ഉസ്മാൻ മൊല്ലാക്കയുടെ തൗബ

എന്റെ ഓർമയെഴുത്തിലെ ഒരധ്യായമാണിത്. നാട്ടുചരിത്രവും വിശ്വാസങ്ങളും പാഠ വ്യവഹാരങ്ങളും കൂടിക്കുഴയുന്നത്. ഇന്നു തൗബ ചൊല്ലൽ ഒരു ചടങ്ങല്ല. കാലം ഏറെ പുരോഗമിച്ചു. റംസാനിലെ മത പ്രസംഗങ്ങൾ പോലെ, മലബാറിലെ മുസ്‌ലിം സമുദായത്തിൽ സജീവമായ ഒന്നായിരുന്നു ദൈവത്തിലേക്കുള്ള ഈ ഖേദിച്ചുമടങ്ങൽ. വറുതിയുടെ ഒരു ഫ്യൂഡൽ സമൂഹത്തിൽ ഒരു മത സമുദായം അനുവർത്തിച്ചുപോന്ന അതിന്റെ വിശ്വാസാചാരങ്ങളുടെയും പൗരോഹിത്യ അതിജീവനത്തിന്റെയുമൊക്കെ അടയാളങ്ങൾ. അതിലൊന്നായിരുന്നു തൗബ ചൊല്ലലും. ഒരു മത സമൂഹത്തിന്റെ പ്രദേശികമായ കാർണിവൽ പോലെ.

നോമ്പ് അവസാനത്തെ പത്തിലാണ് തൗബയുടെ ദിനങ്ങൾ.
തൗബ എന്നു പറഞ്ഞാൽ ദൈവത്തിലേയ്ക്ക് "ഖേദിച്ചു മടങ്ങുക' എന്നർത്ഥമേയുള്ളൂ. മലബാറിൽ അങ്ങോളമിങ്ങോളം മുസ്‌ലിംങ്ങൾക്കിടയിൽ, റംസാൻ കാലത്ത് നിലനിന്നിരുന്ന അനുഷ്ഠാന സമാനമായ ഒന്നായിരുന്നു അത്. എന്നാൽ അത്, റാത്തിബിനെപ്പോലെയോ കുത്തു റാത്തീബിനെപ്പോലെയോ ഒരു അനുഷ്ഠാനമല്ല.

ഞങ്ങളുടെ മദ്രസയിലെ പല ഉസ്താദുമാരും ഇക്കാലത്ത് വീടുകളിൽ പോയി തൗബ ചൊല്ലിയിരുന്നു. ആലിക്കുട്ടി മൊല്ല, കുഞ്ഞാലി മുസ്‌ലിയാർ... അങ്ങനെ പലരും. എന്നാൽ ഇക്കാര്യത്തിൽ ഉസ്മാൻ മൊല്ലാക്കയോളം സ്വീകാര്യത മാറ്റാർക്കുമുണ്ടായിരുന്നില്ല. പേടി, ബേജാർ, അപസ്മാരം തുടങ്ങിയ രോഗ ശമനത്തിനും ഗർഭിണികൾക്കുള്ള സുരക്ഷയുമൊക്കെയായി "വ(ഒ)റക്കെഴുതി കുടിക്കുക' എന്നൊരു പതിവ് അന്നുണ്ട്. (പിഞ്ഞാണത്തിൽ ഒരുതരം മരുന്നുമഷി കൊണ്ട് "ഖലം' എന്ന ഒരുതരം മരപ്പേന കൊണ്ട് എഴുതുന്നത് /വസിയെഴുത്ത്) ഇലയിലും വറക്കെഴുതാറുണ്ട്.

ഇല എന്ന പദത്തിനു അറബിയിൽ വറഖ് എന്നാണ്. ഇലയിലായിരിക്കാം ഈ ചികിത്സാമുറ ആദ്യം തുടങ്ങിയിട്ടുണ്ടാവുക.അറബി അക്ഷരങ്ങൾ, വാക്കുകൾ, ഇടക്ക് അറബിമലയാളം ഒക്കെ കൂട്ടിച്ചേർത്തുള്ള ഈ മന്ത്രമെഴുത്ത് മനോഹരമായ കാലിഗ്രഫിയെ ഓർമിപ്പിക്കും. എന്തെങ്കിലും രോഗം വരുമ്പോൾ, "ഇസ്മാനെ (ഉസ്മാൻ പ്രദേശിക പറച്ചിലിൽ ഇസ്മാൻ ആകാറുണ്ട്) ക്കൊണ്ട് ഒരു "ഒറക്കെഴുതി കുടിച്ചാൽ മതി 'എന്നു പഴമക്കാർ പറഞ്ഞു. അതുകൊണ്ടുതന്നെ, ഉസ്മാൻ മൊല്ലാക്കയുടെ ക്ലാസ് മുറിയിലെ മേശക്കുമേൽ എപ്പോഴും ഉണ്ടാവും, ഒറക്കെഴുത്തിന് കൊണ്ടുവന്നുവെച്ച വസികൾ/പൊട്ടുന്ന ചെെനീസ് പിഞ്ഞാണങ്ങൾ. ക്ലാസ്സ് നടക്കുമ്പോഴും ചിലയാളുകൾ വസിയുമായി വരാറുണ്ട്.

അവസാനത്തെ പത്തായാൽ പിന്നെ മൊല്ലാക്കക്ക് നല്ല തിരക്കായി. എല്ലാ വീടുകളിലുമെത്തി തൗബ ചൊല്ലൽ അത്ര എളുപ്പമല്ല. ആയതിനാൽ, ഒരു ക്ലസ്റ്റർ പോലെ അങ്ങേര് അത് ഏർപ്പാടാക്കും. അതിലൊന്ന് എന്റെ വീടാണ്. ചുറ്റുമുള്ള പെണ്ണുങ്ങളും അവരുടെ തുണിക്കോന്തല പിടിച്ചു കുട്ടികളും തൗബക്കെത്തും. കറുപ്പ് സൂപ്പും പച്ചക്കാച്ചിയുമായിരിക്കും പെണ്ണുങ്ങളുടെ വേഷം. കോന്തലയിൽ ചില്ലറ നാണയങ്ങൾ ഉണ്ടാവും. അമ്പത് പൈസ, ഒറ്റരൂപ എന്നിങ്ങനെ. ഒറ്റക്കാശിന്റെ നാണയം മുതൽ ഓട്ടമുക്കാൽ വരെ അവരുടെയടുത്ത് കാണും.

എല്ലാരും ഭക്തി സാന്ദ്രമായ മൂഡിലാണ്. പടച്ചോനോട് കൂടുതൽ അടുക്കണം. ഉസ്മാൻ മൊല്ലയെ കാത്തുനിൽക്കുകയാണ് എല്ലാരും. പഠിക്കാത്ത കുട്ടികളോടും മദ്രസയിൽ വരാൻ മടികാണിക്കുന്ന കുട്ടികളോടും മൊല്ലാക്കക്ക് പ്രത്യേക ശിക്ഷാമുറകളുണ്ട്. അതൊഴിച്ചാൽ, എല്ലാവരോടും ചിരിച്ചുകൊണ്ടുള്ള പെരുമാറ്റവും ചുറുചുറുക്കുള്ള വർത്തമാനവും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഏതു പ്രതികൂല ചുറ്റുപാടിലും ജീവിക്കാനുള്ള അദ്ദേഹത്തിന്റെ സാമർഥ്യം വലുതാണ്. അദ്ദേഹത്തിനു മനുഷ്യ സമ്പർക്കത്തിൽ പ്രത്യേകമായ ഒരു സമ്പദ്ശാസ്ത്രം തന്നെയുണ്ടെന്നു അക്കാലത്ത് തന്നെ എനിയ്ക്ക് തോന്നാറുണ്ട്. മൊല്ലാക്കയുടെ പൊതു സ്വീകാര്യതയും മറ്റൊന്നുകൊണ്ടല്ല. അദ്ദേഹത്തെ കാണാൻ നല്ല ഭംഗിയാണ്. കോഴിയിറച്ചിയോട് ഭയങ്കര പ്രിയമായിരുന്നു. അതുകൊണ്ടാവണം, അന്നുതൊട്ടുതന്നെ അദ്ദേഹത്തിന് പ്രമേഹമുണ്ട്. ഞാനാദ്യം ആ രോഗത്തെ കുറിച്ചു കേൾക്കുന്നത് തന്നെ അദ്ദേഹത്തെ പ്രതിയാണ്. ഷുഗർ എന്നൊന്നും അന്ന് ആരും അതിനെ പറയാറില്ല.

തൗബ കഴിഞ്ഞാൽ പെണ്ണുങ്ങളിൽനിന്ന്​ നാണയങ്ങൾ പിരിക്കുന്ന ജോലി എന്റേതാണ്. അതുകൊണ്ട് ബാലനായ ഞാനും അന്നേദിവസം ഒരു ചെറുതാരമാണ്.

അങ്ങനെ, ഉസ്മാൻ മൊല്ല എത്തുന്നു, കാലൻകുടയും ചൂടി സർവസന്നാ ഹങ്ങളോടെ വന്നു വീട്ടിൽ കേറിയ ഉടനെ അദ്ദേഹം ചോദിക്കും: ""കുഞ്ഞീത്താത്തേ, തൊടങ്ങല്ലേ'' (കുഞ്ഞിബി എന്ന പേരിനെ സ്‌നേഹപൂർവ്വം അന്ന് ആളുകൾ വിളിച്ചിരുന്നത് അങ്ങനെയാണ്).
മൊല്ലാക്കയുടെ പറച്ചിൽ കേട്ടാലറിയാം, നോമ്പുതുറയ്​ക്കുമുമ്പ് തൗബ പലയിടത്തും പെരുമാറാനുണ്ടെന്ന്.

തൗബ ബയ്ത്തുകൾ അടങ്ങിയ പുസ്തകം

എല്ലാരും റെഡി. പിൻഡ്രോപ്പ് സൈലൻസ്. തൗബ ചെല്ലുമ്പോൾ പാലിക്കേണ്ട മര്യാദകൾ ആദ്യം മൊല്ലാക്ക പറയും. ഒന്ന്, ചെയ്തു പോന്ന ദോഷങ്ങളെത്തോട്ടുള്ള ഖേദിക്കൽ. രണ്ട്, ചെയ്തുവരുന്ന ദോഷങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കൽ. മൂന്ന്, മേലിൽ ദോഷം ചെയ്യില്ലെന്ന് കരുതണം. നാല്, കൊടുത്തുവീട്ടാനുള്ള ഹഖ്(കടബാധ്യത) കൊടുത്തുവീട്ടാൻ കരുതണം.
ഇത് പ്രഖ്യാപിച്ച്​ തൗബ തുടങ്ങുകയാണെന്നറിയിക്കും. അപ്പോഴേക്കും സ്ത്രീകൾ മുഖം മറച്ചു പിടിക്കയോ പരമാവധി ഉള്ളിലേയ്ക്ക് വലിഞ്ഞു നിൽക്കുകയോ ചെയ്തിരിക്കും.
""അസ്തഇഫിറള്ളാഹൽ അളീം..'' എന്ന ദിക്ർ - മന്ത്രം - ചൊല്ലിയാരംഭിക്കും. അല്ലാഹുവേ നിന്നോട് പൊറുക്കലിനെ തേടുന്നു എന്നാണർത്ഥം.

കേരളത്തിലെമ്പാടും ചൊല്ലിയ ഈ തൗബക്ക് ഒരൊറ്റ ഗ്രന്ഥമാണുള്ളത്. അറബിമലയാളത്തിൽ എഴുതപ്പെട്ട മനോഹരമായ ഒന്ന്. അതിന്റെ ഭാഷ അതീവലളിതവും. ഭക്തരും ദൈവവും തമ്മിലുള്ള ഒരു സ്‌നേഹസംവാദം പോലെ ഏറെ വിനയാന്വിതമായ ഒരു ഭാഷയാണതിന്. ഏറെ ആർദ്രമാണ് അതിന്റെ ചൊല്ലും കാഴ്ചയും. ഈ തൗബ എഴുതിയുണ്ടാക്കിയത് ആരാണെന്നറിയില്ല. അറബിമലയാളത്തിന്റെ സുവർണ ദശയിൽ എഴുതപ്പെട്ട ഒന്നാണ് ഈ ടെക്​സ്​റ്റ്​. മതവിജ്ഞാനീയങ്ങളെക്കുറിച്ചുള്ള ആയിരക്കണക്കിന് വ്യവഹാരങ്ങളിൽ ഒന്ന്:
"യാ അയ്യുഹല്ലദീന ആമനൂ തൂബൂ ഇലല്ലാഹി തൗബതൻ നസൂഹാ...
ഞങ്ങളുടെ തമ്പുരാനേ!
ഞങ്ങൾ നിന്നോട് അറിഞ്ഞു ചെയ്ത ദോഷത്തെ തൊട്ടും അറിയാതെ ചെയ്ത ദോഷത്തെത്തൊട്ടും മറച്ചു ചെയ്ത ദോഷത്തെത്തൊട്ടും പരസ്യമായി ചെയ്ത ദോഷത്തെത്തൊട്ടും എല്ലാ വൻദോഷത്തിനെ തൊട്ടും എല്ലാ ചെറു ദോഷത്തിനെത്തൊട്ടും ഞങ്ങൾ എല്ലാരും നിന്നോട് ഖേദിച്ചു പേടിച്ചു മടങ്ങുന്നു തമ്പുരാനേ...
നിന്റെ കൃപ കൊണ്ടും നിന്റെ മുഹമ്മദ് ബേദാമ്പർ തങ്ങളുടെ ബർക്കത്ത് കൊണ്ടും നീ ജഹന്നമെന്ന നരകത്തിനെതൊട്ടു ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ...'

ചൊല്ലി തുടങ്ങുന്നതോടെ മനുഷ്യരുടെ മുഖം കൂടുതൽ കുനിഞ്ഞു തുടങ്ങും. ഹൃദയങ്ങൾ വിതുമ്പി തുടങ്ങും. ഓരോ ഘട്ടം പിന്നിടുമ്പോഴും ഉസ്മാൻ മൊല്ലായ്ക്കയുടെ ശബ്ദത്തിനു പകർച്ചകൾ... ആ പകർച്ചകളിലാണ് ഏറ്റു ചൊല്ലുന്ന ഭക്തരുടെ ഹൃദയവായ്പ് കൂടുക. ഹൃദയങ്ങൾ ആദ്യം ഭാരം തൂങ്ങും. പിന്നെ സാവധാനം ഭാരമുക്തമാവും. കണ്ണ് നിറയും. എന്നാൽ അലമുറയില്ല. ഏറെ മൗനമുദ്രിതമായ സൗമ്യ ഭാഷയിൽ അതങ്ങനെ ആരോഹണ അവരോ ഹണങ്ങൾ തീർക്കും.
തൗബ കഴിയുമ്പോഴേക്ക് ദുരന്ത നാടക സങ്കൽപ്പങ്ങളിൽ സംഭവിക്കുംപോലെ ഒരു ആത്മശുദ്ധീകരണം (purgation) സംഭവിക്കുന്നു. കണ്ണും ഹൃദയവും സജലങ്ങളാവുന്നു. പിന്നെ, ഉളിലേയ്ക്ക് തുറക്കുന്ന ഒരഗാധ മൗനമാണ്.

ദൈവത്തെയും പ്രവാചകനെയും അനുസ്മരിച്ചുകൊണ്ടാണ് തൗബ അവസാനിക്കുന്നത്. അര മണിക്കൂറിലധികം എടുക്കും അതിന്റെ ചൊല്ല്.

തൗബ ചൊല്ലി ഒരു പ്രാർത്ഥനയുണ്ട്. അതോടെ ഉസ്മാൻമൊല്ല പഴയ ആളായി. മുഖത്ത് പ്രസാദം. ചിരി.
""ന്നാപ്പിന്നെ ഇസ്മാൻ അങ്ങു എറങ്ങട്ടെ.''തൗബയുടെ കാശ് കിട്ടാനുളള ഒരു ബെല്ലാണത്.

അപ്പോഴേക്കും എന്റെ ദൗത്യം ഞാൻ നടത്തിയിരിക്കും. എല്ലാവരും കോന്തലയഴിച്ചു ഭക്തിയോടെ വെച്ച കാലണയുടെയും അമ്പതു പൈസയുടെയും ഒരു രൂപയുടെയും നാണയത്തുട്ടുകൾ ഉമ്മ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ടാവും. കോന്തലകളിൽ കിടന്നു ഞെരുങ്ങി വല്ലാതെ മുഷിഞ്ഞു തളർന്നവ. എണ്ണിത്തീരുമ്പോൾ 15 മുതൽ 20 രൂപ വരെ കണ്ടേക്കും.
ക്യാഷ് കിട്ടിയത് ഉമ്മയാണ് കൈമാറുക.

അപ്പൊ ഉസ്മാൻ മൊല്ലാക്കയുടെ ഒരു കമന്റ് ഉണ്ട്,""അല്ല... ച്ചറിയാം മോസാവൂല.. കുഞ്ഞി താത്താന്റെ അഹ്‌ലുകാരല്ലേ...''

കാലൻ കുട വിടർത്തി, മൂട്ടിയ ആ ജുബ്ബ ഒന്ന് നേരെയാക്കി, കിട്ടിയ കാശ് വല്ലാത്ത അമോദത്തോടെ ജുബ്ബായുടെ സൈഡ്കാപ്പയിൽ നിക്ഷേപിച്ചു, തോളിലൂടെയിട്ട ഓയിൽമുണ്ട് ഒന്ന് എടുത്ത് കുടഞ്ഞ് ആരോഗ്യമുള്ള ആ ശരീരം നിറചിരിയുമായി പടിയിറങ്ങും.
മുറ്റത്തുനിന്നും ഒതുക്കല്ല് ചവിട്ടി ചെറുകുന്ന് കയറിപ്പോകുമ്പോൾ സ്ത്രീകളിൽ പലരും ഭകത്യാദരപൂർവമായ ഒരു മുഹബ്ബത്തോടെ മൊല്ലാക്കയുടെ മടക്കം നോക്കി നിൽക്കും.

അതോടെ വല്ലാത്ത ഒരു ശൂന്യത മനസ്സിലേക്കിഴച്ചു കയറും. അടുത്ത തൗബക്ക് ഇനിയും ഒരു കൊല്ലം കാത്തിരിക്കേണ്ടേ?ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments