വി.കെ. ശശിധരൻ

പൂതത്തിന്റെ ചങ്ങാതി

ഡൽഹിയിൽനിന്ന് മടങ്ങുന്നതിനു മുൻപ് യാത്ര പറയാൻ ഫോൺ ചെയ്ത വി.കെ.എസ്. അപ്രതീക്ഷിതമായി ഒരു പാട്ടുപാടി. ശ്വാസമടക്കി ആ പാട്ടു കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ ജീവിതം ഗംഭീരമായൊരു ഗാനപ്രവാഹമായിരുന്നു - ഈയിടെ അന്തരിച്ച ഗായകനും ശാസ്​ത്രപ്രചാരകനുമായിരുന്ന വി.കെ. ശശിധരനെ, ആകാശവാണിയിൽ വാർത്താ അവതാരകയായിരുന്ന ടി.എൻ. സുഷമ ഓർക്കുന്നു

ർത്തിരമ്പി ഒഴുകിയ ഒരു ഊർജപ്രവാഹമായിരുന്നു വി.കെ.എസ്. എന്ന പടപ്പാട്ടുകാരൻ. ‘പറയുവാനെന്തുണ്ട് ബാക്കി, വീണ്ടും പൊരുതുക എന്നതല്ലാതെ' എന്ന് താനിളക്കിവിട്ട ആവേശത്തിന്റെ ആരവത്തിൽ ആ ശബ്ദം പൊടുന്നനെ നിലച്ചുപോയി. കോവിഡ് ബാധയോടുള്ള അവസാന പോരാട്ടത്തിൽ മാത്രമാണ് വി.കെ.എസ്. തോറ്റുപോയത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കാതലായ ക്യാമ്പയിനുകളുടെയൊക്കെ അമരക്കാരനായിരുന്ന വി.കെ.എസ്. കുറച്ചുനാൾ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായിരുന്നു. സാക്ഷരതായജ്ഞത്തിന്റെ മുൻനിര പ്രവർത്തകൻ, ശാസ്ത്രപ്രചാരകൻ എന്നീ നിലകളിലൊക്കെ കർമനിരതനായിരുന്ന അദ്ദേഹം തന്നെ ആകർഷിച്ച ഏതൊരു പുരോഗമന പ്രസ്ഥാനത്തോടും സഹകരിച്ചു. ആമുഖ ഗാനങ്ങളും കൂട്ടപ്പാട്ടുകളും ചിട്ടപ്പെടുത്തി അത്തരം കൂട്ടായ്മകൾക്ക് ആവേശം പകർന്നു.

ഒ.വി. വിജയന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തിനു വേണ്ടിയും വി.കെ.എസ്​ പാടി. ഖസാഖിന്റെ ഇതിഹാസകാരൻ, കാലത്തെ വെല്ലുന്ന തന്റെ കൃതിയുടെ കോപ്പി കയ്യൊപ്പിട്ട് ‘പൂതത്തിനും ശശിധരനും' എന്നെഴുതിയാണ് സമ്മാനിച്ചത്.

വി.കെ.എസ്. എന്ന വി.കെ. ശശിധരൻ പ്രസംഗിച്ചില്ല. തീ പടർത്തിക്കൊണ്ടു പാടിനടന്നു. മർദിതരുടെ സിരകളിൽ സമരവീര്യം പടർത്തി. പട്ടിണിക്കാരെക്കൊണ്ട് പുസ്തകമെടുപ്പിച്ചു. പരിശീലനം കൊണ്ട് എൻജിനീയറായിരുന്നെങ്കിലും ജനകീയ ഗായകനായി ജനം അദ്ദേഹത്തെ അറിഞ്ഞു. കുട്ടികളുടെ കൂട്ടുകാരനായി. സർഗപ്രതിഭയെ ഒരു ടൂൾ ആയി - അല്ല ആയുധമായി - കൊണ്ടുനടന്നു. തന്റെ മാസ്മര സംഗീതത്തെ ആശയപ്രചാരണത്തിനുവേണ്ടി ജനങ്ങളെ സംഘടിപ്പിക്കാനുള്ള ഉപകരണമാക്കി. ജനകീയ പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ അദ്ദേഹം തന്റെ സംഗീതം പ്രയോജനപ്പെടുത്തി. സ്റ്റുഡിയോകളിൽ ഇരുന്നല്ല, ജനമധ്യത്തിലിറങ്ങി പാടി നടന്നാണ് ഇത് നേടിയെടുത്തത്. ‘ശാസ്ത്രം സാമൂഹ്യമാറ്റത്തിന്' എന്ന ആശയത്തിൽ അടിയുറച്ചു വിശ്വസിച്ചു.

ആയിരത്തോളം പാട്ടുസംഘങ്ങൾക്ക് വി.കെ.എസ്. പരിശീലനം നൽകിയിട്ടുണ്ട്. 2019-ൽ ലാറി ബേക്കർ ശതാബ്ദി ആഘോഷങ്ങൾക്കുവേണ്ടി സ്വാഗതഗാനം തയ്യാറാക്കിയതും അദ്ദേഹമാണ്. യുറീക്ക മാസികയുടെ അമ്പതാം വാർഷികത്തിനുവേണ്ടി തയാറാക്കിയ ഗാനമാണ് അദ്ദേഹം ഒടുവിൽ സംഗീതം നൽകി അവതരിപ്പിച്ചത്.

വി.കെ.എസിനൊപ്പം ടി.എൻ. സുഷമ

ഒരു ഡൽഹി സന്ദർശനത്തിനിടെ കൂട്ടുകാരുമായി വീട്ടിൽ വന്നപ്പോഴാണ് ആദ്യമായി പരിചയപ്പെടുന്നതെങ്കിലും പാട്ട് പടവാളാക്കിയ വി.കെ.എസിനെക്കുറിച്ച് ഏറെ കേട്ടിരുന്നു. ശാസ്ത്രപ്രചാരകനായും സാക്ഷരതാമിഷന്റെ മുൻനിര പ്രവർത്തകനായും അദ്ദേഹത്തെ അറിയാമായിരുന്നു. കാസർകോട് ജില്ലയിൽ നടന്ന അക്ഷരപ്പുലരി എന്ന തനിമയാർന്നൊരു പരീക്ഷണത്തിൽ പാട്ടുകൾ ചിട്ടപ്പെടുത്തി കുട്ടികൾക്ക് ഊർജം പകരാൻ ഓടിയെത്തിയതറിഞ്ഞപ്പോഴാണ് ഞാനദ്ദേഹത്തെ കൂടുതൽ ശ്രദ്ധിച്ചത്. ബ്യുറോക്രസി പൊതുജനങ്ങളോട് കൈകോർത്തു വിജയിക്കുന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു അക്ഷരപ്പുലരി എന്ന സാക്ഷരതാ ദൗത്യം. നാലാം ക്ലാസിലെ ഏറെ കുട്ടികൾക്ക് അക്ഷരം ഉറച്ചിട്ടില്ല എന്ന ഒരു വിഷയം മുന്നിൽ കണ്ടുകൊണ്ട് ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും ഈ കുട്ടികളെ ഒരു മാസം കൊണ്ട് അക്ഷരം പഠിപ്പിക്കാനുള്ള ഒരു തീവ്രയജ്ഞം ആയിരുന്നു ഒരുത്സവം പോലെ നടപ്പാക്കി വിജയിച്ച ‘അക്ഷരപ്പുലരി'.

ഡൽഹിയിൽ എന്റെ വീട്ടിൽ വന്നപ്പോൾ കവി സച്ചിദാനന്ദൻ, മുകുന്ദൻ, എൻ.എസ്. മാധവൻ, ആനന്ദ് തുടങ്ങിയ ചില പേരുകൾ പറഞ്ഞിട്ട് അവരെ തന്റെ പൂതപ്പാട്ടു കേൾപ്പിക്കാൻ വി.കെ.എസ്​ ആഗ്രഹം പ്രകടിപ്പിച്ചു

കലാജാഥകളിലും തെരുവുനാടകങ്ങളിലുമൊക്കെ കുട്ടികൾ വി.കെ.എസിന്റെ പടപ്പാട്ടുകൾ ഏറ്റുപാടി. മുല്ലനേഴി, കരിവെള്ളൂർ മുരളി, പുനലൂർ ബാലൻ തുടങ്ങി ഒട്ടേറെ പേരുടെ ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നു. അവയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി പുതിയ അർഥതലങ്ങൾ നൽകി. അവ ജനഹൃദയങ്ങളിൽ പടർന്നുകയറി, ഇരമ്പി മറിഞ്ഞു. കണ്ണൂരിൽ ആയിരത്തോളം കുട്ടികളെ അണിനിരത്തി പാടിച്ചത് അദ്ദേഹത്തിന്റെ സംഘാടകശക്തിയുടെ ഉദാഹരണമാണ്. കുട്ടികളുടെ കൂട്ടുകാരനായി മാറിയ വി.കെ.എസ്., തന്റെ അഭിനയ ചാതുരിയെയും മാസ്മരശബ്ദത്തെയും ആശയപ്രചാരണത്തിനും സാമൂഹ്യമാറ്റത്തിനുമുള്ള ടൂൾ അല്ല, ആയുധമാക്കി. ജനകീയ പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലീകരിക്കാൻ തന്റെ സംഗീതം പ്രയോജനപ്പെടുത്തി. വി.കെ.എസ്. പ്രസംഗിച്ചില്ല. തീ പടർത്തിക്കൊണ്ടു പാടി നടന്നു. മാരാരിക്കുളം വികസന പരിപാടിയുടെ ഭാഗമായി 2001 ൽ വാർഡുകൾ തോറും കയറിയിറങ്ങി കുടുംബശ്രീ അയൽക്കൂട്ട സംഗമത്തിലെ ഇരുപതിനായിരത്തിലേറെ സ്ത്രീകളെ അണിനിരത്തി‘അറ്റമില്ലാത്തതാം ജീവിതത്തിൽ നമ്മളൊറ്റയല്ലൊറ്റയല്ല’ എന്നുറക്കെ പാടി ഐകദാർഢ്യം അരക്കിട്ടുറപ്പിച്ചു. പല കൂട്ടായ്മകൾക്കും ഈ പടപ്പാട്ട് ആവേശം പകർന്നു.

എന്നെ അതിശയിപ്പിച്ച ഒരു കാര്യം, കവിതയാണെന്നു നമുക്ക് തിരിച്ചറിയാൻ പറ്റാത്ത വരികൾ പോലും വി.കെ.എസ്. സംഗീതത്തിന്റെ ചിറകുകളിൽ ഉയരങ്ങളിലേക്ക് പറത്തിവിട്ടിട്ടുണ്ട്. ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ ഡോ. എം. പി. പരമേശ്വരന്റെ ‘പ്രപഞ്ചമേ നീ പ്ലാസ്മയോ വാതകമോ' എന്ന വരികൾ വി.കെ.എസ്. പാടുന്നതു കേട്ട് അമ്പരന്നുപോയിട്ടുണ്ട്. എല്ലാ കവിതകളും അദ്ദേഹത്തിന് വഴങ്ങും. ഗീതാഞ്ജലിയും ശോകസാന്ദ്രമായ ശ്യാമഗീതങ്ങളും തീവ്രാനുഭവങ്ങളാണ്. എത്ര ആർദ്രമായ ആലാപനം!

തന്റെ പാട്ടു കേൾക്കാൻ ആഗ്രഹിക്കുന്ന ഒറ്റ ആളിനുവേണ്ടിപ്പോലും ഒരു സദസ്സിനുവേണ്ടി എന്ന പോലെ ഉള്ളുതുറന്ന് പാടിയിരുന്നു. വീട്ടിൽ വന്നപ്പോൾ കവി സച്ചിദാനന്ദൻ, മുകുന്ദൻ, എൻ.എസ്. മാധവൻ, ആനന്ദ് തുടങ്ങിയ ചില പേരുകൾ പറഞ്ഞിട്ട് അവരെ തന്റെ പൂതപ്പാട്ടു കേൾപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. സച്ചി മാഷോട് ഈ കാര്യം പറഞ്ഞപ്പോൾ തന്റെ വീട്ടിൽ വച്ച് ഒരു കൊച്ചു സഹൃദയ സദസ് നടത്താൻ തയാറായി. ഒ.വി. വിജയൻ അനാരോഗ്യം മൂലം പങ്കെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞെങ്കിലും വി. കെ.എസിനെ കാണാൻ താൽപര്യം പ്രകടിപ്പിച്ചു. വീട്ടിൽ ചെന്ന് അദ്ദേഹത്തിനു വേണ്ടിയും പാടി. ഖസാഖിന്റെ ഇതിഹാസകാരൻ, കാലത്തെ വെല്ലുന്ന തന്റെ കൃതിയുടെ കോപ്പി കയ്യൊപ്പിട്ട് ‘പൂതത്തിനും ശശിധരനും' എന്നെഴുതിയാണ് സമ്മാനിച്ചത്. ഡൽഹിയിൽനിന്ന് മടങ്ങുന്നതിനുമുൻപ് യാത്ര പറയാൻ ഫോൺ ചെയ്ത വി.കെ.എസ്. അപ്രതീക്ഷിതമായി ഒരു പാട്ടുപാടി. ശ്വാസമടക്കി ആ പാട്ടു കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞാൻ ഈ എഴുതിയതുപോലുള്ള അനുഭവങ്ങൾ ഒരുപാടു പേർക്ക് പറയാനുണ്ടാകും. ആ ജീവിതം ഗംഭീരമായൊരു ഗാനപ്രവാഹമായിരുന്നു.

സംഗീതം തന്നെയായിരുന്നു വി.കെ.എസിന്റെ ഭാഷയും സംവാദമാധ്യമവും. എന്നാൽ ഈ വിപ്ലവഗായകൻ കൂടുതൽ അറിയപ്പെടുന്നത് പൂതപ്പാട്ടിന്റെ പേരിൽ തന്നെയാണ്.

ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്ന വി.കെ.എസ്. ബോധപൂർവം തെരഞ്ഞെടുത്തതായിരുന്നു തന്റെ കർമരംഗം. അടൂർ ഗോപാലകൃഷ്ണന്റെ പൂർത്തീകരിക്കാതെ പോയ കാമുകി എന്ന ചിത്രത്തിനുവേണ്ടി പി.കെ. ശിവദാസുമായിച്ചേർന്ന് ചില ഗാനങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. അവ പിന്നീട് തീരങ്ങൾ എന്ന സിനിമയിൽ ഉപയോഗിച്ചു. ദേശാഭിമാനി തിയേറ്റേഴ്‌സിനു വേണ്ടിയും ഇവർ ഒരുമിച്ചു പ്രവർത്തിച്ചു. സിനിമാ - നാടക രംഗങ്ങളിൽ വമ്പിച്ച വാണിജ്യ സാധ്യതകൾ ഈ അനുഗൃഹീത കലാകാരനുമുമ്പിൽ തുറന്നു കിടന്നെങ്കിലും അതൊന്നും അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല.

തന്റെ പാട്ടിനുപകരം സ്‌നേഹം മതി എന്നദ്ദേഹം പറഞ്ഞത് ഞാനോർക്കുന്നു. ആശയപരമായി തന്നെ ആകർഷിച്ച കൂട്ടായ്മകളിലേയ്‌ക്കൊക്കെ തന്റെ ഗാനപ്രവാഹം തുറന്നുവിട്ടു. സംഗീതം തന്നെയായിരുന്നു വി.കെ.എസിന്റെ ഭാഷയും സംവാദമാധ്യമവും. എന്നാൽ ഈ വിപ്ലവഗായകൻ കൂടുതൽ അറിയപ്പെടുന്നത് പൂതപ്പാട്ടിന്റെ പേരിൽ തന്നെയാണ്. രക്തദാഹിയായ പൂതത്തെ
ആർദ്രയായൊരമ്മയാക്കിയ ഇടശ്ശേരിയുടെ മഹത്തായ കൃതി "പൂതപ്പാട്ട്' മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയത് വി.കെ.എസിന്റെ പൂതപ്പാട്ടായിട്ടാണ്. കണ്ടുകൊണ്ട് കേൾക്കേണ്ട പ്രകടനമാണത്. അത്രയ്ക്ക് സവിശേഷമായ ശരീരഭാഷ!

നങ്ങേലിക്ക് ആറ്റുനോറ്റുണ്ടായ പൊന്നുണ്ണിയെ ഒരു നോക്കു കണ്ട കരിംപൂതത്തിന് ‘ഉള്ളിൽ ഒരിക്കിളി തോന്നി... പൂതത്തിൻ മാറത്തു കോരിത്തരിച്ചു'. മാതൃത്വമറിഞ്ഞ പൂതം കുഞ്ഞിനെ അമ്മയിൽ നിന്ന് മറച്ചുപിടിച്ചു. കുഞ്ഞിനെത്തേടി അലഞ്ഞ അമ്മയെ പൂതം പേടിപ്പിച്ചോടിക്കാൻ നോക്കി. കാറ്റിൻ ചുഴലിയായും കാട്ടുതീയായിട്ടും നരിയായും പുലിയായും ചെന്നു. അമ്മ പേടിച്ചില്ല. കുന്നിന്മുകളിലെ മേൽമൂടി കൈതപ്പൂവെന്ന പോലെ പൊക്കിമാറ്റി കണ്ണ് ചിന്നുന്ന പൊന്നും മണികളും കാണിച്ചു പ്രലോഭിപ്പിക്കാൻ നോക്കി. അതൊന്നും അമ്മ നോക്കിയതേയില്ല. അവൾ തന്റെ കണ്ണുകൾ പറിച്ചെടുത്ത് പൂതത്തിനു സമർപ്പിച്ച് അതിലൊക്കെ വലുതായ തന്റെ കുഞ്ഞിനെ തിരികെ ചോദിച്ചു.

പട്ടത്താനം സ്‌കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കൊപ്പം വി.കെ.എസ്. / Photo: Wikimedia Commons

അവസാനത്തെ അടവായി കണ്ണില്ലാത്ത അമ്മയെ പറ്റിക്കാമെന്നു കരുതി പൂതം ഒരു മായക്കുഞ്ഞിനെയുണ്ടാക്കി കൊടുക്കുന്നു. നിലവിട്ട അമ്മ ‘പെറ്റ വയറ്റിനെ വഞ്ചിച്ച പൊട്ടപൂതമേ' എന്ന് വിലപിച്ച് ഒരു കൊടും ശാപത്തിനായി കൈകളുയർത്തുന്നു. ഭയന്നുപോയ പൂതം നിവർത്തിയില്ലാതെ കുഞ്ഞിനെ തിരിച്ചു കൊടുത്തു. അമ്മയായി മാറിയ പൂതത്തിന് ഇനി പഴയ പൂതം ആകാനാവില്ല. അതുകൊണ്ടാണല്ലോ അവൾ കുഞ്ഞിനെ തിരിച്ചു കൊടുത്തത്. പൂതം അമ്മയ്ക്ക് കാഴ്ച നൽകി അനുഗ്രഹിച്ചു. ഉണ്ണിയെ പലവുരു മൂർദ്ധാവിൽ ചുംബിച്ചു, വീർപ്പാൽ വായടയാതെ തുറു കണ്ണുകളിൽ നിന്ന് രക്തകണ്ണീർ ഒഴുക്കികൊണ്ടു അവൾ തിരിച്ചു നടന്നു. മകരക്കൊയ്ത്തു കഴിഞ്ഞ് ആണ്ടു തോറും ഉണ്ണിയെ കണ്ടു മടങ്ങാൻ പൂതത്തെ നങ്ങേലി ക്ഷണിക്കുന്നുണ്ട്. എന്നാൽ ആണ്ട് തോറും ഉണ്ണിയെ കാണാനെത്തുന്ന പൂതം വീടറിയാതെ ഉഴറി വീടുതോറും കയറിയിറങ്ങും. ഇതാ ഉണ്ണിയുടെ വീട്, ഇതാ ഉണ്ണിയുടെ വീട് എന്ന് പറഞ്ഞു ആളുകൾ അവളെ കളിപ്പിക്കുന്നു. അരമണി കിലുക്കി തുള്ളി മറിഞ്ഞു വിഹ്വലയായി വീടുകൾ തോറും കയറിയിറങ്ങുന്ന ആ അമ്മപ്പൂതത്തെ ‘ഉണ്ണിയെ വേണോ ഉണ്ണിയെ വേണോ ' എന്ന് ആർത്തുവിളിച്ചു ആളുകൾ പരിഹസിക്കുന്നു. പൂതം മാറിയെങ്കിലും സമൂഹം മാറിയില്ലല്ലോ!

തിന്മകൾ പനപോലെ വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്തോട് വി.കെ.എസ്. വിട പറഞ്ഞു. പൂതം തന്റെ ചങ്ങാതിയുമായി ഏതോ മായാലോകത്തേക്കു മറഞ്ഞെങ്കിലും മനുഷ്യ മനഃസാക്ഷിക്കുള്ള ഉണർത്തു പാട്ടുകളും അനീതിയോടു പൊരുതുന്ന പടപ്പാട്ടുകളും മറഞ്ഞു പോകാതെ നമുക്ക് കരുതി വയ്ക്കാം. വരും തലമുറയുടെ ഇളം ചുണ്ടുകളിലേക്കു നാമത് പകർന്നു കൊടുക്കണം. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ടി.എൻ. സുഷമ

ഡൽഹി ആകാശവാണി നിലയത്തിൽ മലയാളം വാർത്താ അവതാരകയായിരുന്നു. സോഷ്യൽ-ജെൻഡർ വിഷയങ്ങളിൽ ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങളിൽ എഴുതാറുണ്ട്.

Comments