എം.കെ. സാനു മാസ്റ്ററെപ്പറ്റി ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുണും ഞാനും പങ്കിട്ടാസ്വദിക്കുന്ന ഒരു കഥയുണ്ട്. തൊണ്ണൂറ്റഞ്ചു വയസ്സെത്തിയ മാഷെപ്പറ്റി ഒരു ഡോക്യുമെന്ററിക്കു തയാറെടുക്കുകയായിരുന്നു ഷാജി. മൈക്കിനു മുന്നിൽ പിടിച്ചുനിർത്തിയാൽ ഇപ്പോഴും അനർഗളമായി സംസാരിക്കുമെങ്കിലും ആൾ ഇനി കൂടുതൽ ക്ഷീണിക്കുന്നതിനുമുൻപ് ഡോക്യുമെന്ററി പൂർത്തിയാക്കണമെന്നു ഞാൻ പറഞ്ഞു.
സാനു മാഷും തിടുക്കം കൂട്ടി. സാനു മാസ്റ്ററുടെ ആരാധകനായ ഒരു അറുപത്തഞ്ചുകാരനാണ് ഡോക്യുമെന്ററിയുടെ നിർമാതാവ്. തൊണ്ണൂറ്റിയഞ്ചുകാരനായ സാനു ഷാജിയോടു പറയുകയാണ്, ഇതു വൈകാതെ പൂർത്തിയാക്കണം. നമ്മൾ അയാളുടെ പ്രായം ഓർക്കണം!
കേസരി ബാലകൃഷ്ണപിള്ളയെപ്പറ്റി സാനു ഒരിക്കൽ ഇങ്ങനെ എഴുതി: അസ്ഥികൂടത്തിൽ തൊലി പൊതിഞ്ഞിട്ടുള്ളതുപോലെ കൃശമായ ശരീരം.
ഒടുവിൽ ആ വിശേഷണം അദ്ദേഹത്തിനു സ്വയം അണിയേണ്ടിവന്നു.
തൊണ്ണൂറ്റിയേഴു വയസ്സുവരെ ജീവിച്ച മാഷ് അവസാനത്തെ അറുപതു വർഷം ഷർട്ടും മുണ്ടും വാങ്ങിയിട്ടില്ല. അദ്ദേഹത്തിനുവേണ്ട ഉടുത്തൊരുക്കങ്ങളൊക്കെ ശിഷ്യരുടെ സമ്മാനമായിരുന്നു.
ഒരു ജൗളിക്കച്ചവടക്കാരൻ മകന് സാനു എന്ന അപൂർവ പേരിട്ടതെങ്ങനെയെന്നു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കൊടുമുടി എന്നും താഴ്‌വാരം എന്നും തരം പോലെ അർഥം മാറ്റിപ്പറയാവുന്ന സാനു എന്ന പേരിൽ കേരളത്തിൽ ഒരു കാലത്ത് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്കിപ്പോൾ മൂന്നു സാനുമാരെക്കൂടി അറിയാം: മലയാള മനോരമയിലെ ചീഫ് സബ് എഡിറ്റർ സാനു ജോർജ് തോമസ്, യേശുദാസന്റെ മകൻ സാനു യേശുദാസ്, കോട്ടയം സി.പി.എം ജില്ലാക്കമ്മിറ്റി ഓഫീസിലെ സാനു.
പതിനെട്ടാം വയസ്സിൽ സ്കൂളിൽ അധ്യാപകനായി ചെന്നപ്പോൾ മുതിർന്ന അധ്യാപകൻ സാനുവിനു നൽകിയത് ഒരു പെട്ടി ചോക്കും ആറു ചൂരൽവടികളുമായിരുന്നു. സാനു അതിൽനിന്ന് ചോക്ക് മാത്രം എടുത്തു.
ഇന്റർമീഡിയറ്റിനുശേഷം ഓരോ ഉപരിപഠനത്തിനും വേണ്ടി ജോലി സ്വീകരിച്ചുപോയ സാനു ആദ്യം സ്കൂൾ ടീച്ചറായിപ്പോയ സ്ഥലത്തിന്റെ പേരു മറക്കില്ല. വളഞ്ഞവഴിക്കൽ. പക്ഷേ, സ്കൂളിന്റെ പേരിൽ വളവൊന്നുമില്ലായിരുന്നു, സന്മാർഗ ദീപിക ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്നായിരുന്നു. അന്നൊക്കെ ഇന്റർമീഡിയറ്റ് പാസായാൽ സ്കൂളിൽ ജോലി കിട്ടുമായിരുന്നു. എം.എ വരെ സാനുവിന്റെ എല്ലാ ക്ലാസുകളിലും മറ്റു ക്ലാസുകളിലെ കുട്ടികൾകൂടി എന്നും തിക്കിത്തിരക്കി കയറുമായിരുന്നു. പാഠത്തിലുള്ളതു മാത്രമല്ല പഠിപ്പിക്കുക. ബധിരവിലാപം എന്ന ലഘുകാവ്യം ഒരു വർഷം കൊണ്ടാണ് സാനു എടുത്തുതീർക്കുക. അതിനകം കുട്ടികൾ പല മഹാകാവ്യങ്ങൾകൂടി പഠിച്ചിട്ടുണ്ടാവും.

ചങ്ങമ്പുഴയുടെ ‘രമണൻ’ വായിക്കാനായി എട്ടുപത്തു കിലോമീറ്റർ അകലെയുള്ള ഒരു വായനശാലയിലേക്കു സൈക്കിൾ ചവിട്ടിപ്പോകുകയും പിന്നീടു ചങ്ങമ്പുഴയുടെ ജീവചരിത്രം എഴുതുകയും ചെയ്തെങ്കിലും സാനു ചങ്ങമ്പുഴയെ നേരിട്ടു കണ്ടിട്ടില്ല. അന്നൊന്നും വീട്ടിൽ പുസ്തകശേഖരമില്ലാത്ത സാനു പിന്നീട് വീട്ടിൽ പുസ്തകങ്ങളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാക്കി. ‘പുസ്തകങ്ങൾ ആരും കടം ചോദിക്കരുത്’ എന്നൊരു ബോർഡ് വച്ചാണ് അദ്ദേഹം അവയെ സംരക്ഷിച്ചത്.
കൊച്ചിയിലെ കാരയ്ക്കാമുറി എന്ന ദേശത്തെ പ്രശസ്തമാക്കിയത് രണ്ടു സ്ഥാപനങ്ങളാണ്.
ഒന്ന്, അവിടത്തെ കള്ളുഷാപ്പ്.
മറ്റേത് സാനു മാസ്റ്ററുടെ ‘സന്ധ്യ’ എന്ന വീട്. തന്റെ ജീവിതത്തിൽ ഒരു സന്ധ്യാകാലവും നഷ്ടപ്പെടുത്തിയിട്ടില്ലെന്നു പറഞ്ഞ കവി കുമാരനാശാനെ ഓർത്തുകൊണ്ടാണ് സാനു തന്റെ വീടിന് സന്ധ്യ എന്നു പേരിട്ടതെങ്കിലും മിക്ക സന്ധ്യകളിലും സാനു വീട്ടിലുണ്ടാവുമായിരുന്നില്ല, പ്രസംഗവേദികളിലാവും. അവസാനമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ തലേന്നും ഉണ്ടായി, പ്രഭാഷണം.
പ്രഫ. ജോസഫ് മുണ്ടശ്ശേരി, ഡോ. സുകുമാർ അഴീക്കോട് എന്നിവർക്കൊപ്പം കേരളത്തിലെ ഏറ്റവും മികച്ച മൂന്നു പ്രഭാഷകരിലൊരാളായി അദ്ദേഹം പ്രകീർത്തിക്കപ്പെട്ടു.
ശിഷ്യന്മാരിൽ പലരുടെയും പെണ്ണുകാണലിനു കൂടെപ്പോയിട്ടുള്ള സാനു സ്വന്തം കാര്യം വന്നപ്പോൾ പെണ്ണുകാണൽ ചടങ്ങ് വേണ്ടെന്നു വച്ചു. മന്ത്രി വി. മാധവന്റെ മകൾ രത്നമ്മയെ അദ്ദേഹം കാണുന്നത് താലികെട്ടിന് വേദിയിലെത്തുമ്പൊഴാണ്.
കോവിഡ് കാലത്ത് പലരും പുറത്തിറങ്ങാതെയും ഒന്നും ചെയ്യാതെയും വീട്ടിലിരുന്നപ്പോൾ സാനു അഞ്ചു പുസ്തകങ്ങളെഴുതി, കുന്തീദേവി എന്ന നോവൽ ഉൾപ്പെടെ.
സാനുവിന്റെ സമ്പൂർണ കൃതികൾ പന്ത്രണ്ടു വാല്യങ്ങളായി പുറത്തു വന്നിട്ടുണ്ട്. 10,347 പേജുകൾ. എൺപതോളം പുസ്തകങ്ങളിൽനിന്നുള്ള അഞ്ഞൂറിലേറെ ലേഖനങ്ങൾ, പ്രധാന പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ, ഏക നോവൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പന്ത്രണ്ടു ഋതുഭേദങ്ങൾ ആവിഷ്കരിക്കുന്ന പന്ത്രണ്ടു ചിത്രങ്ങൾ അവയ്ക്കു കവർപേജായി രൂപപ്പെടുത്തിയത് ഷാജി എൻ. കരുൺ ആണ്.

കാഷായവേഷം കൊണ്ടുനടന്ന മനസ്സായിരുന്നു സാനുവിന്റേത്. സന്ന്യാസിയാകാൻ ആഗ്രഹിച്ചു, ഒരിക്കലല്ല, പലതവണ.
ശ്രീനാരായണഗുരുവിന്റെ പാദസ്പർശമേറ്റ മംഗലം വീട്ടിൽ കൊളുത്തിവച്ച കെടാവിളക്ക് ആ വീട്ടിലെ അംഗമായ സാനുവിന്റെ ഹൃദയത്തിലും പ്രകാശിച്ചു. യോഗവിദ്യയിലൂടെ അത്ഭുതസിദ്ധികൾ സ്വായത്തമാക്കാമെന്ന അറിവ് സന്യാസചിന്തയിലേക്കു നയിച്ചു. ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ആലപ്പുഴയിലെ ശ്രീരാമകൃഷ്ണ മിഷന്റെ കീഴിലുള്ള ഒരു ആശ്രമത്തിലേക്കു സാനു കടന്നുചെന്നു. സാമ്പത്തിക ദുരിതത്തിന്റെ പശ്ചാത്തലം മനസ്സിലാക്കിയെങ്കിലും ആശ്രമത്തിൽ ചേരേണ്ട എന്നാണ് സ്വാമി ഉപദേശിച്ചത്. അതിനു പകരം ഒരു വർഷത്തോളം പ്രാണായാമവും യോഗയും പഠിപ്പിച്ചു.
ഇന്റർമീഡിയറ്റ് പരീക്ഷ കഴിഞ്ഞപ്പോൾ വീണ്ടും സന്യാസമോഹം ഉണർന്നു. പെട്ടെന്നൊരു താൽക്കാലിക ജോലി കിട്ടിയപ്പോൾ എല്ലാവരും കൂടി അദ്ദേഹത്തെ അതിനു പറഞ്ഞയച്ചു.
സന്യാസവഴി തേടി അവസാനം പോയത് ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട അരുവിപ്പുറത്തേക്കായിരുന്നു. അവിടെ പ്രഭാതഭക്ഷണം നൽകിയ യുവാവ് യോഗാഭ്യാസം ചെയ്യുന്നുണ്ടോ എന്നു സാനുവിനോടു ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ സന്യാസത്തിന് അത്യാവശ്യമായ പ്രാണായാമം പഠിപ്പിക്കാമെന്ന് യുവാവ് ഏറ്റു. ആ യുവാവിനെ പിന്നീടു നാം അറിയുന്നത് പോത്തൻകോട്ടെ കരുണാകരഗുരുവായാണ്.
