ഖയാല്‍ കെസ്സ് കിസ്സ -11
ടിണ്ടിസ് തേടിയുള്ള രഹസ്യ യാത്രകള്‍
ത്വാഹാ നൂറെന്നും തന്നൂറെന്നും താനൂരിന് നാമങ്ങള്‍ പറഞ്ഞു കാണുന്നുണ്ട്. പല മധ്യകാല സാഹിത്യത്തിലും താനൂരിനെ പ്രകാശഭൂ എന്നും അവിടുത്തെ രാജാവിനെ പ്രകാശഭൂപാലന്‍ എന്നും പറയുന്നുണ്ട്. വെളിച്ചത്തിന്റെ ഈ രാജസ്വരൂപം, മലപ്പുറത്തെ നെടിയിരുപ്പ്, കോട്ടക്കല്‍, പരപ്പില്‍ സ്വരൂപങ്ങള്‍ക്കൊപ്പവും അവയെക്കാളേറെയും ചരിത്രം രചിച്ചു. പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ചാലിയം, കടലുണ്ടി, വള്ളിക്കുന്ന്, ബേപ്പൂര്‍ ഉള്‍ക്കൊള്ളുന്ന ഭൗമാതിര്‍ത്തി നോക്കിയാല്‍, മധ്യകാല ഭൂപടത്തില്‍ ഏറ്റവും തന്ത്രപ്രധാനമായ സ്വരൂപമാണ് താനൂര്‍. സാമൂതിരി സാമ്രാജ്യത്തെ ഉള്ളില്‍ നിന്നും പുറത്തുനിന്നും കുത്തിമലര്‍ത്താന്‍ ശ്രമിച്ച, പോര്‍ച്ചുഗീസുകാരോടും തിരു- കൊച്ചിയോടും ചേര്‍ന്ന് പകിട കളിച്ച താനൂര്‍ എന്ന വെട്ടത്തുനാട് രാജാക്കന്മാര്‍, അതേസമയം, കലയെയും സാഹിത്യത്തെയും ഏറെ പ്രോത്സാഹിപ്പിച്ചിരുന്നതും കാണാം.
എഴുത്തച്ഛന്റെ കാവ്യനിര്‍മാണവും വെട്ടത്തുനാട് വഴിയിലെ കഥകളിയും വെട്ടിത്തെളിച്ച താനൂര്‍ ദേശം, ആധുനിക കാലത്ത് വള്ളത്തോള്‍ നാരായണമേനോനും ജന്മം നല്‍കി. കൂട്ടത്തില്‍ പറയട്ടെ, താനൂരിന്റെ ഈ കടലോര കലണ്ടറിനെ വെട്ടിമാറ്റി മലപ്പുറത്തെ രണ്ടാക്കണമെന്ന ആവശ്യം, ഒരു ഇന്ത്യ-പാകിസ്ഥാന്‍ വിഭജനം പോലെ, മലപ്പുറത്തുകാരുടെ നെഞ്ചില്‍ കഠാര കയറ്റിയ കാമ്പയിന്‍, എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ അടുത്തകാലത്ത് ഏറ്റെടുത്ത് പരാജയപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ പോര്‍ച്ചുഗീസുകാരുടെ ആദ്യ കോളനികളിലൊന്നായ താനൂരില്‍, 1546-ല്‍ ഫ്രാന്‍സിസ് സേവിയര്‍ എന്ന പോര്‍ച്ചുഗീസ് പുണ്യാളന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ രാജാവിനെത്തന്നെ ക്രിസ്ത്യാനിറ്റിയിലേക്ക് മതം മാറ്റുകയും ചെയ്തു. പോര്‍ച്ചുഗീസ് ക്രൂരതകളുടെ സുന്നഹദോസില്‍ മുങ്ങി, കേരളത്തില്‍ നായര്‍, സുറിയാനി, മാപ്പിള വിഭാഗങ്ങള്‍, തങ്ങളുടെ ഗോത്ര വൈശിഷ്ട്യങ്ങളില്‍ നിന്ന് ജാതിപ്പോരിന്റെ ആധുനികതയിലേക്ക് പിച്ചവെച്ചത്, ബ്രിട്ടീഷ് കാലത്തു നടന്നതായി ഘോഷിക്കുന്ന നവോത്ഥാനത്തെപ്പറ്റിയുള്ള വാചകമടിക്കിടയില്‍, നാം മറന്നു പോകുന്ന കേരള ചരിത്രമാണ്. സാമൂതിരിയുടെ രാജവാഴ്ചയില്‍ നായര്‍ പടയും മുസ്ലിംകളുടെ നാവിക പടയും ഒന്നുചേര്‍ന്നു നയിച്ച പ്രതിരോധ യുദ്ധങ്ങള്‍, പില്‍ക്കാലത്ത് കൊടിയ സാമുദായിക സ്പര്‍ദ്ധയുടെ അകപ്പോരായി പരിവര്‍ത്തനം കൊണ്ടത്, പോര്‍ച്ചുഗീസുകാരുടെ കത്തോലിക്കാ മതത്തിന്റെ തന്ത്രവും കുതന്ത്രവും കൊണ്ടാണ്. താനൂര്‍ രാജാക്കന്മാരുടെ കൂറു വിട്ടുള്ള കൂടു മാറ്റങ്ങളാണ്, ചാലിയത്ത് കോട്ട പണിഞ്ഞ് അധിനിവേശ ചരിത്രത്തിന്റെ ആദ്യത്തെ പടി ചവിട്ടാന്‍ കൊളോണിയല്‍ ശക്തികള്‍ക്ക് അവസരം നല്‍കിയത് എന്ന നിലയിലും താനൂര്‍ ചരിത്രം നിര്‍മിച്ചു.
താനൂരിന്റെ ഈ ചരിത്രദൗത്യത്തിന്റെ കഥ പ്രപ്പുരാതനമായി നീളുന്നുണ്ട്. ആദം തൊട്ടുള്ള ആദ്യകാല മനുഷ്യരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായ താനൂരിനെപ്പറ്റി കേസരി മോഡല്‍ ഐതിഹ്യങ്ങളുണ്ട്. ആദമിന്റെ നാട് ഭാരതത്തിന്റെ ദക്ഷിണ ദേശമായ ശ്രീലങ്കയും അനുബന്ധമായി കിടന്ന തമിഴകവുമാണെന്ന് ശ്രുതിയുണ്ട്. ശ്രീലങ്കയിലെ ആദം മലയെ ബുദ്ധന്മാരും ഹിന്ദുക്കളും മുസ്ലിംകളും പുണ്യമായെണ്ണുന്നുണ്ട്. അവിടെ കാണുന്ന കാല്‍പാദത്തിന്റെ അടയാളം ആദമിന്റേതാണെന്ന് ആദം വാദികളും ശിവന്റേതാണെന്ന് ശൈവരും ബുദ്ധന്റേതാണെന്ന് ബുദ്ധയാനക്കാരും അവകാശമുന്നയിക്കുന്നു. ഇസ്രായേലില്‍ സുലൈമാന്‍ എന്ന സോളമന്‍ പണിത ദേവാലയം ജൂത, ക്രൈസ്തവ, മുസ്ലിം മതങ്ങള്‍ ഒന്നടങ്കം പുണ്യമായെണ്ണുന്നതു പോലെ. അപ്രകാരം തന്നെ, രാമേശ്വരത്ത് കാണുന്ന ഏതാനും പുരാതന ഖബറുകള്‍ ആദമിന്റെ മക്കളുടേതായി ഗണിച്ചു വിശ്വസിച്ചു പോരുന്നുണ്ട്. അങ്ങനെ ആദ്യകാല പ്രവാചകരായി എണ്ണുന്ന, മനുഷ്യരാശിയുടെ ആദ്യകാല ബോധോദയ മനുഷ്യരായി കണക്കാക്കാവുന്ന, ആദമും നോഹയുമെല്ലാം ദക്ഷിണ ഭാരതത്തിലായിരുന്നു ജന്മം കൊണ്ട് പ്രവര്‍ത്തിച്ചത് എന്ന മിത്തോളജിയും ഇങ്ങനെ ചരിത്രബോധം നിര്‍മിക്കുന്നു. ആ നിലയില്‍ പ്രളയം വരുംമുമ്പ് നൂഹ് എന്ന നോഹയുടെ പ്രവര്‍ത്തനമണ്ഡലം താനൂര്‍ ആയിരുന്നുവെന്നും, 'അടുപ്പില്‍ നിന്നുപോലും പ്രളയജലം കുത്തിയൊലിച്ചു' എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന പ്രളയകാലത്തെപ്പറ്റിയുള്ള പരാമര്‍ശവാക്യത്തില്‍ സൂചിപ്പിക്കുന്ന 'അത്ത ന്നൂര്‍' ദേശം താനൂര്‍ ആണെന്നും സംസാരമുണ്ട്. ആദമിന്റെ വംശാവലിയില്‍ പെട്ട തീത്ത്‌നബിയുടെ നാടെന്ന നിലയില്‍ ആണത്രേ താനൂര്‍ ത്വാഹാനൂര്‍ ആയിരുന്നത്.
അറബികള്‍ മധ്യകാലത്ത് ആദം മല ലക്ഷ്യമാക്കി തീര്‍ത്ഥാടനം നടത്തിപ്പോന്ന ചരിത്രം തുഹ്ഫത്തുല്‍ മുജാഹിദീന്‍ അടക്കമുള്ള ചരിത്രഗ്രന്ഥങ്ങള്‍ ഉന്നയിക്കുന്നു എന്നു മാത്രമല്ല, മാലിക്ക് ഇബ്‌നു ദീനാറും സംഘവും ആദം മല സന്ദര്‍ശിച്ചാണ് കേരളത്തില്‍ തങ്ങളുടെ ഇസ്ലാമിക പ്രചാരണ ദൗത്യത്തിന് എത്തിച്ചേര്‍ന്നത് എന്നും പറയപ്പെടുന്നു. ബുദ്ധന്റെ പാലിയിലുള്ള ഭാഷണങ്ങള്‍ ശ്രീലങ്കന്‍ ബുദ്ധിസ്റ്റുകളുടെ ഹീനയാനാക്രമത്തിലാണ് സൂക്ഷിക്കപ്പെട്ടത് എന്ന കാര്യവും, തമിഴ് വംശാവലിയുടെ ആദിമഭൂമി ശ്രീലങ്കയാണ് എന്ന വസ്തുതകളും വച്ചുനോക്കുമ്പോള്‍, ശ്രീലങ്കക്കും തമിഴകത്തിനും അതിന്റെ ഭാഗമായിരുന്ന മലയാളക്കരക്കുമുള്ള പുരാതനത്വം, പല നിലയില്‍ പുരാണങ്ങളും ഐതിഹ്യകഥകളും കേട്ടുകേള്‍വികളും പുണ്യ ഗ്രന്ഥങ്ങളും അടയാളപ്പെടുത്തുന്നതില്‍, പുരാവസ്തു ശാസ്ത്രത്തിന് കോപ്പുകള്‍ ഏറെയുണ്ട്. രാമന്‍ പൂജിച്ച രാമേശ്വരത്തെ ജ്യോതിര്‍ലിംഗവും ഹനുമാനും വാനരസേനയും നിര്‍മ്മിച്ച രാമസേതുവും ആധുനിക കാലത്ത് കടലെടുത്ത ധനുഷ്‌കോടി നഗരിയുമെല്ലാം ഒരു സര്‍ റിയലിസ്റ്റ് ഭാവനയില്‍ വിന്യാസം കൊണ്ടാല്‍, ദക്ഷിണപ്രദേശത്തിന്റെയും ദ്രാവിഡ ദേശത്തിന്റെയും ആദിമ പുരാവസ്തു ശാസ്ത്രാന്വേഷണങ്ങള്‍ക്കുള്ള ആദ്യ പടിയായി.
ആ വഴിയില്‍ താനൂരില്‍ എത്തുമ്പോള്‍, മുസിരിസ് കഴിഞ്ഞാല്‍ പൗരാണിക കപ്പലോട്ട കാലത്ത് പ്രാധാന്യം കൈവരിച്ചിരുന്ന തൊണ്ടി എന്ന ടിണ്ടിസ് താനൂര്‍ കേന്ദ്രീകരിച്ചായിരുന്നു നിലനിന്നത് എന്ന നിഗമനത്തെ മുന്‍നിര്‍ത്തി പുരാവസ്തു ഗവേഷകര്‍ ഇതിനകം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തഞ്ചാവൂര്‍ യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തുഗവേഷകനായ വി. ശെല്‍വകുമാറും സംഘവും തങ്ങളുടെ മുസ്രി പട്ടണം കണ്ടെത്തലിനു ശേഷം, ടിണ്ടിസ് തേടി നടത്തിപ്പോരുന്ന 'രഹസ്യയാത്രകളില്‍' ഈ ലേഖകനും ചിലപ്പോഴൊക്കെ പല നിലയില്‍ പങ്കുകൊണ്ടിരുന്നു. പൊന്നാനി മുതല്‍ കണ്ണൂര്‍ പഴയങ്ങാടി വരെ നീളുന്ന തീരദേശം മുസ്രിപ്പട്ടണ കാലത്തുതന്നെ, സമുദ്രയാന വാണിജ്യ ബന്ധങ്ങളില്‍ ഏറെ പ്രാധാന്യം കൈവരിച്ചിരുന്നു എന്ന വസ്തുതയുടെ പുരാവസ്തുത്തെളിവുകള്‍ അല്പാല്പമായി പുറത്തെത്താനും തുടങ്ങിയിട്ടുണ്ട്.
സാമൂതിരിയുടെ ആധുനികകാലം (മധ്യകാലം) വരും മുമ്പ് ഏഴിമല രാജവംശത്തിനു കീഴിലായിരുന്ന മലബാറില്‍, താനൂരും ചുറ്റുവട്ടങ്ങളും തുറമുഖപ്രദേശമായി വിലസിയ ചരിത്രങ്ങളാണിത്. താനൂരിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പുനോക്കിയാല്‍ തന്നെ, പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെയുള്ള അതിന്റെ ഭൗമാതിര്‍ത്തികളെ തിരിച്ചറിയാനാവും. പെരിപ്ലസ് ഓഫ് എരിത്രിയന്‍ സീ എന്ന പൗരാണിക ഗ്രീക്ക് രേഖയില്‍ മുസിരിസിന്റെ വടക്കു ഭാഗത്തായി 500 സ്റ്റേഡിയ (92 കിലോമീറ്റര്‍) അകലത്തില്‍ ടിണ്ടിസ് എന്ന തൊണ്ടിയെ രേഖപ്പെടുത്തുന്നുണ്ട്. ഇത് താനൂരും ചുറ്റുവട്ടവുമാണെന്നു കാണാം. പൊന്നാനി, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി, ചാലിയം, കടലുണ്ടി, വള്ളിക്കുന്ന്, ബേപ്പൂര്‍ വരെ നീളുന്ന ഈ തുറമുഖ തീരങ്ങളുടെ കേന്ദ്ര ഭരണപ്രദേശം എന്ന നിലയില്‍, വെട്ടത്തുനാട് എന്ന താനൂരിന് സ്ഥാനം ലഭിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ പ്ലീനി എല്‍ഡറും ചേരസാമ്രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ടിണ്ടിസിനെ പരാമര്‍ശിക്കുന്നു. ഈ ഭാഗങ്ങള്‍ കുരുമുളക് അടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും തേക്ക് ഉള്‍ക്കൊള്ളുന്ന വന്‍മരങ്ങളുടെയും മയിലും പുലിയും അടക്കമുള്ള വന്യമൃഗങ്ങളുടെയും സുലഭപ്രദേശങ്ങള്‍ എന്ന നിലയിലാണ്, പൗരാണിക വാണിജ്യ ഭൂപടത്തില്‍, ഈജിപ്തിലെ ബെര്‍ണിക്കക്കും തെക്കന്‍ അറേബ്യയിലെ യമനുമൊപ്പം കേരള തീരങ്ങളും സ്ഥാനം നേടുന്നത്. ഭാരതവര്‍ഷത്തില്‍നിന്ന് തുലോം വ്യതിരിക്തമായ, കേരളത്തിന്റെ കോസ്‌മോപൊളിറ്റനായ അസ്തിത്വത്തിന്റെ പടിഞ്ഞാറന്‍ ആഭിമുഖ്യങ്ങള്‍ക്കും ആധുനികതക്കും ഇപ്രകാരം പുരാതനമായ വേരുകളുണ്ടെന്നും, സമകാലീന 'ഹിന്ദുത്വ'ത്തിന്റെ പോപ്പുലിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതിരോധ സൈറ്റ് ആയി കേരളം മാറിത്തീരുന്നത് ഈ നിലയിലാണെന്നും നമുക്ക് 'സമാധാനങ്ങള്‍' നിര്‍മിക്കാം, 'സാധൂകരണം' പണിയാം.
അതോടൊപ്പം, താനൂരും തിരൂരുമടങ്ങുന്ന പ്രദേശങ്ങള്‍ പുരാവസ്തു ഗവേഷണ പ്രാധാന്യമുള്ള പ്രദേശങ്ങളായിരിക്കെത്തന്നെ, മലപ്പുറത്തിന്റെ മതനിരപേക്ഷ ജീവിതത്തിന്റെ മുറിവായും വര്‍ത്തിക്കുന്നുണ്ട്. മലപ്പുറത്തെ ഹിന്ദു- മുസ്ലിം വര്‍ഗീയതക്ക് ഈ പ്രദേശങ്ങള്‍ ഏറെ വളക്കൂറുകള്‍ നല്‍കുന്നു എന്ന കാര്യം വിസ്മരിച്ചുകൂടാ. താനൂരും തിരൂരും പല കാലങ്ങളില്‍ ആവര്‍ത്തിച്ച വര്‍ഗീയ കൊലകളും കലാപങ്ങളും, ബേപ്പൂരിലെ മാറാടോളം നീളുന്ന ഒരു ഇരുണ്ട രാശി തീര്‍ക്കുന്നുണ്ട്. മനുഷ്യരുടെ മനഃശാസ്ത്രത്തില്‍ മതപരവും വര്‍ഗീയവുമായ ചേരിതിരിവായി രൂഢമൂലമായിത്തീരുന്ന ശേഷിപ്പുകള്‍, ഒരുപക്ഷേ പ്രദേശചരിത്രത്തെ ശരിയായ നിലയില്‍ അടയാളപ്പെടുത്തുന്നതില്‍, കേരള ചരിത്രരചനയുടെ പരാജയം കൊണ്ടുകൂടി സംഭവിച്ചതാണ് എന്നും നിരൂപിക്കാം.
പ്രത്യേകിച്ചും പോര്‍ച്ചുഗീസ് തന്ത്രങ്ങളുടെയും കൗര്യങ്ങളുടെയും പരീക്ഷണഭൂമിയായ ഈ പ്രദേശങ്ങളുടെ പില്‍ക്കാല മനഃശാസ്ത്രഭൂമിക രൂപപ്പെടുന്നതില്‍, അത്തരം കാര്യങ്ങള്‍ വഹിച്ച പങ്കുകളും മനസ്സിലാക്കപ്പെടണം. പുരാവസ്തു ഗവേഷണവും ചരിത്രപഠനവും സാമൂഹികാഭിമുഖ്യമുള്ളതും രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നതുമായിരിക്കേണ്ട ആവശ്യത്തിലേക്കും ഇതു വിരല്‍ ചൂണ്ടുന്നു. മുസിരി പട്ടണം ഗവേഷണങ്ങള്‍, ആലപ്പുഴയുടെ ആധുനികതയിലേക്കും ടൂറിസ്റ്റ് വ്യാമോഹങ്ങളിലേക്കും നീട്ടാതെ, ടിണ്ടിസും നോറയും അടങ്ങുന്ന മലബാര്‍ തീരത്തേക്ക് നീക്കുവാനുള്ള ചരിത്രബോധം, ഇടതുപക്ഷ സര്‍ക്കാരെങ്കിലും കാണിക്കേണ്ടതാണ്. കെ. പി. ഷാജനും വി. ശെല്‍വകുമാറും പി. ജെ. ചെറിയാനും ഭൗമശാസ്ത്ര പഠനങ്ങളിലും പുരാവസ്തു ഗവേഷണങ്ങളിലും കാണിച്ചുപോരുന്ന നിതാന്ത ശ്രദ്ധയും ഏകാന്തമായ സപര്യയും അക്കാദമികമായ മാതൃകകളും അവഗണിച്ചു തള്ളാതെ, കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങള്‍, കൂടുതല്‍ സാമൂഹ്യബോധത്തോടെയും ചരിത്ര പ്രതിബദ്ധതയോടെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റ അനിവാര്യതകളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
പട്ടണം ഗവേഷണങ്ങളെ പാതിയില്‍ മുക്കിക്കൊല്ലാന്‍ ബി.ജെ.പി സര്‍ക്കാറും ഇടതുപക്ഷവും കൈകോര്‍ത്ത വൈചിത്ര്യങ്ങള്‍ പല ചിന്തകളിലേക്കും ബുദ്ധിജീവിതങ്ങളെ നയിക്കേണ്ടതാണ്. പണവും ഖജാനാവിന്റെ നിറവും ലക്ഷ്യം വച്ചുള്ള ടൂറിസ്റ്റ് പ്രയോഗങ്ങള്‍ക്കും, മന്ത്രിമാരുടെ തലതെറിച്ച ഹീറോയിസത്തിനും ചരിത്രത്തെ പണയം കൊടുക്കാതെ, ഇടതുപക്ഷ ജാഗ്രതയെ തിരിച്ചുപിടിക്കേണ്ടത് കേരളത്തിന്റെ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ അനിവാര്യ മുഹൂര്‍ത്തമാണ്. കേരളത്തിന്റെ ബുദ്ധിസ്റ്റ് ഭൂതകാലത്തെ പോലും പരിഗണനക്കെടുക്കാത്ത ഇ.എം.എസിന്റെ പരശുരാമ ഐതിഹ്യം തൊട്ടുള്ള ചരിത്ര വായനകളുടെ ലളിതവല്‍ക്കരണങ്ങളില്‍ നിന്ന് മുന്നോട്ടുപോകേണ്ടതും, മധ്യകാല രാഷ്ട്രീയ രൂപീകരണങ്ങളുടെ സവര്‍ണ്ണ സുഖാ ലസ്യത്തില്‍ കഴിയുന്ന അക്കാദമിക ചരിത്ര രചനയുടെ വാര്യര്‍- ഗുരുക്കളാദി വായനകളെ മറികടക്കേണ്ടതും, കേരള ചരിത്രവും പുരാവസ്തു ഗവേഷണവും രാഷ്ട്രീയ വര്‍ത്തമാനവും ആവശ്യപ്പെടുന്ന അടിയന്തിര നിമിഷങ്ങളത്രെ.