്ടിക്രിസ്റ്റോ'യുടെ തന്നെ പ്രമേയ പരിസരം പരിമിതമായ അളവിലെങ്കിലും പങ്കിടുകയും ഇതിവൃത്തഘടനയുടെ തിരിവുകളിൽ പലപ്പോഴും അതിനോടു സമാന്തരമാവുകയും ചെയ്യുന്ന മൂന്നാം നോവലാണ് The Prisoner of Heaven. ഒന്നാം നോവലിലെ നായകനായ ഡാനിയൽ മുതിർന്ന ഒരാളായി ഇതിൽ തിരിച്ചെത്തുന്നു. ഉദ്വേഗജനകമായ കഥയ്ക്കുള്ളിലെ കഥയിൽ നായക പരിവേഷം ഡാനിയലിന്റെ സുഹൃത്തായ ഫെർമിൻ റൊവേറോക്കാണ്. ഈ പരമ്പരയിലെ അവസാന നോവലായ The Labyrinth of the Spirits സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന ഒരു ഗൂഢാലോചനയുടെ ചുരുളഴിക്കുന്നു. അന്വേഷണോദ്യോഗസ്ഥയായ കഥാനായിക അലീസ്യ ഗ്രിസ് സെംപർ കുടുംബത്തിന്റെ സഹായത്തോടെയാണ് ഈ കൃത്യം നിർവ്വഹിക്കുന്നത്. 1938 ൽ ബാഴ്‌സലോണയിൽ ജനറൽ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ദേശീയവാദി സേന നടത്തിയ ബോംബു സ്‌ഫോടനത്തിലാണ് ഒമ്പതു വയസ്സുകാരി അലീസ്യക്ക് മാതാപിതാക്കളെ നഷ്ടമായത്. രഹസ്യപ്പൊലീസിലെ ഓഫീസറായ അലീസ്യ ഔദ്യോഗിക ജീവിതം മടുത്ത് ജോലി ഉപേക്ഷിക്കുന്നതിനുമുമ്പ് ഏറ്റെടുത്ത അവസാനത്തെ കേസ്, സ്‌പെയിനിലെ സാംസ്‌ക്കാരിക മന്ത്രിയായിരുന്ന മൗറീഹ്യോ വാൾസിന്റെ ദുരൂഹമായ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണമായിരുന്നു. ഇതിനിടയിലാണ് വിക്ടർ മറ്റായിഹ് രചിച്ച ഒരപൂർവ്വ പുസ്തകം അവളുടെ കയ്യിൽ വന്നു ചേരുന്നത്. ഫ്രാങ്കോ ഭരണകൂടം നിരോധിച്ച കുട്ടികളുടെ പുസ്തകങ്ങളുടെ പരമ്പരയായ "ദ ലാബിറിന്ത് ഒഫ് ദ സ്പിരിറ്റ്‌സിൽ' പെട്ടതായിരുന്നു അത്. രണ്ടാം ലോകയുദ്ധകാലത്ത് ബാഴ്‌സലോണയിലെ ഏറെ കുപ്രസിദ്ധമായ മോണ്ട്‌സൂയിക് തടവറയുടെ മേധാവിയായിരുന്നു വാൾസ്. ഇവിടെയാണ് ഡേവിഡ് മാർട്ടിനും വിക്ടർ മറ്റായിഹുമടക്കമുള്ള എഴുത്തുകാരെ തടവിൽപ്പാർപ്പിച്ചിരുന്നത്. ആ പുസ്തകത്തിന്റെ പിറകേ പോയ അലീസ്യ ഏകാധിപതിയുടെ ആജ്ഞാനുവർത്തികൾ നടപ്പാക്കിയ കൊലകളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും ഇരുണ്ട ലോകത്തിലേക്കാണ് എത്തപ്പെടുന്നത്.

തൊണ്ണൂറുകളിൽ ലോസ് ഏഞ്ചൽസിലെ ഒരു പുസ്തക സംഭരണശാല സന്ദർശിച്ചതാണ് ഈ നോവൽ പരമ്പരയുടെ സൃഷ്ടിക്ക് ഹേതുവായത്. പക്ഷേ, പശ്ചാത്തലം തന്റെ ജന്മനഗരമായ ബാഴ്‌സലോണയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു സഫോൺ. 1930 കളിലെ സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്തും അതിനു മുമ്പും ശേഷവുമുള്ള പതിറ്റാണ്ടുകളിലായി പടർന്നു കിടക്കുന്ന കഥാഭൂമികയാണ് ഗോഥിക് മിസ്റ്ററിയുടെ ഗണത്തിൽ പെടുത്താവുന്ന ഈ നോവലുകളുടേത്. തനി ഗോഥിക് നോവലിന് പത്തൊമ്പതാം നൂറ്റാണ്ടിൽ
അന്ത്യമായി എന്നാരെങ്കിലും കരുതുന്നുവെങ്കിൽ ഈ പുസ്തകം അവരുടെയൊക്കെ മനസ്സുമാറ്റുമെന്ന് പ്രശസ്ത അമേരിക്കൻ അപസർപ്പക നോവലിസ്റ്റായ സ്റ്റീഫൻ കിങ്ങ് The Shadow of the Wind നെക്കുറിച്ച് എന്റർടെയ്ൻമെൻറ്​ വീക്ക്‌ലിയിൽ എഴുതി. ഇതോടെ ഈ നോവൽ അമേരിക്കയിൽ വൻ പ്രചാരം നേടുകയുണ്ടായി. ഡിക്കൻസിനെപ്പോലുള്ളവരുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ നോവലിനെ ഇരുപതാം നൂറ്റാണ്ടിന്റെ സന്ദർഭത്തിലേക്കും ആഖ്യാന സങ്കേതങ്ങളിലേക്കും ആനയിക്കുകയായിരുന്നു സഫോൺ. ഡിക്കൻസ്, വിൽക്കി കോളിൻസ്, മാർക്കേസ്, ഉമ്പർത്തോ എക്കോ, ബോർഹെസ് എന്നിവർ ഒരുമിച്ചു നടത്തുന്ന ഇന്ദ്രജാല പ്രകടനമാണ് സഫോണിന്റെ നോവലുകളെന്ന് വാഴ്​ത്തപ്പെട്ടു. പുസ്തകത്തിനുള്ളിലൊരു പുസ്തകം, ഗോപനം ചെയ്യപ്പെട്ട ജ്ഞാനം മുതലായ ആശയങ്ങളെ കേന്ദ്രീകരിച്ചുള്ള ബോർഹെസിന്റെയും എക്കോയുടെയും, സ്പാനിഷ് നോവലിൽ തന്റെ തന്നെ സമകാലികരായ ഹുവാൻ ഗൊയ്റ്റിസോലോ, അർതുറോ പെരസ് റിവർട്ടെ എന്നിവരുടെയുമൊക്കെ രചനാ തന്ത്രങ്ങളുടെ വഴിയേ ആണ് സഫോണിന്റെ സഞ്ചാരവും. സഫോണിൽ ആഖ്യാനം കൂടുതൽ ചടുലവും ദൃശ്യാത്മകത മുറ്റിനിൽക്കുന്നതുമായി മാറുന്നുണ്ട്. ഇക്കാലത്ത് പോപ് ഫിക്ഷന്റെ പോലും സ്വഭാവമായി മാറിയ "ജനുസ്സുകളുടെ മിശ്രണം' (genre-blending) സഫോണിന്റെ നോവലുകളുടെ ജനപ്രിയതയ്ക്കു കാരണമായ പ്രത്യേകളിൽ ഒന്നാണ്. ഗോഥിക് മിസ്റ്ററിയോടൊപ്പം, ബിൽഡങ്‌സ് റോമൻ, ഹിസ്റ്റോറിക്കൽ ക്രൈം ത്രില്ലർ, ഫാന്റസി, മെറ്റാഫിക്ഷൻ എന്നിവയുടെയൊക്കെ ചേരുവകൾ സഫോണിന്റെ നോവലുകളിൽ മേളിക്കുന്നു.

ഫ്രാൻസിലെ ക്യാമ്പുകളിൽ ദുരിതത്തിൽക്കഴിഞ്ഞ രണ്ടായിരത്തോളം അഭയാർത്ഥികളെ ചിലിയിലേക്ക് അയക്കാൻ പ്രസിഡൻറ്​ തീരുമാനിച്ചപ്പോൾ ആ കൃത്യം നിറവേറ്റാൻ നിയുക്തനായത് സാക്ഷാൽ പാബ്ലോ നെരൂദയായിരുന്നു. താൻ ഏറ്റെടുത്ത ഏറ്റവും മഹത്തായ ദൗത്യം എന്നാണ് അദ്ദേഹം അതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

ഈ നോവലുകളുടെ ആധാരശ്രുതിയായി വർത്തിക്കുന്ന ഭയമെന്ന വികാരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഗോഥിക് പ്രേതഭാവനയുടെ സൃഷ്ടിയല്ല; ആധുനിക സ്‌പെയിനിന്റെ ചരിത്രത്തിലെ ഏറ്റവും കൊടിയ പീഡകളുടെയും, നൃശംസതകളുടെയും, സംഘർഷങ്ങളുടെയും കരാളകാലഘട്ടമായ ആഭ്യന്തര യുദ്ധത്തിന്റെയും തുടർന്ന് അധികാരത്തിലേറിയ ഏകാധിപതി ജനറൽ ഫ്രാങ്കോയുടെ കിരാതവാഴ്ചയുടെയും പരിണതിയാണത്. അവ അത്രമേൽ ആഴത്തിൽ സ്‌പെയിനിന്റെ സമൂഹ അബോധത്തിൽ വേരാഴ്ത്തിയിരുന്നു.
ആഭ്യന്തര യുദ്ധാനന്തരമുണ്ടായ കൂട്ടക്കുരുതികളിൽ രണ്ടു ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. "വൈറ്റ് ടെറർ ' എന്ന ജനറൽ ഫ്രാങ്കോയുടെ ഉന്മൂലന പദ്ധതിയുടെ പ്രധാന ഇരകൾ അദ്ദേഹത്തിന്റെ ദേശീയവാദ രാഷ്ടീയത്തിന്റെ മുഖ്യ എതിരാളികളായ റിപ്പബ്ലിക്കന്മാരും തൊഴിലാളി വർഗ്ഗവുമായിരുന്നു. ദാരിദ്ര്യത്താലും രോഗബാധയാലും കാരാഗൃഹങ്ങളിലെ പീഡനങ്ങളാലും അനേകായിരങ്ങൾക്ക് ജീവഹാനിയുണ്ടായി. ഒട്ടേറെപ്പേർ ഫ്രാൻസിലേക്കും മറ്റും പലായനം ചെയ്തു. പിൽക്കാലത്ത് സ്‌പെയിനിലേക്ക് തിരിച്ചെത്തിയ അഭയാർത്ഥികൾ രാഷ്ട്രീയത്തടവുകാരാക്കപ്പെടുകയും കുപ്രസിദ്ധമായ "ശുദ്ധീകരണത്തിന് ' (purification) വിധേയരാക്കപ്പെടുകയുമുണ്ടായി. സാധാരണക്കാരായ അസംഖ്യം സ്പാനിയാഡുകൾ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നരകിച്ചു മരിച്ചു. ഫ്രാൻസിലെ ക്യാമ്പുകളിൽ ദുരിതത്തിൽക്കഴിഞ്ഞ രണ്ടായിരത്തോളം വരുന്ന അഭയാർത്ഥികളെ ഒരു പഴയ ചരക്കുകപ്പലിൽ ചിലിയിലേക്ക് അയക്കാൻ അന്നത്തെ ചിലിയൻ പ്രസിഡൻറ്​ തീരുമാനിച്ചപ്പോൾ ആ കൃത്യം നിറവേറ്റാൻ നിയുക്തനായത് സാക്ഷാൽ പാബ്ലോ നെരൂദയായിരുന്നു. താൻ ഏറ്റെടുത്ത ഏറ്റവും മഹത്തായ ദൗത്യം എന്നാണ് ചിലിയൻ മഹാകവി അതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

ചിലിയൻ പ്രസിഡന്റായിരുന്ന സാൽവദോർ അലന്റെയ്‌ക്കൊപ്പം പാബ്ലോ നെരൂദ (വലത്ത്) / Photo: Wikimedia Commons

ഫ്രാങ്കോയിസ്റ്റ് യുഗത്തിന്റെ അന്ത്യത്തിനുശേഷം 1990 കളിലാണ് സ്‌പെയിനിൽ "memory boom' ആരംഭിക്കുന്നത്. "മറവിയുടെ ഉടമ്പടി' (The pact of forgetting) എന്ന രാഷ്ട്രീയ നിർമ്മിതിയുടെ എതിർപ്രവർത്തനമായിരുന്നു അത്. ജനാധിപത്യത്തിലേക്കുള്ള പരിവർത്തന ഘട്ടത്തിൽ പുതിയ ഭരണ നേതൃത്വം കഴിഞ്ഞതെല്ലാം മറക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുക്കുകയും രാഷ്ട്രീയപാർട്ടികൾ, ഇടതു-വലതു കക്ഷി ഭേദമന്യേ, അതിനെ പിന്തുണക്കുകയും ചെയ്തു. എന്നാൽ ജനത കഴിഞ്ഞതെല്ലാം മറക്കാൻ ഒരുക്കമായിരുന്നില്ല. രണ്ടായിരാമാണ്ടിനുശേഷം മെമ്മറി ബൂം തീവ്രമാവുകയും പലമട്ടിലുള്ള ആഖ്യാനരൂപങ്ങളിൽ അത് ആവിഷ്‌കൃതമാവുകയുമുണ്ടായി. വിഭിന്ന സാഹിത്യ രൂപങ്ങളിലുള്ള അത്തരം "മെമ്മറി ടെക്സ്റ്റു'കൾക്ക് വൻ പ്രചാരമാണ് കൈവന്നത്. ഇന്റർനെറ്റിന്റെയും ഡിജറ്റൽ സ്റ്റോറേജുകളുടെയും വ്യാപനം മൂലമുണ്ടായ ഡേറ്റകളുടെ വീണ്ടെടുക്കൽ പുതു ലോകത്തിന്റെ പരിഗണനാ വിഷയമായി മാറിയതോടൊപ്പം നവമാധ്യമങ്ങളുടെ ആവിർഭാവവും പുരോഗമനേച്ഛയോടെയുള്ള അവയുടെ ഇടപെടലുകളും കൂടുതൽ പ്രസക്തിയും സ്വീകാര്യതയും കൈവരിച്ചതും മെമ്മറി ബൂമിനെ അങ്ങേയറ്റം തുണച്ചു. പല കാരണങ്ങളാലും സമൂഹത്തിന്റെ മുഖ്യധാരാ സംവാദ മണ്ഡലങ്ങളിൽ ദൃശ്യത ലഭിക്കാതെ പോയ സംഗതികളോടുള്ള ആഭിമുഖ്യവും ഉരുത്തിരിഞ്ഞു വന്ന കാലമായിരുന്നു അത്. യുദ്ധക്കെടുതികൾക്കും ഫ്രാങ്കോ ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങൾക്കുമിരയായ മനുഷ്യരും അവരുടെ വേണ്ടപ്പെട്ടവരും തങ്ങളുടെ പീഡാനുഭവങ്ങൾ വെളിപ്പെടുത്താൻ തുടങ്ങിയതിന്റെ സാമൂഹ്യ പശ്ചാത്തലം അതായിരുന്നു. സഫോണിന്റെ നോവൽ പരമ്പരയുടെ പിറവിയും ഇതേ കാലയളവിലായിരുന്നു.

പുസ്തകങ്ങൾക്ക് പാസ്‌പോർട്ടില്ലെന്നു പറഞ്ഞ സഫോൺ സാഹിത്യം, സംഗീതം, കല എന്നിവയ്‌ക്കൊന്നും ദേശീയതകളില്ലെന്ന ഉറച്ച നിലപാടു പുലർത്തിയിരുന്നു.

രണ്ടായിരത്തിനു ശേഷം സ്‌പെയിനിൽ നടന്ന, സ്വതന്ത്ര ചിന്ത വച്ചുപുലർത്തിയവരുടെ ചരിത്രാന്വേഷണത്തിന്റെ ഭാഗമായി ആഭ്യന്തര യുദ്ധകാലത്തും ഫ്രാങ്കോയിസ്റ്റ് ഏകാധിപത്യ കാലത്തും കൂട്ടക്കുരുതികൾക്കിരയായവർ ഒന്നാകെ കുഴിച്ചുമൂടപ്പെട്ട പലയിടങ്ങളും കണ്ടെത്തപ്പെട്ടു. കൊടും ഭീതിയാൽ നിശബ്ദമാക്കപ്പെട്ട ഒരു ഭൂതകാലത്തിൽ അകപ്പെട്ടു പോയ അഭിശപ്ത ജന്മങ്ങളുടെ കഥകൾ പുതിയ കാലം അനാവൃതമാക്കി. ആ മനുഷ്യരുടെ സ്മാരകം തന്നെയാണ് വിസ്മൃത ഗ്രന്ഥങ്ങളുടെ ശ്മശാനം. അത് ചരിത്രവും മനുഷ്യഭാവനയും ചേർന്നു പണിതുയർത്തിയ അന്തമില്ലാത്ത ഒരു ബൃഹത് നിർമ്മിതിയാകുന്നു. ആഭ്യന്തര യുദ്ധവും ഏകാധിപത്യവും മതപൗരോഹിത്യവും വിചിത്രാനുപാതത്തിൽ കൂടിക്കലർന്നുണ്ടാക്കിയ ദുർവിധിയുടെ കാലത്ത് നിരോധിക്കപ്പെടുകയോ, ചുട്ടെരിക്കപ്പെടുകയോ, രഹസ്യ സങ്കേതങ്ങളിലേക്ക് മറഞ്ഞുപോവുകയോ, വിസ്മരിക്കപ്പെടുകയോ ചെയ്ത പുസ്തകങ്ങളുടെ ഓർമ്മകളാൽ പണിതതാണ് ഈ നോവൽ പരമ്പരയിലെ മറഞ്ഞു കിടക്കുന്ന ഗ്രന്ഥശാലകളും വേട്ടയാടപ്പെട്ട പ്രസിദ്ധീകരണശാലകളും.

ജനറൽ ഫ്രാങ്കോ

ഈ ലാബിറിന്തിൽ മാത്രം അവശേഷിക്കുന്ന പുസ്തകങ്ങളിൽ പരശ്ശതം മനുഷ്യരുടെ രക്തസ്‌നാതമായ നിലവിളികൾ ഹൃദയദ്രവീകരണശക്തിയുള്ള ജീവിതകഥകളായി മറഞ്ഞിരിപ്പുണ്ട്; എന്നെങ്കിലും സാഹസികരായ ചില വായനക്കാർ അവയെ വിമോചിപ്പിക്കുമെന്നതുപോലെ. ആ വായനക്കാർ മറ്റാരുമല്ല, ആധുനികരായ സ്പാനിയാഡുകൾ തന്നെ!
സഫോൺ കൃതികളുടെ വിശാല പശ്ചാത്തലം കാറ്റലോണിയയുടേതാണ്. സ്വയംഭരണമുണ്ടായിരുന്ന, ബാഴ്‌സലോണ ഉൾപ്പെട്ട, ഈ പ്രവിശ്യ സ്പാനിഷ് ഭരണകൂടത്തിന്റെ കടുത്ത കേന്ദ്രനിയന്ത്രണത്തിൽ അധിഷ്ഠിതമായ നയങ്ങളെ മാത്രമല്ല ഭരണാധിപന്മാരെപ്പോലും പ്രതിരോധിക്കുന്ന ചരിത്രമുള്ളതാണ്. ഫ്രാങ്കോ ഭരണകൂടം ഔദ്യോഗിക ഭാഷയയെന്ന നിലയിൽ കാറ്റലാൻ നിരോധിക്കുക പോലുമുണ്ടായി. സ്‌പെയിനിന്റെ ഇരുണ്ട ഭൂതകാലം ഒരു ഒഴിയാബാധയെന്നോണം കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തെ ഇപ്പോഴും കലാപകലുഷിതമാക്കുന്നുണ്ട്.

നിശബ്ദമാക്കപ്പെട്ട ഭൂതകാലത്തിന്റെ ഓർമകളുടെ ആഖ്യാനവും വിമോചന ദൗത്യമാകുന്ന വായനയും ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ അധികാരപ്രമത്തതയ്‌ക്കെതിരെ നിരന്തര ജാഗ്രതയിൽ നമ്മെ പിടിച്ചു നിർത്താൻ പര്യാപ്തമായേക്കാം

പുസ്തകങ്ങൾക്ക് പാസ്‌പോർട്ടില്ലെന്നു പറഞ്ഞ സഫോൺ സാഹിത്യം, സംഗീതം, കല എന്നിവയ്‌ക്കൊന്നും ദേശീയതകളില്ലെന്ന ഉറച്ച നിലപാടു പുലർത്തിയിരുന്നു. വായന എന്നത് വ്യക്ത്യനുഭവമായിരിക്കുമ്പോഴും ഒരു ജനതയുടെ സാമൂഹ്യപരതയെ നിർണ്ണയിക്കുന്ന വിശാലമായ സാംസ്‌കാരിക പ്രക്രിയയുടെ ഭാഗം കൂടിയാണ്; ഓർമയും അതുപോലെ തന്നെ. നാം ഓർമിക്കുന്നതെന്തോ, നമുക്ക് അറിയാവുന്നതെന്തോ അതാണു നാം എന്ന് സഫോൺ എഴുതി. ഈ സാംസ്‌കാരിക ബോധ്യങ്ങളുടെ ശോഷണത്തിലൂടെ ചരിത്ര പാoങ്ങളിൽ നിന്ന് അകന്നു പോകുന്ന ഒരു ജനത അതിന്റെ അനിവാര്യമായ ദുരന്ത വ്യാപ്തിയെ പുൽകുന്നു. ഏതൊരു രാഷ്ട്രത്തിന്റെയും ഭാഗധേയം നിർണയിക്കുന്നതിൽ ഇത്തരം സാംസ്‌കാരിക പാഠങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ഉള്ളറിവാകാം അചുംബിതമായ ഭാവനാസ്ഥലികളിൽ നിന്നെന്ന പോലെ ദേശചരിത്രത്തിന്റെ മിടിപ്പുകളിൽ നിന്നും സർഗവിഭവങ്ങൾ കണ്ടെത്തി വിസ്മൃതിയെ ചെറുക്കുന്ന വിമത ഗ്രന്ഥങ്ങളുടെ ലാബിറിന്തുകൾ സൃഷ്ടിക്കാൻ സഫോണിനെ പ്രാപ്തനാക്കിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ഗോഥിക് നോവലുകളിലെ ഭാവനാ നിർമിതമായ അപരലോകങ്ങളിൽ സ്പാനിഷ് ജനതയുടെ സാമൂഹ്യ ഉൽക്കണ്ഠകൾ നാമും അനുഭവിക്കുന്നു. നിശബ്ദമാക്കപ്പെട്ട ഭൂതകാലത്തിന്റെ ഓർമകളുടെ ആഖ്യാനവും വിമോചന ദൗത്യമാകുന്ന വായനയും ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ അധികാരപ്രമത്തതയ്‌ക്കെതിരെ നിരന്തര ജാഗ്രതയിൽ നമ്മെ പിടിച്ചു നിർത്താൻ പര്യാപ്തമായേക്കാം. സമഗ്രാധിപത്യ പ്രവണതകൾ പല രാഷ്ട സമൂഹങ്ങളിലും പ്രബലമായിക്കൊണ്ടിരിക്കുന്ന നിലവിലെ ലോക സാഹചര്യത്തിൽ സഫോണിന്റെ നോവലുകൾ നിർവ്വഹിക്കുന്ന സാംസ്‌കാരിക ദൗത്യവും അതു തന്നെയാവാം.▮


ടി. പി. സജീവൻ

കഥാകൃത്ത്​, വിവർത്തകൻ. പി. കുഞ്ഞിരാമൻ നായരുടെ കളിയച്​ഛൻ ഇംഗ്ലീഷിലേക്ക്​ പരിഭാഷപ്പെടുത്തി. ഒഡിയ ഭാഷയിലെ ആദ്യ ദളിത് നോവൽ അഖില നായകിന്റെ ഭേദ, സാഗരിക ദാസുമൊത്ത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

Comments