സമകാലിക മലയാളം വാരികയിൽ ടി.ജെ.എസ് ജോർജ് നിരന്തരം ശ്രദ്ധിക്കാനും ഇടപെടാനും തുടങ്ങിയ കാലത്താണ് അദ്ദേഹത്തിലെ കർക്കശനായ പത്രാധിപരെ ഞാൻ അടുത്തറിയുന്നത്. എസ്. ജയചന്ദ്രൻ നായർ പത്രാധിപസ്ഥാനം ഒഴിഞ്ഞ് എക്‌സ്പ്രസിന്റെ പടികൾ ഇറങ്ങുമ്പോൾ വാരികയുടെ മുന്നോട്ടു പോക്കിനെപ്പറ്റി ആശങ്കകൾ ഉയർന്നു. പക്ഷേ, ടി.ജെ.എസിന്റെ ഇടപെടലും ഒരു തരത്തിൽ രണ്ടാം വരവും ആ ആശങ്കകളെ അസ്ഥാനത്താക്കി. വരുമ്പോൾ തന്നെ ലേ ഔട്ടിലും കണ്ടന്റിന്റെ തെരഞ്ഞെടുപ്പിലും പുലർത്തേണ്ട ഔചിത്യത്തെ സംബന്ധിച്ചും നിശിതമായ ചില ധാരണകൾ അദ്ദേഹം ആദ്യം തന്നെ പങ്കുവച്ചത് ഇന്നും ഓർക്കുന്നു. അന്നദ്ദേഹം പറഞ്ഞ പ്രധാനപ്പെട്ട കാര്യം വായനക്കാർ മാത്രമാണ് നമ്മുടെ മുൻപിലുണ്ടാകേണ്ടതെന്നും അവരെ കണ്ടുമാത്രമാണ് ഓരോ ലക്കവും ഒരുക്കേണ്ടതെന്നുമാണ്. ഞങ്ങളെ അത്ഭുതപ്പെടുത്തിയ നിർദ്ദേശങ്ങളിലൊന്ന് എത്ര ഉന്നതരായ എഴുത്തുകാരാണെങ്കിലും വായനക്കാർക്ക് ഇഷ്ടമില്ലാത്തത് പ്രസിദ്ധീകരിക്കരുതെന്നും അതിന്റെ സ്ഥാനം പത്രാധിപരുടെ മുറിയിലിരിക്കുന്ന വേസ്റ്റ് ബിന്നിലാകണമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ ചില കടുംവെട്ടുകൾ നടത്തിയ പത്രാധിപ സമിതിയ്ക്ക് അദ്ദേഹം നൽകിയ പിന്തുണ ആവേശം നൽകുന്നതായിരുന്നു. ആ ഉദാഹരണങ്ങൾ പറയുന്നത് ഉചിതമല്ലാത്തതു കൊണ്ട് അത് സൂചിപ്പിക്കുന്നില്ല.
മറ്റൊന്ന്, മാർക്കറ്റിംഗ് ഫീച്ചറുകൽ എന്ന പരസ്യങ്ങളുടെ വാർത്താ രൂപത്തിലുളള ഒളിച്ചുകടത്തൽ ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അഥവാ കൊടുക്കുകയാണെങ്കിൽ കവർ പേജിലോ കണ്ടന്റ് പേജിലോ അത് കൃത്യമായി വെളിപ്പെടുത്തിയിരിക്കണം എന്ന നിർദ്ദേശവും അദ്ദേഹം നൽകി. ഒരിക്കൽ അക്കാര്യത്തിൽ ഒരു വീഴ്ചസംഭവിച്ചപ്പോൾ അദ്ദേഹത്തന്റെ കഠിനമായ ഭത്സനത്തിന്റെ ഭീകരരൂപം ഞങ്ങൾ അനുഭവിച്ചു. നിലപാടുകളായിരുന്നു അദ്ദേഹത്തിന് പ്രധാനം. രാഷ്ട്രീയക്കാരുടെ പുറകേ പോകരുതെന്ന് അദ്ദേഹം കൃത്യമായി പറയുമായിരുന്നു. മലയാളം വാരികയിൽ അദ്ദേഹം എഴുതിയ കുറിപ്പുകൾ പലരേയും അസ്വസ്ഥരാക്കി. മോദിയുടെയും തീവ്ര ഹിന്ദത്വ രാഷ്ട്രീയത്തിന്റെയും ശക്തനായ വിമർശകനായിരുന്നു അദ്ദേഹം. ‘ദ ന്യൂ ഇൻഡ്യൻ എക്‌സ്പ്രസി’ലെഴുതിയ അദ്ദേഹത്തിന്റെ കോളം ‘പോയിന്റ് ഓഫ് വ്യൂ’വും മറിച്ചൊരു അനുഭവമായിരുന്നില്ല. ആ കോളം അവസാനിപ്പിച്ചതിന് പിന്നിൽ രസകരമായൊരു സംഭവമുണ്ട്.

സമകാലിക മലയാളത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ ലക്കത്തിനായി അദ്ദേഹത്തോട് ഒരു ലേഖനം ചോദിച്ചു. അപ്പോഴാണ് തന്റെ കോളവും വാരികയും ഒരേ വർഷമാണല്ലോ ആരംഭിച്ചതെന്ന് അദ്ദേഹം ഓർത്തെടുത്തത്. ഇരുപത്തിയഞ്ചു വർഷമൊക്കെ ഒരാളെ വായനക്കാർ സഹിച്ചില്ലേ എന്നാൽ അത് നിർത്തിക്കളയാം എന്ന് തമാശയോടെ പറഞ്ഞപ്പോൾ അത് അടുത്ത വാരം പ്രാവർത്തികമാക്കുമെന്നു കരുതിയില്ല. വായനക്കാരോട് ഗുഡ്‌ബൈ പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ അവസാന കോളം പക്ഷെ, വായനക്കാർക്ക് മനസിൽ സൃഷ്ടിച്ചത് കടുത്ത ശൂന്യതയാണ്. അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തിനു ലഭിച്ച ഫോൺ വിളികളും മെയിലുകളും അതു തുടരണമെന്ന അഭ്യർത്ഥനയായിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയത്തെ അദ്ദേഹം വളരെ ഗൗരവത്തിൽ വീക്ഷിച്ചിരുന്നു. നീതി നിഷേധത്തിനെതിരെ നിരന്തരം പോരാടി. രാഷ്ട്രീയത്തിലെ അഴിമതിക്കാർക്ക് ഒരിഞ്ചു സ്ഥലം വാരികയിൽ നൽകരുതെന്ന് അദ്ദേഹം പ്രത്യേകിച്ച് ഓർമ്മപ്പെടുത്തി. സമകാലിക മലയാളം വാരിക ഇന്നേക്ക് മാത്രമാകരുതെന്നും നാളെയും വായിക്കാനും ഉപയോഗിക്കാനുമുള്ളതാകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 2000 ജനുവരിയിൽ പുറത്തിറക്കിയ നൂറ്റാണ്ടു പതിപ്പ് അതിനൊരു ഉദാഹരണമായിരുന്നു. സാമ്പത്തികമായി നഷ്ടമാണെന്നറിഞ്ഞിട്ടും ആ പതിപ്പ് പുറത്തിറക്കാൻ അദ്ദേഹം കാണിച്ച ഉത്സാഹം അത്ഭുതപ്പെടുത്തുന്നതായിരുന്നു. നൂറു മലയാളികൾ എന്ന പംക്തിയും അത്തരമൊരു ചിന്തയിൽ നിന്ന് ഉടലെടുത്തതാണ്. കേരളത്തിന്റെ ചിന്തകളെ സ്വാധീനിച്ച നൂറുമലയാളികളെ കണ്ടെത്താൻ പത്രാധിപസമിതി അംഗങ്ങളുമായി നടത്തിയ സംഭാഷണങ്ങളും തർക്കങ്ങളും ഇന്നോർക്കുമ്പോൾ രസകരമായി തോന്നും. അത് പിന്നീട് പുസ്തകരൂപത്തിൽ പുറത്തിറക്കാൻ അദ്ദേഹം മുൻകൈയെടുത്തു. ടി.ജെ.എസ് ഞങ്ങൾക്ക് ഒരു പാഠപുസ്തകമായിരുന്നു. ഓരോ ലക്കവും പുറത്തിറക്കുമ്പോൾ അതിന്റെ പോരായ്മകൾ മഞ്ഞ സ്റ്റിക്കി നോട്ടിൽ പരിഹാസത്തോടെയും ഗൗരവത്തോടെയും എഴുതി ആ വാരികയിൽ ഒട്ടിച്ച് അയച്ചു തന്നത് ഇപ്പോഴും ഞങ്ങൾ ഇവിടെ സൂക്ഷിക്കുന്നു. കവർ പേജുമുതൽ അവസാന പേജുവരെ ആ വിമർശനങ്ങളുടെ ചൂട് അറിഞ്ഞു. സമകാലിക മലയാളത്തിന് തിരുത്താനും തിരുത്തിക്കാനും വേണ്ടിവന്നാൽ പ്രോത്സാഹിപ്പിക്കാനുമുള്ള കാവലാളാണ് നഷ്ടപ്പെട്ടത്. അതൊരു വലിയ നഷ്ടം തന്നെയാണ്.
