വെള്ളിത്തിരയിൽ എഴുതിക്കാണിക്കുന്ന ചില പേരുകൾ അത്രമേൽ പ്രിയപ്പെട്ടവയായിരുന്നു ഒരു കാലത്ത്. പ്രിയപ്പെട്ട താരനിര; കൂടാതെ, സ്റ്റണ്ട് - ത്യാഗരാജൻ, ഗാനങ്ങൾ - ഒ.എൻ.വി, ശ്രീകുമാരൻ തമ്പി, യൂസഫലി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിങ്ങനെ.
സംഗീതം- ദേവരാജൻ, സലിൽ ചൗധരി, ഗായിക- വാണിജയറാം അങ്ങനെ പോകുന്നു മറ്റൊരു നിര. ആർ.കെ. ശേഖർ എന്ന പേര് അന്നൊന്നും മനസ്സിൽ കേറിയിരുന്നില്ല. ഏറെ നാളുകൾക്കു ശേഷമാണ് ആ പേര് താജ്മഹൽ പോലെ ഹൃദയത്തിൽ ഇടം കൊണ്ടത്. പ്രായത്തിന്റെയും കാലത്തിന്റെയും കുതിപ്പ് പല രീതിയിലാണല്ലോ. യുദ്ധഭൂമി എന്ന സിനിമ വന്നു. പ്രായത്തെ ഇളക്കുന്ന പേര്. ക്രോസ് ബെൽറ്റ് മണി അന്ന് ഞങ്ങൾ ‘വാനരക്കൂട്ട’ത്തിന്റെ ഒന്നാംനിര സംവിധായകരിൽ ഒരാൾ. വിൻസെന്റ് ഉള്ള പടങ്ങൾ ഒഴിവാക്കാറില്ല. അടിപ്പടങ്ങൾ അത്ര പുണ്യപ്പെട്ടവയായിരുന്നു, അക്കാലത്തിന്.
വിൻസെന്റ് അന്ന് മലയാള സിനിമയിൽ പുതുതായെത്തിയ ‘അടി മന്നൻ’ ആയിരുന്നു. യുദ്ധഭൂമി എന്ന പേരും വിൻസെന്റും ഒന്നിച്ചാൽ കാര്യം പറയേണ്ടതില്ലല്ലോ. വിധുബാല നായിക. അവർ വന്നതോടെ ഞങ്ങൾക്ക് കുറേക്കൂടി ആത്മവിശ്വാസം കൈവന്നു. ‘വേറിട്ടൊരു നായിക’യെക്കൂടി കിട്ടി. സാധാരണ നടിമാരിൽനിന്ന് കെട്ടിലും മട്ടിലും അവരെ മാറ്റിനിർത്തുന്ന ചില ഘടകങ്ങൾ ഉണ്ടായിരുന്നു. വല്ലാത്ത ശാലീനതയും ഗ്രാമീണതയും.

യുദ്ധഭൂമിയുടെ പത്രപരസ്യങ്ങളും മറ്റും കണ്ടപ്പോഴാണ് തിരിഞ്ഞത്, നായകൻ വിൻസെന്റ് അല്ല കെ.പി. ഉമ്മറാണെന്ന്. മൂപ്പരെ വില്ലനായല്ലാതെ അക്കാലത്ത് കണ്ടിട്ടേയില്ല. അങ്ങനെയല്ലാതെ ഇഷ്ടപ്പെടാറുമില്ല. അപ്പൊ, ഇത് കളി വേറെയാണ്. എന്നാൽ സിനിമാപോസ്റ്ററുകളിൽ ഉമ്മറിന് വില്ലൻ ഗൗരവമേയില്ല. ഒരുതരം വിഷാദഭാവമാണ്. ഷോലെയിലെ അമിതബച്ചന്റെ ‘ഒരളിയ’ൻ മട്ട്. വിധുബാലയുടെ ചിത്രം സാധാരണ പോലെ വിഷാദ കന്യയെപ്പോലെ. ആകെപ്പാടെ ഒരു സസ്പെൻസ്.
(ഇപ്പോൾ ഗൂഗിൾ നോക്കിയപ്പോഴാണ് അറിഞ്ഞത്, ഷോലെ ഇറങ്ങിയ അടുത്ത വർഷമാണ് ഈ പടം വന്നത്- 1976-ൽ. ഏതായാലും സിനിമയുടെ കഥയും തിരക്കഥയും തയ്യാറാക്കിയ കാക്കനാടൻ ജി.പി സിപ്പിയുടെ പ്രശസ്തമായ ഷോലെ കണ്ടിട്ടുണ്ടെന്ന് ഇപ്പോൾ എനിക്ക് തീരുമാനിക്കാം)
ഷോലെയുടെ കഥയുടെ അകന്ന ഛായ എവിടെയോ ഉണ്ട്. പലതും നഷ്ടപ്പെട്ട് പ്രതികാര മനസ്സും ഉൾനീറ്റലുമായി നാട്ടിലെത്തുന്ന ഒരു പട്ടാള ഓഫീസറുടെ കഥ. എന്നാൽ അയാളുടെ കാത്തിരിപ്പ് ഇരമ്പുന്നതല്ല. ഉദ്വേഗമുണ്ടുതാനും. നായികക്ക് അങ്ങോട്ട് കലശലായ പ്രണയമുണ്ട്. പറഞ്ഞിട്ടെന്താ, നായകൻ ഉമ്മർ പിടികൊടുക്കുന്നേയില്ല. അങ്ങേരെ മറ്റെന്തൊക്കെയോ അലട്ടുന്നു. മിഥുനം നന്നായി പെയ്യുന്നുണ്ട്. നിവൃത്തിയില്ലാതെ നായിക അയാൾ കേൾക്കാനാവും ദൂരത്തുനിന്നും പാടി.
ആഷാഢമാസം ആത്മാവിൽ മോഹം
അനുരാഗ മധുരമാമന്തരീക്ഷം…
നായികക്ക് പ്രണയഭാവന മിഥുനം പോലെ തകർത്തുപെയ്യുന്നു. അയാളെ അലട്ടുന്ന ദുഃഖത്തിൽ അതറിയാതെ തന്നെ അവൾ പങ്കാളിയാണ് എന്ന മട്ട്. പറഞ്ഞിട്ടെന്താ, അങ്ങേരുടെ മനസ്സ് ശാന്തവും നിസ്സംഗവും. വാണി ജയറാമിന്റെ അതീവ ഹൃദ്യമായ സ്വരത്തിൽ വാർന്നവീണ ആ ഗാനത്തിന്റെ വിഷാദഭംഗി വേറെത്തന്നെ. മലയാള ചലച്ചിത്രഗാന ശബ്ദങ്ങളിൽ ആധുനിക വഴിത്തിരിവായിരുന്നു വാണിയുടെ സ്വരം. ആഷാഢം എന്ന് ആദ്യമായാണ് ഒരു പാട്ടിൽ കേൾക്കുന്നത്. വാക്ക് കേൾക്കുമ്പോൾ തന്നെയറിയാം അവസ്ഥ ഏറെ ഉൾ സുഖമുള്ളതാണെന്ന്. അതീവ ചാരുതയോടെ പാട്ടുരംഗം ബ്ലാക് & വൈറ്റ് മഴമഞ്ഞിൽ ചാലിച്ചെടുത്തിട്ടുണ്ട്. അന്നത്തെ കൗമാര മനസ്സിൽനിന്നും ആ വിഷാദ കവിത അടർത്തിമാറ്റാൻ പറ്റാത്ത പോലെ.
കെ. പി. ഉമ്മർ എന്ന നായകനടന്റെ വിഷാദം കലർന്ന മനസ്സിലേക്ക് നായികയുടെ വിരഹ തീക്ഷണമായ കാതര സ്വരം ഒഴുകിയെത്തുന്നത് സത്യത്തിൽ കാണികളാണ് ഏറ്റവാങ്ങുന്നത്. അനങ്ങിയാൽ വാളോ തോക്കോ എടുക്കാറുള്ള ഉമ്മർ എത്ര സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്? പിന്നെന്തൊക്കെയോ അടിയും പകരം വീട്ടലും ട്രാജഡിയുമൊക്കെയാണ്. ഒരു വല്ലാത്ത വിഷാദം. സിനിമ കണ്ടതും ഒരു മഴക്കാലത്തായിരുന്നു. കോരിച്ചൊരിയുന്ന മഴയുള്ള ദിവസം. അന്ന് സിനിമ ഞങ്ങൾക്കൊരു കലാരൂപമല്ല, ജീവിതം തന്നെയാണ്. ഒരുതരം തന്മയീ ഭാവം. ദുരന്തചിത്രമാണെങ്കിൽ പരിപൂർണ കഥാഴ്സിസ്.

ഏതായാലും ആ പാട്ട് മറന്നേയില്ല. ആഷാഢം ആ വാക്ക് പോലെത്തന്നെ കുളിരായി. നമ്മുടെ മിഥുന മാസ അന്തരീക്ഷത്തെയാണ് ആഷാഢം എന്നും ആടി മാസം എന്നും പറയുന്നത് എന്ന് നേരാവണ്ണം തിരിച്ചറിയുന്നത് കുറെക്കാലം കഴിഞ്ഞാണ്. മണി കൗളിന്റെ ആശാഡ് ക ഏക് ദിൻ എന്ന സിനിമ (മോഹൻ രാകേഷിന്റെ അതേ പേരിലുള്ള പ്രശസ്ത കഥയെ പുരസ്കരിച്ചുള്ളത്) 1971 ലേ വന്നിട്ടുണ്ട് എന്ന് ആ പ്രായത്തിൽ തിരിച്ചറിയില്ല. മണി കൗളിന്റെ സിനിമ കാണുന്നത് 1980- കളിലാണ്, ഞങ്ങളുടെ സമാന്തര സിനിമാക്കാലത്ത്. അതീവ രസകരമായ ഒരു പ്രണയത്തിന്റെ വിപര്യയമാണല്ലോ ആ ചിത്രവും.
മങ്കൊമ്പിന്റെ ആ വരികൾ പിന്നെപ്പിന്നെ എന്നും ആർദ്രമനോഹാരിതയോടെ ഉള്ളിൽ ജീവിച്ചു. നിരവധി പരാജയ പ്രണയങ്ങളുടെ ഹംസഗാന പശ്ചാത്തലമൊരുക്കാൻ പലപ്പോഴും ആ പാട്ടിനെ ഒരുക്കിനിർത്തി. എത്രയെത്ര പാട്ടുകളാണ് ആ മങ്കൊമ്പുകാരൻ മലയാളത്തിനു നൽകിയത്. അന്നൊക്കെ ഉള്ളതുകൊണ്ട് ചെറിയ ജീവിതം ജീവിച്ച മലയാളി തങ്ങളുടെ ഭാവനാപ്രപഞ്ചത്തിന്റെ വൻ ആകാരമുണ്ടാക്കി. ഏകാന്തസുന്ദരമായ സ്നേഹത്തിന്റെയും വിരഹത്തിന്റെയും ഐശ്വരമൂട്ടാൻ അവയെ പ്രയോജനപ്പെടുത്തുകയുണ്ടായി. ന്യൂക്ലിയർ കുടുംബമായി മുറിഞ്ഞിട്ടില്ലാത്ത, കോർപറേറ്റിസം എന്തെന്നറിഞ്ഞിട്ടില്ലാത്ത ഒരു കാലത്തിന്റെ ഏകാന്ത വിഷാദങ്ങളുടെ സാരസ്വതങ്ങളായിരുന്നു അവയൊക്കെ.

ലക്ഷാർച്ചന കണ്ടു മടങ്ങിയും പാലാഴി മങ്കയെ പരിണയിച്ചും സ്വയംവര ശുഭദിനമാശംസിച്ചും താലിപ്പൂ പീലിപ്പൂ വിടർത്തിയും നാടൻ പാട്ടിന്റെ മടിശ്ശീല കിലുക്കിയും ആശ്രിത വത്സലനേ എന്ന് പ്രാർത്ഥിച്ചു പാടിയും പിന്നെപ്പിന്നെ ബാഹുബലിയിലെ പച്ച തീയാണ് നീ എന്ന് ഉത്ഘോഷിച്ചും… അങ്ങനെ നിരവധി മട്ടിൽ ഈ ഗാനങ്ങളെയൊക്കെ അന്നത്തെയും ഇന്നത്തെയും മലയാളി ഏറ്റുവാങ്ങി. വ്യക്തിജീവിതത്തിന്റെ നിരവധി ഏകാന്ത മുഹൂർത്തങ്ങളെ അവർ അനുഭവിച്ചു. ഇന്ത്യൻ സിനിമയിലെ / മലയാളത്തിലെ വിഖ്യാത സംഗീത സംവിധായകരുടെയൊക്കെ സ്വര ഗരിമാസംവിധാനത്തിൽ തന്റെ കവിതകൾ മലയാളത്തിന്റെ അതിമനോഹരമായ ഈണങ്ങളായി പിറന്നു. കഥയും തിരക്കഥയുമെഴുതിക്കൊണ്ട് തന്നിലെ സർഗാത്മകസിദ്ധിയുടെ പലമാനങ്ങളെ അദ്ദേഹം പ്രകാശിപ്പിച്ചു.
കേരളത്തിലെ കായൽപ്പരപ്പുകളുടെ ഗ്രാമീണ താളവും തലോടലും ആ മങ്കൊമ്പുകാരന്റെ വരികളിൽ എന്നും ഓളംവെട്ടി. എന്നാൽ, അദ്ദേഹം വലിയ അവകാശവാദങ്ങളുമായി മുൻനിരയിലേക്കോടി ആളുകളെ ആകർഷിച്ചില്ല. താൻ ആനയാണ് കുതിരയാണ് എന്നൊന്നും പറഞ്ഞ് ആരെയും വിഭ്രമിപ്പിച്ചില്ല. സമാധാനത്തോടെ സന്തോഷത്തോടെ തന്റെ സർഗ്ഗജീവിതത്തിന്റെ ഊടും പാവുമറിഞ്ഞു. ഒരു കുട്ടനാട്ടുകാരന്റെ തനിമട്ടിൽ എന്നും മങ്കൊമ്പ് ഗോപാലകൃഷ്ണൻ ജീവിച്ചു. പഴയ വെള്ളിത്തിരക്കാലത്തെ ഓർക്കുമ്പോൾ, ആ പാട്ടു രംഗങ്ങൾ കാണുമ്പോൾ ചിലപ്പോഴെങ്കിലും ഓർമ്മകൾ മനസ്സിൽ ഇങ്ങനെ എഴുതിക്കാണിക്കും;
‘ഗാനങ്ങൾ, മങ്കൊമ്പ്.’