വരുന്ന വസന്തങ്ങളെ കാത്തിരിക്കുകയാണ്,
63 വയസായ ഈ പച്ചില

63 വയസായ ഒരു സ്ത്രീ എഴുതുന്നു, ‘എന്റെ യഥാർത്ഥമായ ജീവിതം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന തോന്നൽ എന്റെയുള്ളിൽ ശക്തമാകുന്നു.’ മൂന്നു ദശാബ്ദക്കാലം ആസക്തിയോടെ അധ്യാപക ജീവിതം നയിച്ച എസ്. ശാരദക്കുട്ടി, വിരമിച്ചശേഷം താൻ പറന്നുനടക്കുന്ന പുതുപുത്തൻ ആകാശങ്ങളെക്കുറിച്ച് എഴുതുന്നു.

ഴുത്തുകാരി കൂടിയായ ഒരു സുഹൃത്ത് ഈയിടെ പറഞ്ഞു; “ഉദ്യോഗത്തിന് പോയ്ക്കൊണ്ടിരുന്നപ്പോൾ എന്തു ചിട്ടയായിരുന്നു. അന്നൊക്കെ രാവിലെ 3 മണിക്കൂർ കൊണ്ട് ചെയ്തിരുന്ന പണികൾ ഇപ്പോൾ 12 മണിക്കൂർ ചെയ്താലും തീരുന്നില്ല. ജീവിതത്തിനൊരു ചിട്ടയില്ലാതായിരിക്കുന്നു. ആരും കാണാനില്ലാത്തതുകൊണ്ട് ശരീരത്തെയും തീരെ ശ്രദ്ധിക്കാതായി,  പെട്ടെന്നാണ് വാർധക്യം ബാധിച്ചത്.’’ 

എഴുത്തുകാരിയും വായനക്കാരിയും ഒന്നുമല്ലാത്ത ഒരു സഹാധ്യാപിക റിട്ടയർമെൻ്റിനുശേഷം, വൃദ്ധയായ അമ്മക്ക് സഹായിയായി ഒരു ഹോം നഴ്സിനെ ഏർപ്പാടാക്കിയിട്ട് വിദേശ രാജ്യങ്ങളിൽ സുരക്ഷിതയും സ്വതന്ത്രയുമായി സഞ്ചരിക്കുന്നു. മറ്റു ചില കൂട്ടുകാരികൾ മോഹിനിയാട്ടവും കഥകളിയും ഭരതനാട്യവും പഠിക്കുന്നു. സ്റ്റേജുകളിൽ നൃത്തപരിപാടികൾ അവതരിപ്പിക്കുന്നു. അവരുടെ ചർമം മുമ്പെന്നതിനേക്കാൾ തിളക്കവും തുടുപ്പുമുള്ളതായി കാണപ്പെടുന്നു. എല്ലാവരും എൻ്റെ സമപ്രായക്കാർ.

എപ്പോഴും ആരെങ്കിലും നമ്മെ കേൾക്കാനും കാണാനും ശ്രദ്ധിക്കാനും ഉണ്ടാവുക എന്നത് ആരോഗ്യകരമായ ഒരു ചിട്ടയിലൂടെ നമ്മെ മുന്നോട്ടു കൊണ്ടുപോകുമെന്നതിൽ തർക്കമില്ല. പക്ഷേ അതിനെ റിട്ടയർമെൻ്റുമായി ബന്ധിപ്പിക്കുന്നതിനോട് തീരെ യോജിക്കാനാവില്ല. തൊഴിലിൽനിന്ന് വിരമിക്കുന്നത് വിശ്രമജീവിതം നയിക്കാനാണെന്ന കാഴ്ചപ്പാടിൽ തന്നെ എന്തോ തകരാറുണ്ട്. ചിലർ സ്വയം സംസാരിക്കുമ്പോഴും മറ്റുള്ളവരെ കുറിച്ച് സംസാരിക്കുമ്പോഴും, സൗന്ദര്യത്തെക്കുറിച്ചോ പ്രണയത്തെ കുറിച്ചോ സംസാരിക്കുമ്പോഴും  പ്രായത്തെ സൂചിപ്പിക്കാറുണ്ട്. ന്യായീകരിക്കാനും തിരസ്കരിക്കാനും പുകഴ്ത്താനും ഇകഴ്ത്താനും പ്രായം പ്രായം എന്നിങ്ങനെ പറയുന്നതെന്തിനാണാവോ?

എസ്. ശാരദക്കുട്ടി
എസ്. ശാരദക്കുട്ടി

ജീവിതത്തിന് ഈണവും താളവും കൂട്ടുമൊന്നും  നൽകുന്നത് പ്രായമല്ലല്ലോ. നമ്മുടെ ആത്മവിശ്വാസവും ജീവിതസമീപനവുമല്ലേ?. സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കുകയും അധ്വാനിക്കുന്ന പണം മക്കൾക്ക് വീതംവെക്കാതെ, സ്വന്തം അക്കൗണ്ടിൽ തന്നെ സൂക്ഷിക്കുകയും അവരവരെക്കൂടി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്ക് റിട്ടയർമെൻ്റ് തരുന്ന ചിറകുകൾ ഭൂമിയെ തഴുകാനും നക്ഷത്രങ്ങളെ പുണരാനും ഉള്ളതാണ്.

Ruskin Bond- ന്റെ Golden years എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നുണ്ട്, 60 ആകുമ്പോൾ മനുഷ്യന് എഴുതാനും പറയാനും ധാരാളമുണ്ടാകും. സന്തോഷങ്ങൾ, നിരാശകൾ, നഷ്ടങ്ങൾ, വിഫലവും സഫലവുമായ സ്വപ്നങ്ങൾ, ലോകത്തിന്റെ മാറ്റങ്ങൾ, ചരിത്രത്തിന്റെ പ്രാധാന്യം, കടന്നുപോയ അവസ്ഥകളുടെ രാഷ്ട്രീയം അങ്ങനെ പലതും. ഓരോ നിമിഷവും സംഭവിക്കുന്നതിനെയെല്ലാം വിലയിരുത്താനും മുൻ അനുഭവങ്ങളിലേക്ക് ചേർത്തുവെക്കാനും പുതിയ പാഠങ്ങൾ നിർമിക്കുവാനും അവർക്ക് താത്പര്യം കൂടുതലാകും. യൗവ്വനത്തിൽ മൗനികളായിരുന്നവരിൽ പലരും 60- ലെത്തുമ്പോൾ ചെറിയ കുട്ടികളെ പോലെ വാചാലരാകുന്നത് കാണാറുണ്ട്.

Ruskin Bond- ന്റെ Golden years എന്ന പുസ്തകം 60 വയസ്സ് കഴിയുമ്പോഴുള്ള മനുഷ്യന്റെ മാറ്റങ്ങളെയാണ് വിവരിക്കുന്നത്.
Ruskin Bond- ന്റെ Golden years എന്ന പുസ്തകം 60 വയസ്സ് കഴിയുമ്പോഴുള്ള മനുഷ്യന്റെ മാറ്റങ്ങളെയാണ് വിവരിക്കുന്നത്.

60- നോട് അടുക്കുമ്പോഴാണ് നമ്മുടെ നാട്ടിൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കേണ്ടി വരുന്നത്. റസ്കിന്റെ അഭിപ്രായത്തിൽ അനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും വിശകലനങ്ങളുടെയും ഒക്കെ നിരന്തരമായ അഭ്യാസങ്ങളുടെ പരിശീലനത്താൽ ഒരു വ്യക്തിയുടെ തലച്ചോറ് ഏറ്റവും ഫലഭൂയിഷ്ഠമാകുന്ന പ്രായം അറുപതുകളാണ്. ചിലർ തങ്ങൾക്കൊന്നും ഇനി അറിയാനും പറയാനുമില്ലെന്ന മട്ടിൽ എഴുത്തും വായനയും അവസാനിപ്പിക്കുന്നതും ഈ പ്രായത്തിൽ തന്നെ. മറ്റു ചിലർ അവരുടെ അന്വേഷണങ്ങൾ ആരംഭിക്കുന്നത് 60- ലും എഴുപതിലും ഒക്കെയാണ്. അഗത ക്രിസ്റ്റി എഴുത്തിനായി കൂടുതൽ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിച്ചു നടന്നത് തന്റെ എൺപതുകളിലാണെന്ന് കേട്ടിട്ടുണ്ട്. ബർണാർഡ് ഷായും സോമസെറ്റ്മോമും ആർ.കെ. നാരായണും മുൽക്ക് രാജ് ആനന്ദുമെല്ലാം മറ്റുദാഹരണങ്ങളാണ്. എഴുത്തിൽ മാത്രമല്ല, എല്ലാ തൊഴിലിലും തങ്ങളുടെ സർഗ്ഗാത്മക സാധ്യതകളെ പുഷ്ടിപ്പെടുത്തുന്നതിന് പ്രായം തടസ്സമാകാതിരുന്ന ഒട്ടേറെ പ്രതിഭകളുണ്ട്. രാഷ്ട്രീയനേതാക്കന്മാരാകട്ടെ അവരുടെ കരിയർ ജീവിതം ഏറ്റവും ശക്തമാക്കുന്നതും നിലയുറപ്പിക്കുന്നതും കൂടുതൽ ഊർജ്ജസ്വലരാകുന്നതുമെല്ലാം 60- കൾക്കുശേഷമാണ്. 60- ൽ താഴെയുള്ളവർ രാഷ്ട്രീയത്തിൽ ചെറുപ്പക്കാരും പയ്യന്മാരുമാണ്. 80- നോടടുക്കുമ്പോഴാണ് അവർ മുതിർന്ന നേതാക്കന്മാരാകുന്നത്.

സർക്കാർ തീരുമാനിക്കുന്ന വിരമിക്കൽ പ്രായം സർഗ്ഗാത്മകതയുടെയോ ഊർജ്ജസ്വലതയുടെയോ വിരമിക്കൽ പ്രായമാകണമെന്നില്ല എന്നർഥം. സ്ഥിരോത്സാഹിയായ, സർഗ്ഗാത്മക വിസ്മയങ്ങൾ അവസാനിക്കാത്ത വ്യക്തിക്ക് അതൊരവസാനമല്ല, മറ്റൊന്നിന്റെ തുടക്കം മാത്രമാണ്. 

അഗത ക്രിസ്റ്റി എഴുത്തും തന്റെ മറ്റ് സർഗാത്മ പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കിയത് 60-ന് ശേഷമുള്ള കാലത്തായിരുന്നു.
അഗത ക്രിസ്റ്റി എഴുത്തും തന്റെ മറ്റ് സർഗാത്മ പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കിയത് 60-ന് ശേഷമുള്ള കാലത്തായിരുന്നു.

മനുഷ്യൻ കുഞ്ഞായി ജനിക്കുന്നു, ശൈശവം കടന്ന് യുവാവാകുന്നു, തുടർന്ന് പ്രഭാവവും പ്രതാപവും ഏറ്റവും ഉന്നതിയിലെത്തുന്നു, ഒടുവിൽ ജീവിതം അവസാനിക്കുന്നതിനുമുൻപ് വീണ്ടും കൂടുതൽ തിരിച്ചറിവുകളുള്ള കുഞ്ഞായി തീരുന്നു. ഈ ചാക്രികതയാണ് ഏറ്റവും സമ്പൂർണമായ ജീവിതവഴി. കുറോസാവ എന്ന പ്രസിദ്ധ ചലച്ചിത്രസംവിധായകൻ ബർഗ്മാന് എഴുപതാം പിറന്നാളിനയച്ച ആശംസയിൽ ഇങ്ങനെ പറയുന്നുണ്ട്: “ജപ്പാനിൽ, പത്തൊൻപത്താം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ജീവിച്ചിരുന്ന ഒരു വലിയ ചിത്രകാരനുണ്ടായിരുന്നു. തെസായി തൊമോക എന്നാണു പേര്. യൗവനകാലത്ത് തൊമോക ശ്രേഷ്ഠങ്ങളായ ധാരാളം ചിത്രങ്ങൾ വരച്ചു. അംഗീകാരങ്ങളും പേരും നേടി. എന്നാൽ എണ്‍പതാം വയസ്സായപ്പോൾ അദ്ദേഹം വരച്ച ചിത്രങ്ങൾ മുൻപത്തേതിനേക്കാൾ മേന്മയേറിയതായി. ഉജ്ജ്വലമായ ഒരു വിടരലായിരുന്നു തൊമോകയിൽ സംഭവിച്ചത്. ഓരോ തവണയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ, എണ്‍പത് വയസ്സെങ്കിലുമാകാതെ മഹത്തായ കല നിർമിക്കുക അസാധ്യമാണെന്ന് എനിക്കു തോന്നാറുണ്ട്” 

വിശ്രമിച്ചതിൻ്റെ ഒരോർമ പോലും വീട്ടമ്മ - ഉദ്യോഗസ്ഥ എന്ന ഇരട്ടജീവിതം ജീവിക്കുന്ന ഒരാൾക്കും ഉണ്ടാകാൻ വഴിയില്ല. മതിയാവോളം ഉറങ്ങിയിട്ടില്ല. സമാധാനത്തോടെ ഭക്ഷണം കഴിച്ചിട്ടില്ല. 24 മണിക്കൂർ പോരാ ദിവസത്തിന് എന്നു തോന്നിയിട്ടുണ്ട്.

2016 മെയ് 31- നാണ് ഞാൻ, എന്റെ 56-ാം വയസ്സിൽ, അധ്യാപനജീവിതത്തിന്റെ ഔദ്യോഗിക ചുമതലകളിൽനിന്ന് വിരമിച്ചത്. വിദ്യാഭ്യാസകാലത്തിന്റെ തുടർച്ചയെന്നതുപോലെ കോളേജിൽ ജോലിക്കുചേർന്ന ഒരാൾ. 30 വർഷത്തോളം അവിടെ ജോലി ചെയ്തു. അപ്പോഴും മറ്റെന്താല്ലാമോ ജോലികൾ കൂടെ ചെയ്യുന്നുണ്ടായിരുന്നു. വിശ്രമിച്ചതിൻ്റെ ഒരോർമ പോലും വീട്ടമ്മ - ഉദ്യോഗസ്ഥ എന്ന ഇരട്ടജീവിതം ജീവിക്കുന്ന ഒരാൾക്കും ഉണ്ടാകാൻ വഴിയില്ല. മതിയാവോളം ഉറങ്ങിയിട്ടില്ല. സമാധാനത്തോടെ ഭക്ഷണം കഴിച്ചിട്ടില്ല. 24 മണിക്കൂർ പോരാ ദിവസത്തിന് എന്നു തോന്നിയിട്ടുണ്ട്. രണ്ടു കയ്യും രണ്ടു കാലും പോരാ പണിയെടുത്തോടി നടക്കാൻ എന്നു തോന്നിയിട്ടുണ്ട്. അടുക്കളയിലെയും ടോയ്‍ലറ്റിലെയും മുതൽ പാഠപുസ്തകത്തിലെയും പത്രങ്ങളിലെയും വരെ കാര്യങ്ങൾ ആലോചിച്ചു വെക്കാൻ ഒരു തല തികയില്ല എന്നു തോന്നിയിട്ടുണ്ട്. വായിച്ചു തീർക്കാൻ രണ്ടു കണ്ണുകൾ തികയില്ലായിരുന്നു. 

എസ്. ശാരദക്കുട്ടി ഒരു സാഹിത്യസംഗമത്തിന്റെ ചർച്ചക്കിടെ
എസ്. ശാരദക്കുട്ടി ഒരു സാഹിത്യസംഗമത്തിന്റെ ചർച്ചക്കിടെ

തിരക്കിട്ടോടിക്കിതച്ച് വരുന്ന ഒരു അത്‍ലറ്റിന് പെട്ടെന്ന് ഫിനിഷിങ് പോയിൻ്റിൽ എത്തിയെന്ന അറിയിപ്പിൽ ഒരു വിസിൽ കിട്ടിയാൽ എങ്ങനെയിരിക്കും? കുറെ ദൂരം കൂടി മുന്നോട്ട് ഓടിയിട്ടല്ലാതെ വേഗത കുറക്കാനാവില്ല. പൂർവ്വനിശ്ചിതമെങ്കിലും, മാനസിക തയ്യാറെടുപ്പുകളുണ്ടായിരുന്നുവെങ്കിലും, 2016 ജൂണിലെ പ്രഭാതം അൽപം വ്യത്യസ്തം തന്നെയായിരുന്നു.  ഇനി പതിവ് ഓട്ടങ്ങൾ ഓടേണ്ടതില്ല എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തു. അധ്യാപനമല്ലാതെ മറ്റേതെങ്കിലും മേഖലയായിരുന്നുവെങ്കിൽ ഇത്ര ആസക്തിയോടെ, ഒട്ടും മടുപ്പില്ലാതെ മൂന്നു ദശാബ്ദക്കാലം ഒരേ ജോലി ചെയ്യാൻ കഴിയുമായിരുന്നുവോ എന്നെനിക്കറിയില്ല. ഓരോ വർഷവും മാറിമാറി വരുന്ന യുവാക്കൾക്കൊപ്പമായിരുന്നുവല്ലോ യൗവ്വനകാലം മുഴുവൻ എന്നത് എത്ര ആഹ്ലാദകരമായ അനുഭവമായിരുന്നു. പുതിയ പുതിയ ലോകാനുഭവങ്ങളും രാഷ്ട്രീയക്കാഴ്ചകളും ജീവിതവ്യാഖ്യാനങ്ങളുമായി സിലബസിൻ്റെയും കരിക്കുലത്തിൻ്റെയും പരിധികളെ മറക്കാൻ ഒപ്പം നിന്നത് അതതുകാലത്തെ യുവാക്കളായിരുന്നു. ഞാൻ ചിന്തയിലും നടപ്പിലും ചെറുപ്പമായിക്കൊണ്ടിരുന്നു. 18 വയസ്സിനും 22 വയസ്സിനും ഇടയിലായിരുന്നുവല്ലോ മുപ്പതു വർഷത്തോളം എൻ്റെ സഞ്ചാരങ്ങളത്രയും. 2016 ജൂൺ ഒന്നു മുതൽ അവർക്ക് പുതിയ ടീച്ചറെത്തും. കാലക്രമേണ കൊഴിഞ്ഞ ഇലയെ വൃക്ഷമെന്നതു പോലെ സ്ഥാപനം എന്നെ മറക്കും. 

ആ ഡിപ്പാർട്ടുമെൻ്റിൽ ഇനിമേൽ ഞാൻ ഒരതിഥി മാത്രം. അധികാരത്തോടെ പെരുമാറിയ ഇടത്തേക്ക് അതിഥിയെ പോലെ കടന്നു ചെല്ലാൻ എൻ്റെ ഈഗോ അനുവദിച്ചില്ല. 30 വർഷം എൻ്റേതായിരുന്ന ആ സ്ഥാപനത്തിലേക്ക് വീണ്ടും കയറിച്ചെല്ലാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു.

സുനിശ്ചിതമായ, സ്വാഭാവികമായ ഒരന്ത്യമാണത്. പതിവു ചിട്ടകളെ തുടക്കത്തിൽ അതൽപം ബാധിച്ചിരുന്നിരിക്കാം. 8.40 ന് അടുക്കളയിലെ ട്രാൻസിസ്റ്റർ ഓഫാക്കി, വീടുപൂട്ടി തിരക്കിട്ടിറങ്ങുന്ന ആ സമയത്ത് ഞാൻ ആലോചിച്ചു, ഇന്നുമുതൽ Lovedale Bus ഞാനില്ലാതെയും പാട്ടുകൾ പാടി യാത്ര തുടരും. കോളേജിൽ പതിവുപോലെ മണിയടിക്കും. ഒപ്പു വെക്കേണ്ട റജിസ്റ്ററിൽ എൻ്റെ പേരുണ്ടാവില്ല. ഞാനിരുന്ന കസേര വളരെ വേഗം മറ്റൊരാളിൻ്റെതാകുന്നു. ടൈം ടേബിൾ ബോർഡിൽ നിന്ന് SSK എന്ന പേര് മായ്ക്കപ്പെടുന്നു. ഖസാക്കിൻ്റെ ഇതിഹാസവും ചിന്താവിഷ്ടയായ സീതയും ആൾക്കൂട്ടവും ഒക്കെ ഞാനില്ലാതെന്തു ചെയ്യും എന്നൊരന്ധാളിപ്പ് അന്നു രാവിലെ എനിക്കുണ്ടായി. ആ ഡിപ്പാർട്ടുമെൻ്റിൽ ഇനിമേൽ ഞാൻ ഒരതിഥി മാത്രം. അധികാരത്തോടെ പെരുമാറിയ ഇടത്തേക്ക് അതിഥിയെ പോലെ കടന്നു ചെല്ലാൻ എൻ്റെ ഈഗോ അനുവദിച്ചില്ല. 30 വർഷം എൻ്റേതായിരുന്ന ആ സ്ഥാപനത്തിലേക്ക് വീണ്ടും കയറിച്ചെല്ലാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു. ഇനി മടങ്ങിപ്പോക്കില്ലാത്ത ഒരു പൂർവ്വാശ്രമം എന്ന നിർവ്വികാരതയോടെ ആ സ്ഥാപനത്തെ ഞാൻ മനസ്സിൽ അടക്കം ചെയ്തു. പക്ഷേ എനിക്കെന്നെ വേണം. എൻ്റെ ഉള്ളിലെ അഗ്നി അണയാതെ സൂക്ഷിക്കണം.

എസ്. ശാരദക്കുട്ടി എറണാകുളത്ത് കന്യാസ്ത്രീകളുടെ സമരത്തെ അഭിസംബോധന ചെയ്യുന്നു.
എസ്. ശാരദക്കുട്ടി എറണാകുളത്ത് കന്യാസ്ത്രീകളുടെ സമരത്തെ അഭിസംബോധന ചെയ്യുന്നു.

ശലഭപ്പുഴു കാണുന്ന അവസാനമെന്നത് പൂമ്പാറ്റ കാണുന്ന തുടക്കമാണ് എന്ന് വിശ്വസിക്കുവാനാണ് എനിക്കിഷ്ടം.

ഔദ്യോഗികതയുടെ യാന്ത്രികമായ തിരക്കുകളൊഴിച്ചാൽ എവിടെ നിന്നെങ്കിലും വിരമിച്ചതായി പിന്നീടെനിക്ക് തോന്നിയിട്ടില്ല. വർഷങ്ങളായി മതിയാകാതെ കിടന്ന ഉറക്കം കൊതിതീരുവോളം ഉറങ്ങിത്തീർക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. പക്ഷേ ആർത്തിപിടിച്ച ഒരു മൃഗത്തെ പോലെ, ഓട്ടം നിർത്താനാകാതെ ഞാൻ പാഞ്ഞുനടന്നു. ഡോക്ടർ കൂടിയായ മകൻ ഓർമിപ്പിച്ചു, മനസ്സിൻ്റെ ശീഘ്രവേഗങ്ങൾ ശരീരം ചിലപ്പോൾ താങ്ങിയെന്നു വരില്ല, വെപ്രാളങ്ങൾ കുറച്ചിട്ട് ശാന്തയാകണം എന്ന്. പക്ഷേ ഒടുക്കമെവിടെ എന്നറിയാത്ത ഒരു പ്രവാഹമാണെനിക്ക് ജീവിതം. ചെയ്തുതീർക്കേണ്ട ജോലികളെ കുറിച്ചോർത്ത് ഇരിപ്പുറയ്ക്കാതെ ഞാൻ ഓട്ടം തുടർന്നു. 

ഔദ്യോഗിക കൃത്യനിർവ്വഹണകാലത്ത് ഒരാൾ എങ്ങനെയായിരുന്നുവോ, അങ്ങനെത്തന്നെയാകും ആ വ്യക്തി വിരമിച്ചശേഷവും ജീവിക്കുക എന്നത്  സ്വജീവിതം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞതാണ്.

ഞാനില്ലെങ്കിൽ ലോകം നിലച്ചുപോകുമെന്ന ഒരു അഹംഭാവമുണ്ടെനിക്ക്. എൻ്റെ അമിതോർജ്ജത്തിലുള്ള ആ അടങ്ങാത്ത വിശ്വാസവും അഹങ്കാരവുമാണ് എന്നെ നിലനിർത്തുന്നത്. ആ അഹന്ത ഇല്ലായിരുന്നുവെങ്കിൽ റിട്ടയറായ എന്നെ വീടും വീട്ടുകാരും കൂടി ചിലപ്പോൾ വിഴുങ്ങിക്കളഞ്ഞേനെ. അത്തരം ചില തിരിച്ചറിവുകളോടെ, ആന്തരികമായ ജാഗ്രതയോടെയും അന്തമില്ലാത്ത ആർത്തിയോടെയും ഞാനങ്ങനെ അലഞ്ഞൊഴുകുകയാണ്. 

ഔദ്യോഗിക കൃത്യനിർവ്വഹണകാലത്ത് ഒരാൾ എങ്ങനെയായിരുന്നുവോ, അങ്ങനെത്തന്നെയാകും ആ വ്യക്തി വിരമിച്ചശേഷവും ജീവിക്കുക എന്നത്  സ്വജീവിതം കൊണ്ട് ഞാൻ തിരിച്ചറിഞ്ഞതാണ്. അതേ തിടുക്കം, അതേ സമയനിഷ്ഠ, അതേ കാർക്കശ്യം, അതേ പാഷൻ, അതേ വിസ്മയങ്ങൾ. അത് ജീവിതത്തോടുള്ള ഒരു സമീപനരീതി മാത്രമാണ്. ഔദ്യോഗികകാലത്ത് ഒരു സ്വഭാവം, അതിനുശേഷം മറ്റൊരു സ്വഭാവം എന്നതെന്തായാലും സാധ്യമാവില്ല. ഒരാളും 56 കഴിഞ്ഞ് ഒരു പുതിയ ജീവിതം തുടങ്ങിയതായി കണ്ടിട്ടില്ല. ഊർജ്ജസ്വലർ അങ്ങനെയും അലസർ അങ്ങനെയും തുടരും.  എനിക്ക് വിരമിക്കാനാകുന്നില്ല, വിശ്രമിക്കാനും ആകുന്നില്ല. 

അത്യാവശ്യത്തിനുവേണ്ടി ചെയ്യുന്ന പണികൾക്കും വിനോദത്തിനായി ചെയ്യുന്ന പണികൾക്കും ഒരേ ജാഗ്രതയും ശ്രദ്ധയും സമർപ്പണവും ഉണ്ടായേ തീരൂ. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതുമ്പോഴും ഓൺലൈനിൽ എഴുതുമ്പോഴും fb- യിൽ എഴുതുമ്പോഴും എഴുത്ത് എന്ന പ്രക്രിയ അതിന്റേതായ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കയ്യിലുള്ള സമയത്തെ വിനിയോഗിക്കുന്ന കാര്യത്തിൽ ഒരച്ചടക്കമുണ്ടെന്ന് ഉറപ്പു വരുത്താറുണ്ട്. 24 മണിക്കൂറിൽ കൂടുതലായി ആർക്കും ദിവസത്തിൽ അധികസമയമെന്നൊന്നില്ല. ഇനി, അധികമായി  കുറച്ചു സമയം കിട്ടിയാൽത്തന്നെയും ഇരുപതു മിനിട്ടു കൊണ്ടുണ്ടാക്കാവുന്ന സാമ്പാർ ഒരു മണിക്കൂർ കൊണ്ടുണ്ടാക്കി അടുക്കളസമയത്തെ വിശാലപ്പെടുത്താനൊന്നും എനിക്ക് മനസ്സുവരില്ല. അടുക്കളപ്പണി ഇഷ്ടപ്പെടുന്നുവെങ്കിലും ഇല്ലെങ്കിലും എനിക്കത് ഒരിക്കലും വെറുമൊരു കൈവേല മാത്രമായിരുന്നില്ല. ഒരു ക്ലാസ് മുറി ആവശ്യപ്പെടുന്ന സൂക്ഷ്മത അവിടെയും ഉണ്ടാകണം. ആവിഷ്കാരമെന്ന നിലയിൽ  വളരെ പ്രചോദിപ്പിക്കുന്ന ഇടങ്ങളാണ് രണ്ടും. 20 വയസ്സിൽ കയറിയതാണ് അടുക്കളയിൽ. ഇനിയും വിരമിക്കാത്ത ജോലിസ്ഥലം. പക്ഷേ ‘ഒരടുക്കളക്കാരി’അല്ലല്ലോ ഞാൻ. 

പൊതുവിഷയങ്ങളിൽ സമയം നോക്കാതെ അപ്പപ്പോൾ  ഇടപെടുവാൻ കഴിയുന്നത് 10 to 5 എന്ന തൊഴിൽ സമയം ഒഴിഞ്ഞുപോയതു കൊണ്ടാണ്. ഇപ്പോഴത്തെ തിരക്കുകൾ ഒന്നും നിർബ്ബന്ധിതമല്ല. എനിക്കുവേണ്ടി ഞാൻ തിരഞ്ഞെടുക്കുന്നതാണ്.

റിട്ടയർമെൻ്റിനു ശേഷം എന്നും പൊയ്ക്കൊണ്ടിരുന്ന കോളേജിൽ അല്ലെന്നുള്ളതേയുള്ളൂ. വളരെ സജീവവും കൂടുതൽ ഊർജ്ജസ്വലവുമായി ആശയ സംവേദനങ്ങൾ വേറെ പല പ്ലാറ്റ്ഫോമിലായി നടക്കുന്നുണ്ട്. ബെല്ലടിക്കുമല്ലോ, ഒപ്പിടണമല്ലോ, ബസ് കിട്ടാതെ വരുമോ, ലീവ് ആകുമോ എന്നൊക്കെയുള്ള ആശങ്കകൾ ഇല്ലാതെയായി എന്ന വ്യത്യാസം മാത്രം. സ്ഥിരവരുമാനത്തിന് ശമ്പളമെന്നതിനുപകരം പെൻഷൻ എന്ന് പറയുന്നുണ്ടെന്ന വ്യത്യാസം മാത്രം. ഭൗതികമായ നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും ഇല്ലാതെ ചിലതൊക്കെ കാര്യമായി ചെയ്യണമെങ്കിൽ തീർച്ചയായും റിട്ടയർമെന്റ് ഒരു സൗകര്യമാണ്.

2010 മുതൽ സാമൂഹികമാധ്യമങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും 2016- നുശേഷമാണ് ഒരു മുഴുവൻ സമയ നവമാധ്യമ ജീവിയായി ഞാൻ മാറുന്നത്. പൊതുവിഷയങ്ങളിൽ സമയം നോക്കാതെ അപ്പപ്പോൾ  ഇടപെടുവാൻ കഴിയുന്നത് 10 to 5 എന്ന തൊഴിൽ സമയം ഒഴിഞ്ഞുപോയതു കൊണ്ടാണ്. ഇപ്പോഴത്തെ തിരക്കുകൾ ഒന്നും നിർബ്ബന്ധിതമല്ല. എനിക്കുവേണ്ടി ഞാൻ തിരഞ്ഞെടുക്കുന്നതാണ്. എനിക്കു വേണ്ടെങ്കിൽ വേണ്ടെന്നു വെക്കാവുന്നതാണ്. ചെറുപ്പക്കാരുടെ ചിന്തകളിലേക്ക് എങ്ങനെ ഇറങ്ങിവരാം, അവരുടെ ലോകത്തുനിന്ന് നിഷ്കാസിതയാകാതെയിരിക്കാൻ എന്തുതരം പരിശീലനങ്ങൾ നടത്തണം എന്നൊക്കെയായി പുതിയ അന്വേഷണങ്ങൾ. സ്വന്തം ശരീരത്തോട് ദയ കാണിക്കാൻ ഔദ്യോഗികകാലത്ത് ചിലപ്പോഴെങ്കിലും മറന്നിരുന്നു. അതൊക്കെ വീണ്ടെടുക്കണം. സുഗന്ധ തൈലങ്ങളിട്ട് വിസ്തരിച്ച് കുളിച്ച് ശരീരചർമ്മത്തെ കൂടുതൽ മൃദുപ്പെടുത്തിത്തുടങ്ങി. അടുക്കളയിൽ തന്നെയല്ലേ തേനും പാലും തൈരും നാരങ്ങാനീരും ഒഴുകുന്നത്. പ്രകൃതിദത്തമായ ഫേസ്പാക്കുകൾ കൊണ്ട് മുഖചർമ്മത്തിന് തെളിമ വരുത്തിത്തുടങ്ങി.

കേരള സാഹിത്യ അക്കാദമി പുരസ്കാരം സച്ചിദാനന്ദനിൽനിന്ന് ഏറ്റുവാങ്ങുന്നു
കേരള സാഹിത്യ അക്കാദമി പുരസ്കാരം സച്ചിദാനന്ദനിൽനിന്ന് ഏറ്റുവാങ്ങുന്നു

ആരു പറഞ്ഞു പഴുത്തിലയെന്ന്? അവൾ
വരുന്ന വസന്തത്തിൽ ഒരിക്കൽ കൂടി പൂക്കൾ വിരിയിക്കുന്ന പച്ചിലയാകാനുള്ള ശ്രമത്തിലാണ്. താരങ്ങളിൽ മമ്മൂട്ടിയാണിവളുടെ മാതൃക. ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒരു സ്വപ്നമെന്ന മട്ടിൽ  വിശ്രമജീവിതത്തെ കാണാനാണ് ഉത്സാഹികളായ മനുഷ്യർ ശ്രമിക്കുക. സത്യത്തിൽ വിശ്രമിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവില്ല. എന്നാൽ അലസത ഒരു ശീലഗുണമായവർക്ക് ഔദ്യോഗിക കാലത്തും വിശ്രമിക്കാൻ ധാരാളം സമയമുണ്ടാകും. ജോലി കിട്ടിയിരുന്നെങ്കിൽ ലീവെടുക്കാമായിരുന്നു എന്ന് ഒരു മോഹൻലാൽ കഥാപാത്രം പറയുന്നുണ്ടല്ലോ. റിട്ടയർമെന്റിനു ശേഷം വായിക്കാനായി പുസ്തകം വാങ്ങിക്കൂട്ടിവെക്കുന്നവരെ അറിയാം. പക്ഷേ സമയം കിട്ടുന്തോറും അലസർ കൂടുതൽ അലസരാവുകയേയുള്ളു എന്നതാണ് പൊതുവേ കണ്ടുവരുന്ന കാര്യം. സമയമില്ലായ്മ അലസർക്ക് പറഞ്ഞുനിൽക്കാനുള്ള ഒരുപായം മാത്രമാണ്. അലസരും മടിയരുമായിരുന്നവർ അങ്ങനെ തന്നെയും ഉത്സാഹികളായിരുന്നവർ അങ്ങനെയും തുടരും. 

എനിക്കുപോലും ഞാനൊരു പ്രധാന വ്യക്തിയായത് 40-ാം വയസ്സിലെ ആ രണ്ടാം വയസ്സറിയിപ്പിനു ശേഷമാണ്. സോഷ്യൽ ആക്സപ്റ്റൻസ് കിട്ടിയതിനു ശേഷം മാത്രമാണ് വീട് ഞാനെന്ന വ്യക്തിയെ ആദരിച്ചുതുടങ്ങിയത്.

എന്റെ ജീവിതത്തിൽ ഒറ്റത്തവണയ വിരമിക്കൽ ഉണ്ടായിട്ടുള്ളു. അത് ത്യാഗം സഹിച്ച്, നെടുവീർപ്പിട്ട്, മടുത്ത്, പുകഞ്ഞ് ജീവിച്ച ഒരു വ്യഥിതജീവിതത്തിൽ നിന്ന് ഉറച്ച തീരുമാനത്തോടെ ഒരു സാമൂഹിക ജീവിതത്തിലേക്കുള്ള എടുത്തുചാട്ടമായിരുന്നു. വരിഞ്ഞുമുറുക്കിയിരുന്ന കെട്ടുകൾ ഞാൻ വികസിച്ചതിനനുസരിച്ച് പൊട്ടിത്തകർന്നു. കുറഞ്ഞ പക്ഷം എൻ്റെ വീടിനെയെങ്കിലും  ഒരു ജനാധിപത്യ ഇടമാക്കി മാറ്റാൻ ആ കുതറലിൽ എനിക്കു കഴിഞ്ഞു. ത്യാഗങ്ങളല്ല, എന്റെ തീരുമാനങ്ങളാകണം വീട്ടിന്റെ തെളിച്ചം എന്ന് ഉറപ്പിച്ചുകൊണ്ടായിരുന്നു, പിന്നീടുള്ള എല്ലാ നീക്കങ്ങളും.

പൂർവ്വജന്മസ്മൃതികളോടെയുള്ള ഒരു രണ്ടാം ജന്മമായിരുന്നു അത്. എനിക്കുപോലും ഞാനൊരു പ്രധാന വ്യക്തിയായത് 40-ാം വയസ്സിലെ ആ രണ്ടാം വയസ്സറിയിപ്പിനു ശേഷമാണ്. സോഷ്യൽ ആക്സപ്റ്റൻസ് കിട്ടിയതിനു ശേഷം മാത്രമാണ് വീട് ഞാനെന്ന വ്യക്തിയെ ആദരിച്ചുതുടങ്ങിയത്. അധ്യാപിക എന്ന നിലയിൽ കുട്ടികൾ തന്നിരുന്ന വലുതായ അംഗീകാരമൊന്നും വീട് അറിയുന്നതു പോലും ഉണ്ടായിരുന്നില്ല. അവർക്കൊക്കെ ഞാൻ 40 വയസ്സു വരെ വെറുമൊരു വീട്ടമ്മ മാത്രമായിരുന്നുവല്ലോ. നിനക്കെന്തറിയാമെന്ന മട്ടിലുള്ള പതിവ് ആൺചോദ്യങ്ങൾക്കൊക്കെ അപ്പോഴേക്കും ഞാൻ എഴുത്തുകളിലൂടെ ഉത്തരം പറഞ്ഞുതുടങ്ങിയിരുന്നു. മനോഹരമായി ജീവിച്ചു കാണിക്കുക എന്നത് ഒരു പ്രതികാരമാർഗ്ഗമായി തിരഞ്ഞെടുക്കുവാൻ മധ്യവയസ്സിലാണ്  കഴിഞ്ഞത്. ‘‘ചിരബന്ധനമാർന്ന പക്ഷി, തൻ ചിറകിൻ ശക്തി മറന്നു പോയിടാം’’ എന്ന് കുമാരനാശാൻ ഉള്ളിലിരുന്ന് ഓർമിപ്പിക്കുന്നുണ്ടായിരുന്നു. ഇത്രയും കാലം മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു, ഇനി കുറച്ചു കാലം എനിക്കുവേണ്ടി ജീവിക്കട്ടെ എന്ന് സ്ഥിരമായി വിരമിക്കൽവേളകളിൽ പലരും പറയുന്നത് കേട്ടിട്ടുണ്ട്. ത്യജിക്കലും സഹിക്കലും അവസാനിപ്പിക്കേണ്ടത് ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളപ്പോഴാണ്, വ്യഥിതകാലത്തല്ല. ഞാനതു തീരുമാനിച്ചിരുന്നു. വലുതായ ഉണർച്ചയുടെ കാലമായിരുന്നു അത്.

അന്നൊരിക്കൽ എന്റെയുള്ളിലെ നിത്യകാമുകി പെട്ടെന്ന് ഉറക്കമുണർന്നെഴുന്നേറ്റു. നിർഭയയായി ഞാൻ പ്രണയങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. എല്ലാ പ്രണയങ്ങളും എൻ്റെ ആവശ്യമായിരുന്നു. ഒരു കായകൽപ ചികിത്സയുടെ ഭാഗമായിരുന്നു അത്. ഒന്നിനെ കുറിച്ചുപോലും പശ്ചാത്തപിച്ചില്ല. അതിന്റെ പാർശ്വഫലങ്ങളെല്ലാം കാലാന്തരത്തിൽ എന്നെ പുഷ്ടിപ്പെടുത്തിയിട്ടേയുള്ളൂ, സമൃദ്ധയാക്കിയിട്ടേയുള്ളൂ. 

മുന്നിലിരുന്ന വിദ്യാർഥിനികളോട് സ്വന്തം ശബ്ദം കേൾപ്പിച്ചു തുടങ്ങാൻ സമയമായി എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ഞാൻ കോളേജിൽ നിന്നിറങ്ങിയത്. മാർച്ച് 31- ൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ എനിക്ക് ത്യാഗത്തിന്റെ നെടുവീർപ്പയക്കേണ്ടിവന്നില്ല. എന്തു ചെയ്തപ്പോഴും അതെല്ലാം എനിക്കെന്റെ ആനന്ദം കിട്ടാനുള്ള വഴികളിലൂടെയല്ലാതെ ചെയ്തിട്ടില്ല. റിട്ടയർ ചെയ്തതുകൊണ്ട് കൂടുതൽ അരുമയോടെ വീടിനെ സ്നേഹിക്കാനും ഞാൻ മെനക്കെട്ടിട്ടില്ല. അന്ന് എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ മാത്രം. കൂടുതലുമില്ല. കുറവുമില്ല.

ലീവെടുക്കേണ്ടാത്തതുകൊണ്ട് കൗമാര കാലത്തെന്നതുപോലെ തനിയെ തിയേറ്ററുകളിൽ പോയി മാറ്റിനി കാണാൻ സാധിച്ചു. യാത്രകൾ കൂടുതലായി ചെയ്തുതുടങ്ങി. കേരളത്തിനു പുറത്തും ഇന്ത്യക്കുപുറത്തും ധാരാളം യാത്രകൾ ചെയ്തു. രണ്ടു വർഷം മകൾക്കൊപ്പം കോഴിക്കോട് ഫ്ലാറ്റെടുത്ത് ആഘോഷവാസം നടത്തി. കോവിഡ് ഭീതിയുടെ ചെറിയ നിഴലിലും ഞാൻ ആ സ്വകാര്യജീവിതം വല്ലാതെ ഇഷ്ടപ്പെട്ടു. ഒരു ഈച്ചക്കുപോലും പ്രവേശനമില്ലാതെ സ്വകാര്യതയുടെ ബഹളങ്ങൾ ഞാനാസ്വദിച്ചു. ഞങ്ങൾ രണ്ടാളുടെ മാത്രം ലോകമായിരുന്നു അത്. ഇടവേള കിട്ടിയ അൽപ്പമാത്രകളെ ഞങ്ങൾ ആകും വിധം പൊലിപ്പിച്ചു കൊണ്ടിരുന്നു. ചിറകുള്ള രണ്ട് പെണ്ണുങ്ങൾ മാത്രമുള്ള വീട് സത്യത്തിൽ സ്വർഗ്ഗമാണ്. ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ല. മുക്കലിലും മൂളലിലും നീളുന്ന ശാസനകളോ ചോദ്യചിഹ്നങ്ങളോ ഇല്ല. ഭരണത്തിന്റെയോ ദാസ്യത്തിന്റെയോ അദൃശ്യ നിശ്വാസം പോലുമില്ല. 60 വർഷത്തെ ജീവിതത്തിനിടയിൽ ബോണസ്സായി കിട്ടിയ രണ്ടു വർഷം നൽകിയ ആ ഊർജ്ജം അത്രക്കുണ്ടായിരുന്നു. വെറുതെ പോലും വീട് അതിന്റെ ഭാണ്ഡങ്ങളുമായി എന്നെ സമീപിക്കാൻ ഇട കൊടുത്തില്ല.

‘‘രണ്ടു വർഷം മകൾക്കൊപ്പം കോഴിക്കോട് ഫ്ലാറ്റെടുത്ത് ആഘോഷവാസം നടത്തി. കോവിഡ് ഭീതിയുടെ ചെറിയ നിഴലിലും ഞാൻ ആ സ്വകാര്യജീവിതം വല്ലാതെ ഇഷ്ടപ്പെട്ടു’’
‘‘രണ്ടു വർഷം മകൾക്കൊപ്പം കോഴിക്കോട് ഫ്ലാറ്റെടുത്ത് ആഘോഷവാസം നടത്തി. കോവിഡ് ഭീതിയുടെ ചെറിയ നിഴലിലും ഞാൻ ആ സ്വകാര്യജീവിതം വല്ലാതെ ഇഷ്ടപ്പെട്ടു’’

ഇന്നിപ്പോൾ ഞാനാലോചിക്കുകയായിരുന്നു, ഔദ്യോഗിക ജീവിതത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ എനിക്കതു സാധ്യമാകുമായിരുന്നു. വീടിനടുത്തേക്ക് ട്രാൻസ്ഫർ വേണമെന്ന റിക്വസ്റ്റുമായി മാനേജ്മെന്റിനെ നിരന്തരം സമീപിക്കുന്നതിനുപകരം ജോലി സ്ഥലത്തിനടുത്ത് ഒറ്റക്ക് ഒരു വീടെടുത്താൽ മതിയായിരുന്നു. ബാക്കിയെല്ലാം തനിയെ അതിന്റെ വഴിക്ക് സംഭവിച്ചുകൊള്ളുമായിരുന്നു. 25 വയസ്സിൽ ഭർത്തൃഗൃഹത്തിനടുത്തേക്ക് സ്ഥലംമാറ്റത്തിന് വേണ്ടിയുള്ള റിക്വസ്റ്റ് എഴുതി ഞാൻ മാനേജ്മെന്റിന് പിന്നാലെ നടന്നത് ഇന്നോർക്കുന്നു. ആ റിക്വസ്റ്റിൽ ഒന്നു പോലും എന്റെ വ്യക്തിപരമായ ആവശ്യങ്ങളായിരുന്നില്ല. എനിക്ക് വായിക്കാനോ സ്വപ്നം കാണാനോ വേണ്ടിയുള്ള സമയമല്ല ഞാൻ മാനേജ്മെൻ്റിനോട് റിക്വസ്റ്റ് ചെയ്തത്. കുടുംബപരമായ പ്രാരബ്ധങ്ങൾ നിരത്തി, ആരോ എഴുതിത്തന്ന ആ അപേക്ഷയിലെ വരികൾ ഓർക്കുമ്പോൾ ഇന്നും ലജ്ജ കൊണ്ട് ഞാൻ ഇല്ലാതാകുകയാണ്. ‘ഭർത്താവിന്റെ പ്രായമായ അച്ഛനമ്മമാരെ സംരക്ഷിക്കണം, ചെറിയ കുട്ടികളെ നോക്കണം, മൂന്നു വണ്ടി മാറിക്കയറണം, സമയത്ത് കോളേജിലെത്താൻ’ ഇതൊക്കെയല്ലാതെ വ്യക്തിപരമായി മറ്റൊരാവശ്യവും ആ അപേക്ഷയിൽ ഇല്ലാതിരുന്നതു കൊണ്ടാകും മാനുഷിക പരിഗണന എന്ന ഗ്രൗണ്ടിൽ എനിക്ക് മുപ്പതാം വയസ്സിൽ ഒരു സ്ഥലം മാറ്റം ഒത്തുകിട്ടി. നാലു മണിക്കൂർ യാത്ര ഒരു മണിക്കൂർ യാത്രയായി കുറഞ്ഞു. പക്ഷേ, എൻ്റെ ചുമതലകളും പ്രാരബ്ധങ്ങളും ഇരട്ടിച്ചതല്ലാതെ മറ്റൊരു പ്രയോജനവുമുണ്ടായില്ല. യാത്ര ചെയ്യുമ്പോഴുണ്ടായിരുന്ന വഴിയോരക്കാഴ്ച്ചകളും അനുഭവങ്ങളും കൂടി നിഷേധിക്കപ്പെട്ടു എന്നു മാത്രം. വീടിന് എൻ്റെ ശരീരത്തിൽ തട്ടിക്കളിക്കാനും ചൂഷണം ചെയ്യാനും സമയം കൂടുതൽ കിട്ടി. യയാതിയെപ്പോലെ, എനിക്കെന്റെ ചെറുപ്പമാണ് തിരികെ വേണ്ടത് എന്ന് അന്നുതന്നെ വീട്ടിൽ പറയാമായിരുന്നു. ആരോടും എവിടെയും അത് പറയാൻ കഴിഞ്ഞില്ല. 30-ാം വയസ്സിൽ ഇരന്നു വാങ്ങിയ ആ വാർധക്യമോർത്തുമാത്രമാണ് ജീവിതത്തിൽ എനിക്ക് പശ്ചാത്താപമുള്ളത്. 

അതുകൊണ്ട് , പെൺകുട്ടികളേ, നിങ്ങൾ  ദൂരേക്ക് സ്ഥലം മാറ്റം കിട്ടിയാൽ  അതൊരനുഗ്രഹമായി കണ്ട് ആസ്വദിക്കുവാൻ ശീലിക്കണമെന്ന് ഞാനാണയിടുന്നു. ഒരിക്കലും വീടിനടുത്തേക്ക് ട്രാൻസ്ഫർ വാങ്ങരുത്. ആവർത്തിച്ചുപറയട്ടെ, നിങ്ങൾക്കു വീടിനെയല്ല വീടിന് നിങ്ങളെയാണാവശ്യം. വേണമെങ്കിൽ വീട് നിങ്ങൾക്കടുത്തേക്കുവന്ന്  അഡ്ജസ്റ്റ്മെന്റുകൾ ചെയ്യട്ടെ. നിങ്ങളുടെ വയസ്സ് മുപ്പതാകട്ടെ, അറുപതാകട്ടെ വീടിനെ അതിന്റെ നിലയ്ക്കു നിർത്താൻ പഠിക്കണം. തോളിൽ കയറിയിരുന്ന് കടിച്ചു തിന്നാൻ അനുവദിക്കരുത്. ഇടക്കൊക്കെ ഇറങ്ങിപ്പോകാനും തോന്നിയാൽ മാത്രം തിരികെ ചെല്ലാനുമുള്ള ഒരിടം മാത്രമായി വീടിനെ കാണാൻ കഴിയണം. വരുമാനമുള്ള സ്ത്രീകളെങ്കിലും അതിന് തയ്യാറാകണം.

സെറീന വില്യംസ് മകൾ ഒളിമ്പിയക്കൊപ്പം വിരമിക്കലിന് മുമ്പുള്ള തന്റെ അവസാന കിരീട നേട്ടം ആഘോഷിക്കുന്നു.
സെറീന വില്യംസ് മകൾ ഒളിമ്പിയക്കൊപ്പം വിരമിക്കലിന് മുമ്പുള്ള തന്റെ അവസാന കിരീട നേട്ടം ആഘോഷിക്കുന്നു.

ടെന്നീസ് കോർട്ട് കണ്ട ഏറ്റവും കരുത്തയായ താരം സെറീന വില്യംസ് നാല്പതാമത്തെ വയസ്സിൽ തന്റെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോൾ മകൾ ഒളിമ്പിയയെ കൂടെനിർത്തി പറഞ്ഞതിങ്ങനെയാണ്​; "ഞാൻ ഒരു പുരുഷനായിരുന്നെങ്കിൽ ടെന്നിസിനും കുടുംബത്തിനും ഇടയിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വരുമായിരുന്നില്ല. ഞാൻ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയും വിജയിച്ചുകൊണ്ടിരിക്കുകയും എന്റെ ഭാര്യ കുടുംബത്തിനും കുട്ടികൾക്കും വേണ്ടി വീട്ടിൽ വച്ചുവിളമ്പുകയും ചെയ്യുമായിരുന്നു". കായികലോകത്ത് ഇത്രയധികം വിജയിച്ച മറ്റൊരു സ്ത്രീ ഉണ്ടാകുമോ എന്നറിയില്ല, ഇനിയും റാക്കറ്റുമായി കളിക്കളത്തിൽ തുടരാനാഗ്രഹിച്ച, വിരമിക്കൽ എന്ന വാക്കുപോലും ഇഷ്ടപ്പെടാത്ത ഒരു താരമാണിത് പറഞ്ഞത്. കുടുംബത്തിനുവേണ്ടി ത്യജിക്കുന്നതൊന്നും കുടുംബം ഒരിക്കലും ഓർത്തു വെക്കില്ല എന്നതാണ് ചിരസ്ഥായിയായ പരമാർഥം.

എനിക്കിപ്പോൾ 63 വയസായി. എന്റെ യഥാർത്ഥമായ ജീവിതം ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്ന തോന്നൽ എന്റെയുള്ളിൽ ശക്തമാകുന്നു. സ്വാതന്ത്ര്യവും നീതിയും ഒന്നിച്ചുപോകുന്ന ഒരു ക്രമത്തെ കുറിച്ചുള്ള ബോധം അണയാത്തിടത്തോളം ഒരിടത്തുനിന്നും എനിക്ക് വിരമിക്കാനാകുമെന്നും കരുതുന്നില്ല.


Summary: This 63-year-old green leaf is waiting for the coming springs, s ,sharadhakutti writes about her retirement life


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments