ജാസ്​മിൻ മൂസ

ജാസ്​മിൻ മൂസയുടെ കഥ കുട്ടികൾക്കായി...

കുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ അവളുടെ ജീവിതം ഞാൻ ഇടക്കിടെ ക്ലാസ്സിൽ പറയാറുണ്ട്.

തിവുപോലെ സ്റ്റാഫ് റൂമിൽ രാവിലത്തെ സൊറ പറച്ചിലിനിടയിൽ മിസ് എന്ന വിളി. വൺ സൈഡ് ഹെയർ കട്ടിൽ, ‘കീറിയ’ ജീൻസും ജാക്കറ്റും ഇട്ട്, കൈയിൽ പച്ചകുത്തിയ ഒരു പെൺകുട്ടി.
""ഇത് ഞാനാ, ജാസ്​മിൻ എം. മൂസ, എന്നെ മനസ്സിലായില്ലേ?''

പത്തു വർഷം മുമ്പ് ഇവിടുന്ന് പഠിച്ചിറങ്ങിയ കുട്ടി.
ഒരു ഞെട്ടലോടെ എല്ലാവരും തരിച്ചിരുന്നു, അതും ഒരു മുസ്​ലിം ഓർഫനേജ്​സ്‌കൂളിൽ ഇങ്ങനൊരു കോലത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ. ഏതാനും നിമിഷങ്ങളെടുത്തു, അവളുടെ പഴയ ചിത്രം മനസ്സിൽ തെളിഞ്ഞുവരാൻ.
എന്തൊരു പാവം കുട്ടിയായിരുന്നു. തലയിൽ തട്ടമിട്ട്, ദേഹം മുഴുവൻ പുതച്ച്, ആരോടും മിണ്ടാതെ തലതാഴ്ത്തി നടന്നിരുന്ന കുട്ടി.
എന്തൊരു മാറ്റം, എന്തൊരു വേഷം.. സംസാരം പോലും മാറിപ്പോയി എന്നു മനസ്സിൽ വിചാരിച്ചു.

Miss, I lost all my certificates. So came to find out if there is a way to get them back. Now I am in a relationship with a Swedish guy and I am going to get married to him soon, so I am in need of the certificates.
ഇതുകേട്ടതും ഇംഗ്ലീഷ് സാർ ഒന്ന് ഞെളിഞ്ഞിരുന്നു.
ഇത്രക്കും fluent ആയി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയെങ്കിലും ഉണ്ടായാലോ എന്ന മട്ടിൽ.
""അല്ല മോളെ, സർട്ടിഫിക്കറ്റുകൾ എങ്ങനെ നഷ്ടപ്പെട്ടു?'' എന്ന് മറ്റ് അധ്യാപകർ.

കോഴിക്കോട്​ ജില്ലയിലെ മുക്കം എം.കെ.എച്ച്​.എം.എം.ഒ സ്​കൂളിൽ പഠിച്ച ജാസ്​മിൻ മൂസ എന്ന വിദ്യാർഥി ഒരു സർട്ടിഫൈഡ് ഫിസിക്കൽ ട്രെയ്‌നർ ആ കഥ പറയാൻ തുടങ്ങി: ജനിച്ചതും വളർന്നതും മുക്കം എന്ന ചെറിയ ഗ്രാമത്തിലാണ്. ഉമ്മ, ബാപ്പ, രണ്ട് അനിയത്തിമാർ, രണ്ട് അനിയന്മാർ... പിന്നെ, ബന്ധുക്കൾ, അമ്മാവന്മാർ, അമ്മായിമാർ, വല്യുമ്മ, വല്യുപ്പ... ബന്ധുക്കളെല്ലാമുള്ള വലിയ കുടുംബം.
ഒരു ദിവസം സ്‌കൂൾ വിട്ട്, സിപ്പപ്പൊക്കെ ചപ്പി വീട്ടിലെത്തുമ്പോൾ രണ്ട് അപരിചിതർ. അവർക്ക് ചായ കൊണ്ടുകൊടുക്കാൻ ഉമ്മ പറഞ്ഞു. ചായ കൊടുത്തപ്പോൾ അതിലെ പ്രായമായ ആൾ പേരു ചോദിച്ചു. പേര് പറഞ്ഞ് തിരിച്ചുപോന്നു.

പെണ്ണുകാണലിന്​ എന്റെ സമ്മതം വേണ്ടാത്തതുപോലെ, നിക്കാഹിനും ഞാൻ വേണ്ട, ബാപ്പ കൈകൊടുത്താൽ മതി, ഞാൻ അയാളുടെ ഭാര്യയായിത്തീരും. ഒരു ആട്ടിൻകുട്ടിയെ അറക്കാൻ കൊടുക്കുന്നതുപോലെ.

അവർ പോയിക്കഴിഞ്ഞ് ഉമ്മ പറഞ്ഞു, അവർ നിന്നെ പെണ്ണുകാണാൻ വന്നതാണ്.
നിക്കാഹിനെക്കുറിച്ച് ചിന്തിക്കേണ്ട പ്രായമായിട്ടില്ല. നാളെ സ്‌കൂളിൽ പോകുമ്പോൾ ചെയ്യേണ്ട ഹോം വർക്കിനെക്കുറിച്ചുമാത്രം വിചാരിച്ചു നടക്കുന്ന ഒരു കുട്ടിയായിരുന്നു അന്ന് ഞാൻ. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഉമ്മ പറഞ്ഞു, ഒരാഴ്ചക്കുള്ളിൽ നിന്റെ നിക്കാഹ് ഉറപ്പിക്കാൻ പോകുകയാണ്.
പെണ്ണുകാണലിന്​ എന്റെ സമ്മതം വേണ്ടാത്തതുപോലെ, നിക്കാഹിനും ഞാൻ വേണ്ട, ബാപ്പ കൈകൊടുത്താൽ മതി, ഞാൻ അയാളുടെ ഭാര്യയായിത്തീരും. ഒരു ആട്ടിൻകുട്ടിയെ അറക്കാൻ കൊടുക്കുന്നതുപോലെ.
പ്ലസ് ടു പരീക്ഷ സമയമായിരുന്നു അത്. പതിനേഴര വയസ്സ്. പതിനെട്ടുവയസ്സ് തികഞ്ഞ് മൂന്നുദിവസത്തിനകമായിരുന്നു നിക്കാഹ്.
ചെറുക്കനെ ഞാൻ കണ്ടിട്ടില്ല. ഒരാളെ ഒറ്റനോട്ടത്തിൽ കണ്ടാൽ ജഡ്ജ് ചെയ്യാനുള്ള കഴിവും എനിക്കുണ്ടായിരുന്നില്ല.

നിക്കാഹ് കഴിഞ്ഞ് ആദ്യരാത്രി മുറിയിലിരിക്കുമ്പോൾ ഞാൻ പലതും ചിന്തിച്ചു. പെട്ടെന്നയാൾ മുറിയിലേക്കുവന്നു, ഒരു പ്രേതത്തെ കണ്ടപോലെ ഞാൻ പേടിച്ചുകരഞ്ഞു. വീട്ടിലുള്ളവരെല്ലാം ഓടി വന്നു. ഉമ്മയുടെ കൂടെയായിരുന്നു, കരഞ്ഞുതീർന്ന ആ രാത്രി. അടുത്ത ദിവസം എന്നെ വീട്ടിലേക്ക് കൊണ്ടുപോയി. ഓട്ടിസമായിരുന്നു അയാൾക്ക്.
ഞാൻ ഒരു വർഷം വീട്ടിലായിരുന്നു. ഒരു വർഷത്തിനുശേഷം, വിവാഹമോചനം വേണമെന്ന് ഞാൻ പറഞ്ഞു. ആ തീരുമാനവും പള്ളിക്കമ്മിറ്റിയുടേതാണ്. എനിക്ക് അതിൽ ഒരു വോയ്‌സില്ല. നിക്കാഹിലേതുപോലെ.

തലാഖ് കിട്ടിയതോടെ എനിക്ക് വലിയ സന്തോഷമായി. ജീവിതത്തെ കെട്ടിവരിഞ്ഞിരുന്ന ഒരു കയർ പൊട്ടിപ്പോയപോലെ.
എന്നാൽ, ഞാൻ കരുതിയപോലെയായിരുന്നില്ല കാര്യങ്ങൾ. കെട്ടിച്ചൊല്ലിയവൾ എന്ന "ചീത്തപ്പേര്' എന്റെ മേൽ പതിഞ്ഞുകിടന്നു. അനിയത്തിമാർക്കും അനിയന്മാർക്കും കസിൻമാർക്കും മുന്നിൽ ഞാനൊരു കുറ്റവാളിയെപ്പോലെയായി.
വീണ്ടും വിവാഹാലോചനകൾ വരാൻ തുടങ്ങി. വിവാഹം കഴിക്കാം, പക്ഷെ, എനിക്ക് അയാളുമായി സംസാരിക്കണം- ഞാൻ പറഞ്ഞു. എനിക്കപ്പോൾ 21 വയസ്സാണ്.

അയാൾ വന്നു. നല്ല ജിം ബോഡിയെക്കെയാണ്. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ഓപൺ ആയിരുന്നു അയാൾ. ഞാൻ നടന്നതെല്ലാം പറഞ്ഞു.
"പാസ്റ്റ് ഈസ് പാസ്റ്റ്' എന്നാണ് അയാൾ മറുപടി പറഞ്ഞത്. അങ്ങനെ രണ്ടാമത്തെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ ആദ്യ രാത്രി. ലൗവ് മേരേജ് കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാൻ. എനിക്കുമാത്രമല്ല, വീട്ടുകാരും സന്തോഷത്തിലായിരുന്നു.

പെട്ടെന്നയാൾ മുറിയിലേക്കു കടന്നുവന്ന് മുഖത്ത് ആഞ്ഞൊരടിയടിച്ചു. നിന്ന നിൽപ്പിൽ ഫ്രീസായിപ്പോയി. എന്താണ് സംഭവിച്ചത് എന്നറിയാതെ നിൽക്കുമ്പോൾ അയാൾ പറഞ്ഞു, ""രണ്ടാം ചരക്കായതുകൊണ്ടാണ് നിന്നെ കെട്ടിയത്, അപ്പോൾ ഇതൊക്കെ സഹിക്കണം.''

ജാസ്​മി​ൻ വിദ്യാർഥിയായിരുന്നപ്പോഴും ഫിസിക്കൽ ​ട്രെയ്​നറായശേഷവും

അടുത്ത രാത്രി അയാൾ എന്റെ കൈയും കാലും കെട്ടിയിട്ട് ആക്രമിച്ചു. ചെയ്യാവുന്നതെല്ലാം ചെയ്തു. എനിക്കൊന്ന് പൊട്ടിക്കരയാൻ പോലും കഴിഞ്ഞില്ല. ഞാൻ മരിച്ചുപോയിരുന്നു. ഭാവി എവിടേക്കാണെന്ന് മനസ്സിലായി.
പിന്നീടയാൾ നോർമലായെങ്കിലും പിന്നേറ്റും ആക്രമണം തുടർന്നു. കൊക്കയിൻ ആയിരുന്നു അയാൾ അന്ന് ഉപയോഗിച്ചത്.

ഗർഭിണിയാണെന്ന് പറപ്പോൾ അയാൾ എന്റെ വയറിനിട്ട് ഒരു ചവിട്ടുചവിട്ടി. അസ്ഥി മുഴുവൻ നുറുങ്ങിപ്പോയി. വീണു. വേദനയല്ല തോന്നിയത്. ഇതുവരെ ഞാൻ പൊട്ടിക്കരഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ ഞാൻ അലറിക്കരഞ്ഞു.

ജീവിതത്തിൽ ഒന്നുമില്ല എന്ന തോന്നൽ. രക്ഷിതാക്കളും നാട്ടുകാരും ഹാപ്പിയാണ്. പുറത്ത് പെർഫെക്റ്റ് ദമ്പതിമാർ. ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. വീട്ടിലേക്ക് പോകുമ്പോൾ ശരീരത്തിലെ കല്ലിച്ച പാടുകൾ മറയ്ക്കാൻ വസ്ത്രം കൊണ്ടു മൂടുമായിരുന്നു. രണ്ടുമാസം പീഡനം തുടർന്നു. ഒടുവിൽ ഗർഭിണിയായി. എനിക്ക് സന്തോഷമാണ് തോന്നിയത്. കുട്ടിയുണ്ടായാൽ അയാളുടെ സ്വഭാവം മാറിയാലോ?. എന്നാൽ, ജീവിതം അവിടെയും നിന്നില്ല. ഗർഭിണിയാണെന്ന് പറപ്പോൾ അയാൾ എന്റെ വയറിനിട്ട് ഒരു ചവിട്ടുചവിട്ടി. അസ്ഥി മുഴുവൻ നുറുങ്ങിപ്പോയി. വീണു. വേദനയല്ല തോന്നിയത്. ഇതുവരെ ഞാൻ പൊട്ടിക്കരഞ്ഞിരുന്നില്ല, എന്നാൽ ഇപ്പോൾ ഞാൻ അലറിക്കരഞ്ഞു. നടക്കാൻ പറ്റുന്നില്ല. രക്തം വന്നുതുടങ്ങി. ഉമ്മയെ വിളിച്ചു. വീട്ടിലേക്കുകൊണ്ടുപോയി. ഗർഭപാത്രത്തിൽ ഒരു ഓപ്പറേഷൻ നടത്തി. അഞ്ചാഴ്ച പ്രായമായ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതിനിടെ, മകളുമായി ബന്ധം തുടരാൻ താൽപര്യമില്ലെന്ന് അയാൾ അറിയിച്ചു. ഞാനത് സ്വീകരിച്ചു.
എന്തിന് ഇത്രയും സഹിച്ചുനിന്നു? ഉമ്മ ചോദിച്ചു.
ഞാൻ ഡ്രിപ്രഷനിലായി. നിസ്സഹായാവസ്ഥ, വെറുപ്പ്, ദേഷ്യം...അയാളെ വെറുതെ വിടരുതെന്ന തോന്നൽ. പരാതികളുമായി പൊലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങി. അവർ സംസാരിച്ച് ഒത്തുതീർപ്പിനാണ് ശ്രമിച്ചത്.
ഒരിക്കൽ എന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാൻ അയാളുടെ വീട്ടിലെത്തിയപ്പോൾ, ഓപ്പറേഷൻ കഴിഞ്ഞ് മുറിവുണങ്ങിയിട്ടില്ലാത്ത വയറിന് അയാൾ വീണ്ടും ചവിട്ടി. ഉമ്മയെയും അയാൾ ആക്രമിച്ചു. കേസിൽ അയാൾ ജയിലിലായി.

അന്നുമുതൽ ഞാൻ എനിക്കുവേണ്ടി ചിന്തിക്കാൻ തുടങ്ങി. ഞാൻ ഞാനായി. കേസ് ഒത്തുതീർപ്പാക്കി ഞാനയാളെ വിട്ടു. പിന്നെ വീടുവിട്ടിറങ്ങി. പോകാതിരിക്കാൻ വീട്ടുകാർ എന്റെ പാസ്‌പോർട്ട് അടക്കമുള്ളവ കത്തിച്ചുകളഞ്ഞു. എങ്കിലും ഞാൻ ഇറങ്ങി, കൊച്ചിയിലേക്ക് പോയി. അവിടെ ഒരു ഫിറ്റ്‌നസ് സെന്ററിൽ ജോലി ചെയ്തു. പിന്നെ ബംഗളൂരുവിൽ പോയി ഫിറ്റ്‌നസ് ട്രെയിനിങ് കോഴ്‌സ് ചെയ്തു, അതിനുശേഷം മറ്റൊരു ജിമ്മിലേക്ക് മാറി. ഇപ്പോൾ ഞാൻ എനിക്കുവേണ്ടി ജീവിക്കുന്നു. ഞാൻ ഒരു സ്വതന്ത്ര സ്ത്രീയാണ്.
ആരെങ്കിലും രക്ഷപ്പെടുത്തുമെന്ന ചിന്തയില്ലാതെ ജീവിച്ചാൽ നാം വിജയിക്കുക തന്നെ ചെയ്യുമെന്ന് എനിക്ക് മനസ്സിലായി.

ജാസ്​മിന്റെ കഥ ഞങ്ങൾ ഞെട്ടലോടെയാണ് കേട്ടിരുന്നത്. ഇന്ന് അവൾ സന്തോഷത്തോടും അഭിമാനത്തോടും ജീവിതം ആഘോഷിക്കുന്നു. Fitness trainer ആയി ജോലി ചെയ്യുന്നു. ഒരുപക്ഷെ ഗുണനിലവാരമുള്ള വിദ്യാഭ്യാസമാവാം വൈകിയാണെങ്കിലും ഈ വിജയത്തിന് കാരണം. ഒരു ടീച്ചർ എന്ന നിലയിൽ അവളുടെ ഈ വിജയത്തിൽ എനിക്ക് എന്തെങ്കിലും സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഞാൻ അതിൽ അഭിമാനിക്കുന്നു. കുട്ടികൾക്ക് ആത്മവിശ്വാസം നൽകാൻ അവളുടെ ജീവിതം ഞാൻ ഇടക്കിടെ ക്ലാസ്സിൽ പറയാറുണ്ട്. ▮

Comments