‘അല്ല, അല്ല, പുനത്തിൽ അരാജകവാദിയേ അല്ല ' പുനത്തിലിന്റെ കുത്ത് റാത്തീബ്

പുനത്തിൽ കുഞ്ഞബ്​ദുള്ളയുടെ ഇതുവരെ അറിയപ്പെടാതിരുന്ന ഒരു ആത്​മസുഹൃത്തിനെ കണ്ടെത്തുന്ന അനുഭവക്കുറിപ്പാണിത്​. 86 വയസ്സുള്ള, ആദ്യകാല മലേഷ്യൻ മലയാളിയായ തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബിലൂടെ ഇതാ, മറ്റൊരു പുനത്തിൽ.

പുനത്തിലിന് പ്രശസ്തരും അപ്രശസ്തരുമായ അനേകം ചങ്ങാതിമാരുണ്ടായിരുന്നു. സൗഹൃദങ്ങളുടെ ഇടയിൽ റാഗിപ്പറക്കുന്ന പരുന്തായിരുന്നു, പുനത്തിൽ കുഞ്ഞബ്ദുള്ള.

ജീവിച്ചിരിക്കുമ്പോഴും മരണാനന്തരവും പുനത്തിൽ ഒരു വ്യക്തിഗ(ക)ത(ഥ)യായി നിരന്തര പാരായണത്തിന് വിധേയമാകുന്നു.

പുനത്തിൽ ജീവിതത്തിൽ നടത്തിയ സഞ്ചാരങ്ങളാണ് സാഹിത്യകൃതികളായി രൂപപ്പെട്ടത്. ജീവിതത്തിന് ഫിക്ഷന്റെ കുപ്പായം ധരിപ്പിച്ചു. ഫിക്ഷനെ ചിലപ്പോൾ ഓർമ്മകളായും പുനത്തിൽ അവതരിപ്പിച്ചു. അങ്ങനെ ആ ചിന്തകൾ ഇരുതല ജീവിയായി വാക്ക് പോകുന്ന വഴികളിലൂടെയൊക്കെ അലഞ്ഞു.

പുനത്തിൽ ഒരു ‘അരാജകവാദിയാണ് ' എന്ന ചിലരുടെ കണ്ടെത്തലും അവകാശവാദങ്ങളും തിരുത്തുകയാണ്, പുനത്തിലിന്റെ ആത്മസുഹൃത്ത്.

പുനത്തിലിന്റെ ‘അറിയപ്പെടുന്ന, പ്രശസ്തരായ’ ചങ്ങാതിമാരിൽ നിങ്ങൾ ഈ മുഖം കണ്ടെന്നു വരില്ല. ‘എന്റെ മരണാനന്തരം എന്നെക്കുറിച്ചറിയാൻ ഏറ്റവും സത്യസന്ധനായ ആ മനുഷ്യന്റെ അരികിൽ നീ പോകണം ' എന്ന് പറഞ്ഞ് പുനത്തിൽ ഒരു ഫോൺനമ്പർ തന്നിരുന്നു. പുനത്തിലുമായി നടത്തിയ അവസാന കൂടിക്കാഴ്ചയിലാണത്. പക്ഷെ, അത് മദിരാശി ചെന്നൈ ആയി പുനരവതരിക്കുന്നതിനു മുമ്പേയുള്ള ഒരു ലാൻഡ് നമ്പറായിരുന്നു.

ആ നമ്പറിൽ വിളിച്ചെങ്കിലും, അത് ശബ്ദിച്ചുപോലുമില്ല. പുനത്തിൽ പുനത്തിലിനെക്കുറിച്ചറിയാൻ ‘ഒസ്യത്ത്' ചെയ്ത, ആ മനുഷ്യൻ, തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബാണ്.

രണ്ടാഴ്ച മുമ്പ് അദ്ദേഹം വിളിച്ചു: ഞാൻ, തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബ്, പുനത്തിലിന്റെ സുഹൃത്ത്!

പുനത്തിൽ പലപ്പോഴായി പറയാറുള്ള ‘സ്പിരിച്വൽ റിയാലിറ്റി ' ഇതാണ്. പറയാനുള്ള കഥകൾ വഴി കണ്ടു പിടിച്ച് വരിക തന്നെ ചെയ്യും.

എന്നാൽ, 86 വയസ്സുള്ള തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബ് ഒരു പ്രസ്ഥാനമാണ്. ആദ്യകാല മലേഷ്യൻ മലയാളി. 1953ൽ മലേഷ്യയിൽ പോയി. 1960 ൽ മദിരാശിയിലേക്ക് തിരിച്ചുവന്ന് നഗരത്തിൽ tas എന്ന ലോഡ്ജ് സ്ഥാപിച്ചു. tas ലോഡ്ജ് അഗാധമായ ഒരു മൈത്രിയുടെ കൂടി ഓർമയാണ്.

തൃക്കരിപ്പൂർ അബ്ദു റഹ്മാൻ സാഹിബ് (ഏറ്റവും വലത്ത്) ഇന്ദിരാഗാന്ധിയോടൊപ്പം.
തൃക്കരിപ്പൂർ അബ്ദു റഹ്മാൻ സാഹിബ് (ഏറ്റവും വലത്ത്) ഇന്ദിരാഗാന്ധിയോടൊപ്പം.

മലേഷ്യയിലെ തൊഴിൽ ജീവിതത്തിനിടയിൽ അബ്ദുറഹ്മാൻ സാഹിബ് പരിചയപ്പെട്ട ടി.എസ്. മേനോനോടൊപ്പമാണ് ആ ലോഡ്ജ് തുടങ്ങിയത്. തെക്കെ അടിയാത്ത് ശ്രീകുമാർ മേനോനും തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബും. അവരുടെ പേരിലെ മൂന്ന് അക്ഷരങ്ങൾ എടുത്ത് tas ലോഡ്ജ് തുടങ്ങി. ആ പേരിൽ അവരുണ്ട്. തൃശൂരിലെ ഏറ്റവും പ്രമുഖമായ തറവാടാണ്, തെക്കെ അടിയാത്ത്.
‘‘ഞാൻ തൃക്കരിപ്പൂരിലെ സാധാരണ മനുഷ്യനാണ്. എന്നാൽ, ‘സാഹിബ്' മലേഷ്യൻ ജീവിതത്തോടെ പേരിനൊപ്പം ചേർന്നു. ‘ശ്രീമാൻ ' അബ്ദുറഹ്മാൻ അല്ല, ‘അബ്ദുറഹ്മാൻ സാഹിബ് ' ആണ്. ‘ശ്രീമാന്റെ' അതേ ലെവൽ.’’

ഏഴാം നമ്പർ മുറി

1960-ൽ ബാത്ത് അറ്റാച്ച്ഡ് ആയ മദിരാശിയിലെ എണ്ണം പറഞ്ഞ ലോഡ്ജ് ആണ്, tas. മദിരാശി റെയിൽസ്റ്റേഷനിൽ നിന്ന് മൂന്നൂറ് മീറ്റർ ദൂരം. മദിരാശിയിലേക്ക് ട്രെയിനിൽ വന്ന പല ലോക മലയാളികൾക്ക് tas താമസകേന്ദ്രമായി.
tas ലെ ഏഴാം നമ്പർ മുറിയിൽ വിശിഷ്ടനായ ഒരതിഥി താമസിച്ചിട്ടുണ്ട്,
മുൻ രാഷ്ട്രപതി കെ.ആർ. നാരായണൻ. തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബ് ആ സന്ദർശാനുഭവം പറയുന്നു: ലോഡ്ജ് സന്ദർശക ബുക്കിൽ K .R. Narayanan എന്ന് അദ്ദേഹം എഴുതി. പിന്നീട് അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതിയാവുമെന്ന് ഒരു ചെറിയ ചിന്ത പോലും ഉണ്ടായിരുന്നില്ലല്ലൊ. ഭാവി രാഷ്ട്രപതി ഇതാ മുന്നിൽ നിൽക്കുന്നു എന്ന് ആർക്കും പറയാനാവില്ലല്ലോ! ‘രാത്രി ഭാര്യ വരും, ബർമ്മയിൽ നിന്ന്';അദ്ദേഹം പറഞ്ഞു.

‘നിങ്ങൾ മേനോൻ ആണോ?'; ഞാൻ കെ.ആർ. നാരായണനോട് ചോദിച്ചു.

I am not Menon, I am Man below ; അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.

ഞാൻ ജീവിതത്തിൽ കണ്ടതിൽ ഏറ്റവും എളിമയും സത്യസന്ധനുമായ രാഷ്ട്രീയനേതാവായിരുന്നു, കെ.ആർ. നാരായണൻ. മദിരാശിയിലെ പ്രശസ്തമായ മൂർ മാർക്കറ്റിൽ അദ്ദേഹം പോകും. എന്തിനാണെന്നോ? ബോൾ പെന്നുകൾ വാങ്ങാൻ! ഫോറിൻ സാധനങ്ങൾക്ക് പ്രശസ്തമായ മാർക്കറ്റാണ് മൂർ മാർക്കറ്റ്. എന്നാൽ, കെ.ആർ. നാരായണൻ അവിടെ നിന്നു വാങ്ങിയത് ബോൾ പേനകളും ഭാര്യക്കുള്ള ഹെയർ പിന്നുകളുമായിരുന്നു. ഭാര്യക്കു വാങ്ങിയ ഹെയർ പിന്നുകൾ ഇഷ്ടത്തോടെ നോക്കി, ലോഡ്ജ് ലോബിയിൽ ഇരിക്കുന്ന കെ.ആർ. നാരായണൻ. ഉപരാഷ്ട്രപതി ആയിരുന്ന കാലത്ത്, ദൽഹിയിൽ പോയപ്പോൾ അദ്ദേഹത്തെ ചെന്നുകണ്ടു. ഒപ്പം, വി.കെ. മാധവൻകുട്ടിയുമുണ്ടായിരുന്നു. പുനത്തിലാണ് പ്രശസ്ത പത്രപ്രവർത്തകനായ വി.കെ. മാധവൻകുട്ടിയെ പരിചയപ്പെടുത്തിയത്. വളരെ ഊഷ്മളമായിരുന്നു, കെ.ആർ. നാരായണന്റെ സ്വീകരണം. ‘tas ലെ ഏഴാം നമ്പർ മുറിയിലെ താമസക്കാരനാണ് ഞാൻ!' അദ്ദേഹം, ചിരിച്ചുകൊണ്ട് വി.കെ. മാധവൻ കുട്ടിയോട് പറഞ്ഞു.
ഒരത്ഭുത മനുഷ്യനാണ് വി.കെ. മാധവൻകുട്ടി. കള്ള് കുടിക്കില്ല. എന്നാൽ, കുടിക്കുന്ന ചങ്ങാതിമാർക്ക് കള്ള് കൊടുക്കും. ‘കുടിക്കാത്തവനിൽ നിന്ന് വാങ്ങി കുടിക്കുന്ന കള്ളിന് ഇരട്ടി ലഹരിയാണെന്ന് ’പുനത്തിൽ പറയുമായിരുന്നു. വി.കെ. മാധവൻകുട്ടി, കുടിക്കുന്ന ചങ്ങാതിമാർ പറയുന്ന തമാശകൾ കേട്ട് രസിക്കും. അത്ഭുതരസിക മനുഷ്യൻ.

മദിരാശിയിലെ മലയാളികൾ

മദിരാശിയിലെ മലയാളി മുസ്‌ലിംകൾ ഒരു കാലത്ത് പ്രബലരായിരുന്നു. ഇപ്പോഴും പഴയ അമുസ്‌ലിം സ്‌നേഹിതർ പറയും: നിങ്ങൾ ഞങ്ങൾക്ക് ശക്തി പകർന്നു. ഒരു കാലത്ത് തമിഴർക്കിടയിൽ മലയാളി വിരുദ്ധ വികാരമുണ്ടായിരുന്നു. മലയാളികൾ അപ്പോൾ മൈത്രിയോടെ ഒന്നിച്ചു നിന്നു.
മദിരാശിയിൽ വർഗീയത കുറവാണ്. തമിഴർക്കിടയിൽ ജാതി വികാരവും അന്യോന്യം അകൽച്ചയും തമിഴ് വികാരവും ഒക്കെ ഉണ്ട്. എന്നാൽ, മലയാളി വ്യവസായികൾ സ്ട്രീറ്റിലൂടെ നടന്നു പോകുമ്പോൾ തമിഴരിൽ നിന്ന് വലിയ ആദരവ് കിട്ടിയിരുന്നു. തെക്കേ ഇന്ത്യയിൽ ഏറ്റവും വർഗീയത കുറഞ്ഞ നാട് മദിരാശിയാണ്. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ ശക്തി പ്രാപിച്ചപ്പോൾ, തമിഴർക്കിടയിൽ തമിഴ് വികാരം ശക്തി പ്രാപിച്ചു. എന്നാലും, മലയാളികളെ അവർ വെറുത്തിരുന്നില്ല.

അണ്ണാദുരൈയും എം.ജി ആറും കരുണാനിധിയും കഴിഞ്ഞാൽ തമിഴർ ഏറെ ഇഷ്ടപ്പെട്ട നേതാവ്, മുസ്‌ലിം ലീഗിന്റെ ഖാഇദെമില്ലത്ത് ഇസ്മായിൽ സാഹിബായിരുന്നു. ഇസ്മായിൽ സാഹിബ് എല്ലാവർക്കും തലൈവർ ആയിരുന്നു. ഇസ്മായിൽ സാഹിബ് മരിച്ചപ്പോൾ മദിരാശി ഏറ്റവും വലിയ ആൾക്കൂട്ടത്തെ കണ്ടു. ഒരു മുസ്‌ലിമിന്റെ മയ്യിത്ത് കട്ടിൽ പോകുമ്പോൾ തമിഴർ മുഴുവൻ കണ്ണീരോടെ എണീറ്റു നിന്നു.

മരിക്കും വരെ വളരെ ചെറിയൊരു വീട്ടിലായിരുന്നു ഇസ്മായിൽ സാഹിബിന്റെ താമസം. ഒരു ചൂരൽ കസേരയിലാണ് ഇരിപ്പ്. ആ ചൂരൽ കസേര നൽകിയത് ബാഫഖി തങ്ങളായിരുന്നു. ഇസ്മായിൽ സാഹിബിന് ഇരിക്കാനുള്ള ചൂരൽ കസേരയുമായി ബാഫഖി തങ്ങൾ മദിരാശിയിലേക്കു വന്നു.

പുനത്തിൽ വരുന്നു

അലിഗഡിൽ പഠിക്കാൻ പോകുന്ന വിദ്യാർഥിയായ പുനത്തിലിനെയാണ് ഞാൻ ആദ്യം കാണുന്നത്. നന്നായി വസ്ത്രധാരണം ചെയ്ത്, ഏറെ മാന്യമായി സംസാരിക്കുന്ന ചെറുപ്പക്കാരൻ. അയാൾ അരാജകവാദിയാണ്, ഇസ്​ലാം മതത്തിനെതിരാണ് എന്ന് പിന്നീട് പലരും പറഞ്ഞിട്ടുണ്ട്. പക്ഷെ, പുനത്തിലിന് മുസ്‌ലിം ആചാരങ്ങൾ നന്നായി അറിയുമായിരുന്നു. ‘വടകരയിലെ മാപ്പിള ' എന്നാണ് പുനത്തിൽ ചിലർക്ക് സ്വയം പരിചയപ്പെടുത്താറ്. വിചിത്രമായ പല കാര്യങ്ങളും പുനത്തിലിനുണ്ട്. നോമ്പുകാലത്ത് അത്താഴത്തിന് എണീറ്റ് ഭക്ഷണമൊക്കെ കഴിക്കും. ‘നിയ്യത്ത്' (പിറ്റേന്ന് നോമ്പെടുക്കുന്നു എന്ന പ്രതിജ്ഞ ചൊല്ലൽ ) എടുത്ത് കിടക്കും. പക്ഷെ, നോമ്പെടുക്കില്ല!
ഒരിക്കൽ tas ൽ താമസിക്കുമ്പോൾ, രാത്രി പുനത്തിൽ മുറിയിലേക്ക് എന്നെ വിളിച്ചു. മുറിയുടെ വാതിലടച്ച് ,പ്രത്യേക രീതിയിൽ, അറബി ബൈത്ത് (പദ്യ രൂപത്തിൽ ഈണത്തോടെ പാരായണം ചെയ്യുന്ന മുസ്‌ലിം ഭക്തി കാവ്യങ്ങൾ ) ചൊല്ലി, ശരീരം പ്രത്യേക രീതിയിൽ വളച്ച്, സിദ്ധി കൂടിയത് പോലെ ആടാൻ തുടങ്ങി ...
‘കുത്ത് റാത്തീബാണ്!’; പുനത്തിൽ പറഞ്ഞു.

‘യാ, ശൈഖ് ...
അള്ളാഹു ...അള്ളാഹു
യാ രിഫാഈ !'

പുനത്തിൽ, ഒരു ഹാലിൽ ആടാനും പാടാനും തുടങ്ങി.


Summary: പുനത്തിൽ കുഞ്ഞബ്​ദുള്ളയുടെ ഇതുവരെ അറിയപ്പെടാതിരുന്ന ഒരു ആത്​മസുഹൃത്തിനെ കണ്ടെത്തുന്ന അനുഭവക്കുറിപ്പാണിത്​. 86 വയസ്സുള്ള, ആദ്യകാല മലേഷ്യൻ മലയാളിയായ തൃക്കരിപ്പൂർ അബ്ദുറഹ്മാൻ സാഹിബിലൂടെ ഇതാ, മറ്റൊരു പുനത്തിൽ.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments