‘എന്റെ അമ്മാവനെക്കുറിച്ചും അമ്മാവന്റെ വിചിത്രസ്വഭാവികളായ അഞ്ചു സുഹൃത്തുക്കളുടെയും കഥയെഴുതണമെന്നുണ്ട്. പറ്റിയാൽ സിനിമയാക്കണം. അതിന് നിങ്ങളുടെ സഹായം വേണം’ എന്നുപറഞ്ഞ് പ്രിയ സുഹൃത്തിന്റെ മരുമകൻ ഫോണിൽ സംസാരിച്ചു തുടങ്ങി. രണ്ടുമൂന്ന് വർഷം മുമ്പായിരുന്നു അത്.
അമ്മാവനും വിചിത്രസ്വഭാവികളായ സുഹൃത്തുക്കളും; ഞാൻ പിറുപിറുത്തു. അങ്ങേത്തലയ്ക്കൽ കേട്ടുവോ എന്തോ?
വിളിച്ച പയ്യനെ അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ഞാൻ കണ്ടതാണ്.
അവനെ ഞാനിപ്പോൾ എങ്ങനെ സഹായിക്കണമെന്നായിരിക്കും?
അവൻ തുടർന്നു; ‘അമ്മാവന്റെ സെറ്റിൽ ഇടയ്ക്കിടയ്ക്ക് കേട്ടിട്ടുള്ള ഏക പെൺപേര് നിങ്ങളുടേതായിരുന്നു'.
ഞാൻ നിശ്ശബ്ദയായി.
ആ സുഹൃത്തുക്കളിൽനിന്ന് കിട്ടുന്നതിലേറെയൊന്നും എന്റെയടുത്തുനിന്ന് കിട്ടാനുണ്ടാവില്ല.
എന്തുപറയാനാണ്? എന്നെപ്പറ്റിപ്പോലും ഏറ്റവും നന്നായറിയറിയാവുന്നവർ അക്കൂട്ടത്തിലുണ്ട്.
‘ഞാനിടയ്ക്ക് വിളിക്കാം' എന്നുപറഞ്ഞ് അവൻ ഫോൺ വെച്ചു.
വിചിത്രസ്വഭാവികളായ സുഹൃത്തുക്കളെ കുറിച്ച് അപ്പോൾ മുതലാണ് ചിന്തിച്ചു തുടങ്ങിയത്. പയ്യന്റെ അമ്മാവൻ ആ അഞ്ചുപേരെയും ഒരേപോലെ കൊണ്ടുനടന്നിരുന്നു. സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ ചേർച്ചകളൊന്നുമില്ലാതിരുന്നവർ. അവർ അഞ്ചുപേരും പരസ്പരം അടുത്ത സുഹൃത്തുക്കളുമായിരുന്നില്ല - എന്റെയും. പക്ഷേ, അവരെല്ലാം റഹ്മാന്റെ സുഹൃത്തുക്കളായിരുന്നു.
"അബ്ദുൾ റഹ്മാൻ ബാഫഖി തങ്ങൾ' എന്നായിരുന്നു അവന്റെ മുഴുവൻ പേര്.
ചിലർ ‘തങ്ങൾ' എന്ന്, വേറെ ചിലർ പൂമോനെന്ന്, അധ്യാപകർ റഹ്മാനെന്ന് അവനെ വിളിച്ചു. അവനെ എവിടെവെച്ചാണ് ആദ്യം കണ്ടത് എന്നോർമയില്ല. അതിൽ പ്രസക്തിയുമില്ല.
വിശ്വഭാരതിയുടെ പനമ്പുവാതിൽ ഞങ്ങൾക്കുമുന്നിൽ അടഞ്ഞു.
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും കേൾക്കാനില്ല. പുറത്താക്കിയിട്ട് വീട്ടിലേക്കുപോകുന്നതിനേക്കുറിച്ച് ആലോചിക്കാൻ വയ്യ.
അവന്റെ വീടിനുമുന്നിലൂടെയാണ് പതിവായി സ്‌കൂളിൽ പോയിരുന്നത്. മുറ്റത്തൊരു വലിയ ഞാവലുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും യാതൊരു നാണവുമില്ലാതെ വഴിയിൽ വീണുകിടന്ന ഞാവൽപ്പഴം പെറുക്കിയിരുന്നു. അതിനിടയിലെന്നോ അവനെ കണ്ടത് നന്നായോർക്കുന്നു. എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചത്, എന്നെയാവാൻ ഒരു സാധ്യതയുമില്ല വേറെ ആരെയെങ്കിലുമാവും എന്നു കരുതി ചിരിക്കാതെ നടന്നത്...
പിന്നെയും ഒരു വർഷം കഴിഞ്ഞ് പ്രീഡിഗ്രിയ്ക്ക് വിശ്വഭാരതി കോളേജിൽ ചേർന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോഴാണ് അവൻ ഞങ്ങളുടെ ക്ലാസിൽ ചേർന്നത്. മറ്റൊരു കോഴ്‌സ് കഴിഞ്ഞിട്ടായിരുന്നു അവൻ പ്രീഡിഗ്രിക്ക് ചേർന്നത്. നോട്ടുബുക്കുകൾ ചോദിച്ചു കൊണ്ടാണ് സംസാരം തുടങ്ങുന്നത്. പിന്നെയത് സംസാരത്തിന്റെ കടലായി മാറി.
ലോകകാര്യങ്ങൾ മുതൽ നാട്ടിലെ ഓരോരോ മനുഷ്യരെക്കുറിച്ചു വരെ ഞങ്ങൾ ചർച്ച ചെയ്തു. ചില്ലറ അബദ്ധങ്ങളിലും ഞങ്ങൾ ചെന്നുപെട്ടു. മുൻപോരു ലേഖനത്തിൽ അതേക്കുറിച്ച് എഴുതിയിട്ടുണ്ട്.
ഒക്ടോബറോടെയാണ് പുതിയൊരാൾ ഞങ്ങളുടെ ക്ലാസിൽ വന്നുചേർന്നത്, അവൻ വന്നതിന്റെ മൂന്നാംദിവസം. ഉച്ചത്തെ ഇടവേള സമയത്ത് റോജാപാക്കാണെന്നു പറഞ്ഞ് ഒരുതരം പൊടി വിതരണം ചെയ്തത്. റോജ പാക്കിന്റെ പാക്കറ്റുകൾ കണ്ടിട്ടുണ്ട്. പക്ഷേ ഉള്ളിലുള്ളത് കണ്ടിട്ടില്ല. രുചിച്ചിട്ടില്ല.
വായ്ക്ക് നല്ല സുഗന്ധം കിട്ടും, പുതിയ സഹപാഠി പറഞ്ഞപ്പോൾ അവിശ്വസിച്ചില്ല.
ഒരു നുള്ള് വായിലിട്ടു. അപ്പോഴാണ് മറ്റൊരാൾ അതു വായിലിടരുതേ, അത് തമ്പാക്കാണ്, ചുണ്ടിനിടയിലാണ് വെക്കേണ്ടതെന്ന് പറഞ്ഞത്.
ഞാൻ തുപ്പി. എന്നാൽ അതുകേട്ടശേഷം ചുണ്ടിനിടയിൽ വെച്ചവരുണ്ട്.
ഉച്ചക്കുശേഷം ഹിന്ദി ക്ലാസായിരുന്നു. തലക്ക് പെരുപ്പ്. മന്ദത. എല്ലാവരും ക്ലാസു ശ്രദ്ധിക്കാതെ ഡസ്‌കിലേക്ക് തലവെച്ച് മയങ്ങി.
‘ഇന്നെന്താ എല്ലാവർക്കുമൊരു മയക്കം?' ടീച്ചർ ചോദിച്ചു.
തമ്പാക്കടിച്ച് കിറുങ്ങിയതാണെന്ന് തമാശമട്ടിലാണ് ഞാൻ പറഞ്ഞത്.
ടീച്ചർ അത് ഗൗരവമായിട്ടെടുക്കും എന്നൊരു ചിന്തയേ മനസ്സിൽ വന്നില്ല.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു.
പ്രിസിപ്പാളിന്റെ, ‘ആരാടീ തമ്പാക്കടിച്ചു കിറുങ്ങി'യതെന്ന ചോദ്യത്തിനു മുന്നിൽ മുൻബഞ്ചിലെ തലപ്പത്തിരുന്ന പെൺകുട്ടിമാത്രം എഴുന്നേറ്റു, ഞാനും.
മറ്റാരും എഴുന്നേറ്റില്ല. അവളോടും എന്നോടും ആരാണ് നൽകിയതെന്നു ചോദിച്ചപ്പോൾ സന്തോഷും റഹ്മാനുമാണ് എന്നുപറഞ്ഞു.
പിന്നീട് ചോദ്യമൊന്നുമുണ്ടായില്ല.
വിശ്വഭാരതിയുടെ പനമ്പുവാതിൽ ഞങ്ങൾക്കുമുന്നിൽ അടഞ്ഞു.
എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, ആരും കേൾക്കാനില്ല. പുറത്താക്കിയിട്ട് വീട്ടിലേക്കുപോകുന്നതിനേക്കുറിച്ച് ആലോചിക്കാൻ വയ്യ.
പിറ്റേന്ന് കോളേജിൽ പോയി നോക്കി. പരിസരത്തേക്കുകൂടി അടുപ്പിച്ചില്ല. ഞാനും കൂട്ടുകാരിയും റബ്ബർ തോട്ടത്തിനുനടുവിൽ പോയിരുന്നു. എന്തൊക്കെയോ ആലോചിച്ചുകൂട്ടി. കോളേജിൽ പോകുവാണെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയിട്ട് തെരുവപ്പുല്ലും കൊങ്ങിണിയും പടർന്നുപിടിച്ച തോട്ടത്തിനു നടുവിൽ.
കൈക്കും കാലിനും വിറയൽ...
ആ വിറയലിനിടയിലാണ് സന്തോഷിനെയും റഹ്മാനെയും കണ്ടത്. എഴുന്നേറ്റോടണമെന്നുതോന്നി. പക്ഷേ, അവരും ഞങ്ങളെപ്പോലെയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്.
ആ സംഭവം ഒരുപക്ഷേ കൂടുതൽ ഞങ്ങളെ അടുപ്പിച്ചിരിക്കാം.
ആദ്യമാദ്യം കോളേജിലിരുന്നായിരുന്നു സംസാരമെങ്കിൽ കോളേജിൽ നിന്ന് പോന്നശേഷം വഴിയിൽ നിന്നായി സംസാരം. കാണുന്നവർക്ക് തോന്നും ഇവർക്കെന്താ ഇത്ര മാതിരി പറയാനെന്ന്. അതുകണ്ട് ഞങ്ങൾക്കിടയിൽ പ്രണയമുണ്ടെന്ന് കരുതിയവരുമുണ്ട് - അവന്റെ വീട്ടിലും എന്റെ വീട്ടിലും.
‘നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ? അവനോട് ചോദിക്കുമ്പോൾ അല്ലെന്നു പറയുന്നു. സത്യം പറയ്... വേണ്ടപ്പെട്ടവരോട് സംസാരിക്കാമെന്ന്' ബന്ധു പറഞ്ഞു.
ഞാൻ ആർത്തുചിരിച്ചു.
ഞാൻ എഴുതുമെന്നറിയുന്ന ഏക സുഹൃത്തായിരുന്നു ഒരുകാലത്ത് അവൻ. ഒരുപാട് ആശയങ്ങൾ പറയുമ്പോൾ, ‘നീയെഴുതൂ' എന്നല്ല അവൻ പറഞ്ഞിരുന്നത്, ‘നമുക്കെഴുതാം' എന്നാണ്.
ഞങ്ങൾക്ക് വേറെവേറെ ഇഷ്ടങ്ങളുണ്ടായിരുന്നു. അതേപ്പറ്റിക്കൂടിയായിരുന്നു സംസാരം. അവന്റെ ആദ്യത്തെ പ്രണയത്തിലെ ഹംസമായിരുന്നു ഞാൻ. ഒരു വർഷം കഴിഞ്ഞപ്പോൾ അത് കരിഞ്ഞുപോയി. അവന് അതത്ര നിസ്സാരമായി കാണാൻ കഴിയുമായിരുന്നില്ല. കുറേ സമയമെടുത്താണ് ആ വിഷമത്തെ മറികടന്നത്.
ഞാൻ എഴുതുമെന്നറിയുന്ന ഏക സുഹൃത്തായിരുന്നു ഒരുകാലത്ത് അവൻ. ഒരുപാട് ആശയങ്ങൾ പറയുമ്പോൾ, ‘നീയെഴുതൂ' എന്നല്ല അവൻ പറഞ്ഞിരുന്നത്, ‘നമുക്കെഴുതാം' എന്നാണ്. അവനായി വരച്ചുതന്ന നാടിന്റെ ഭൂപടമുണ്ട്. അതിൽ കുറേ മനുഷ്യരുണ്ട്. ഓരോ വ്യക്തിയെയും നിരീക്ഷിക്കാൻ എന്നെ പഠിപ്പിച്ചത് അവനാണ്. ഇടയ്ക്ക് നാട്ടിലെ വായനശാലയിൽ ലൈബ്രേറിയനായി ഞാൻ. വൈകിട്ട് രണ്ട് മണിക്കൂർ മാത്രം. അതിൽ ഏറെ സന്തോഷിച്ചത് അവനാണ്. ‘നിനക്കൊരുപാട് വായിക്കാമല്ലോ. നിന്റെ വഴി ഇതാണ് ' എന്നവൻ പറഞ്ഞു. പക്ഷേ, അധികം തുടരാൻ എനിക്ക് സാധിച്ചില്ല. അതിലവൻ വിഷമിച്ചു,- ഞാനും.
എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അതിജീവിക്കുവാൻ കരുത്ത് പകർന്നത് അവനാണ്. പിന്നീട് പലപ്പോഴും ആലോചിച്ചുണ്ട്, അവന്റെ നിയോഗം എന്തായിരുന്നുവെന്ന്? ഒരു നിർണായകഘട്ടത്തിൽ എന്നെ വഴിതിരിച്ചുവിടാൻ എന്നല്ലാതെ മറ്റൊരുത്തരം കിട്ടാറില്ല.
വിവാഹിതയായി ഞാൻ മറ്റൊരിടത്തേക്കുപോയി. അവൻ പ്രവാസിയും.
അപ്പോഴേക്കും അവന് മറ്റൊരു പ്രണയം.
അവളുടെ വീട്ടിലറിഞ്ഞ് പ്രശ്‌നമുണ്ടായിരുന്നു. അവളുമായി നേരിട്ട് ബന്ധപ്പെടാൻ സാധ്യമല്ലായിരുന്നു.
വിചിത്രസ്വഭാവികളായ സുഹൃത്തുക്കൾക്ക് അവൻ അവൾക്കുള്ള കത്തുകൾ അയയ്ക്കും. അവരത് രാത്രി വയലും റബ്ബർതോട്ടവും തോടും ചെറുകാടും കടന്ന് അവളുടെ വീട്ടുമുറ്റത്തെത്തിക്കും. മുറ്റത്ത് ഉണങ്ങാനിട്ട ചുരിദാറിലൊളിപ്പിച്ച്... എത്രയെത്ര കത്തുകൾ. മടങ്ങിയ വഴി കള്ളനാണെന്നുകരുതി ഓടിച്ചിട്ടുണ്ട് നാട്ടുകാർ. പിടികൊടുക്കാതെ രക്ഷപ്പെട്ടതിനെപ്പറ്റിയൊക്കെ എത്ര കേട്ടിരിക്കുന്നു. നേരോ എന്ന് അവിശ്വാസത്തോടെ കേട്ടിരുന്നിട്ടുണ്ട് ഞാൻ.
വയനാട്ടിലും കോഴിക്കോടുമൊക്കെയായി ജീവിതം തുടർന്നപ്പോഴും ഞങ്ങളുടെ കത്തെഴുത്ത് തുടർന്നു. യു.എ.ഇയിൽ അവരുടെ ഓഫീസിനുതാഴെയുള്ള റേഡിയോ നിലയത്തെക്കുറിച്ച്, അതിലെ പുതുമയുള്ള പരിപാടികളെക്കുറിച്ച് എഴുതിയ കുറിപ്പോ കഥകളോ അയയ്ക്കൂ, അവിടെ കൊടുക്കാം എന്നൊക്കെ വാചാലമായി എഴുതിയിരുന്നു. ഗൾഫും പ്രവാസവും വിമാനവുമൊക്കെ എനിക്ക് കൂടുതൽ പരിചിതമായത് അവന്റെ കത്തുകളിലൂടെയായിരുന്നു.
ഉച്ചകഴിഞ്ഞ സമയത്ത് ഓഫീസിലേക്ക് അവൻ വിളിച്ചു. അവന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു ഞങ്ങൾ സംസാരിച്ചു തുടങ്ങിയത്. പൂർണമാകും മുമ്പേ കട്ടായി.
ഇതിനിടയിൽ എനിക്ക് കോഴിക്കോട് ബാങ്കിൽ ജോലി കിട്ടിയിരുന്നു. അക്കാലത്ത് അവൻ നാട്ടിൽ വന്നപ്പോൾ ഞങ്ങൾ കണ്ടു. അവന്റെ വരവിന്റെ ഉദ്ദേശ്യം പ്രണയിനിയുമൊത്തുള്ള വിവാഹമായിരുന്നു. വളരെ യാഥാസ്ഥിതിക കുടുംബമായിരുന്നു രണ്ടുപേരുടേതും, രണ്ട് മതവും. അവന്റെ വീട്ടുകാർ അവന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ നിന്നുകൊടുത്തു. പക്ഷേ, അവൾ അവസാനം പിന്മാറി.
സങ്കടത്തിന്റെ പരകോടിയിൽ...
എത്രയാണ് സമാധാനിപ്പിച്ചുകൊണ്ട് എഴുതിയത്?
അപ്പോഴേക്കും ഓഫീസ് നമ്പറിൽ വിളിച്ചുതുടങ്ങിയിരുന്നു. ആഴ്ചയിൽ ഒന്നും രണ്ടും വട്ടം വിളിച്ചിരുന്നു.
അന്ന് എസ്. ടി. ഡി ബൂത്തിലൂടെയാണ് വിളി. വിളിക്കാൻ തോന്നുമ്പോൾ ബൂത്തിൽ നിന്ന് മിസ്‌കോൾ ചെയ്യാനാണ് പറഞ്ഞിരുന്നത്. കോഴിക്കോട് നമ്പർ കാണുമ്പോൾ തിരിച്ച് ഓഫീസിലേക്ക് വിളിക്കും. അപൂർവ്വമായേ അങ്ങനെ വിളിച്ചിട്ടുള്ളൂ. ആവശ്യം വരാറില്ല. അവൻ ഇങ്ങോട്ട് വിളിക്കും, അധികവും.
അന്നൊരു വ്യാഴാഴ്ചയായിരുന്നു.
ഉച്ചകഴിഞ്ഞ സമയത്ത് ഓഫീസിലേക്ക് അവൻ വിളിച്ചു. അവന്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു ഞങ്ങൾ സംസാരിച്ചു തുടങ്ങിയത്. പൂർണമാകും മുമ്പേ കട്ടായി. അന്നു വൈകിട്ട് കോഴിക്കോട് ബാങ്ക് മെൻസ് ക്ലബ്ബിന്റെ സംഘാടനത്തിൽ മുതുകാടിന്റെ മാജിക് ഷോ ഉണ്ടായിരുന്നു. പരിപാടി കാണാൻ പോയിരുന്നു. മാജിക് ഷോ തീരാറായ സമയത്താണ് ബാങ്ക് മെൻസ് ക്ലബ്ബിന്റെ സെക്രട്ടറിയായിരുന്ന അസീസിക്ക കുഴഞ്ഞുവീണത്. ഞാനിരുന്നതിന്റെ തൊട്ടടുത്ത്. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് തൊട്ടുപിന്നാലെ ഞാനും സുനിലും ആശുപത്രിയിലെത്തി. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ. ഡോക്ടറാവണം, എന്നോട് ആരാണ് എന്നു ചോദിച്ചു. കൂടെ ജോലി ചെയ്യുന്ന ആളാണെന്ന് പറഞ്ഞു. കയറി കണ്ടോളൂ എന്നദ്ദേഹം പറഞ്ഞു. നിശ്ചലമായ ശരീരം!
ആ രാത്രി ആ മരണത്തോടൊപ്പമായിരുന്നു. രാവിലെ വീട്ടിലെത്തി ഫ്രഷായി ഓഫീസിലേക്ക് പോയി. ഗേറ്റ് കടക്കും മുമ്പ് റഹ്മാനെ ഒന്നു വിളിച്ചേക്കാം എന്നു കരുതി എസ്. ടി. ഡി ബൂത്തിൽ കയറി. സ്വിച്ച്ഡ് ഓഫ് എന്ന് മറുതലയ്ക്കൽ. യു.എ.ഇ യിൽ വെള്ളിയാഴ്ച അവധിയാണ്. ഇന്ന് പോകണ്ടല്ലോ - അവൻ പോത്തുപോലെ കിടന്നുറങ്ങുകയാവും എന്ന് സമാധാനിച്ച് ഓഫീസിലേക്ക് കയറി. പത്തു മിനിറ്റ് കഴിയും മുമ്പ് ഫോൺ വന്നു. അവനായിരിക്കുമെന്ന് കരുതിയാണ് ഫോണെടുത്തത്. വിളിച്ചത് ചെറിയ അനിയത്തി മഞ്ജുവായിരുന്നു.
അവൾ പറഞ്ഞു, ‘നീ സംയമനം പാലിക്കണം. വിഷമിക്കരുത്... ഇന്നലെ രാത്രി....'
‘തലേന്ന് പറയാൻ ബാക്കിവെച്ചത് എന്തായിരുന്നു കൂട്ടുകാരാ... '
കേൾക്കാൻ കാത്തിരുന്ന എന്നെ തേടിയെത്തിയത്
നിലച്ചുപോയ ഹൃദയത്തെക്കുറിച്ചുള്ള വാർത്തയായിരുന്നല്ലോ. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.