വ്യക്തിയും സമൂഹവും; ഐ. ഇസ്താക്കിന്റെ സാംസ്‌കാരിക ദർശനം

സമഗ്രാധിപത്യപരമായ ഒരു പ്രത്യയശാസ്ത്രത്തേയും പിന്തുടർന്നുകൊണ്ടല്ല ഇസ്താക്ക് തന്റെ രാഷ്ട്രീയ- ചരിത്ര- സൗന്ദര്യശാസ്ത്ര നിരീക്ഷണങ്ങൾ നിർവഹിച്ചത്. എന്നാൽ കാപ്പനച്ചനോടൊപ്പം മാർക്‌സിസവും ഗോവിന്ദനോടൊപ്പം അധികാര വിരുദ്ധരാഷ്ട്രീയവും, എം. ഗംഗാധരനോടൊപ്പം ലാവണ്യവാദവും അന്വേഷിച്ചതിന്റെ മുദ്രകൾ അദ്ദേഹത്തിന്റെ രചനകളിൽ കാണാൻ കഴിയും.

പ്രൊഫ. ഐ. ഇസ്താക്കുമായുള്ള പരിചയം എന്റെ ബാല്യ- കൗമാര- യൗവന ജീവിതവുമായി പലവിധത്തിൽ ഇഴചേർക്കപ്പെട്ടിരിക്കുന്നു. ആദ്യം അദ്ദേഹത്തെ കണ്ടുമുട്ടുമ്പോൾ ഞാൻ സ്‌കൂൾ വിദ്യാർഥിയും അദ്ദേഹം ആലപ്പുഴയിലെ എന്റെ അമ്മാവന്റെ അയൽക്കാരനുമാണ്. ചുരുണ്ട മുടിയും തൂവെള്ള വസ്ത്രവും ഒരു കുഞ്ഞിനോളം നിഷ്‌കളങ്കമായ ചിരിയുമായി സ്‌നേഹാന്വേഷണം ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. ആലപ്പുഴ നഗരത്തിലെ ഗ്രാമച്ഛായ മാറാത്ത, ഔപചാരിക നടപ്പാതകൾ ഇല്ലെങ്കിലും അയൽഭവനങ്ങളിലെ തൊടികളിലൂടെ മടികൂടാതെ ആളുകൾ നടന്നുപോവുമായിരുന്ന പള്ളാത്തുരുത്തി പാലത്തിനു പടിഞ്ഞാറുള്ള ഒരു സ്ഥലമായിരുന്നു അത്. അദ്ദേഹത്തിന്റെ വിളിപ്പേര് കുഞ്ഞുകുഞ്ഞു എന്നായിരുന്നു എന്നാണെന്റെ ഓർമ. ആ പേരിലായിരുന്നു അമ്മാവനും മറ്റുള്ളവരും അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. വിനീതമായ സാഹചര്യങ്ങളിൽനിന്ന് പഠിച്ചു മിടുക്കനായി ഉയർന്നുവന്ന ഒരു ചെറുപ്പക്കാരൻ എന്ന അവർ പറഞ്ഞുകേട്ടുള്ള ഒരു ചിത്രമായിരുന്നു അന്ന് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്തോ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തെ പിന്നെ കുറച്ചുകാലം കണ്ടില്ല. എന്റെ ബാലമനസ്സിൽനിന്ന് അദ്ദേഹം മായുകയുംചെയ്തു. പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത് കോളേജിൽ പ്രീ ഡിഗ്രി വിദ്യാർഥിയായി ചേർന്നശേഷമാണ്. ചുറ്റുപാടുമുള്ള കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങുകയും പഠിക്കാനും വിമർശിക്കാനും തുടങ്ങുകയും ചെയ്യുന്ന പ്രായമാണല്ലോ അത്.

പല കൗതുകങ്ങൾ - സാഹിത്യം മുതൽ രാഷ്ട്രീയം വരെ - മനസ്സിനെ വിവിധ ദിശകളിലേക്ക് സഞ്ചരിപ്പിക്കുന്ന തരളിതമായ ഒരു കാലമാണത്. നിഗമനങ്ങളിൽ എത്താനുള്ള അക്കാലത്തെ ആവേശമാണ് പലപ്പോഴും നമ്മുടെ പിൽക്കാല ജീവിതത്തെ സ്വാധീനിക്കുന്നത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. തികച്ചും വ്യക്തിനിഷ്ഠമായ ഇത്തരം നിരവധി ക്ഷിപ്രനിഗമനങ്ങളിൽ ഞാൻ എത്തിച്ചേർന്ന അക്കാലത്ത് വളരെ യാദൃശ്ചികമായി ഒരു യുവാവിനെ പരിചയപ്പെടാൻ ഇടയായി. ആത്മീയചിന്തകളിൽ താല്പ്പര്യമുണ്ടായിരുന്ന അദ്ദേഹം ആലപ്പുഴ ചന്ദനക്കാവിൽ ആയിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന് ഔപചാരികമല്ലാത്ത ദാർശനിക ചർച്ചകൾക്കായി സുഹൃത്തുക്കളെ കൂടിയിരിപ്പിനു ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തപ്പോൾ ഒരു കൂടിയിരുപ്പിലേക്ക് അദ്ദേഹം എന്നെയും ക്ഷണിച്ചു.

ഐ. ഇസ്താക്
ഐ. ഇസ്താക്

കാഷായമോ സംന്യാസത്തിന്റെ മറ്റു ബാഹ്യചിഹ്നങ്ങളോ ഇല്ലാതെ ബ്രഹ്മചര്യം പാലിച്ച്​ ആത്മീയാന്വേഷണങ്ങൾ നടത്താൻ തീരുമാനമെടുത്ത ഒരാളായാണ് ഞാൻ അദ്ദേഹത്തെ മനസ്സിലാക്കിയത്. ഞാൻ ഉപരിപഠനത്തിനും അധ്യാപന ജോലിക്കുമായി ആലപ്പുഴ വിടുകയും പിന്നീട് ഇന്ത്യ വിടുകയും ചെയ്തശേഷം അദ്ദേഹത്തെ കാണാനിടവന്നിട്ടില്ല. ശശി എന്ന് മാത്രമേ അദ്ദേഹം പേര് പറഞ്ഞു പരിചയപ്പെടുത്തിയിരുന്നുള്ളൂ. അതിനാൽ മറ്റു കാര്യങ്ങൾ എനിക്കറിയില്ല. ഇപ്പോഴും അദ്ദേഹം അവിടെ ആത്മീയ പ്രവർത്തനങ്ങളിലും ചന്തകളിലും ഏർപ്പെട്ടു കഴിയുന്നു എന്നാണു ഞാൻ മനസ്സിലാക്കുന്നത്.

അന്ന് അദ്ദേഹം പറഞ്ഞ ആ ചർച്ചക്ക് ഞാൻ പോവുകയും അവിടെവച്ച് ഇസ്താക്ക് മാഷിനെ വീണ്ടും കാണുകയുമായിരുന്നു. ആ അർത്ഥത്തിൽ എനിക്ക് പിന്നീട് ഇസ്താക്ക് മാഷുമായുള്ള ബന്ധം ആരംഭിക്കുന്നത് അവിടെ വച്ചാണ്. മാഷുമായുള്ള ആ അവിചാരിതമായ കണ്ടുമുട്ടൽ മനസ്സിൽ ആഴത്തിൽ പതിയാനിടയായതിനു ഒരു കാരണം ഉണ്ടായിരുന്നു. അന്നത്തെ ചർച്ചയുടെ വിഷയമോ ചർച്ചയുടെ ഉള്ളടക്കമോ ഞാൻ കൃത്യമായി ഓർക്കുന്നില്ല. ശ്രീ. ശശി സംസാരിച്ചതിനുശേഷം (അദ്ദേഹം അധികം ഒന്നും പറഞ്ഞില്ല, ആമുഖമായി ചില വാചകങ്ങൾ മാത്രം) ഓരോരുത്തരായി പലതും പറയുന്നുണ്ടായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥിയായിരുന്ന ഞാനും എന്തൊക്കയോ പറഞ്ഞു. അതീവശാന്തമായ മുഖത്തോടെ, ഗൗരവത്തോടെ എല്ലാം കേട്ടുകൊണ്ടിരിന്ന ഇസ്താക്ക് മാഷ് അവസാനമാണ് സംസാരിച്ചത്. അദ്ദേഹം പറഞ്ഞ വാചകങ്ങൾ എന്റെ മനസ്സിൽ ആഴത്തിൽ തറച്ചു. പത്തു മിനിറ്റോളമേ അദ്ദേഹം സംസാരിച്ചുള്ളു. അതിലെ ആദ്യ വാചകങ്ങൾ കല്ലിൽ കൊത്തിയ പോലെ ഇന്നും എന്റെ മനസ്സിലുണ്ട്: ‘‘ഇവിടെ സംസാരിച്ച നിങ്ങൾ ഓരോരുത്തരും വ്യക്തിയേയും സമൂഹത്തെയും രണ്ടായി കണ്ടാണ് സംസാരിച്ചത്. യഥാർത്ഥത്തിൽ വ്യക്തിയും സമൂഹവും രണ്ടല്ല, ഒന്നാണ്.'' അദ്ദേഹം അത് വിശദീകരിച്ചു, ആ വിശദീകരണം മുഴുവനും എന്റെ ഓർമയിലില്ല. പക്ഷെ സ്വീകരിക്കാനോ നിരാകരിക്കാനോ കഴിയാത്ത ഒരു വാചകം ഞാൻ എന്റെ ആ ചെറിയ പ്രായത്തിൽ ആദ്യമായി കേൾക്കുകയായിരുന്നു. അനുകൂലിക്കുന്നു എന്നോ പ്രതികൂലിക്കുന്നു എന്നോ എന്റെ ബുദ്ധിക്കു തോന്നുന്നകാര്യങ്ങളെ ഞാൻ അതുവരെ വായിച്ചിരുന്നുള്ളൂ, കേട്ടിരുന്നുള്ളു.

എന്നാൽ ഈ വാചകത്തിനുമുന്നിൽ എന്റെ അന്യഥാ അച്ചടക്കമുള്ളതെന്നു ഞാൻ അതുവരെ കരുതിയിരുന്ന എന്റെ ബുദ്ധി പതറിപ്പോയി. വ്യക്തികളുടെ ആത്മനിഷ്ഠ താൽപ്പര്യങ്ങളും സമൂഹത്തിന്റെ വിശാല താൽപ്പര്യങ്ങളും തമ്മിലുള്ള സംഘർഷം ക്രമാനുഗതമായി ഇല്ലാതാകുന്ന സാമൂഹിക പ്രക്രിയകളെ കുറിച്ചുള്ള ഉയർന്ന അരാജക- മാർക്‌സിസ്റ്റ് സമീപനങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇസ്താക്ക് സാറിന്റെ ഈ വാചകം എന്റെ മനസ്സിലേക്ക് നിരന്തരം തിരിച്ചുവന്നുകൊണ്ടിരുന്നു. ഒരു യുവചിന്തകൻ എന്നനിലയിൽ അക്കാലത്തുതന്നെ അദ്ദേഹം അമൂർത്തമായ ആശയങ്ങളെ പ്രായോഗികമായി എങ്ങനെ കൂട്ടിവിളക്കണമെന്ന രാഷ്ട്രീയമായ ചോദ്യം ഉയർത്തിക്കഴിഞ്ഞിരുന്നു. അതിന്റെ വ്യക്തതയും അതേസമയം സന്ദേഹരഹിതമായി മാത്രം കാര്യങ്ങൾ അവതരിപ്പിക്കുന്നതിന്റെ ജനാധിപത്യ വിരുദ്ധതയും അദ്ദേഹം ഉൾക്കൊണ്ടിരുന്നു. ഇതിനോട് വിദൂര സാമ്യമെങ്കിലുമുള്ള നിലപാടുകളിലേക്ക് എത്താൻ എനിക്ക് പിന്നെയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരുന്നു.

പൗലോ ഫ്രെയർ, എം. ഗോവിന്ദൻ, ഫാദർ സെബാസ്റ്റ്യൻ കാപ്പൻ
പൗലോ ഫ്രെയർ, എം. ഗോവിന്ദൻ, ഫാദർ സെബാസ്റ്റ്യൻ കാപ്പൻ

ചർച്ച കഴിഞ്ഞ്​ ഞാൻ അദ്ദേഹത്തെ വീണ്ടും പരിചയപ്പെട്ടു. അര മണിക്കൂറോളം ആ കെട്ടിടത്തിനുമുന്നിൽ റോഡരുകിൽനിന്ന്​ അദ്ദേഹവുമായി സംസാരിച്ചു. പിന്നീട് അദ്ദേഹം നടന്ന ദിക്കിലേക്ക് ഞാനും ഞാനും എന്റെ സൈക്കിൾ ഉന്തി കൂടെ നടന്നു. അക്ഷരാർത്ഥത്തിൽ എനിക്ക് എങ്ങോട്ടും പോകാമായിരുന്ന കാലവും പ്രായവുമായിരുന്നു. എല്ലാ പോക്കുകളും ലക്ഷ്യരഹിതങ്ങളായിരുന്നു. ആ സായാഹ്നനടത്തത്തിൽ എന്റെ മനസ്സിൽ പതിഞ്ഞത് മൂന്നു പേരുകളായിരുന്നു. ആ പേരുകൾ എന്റെ ധൈഷണികചിന്തയിലേക്ക് കടന്നുവരാൻ പിന്നെയും ചില വർഷങ്ങൾ കൂടിയെടുത്തു എന്നതാണ്​ സത്യം. പൗലോ ഫ്രെയർ, എം. ഗോവിന്ദൻ, കാപ്പനച്ചൻ എന്നീ പേരുകളായിരുന്നു അത്. അതിൽ എം. ഗോവിന്ദനെ മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ. മാത്രമല്ല, അതിനു കുറച്ചുദിവസം മുൻപ് ആലപ്പുഴയിൽ നടന്ന ഒരു സമ്മേളനത്തിൽ ഗോവിന്ദൻ സംസാരിച്ചിരുന്നു. അതിന്റെ ഏറ്റവും വലിയ വിധിലോപമായി എനിക്ക് തോന്നിയത് ആ സമ്മേളനത്തിൽ ഒരു കലാലയ വിദ്യാർഥി മാത്രമായ ഞാനും സംസാരിച്ചിരുന്നു എന്നതാണ്. ജി. കുമാരപിള്ളയുടെ ‘ഓർമ്മയുടെ സുഗന്ധം' എന്ന പുസ്തകത്തിന് വയലാർ അവാർഡ് ലഭിച്ചതിന്റെ ബഹുമാനാർഥം നരസിംഹപുരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനമായിരുന്നു അത്.

ജി. കുമാരപിള്ള
ജി. കുമാരപിള്ള

കെ. എസ്. നാരായണപിള്ളയും കടമ്മനിട്ടയും എം. ഗോവിന്ദനും ഒക്കെ പങ്കെടുത്ത സമ്മേളനം. കുമാരപിള്ള സാറിനെ ദിവസവും മുല്ലക്കൽ അദ്ദേഹം നടക്കാനിറങ്ങുമ്പോൾ കാണുമായിരുന്നു. അതിന്റെ സ്‌നേഹംകൊണ്ട് എന്നെക്കൂടി അദ്ദേഹം നിർദ്ദേശിച്ചതായിരുന്നു. അതിന്റ സംഘാടകരിൽ ഒരാളായിരുന്ന കല്ലേലിൽ രാഘവൻപിള്ള സാർ സ്‌കൂളിൽ എന്റെ അദ്ധ്യാപകനുമായിരുന്നു. ഇസ്താക്ക് സാർ എം. ഗോവിന്ദനെക്കുറിച്ച് പറഞ്ഞ കുറുകിയ വചനങ്ങളിൽനിന്ന് ഗോവിന്ദനിലേക്ക് ഞാൻ തിരിച്ചുപോവുകയായിരുന്നു. ഗോവിന്ദനെ നേരിട്ട് കണ്ടിട്ടും കേട്ടിട്ടും തോന്നാതിരുന്ന അടുപ്പമാണ് സാറിന്റെ വാക്കുകളിൽനിന്ന് എനിക്ക് അനുഭവപ്പെട്ടത്. പൗലോ ഫ്രെയറിനെക്കുറിച്ചുള്ള ഒരു ചെറിയ ബുക്ക്​ലെറ്റും കുറച്ചുനാൾ കഴിഞ്ഞ്​ Pedagogy of the Oppressed എന്ന അദ്ദേഹത്തിന്റെ വിഖ്യാത പുസ്തകവും എനിക്ക് ഇസ്താക്ക് സാർ വായിക്കാൻ തന്നിട്ടുണ്ട്.

ഇത്തരമൊരു ഇസ്താക്ക് അനുഭവം അദ്ദേഹവുമായി അടുക്കാനും സംസാരിക്കാനും കഴിഞ്ഞിട്ടുള്ള ഓരോ വിദ്യാർത്ഥിയുടെയുംകൂടി അനുഭവമായിരിക്കും എന്ന് എനിക്കുറപ്പാണ്. അദ്ദേഹം എപ്പോഴും സ്വാതന്ത്ര്യത്തെ അടിസ്ഥാനപരമായി ധൈഷണിക- ദാർശനിക- ലാവണ്യ വീക്ഷണങ്ങളുടെ സമന്വയമായാണ് കണ്ടിരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ പരാമർശങ്ങൾ പലപ്പോഴും അക്കാലത്ത് പൗലോ ഫ്രെയറിൽനിന്നും ഗോവിന്ദനിൽനിന്നും കാപ്പനച്ചനിൽനിന്നുമൊക്കെ തുടങ്ങിയത്. കാപ്പനച്ചന്റെ Negotiations എന്ന മാസിക ഞാൻ ആദ്യം കാണുന്നതും ഇസ്താക്ക് സാറിന്റെ അടുത്താണ്. ഗോവിന്ദന്റെ സുപ്രസിദ്ധമായ ഗാന്ധി കവിതയുടെ ഇംഗ്ലീഷ് വിവർത്തനം അടിച്ചുവന്ന ലക്കമായിരുന്നു അത്. പിന്നീട് പലപ്പോഴും അദ്ദേഹവുമായി സംസാരിക്കുകയും സുഹൃത്തുക്കളുമൊത്തും അല്ലാതെയും അദ്ദേഹത്തെ വീട്ടിൽപോയി കാണുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ലിറ്ററേച്ചർമാസികയുടെ ചില ലക്കങ്ങൾ ആദ്യമായി എനിക്ക് കാണിച്ചുതരുന്നതും വായിക്കാൻ നല്കിയതും അദ്ദേഹമാണ് - എൺപതുകളിൽ. ദാർശനിക- രാഷ്ട്രീയ- സൗന്ദര്യശാസ്ത്രചിന്തകളുടെ ബഹളമയമായ ബഹുലധാരകളെ ഒഴിവാക്കി സൂക്ഷ്മതയുടെ ആഴങ്ങൾ അന്വേഷിച്ചു പോകുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അത്തരമൊരു സമീപനത്തിന്റെ വലിയ സൈദ്ധാന്തിക രേഖകൾ കൂട്ടിയോജിപ്പിക്കുന്ന ബൃഹത്തായ ധൈഷണിക പരിശ്രമങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. പക്ഷെ അതിന്റെ ചട്ടക്കൂട് സങ്കൽപ്പിച്ചുകൊണ്ട് മാത്രമേ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ സാകല്യത്തെ നമുക്ക് കണ്ടെത്തുവാൻ കഴിയുകയുള്ളൂ എന്നെനിക്ക് തോന്നിയിട്ടുണ്ട്. കേരള ചരിത്രത്തെക്കുറിച്ചായാലും ആധുനിക മലയാള സാഹിത്യത്തെക്കുറിച്ചായലും സമകാലിക രാഷ്ട്രീയത്തിന്റെ വിമർശനമായാലും ഈ സൂക്ഷ്മമായ വഴിയിലൂടെയാണ് അദ്ദേഹത്തിന്റെ ധിഷണ സഞ്ചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഗതാനുഗതികത്വത്തിന്റെ ക്ഷിപ്രമാർഗങ്ങൾ സ്വീകരിച്ചവർക്ക് ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത നിലപാടുകളിലും ഉൾക്കാഴ്ചകളിലും അദ്ദേഹത്തിന്റെ ചിന്തകൾ കയറിച്ചെന്നത്.

ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ ചില ലക്കങ്ങൾ
ഇന്ത്യൻ ലിറ്ററേച്ചർ മാസികയുടെ ചില ലക്കങ്ങൾ

പൗലോ ഫ്രെയറും കാപ്പനച്ചനും ആഗോളതലത്തിൽ അറിയപ്പെടുന്ന വിമോചന ദൈവശാസ്ത്ര ചിന്തകരായിരുന്നു. മാർക്‌സിസം, ജനാധിപത്യം, ബോധനരീതിശാസ്ത്രം എന്നിവയിൽ നവീനമായ പാതകൾ വെട്ടിത്തെളിക്കാൻ ശ്രമിച്ചവരായിരുന്നു. അധികാര വിമർശനത്തിന്റെ ജൈവികമായ ഒരു വിമോചനധാര അവരുടെ ചിന്തകളിൽ രൂഢമൂലമായിരുന്നു. അവരുമായുള്ള ധൈഷണിക സൗഭ്രാത്രം അന്നുതന്നെ ഇസ്താക്ക് സാറിനെ വ്യത്യസ്തമായി ചിന്തിക്കാനും സമകാലിക രാഷ്ട്രീയ- സാംസ്‌കാരിക പ്രശ്‌നങ്ങളിൽ പറ്റങ്ങളുടെ യാന്ത്രികമായ സമ്മതി നിർമ്മാണ ശൈലികൾക്ക് വഴങ്ങാതെ ഓരോ പ്രശ്‌നങ്ങളിലും സ്വന്തവും സ്വതന്ത്രവുമായ നൈതികനിഗമനങ്ങളിൽ എത്തിച്ചേരാനും കഴിവുറ്റ ചിന്തകനാക്കി മാറ്റിയിരുന്നു.

‘കേരളീയ നവോത്ഥാനം’ എന്ന ശീർഷകത്തിൽ വരുന്ന ലേഖനങ്ങൾ നോക്കുക. അത് തുടങ്ങുന്നത് ദലിത് സമുദായാംഗങ്ങളുടെ 19ാം നൂറ്റാണ്ടിലെ മതപരിവർത്തനത്തിന്റെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു മുഹൂർത്തത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ്. കേരളത്തിലെ പിൽക്കാല സാമൂഹികരൂപീകരണത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു ചരിത്ര ഇടപെടലായിരുന്നു മതപരിവർത്തനം. അത് പലരും കരുതുന്നതുപോലെ മതപരിവർത്തനത്തിൽമാത്രം ഒതുങ്ങിനിന്നില്ല. മതപരിവർത്തനം എന്നത്, അതിനോട് അനുകൂലമായും പ്രതികൂലമായുമുള്ള നിരവധി ആഖ്യാനങ്ങളിലൂടെ ഇന്ന് നവോത്ഥാനം എന്ന് വിളിക്കുന്ന സാമൂഹിക പ്രക്രിയയുടെ ഒരു പ്രധാന ചാലകമായി മാറുകയും, മതപരിവർത്തനത്തിന്റെ ചില അടിസ്ഥാന ഘടകങ്ങൾ ഇതേ പ്രക്രിയയുടെ സ്വഭാവംതന്നെ തീരുമാനിക്കുംവിധം ചരിത്രവിധായകമായിത്തീരുകയും ചെയ്തിരുന്നുവെന്നും ഓർമ്മിപ്പിക്കാനാണ് പാലാക്കുന്നേൽ വല്യച്ചന്റെ ‘നാളാഗമ'ത്തിൽനിന്ന് (Chronicle) ആ ഭാഗം ഇസ്താക്ക് എടുത്തുദ്ധരിക്കുന്നത്.

പള്ളികളിലും ആശ്രമങ്ങളിലും അവരുടെ സ്ഥാപനങ്ങളിലും നാളാഗമം എഴുതിത്തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. കർമ്മലീത്താ ആശ്രമത്തിലെ സന്യാസികൾ ആരംഭിച്ച നാളാഗമം എഴുത്ത് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് മതപരിവർത്തനത്തിന്റെ ഘട്ടത്തിൽ ഈ മാറ്റത്തെ സ്വന്തം സാമൂഹികസ്ഥാനം നിർവചിക്കുന്നതിന് ദലിത് സമുദായാംഗങ്ങൾ ഉപയോഗിക്കരുത് എന്ന കർശനമായ നിർദ്ദേശത്തോടെയാണ് എന്നതാണ്. സ്വന്തം കാര്ഷികാടിമത്തത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴിയായി സത്യമാർഗത്തെ കാണരുതെന്ന ഈ കരുതൽ സവർണ്ണ ക്രിസ്ത്യാനികൾക്കുവേണ്ടിയും കേരളത്തിലെ നമ്പൂതിരി- ശൂദ്ര സവർണ ഫ്യൂഡൽ വ്യവസ്ഥക്ക് വേണ്ടിയുമുള്ളതായിരുന്നു.

ഇസ്താക്ക് കാര്യമായി ചർച്ചചെയ്യുന്ന ഒരു ചിന്തകനും സാമൂഹിക പരിഷ്‌കർത്താവും അയ്യാ വൈകുണ്ഡരാണ്. കാരണം മതപരിവർത്തനം സൃഷ്ടിക്കുന്ന സങ്കീർണ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് ആദ്യമായി ആഴത്തിൽ ചിന്തിക്കുകയും സാമൂഹികപരിഹാരങ്ങളിലേക്ക് നീങ്ങുകയും അതിന്റെ പേരിൽ ഭരണകൂട പീഡനങ്ങൾക്കിരയാവുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു അയ്യാ വൈകുണ്ഡർ. വൈകുണ്ഡസ്വാമികളുടെ ഒരേസമയം ഫ്യൂഡൽ വിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ ദാർശനിക- രാഷ്ട്രീയ സമീപനം പിൽക്കാല കേരളചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ചു. യാഥാസ്ഥിതികമായ തിരുവിതാംകൂർ ഭരണകൂടത്തെ വെല്ലുവിളിക്കാനാണ് അവരുടെ പരദേവതയും തൃപ്പടിത്താനത്തിലൂടെ തിരുവിതാംകൂറിന്റെ ‘ഭരണാധികാരി'യുമായ ശ്രീപത്മനാഭനെ ഓർമിപ്പിക്കുന്ന വൈകുണ്ഡ സ്വാമികൾ എന്ന പേരുതന്നെ അയ്യാ വൈകുണ്ഡർ സ്വീകരിക്കുന്നത്. മുത്തുകുട്ടി എന്ന തന്റെ പൂർവ നാമധേയം ശൈവവിശ്വാസിയായ അദ്ദേഹം ഇതിനായി ഉപേക്ഷിക്കുന്നു. കൊളോണിയൽ ആധുനികതയുടെ കടന്നുവരവോടെ അഴുകാൻ തുടങ്ങിയ ഫ്യൂഡൽ വ്യവസ്ഥയുടെ സംരക്ഷകനായ സ്വാതിതിരുനാൾ രാജാവിനെ ‘അനന്തപുരിയിലെ നീചൻ' എന്ന് വിശേഷിപ്പിച്ച അയ്യാ വൈകുണ്ഡർ, അതെ ശിഥിലീകരണത്തിന് കാരണമായ കൊളോണിയൽ ആധുനികതയുടെ വക്താവായ വെള്ളക്കാരനായ റസിഡണ്ട് സായിപ്പിനെ ‘വെൺനീചൻ' എന്നാണ് വിളിച്ചത്. ഇതിനേക്കാൾ സൂക്ഷ്മമായി ആ കാലത്തിന്റെ കീഴാളസ്പന്ദത്തെ അടയാളപ്പെടുത്താൻ കഴിയില്ല. ഇസ്താക്ക് നവോത്ഥാനത്തെക്കുറിച്ചുള്ള തന്റെ തികച്ചും വ്യത്യസ്തമായ ചിന്തകൾ കൊളുത്തിയിട്ടിരിക്കുന്നത് ഈ ചരിത്രസന്ധിയുടെ സന്ദിഗ്ധതകളിലാണ്.

വൈകുണ്ഡസ്വാമിയുടേത് ഒരു ആഗോളദർശനമായിരുന്നു എന്നത് ഇസ്താക്ക് തിരിച്ചറിയുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെടുന്നതിനും ഒരു ദശാബ്ദം മുൻപാണ് അദ്ദേഹം ‘സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ചത് എന്നതിനേക്കാൾ പ്രാധാന്യമാണ് അതിന്റെ അംഗങ്ങളും നേതാക്കളും വക്താക്കളും ദലിത് സമുദായാംഗങ്ങൾ ആയിരുന്നുവെന്നത്. നേതൃത്വപരമായ സ്ഥാനങ്ങളിലേക്ക് ദലിതരെത്താതിരിക്കുന്ന സാമൂഹിക സാഹചര്യത്തെ സ്വന്തം രാഷ്ട്രീയം പ്രയോഗംകൊണ്ട് രണ്ടു നൂറ്റാണ്ടുകൾക്കപ്പുറംതന്നെ വൈകുണ്ഡ സ്വാമികൾ വെല്ലുവിളിക്കുകയും തകർക്കുകയു ചെയ്തു. അതുപോലെ ‘അമ്പുവഴി' (സ്‌നേഹമതം) എന്ന സാഹോദര്യ മതപ്രസ്ഥാനത്തിലൂടെ അയ്യാ വൈകുണ്ഡ സ്വാമികളും അദ്ദേഹത്തിന്റെ ശിഷ്യനായ തൈക്കാട് ആയ്യാവു ഗുരുക്കളും അദ്ദേഹത്തിന്റെ ശിഷ്യരായ ശ്രീനാരായണഗുരുവും ചട്ടമ്പി സ്വാമികളും സഞ്ചരിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതിന്റെ പ്രാധാന്യവും ഇസ്താക്ക് സാർ അതിന്റെ ചരിത്രപരമായ ആഴങ്ങളിൽ അറിയുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ ഒരു നിഗമനം തന്നെ ഇതാണ്: ‘വൈകുണ്ഡരുടെ ജീവിതത്തിലെ തന്ത്രപ്രധാനമായ വ്യതിയാനത്തിൽനിന്ന് ചരിത്രപാഠം ഉൾക്കൊണ്ടതുകൊണ്ടാണ് ചരിത്രത്തിലെ കോമാളിയാകാതെ നാരായണഗുരു ഇന്നും സജീവ സാന്നിദ്ധ്യമായി നിലനിൽക്കുന്നത്'. ഇത്രയും കൃത്യതയോടെ ചരിത്രത്തിലെ വിച്ഛേദങ്ങളെയും നൈരന്തര്യങ്ങളെയും കണ്ടെത്തുവാൻ കഴിയുക എന്നതും അത് ധീരമായി പറയുക എന്നതും ഇസ്താക്ക് സാറിന്റെ സമീപനത്തിലെതന്നെ ഒരു അടിസ്ഥാനരീതിയാണ്.

ശ്രീനാരായണ ഗുരു
ശ്രീനാരായണ ഗുരു

അദ്ദേഹത്തിന്റെ കേരളചരിത്രസംബന്ധിയായ രചനകളിൽ ശ്രീനാരായണ ഗുരു നിറഞ്ഞുനിൽക്കുന്നു എന്നത് ഒരു പക്ഷെ പലർക്കും ആശ്ചര്യകരമായി തോന്നാൻ ഇടയില്ല. പക്ഷെ അദ്ദേഹം വളരെ സൂക്ഷ്മമായി തുന്നിയെടുക്കാൻ ശ്രമിക്കുന്ന ചിത്രം ചരിത്രത്തിൽ ഗുരുവിന്റെ ഒറ്റപ്പെട്ട ഇടപെടൽ തീർക്കുന്ന വിസ്മയത്തെക്കുറിച്ചല്ല. അയ്യാ വൈകുണ്ഡർ, തൈക്കാട് അയ്യാവു ഗുരുക്കൾ, ശ്രീനാരായണഗുരു എന്ന ത്രിത്വത്തിന്റെ ദാർശനിക നൈരന്തര്യമാണ് തന്റെ ചരിത്രനിരീക്ഷണങ്ങളിലൂടെ ഇസ്താക്ക് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ദാർശനികചിന്തയിലായാലും കണ്ണാടി പ്രതിഷ്​ഠയിലോ അദൈവ പ്രതിഷ്ഠയിലോ മറ്റു സാമൂഹിക- രാഷ്ട്രീയ നിലപാടുകളിലോ ആവട്ടെ കേരളചരിത്രം ഈ ത്രിത്വത്തോട് എങ്ങനെ കടപ്പെട്ടിരിക്കുന്ന എന്ന അന്വേഷണമാണ് അദ്ദേഹത്തിന്റേത്. കേരള നവോത്ഥാനം എന്നൊരു സങ്കൽപനത്തെ ഇന്നുകാണുന്ന സ്ഥൂലമായ അർത്ഥത്തിൽ ഇസ്താക്ക് പിൻ പറ്റുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ല. അതിന്റെ ആത്മീയവും സാമൂഹികമായ യാതനകളെ അദ്ദേഹം കാണാതിരിക്കുന്നില്ല. അതിന്റെ മുറിവുകളെയും അതിൽനിന്ന് ഒഴുക്കുന്ന രക്തത്തേയും അദ്ദേഹം വിസ്മരിക്കുന്നില്ല. ഒരു ജനത സ്വയം എങ്ങനെ പരിവർത്തനപ്പെട്ടു, അതിനുള്ള നേതൃത്വം ചരിത്രത്തിൽ എങ്ങനെ രൂപപ്പെട്ടു എന്നതിന്റെ അനിവാര്യമായ സങ്കീർണ്ണതകളെ ഏതെങ്കിലും രാഷ്ട്രീയ സൗകര്യത്തിനുവേണ്ടി അദ്ദേഹം ലളിതമായി ആഖ്യാനവൽക്കരിക്കുന്നില്ല. അതിന്റെ അനിവാര്യമായ വൈരുധ്യങ്ങളിൽനിന്ന്, ചരിത്ര സംഘർഷങ്ങളിൽനിന്ന്, ഒളിച്ചോടുന്നില്ല.

ഇതേ സമീപനം തന്നെയാണ് അദ്ദേഹം എം ഗോവിന്ദൻ, ചെറിയാൻ കെ. ചെറിയാൻ. അയ്യപ്പപ്പണിക്കർ, എം. ഗംഗാധരൻ, കടമ്മനിട്ട തുടങ്ങിയ ആധുനിക ലാവണ്യ ദാർശനികതയുടെ വക്താക്കളെക്കുറിച്ച് ചിന്തിക്കുമ്പോഴും പ്രകടിപ്പിക്കുന്ന ജ്ഞാനധീരത. ‘മഹാമാതാവിന്റെ മരണവും പുനരുത്ഥാനവും' എന്ന തലക്കെട്ടുപോലും പ്രകടിപ്പിക്കുന്നത് വൈരുദ്ധ്യങ്ങളെ നേരിടാനുള്ള അസാമാന്യമായ ഉൾക്കരുത്താണ്. പിതാവിന്റെ പ്രിയപുത്രന്റെ ത്യാഗവും ഉയിർപ്പുമല്ല. മഹാമാതവിന്റെ ആത്മസംഘർഷമാണ്, ആധുനിക മുതലാളിത്തത്തിന്റെ ചില ചാലക പ്രക്രിയകളിലേക്ക് പൗരസ്ത്യന്റെ കണ്ണയക്കുമ്പോൾ അദ്ദേഹം കാണുന്നത്. സ്ഥൂലവും അതുകൊണ്ടുതന്നെ സമഗ്രാധിപത്യപരവുമായ ഒരു പ്രത്യയശാസ്ത്രത്തേയും പിന്തുടർന്നുകൊണ്ടല്ല ഇസ്താക്ക് തന്റെ രാഷ്ട്രീയ- ചരിത്ര- സൗന്ദര്യശാസ്ത്ര നിരീക്ഷണങ്ങൾ നിർവഹിച്ചത്. എന്നാൽ കാപ്പനച്ചനോടൊപ്പം മാർക്‌സിസവും ഗോവിന്ദനോടൊപ്പം അധികാര വിരുദ്ധരാഷ്ട്രീയവും, എം. ഗംഗാധരനോടൊപ്പം ലാവണ്യവാദവും അന്വേഷിച്ചതിന്റെ മുദ്രകൾ അദ്ദേഹത്തിന്റെ രചനകളിൽ കാണാൻ കഴിയും. അത് അദ്ദേഹത്തിന്റെ ചിന്തകളെ മൗലികവും സൈദ്ധാന്തികബദ്ധവുമാക്കിയിട്ടുണ്ട്. സ്വന്തമായ കണ്ണിലൂടെമാത്രം കേരളചരിത്രവും സാമൂഹിക ചലനങ്ങളും അന്വേഷിക്കുന്നതിന്റെ പരിമിതിയും ശക്തികളും തനിമയും അദ്ദേഹത്തിന്റെ ചരിത്രനിരീക്ഷണങ്ങളിലുമുണ്ട്. അദ്ദേഹത്തിന്റെ എല്ലാ നിഗമനങ്ങളോടും എനിക്ക് യോജിപ്പുണ്ടാവില്ല. ഞാൻ എഴുതിത്തുടങ്ങിയ കാലത്ത് അദ്ദേഹം അവയോടുള്ള തന്റെ വിയോജിപ്പുകളും യോജിപ്പുകളും സ്‌നേഹപൂർവ്വം പങ്കുവച്ചിട്ടുണ്ട്. ഉദാരമായ ഒരു പുഞ്ചിരികൊണ്ടുപോലും വിയോജിപ്പ് രേഖപ്പെടുത്താൻ കഴിയുന്ന അനുപമ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ചെറിയാൻ കെ. ചെറിയാൻ, അയ്യപ്പപ്പണിക്കർ, എം. ഗംഗാധരൻ, കടമ്മനിട്ട രാമകൃഷ്ണൻ
ചെറിയാൻ കെ. ചെറിയാൻ, അയ്യപ്പപ്പണിക്കർ, എം. ഗംഗാധരൻ, കടമ്മനിട്ട രാമകൃഷ്ണൻ

വ്യക്തിയും സമൂഹവും എന്ന അദ്വൈതത്തെ അതിനുള്ളിലെ വൈരുധ്യാത്മകതയെ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെ സ്വന്തം സാമൂഹിക ദർശനത്തിന്റെ അടിസ്ഥാനമാക്കുകയായിരുന്നു ഐ. ഇസ്താക്ക്. അതുകൊണ്ടുതന്നെ തന്റെ സക്രിയമായ ഇടപെടലുകളിലൂടെ ഐ. ഇസ്താക്ക് ഇവിടെ അവശേഷിപ്പിച്ചുപോയത് നമുക്ക് പഠിക്കാനുള്ള നൂതനമായ ഒരു രാഷ്ട്രീയ- ലാവണ്യ സംസ്‌കാരമാണ്. അതിലെ പൊരുത്തക്കേടുകളും സമന്വയങ്ങളും സജീവമായി ചർച്ചചെയ്യപ്പെടേണ്ടവയാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിക്കുക എന്നത് ഇന്നത്തെ കേരളസന്ദർഭത്തിൽ ഏറ്റവും ഉചിതവും അതീവ സംഗതവുമായ രാഷ്ട്രീയ- സാംസ്‌കാരിക പ്രവർത്തനമാണ്. എന്റെ പ്രിയ സുഹൃത്തും ഇസ്താക്ക് മാഷിന്റെ ആത്മസുഹൃത്തും സഹചാരിയും ധൈഷണിക പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ സഹകാരിയുമായിരുന്ന സെബാസ്റ്റ്യൻ വട്ടമറ്റമാണ് ഈ ഉദ്യമത്തിന്റെ ധൈഷണിക നേതൃത്വം ഏറ്റെടുതിരിക്കുന്നത്.

കാപ്പനച്ചന്റെ സമ്പൂർണ്ണ കൃതികൾ ഇംഗ്ലീഷിലും മലയാളത്തിലും പുറത്തുവരുന്നതിന്റെ പിന്നിലും വട്ടമറ്റം മാഷിന്റെ നിതാന്തമായ ഉത്സാഹവും അക്ഷീണമായ പരിശ്രമവുമാണുള്ളത്. നമ്മുടെ സാമൂഹിക ജീവിതത്തിന്റെയും ധൈഷണിക ജീവിതത്തിന്റെയും വ്യത്യസ്തമായ മനശാസ്ത്ര- നൈതിക-പാരിസ്ഥിതിക മാനങ്ങളെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണങ്ങളിലൂടെ സമകാലിക ചർച്ചകളിൽ അഗാധമായി ഇടപെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അത്തരം തിരക്കുകൾക്കിടയിലും കാപ്പനച്ചനും ഐ. ഇസ്താക്കുമൊക്കെ നമുക്ക് പകർന്നുതന്ന വെളിച്ചങ്ങൾ കെടാതെ സൂക്ഷിക്കുക എന്ന കർത്തവ്യം ഏറ്റവും ജാഗ്രതയോടെ നിർവഹിക്കുകയും അതിനു നമ്മെ സ്‌നേഹപൂർവ്വം പ്രേരിപ്പിക്കുകയും ചെയ്യുന്ന, ഈ സമാഹാരത്തിന്റെ എഡിറ്ററായ വട്ടമറ്റം മാഷേയും ഞാൻ ആത്മാർഥമായി അഭിനന്ദിക്കുന്നു.

(സെബാസ്റ്റ്യൻ വട്ടമറ്റം എഡിറ്റ് ചെയ്ത്​ പ്രസക്തി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഐ. ഇസ്താക്കിന്റെ സമാഹൃത കൃതികൾക്കുള്ള അവതാരിക)


Summary: സമഗ്രാധിപത്യപരമായ ഒരു പ്രത്യയശാസ്ത്രത്തേയും പിന്തുടർന്നുകൊണ്ടല്ല ഇസ്താക്ക് തന്റെ രാഷ്ട്രീയ- ചരിത്ര- സൗന്ദര്യശാസ്ത്ര നിരീക്ഷണങ്ങൾ നിർവഹിച്ചത്. എന്നാൽ കാപ്പനച്ചനോടൊപ്പം മാർക്‌സിസവും ഗോവിന്ദനോടൊപ്പം അധികാര വിരുദ്ധരാഷ്ട്രീയവും, എം. ഗംഗാധരനോടൊപ്പം ലാവണ്യവാദവും അന്വേഷിച്ചതിന്റെ മുദ്രകൾ അദ്ദേഹത്തിന്റെ രചനകളിൽ കാണാൻ കഴിയും.


ടി.ടി.​ ശ്രീകുമാർ

ഹൈദരാബാദ് ഇ.എഫ്.എൽ യൂണിവേഴ്‌സിറ്റിയിൽ കമ്യൂണിക്കേഷൻസ് ഡിപ്പാർട്ടുമെന്റിൽ പ്രൊഫസർ. രാഷ്ട്രീയ സൈദ്ധാന്തികനും എഴുത്തുകാരനും. ചരിത്രം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക ശാസ്ത്രം, സിവിൽ സമൂഹം, വികസനാനന്തര സമൂഹം, സാഹിത്യം എന്നീ മേഖലകളിൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. പുനർവായനകളിലെ മാർക്‌സിസം, വായനയും പ്രതിരോധവും, നവ സാമൂഹികത: ശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, സിവിൽ സമൂഹവും ഇടതുപക്ഷവും, ICTs & Development in India: Perspectives on the Rural Network Society തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments