ഗീത

മരണം കൊണ്ട്​ സുരേന്ദ്രനും ജീവിതം കൊണ്ട്​ സജ്​നയും
എന്നെ പഠിപ്പിച്ചത്​

അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഘാതത്തെക്കുറിച്ചും ഏറ്റവും തീക്ഷ്​ണമായ ഒരു തിരിച്ചറിവിനെക്കുറിച്ചും ഗീത എഴുതുന്നു

ഗീത

കുറേയേറെ വർഷങ്ങൾ പഠിപ്പിച്ചിട്ടുള്ള ഒരു അധ്യാപികയെന്ന നിലയിൽ ഒരു വിദ്യാർത്ഥിയെ / വിദ്യാർഥിനിയെ പ്രത്യേകമായി ചൂണ്ടിക്കാണിക്കുകയെന്നത് ശ്രമകരമാണ്. ഏറ്റവും പ്രിയപ്പെട്ടത്, ഏറ്റവും മിടുക്കി/മിടുക്കൻ ആരെന്നാലോചിക്കുന്നത് നമ്മളെ വലിയ തരത്തിൽ അന്ധാളിപ്പിലാക്കും. ഞാൻ കണ്ടിട്ടുള്ള വിദ്യാർത്ഥികളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മിടുക്കരും, കഴിവുള്ളവരും, നന്മയുള്ളവരും ഒക്കെയായിരുന്നു. എന്നാൽ ചിലർ ചില സാഹചര്യങ്ങളിൽ, ഒരുപക്ഷെ ക്ലാസ്‌റൂം അനുഭവം എന്നതിനപ്പുറത്തേക്ക് ക്ലാസ്‌റൂമിന്റെ പുറത്ത് നമ്മളെ ഉൾക്കൊണ്ട് വികസിക്കുന്നതെങ്ങനെ എന്നാണ് ഞാൻ ശ്രദ്ധിക്കാറും, ആഗ്രഹിക്കാറും. ആ നിലക്ക് എനിക്ക് രണ്ടു കുട്ടികൾ നല്കിയ അനുഭവത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്. അതിനർത്ഥം ഇതുവരെ ഞാൻ പഠിപ്പിച്ചിട്ടുള്ളവരും എഴുത്ത്, പൊതുപ്രവർത്തനം എന്നിങ്ങനെ പല തരം മേഖലയിൽ തിളങ്ങി കഴിവു തെളിയിച്ചവരുമായ മറ്റനേകം വിദ്യാർത്ഥികളെ അപ്രസക്തമാക്കുന്നു എന്നല്ല. ഒരധ്യാപികയെ സംബന്ധിച്ച് ഒരാളെ പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടി വരുമ്പോൾ സംഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടാണത്.

പഴയ ഗുരു-ശിഷ്യ സങ്കൽപ്പത്തിൽ നിന്ന്​ വ്യത്യസ്തമായി പരസ്പര കൊടുക്കൽ വാങ്ങൽ ബന്ധത്തിലൂടെയായിരിക്കും പുതിയ അധ്യാപകരും വിദ്യാർത്ഥികളും കടന്നു പോകുന്നത് എന്നാണ് ഞാൻ കരുതുന്നത്

അധ്യാപനം എന്നു പറയുന്നത് ക്ലാസിൽ സിലബസ് തീർക്കുക മാത്രമല്ലല്ലോ. അതിനപ്പുറം കുട്ടികളുമായി വൈകാരികവും ബൗദ്ധികവുമായ ഒരു ബന്ധം നമ്മൾ സ്ഥാപിച്ചിട്ടുണ്ടാകും. ബോധപൂർവ്വം ചെയ്യുന്നതല്ലത്, സ്വാഭാവികമായി വികസിക്കുന്നതാണ്. നിലവിലത്തെ പ്രത്യേക സാഹചര്യത്തിൽ നിന്നു ഭിന്നമായി, നേർക്കുനേർ ഒരു കുട്ടിയുടെ ഭൗതിക സാന്നിധ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ക്ലാസുകളാണ് ഞാനെടുത്തതൊക്കത്തന്നെ. അങ്ങനെയല്ലാത്തത് നല്ലതോ ചീത്തയോ എന്ന വാദമില്ല. അതു കൊണ്ടുതന്നെ ആ കുട്ടികളെ എനിക്ക് റിസീവേഴ്‌സ് (സ്വീകർത്താവ്) മാത്രമായി കാണാനാകുന്നില്ല, മറിച്ച് എനിക്ക് തരുന്നവർ കൂടിയായിരുന്നു അവർ. ഒരു പാടു കാര്യങ്ങൾ കുട്ടികളിൽ നിന്നും അവരുടെ പ്രതികരണങ്ങളിൽ നിന്നും, അത് ‘നിഷേധാത്മക'മാണെങ്കിൽപ്പോലും പഠിക്കാനുണ്ടാവും.

വിദ്യാർഥികൾ എന്നു പറയുന്നത് ഒരു വാട്ടർ ടൈറ്റ് കമ്പാർട്ട്‌മെന്റും അധ്യാപകരെന്നത് മറ്റൊരു വാട്ടർ ടൈറ്റ് കമ്പാർട്ട്മെന്റും അല്ല, മറിച്ച് അവിടെ ചില വിനിമയങ്ങളാണ് സാധിക്കുന്നതെന്നാണ് അധ്യാപനത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടു തന്നെ. അത് ഒരുപക്ഷെ പാഠപുസ്തകവുമായി ബന്ധപ്പെട്ട് അവർ ചോദിക്കുന്ന ചോദ്യങ്ങളാവാം, അല്ലെങ്കിൽ സിലബസിന് പുറത്ത് അവർക്കനുഭവപ്പെടുന്ന കാര്യങ്ങളാവാം, അല്ലെങ്കിൽ ഞാനുമായിട്ടുള്ള വിയോജിപ്പുകളോ, യോജിപ്പുകളോ ആവാം, എന്നെ അവരുടെ ഭാവി ജീവിതത്തിലേക്ക്, അവരുടെ മനസ്സിലേക്ക് കൊണ്ടു പോകുന്നതോ ആയ മറ്റു ചില വ്യക്തിഗത അനുഭവങ്ങളാകാം. ഇങ്ങനെ പല തലങ്ങളിലുള്ള വിനിമയങ്ങളിലൂടെയാണ് കുട്ടികളുമായുള്ള ബന്ധം ക്ലാസുമുറികളിൽ രൂപപ്പെടുന്നതും വികസിക്കുന്നതും നിലനിൽക്കുന്നതും.

മലപ്പുറം ഗവ. കോളെജ്
മലപ്പുറം ഗവ. കോളെജ്

പഴയ ഗുരു-ശിഷ്യ സങ്കൽപ്പത്തിൽ നിന്ന്​ വ്യത്യസ്തമായി പരസ്പര കൊടുക്കൽ വാങ്ങൽ ബന്ധത്തിലൂടെയായിരിക്കും പുതിയ അധ്യാപകരും വിദ്യാർത്ഥികളും കടന്നു പോകുന്നത് എന്നാണ് ഞാൻ കരുതുന്നത്. ചിലത് കുട്ടികളെ നമുക്ക് പഠിപ്പിക്കാനുണ്ട്, ചിലത് കുട്ടികളിൽ നിന്ന് നമുക്ക് പഠിക്കാനുമുണ്ട്. അത്തരമൊരു വിനിമയത്തിന്റെ ഭാഗമായി പ്രത്യേക സാഹചര്യത്തിൽ എന്നെ വൈകാരികമായി സ്പർശിച്ച ഒരു അനുഭവമാണ് വിദ്യാർത്ഥി ഓർമ എന്ന നിലയ്ക്ക് പങ്കു വെക്കുന്നത്. നമ്മൾ പഠിപ്പിക്കുന്ന കുട്ടികൾ നമ്മളെ പഠിപ്പിക്കുന്നതെന്തൊക്കെയാണ്. നമ്മൾ ചിന്തിക്കാത്ത, നമ്മളറിയാത്ത, നമ്മൾക്ക് മനസ്സിലാവാത്ത കുറേ കാര്യങ്ങൾ അവരെങ്ങനെയാണ് നമ്മളെ വളരെയെളുപ്പത്തിൽ പഠിപ്പിക്കുന്നത്.?

സുരേന്ദ്രൻ എന്ന എന്റെ വിദ്യാർത്ഥിയിൽ നിന്നാണ് എന്റെയീ അനുഭവക്കുറിപ്പ് ആരംഭിക്കുന്നത്. മലപ്പുറം ഗവ. കൊളേജിൽ ഞാൻ ബി.എ. മലയാളത്തിന് പഠിപ്പിച്ച വിദ്യാർത്ഥിയാണ് സുരേന്ദ്രൻ. ഞാൻ സർവിസിൽ പ്രവേശിച്ചിട്ട് ഏറെക്കാലമായിട്ടില്ല. ക്ലാസിൽ ശ്രദ്ധാപൂർവം ഇരിക്കുന്ന, തരക്കേടില്ലാതെ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു അവൻ. ദരിദ്രമായ കുടുംബപശ്ചാത്തലത്തിൽ നിന്നു വരുന്ന സുരേന്ദ്രന് പല ദിവസങ്ങളിലും ക്ലാസിൽ വരാൻ പറ്റാറുണ്ടായിരുന്നില്ല. ക്ലാസിൽ വരാഞ്ഞതിനെ കുറിച്ച് ചോദിക്കുമ്പോൾ മിക്കപ്പോഴും ‘പണിക്കു പോയതു കൊണ്ടാണെന്ന' മറുപടിയാണ് ലഭിക്കാറ്. അറ്റന്റൻസും മറ്റും അടങ്ങുന്ന സാങ്കേതിക വിഷയമായിട്ടല്ല ഡിപാർട്ട്‌മെന്റിലെ ആരും തന്നെ അന്ന് ഇതിനെ കൈകാര്യം ചെയ്തത്.

ബി.എ. കഴിഞ്ഞ് ഒരു ദിവസം അവനെന്നെ കാണാൻ വന്നു: ‘‘ടീച്ചറേ, ഒരു ചായ കുടിക്കാം'' എന്നു പറഞ്ഞു.
ശരി അങ്ങനാവട്ടെ എന്നു പറഞ്ഞ് അവനോടൊപ്പം പോയി ചായ കുടിച്ചു.
ശേഷം, ‘‘ഞാൻ പൈസ കൊടുത്തോട്ടെ ടീച്ചറെ?'' എന്ന് സുരേന്ദ്രൻ ചോദിച്ചു.
‘‘അതു വേണ്ട. സുരേന്ദ്രൻ സ്വന്തമായി സമ്പാദിക്കുന്ന കാലത്തു മാത്രം ചെയ്യേണ്ടുന്ന കാര്യമാണത്. ഇപ്പോൾ എനിക്കാണ് വരുമാനമുള്ളത്, പൈസ ഞാൻ കൊടുക്കും'' എന്നു ഞാൻ മറുപടി പറഞ്ഞു.

പിറ്റേദിവസം ഞാൻ അറിയുന്നത്, സുരേന്ദ്രൻ വാലഞ്ചേരിയിൽ വെച്ച് ലോറിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ്. അറിയാതെയാണെങ്കിലും എന്നെ ദൃക്‌സാക്ഷിയാക്കി, അവൻ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുത്ത സമയവും രീതിയും സാഹചര്യവും അനിവാര്യമായ വിധിയാണോ?

പിന്നീട് രണ്ടു വർഷങ്ങൾക്കു ശേഷം അവനെന്റടുക്കൽ വന്ന്,
‘‘ടീച്ചറെ ഞാൻ സ്വന്തമായി സമ്പാദിച്ച കാശുണ്ടെന്റെ പക്കൽ, കൂലിപ്പണിയായും മറ്റുമൊക്കെ ഞാൻ പല ജോലികളും ചെയ്യുന്നുണ്ട്, കൂടെ ബി.എഡ് എടുക്കുന്നുണ്ട്. നമുക്കൊരു ചായ കുടിക്കാൻ പോയാലോ?'' എന്നു ചോദിച്ചു.
അങ്ങനെ ഞങ്ങൾ ചായ കുടിക്കാൻ പോയി, മലപ്പുറത്തെ കുന്നുമ്മലെ ഒരു ഹോട്ടലിൽ. ചായയും സമൂസയുമാണ് കഴിച്ചതെന്നാണ് ഓർമ്മ.
സുരേന്ദ്രൻ കാശ് കൊടുത്തു. ഞാൻ തടഞ്ഞില്ല.അത് കാശിന്റെ മാത്രം വിഷയമല്ല. ഞാനവനെ ധരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള കുറച്ചു കാര്യങ്ങളുണ്ടായിരുന്നു അതിലൂടെ.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ കോഴിക്കോട്ടേക്ക് പോകേണ്ട ഒരാവശ്യമുണ്ടായിരുന്നെനിക്ക്. തിരികെ നാട്ടിലേക്ക് പുറപ്പെട്ടപ്പോൾ രാത്രിയായി. കോഴിക്കോടിനും മലപ്പുറത്തിനുമിടയ്ക്ക് വാലഞ്ചേരി എന്ന സ്ഥലമുണ്ട്. ചെങ്കുത്തായ വളവും, ഇറക്കവുമുള്ള, സ്ഥിരമായി അപകടങ്ങൾ നടക്കാറുള്ള സ്ഥലം. ബസ് വാലഞ്ചേരിയിലെത്തിയപ്പോൾ ഒന്നു സ്ലോ ആയി. ആൾക്കാരൊക്കെ പുറത്തേക്ക് തലയിട്ടു കാര്യമന്വേഷിച്ചു. ഒരു ലോറി അവിടെ നിർത്തിയിട്ടിരിക്കുന്നുണ്ട്. ആക്‌സിഡന്റ് ആണെന്ന് പറയുന്നത് കേട്ടു. ഞാൻ നോക്കിയപ്പോൾ പായയിൽ പൊതിഞ്ഞ ഒരു ശരീരം കണ്ടു.

1993ലെ ബി.എ. ബാച്ച്, മലപ്പുറം ഗവൺമെന്റ് കോളേജ്
1993ലെ ബി.എ. ബാച്ച്, മലപ്പുറം ഗവൺമെന്റ് കോളേജ്

തിരിച്ചു വീട്ടിലെത്തി പിറ്റേദിവസം ഞാൻ അറിയുന്നത്, സുരേന്ദ്രൻ വാലഞ്ചേരിയിൽ വെച്ച് ലോറിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു എന്നാണ്. അറിയാതെയാണെങ്കിലും എന്നെ ദൃക്‌സാക്ഷിയാക്കി, അവൻ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുത്ത സമയവും രീതിയും സാഹചര്യവും അനിവാര്യമായ വിധിയാണോ? അതിനെ കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. സുരേന്ദ്രന് വേലായുധൻ എന്നു പേരായ ഒരു സുഹൃത്തുണ്ടായിരുന്നു. അവനെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്.
വേലായുധൻ എന്റടുത്ത് വന്നു പറഞ്ഞു; ‘‘ടീച്ചറെ, ഇങ്ങള് സുരേന്ദ്രന്റെ വീട്ടില് പോണം. എന്നാലേ ഓന് തൃപ്തിയാവുള്ളു. അത്രയക്കിങ്ങളെ ഇഷ്ടമായിരുന്നു'' എന്ന്.

പക്ഷെ ജീവിച്ചിരിക്കുന്ന സുരേന്ദ്രന്റെ വീട്ടിൽ പോകാൻ എനിക്കൊരിക്കലും ഭാഗ്യമുണ്ടായില്ല. സുരേന്ദ്രൻ ചെയ്തത്, വാലഞ്ചേരിയിൽ ഒരു ബസിൽ നിന്നിറങ്ങി, വണ്ടിക്ക് ബ്രേക്ക് കിട്ടാൻ ബുദ്ധിമുട്ടുള്ള ഇറക്കത്തിൽ ലോറി വരുന്നതും കാത്തു നിന്നു. അവിടെ നിന്നിരുന്ന പീടികക്കാരും ആളുകളും പറഞ്ഞതാണ്. കാത്തു നിന്ന്, ഒരു ലോറി വരുന്നത് കണ്ട് അതിന് ബ്രേക്ക് കിട്ടില്ലെന്ന് ഉറപ്പായപ്പോൾ അതിന് മുമ്പിലേക്കെടുത്ത് ചാടി. എന്റെ കുട്ടിയെ അങ്ങനെ പായയിൽ കിടത്തി പൊതിഞ്ഞ് കണ്ടു ഞാൻ. എന്റെ കുട്ടിയാണെന്ന് മനസ്സിലാവുന്നില്ലല്ലോ. മനസ്സിലായിട്ടെന്ത് കാര്യമെന്ന് ചോദിച്ചാൽ നിശ്ചയമില്ല. പക്ഷെ എനിക്ക് മനസ്സിലായതു പോലുമില്ല അവനാണതെന്ന്. എനിക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുമായിരുന്നില്ല.

കോളേജിലെത്തി എന്നെ കാണാനോ, സംസാരിക്കാനോ പറ്റുന്ന സാഹചര്യം വന്നിരുന്നെങ്കിൽ, അവനത് തോന്നിയിരുന്നെങ്കിൽ, സുരേന്ദ്രൻ ഇന്നും ഉണ്ടാവുമായിരുന്നു എന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്.

വേലായുധന്റെ കൈ പിടിച്ച് വഴുക്കലുള്ള ചാലിയാറിന്റെ തീരത്തൂടെ കുറച്ച് കിലോമീറ്ററുകൾ നടന്നാണ് സുരേന്ദ്രന്റെ വീട്ടിലെത്തിയത്. വാസ്തവത്തിൽ ഞാൻ മനസ്സിലാക്കിയതിനെക്കാൾ ദരിദ്രവും ദയനീയവുമായ ഒരു സാഹചര്യത്തിൽ നിന്നാണ് സുരേന്ദ്രൻ പഠിക്കാൻ വന്നിരുന്നതെന്ന് മനസ്സിലായി. മാനസികാസ്വാസ്ഥ്യമുള്ള കുടുംബാംഗങ്ങളെ ഞാനവിടെ കണ്ടു. മാനസികാസ്വസ്ഥ്യം മൂലം ദിവസപ്പണിക്ക് പോകാൻ കഴിയാതിരുന്നവർ. അങ്ങനെയൊരു സാഹചര്യത്തിൽ നിന്നൊരു കുട്ടി, മലപ്പുറം കോ​ളേജിൽ വന്ന് ബി.എ. പഠിച്ചു, പാസ്സായി ബി.എഡ്. ചെയ്തു. ഇതൊക്കെ ചെയ്ത സുരേന്ദ്രന് എന്താണ് പറ്റിയത്?

ഞാൻ വേലായുധനോടു പറഞ്ഞു; ‘‘വേലായുധാ എന്നെയൊന്ന് വിളിച്ചിരുന്നെങ്കിലവൻ!''
രണ്ടു ദിവസം മുമ്പവൻ സ്വന്തമായി സമ്പാദിച്ച പൈസ കൊണ്ട് ചായ വാങ്ങിത്തരാം ടീച്ചറെ എന്നു പറഞ്ഞ് ചായ വാങ്ങി കുടിപ്പിച്ച് പോയിട്ട്, അവനെന്നെ ഒന്നു വിളിച്ചില്ലല്ലോ എന്ന അഗാധമായ ഒരു ഖേദം എനിക്കനുഭവപ്പെട്ടു. ഒരുപക്ഷെ ഞാനവനോട് സംസാരിച്ചിരുന്നെങ്കിൽ ഇങ്ങനെയാവുമായിരുന്നില്ല എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. വിളിക്കാൻ അന്ന് മൊബൈൽ 'ഒന്നുമുണ്ടായിരുന്നില്ല. കോളേജിലെത്തി എന്നെ കാണാനോ, സംസാരിക്കാനോ പറ്റുന്ന സാഹചര്യം വന്നിരുന്നെങ്കിൽ, അവനത് തോന്നിയിരുന്നെങ്കിൽ, സുരേന്ദ്രൻ ഇന്നും ഉണ്ടാവുമായിരുന്നു എന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്.

സുരേന്ദ്രൻ
സുരേന്ദ്രൻ

ആ കുട്ടിയെ നഷ്ടപ്പെട്ടത് എന്റെ അധ്യാപന ജീവിതത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു. നമുക്ക് ശേഷവും ഉണ്ടായിക്കേണ്ട മക്കൾ നമ്മളെ തോൽപ്പിച്ചു കൊണ്ട് ആദ്യം കടന്നു പോകുന്ന അവസ്ഥ വാസ്തവത്തിൽ വല്ലാത്ത വേദനയുണ്ടാക്കുന്ന ഒന്നാണ്. വിദ്യാർത്ഥികളുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം വിഷാദമോ, അനാഥത്വമോ, അരക്ഷിതത്വമോ ഒന്നും തിരിച്ചറിയാൻ കഴിയാതെയാണല്ലോ ഞാൻ ക്ലാസിൽ പാഠങ്ങൾ പഠിപ്പിച്ചത്. അങ്ങനെയല്ല ഇനി മേലിൽ വേണ്ടത് എന്നൊക്കെ ഏതൊരാളെയും പോലെ എനിക്ക് തിരിച്ചറിയേണ്ടി വരികയായിരുന്നു അപ്പോൾ. നമ്മളിതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല, പക്ഷെ നമ്മളിതൊക്കെ ചിന്തിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾ ജീവിച്ചു വരുന്ന ഇത്തരം മാനസികവും ഭൗതികവുമായ സാഹചര്യങ്ങളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട് എന്നൊക്കെ പഠിപ്പിച്ചിട്ടാണ് സുരേന്ദ്രൻ എന്റടുത്തു നിന്നു പോയത്.

ഗുരു- ശിഷ്യ ബന്ധം എന്ന സങ്കൽപ്പം പരമ്പരാഗതമായി ആൺകോയ്മയിലൂന്നി രൂപപ്പെടുത്തിയിരിക്കുന്ന ബന്ധത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് യഥാർഥ അനുഭവങ്ങൾ

ആ വലിയ പാഠം മനുഷ്യരുമായി ബന്ധപ്പെടുമ്പോൾ ഒക്കെത്തന്നെ എന്റെ ഉള്ളിൽ അവന്റെ മുഖത്തോടൊപ്പം ഉയർന്നുവരാറുണ്ട്. മനുഷ്യർക്ക് മരിക്കാൻ ഒരുപാട് വഴികളുണ്ടെന്നു കൂടിയാണ് സുരേന്ദ്രൻ എന്നെ പഠിപ്പിച്ചത്. കുട്ടികളോട് ജീവിക്കാനും പൊരുതാനും, മരിക്കാനുള്ളതിനെക്കാളേറെ വഴികളുണ്ടെന്ന് ബോധ്യപ്പെടുത്താനുള്ള അബോധമായ ചുമതലാബോധം സുരേന്ദ്രൻ എന്നിലുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ സുരേന്ദ്രൻ പഠിപ്പിച്ചിട്ടുള്ള പാഠത്തിൽ നിന്നാണ് പിന്നീട് ഞാൻ കുട്ടികളെ കാണാൻ തുടങ്ങിയത്. എന്റെ ക്ലാസിൽ ഇരിക്കുമ്പോഴോ, എന്നോടു സംശയം ചോദിക്കുമ്പോഴോ ആണ് ഞാനവരെ കാണുന്നത്. ഇതൊന്നുമല്ലാത്ത മറ്റൊരാൾ ഈ കുട്ടികളിൽ ഉണ്ടല്ലോ. ആ ആളും ആരോഗ്യകരമായി ഇരിക്കുമ്പോഴാണല്ലോ ഈ കുട്ടിയുടെ അതിജീവനം സാധ്യമാവുക, ഈ കുട്ടിയുടെ വ്യക്തിത്വം വികസിക്കുക എന്നൊക്കെയുള്ള ഒരു ബോധ്യം വലിയ വില കൊടുത്താണ് എനിക്ക് ആർജ്ജിക്കേണ്ടി വന്നത്.

ഗുരു- ശിഷ്യ ബന്ധം എന്ന സങ്കൽപ്പം പരമ്പരാഗതമായി ആൺകോയ്മയിലൂന്നി രൂപപ്പെടുത്തിയിരിക്കുന്ന ബന്ധത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ് യഥാർഥ അനുഭവങ്ങൾ. നമുക്കൊരു ഗുരുവിന്റെ സ്ഥാനത്ത് ഒരിക്കലും ഒരു ശിഷ്യനെയോ, ഒരു സ്ത്രീയേയോ ഒന്നും സങ്കൽപ്പിക്കാൻ പറ്റാറില്ല. ഗുരുവെന്നു കേൾക്കുമ്പോൾ ആകാശം മുട്ടെ വളർന്നു നിൽക്കുന്ന ജ്ഞാനിയായ ഒരു ഒത്ത പുരുഷരൂപമല്ലാതെ, നമ്മളെ പഠിപ്പിക്കാൻ ശേഷിയുള്ള സ്ത്രീയുടെയോ, പെൺകുട്ടിയുടേയോ, ആൺകുട്ടിയുടേയോ രൂപം നമുക്ക് സങ്കൽപ്പിക്കാൻ പറ്റാറില്ല. എന്റെ അനുഭവം ഈയൊരു പുരുഷാകാരമല്ല ഗുരുത്വം എന്നതാണ്. അതിനപ്പുറത്തേക്ക് നേരത്തെ പറഞ്ഞതു പോലുള്ള ആശയവിനിമയ സാധ്യതയാണ് വാസ്തവത്തിൽ ഗുരു ശിഷ്യ ബന്ധം. അതൊരു മേൽ- കീഴ് വ്യവസ്ഥയല്ല, മറിച്ച് അങ്ങോട്ടുമിങ്ങോട്ടും ഒഴുക്കുകൾ സാധ്യമായൊരു ജനാധിപത്യ ബന്ധമാണ്. അങ്ങനെയല്ലാതാവുന്ന ഘട്ടത്തിൽ അത്തരം ബന്ധങ്ങൾ മുറിച്ചു കളയേണ്ടതുമുണ്ടെന്നാണ് എന്റെ വ്യക്തിപരമായ ബോധ്യം. അത് ഗുരുവിന്റെ ഭാഗത്തു നിന്നാണെങ്കിലും, ശിഷ്യരുടെ ഭാഗത്തു നിന്നാണെങ്കിലും, ബന്ധങ്ങളിൽ ജനാധിപത്യ വിധ്വംസനം നടക്കുന്ന ഘട്ടത്തിൽ അത് നിർദ്ദയം മുറിച്ചുമാറ്റുകയല്ലാതെ വേറെ മാർഗ്ഗമില്ല.

ഇനി എന്റെ മറ്റൊരു ഗുരുവിനെ ഞാൻ പരിചയപ്പെടുത്താം.
സജ്‌ന മോൾ എന്ന വിദ്യാർത്ഥിനിയെക്കുറിച്ചാണ്. പട്ടാമ്പി ഗവ സംസ്‌കൃത കോളേജിൽ എം.എ. മലയാളം വിദ്യാർത്ഥിനിയായിരുന്നു. മലപ്പുറം കോളേജിൽ ബി.എ. ഇസ്ലാമിക് ഹിസ്റ്ററി പൂർത്തിയാക്കി മലയാളം പഠിക്കണം എന്നാഗ്രഹിച്ച് എത്തിയതാണ്- സജ്‌ന മോൾ ആമിയാൻ. മലപ്പുറത്തു നിന്ന്​ പട്ടാമ്പി കോളേജിലേക്കെത്തുമ്പോൾ എന്റെയും പ്രായം ഒരുപാട് കൂടുന്നുണ്ട്, പ്രായത്തിന്റേതായ അനുഭവങ്ങളും. പ്രായത്തോടൊപ്പം വിദ്യാർത്ഥികളുമായുള്ള ദൂരവും കൂടുന്നുണ്ട്. ആ ദൂരത്തെ മറികടന്നു കൊണ്ട് അവരുമായുള്ള വിനിമയം സാധിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അനിവാര്യമായ ആ വെല്ലുവിളി ഏറ്റെടുത്താൽ മാത്രമേ അവരോട് സംസാരിക്കാനും അവർ സംസാരിക്കുന്നത് ഉൾക്കൊള്ളാനും കഴിയൂ. അങ്ങനെയുള്ള ഘട്ടത്തിലാണ് സജ്‌ന മോൾ വരുന്നത്. ഏതാണ്ട് എന്റെ സർവിസിന്റെ അവസാന ഘട്ടത്തിൽ. മലപ്പുറംകോഡൂരിൽ നിന്ന് ആദ്യമായി എം.എ. പാസ്സായ വിദ്യാർത്ഥിനിയാണ് സജ്‌ന. സജ്‌നയുടെ എം.എ പ്രബന്ധം ഗൂഢഭാഷയെക്കുറിച്ചായിരുന്നു. ഒരു ആവറേജ് വിദ്യാർത്ഥിനിയായിരുന്നവൾ. കൂടുതൽ പഠിക്കണമെന്ന മോഹം അവളിലുണ്ടായിരുന്നു. മലപ്പുറത്തെ പല പെൺകുട്ടികളെയും പോലെ വളരെ നേരത്തെ പഠിക്കുന്ന ഘട്ടത്തിൽത്തന്നെ വിവാഹിതയായവളാണ് സജ്‌നയും (മലപ്പുറത്തെ അപമാനിക്കാൻ വേണ്ടി പറയുന്നതല്ല, യാഥാർത്ഥ്യത്തെ അഭിസംബോധന ചെയ്തതാണ്).

ആലോചിച്ചു നോക്കൂ. നമ്മൾ പഠിപ്പിക്കുന്നതിലപ്പുറത്തേക്ക് ഒരാൾ പഠിച്ചെടുത്ത് പോകുന്നതിന്റെ മനോഹരമായ ഒരു അനുഭവം ആ വാക്കുകളിലൂടെ സജ്‌ന എനിക്ക് തരികയായിരുന്നു.

പിന്നീട് എം.എ കഴിഞ്ഞതിനു ശേഷമവൾ ഗർഭിണിയായി. പിന്നീടാണവൾ ‘എനിക്ക് ഗവേഷണം നടത്തണം ടീച്ചറെ' എന്ന് എന്റടുക്കൽ വന്ന് പറഞ്ഞത്. ഞാൻ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുന്ന ഘട്ടമായിരുന്നു.അവൾ റിസർച്ച് ചെയ്യുന്നതിൽ എനിക്ക് വിരോധമുണ്ടായിരുന്നില്ല. പക്ഷെ അവൾ മുന്നോട്ടു വെച്ച അടുത്ത ഡിമാന്റ് ഞാൻ തന്നെയായിരിക്കണം അവളുടെ ഗൈഡ് എന്നതാണ്. അതിലെനിക്കൽപം വിരോധമുണ്ടായിരുന്നു. ഇതിൽ നിന്നൊക്കെ വിടുതൽ നേടി രക്ഷപ്പെടാൻ നിൽക്കുന്ന സന്ദർഭത്തിൽ എന്നെത്തന്നെ തെരഞ്ഞുപിടിച്ചപ്പോൾ ഞാനത് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിനെനിക്ക് സാധിക്കാതെ വന്നു. അല്ലെങ്കിൽ താൻ പിഎച്ച്ഡി ചെയ്യുന്നില്ല എന്നൊരു നിലപാടിൽ സജ്ന എത്തുകയും, ഒടുവിൽ ഞാനതിന് വഴങ്ങുകയും ചെയ്തു. അങ്ങനെ പിടിച്ച പിടിയാലേ അവളെന്നോടൊപ്പം ചേർന്നു.

സജ്ന മോൾ ആമിയാൻ ഗീതയോടൊപ്പം
സജ്ന മോൾ ആമിയാൻ ഗീതയോടൊപ്പം

അവളുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ഒരനുഭവം ഞാൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ആ അനുഭവത്തിന്റെ വിശദാംശങ്ങൾ തന്നെയാണ് എനിക്കിവിടെ പറയാനുള്ളത്.
ഒരു വല്ലാത്ത കാലത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒരു പനിയോ ജലദോഷമോ വെറുമൊരു ചുമയോ പോലും സ്വാഭാവികമല്ലാത്ത ഒരു കാലം. ലോകത്തെ ഒട്ടാകെ ഗ്രസിച്ചിരിക്കുന്ന ഈ വൈറസ് എന്റെ വീട്ടിലേക്കും കടന്നു വന്നു. എന്റെ പവിത്രനെയത് ബുദ്ധിമുട്ടിച്ചു, എന്റെ മകളും കോവിഡ് പോസിറ്റിവ് ആയി ക്ഷീണിതയായ അവസ്ഥയിലായി. രണ്ടു പേരെയും രണ്ടു മുറികളിലാക്കി, പുറം ലോകവുമായി എനിക്കും അവർക്കുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് ഞാനെന്റെ വീടിനെ പരിചരിച്ചുകൊണ്ടിരിക്കുന്ന ഘട്ടമായിരുന്നു. ആ സമത്താണ് സജ്‌നയ്ക്ക് റിസർച്ചുമായി ബന്ധപ്പെട്ട ചില പേപ്പറുകളുടെ ആവശ്യം വരുന്നത്. എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘‘സജ്‌നാ എനിക്കത് ചെയ്യുന്നതിൽ ഇപ്പോൾ ബുദ്ധിമുട്ടുണ്ട്, ഏതായാലും കോ-ഗൈഡിനെ സമീപിച്ച് അതിനുള്ള കാര്യങ്ങൾ നീക്കിക്കൊള്ളൂ,'' എന്ന്.
അവൾ കാര്യം തിരക്കിയപ്പോൾ ഞാൻ പറഞ്ഞു, ‘‘എന്റെ വീട്ടിൽ കോവിഡ് ബാധിതരുണ്ട്. അതു കൊണ്ട് വീട്ടിലേക്കിപ്പോൾ സജ്‌ന വരേണ്ടതില്ല'' എന്ന്. പ്രൈമറി കോണ്ടാക്ടിലുള്ളതു കാരണം ഒപ്പിടുന്നതിലും, കടലാസ് കൈമാറുന്നതിലുമുള്ള റിസ്‌ക് തള്ളിക്കളാൻ പറ്റില്ലല്ലോ. ആ ഒരു നിലപാടിലാണ് ഞാൻ കോ-ഗൈഡിനെ കാണാൻ സജ്‌നയോട് ആവശ്യപ്പെടുന്നത്.
സജ്‌ന പറഞ്ഞു, ‘‘അതാവാം പക്ഷെ എനിക്ക് ടീച്ചറെ കാണണം.''
‘‘അങ്ങനെ കാണാൻ പറ്റില്ല. ഞാനിപ്പോൾ ആരെയും കാണാൻ ആഗ്രഹിക്കുന്നില്ല’’; ഞാനൽപം ഗൗരവത്തോടും പരുക്കൻ മട്ടിലും പറഞ്ഞു.
‘നിക്കു ങ്ങളെ കണ്ടേ പറ്റൂ ' എന്നായി സജ്‌ന. എന്റെ വീട്ടിലേക്ക് കേറാൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു.
അങ്ങനെയാണെങ്കിൽ ഞാൻ ഗേറ്റിന്റെ അടുത്തു വന്നു കണ്ടോളാം ടീച്ചറെയെന്ന് സജ്ന. ‘‘നിക്ക് ങ്ങളെ കാണണം. നിക്ക് രോഗത്തെ ഒരു ഭയവുമില്ല. ഞാൻ കോവിഡ് വളണ്ടിയറാണ്. ഒരു പി.പി.ഇ. കിറ്റ് ധരിച്ച് ങ്ങളുടെ വീട്ടിൽ വന്ന് ങ്ങൾക്കു വേണ്ടുന്ന എന്തും ചെയ്തു തരാന് നിക്കു ധൈര്യണ്ട്.''
എനിക്കു ധൈര്യമില്ല, അതു കൊണ്ട് സജ്‌ന വരണ്ട എന്നതാണ് എന്റെ നിലപാടെന്നു ഞാൻ പറഞ്ഞു.
‘‘ടീച്ചർക്കറിയോ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ച് ആരും അവരുടെ ശരീരം തൊടാൻ ധൈര്യപ്പെടാതെ വന്നപ്പോൾ ഞാനാണവരെ കുളിപ്പിച്ചത്, എനിക്കൊരു ഭയവുമില്ല,'' സജ്ന പറഞ്ഞു.
വളരെ അത്ഭുതത്തോടെയാണ് ഞാനത് കേട്ടത്.
എന്നിട്ടവൾ പറഞ്ഞു, ‘‘നിക്കീ ധൈര്യം എവിടെന്നാണ് കിട്ടീതെന്ന് ടീച്ചർക്കറിയോ? ങ്ങള് തന്നതാണത്.’’

പട്ടാമ്പി ഗവ. സംസ്കൃത കോളേജ്
പട്ടാമ്പി ഗവ. സംസ്കൃത കോളേജ്

അതായത് ഞാൻ പേടിച്ച് മാറി നിൽക്കുന്ന ഒരു കാര്യം ചെയ്യാൻ ഞാനവൾക്ക് ധൈര്യം നൽകിയെന്നാണ് അവൾ അവകാശപ്പെടുന്നത്!
ആലോചിച്ചു നോക്കൂ. നമ്മൾ പഠിപ്പിക്കുന്നതിലപ്പുറത്തേക്ക് ഒരാൾ പഠിച്ചെടുത്ത് പോകുന്നതിന്റെ മനോഹരമായ ഒരു അനുഭവം ആ വാക്കുകളിലൂടെ സജ്‌ന എനിക്ക് തരികയായിരുന്നു.
അന്ന് വൈകുന്നേരം അവളെന്റെ വീട്ടിലെത്തി, ഗേറ്റിന്റെ അരികിൽ നിന്ന് ബെല്ലടിച്ചു. കേട്ടപ്പോൾ തന്നെ സജ്‌നയാണതെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഗേറ്റിന്റടുത്ത് നിന്ന് രണ്ടു മൂന്ന് മീറ്റർ മാറി നിന്ന് ‘ആ സജ്‌നാ' എന്നു പറഞ്ഞു.
അവൾ കയ്യിലുള്ള ഒരു പാക്കറ്റ് ഉയർത്തിക്കാട്ടി, ഞാനിത് ങ്ങൾക്ക് കൊണ്ടുവന്നതാണ്. ഇതീ സമയത്ത് കുടിക്കാനുള്ള കഷായത്തിന്റെ സാധനങ്ങളാണ് എന്നു പറഞ്ഞു.

‘‘ഞാനത് വന്നു വാങ്ങുന്ന വിഷയമില്ല, സജ്‌ന അതവിടെ വെച്ച് പൊക്കോളൂ'' എന്ന് പറഞ്ഞു.
​ കൊഴപ്പല്ല ടീച്ചറേ എന്നു പല തവണ പറഞ്ഞ് അവളവിടെ ചുറ്റിപ്പറ്റി നിന്നു. എന്റെ കർശനമായ നിർബന്ധത്തിനു വഴങ്ങി സജ്‌ന അതവിടെ വെച്ചിട്ടു പോയി. തിരിഞ്ഞു തിരിഞ്ഞു നോക്കിക്കൊണ്ടാണവൾ പോയത്. അവൾ കണ്ണിൽ നിന്നു മറഞ്ഞപ്പോൾ ഗേറ്റു തുറന്ന് പുറത്തു വെച്ച ആ പൊതി ഞാനെടുത്തു. നിറഞ്ഞു വരുന്ന കണ്ണുകളെ പിൻവലിച്ച് 'അഭിമാനിനി 'യായ ഞാൻ വീട്ടിലേക്കു തിരിച്ചു കയറി.

വിലയൊരു പച്ചിലക്കാടാണ് ഒരു കവറിലാക്കി അവൾ കൊണ്ടു വന്നത്. തുളസിയും, കഞ്ഞിക്കൂർക്കയുടെ ഇലയും, മട്ട അരിയുടെ അവിലും, പിന്നെ കഫക്കെട്ട് തടയാനുള്ള ചട്ടിപ്പറമ്പിൽ നിന്നുള്ള ഒരു നാട്ടുതൈലവും ... അങ്ങനെ പലതരം നാട്ടുമരുന്നുകളുടെ കൂട്ടുമായാണ് അവളെന്നെ കാണാൻ വന്നത്. വാട്‌സാപ്പിലൂടെ അവൾ തന്ന നിർദേശങ്ങൾ അനുസരിച്ച് ഞാൻ കഷായം ഉണ്ടാക്കി കുടിച്ചും കുടിപ്പിച്ചും ദിവസങ്ങൾ കടന്നു പോയി. അലോപ്പതി മരുന്നുകൾക്കൊപ്പം അവളുടെ നാട്ടുവൈദ്യവും പ്രയോജനം ചെയ്തു.

വളരെ സാധാരണവും എന്നാൽ ആവശ്യവും, ആശ്വാസകരവുമായിട്ടുള്ള നിർദേശങ്ങളിലൂടെയും, ചോദ്യങ്ങളിലൂടെയും ആ പാൻഡമിക് പിരീഡിലൂടെ എന്നെ എളുപ്പത്തിൽ കടത്തി വിട്ടയാളാണ് സജ്‌ന മോൾ ആമിയാൻ എന്ന എന്റെ വിദ്യാർത്ഥിനി

ആ രോഗകാലത്ത് എല്ലാപ്പോഴും അവൾ എന്നെ അന്വേഷിച്ചു കൊണ്ടിരുന്നു,
ഒരു മുതിർന്ന ഒരു സ്ത്രീ ഒരു കൊച്ചു കുട്ടിയോടെന്ന രീതിയിൽ, ‘അതിന്നപോലെ ഉണ്ടാക്കി കഴിക്കൂട്ടോ, ടീച്ചറത് കഴിക്കൂട്ടോ, അത് കുറഞ്ഞില്ലേ, വയറ്റിന്ന് പോയില്ലെ, ധാരാളം മൂത്രൊഴിച്ചില്ലെ,' എന്നു തുടങ്ങി വളരെ സാധാരണവും എന്നാൽ ആവശ്യവും, ആശ്വാസകരവുമായിട്ടുള്ള നിർദേശങ്ങളിലൂടെയും, ചോദ്യങ്ങളിലൂടെയും ആ പാൻഡമിക് പിരീഡിലൂടെ എന്നെ എളുപ്പത്തിൽ കടത്തി വിട്ടയാളാണ് സജ്‌ന മോൾ ആമിയാൻ എന്ന എന്റെ വിദ്യാർത്ഥിനി. വാസ്തവത്തിൽ അവളെന്റെ ശിഷ്യയല്ല, ഗുരുവാണ്. അവളെന്നിൽ നിന്ന് പഠിച്ചു എന്ന് പറയുന്ന കാര്യങ്ങൾ ഞാൻ വാക്കുകൾ കൊണ്ടോ, പ്രവൃത്തിയിലോ ഒരിക്കലും പഠിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള കാര്യങ്ങളല്ല. നിങ്ങളാണെനിക്കു ധൈര്യം തരുന്നത് എന്ന് പറഞ്ഞ് ഓരോ തവണയും അവളാണ് എനിക്കു ധൈര്യം തന്നുകൊണ്ടിരുന്നത്.

പാഠങ്ങൾക്കും സിലബസ്സിനുമപ്പുറം മറ്റു ചില വിനിമയങ്ങൾ ശിഷ്യർക്കും ഗുരുക്കൾക്കുമിടയിൽ നടക്കുന്നുണ്ട്. ഗുരുക്കൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ ഇന്ന് അല്പരും പരിഹാസ്യര്യമാണ്. ഗുരുസങ്കല്പത്തെ മാത്രമല്ല രക്ഷകർത്താവ് എന്ന വാക്കിനെപ്പോലും അട്ടിമറിച്ചു കൊണ്ടാണ് സജ്‌ന എന്നോട് പെരുമാറിയത്. സജ്‌നയായിരുന്നു ആ സമയത്തെന്റെ രക്ഷകർത്താവ്. സജ്‌നയായിരുന്നു ആ സമയത്തെന്റെ ഗുരു.

ഇതുപോലെ നമ്മളെ പഠിപ്പിച്ചും രക്ഷിച്ചും പോരുന്ന ഒരവസ്ഥ ഗുരുശിഷ്യ ബന്ധത്തിൽ പ്രത്യേകിച്ച് അതിന്റെ സ്‌ത്രൈണ തലങ്ങളിൽ വളരെ കൃത്യമായും ഉണ്ട് എന്നാണ് എന്റെ അനുഭവം. അതു കൊണ്ടു തന്നെ നേരത്തെ സൂചിപ്പിച്ച, ആൺകോയ്മ നിർമിച്ച ബ്രാഹ്‌മണിക്കൽ മൂല്യമല്ല വാസ്തവത്തിൽ ആധുനിക വിദ്യാഭ്യാസത്തിലെ അധ്യാപക- വിദ്യാർത്ഥി ബന്ധത്തിന്റെ അടിത്തറ. വളരെ അയവുള്ളതും പരസ്പരം വെച്ചു മാറ്റാവുന്നതുമായ രണ്ടു സ്ഥാനങ്ങളാണ് അവ രണ്ടും. ഇത്തരത്തിൽ പരസ്പരം അതിവർത്തിക്കുമ്പോഴാണ് അതിന്റെ സൗന്ദര്യാത്മകമായ അനുഭവം നമുക്ക് ലഭിക്കുക. അത് സാഹിത്യമാണെങ്കിലും, ശാസ്ത്രമാണെങ്കിലും, ചരിത്രമാണെങ്കിലും മനുഷ്യർ തമ്മിലുള്ള വിനിമയത്തിലെ ജനാധിപത്യം വലിയൊരു ഘടകമാണെന്നാണ് എന്റെ കുട്ടികൾ എന്നെ പഠിപ്പിച്ചത്. എന്റെ അധ്യാപന ജീവിതത്തെ അധ്യയന ജീവിതമാക്കിയും അവരുടെ അധ്യയന ജീവിതത്തെ അധ്യാപന ജീവിതമാക്കിയും മാറ്റിയ ഒരറിവാണിത്. തൊട്ടറിഞ്ഞ വിശ്വാസം. ഏതു ബന്ധത്തെയും അവസ്ഥയെയും സർഗാത്മകമാക്കാനുള്ള ശേഷി ഈ അതിവർത്തനത്തിനുണ്ട്. ഇത്തരം അതിവർത്തനങ്ങളാണ് നമ്മുടെ ജീവിതത്തെ ഭംഗിയുള്ളതും ജൈവികവുമാക്കുന്നത് എന്നാണ് എന്റെ അനുഭവം.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഗീത

സ്​ത്രീപക്ഷ പ്രവർത്തക, ആക്​റ്റിവിസ്​റ്റ്​. സാഹിത്യം, സിനിമ, സംസ്​കാര പഠനം എന്നിവയിൽ വിമർശനാത്​മക ഇടപെടൽ. വിവിധ കോളേജുകളിൽ മലയാളം അധ്യാപികയായിരുന്നു. കണ്ണാടികൾ ഉടയ്​ക്കുന്നതെന്തിന്​, എഴുത്തമ്മമാർ, മലയാളത്തിന്റെ​​​​​​​ വെള്ളിത്തിര, കളിയമ്മമാർ, പെൺകാലങ്ങൾ, ഗീതയുടെ സമ്പൂർണ കഥകൾ, അമ്മക്കല്ല്​ (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments