എ. അയ്യപ്പൻ / ചിത്രം : എ.ജെ ജോജി

മരണമില്ലെന്ന്​ ഞാൻ വിശ്വസിച്ച ഒരാളുടെ
മരണാനന്തരത്തെക്കുറിച്ച്​

അയ്യപ്പന് മരണമില്ലെന്നു ഞാൻ വിശ്വസിച്ചു. അയ്യപ്പന്റെ മരണം പ്രവചിച്ച ഡോക്ടർ പോലും മരിച്ചു. ചോരപൊടിയുന്ന കവിതയും ജീവിതവുമായി അയ്യപ്പൻ ഈ ഭൂമിയിലൂടെ ചിരംജ്ജീവിയായി അലയുമെന്നു കരുതാനായിരുന്നു എനിക്കിഷ്ടം.

രണത്താൽ വേർപെട്ടുപോയാലും എവിടെയെങ്കിലും വെച്ച് നമ്മൾ കണ്ടുമുട്ടുമെന്നു കരുതുന്ന ചിലരുണ്ട്. എന്നെ സംബന്ധിച്ച് അങ്ങയൊരാൾ കവി എ. അയ്യപ്പനായിരുന്നു.

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനു മുന്നിലുള്ള നീളൻ പടികളുള്ള മതിലിൽ വേഗത്തിൽ നടന്നുപോകുന്നവരെ നോക്കി ഒട്ടും ധൃതിയില്ലാതെ ഇരിക്കുന്ന അയ്യപ്പനെ വീണ്ടും കാണുമെന്നു ഞാൻ പ്രതീക്ഷിച്ചു. അല്ലെങ്കിൽ കൂട്ടുകാരുടെ തോളിൽ കൈയിട്ട് ഒട്ടും ഭാരമില്ലാതെ ഒഴുകിപ്പോകുന്ന അയ്യപ്പൻ.

2010 ഒക്ടോബറിലാണ് അയ്യപ്പൻ മരണത്താൽ മറഞ്ഞുപോകുന്നത്.
മരിച്ചുകിടക്കുന്ന അയ്യപ്പനെ ഞാൻ കണ്ടില്ല. അന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു. ഞാൻ കുടുംബസമേതം വോട്ട് ചെയ്യാൻ തിരുവന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയി. അന്ന് അവിടെ രാവിലെ മുതൽ വലിയ മഴയായിരുന്നു. അമ്മാവന്മാരുടെ വീട്ടിലെത്തിയ ഞാൻ ടി. വി യിലൂടെ അയ്യപ്പന്റെ മരണവാർത്തയറിഞ്ഞു.

അയ്യപ്പന് മരണമില്ലെന്നു ഞാൻ വിശ്വസിച്ചു.
അയ്യപ്പന്റെ മരണം പ്രവചിച്ച ഡോക്ടർ പോലും മരിച്ചു.
ചോരപൊടിയുന്ന കവിതയും ജീവിതവുമായി അയ്യപ്പൻ ഈ ഭൂമിയിലൂടെ ചിരംജ്ജീവിയായി അലയുമെന്നു കരുതാനായിരുന്നു എനിക്കിഷ്ടം.

പത്താം ക്ലാസ്​ കഴിഞ്ഞ് ചിത്രകല പഠിക്കുന്ന സമയത്താണ് അയ്യപ്പൻ ഒരു ബാധ പോലെ ഉള്ളിലേക്ക് കടക്കുന്നത്. അന്ന് മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ എഡിറ്റ് പേജിൽ ‘അലയുന്നവന്റെ അത്താഴം'എന്ന പേരിൽ അയ്യപ്പൻ ഒരു അനുഭവക്കുറിപ്പ് എഴുതിയത് വായിക്കാനിടയായി. അസാധാരണമായ ആ അനുഭവമെഴുത്തിൽ ഞാൻ ആടിയുലഞ്ഞു. ചോരപൊടിയുന്ന വാക്കുകൾ ഹൃദയത്തിൽ മുള്ളുപോലെ തറച്ചിരുന്നു. ആ പേജ് ഞാൻ ചീന്തിയെടുത്തു പേഴ്‌സിൽ സൂക്ഷിച്ചു. ഇടയ്ക്കിടെ അതെടുത്തു വായിച്ചു. അതിൽ അയ്യപ്പന്റെ അത്താഴം എന്നകവിതയിലെ വരികളുണ്ടായിരുന്നു.

കാറപകടത്തിൽ പെട്ട് മരിച്ച വഴിയാത്രക്കാരന്റെ ചോരയിൽ ചവുട്ടി ആൾക്കൂട്ടം നിൽക്കെ... മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്ന അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ്

വിശപ്പിന്റെയും അനാഥത്വത്തിന്റെയും അനുഭവം അന്യമല്ലാതിരുന്ന എന്നിലേയ്ക്ക് ആ കവിത പ്രവേശിച്ചു. പിന്നീട് അയ്യപ്പന്റെ കവിതകളും പുസ്തകങ്ങളും തേടി നടന്നു വായിച്ചു.

എ. അയ്യപ്പൻ
എ. അയ്യപ്പൻ

അയ്യപ്പനെക്കാൾ തീവ്രമായി എങ്ങനെ കവിത എഴുതാം എന്നു ചിന്തിച്ച യുവ കവികൂട്ടങ്ങൾ ചങ്ങതിമാരായി. മഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിൽ കവി സെബാസ്റ്റ്യൻ നടത്തിയ ഒരു പരിപാടിയിൽ വെച്ചാണ് അയ്യപ്പനെ ആദ്യമായി കാണുന്നത്. ഞാനും വി. കെ. സനോജും (ഡി. വൈ. എഫ്. ഐയുടെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി) കോളേജ് മാഗസിന്​ അയ്യപ്പനെ ഇന്റർവ്യൂ ചെയ്യാനെത്തിയതായിരുന്നു. ഞങ്ങളുടെ ചോദ്യത്തിന് തമാശ കലർന്ന ഉത്തരങ്ങൾ അദ്ദേഹം നൽകി. പുറത്ത് അപ്പോഴും മഴയുടെ ഉന്മാദം അവസാനിച്ചിരുന്നില്ല. അയ്യപ്പന്റെ വേർപാട് അറിയുമ്പോഴും മഴ തന്റെ ഉന്മാദ നൃത്തം തുടരുകയായിരുന്നു.

തിരുവനന്തപുരത്ത്​ ചിന്ത പബ്ലിഷേഴ്‌സിൽ ജോലി ചെയ്യുന്ന സമയത്താണ് അയ്യപ്പനുമായി കൂടുതൽ അടുക്കുന്നത്. അദ്ദേഹം എന്നെ ‘ദോശാഭിമാനി' എന്നാണ് വിളിച്ചിരുന്നത്. ചിന്ത ജനറൽ മാനേജർ വി. കെ. ജോസഫിനെ കണ്ട്​ കാശ് മേടിക്കാനാണ് അയ്യപ്പൻ ചിന്തയിലെത്തുന്നത്. പലപ്പോഴായി മേടിച്ച കാശിനുപകരം അദ്ദേഹം കവിതകൾ നൽകി. ചിന്ത അദ്ദേഹത്തിന്റെ രണ്ടു മൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. റോയൽറ്റി കൃത്യമായി കൊടുത്തു.

അയ്യപ്പന്റെ അഡ്രസ്​ സ്റ്റുഡിയോ റോഡ്, നേമം എന്നായിരുന്നു. ഈ അഡ്രസിൽ ഞാനും കുറേക്കാലം സ്റ്റുഡിയോ റോഡിൽ താമസിച്ചു. ഒരിക്കൽ ഈ ഭാഗത്ത്​ ഒരു വസ്തു മേടിച്ചപ്പോൾ അതിന്റെ രജിസ്‌ട്രേഷന്​ ഞാനും അമ്മയും നേമം രജിസ്റ്റർ ഓഫീസിൽ നിൽക്കുമ്പോൾ ദൂരെ റോഡിലൂടെ അയ്യപ്പൻ നടന്നുപോകുന്നത് കണ്ടു. ഞാൻ അമ്മയെ കാണിച്ചു കൊടുത്തു. ആ മനുഷ്യനെ ഒന്നു കണ്ടാൽകൊള്ളാമെന്ന്​ അമ്മ പറഞ്ഞു. രജിസ്‌ട്രേഷൻ നടപടികൾകാരണം അമ്മയുടെ ആ ആഗ്രഹം സാധിച്ചുകൊടുക്കാനായില്ല.

അമ്മയും ഞാനും അച്ചാച്ചനും ടി. വിയിൽ അയ്യപ്പന്റെ മരണവാർത്തയും അയ്യപ്പനെ കുറിച്ചുള്ള പ്രത്യേക പരിപാടികളും കണ്ടിരുന്നു. കേരളത്തിന്റെ വിവിധ ദേശങ്ങളിൽ നിന്ന്​ കവികളും സുഹൃത്തുക്കളും തിരുവനന്തപുരത്തേയ്ക്ക് കരഞ്ഞുകൊണ്ട് വണ്ടി കയറി. അയ്യങ്കാളി ഹാളിൽ (അന്നത്തെ വി. ജെ. ടി ഹാൾ) അയ്യപ്പന്റെ ചേതനയറ്റ ശരീരം അടങ്ങിക്കിടന്നു. കുരീപ്പുഴയും സുഗതകുമാരിയും മറ്റു കവികളും അയ്യപ്പനു കൂട്ടിരുന്ന് അദ്ദേഹത്തിന്റെ കവിതകൾ ചൊല്ലി.

തെരുവിനെ, കവിതയിലൂടെ ആവിഷ്‌കരിച്ച വെയിൽ തിന്നുന്ന പക്ഷിയായിരുന്നു എ. അയ്യപ്പൻ. അദ്ദേഹം തെരുവിലാണ് മരിച്ചുവീണത്. എന്റെ ചോറുംപൊതി ഹോട്ടലിൽ വെച്ച് ഒരു ബീഫ് കറി വാങ്ങി പങ്കിട്ടുകഴിച്ചത് ഓർത്തു. അനുകരിക്കാൻ ഒന്നുമില്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അല്ലെങ്കിൽ ആർക്കും പിന്തുടരാനാവാത്ത ജീവിതം.

ഞാൻ തിരിച്ചെത്തിയപ്പോഴേയ്ക്കും അയ്യപ്പൻ കെട്ടടങ്ങിയിരുന്നു.
അതിന്റെ കനലുകൾ അനുസ്മരണ പരിപാടികളിൽ നീറിനീറി കിടന്നു. പലരും വിളിച്ചെങ്കിലും അയ്യപ്പന്റെ ഓർമപ്പരിപാടികളിൽ പോകാൻ എന്തുകൊണ്ടോ തോന്നിയില്ല. ചില കുറിപ്പുകൾ എഴുതുവാൻ ചില പ്രസിദ്ധീകരണക്കാർ പറഞ്ഞു. പക്ഷേ അതിനും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ വേർപാടിന്റെ ദശകങ്ങൾക്കു ശേഷം ഇപ്പോൾ എന്തുകൊണ്ടോ ഇതെഴുതുന്നു. എന്നാലും പെ​ട്ടെന്ന് എവിടെയെങ്കിലും വെച്ച് കവി മുമ്പിൽ പ്രത്യക്ഷമാവും എന്നു തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇതെഴുതുമ്പോഴും മഴയുണ്ട്. സ്റ്റുഡിയോ റോഡിലേക്ക് വീണ്ടും താമസിക്കാൻ എത്തിയിരിക്കുന്നു. പക്ഷേ എന്റെ കൂടെ അമ്മയോ അച്ചാച്ചനോ ഇന്നില്ല. അവരും അയ്യപ്പനെപോലെ എന്റെ കൺവെട്ടത്തുനിന്ന്​ മറഞ്ഞുപോയിരിക്കുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


രാജേഷ് ചിറപ്പാട്

ചിത്രകാരനും എഴുത്തുകാരനും. ഇരുപതിലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാലു വർഷമായി IFFK ഒഫീഷ്യൽ ഡെയ്​ലി ബുള്ളറ്റിന്റെയും ഫെസ്റ്റിവൽ ഹാൻറ്ബുക്കിന്റെയും എക്സിക്യൂട്ടീവ്​ എഡിറ്ററാണ്.

Comments