തനൂജ ഭട്ടതിരി

സരസ്വതിയമ്മയുടെ രക്​തം എന്റെ രക്​തമാണ്​, നമ്മൾ എല്ലാവരുടേയും

​കൂടുതൽ കൂടുതൽ വായിക്കുന്തോറും , സ്വന്തം മനസിലേക്ക്, സ്ത്രീസത്തയിലേക്ക്, ആത്മാഭിമാനത്തിലേക്ക് നമ്മളെ മുക്കിത്താഴ്ത്തുന്നു സരസ്വതി അമ്മ

1940, തിരുവനന്തപുരം പട്ടണം...
ഒരു കോളേജ് വിദ്യാർഥിനി, ചങ്ങമ്പുഴയെ പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞുനിർത്തി ജനമധ്യത്തിൽ ചോദ്യം ചെയ്യുന്നു: ""നിങ്ങളെഴുതിയ രമണൻ സ്ത്രീജാതിയെ എത്രമാത്രം അവഹേളിക്കുന്നതാണെന്നറിയാമോ? അറിയില്ലെങ്കിൽ കൃത്യമായി അതു ബോധ്യപ്പെടുത്തിത്തരാം. ധൈര്യമുണ്ടേൽ വീട്ടിലേക്ക് വാ...''
ഈ ധൈര്യം കാണിച്ച സ്ത്രീ ആരായിരിക്കും?
ആ എഴുത്തുകാരിയാരായിരിക്കും?
മലയാളികളായ മലയാളികളൊക്കെ, അതിൽത്തന്നെ അക്ഷരമറിയാവുന്നവരും, അറിയാത്തവരും, ചങ്ങമ്പുഴയുടെ രമണനിലെ വരികൾ ചൊല്ലി നടന്ന കാലം.. ചങ്ങമ്പുഴ, വായനക്കാരുടെ ഹൃദയത്തിൽ കുടിവെച്ച് താമസിക്കുന്ന കാലം.

എന്റമ്മേ! ഞാൻ അന്ന് അതു വായിച്ചു ഞെട്ടിയിരുന്നു.
അധികാരം കൊണ്ടും പ്രശസ്തി കൊണ്ടും തന്നെക്കാൾ മുകളിൽ നിൽക്കുന്നവർക്കെതിരെ ഒരു വാക്ക് പോലും പറയാൻ ചില്ലറ ധൈര്യം പോരല്ലോ!പ്രത്യേകിച്ചും ഒരു പുരുഷനെതിരെ സ്ത്രീയാവുമ്പോൾ...
ഇന്നും ഒരു പുരുഷനെ വീട്ടിലേക്ക് ക്ഷണിച്ചാൽ ഒറ്റ അർത്ഥം മാത്രം കാണുന്ന ലോകത്ത് മറ്റൊന്നും നോക്കാതെ വെല്ലുവിളി നടത്താൻ കാണിച്ച ആ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിച്ചുപോയി!
ഈ എഴുത്തുകാരിയെ, അന്നുമുതലാണ് ഞാൻ കൂടുതൽ വായിച്ചുതുടങ്ങിയത്.
സാക്ഷാൽ കെ. സരസ്വതിയമ്മ!
അവരായിരുന്നു ആ എഴുത്തുകാരി!

ലളിതാംബിക അന്തർജനത്തിന്റെ ഓർമകളിൽ കൂടിയാണ് എഴുത്തുകാരിയല്ലാത്ത സരസ്വതിയമ്മയെ ഞാൻ അറിയുന്നത്. അവിടെ നിന്നറിഞ്ഞ അവരുടെ വ്യക്തിത്വമാണ് ആ രചനകളിലേക്കെന്നെ അടുപ്പിച്ചത്. ചങ്ങമ്പുഴക്കന്ന്‌ ആ വെല്ലുവിളി തമാശയായിക്കണ്ട് അവഗണിക്കാനായി. പക്ഷെ പ്രശസ്തനായ ചങ്ങമ്പുഴയ്ക്ക് "ചെക്ക് ' പറയാൻ അന്നൊരു പെണ്ണുണ്ടായിരുന്നു എന്നതാണെന്നെ അത്ഭുതപ്പെടുത്തിയത്. ഒരു വലിയ ചർച്ചാ വിഷയമായിരുന്നു ഈ സംഭവം അന്ന്.

ലളിതാംബിക അന്തർജ്ജനം / Photo: Keralaculture.org

സരസ്വതിയമ്മ പിന്നെയും വെറുതെയിരുന്നില്ല. അവർ രമണനെ അടിച്ചൊതുക്കാനായി രമണി എന്നൊരു കഥ എഴുതി. സ്ത്രീകളെ വെറും നാലാംകിടക്കാരായി കരുതുന്ന സമൂഹത്തിൽ സ്ത്രീത്വാഭിമാനം നിലനിർത്താൻ അവർ നടത്തിയ ഒറ്റയാൾ പോരാട്ടമായിട്ടാണ് ആ കഥയെ ഞാൻ കാണുന്നത്.
എഴുത്തുകാർ ഏറെയുണ്ടെങ്കിലും അതിൽ എഴുത്തുകാരികൾ എന്നുറപ്പിച്ചുപറയാൻ അധികമാരും ഇല്ലാതിരുന്ന കാലം.
അന്ന് അഭിമാനിനിയായി, സ്ത്രീപക്ഷത്തുനിന്ന്‌ തർക്കിക്കുകയും എഴുതുകയും ചെയത പെണ്ണ് എന്നാലതിനർത്ഥം, അതൊരു ഇരുമ്പ് സ്ത്രീയാണെന്നുതന്നെയാണ്.

രമണനിൽ, നായിക ചന്ദ്രിക, രമണനെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കിപ്പോയി. രമണൻ ആത്മഹത്യ ചെയ്തു. ഇതായിരുന്നല്ലോ കഥ. എന്നാൽ രമണിയിൽ, നായകനെ അകമഴിഞ്ഞ് സ്നേഹിക്കുന്ന നായികയാണ് രമണി. പ്രേമോല്ലാസമൊക്കെക്കഴിഞ്ഞ് അവളെ വഞ്ചിച്ച് സ്വന്തം കാര്യം നോക്കി പോകുന്ന നായകൻ. അവൾ ഗർഭിണിയായിരുന്നു. അത്​ രഹസ്യമാക്കിവെച്ച് അവൾ കുഞ്ഞിനെ പ്രസവിക്കുന്നു. അവളുടെ അമ്മയുടെ ഇളയകുഞ്ഞായി അതിനെ സ്വന്തം വീട്ടിൽത്തന്നെ വളർത്തുന്നു. പിന്നീട് രമണി കോളേജ് വിദ്യാഭ്യാസം തുടരുന്നു. പുരുഷന്മാരെയാകെ വെറുത്ത അവൾ പകരം വീട്ടാനായി മാത്രം മറ്റൊരാളെ പ്രേമിക്കുന്നു. ചതിക്കുന്നു. ഇങ്ങനെ പോകുന്നു കഥ. എന്തൊക്കെ പറഞ്ഞാലും, ചങ്ങമ്പുഴക്കേറ്റിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, രമണന് കിട്ടിയ ഒരു കനത്ത അടിയായിരുന്നു രമണി.

തന്റെ എഴുത്തിനെ പ്രതി ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും ഏറെ ചീത്ത കേൾക്കുന്നുമുണ്ടായിരുന്നു അന്തർജനം. പുതിയ പെൺകുട്ടികൾ ഉത്തരം പറയാനാകാത്ത ചോദ്യങ്ങൾ ചോദിക്കുന്നതും, പലരുടെയും ചോദ്യങ്ങൾക്കു ഉത്തരം പറയുന്നതും അവരിഷ്ടപ്പെട്ടു

രമണി എന്ന കഥയെ വായനക്കാർ രമണനെ പോലെ ഉൾക്കൊണ്ടില്ലായിരിക്കാം, പക്ഷെ ഈ കഥയാണ് സാഹിത്യ രംഗത്ത് സരസ്വതിയമ്മയെ എഴുത്തുകാരിയായി അംഗീകരിപ്പിച്ചതും സ്വന്തം ഇരിപ്പിടം ഉറപ്പിച്ചതും. ലളിതാംബിക അന്തർജനത്തിന് സരസ്വതിയമ്മയുമായി വളരെ അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നു. അത്​ രണ്ടു എഴുത്തുകാർ തമ്മിലുള്ള ബന്ധം മാത്രമായിരുന്നില്ല.
​രണ്ടുപേരും പറയുമായിരുന്നു; "ഞങ്ങളുടേത്‌ കർമബന്ധമല്ല, ജന്മബന്ധമാണ്' എന്ന്. അങ്ങനെ പറയാൻ കാരണം രണ്ടുപേരുടെയും ജന്മദിനം ഒന്നായതുകൊണ്ടായിരുന്നു. മീനമാസത്തിലെ കാർത്തികനാൾ! അന്തർജനം ജനിച്ചു കൃത്യം പത്തു വർഷം കഴിഞ്ഞു അതെ ദിവസം സരസ്വതിയമ്മയും. അവിടെയും ഒരു തമാശയുണ്ട്. അന്തർജനത്തിന്റെ ഷഷ്ഠിപൂർത്തി രാമപുരത്ത്​ ഗംഭീരമായി ആഘോഷിക്കാൻ തീരുമാനം. സരസ്വതിയമ്മയെ പ്രത്യേകം ക്ഷണിച്ചു, അന്തർജനം.""നമ്മൾ ഒരേ ദിവസം ജനിച്ചവരല്ലേ എന്തായാലും വരണം!'' ""തീർച്ചയായും വരും''
പക്ഷെ പകരം ഒരു കത്താണ് വന്നത്: ""അവിടെ വന്ന്​ പിറന്നാൾ ഒന്നിച്ചു ആഘോഷിക്കാൻ മോഹമില്ലാഞ്ഞിട്ടല്ല. പക്ഷേ ആളുകൾ വിചാരിച്ചാലോ എനിക്കും ഷഷ്ഠിപൂർത്തിയായെന്ന്‌ ! അതുകൊണ്ട് അതു വേണ്ട. പകരം പത്തു വർഷം കഴിഞ്ഞു എന്റെ പിറന്നാളിന് ഒരുമിച്ചുണ്ണാം.''
ഇതുവായിച്ച്​ ഊറിചിരിച്ചു കാണണം അന്തർജനം. അപ്പോൾ പത്തുവർഷം കഴിഞ്ഞും തനിക്ക്​ 60 വയസെന്ന് ആളുകൾ പറഞ്ഞോട്ടെ എന്നായിരിക്കും ഈ അനിയത്തിയുടെ ഔദാര്യം എന്നോർത്ത്!
പത്തു വർഷം കഴിഞ്ഞുള്ള ആ പിറന്നാൾ ഒരു സ്വപ്നം മാത്രമായിത്തീർന്നു, അതിനുമുമ്പ് സരസ്വതിയമ്മ പിറന്നാളുകൾ ആഘോഷിക്കാത്ത ലോകത്തെത്തിയിരുന്നു.

ഇന്നത്തെ എഴുത്തുകാരികൾക്ക് ഇപ്പോൾ ഉള്ളതുപോലെ ഉരുത്തിരിഞ്ഞെത്താൻ അന്ന്‌ അവിടെ ആവശ്യമായിരുന്നത് സരസ്വതിയമ്മയെപോലെയുള്ള ഒരെഴുത്തുകാരിയെയായിരുന്നു. ലളിതാംബിക അന്തർജ്ജനത്തിൽ ഉറവ പൊട്ടിയ മലയാള സ്ത്രീരചനാലോകം അതിശക്തമായ ഒരൊഴുക്കെടുത്തത്, പെൺരചനാവഴി നിർണയിച്ചത് സരസ്വതിയമ്മയിലൂടെയാണെന്നു ഞാനറിയുന്നു. പുരുഷന്മാർ നിറഞ്ഞുനിന്ന, അധിപത്യം പുലർത്തിയ എഴുത്തിടത്തിൽ, പ്രതികരിക്കാൻ, തിരിഞ്ഞു നിൽക്കാൻ, ഒരു പെൺജീവിയുണ്ടായി എന്നത് ഒരു ചെറിയ കാര്യമല്ല. ആ ഒരു കാരണം കൊണ്ടുതന്നെ അവരോട് പെൺ വർഗത്തിന് തീർത്താൽ തീരാത്ത കടപ്പാടാണ്.

കെ. സരസ്വതി അമ്മ / Photo: keralaculture.org

സരസ്വതിയമ്മ കോളേജിൽ പഠിക്കുന്ന സമയം.
അന്തർജനം തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ്​ രണ്ടു കൂട്ടുകാരോടൊപ്പം കാണാൻ ചെന്നു. കലപില ചിരിയും വർത്തമാനവുമുള്ള ഒരു കുസൃതി കുടുക്ക എന്നാണ് അന്തർജനം അന്ന്‌ സരസ്വതിയമ്മയെ വിശേഷിപ്പിച്ചത്.
ഉത്തരം മുട്ടിപ്പിക്കുന്ന ഒരു ചോദ്യം അന്നവൾ ചോദിച്ചു: "​"സ്ത്രീകളെ ചീത്ത പറഞ്ഞ് മോശക്കാരാക്കി കഥകൾ എഴുതുന്ന എഴുത്തുകാർക്ക് ചുട്ടമറുപടി കൊടുക്കാത്തതെന്താണ്? സ്ത്രീകളെ കുറ്റം പറയുന്നതുകേട്ട് ഇങ്ങനെ മിണ്ടാതിരിക്കാമോ? രമണി എന്ന കഥ ഞാൻ ഉണ്ടാക്കി എഴുതിയതൊന്നുമല്ല. അങ്ങനെ എത്ര സ്ത്രീകളുണ്ട്. ആരും ആ കഥകൾ അറിയുന്നില്ല. സ്ത്രീകളെ മോശക്കാരാക്കുന്ന കഥകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരം കഥകൾ നമ്മൾ അംഗീകരിക്കേണ്ടതുണ്ടോ?''
""മാന്യതയുടെ പേരിലുള്ള പല വിലക്കുകളും മറികടന്നു വേണം നമുക്കിതിനൊക്കെ പോവാനും മറുപടി പറയാനും '' എന്ന് മറുപടി പറയണമെന്നുണ്ടായിരുന്നു അന്തർജനത്തിന്.
അതു ഭീരുത്വമാണെന്ന് ഭയന്ന്‌ ഒന്നും അവർ പറഞ്ഞില്ല.
​ആ സമയം തന്റെ എഴുത്തിനെ പ്രതി ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും ഏറെ ചീത്ത കേൾക്കുന്നുമുണ്ടായിരുന്നു അന്തർജനം.
പുതിയ പെൺകുട്ടികൾ ഉത്തരം പറയാനാകാത്ത ചോദ്യങ്ങൾ ചോദിക്കുന്നതും, പലരുടെയും ചോദ്യങ്ങൾക്കു ഉത്തരം പറയുന്നതും അവരിഷ്ടപ്പെട്ടു.

എത്രയോ വർഷങ്ങളായി അവഗണനയും അവഹേളനവും സഹിച്ചു മടുത്ത സ്ത്രീലോകത്തിന്, പകരം വീട്ടാൻ, പത്തിയുയർത്തി കൊത്താൻ നിൽക്കാൻ, കഴിവുള്ള, തന്റേടമുള്ള, സാമർഥ്യമുള്ള ഒരു പെണ്ണ് വേണമായിരുന്നു. അവളായിരിക്കും സ്ത്രീവക്താവ്..!
മലയാള സാഹിത്യലോകത്ത് സരസ്വതിയമ്മ അതിനുള്ള അവതാരമാണെന്ന് അന്തർജനം ഉറപ്പിച്ചു. സരസ്വതിയമ്മക്ക് അധികം ബന്ധുക്കളില്ല, ഉയർന്ന വിദ്യാഭ്യാസമുണ്ട്, നഗരത്തിൽ വളർന്നവളാണ്, സാമർഥ്യമുണ്ട്, സ്വാശ്രയയാണ്, അവിവാഹിതയാണ്, കുടുംബിനിയല്ല, ശക്തമായ ഭാഷയുണ്ട്, തന്റേടമുള്ള മനസുണ്ട്, എല്ലാത്തിനും പുറമേ, സ്ത്രീത്വാഭിമാനിനിയാണ് !!
അപ്പോഴും സ്വന്തം അനുഭവത്തിൽ നിന്ന്​ ഒരു കാര്യം സരസ്വതിയമ്മയെ ഓർമിപ്പിച്ചു അന്തർജനം; ""വിഷം തേച്ച നിരവധി കൂരമ്പുകൾ ഹൃദയത്തിൽ തറയും, അതു സാരമില്ല. പക്ഷെ അവിടെനിന്നത് പറിച്ചുമാറ്റാൻ ഒരു സ്ത്രീപോലും കൂടെയുണ്ടാവില്ല എന്നതോർത്തോണം... എന്നിട്ടുമുണ്ടാകുന്ന കരുത്താണ് കരുത്ത്.''

സരസ്വതിയമ്മ പറഞ്ഞിട്ടുണ്ട്; "അന്തർജനത്തിന് ധാരാളം ബന്ധുക്കളുണ്ടല്ലോ. അവരുടെയൊക്കെ മാനം നോക്കി വേണമല്ലോ എഴുതാൻ. എനിക്ക് ആ സൊല്ലയില്ല. കുറെ ദുഃഖങ്ങളാണ് ആകെയുള്ള ബന്ധുക്കൾ''

കരുത്തോടെതന്നെ സരസ്വതിയമ്മ എഴുതി, അവരുടെ കഥകൾ വായനക്കാർ ഏറ്റെടുത്തു. ആ കഥകളിലെ കഥാപാത്രങ്ങളുടെ പേര് ആരാധനയോടെ വായനക്കാർ മക്കൾക്കിട്ടു. അവർ ആയിടെ പ്രേമഭാജനം എന്നൊരു നോവലെഴുതി. ഒരു സ്ത്രീ എഴുതിയ കഥക്ക് ആ പേര് പോലും പലർക്കും അംഗീകരിക്കാനായില്ല. നോവലിന്റെ വിഷയം അതിലേറെ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി . കഥയിലെ നായിക അപവാദങ്ങളെ ഭയക്കാത്തവളായിരുന്നു. ഒരു നാഗരിക സ്ത്രീ. അതിസ്വതന്ത്രയായ സ്ത്രീ, വിലസി നടക്കുന്ന ഒരു സ്ത്രീ... അവർ വിജാതീയനും അഞ്ചു വയസിന്​ ഇളയതുമായ കാമുകനോടൊത്ത് ജീവിതം ആഘോഷിക്കുന്നതും ഒടുവിൽ നാടകീയമായി ആത്മഹത്യ ചെയുന്നതുമാണ് കഥാവൃത്തം.

അന്ന് അവർ കേട്ട പഴി കുറച്ചൊന്നുമായിരുന്നില്ല. പക്ഷേ അവർ അത് തെല്ലും കൂസിയില്ല. പുരുഷവിദ്വേഷമാണ് അവരുടെ കഥകളിലെ മുഖമുദ്ര എന്നായിരുന്നു പലരുടെയും പ്രധാന കുറ്റാരോപണം. മൗലിക സ്വഭാവമുള്ള എഴുത്തുകാർക്ക് ആത്മസത്ത പ്രതിബിംബിക്കാതെ എഴുതാനാവില്ല എന്നാണ് അന്തർജനം അത്തരക്കാരോട് ഉത്തരം പറഞ്ഞത്. എഴുത്ത്​ ഒരു നിർമാണമല്ലല്ലോ, ഒരു സൃഷ്ടിയല്ലേ?

അന്തർജനത്തിന് ഔപചാരിക സ്കൂൾ വിദ്യാഭ്യാസം ലഭിച്ചിട്ടില്ല. ഉദ്യോഗമില്ല, അന്തപുരജീവിതത്തിൽ വളർന്നവൾ, ഏഴു കുഞ്ഞുങ്ങളുടെ അമ്മ, ഗ്രാമജീവിതം, അങ്ങനെയൊക്കെ സരസ്വതിയമ്മയുടെ നേരെ വിപരീതം. എന്നിട്ടും പരസ്പരം അവർ തിരിച്ചറിഞ്ഞ് സ്നേഹിച്ചത് രണ്ടുപേരുടെയും അതിതീവ്രമായ സ്ത്രീത്വാഭിമാനം കൊണ്ടാണെന്നു ഞാൻ കരുതുന്നു. എഴുത്തും ജീവിതവും ബാലൻസ് ചെയ്തുചെയ്ത്​ അന്തർജനം മുന്നോട്ടുപോയി. സരസ്വതിയമ്മ എത്ര ഭാഗ്യവതിയാണെന്ന്​ അവരോർത്തു പലപ്പോഴും. ഒരെഴുത്തുകാരിക്ക് ഏറ്റവും ആവശ്യം സ്വാതന്ത്ര്യവും സ്വന്തം വരുമാനവുമാണെന്ന് അന്തർജനം അടയാളപ്പെടുത്തുന്നു.

സരസ്വതിയമ്മ പറഞ്ഞിട്ടുണ്ട്; ""അന്തർജനത്തിന് ധാരാളം ബന്ധുക്കളുണ്ടല്ലോ. അവരുടെയൊക്കെ മാനം നോക്കി വേണമല്ലോ എഴുതാൻ. എനിക്ക് ആ സൊല്ലയില്ല. കുറെ ദുഃഖങ്ങളാണ് ആകെയുള്ള ബന്ധുക്കൾ''
ഇന്നുള്ള എഴുത്തുകാരികളും, വേണ്ടപ്പെട്ടവരുടെ മാനം കാക്കാൻ എഴുതാതിരിക്കുന്ന പല ആശയങ്ങളുമുണ്ട്. കഥയാണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പലർക്കുമത് എഴുത്തുകാരിയുടെ ജീവിതമാണ്. അത്തരമൊരു മാനം രക്ഷിക്കൽ ഉത്തരവാദിത്തം പുരുഷ എഴുത്തുകാർക്കില്ല എന്നതും ഓർക്കണം.
നാളുകളെറെ ചെന്നപ്പോൾ ഒരിക്കൽ ലളിതാംബിക അന്തർജനം സരസ്വതിയമ്മയോട് ചോദിച്ചു; ""നമ്മൾ ഇത്ര അടുത്തിട്ടും എന്നെ ഇതുവരെ വീട്ടിലേക്കു ക്ഷണിക്കാത്തതെന്താ?'' ""ആരെ കാണാനാണ് എന്റെ വീട്ടിലേക്ക് പോകുന്നത്? എന്നെ കാണാനാണെങ്കിൽ ഞാൻ ഒരിക്കലും അവിടെയുണ്ടാവില്ല.'' ""പിന്നെ എവിടെയുണ്ടാവും?''""മെയിൻ റോഡിൽ''
സരസ്വതിയമ്മയുടെ ആ ഉത്തരം അത്രമേൽ സ്വഭാവികമായിരുന്നു.
വീടെന്നാൽ മെയിൻറോഡിൽ നിന്ന്​ തോന്നുമ്പോൾ കയറിച്ചെല്ലാനൊരിടമായിരുന്നു അവർക്ക്. അത്​ അവരെ കെട്ടിയിടപ്പെടുന്നൊരിടമല്ലായിരുന്നു.
പിന്നെ പതിയെ പതിയെ സരസ്വതിയമ്മയുടെ എഴുത്ത്​ കുറഞ്ഞുവന്നു. പിന്നെ തീരെ കാണാതായി..

1971 ൽ അന്തർജനം തിരുവനന്തപുരത്തു വന്ന സമയം സരസ്വതിയമ്മയെ കാണണമെന്ന ആഗ്രഹം മകൻ രാജനോട് പറഞ്ഞു. കാറിൽ പാൽക്കുളങ്ങര മുഴുവൻ കറങ്ങിയിട്ടും വീട് കണ്ടുപിടിക്കാനായില്ല. അവസാനം സിതാര എന്ന ആ വീട് ഒരു കോളേജ് വിദ്യാർഥിനി കാണിച്ചു കൊടുത്തു. സഹോദരിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചതും തുടർന്ന് സഹോദരി ആത്മഹത്യ ചെയ്തതും സരസ്വതിയമ്മയെ തകർത്തിരുന്നു എന്ന് അന്തർജനത്തിനറിയാമായിരുന്നു.
ലോക്കൽ ഫണ്ട്‌ ഓഡിറ്റിൽ ജോലിയായി ഗുരുവായൂരിൽ കഴിഞ്ഞ നാളുകളിൽ മാത്രമാണ് ജീവിതത്തിൽ ഒരല്പം സമാധാനം കിട്ടിയത് എന്ന് അന്തർജനത്തിനവർ ഒരിക്കൽ എഴുതിയിട്ടുണ്ട്.

ധിക്കാരിയായ പഴയ ആ സ്ത്രീയെ, താൻ മുഴുവൻ സ്ത്രീകളുടെയും പ്രതിനിധിയാണ് എന്ന് സ്വയം വിശ്വസിച്ചിരുന്ന അതേ സ്ത്രീയെ, ചങ്കൂറ്റമുള്ള ആ എഴുത്തുകാരിയെ, അന്ന് അവിടെ ആർക്കുമറിയില്ല എന്നതായിരുന്നു സത്യം.

സിതാരയിൽ അവർ മറ്റൊരാളെപ്പോലെ തോന്നിച്ചു. പ്രായം കൊണ്ടുവന്ന വ്യത്യാസത്തിനുപരി മറ്റെന്തക്കെയോ മാറ്റങ്ങൾ..!""ഒറ്റക്കല്ലേ! പാചകം ചെയ്യാൻ മടിയായതുകൊണ്ട് കാര്യമായി ഭക്ഷണം ഒന്നും കഴിക്കാറില്ല'' എന്നവർ പറഞ്ഞു.
ആരും വീട്ടിൽ വരികയോ താൻ എങ്ങോട്ടെങ്കിലും പോകാറോ ഇല്ല.
എഴുതാറില്ലേ എന്ന ചോദ്യത്തിന്, "എന്തിന്?' എന്നായിരുന്നു ഉത്തരം.""അപ്പോൾ സമയം പോവാൻ എന്തുചെയ്യും?''""ഉറങ്ങും, രാത്രിയും പകലും ഉറങ്ങും... ഉറക്കം പോലെ മറ്റൊരു സുഖമുള്ള ഏർപ്പാടില്ല.''
എന്റെ തൊണ്ടയിൽ മുട്ടിയ ഒരു വിങ്ങൽ നിങ്ങൾക്കുമിപ്പോളറിയാം!
ഏകാന്തതയുടെ വിരിപ്പുകൾ കട്ടിക്ക് മറച്ച ആ വീട്ടുമുറിമതിലുകൾ ആ ഉത്തരത്തിൽ കൂടി അവരെ രണ്ടുപേരെയും സ്വതന്ത്രമായ ഒരു പഴയകാല നിമിഷത്തിൽ നിർത്തി അനശ്വരമാക്കി.

എല്ലാർക്കുമറിയാവുന്നത്, പുരുഷ വിദ്വേഷിയായ, വിചിത്ര സ്വഭാവക്കാരിയായ, സരസ്വതി അമ്മയെ ആണ്. അതൊക്കെ അടക്കിപിടിച്ച ഗദ്ഗദമായിരുന്നെന്ന് പലർക്കുമറിയില്ലായിരുന്നു.

അടുത്ത ദിവസം വൈകുന്നേരം റിട്ടയേർഡ് ഗവണ്മെന്റ് സെക്രട്ടറി മുഹമ്മദലിയുടെ മകൾ നൂർജഹാനോടൊത്ത് സരസ്വതി അമ്മ അന്തർജനത്തിനെ കാണാനെത്തി. നൂർജഹാനെ ചൂണ്ടി അവർ പറഞ്ഞു; ""ഇവൾ ധാരാളം വായിക്കും, തർക്കിക്കും, വിമർശിക്കും. അടുത്ത തലമുറയിലെ കുട്ടിയാണവൾ''
ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരുപാടു സംസാരിച്ച്, കുട്ടികളുടെ പാട്ടുകേട്ട്, ചിരിയും ബഹളവുമായി ഒരുപാട് വൈകിയിട്ടാണ് അന്നവർ തിരികെപോയത്.
പോകാൻ നേരം അന്തർജനത്തെ കെട്ടിപ്പിടിച്ചവർ പറഞ്ഞു; ""ഒരുപാടു നാളായി ഇങ്ങനെ ഒരു ദിവസം കഴിച്ചിട്ട്, ജീവിതത്തിൽ ഈ ദിവസം ഒരിക്കലും മറക്കില്ല ചേച്ചീ...'' ആദ്യമായും അവസാനമായും അന്നൊരിക്കൽ മാത്രമാണ് സരസ്വതി അമ്മ തന്നെ ചേച്ചീ എന്ന് വിളിച്ചതെന്ന്​ അന്തർജനം വാത്സല്യത്തോടെ ഓർത്തു.

എല്ലാർക്കുമറിയാവുന്നത്, പുരുഷ വിദ്വേഷിയായ, വിചിത്ര സ്വഭാവക്കാരിയായ, സരസ്വതി അമ്മയെ ആണ്. അതൊക്കെ അടക്കിപിടിച്ച ഗദ്ഗദമായിരുന്നെന്ന് പലർക്കുമറിയില്ലായിരുന്നു. ഒരിക്കൽ സ്ത്രീജന്മം എന്ന തന്റെ കഥക്ക് അവതാരിക എഴുതിത്തരണമെന്ന്‌ അന്തർജനത്തിനോട് സരസ്വതി അമ്മ ആവശ്യപ്പെട്ടിരുന്നു. ഉടനെ അന്നത് തിരുത്തുകയും ചെയ്തു; "വേണ്ട, എന്റെയീ സ്ത്രീജന്മത്തിന് ഞാൻ മാത്രം മതി അവതാരികയായി' എന്ന്.
ചില അവതാരങ്ങൾ അങ്ങനെയാണ്. അവതാരികകൾ വേണ്ടാത്ത അവതാരങ്ങൾ.
സരസ്വതി അമ്മ അങ്ങനെ ഒരു അവതാരമായിരുന്നു.
അവരുടെ കൃതികൾ ​കൂടുതൽ കൂടുതൽ വായിക്കുന്തോറും , സ്വന്തം മനസിലേക്ക്, സ്ത്രീസത്തയിലേക്ക്, ആത്മാഭിമാനത്തിലേക്ക് നമ്മളെ മുക്കിത്താഴ്ത്തുന്നു സരസ്വതി അമ്മ.

ഒരു പക്ഷിയെ പോലെ നമ്മൾ ശ്വാസം കിട്ടാതെ അതിൽ താഴ്ന്നു പിടയുന്നു. സ്വന്തം ശക്തിയെടുത്ത് അവിടെനിന്ന്​ പറന്നു പൊങ്ങുമ്പോൾ ചിറകിൽ നിന്നും ഉടലിൽ നിന്നും നാലുപാടും തെറിച്ച് വീഴുന്നത് അഭിമാനിനികളുടെ രക്തമാണ്.
അത്​ എന്റെ രക്തമാണ്, അത്​ നിന്റെ രക്തമാണ്, അതു നമ്മുടെയാകെ രക്തമാണ്.
കണ്ണുനീരിനേക്കാൾ ശക്തമായ ആ ചോര കൊണ്ടാണ് ലളിതാംബിക അന്തർജനം കഥ എഴുതിയത്, സരസ്വതിയമ്മ കഥ എഴുതിയത്, ഇന്നുവരെയുള്ള ഓരോ എഴുത്തുകാരിയും കഥകൾ എഴുതിയത്.
ഉണങ്ങാത്ത ആ എഴുത്തുമുറിവിൽ നിന്ന്​ ആ പക്ഷി ഇപ്പോഴും ചോരയിറ്റിക്കുന്നു. എഴുത്തുകാരികൾ പറന്നുപൊങ്ങുവാൻ ഇപ്പോഴും രക്തം പുരണ്ട ചിറകുകൾ വിരിക്കാൻ ശ്രമിക്കുന്നു...!

ആനന്ദവും അനന്തവുമായ ആകാശത്തേക്കവർ പറന്നുയരുന്നു!! ▮


തനൂജ ഭട്ടതിരി

കഥാകൃത്ത്, നോവലിസ്​റ്റ്​. താഴ്​വരയിൽ നിന്ന്​ ഒരു കാറ്റ്, സെലസ്റ്റിയൻ പ്ലെയ്ൻ (കഥകൾ), ഗ്രാൻഡ്​​ ഫിനാലേ (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ

Comments