ഒരു കോഴ്സ് കഴിയുമ്പോൾ അടുത്ത കോഴ്സ് എന്ന നിലയിൽ വിദ്യാർത്ഥിജീവിതം ദീർഘമായി നീണ്ടു പോയികൊണ്ടിരിക്കുന്ന കാലം.
‘ഇവന്റെയൊക്കെ പഠനം ഈ നൂറ്റാണ്ടിൽ കഴിയുമോ എന്തോ!' എന്നതരത്തിലുള്ള പുച്ഛം നാട്ടിൽ ഒളിഞ്ഞു തെളിഞ്ഞുമോക്കെ നിലനിൽക്കുന്നു.
അങ്ങനെ കോഴ്സുകളുടെ ഒരിടവേള കാലത്താണ് എറണാകുളത്ത് ഒരു ആർട്സ് കോളേജിൽ താൽക്കാലിക അധ്യാപകനാകാൻ അവസരം ലഭിക്കുന്നത്. (കോളേജിന്റെ പേരു പറയുന്നില്ല).
ടീച്ചേഴ്സിനെ പരിചയപ്പെടുന്നതിനിടയിൽ ഒരു ടീച്ചർ പറഞ്ഞു; ‘സാറിന് തേഡ് ഹിസ്റ്ററിയിൽ അല്ലേ ക്ലാസ്? ക്ലാസെടുക്കുമ്പോൾ ശ്രദ്ധിച്ചോളൂ, അവിടെ രണ്ട് ട്രാൻസ്‌ജെൻഡർ പിള്ളേരുണ്ട്, സംസാരിക്കുമ്പോഴൊക്കെ വളരെ ശ്രദ്ധിക്കണം.
മുമ്പും പല സ്ഥലത്ത് താൽക്കാലികമായി പഠിപ്പിച്ചതിനാൽ ക്ലാസിൽ ചെല്ലുന്നതിന്റെ പേടിയൊക്കെ പോയിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും ഓരോ ക്ലാസും പുതിയതാണ്, ഒരു ക്ലാസിൽ നിന്ന് വ്യത്യസ്ഥമാക്കുന്ന എന്തെങ്കിലും ഒന്ന് എല്ലാ ക്ലാസിലും കാണും. അതിൽ ദുരനുഭവമായി ഓർക്കാൻ കാരണമാകുന്ന കാര്യങ്ങളും മനോഹരമായ ഓർമകൾ സമ്മാനിക്കുന്ന കാര്യങ്ങളും ഉണ്ടാകാം. എന്തായാലും അത് ഏറ്റവും മാനുഷികമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്. ഇതെല്ലാം മനസിൽ ചിന്തിച്ച് ഞാനും കോളേജിലെത്തി.
മൂന്നാം വർഷ ഹിസ്റ്ററിയിൽ രണ്ടാമത്തെ പിരിഡാണ് ഞാൻ എടുക്കേണ്ട ആദ്യ ക്ലാസ്. ടീച്ചേഴ്സിനെ പരിചയപ്പെടുന്നതിനിടയിൽ ഒരു ടീച്ചർ പറഞ്ഞു; ‘‘സാറിന് തേഡ് ഹിസ്റ്ററിയിൽ അല്ലേ ക്ലാസ്? ക്ലാസെടുക്കുമ്പോൾ ശ്രദ്ധിച്ചോളൂ, അവിടെ രണ്ട് ട്രാൻസ്‌ജെൻഡർ പിള്ളേരുണ്ട്, സംസാരിക്കുമ്പോഴൊക്കെ വളരെ ശ്രദ്ധിക്കണം. ‘ജെൻഡർ ഇൻ ഇന്ത്യൻ പേർസ്പെക്ടീവ്’ അല്ലേ സാർ എടുക്കുന്നത്. ഓപ്ഷൻ വന്നപ്പോൾ എല്ലാവരും ജെൻഡർ ഒഴിവാക്കി, സാർ ജോയിൻ ചെയ്യുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനടക്കം എല്ലാവരും സാറിന്റെ തലയിലിട്ടതാണ്’’; ഇത്രയും പറഞ്ഞ് എനിക്കെന്തോ പണികിട്ടിയെന്നമാതിരി ടീച്ചർ ‘ഹിഹിഹി' എന്ന് ചിരിക്കാൻ തുടങ്ങി.
എനിക്ക് കുറച്ച് ആശങ്കയുണ്ടാവാതിരുന്നില്ല.
എം.ജി യൂണിവേഴ്സിറ്റിയുടെ പുതുക്കിയ ജെൻഡർ സിലബസ് നല്ലതാണെന്ന് കേട്ടിരുന്നു. എന്നാലും ആർക്കാണ് ഞാൻ ഈ തിയറിയൊക്കെ പറഞ്ഞു നൽകേണ്ടത്?, പിള്ളേർ വെള്ളം കുടിപ്പിക്കുമോ! പക്ഷെ ആലോചിച്ചപ്പോൾ സന്തോഷം തോന്നി, കൊള്ളാം! ഇന്നലെ വരെ ശ്രദ്ധിക്കേണ്ട ആവശ്യമില്ലെന്ന് സമൂഹം ധരിച്ച പല കാര്യങ്ങളിലും ഇന്ന് തെറ്റു പറ്റാതിരിക്കാൻ ടീച്ചേഴ്സ് മുന്നറിയിപ്പ് തരുന്നു. എല്ലാ കോളേജിലും ഇങ്ങനെ ഒരു അവസ്ഥയുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുകയും ചെയ്തു.
ക്ലാസിൽ ചെന്നു.
ഒരു സാധാരണ ക്ലാസ്.
പറഞ്ഞതുപോലെ രണ്ട് ട്രാൻസ് വിദ്യാർത്ഥികൾ.
ഒരാളേ അന്ന് ഹാജരായിട്ടുള്ളു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരാളെ ഞാനവിടെ കണ്ടു. സന്യാസിനി വേഷം ധരിച്ച് ട്രാൻസ് വിദ്യാർത്ഥിനിയുടെ തൊട്ടടുത്ത് ഒരു കന്യാസ്ത്രീ. എന്റെ സ്‌കൂൾ ജീവിതത്തിൽ മിക്ക അധ്യാപകരും കന്യസ്ത്രീകളായിരുന്നെങ്കിലും വിദ്യാർത്ഥിനിയായി കാണേണ്ടിവരുമെന്ന് ഞാൻ ഒരിക്കലും ആലോചിച്ചിരുന്നേയില്ല. അങ്ങനെ എല്ലാവരേയും പരിചയപ്പെട്ടു. ട്രാൻസ് വിദ്യാർത്ഥികളായ രമ്യയും വിനീതയും ക്ലാസിൽ തുടച്ചയായി ഹാജരായിരുന്നില്ല. പക്ഷെ അവർ ക്ലാസിലുണ്ടെങ്കിൽ എപ്പോഴും സന്തോഷത്തോടെയാണിരിക്കുക. സംശയങ്ങളൊക്കെ ആവർത്തിച്ച് ചോദിച്ച്, ഉറക്കെ ചിരിച്ച് ക്ലാസിനെ ഉഷാറാക്കി നിർത്തുമായിരുന്നു. എന്നാൽ സിസ്റ്റർ അനഘ (പേരുകളൊന്നും യഥാർത്ഥങ്ങളല്ല) അങ്ങനെയായിരുന്നില്ല. ചോദിക്കുന്നതിനുമാത്രം ഉത്തരം പറയുകയും എപ്പോഴും ചിരിക്കുകയും കൂട്ടുകാർ കളിയാക്കുമ്പോൾ അവരെ നോക്കി എന്തിനാണെന്ന മട്ടിൽ ചിരിച്ചുകൊണ്ട് കേഴുകയും ചെയ്യുന്ന, പ്രായം കുറഞ്ഞ ഒരു കുഞ്ഞുസിസ്റ്റർ. അങ്ങനെ ഇന്ത്യൻ വീക്ഷണത്തിൽ നിന്ന് ജെൻഡർ എന്ന വിഷയത്തേകുറിച്ച് ചർച്ചയും അഭിപ്രായങ്ങളും തിയറിയൊക്കെയായി ദിവസങ്ങൾ പിന്നിട്ടു.
ക്ലാസിലെ വിദ്യാർത്ഥികളിൽ ചിലർ ജെൻഡർ വിഭാഗങ്ങളോട് മതം കാണിക്കുന്ന തുല്യതയില്ലായ്മയെ കുറിച്ച് നിർദാക്ഷ്യണ്യം എന്നോട് വാദങ്ങൾ ഉയർത്തും, അത് എന്ത് കൊണ്ടെന്നൊക്കെ ചോദിക്കും
ക്ലാസങ്ങനെ പുരോഗമിക്കുമ്പോൾ പലപ്പോഴും ക്ലാസിലെ വിദ്യാർത്ഥികളിൽ ചിലർ ജെൻഡർ വിഭാഗങ്ങളോട് മതം കാണിക്കുന്ന തുല്യതയില്ലായ്മയെ കുറിച്ച് നിർദാക്ഷ്യണ്യം എന്നോട് വാദങ്ങൾ ഉയർത്തും, അത് എന്ത് കൊണ്ടെന്നൊക്കെ ചോദിക്കും. വിനീതയുടേയും രമ്യയുടേയും സാമീപ്യം വിദ്യാർത്ഥികളിൽ ജെൻഡർ വിഷയങ്ങളെകുറിച്ച് നല്ല അറിവ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. സംസാരത്തിനിടയിൽ പിള്ളേരുടെ നിർബന്ധം കാരണം ദൈവം നിലനിൽക്കുന്നില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്ന് ഒരിക്കൽ പറയേണ്ടതായും വന്നു.
ഇത്തരം ചർച്ച നടക്കുമ്പോൾ നമ്മുടെ കുഞ്ഞുസിസ്റ്ററിന്റെ മുഖം വളരെ ഗൗരവമുള്ളതായിരിക്കും, എല്ലാം ശ്രദ്ധിച്ച് കേൾക്കും. മറ്റുള്ളവരുടെ വാദങ്ങൾ പലപ്പോഴും അവരുടെ ജീവിതത്തെ തന്നെയാണ് നിഷേധിക്കുന്നതെന്ന് ആ കണ്ണുകളിൽ എനിക്ക് വായിക്കാമായിരുന്നു.
ഒരിക്കൽ ഒന്ന് ബാലൻസ് ചെയ്യാനായി ഞാൻ വിദ്യാർത്ഥികളോട് ചോദിച്ചു; ‘മതങ്ങൾ മൂല്യങ്ങൾക്കാണോ നിലനിൽക്കുന്നത് അതോ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വേണ്ടിയോ'?
ചോദ്യം ആർക്കും മനസിലായില്ല.
ഞാൻ അപ്പോൾ വന്നൊരു ഉദാഹരണം പറഞ്ഞു: ‘ശരി ഇങ്ങനെ ആലോചിച്ചുനോക്ക്, പത്തുപേരെ ജിവിക്കാൻ അനുവദിച്ചാൽ നിങ്ങളുടെ മതം ഇല്ലാതെയാകും, അല്ല പത്തുപേരെ മരിക്കാൻ അനുവദിച്ചാൽ നിങ്ങളുടെ മതം നിലനിൽക്കും എന്ന് ഒരു ഓപ്ഷൻ നിങ്ങൾക്ക് മുന്നിൽ വരുന്നു എന്ന് വിചാരിക്കുക, നിങ്ങൾ ഏത് തെരഞ്ഞെടുക്കും?’
എല്ലാവരും ആലോചനയിലാണ്ടപ്പോൾ ഞാൻ കുഞ്ഞു സിസ്റ്ററിന്റെ അടുത്ത് ചെന്ന് ‘സിസ്റ്ററിനെന്ത് തോന്നുന്നു' എന്നുചോദിച്ചു. എന്റെ ചോദ്യം ഉത്തരം നൽകേണ്ട ഒന്നാണെന്ന് തോന്നിയാൽ മാത്രം സിസ്റ്റർ പറഞ്ഞാൽ മതി അല്ലെങ്കിൽ വിട്ടേക്കൂ എന്നും അറിയിച്ചു.
സിസ്റ്റർ സംശയമില്ലാതെ ഒറ്റ വാചകത്തിൽ മറുപടി പറഞ്ഞു; ‘മതവും സഭയും നിലനിൽക്കണം'.
സത്യത്തിൽ, മതം ഇല്ലാതായാലും പത്തുപേർ മരിക്കേണ്ട എന്നാണ് പറയുക എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. അല്ലെങ്കിലും നമ്മൾ ഒരു ഉത്തരമുണ്ടാക്കും, എന്നിട്ട് അതിന് ചോദ്യമുണ്ടാക്കും, പിന്നെ കാണുന്നവരിൽ നിന്നെല്ലാം ആ ഉത്തരം പ്രതീക്ഷിക്കും ഇതാണല്ലോ രീതി. എല്ലാ വിശ്വാസങ്ങൾക്കും പ്രാധാന്യമുണ്ട്, മതം എന്നാൽ മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒന്നാവണം, അതാണ് ചരിത്രത്തിൽ മതത്തിന്റെ കടമ, എങ്കിൽ മാത്രമെ മനുഷ്യനെ തന്നെ നവീകരിക്കാൻ കഴിയൂ എന്നൊക്കെ തട്ടിവിടാം എന്നാലോചിച്ച് സിസ്റ്ററെ രക്ഷിക്കാൻ പോയ ഞാൻ വെട്ടിലായെന്നു പറഞ്ഞാൽ മതി. മാത്രമല്ല സിസ്റ്ററോട് തർക്കിക്കേണ്ടിവരുമെല്ലോ എന്ന അവസ്ഥയും വന്നുപെട്ടു. തൊട്ടടുത്തിരുന്ന വിനീതയ്ക്ക് കാര്യം മനസിലായി. അവൾ എന്നെ നോക്കി തംസപ്പ് കാണിച്ചു.
വളരെ സൗമ്യമായി അങ്ങനെയും ചിന്തിക്കാം എന്നൊക്കെ പറഞ്ഞതിനുശേഷം, ഞാൻ പറഞ്ഞു; ഏത് അവസ്ഥയിലും ഒരു മതം മുന്നോട്ടുവയ്ക്കുന്ന അതിന്റെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തേണ്ടേ? ഇപ്പോൾ പത്തുപേർ മരിക്കട്ടെ, അങ്ങനെ മതം നിലനിൽക്കുമ്പോൾ കൂടുതൽ പേർ മരിക്കുന്നത് തടയാം എന്നത് ഒരു രാഷ്ട്രീയ ചിന്തയല്ലേ? പ്രത്യേകിച്ച് നിങ്ങൾ പഠിച്ച യൂടിലിറ്റേറിയൻ ചിന്ത പോലെ? മതം അങ്ങനെയാണോ പറയുന്നത്? എനിക്ക് തോന്നുന്നത് അല്ലാ എന്നാണെന്നും ഞാൻ കൂട്ടിച്ചേർത്തു.
സിസ്റ്റർ കേട്ടിരിക്കുകമാത്രം ചെയ്തു.
വേറെ മറുപടിയൊന്നും പറഞ്ഞില്ല. ആ ചർച്ച അവിടെ അവസാനിച്ചു.
ഏതു നിമിഷമാണ് എന്റെ ഉദാഹരണം അവരുടെ മനസിൽ തറച്ചതെന്നോ, അതിന്റെ കാരണമെന്തെന്നോ, മത പഠനം നടത്തുന്ന ഒരു വിദ്യാർത്ഥിനിയ്ക്ക് എന്റെ ഏകപക്ഷീയമായ വീക്ഷണം വെച്ച് എന്താണ് ഞാൻ നൽകിയതെന്നോ എനിക്ക് അപ്പോഴും വ്യക്തമായില്ല.
സെമസ്റ്റർ അവസാനിക്കാറായ സമയം. ഓഫീസും സ്റ്റാഫും വളരെ തിരക്കിലായ സമയത്ത് രമ്യയും വിനീതയും സിസ്റ്ററും കൂടി എന്നെ കാണാൻ വന്നു. ഞാൻ സ്റ്റാഫ്‌റൂമിൽ നിന്ന് പുറത്തിറങ്ങി. കോഴ്സ് കഴിയാൻ പോകുന്നതിന്റെ ഭാഗമായി കുശലന്വേഷണമൊക്കെ കഴിഞ്ഞ് രമ്യയും വിനീതയും മാറിയപ്പോൾ സിസ്റ്റർ എന്നോടായി പറഞ്ഞുതുടങ്ങി; ‘സാർ അന്ന് ചോദിച്ചില്ലേ മതത്തിന്റെ മൂല്യത്തെ പറ്റി. ഞാൻ അന്ന് പറഞ്ഞത് തെറ്റായിരുന്നു. ഞങ്ങൾ മഠത്തിൽ ചേർന്നിട്ടല്ലേയുള്ളു, എപ്പോഴും പ്രാർത്ഥനയിൽ കഴിയാനും, മനസ് ഏകാഗ്രമായി നിർത്താനുമാണ് ശ്രമിക്കുന്നത്. അത്തരത്തിൽ ചിന്തിക്കാറൊന്നുമില്ല. കുറച്ചു ദിവസം മുൻപ് ഞങ്ങൾക്കുണ്ടായ ഒരു പ്രഭാഷണത്തിൽ ഫാദർ പറഞ്ഞത് കേട്ടപ്പോൾ അന്ന് സാർ പറഞ്ഞത് ഓർമ വന്നു, ഫാദർ സംസാരിച്ചതത്രയും സാർ പറഞ്ഞതുപോലെയൊക്കെ തന്നെയായിരുന്നു. അപ്പോൾ സാറിനെ കണ്ട് പറയണമെന്ന് തോന്നി, അതാണ് വന്നത്’.
സംസാരിക്കാൻ വന്നതിൽ ഞാൻ സന്തോഷമറിയിച്ചു.
പിന്നെ ഇതിൽ തെറ്റും ശരിയൊന്നുമില്ലെന്നും എല്ലാം നല്ലത് മുന്നിൽ കണ്ടുള്ള വ്യത്യസ്ത ചിന്തകളല്ലേയെന്നും കൂട്ടിച്ചേർത്തു.
അവസാനം യാത്ര പറഞ്ഞ് മൂവരും നടന്നകന്നു.
സത്യത്തിൽ ആ ഉദാഹരണം വേണ്ടായിരുന്നു എന്ന് പലവട്ടം പിന്നീട് ചിന്തിച്ചിരുന്നു. പറഞ്ഞത് പറഞ്ഞു, മേലിൽ ഇമ്മാതിരി ഉദാഹരണം പുറത്തെടുക്കരുതെന്നു പലവട്ടം മനസിൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇതാ എന്റെ ഉദാഹരണം അർത്ഥവത്തായിരിക്കുന്നു.
ഏതു നിമിഷമാണ് എന്റെ ഉദാഹരണം അവരുടെ മനസിൽ തറച്ചതെന്നോ, അതിന്റെ കാരണമെന്തെന്നോ, മതപഠനം നടത്തുന്ന ഒരു വിദ്യാർത്ഥിനിയ്ക്ക് എന്റെ ഏകപക്ഷീയമായ വീക്ഷണം വെച്ച് എന്താണ് ഞാൻ നൽകിയതെന്നോ എനിക്ക് അപ്പോഴും വ്യക്തമായില്ല. പക്ഷെ ഒന്നുറപ്പായിരുന്നു, മതത്തിന്റെ മൂല്യത്തിനു വേണ്ടിയാവും അവരുടെ സ്വയം സമർപ്പിച്ച ആ ജീവിതം നിലകൊള്ളുക. ആ ആത്മവിശ്വാസവും ലക്ഷ്യബോധവും അവരുടെ വാക്കുകളിൽ ദൃഢമായിരുന്നു. അവർ പോകുന്നതു നോക്കി നിൽക്കെ സഹപ്രവർത്തകനായ അധ്യാപകൻ വന്നു പറഞ്ഞു; ‘സാർ അറിഞ്ഞോ, നാളെ മുതൽ ക്ലാസില്ല, കോവിഡ് കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കാൻ ഉത്തരവുവന്നിട്ടുണ്ട്.' ▮