നാരായണൻ മാഷ്

അയമുട്ടി

യൂസഫ് മാഷിന്റെ ചുവന്ന മുഖം എന്നെ ഭയപ്പെടുത്തി. പിറ്റേന്ന് സ്കൂളിൽ പോകാൻ തോന്നിയില്ല. പനി അഭിനയിച്ചു കിടന്നു. മടിയും പേടിയും കാരണം അതിനടുത്ത ദിവസവും പോയില്ല.

ന്ന് പങ്കകൾ ഉണ്ടായിരുന്നില്ല.
കമുകിൻ പാള വൃത്താകൃതിയിൽ സൈസാക്കി മുറിച്ച് വിശറിയുണ്ടാക്കും.
മലയായിലും സിംഗപ്പൂരിലുമൊക്കെ ജോലിക്ക് പോയിരുന്ന ധനസ്ഥിതിയുള്ള ആളുകളുടെ ചില തറവാടുകളിൽ കാണാൻ ഭംഗിയുള്ള ബഹുവർണത്തിലുള്ള വിശറികൾ ഉണ്ടാവും.
ഒരുതരം ഓല കൊണ്ടു മെടഞ്ഞു ചായങ്ങൾ നൽകിയവ.

വാളക്കുളം അംശംദേശത്ത് എഴുപതുകളിലാണ് വൈദ്യുതി വന്നത്. അതോടൊപ്പമാണ് ഫാൻ എന്ന് വിളിക്കപ്പെടുന്ന പങ്കകളും പ്രത്യക്ഷപ്പെട്ടത്. വാളക്കുളത്ത്, സർവകലാശാല എന്ന് വിളിക്കാവുന്ന ഏതാണ്ട് രണ്ടുമുറി വിസ്താരത്തിൽ വരുന്ന ലോവർ പ്രൈമറി സ്കൂളിനെ അഞ്ചായി തിരിച്ച് അതിലൊന്ന് ഓഫീസ് റൂമും നാലുവരെയുള്ള ക്ലാസ് മുറികളും ആക്കി മാറ്റിയിട്ടുണ്ട്.
ഈ ദേശത്തെ വിജ്ഞാന വിസ്ഫോടനത്തിന് കാരണക്കാരനായ മൗലാനാ അബ്ദുൽബാരി സാഹിബിനെ ഓർക്കട്ടെ. ആ പണ്ഡിതവര്യനാണ്, ആദ്യമായൊരു ഭൗതിക കലാലയത്തിന്​ തന്റെ സ്ഥലം വിട്ടുകൊടുത്തത്. സമസ്ത ഇസ്‌ലാംമത വിദ്യാഭ്യാസബോർഡിന്റെ ആദ്യത്തെ കാര്യദർശി കൂടിയായിരുന്നു അദ്ദേഹം. ആയതുകൊണ്ടുതന്നെ, സമസ്ത അംഗീകരിച്ച ആദ്യത്തെ മദ്രസ/മത പാഠശാല, വാളക്കുളം ദേശത്തെ ബയാനുൽ ഇസ്‌ലാം മദ്രസയായിരുന്നു.

വാളക്കുളം സ്കൂളിന്റെ പഴയ കെട്ടിടം

സ്കൂളിന്റെ മുന്നിലും പിന്നിലും ഉള്ള ജനാലകൾ ടാർ ചെയ്തിട്ടുണ്ട്.
തറ ഭാഗവും ടാർ തന്നെ. വരാന്തയിലെ മൂന്ന് തൂണുകളും കറുത്തവയാണ്.
വെള്ള കുമ്മായം തേച്ച് ചുമരുകൾ. വരാന്തയിലെ വലത്തേ മൂലയിൽ ബെല്ലടിക്കാൻ ആയി കെട്ടിത്തൂക്കിയ ഇരുമ്പ് തകിട്. സ്കൂളിന് അകത്ത് നാല് മുളമ്പരമ്പുകൾ കെട്ടി തിരിച്ച് അഞ്ചു മുറികൾ. പനമ്പുകൾ പലഭാഗത്തും വികൃതിക്കുട്ടികൾ കൈ വിരലിട്ട് ഓട്ടയാക്കിയിട്ടുണ്ട്. പകുതിയോളമേ പനമ്പുകൾ കൊണ്ട് മറച്ചിട്ടുള്ളൂ എന്നതിനാൽ നാലു ക്ലാസിലേയും അധ്യാപകർക്ക് പരസ്പരം കാണാം. ഇംഗ്ലീഷും മലയാളവും സാമൂഹ്യപാഠവും ചരിത്രവും ശാസ്ത്രവും കണക്കും ഒക്കെ ഈ നാല് മുറികളിൽ പഠിപ്പിക്കപ്പെട്ട വാളക്കുളത്തെ ആദ്യ നളന്ദ.

അന്നത്തെ ഹെഡ്മാഷ് യൂസഫ്മാഷ് എന്ന പുലി. തടിച്ച ശരീരം, ചുമന്നുതുറിച്ച കണ്ണുകൾ. എന്നെ സ്കൂളിൽ ചേർത്ത ദിവസം ഓർമ്മിക്കാൻ എനിക്കിന്നും ഭയമാണ്. സ്കൂളിൽ, പേര് ചേർത്ത് ബാപ്പ തിരിച്ചുപോന്നു. യൂസഫ് മാഷിന്റെ ചുവന്ന മുഖം എന്നെ ഭയപ്പെടുത്തി. പിറ്റേന്ന് സ്കൂളിൽ പോകാൻ തോന്നിയില്ല. പനി അഭിനയിച്ചു കിടന്നു. മടിയും പേടിയും കാരണം അതിനടുത്ത ദിവസവും പോയില്ല. മൂന്നാം ദിവസം ഒന്നുരണ്ടു മല്ലന്മാർ വന്ന് എന്നെ സ്കൂളിലേക്ക് ഏറ്റിക്കൊണ്ടുപോയി. മടിയന്മാരായ കുട്ടികളെ ഇങ്ങനെ എടുത്തു കൊണ്ടു പോകാൻ നിരക്ഷരകുക്ഷികളായ കുറെ ആളുകൾ അക്കാലത്തുണ്ടായിരുന്നു. അവർക്ക് വേറെ പണിയൊന്നുമില്ല. സ്കൂളിൽ ചെന്ന് പേടിച്ച് പതുങ്ങിയിരുന്നു. ഉച്ചകഴിഞ്ഞ് വലിയൊരു റൂളർവടിയുമായി യൂസഫ് മാഷ് ക്ലാസ്സിൽ വന്നു.

പ്രൈമറി സ്കൂൾ വിട്ട് കാലങ്ങൾക്കുശേഷം വൈദ്യുതി ഫാനുകൾ കറങ്ങുന്നത് അത്ഭുതത്തോടെ കണ്ട ഞാൻ ഓർത്തത് അയമുട്ടിയെയായിരുന്നു. സ്കൂൾ വരാന്തയിൽ, തൂൺപിടിച്ചു കാറ്റിലെ പങ്കപോലെ സ്പീഡിൽ തിരിയുന്ന അയമുട്ടിയെ.

അദ്ദേഹത്തിനെതിരെ അക്കാലത്ത് ചില അഴിമതി ആരോപണങ്ങൾ നിലനിന്നിരുന്നു. ക്ലാസിൽ എല്ലാവരെയും ചുഴിഞ്ഞുനോക്കിയതിനുശേഷം എന്നിൽ നോട്ടം നങ്കൂരമിട്ടു. പിന്നെ, എന്നോട് എഴുന്നേറ്റ് നിൽക്കാൻ ആജ്ഞാപിച്ചു. എന്തുചെയ്യണമെന്നറിയാതെ ഞാൻ ക്ലാസിൽ നിന്ന്​ ഇറങ്ങിയോടി. രണ്ടുദിവസം ശരിക്കും പനിച്ചു കിടന്നു. സ്കൂൾ മെല്ലെമെല്ലെ എന്റെത് കൂടിയായി മാറി. കൂട്ടുകാരുമായുള്ള ചങ്ങാത്തവും കളികളും സ്നേഹമുള്ള കുറെ അധ്യാപകരും. അവറു മാഷ്, നാരായണൻ മാഷ്, ആലി മാഷ്, മുഹമ്മദ് മാഷ്, ലീല ടീച്ചർ.... അങ്ങനെ പലരും. ക്ലാസുകൾ പലപ്പോഴും പുറത്തെ മരച്ചുവട്ടിൽ ആയിരിക്കും. സ്കൂളിന്റെ കിഴക്കേ വശത്ത് തെങ്ങുകൾ നിറഞ്ഞ മുറ്റം ആയിരുന്നു. കണക്കുകൂട്ടി പഠിത്തം, കഥകൾ പറഞ്ഞു കൊണ്ടുള്ള പഠിത്തം, കുറുക്കനും കോഴിയും കളികൾ... അങ്ങനെ അക്കാലത്തെ പഠന രീതിയിൽ കളിരീതികൾ സമൃദ്ധമായിരുന്നു. സ്കൂൾ ചെറുതാണെങ്കിലും, സ്കൂൾ സൃഷ്ടിച്ച ലോകം ഏറെ വലുതായിരുന്നു.

പങ്കയെ കുറിച്ച് ആണല്ലോ പറഞ്ഞു തുടങ്ങിയത്. ഞാൻ ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയപ്പോഴാണ് നാട്ടിൽ വൈദ്യുതി വന്നതും ബൾബുകൾ മിന്നിയതും ഫാനുകൾ തിരിഞ്ഞതും.

ഹുസൈൻ മുൻഷി

അതോടെ, "വാളക്കുളം പൂച്ച പിടിച്ചു'എന്ന ചൊല്ലുണ്ടായി. കത്തുകളിൽ മേൽവിലാസം, പോസ്റ്റ് "വാളക്കുളം പുതുപ്പറമ്പ് ' എന്നായി മാറി. വനാന്തരങ്ങൾ പോലെ ഇരുട്ടുമൂടിയ പറമ്പുകളിൽ വൈദ്യുതി വിളക്കുകളുടെ വെളിച്ചം പ്രസരിച്ചു. കുറേയേറെ പൊട്ടിച്ചുട്ടുകൾ നാടുവിട്ടുപോയി. ചൂട് അകറ്റാൻ ഫാൻ കറക്കി. വീശി പാളികൾ മെല്ലെ മെല്ലെ ഇല്ലാതായി. തീവണ്ടിയും തിമിംഗലവും വിമാനവും ഒക്കെ കാണുമ്പോഴുള്ള കൗതുകം ആദ്യം വൈദ്യുതി ബൾബ് കത്തിയപ്പോഴും ഫാൻ കറങ്ങിയപ്പോഴും അക്കാലത്തെ കുട്ടികളിൽ ഉണ്ടായിട്ടുണ്ട്. പ്രൈമറി സ്കൂൾ വിട്ട് കാലങ്ങൾക്കുശേഷം വൈദ്യുതി ഫാനുകൾ കറങ്ങുന്നത് അത്ഭുതത്തോടെ കണ്ട ഞാൻ ഓർത്തത് അയമുട്ടിയെയായിരുന്നു. സ്കൂൾ വരാന്തയിൽ, തൂൺപിടിച്ചു കാറ്റിലെ പങ്കപോലെ സ്പീഡിൽ തിരിയുന്ന അയമുട്ടിയെ.

അയമുട്ടിക്ക് ബുദ്ധിസ്ഥിരതയില്ല. പിരാന്തനയമുട്ടി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കും. ഒറ്റക്കള്ളിമുണ്ട് അരയിലെ ചരടിൽ തെറുത്തുവെച്ചിട്ടുണ്ടാവും. ആർക്കും തിരിയാത്ത ഭാഷയിൽ. എന്തെല്ലാമോ ഉരുവിട്ട് കൈവിരൽ കടിച്ചുകൊണ്ട് സദാ സ്കൂളിന് ചുറ്റിലും ഉണ്ടാവും അയമുട്ടി. വായിൽനിന്നും പലപ്പോഴും കൊഴുത്ത ഉമിനീർ ഒലിച്ചിറങ്ങും. സ്കൂളിനോട് ചേർന്നു കിടക്കുന്ന വട്ടക്കിണറിൽനിന്നും, വല്ലപ്പോഴും ഉമ്മ അയാളെ, വെള്ളം കോരി തലയിലൂടെയൊഴിച്ച് കുളിപ്പിക്കും. അപ്പോൾ, അയമുട്ടി ഉറക്കെ കരയും.

P എന്ന അക്ഷരം ആലി മാഷെപ്പോലെ തന്നെയാണെന്ന് എനിക്ക് തോന്നാറുണ്ട്. P കുപ്പായമിട്ടാൽ അദ്ദേഹത്തെപ്പോലെയാവും.

ആദ്യമാദ്യം ഭയമായിരുന്നു. സ്കൂളിലെ അധ്യാപകർക്കൊക്കെ അയമുട്ടിയോട് വലിയ സ്നേഹമായിരുന്നു. അതൊക്കെ കണ്ടപ്പോൾ ഞങ്ങളുടെ പേടി മാറി. സ്കൂളിന് അടുത്തുതന്നെയായിരുന്നു, അയമുട്ടിയുടെ പുര. ഉച്ചക്ക് റവക്ക് വിടുമ്പോൾ (ഉപ്പുമാവ് കഴിക്കാൻ) എല്ലാവരും അയമുട്ടി പലപ്പോഴും ഹാജരാവും. റവ ഉരുളയുരുട്ടി എറിഞ്ഞു കൊടുക്കും. അയമുട്ടി അതുപിടിക്കാൻ ഒരു തുമ്പിയെപ്പോലെ അന്തരീക്ഷത്തിലേക്കുയരും.

ഫാനും അയമുട്ടിയും തമ്മിലുള്ള ബന്ധം എന്താണ്. സ്കൂൾ അകത്തേക്ക് ബെല്ലടിച്ച ഒരു നാഴിക പിന്നിടുമ്പോൾ അയമുട്ടി വരാന്തയിൽ കയറും. ഇടതുകൈയിൽ തുണിയുടെ കോന്തല പിടിച്ചിട്ടുണ്ടാവും. തൂണിൽ വലതുകൈകൊണ്ട് മുറുക്കി പിടിക്കും വലതുകാൽ തൂണിന് അടിയിൽ ചേർത്ത് അമർത്തി വെക്കും. എന്നിട്ട് ഒരു കറക്കമാണ്. ആദ്യം മെല്ലെ ആയിരിക്കും. പിന്നെ പിന്നെ ശക്തികൂടും. കൊടുങ്കാറ്റിൽ പങ്ക തിരിയുന്ന പോലെ തൂണിൽ പിടിച്ച് അയമുട്ടി കറങ്ങും. കുട്ടികൾ ക്ലാസിലുള്ള അധ്യാപകരെ മറന്ന് അയമുട്ടി എന്ന തിരിയുന്ന പങ്കയെ കണ്ട്‌ അത്ഭുതത്തോടെ എഴുന്നേറ്റ് കൂട്ടത്തോടെ ബെഞ്ചിൽ കയറിനിൽക്കും.
നാരായണൻ മാഷ് മെല്ലെ ഇറങ്ങി വന്ന്‌ അയമുട്ടിയെ പിടിച്ചുനിർത്തി നയത്തിൽ അനുനയിപ്പിച്ച്​ ഉപായത്തിൽ പുറത്തിറക്കി വിടും. നാരായണൻ മാഷിന് മാത്രമേ, അദ്ദേഹം വഴങ്ങൂ. സ്കൂളില്ലാത്ത സമയത്തും അയമുട്ടി ഇങ്ങനെ ചെയ്യാറുണ്ട്. എന്നാലും, കുട്ടികൾ കൂടി നിൽക്കുമ്പോഴാണ് അയാൾക്ക് കൂടുതൽ ഹരം. ഏത് ആവിഷ്കാരത്തിലും ആസ്വാദകരും കാണികളും ഉണ്ടാകുമ്പോഴാണല്ലോ ഏതു പ്രവൃത്തിയും പൂർത്തിയാക്കുക. പലപ്പോഴും തന്റെ കലാപ്രകടനത്തിൽ അയാൾ വീഴുകയും ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കുറേ ദിവസത്തേക്ക്​അയമുട്ടിയെ കാണാതായാൽ കുട്ടികൾ ഉമ്മയോട് അന്വേഷിക്കും. അപ്പോൾ അറിയാം, വീണ് പരിക്കുപറ്റി കിടപ്പാണെന്ന്.

ആലി മാഷിന്റെ ഇംഗ്ലീഷ് ക്ലാസുകൾ നല്ല രസമാണ്.
മനോഹരമായ ഈണത്തിൽ റൈമുകൾ ചൊല്ലി അദ്ദേഹം അക്ഷരങ്ങൾ പഠിപ്പിച്ചു. അക്കാലമത്രയും മദ്രസയിൽ അറബി മാത്രം കണ്ടുശീലിച്ച്, രണ്ടാം ക്ലാസ് കഴിയുവോളവും മലയാളവും എഴുതി പഠിച്ച് മൂന്നാംക്ലാസിൽ എത്തിയപ്പോഴാണ് ഇംഗ്ലീഷ് കാണുന്നത്. അക്ഷരങ്ങൾ വലുതും ചെറുതും. ആദ്യമായിട്ടാണ്, ഒരു ഭാഷക്ക് രണ്ടുതരം അക്ഷരങ്ങൾ ഞാൻ കാണുന്നത്.

ഇംഗ്ലീഷിലെ വലിയ അക്ഷരങ്ങളെ ആയിരുന്നു എനിക്ക് ഇഷ്ടം. അവ എഴുതാനും താരതമ്യേനെ എളുപ്പമായിരുന്നു. P എന്ന അക്ഷരം ആലി മാഷെപ്പോലെ തന്നെയാണെന്ന് എനിക്ക് തോന്നാറുണ്ട്. P കുപ്പായമിട്ടാൽ അദ്ദേഹത്തെപ്പോലെയാവും. കൃശഗാത്രൻ ആയിരുന്നു മാഷ്. വെളുത്ത മുണ്ടും വെളുത്ത സ്ലാക് ഷർട്ടും ആയിരുന്നു വേഷം. ചിലപ്പോൾ കറുത്ത ഷർട്ടും ധരിക്കാറുണ്ട്. എപ്പോഴും സന്തോഷം സ്ഫുരിക്കുന്ന മുഖഭാവം. ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ കൈയിലെടുക്കുമ്പോൾ, ഇപ്പോഴും ചിലപ്പോഴൊക്കെ മാഷിനെ ഞാൻ ഓർമിക്കാറുണ്ട്.

ഒരുദിവസം മൂന്നാല് പൊലീസുകാർ സ്കൂൾ മുറ്റത്തെ ജീപ്പിൽ വന്നിറങ്ങി. യൂസഫ് മാഷിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. പിന്നെ അദ്ദേഹം സ്കൂളിലേക്ക് വന്നിട്ടില്ല.

നാരായണൻ മാഷ് ആയിരുന്നുസ്കൂളിലെ അന്നത്തെ ഹീറോ.
എല്ലാവരോടും കളി പ്രകൃതമായിരുന്നു അദ്ദേഹത്തിന്.
തെക്കൻ കേരളത്തിൽ നിന്നാണ് മാഷ് വന്നത്. നാരായണൻ മാഷിന്റെ ചങ്ങാത്തപ്രകൃതം നാട്ടുകാരെയും കുട്ടികളെയും വല്ലാതെ ആകർഷിച്ചിരുന്നു. ഉച്ചക്ക് റവക്ക് വിടുമ്പോൾ മാഷ് കുട്ടികളുടെ കൂടെ തന്നെയുണ്ടാകും. ലീന ടീച്ചറും ഗോമതി ടീച്ചറും ഒക്കെ തൊട്ടടുത്തുതന്നെ കിന്നാരം പറയാനും കാണും. റവ ഉരുളയുരുട്ടി ആകാശത്തേക്കെറിഞ്ഞ് താഴെ വീഴാതെ മാഷ് അത് വായിലാക്കും. ഞങ്ങളുടെ സ്കൂൾ ജീവിതത്തിലെ രസകരമായ കാഴ്ച തന്നെ ആയിരുന്നു അത്. നാട്ടുകാർക്ക് മാഷോട് സ്നേഹം തോന്നാൻ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു എന്നു പിന്നെ ഞാൻ മനസ്സിലാക്കി. അദ്ദേഹത്തിന്റെ മാർക്കക്കല്യാണം കഴിഞ്ഞ വാർത്ത പൊതുവെ നാട്ടിൽ പാട്ടായിരുന്നു.ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വാളക്കുളത്ത് ആ കഥയ്ക്ക് നല്ല സ്വീകാര്യത കിട്ടി.

ക്ലാസിൽ രണ്ടാം ക്ലാസിൽ ആയപ്പോഴാണ് എന്ന് തോന്നുന്നു, ഒരുദിവസം മൂന്നാല് പൊലീസുകാർ സ്കൂൾ മുറ്റത്തെ ജീപ്പിൽ വന്നിറങ്ങി. യൂസഫ് മാഷിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. പിന്നെ അദ്ദേഹം സ്കൂളിലേക്ക് വന്നിട്ടില്ല. മുഹമ്മദ് മാഷ് ഹെഡ് മാഷായി വന്നു. സൗമ്യനും സ്നേഹനിധിയും ആയിരുന്നു അദ്ദേഹം. മൂന്നാം ക്ലാസിൽ എത്തിയപ്പോൾ കൊല്ലം ദേശത്തുനിന്ന് ബീവി ടീച്ചർ എന്ന ഒരു അധ്യാപിക വന്നു. വെളുത്തു തടിച്ച് സുന്ദരിയായ ഒരു പച്ചപ്പരിഷ്കാരി. അവരോട് നാട്ടുകാരിൽ പലർക്കും സന്തോഷമുണ്ടായിരുന്നില്ല. ക്ലാസിൽ എന്തും തുറന്നടിക്കുന്ന പ്രകൃതമായിരുന്നു ടീച്ചറുടെത്. സിനിമയിലെ പ്രേമകഥകൾ പോലും ക്ലാസിൽ രസകരമായി പറയും. സാമ്പ്രദായിക മതബോധമുള്ള അക്കാലത്തെ കുട്ടികൾക്കൊക്കെ ടീച്ചറോട് ഉള്ളിലെവിടെയോ ഒരു ഭീതി പതിഞ്ഞിരിപ്പുണ്ടായിരുന്നു. പിന്നെ കേട്ടു, ഹെഡ് മാഷ്, ബീവി ടീച്ചറെ കെട്ടിയെന്ന്.

അയമുട്ടി സ്കൂൾ പറമ്പുകളിലും പുറത്തും അലഞ്ഞു നടക്കുന്നത് പിന്നെപ്പിന്നെ സാധാരണ കാഴ്ചയായി. രോഗം മൂർച്ഛിക്കുന്ന ഘട്ടങ്ങളിൽ കുട്ടികളെ കല്ലെടുത്ത് എറിയും. എം.ടിയുടെ ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയിലെ നസീർ അവതരിപ്പിച്ച വേലായുധൻ എന്ന കഥാപാത്രം അയമുട്ടിയെ ഓർമിപ്പിക്കാതിരിക്കില്ല, എന്നു പിൽക്കാലത്ത് ഞാൻ തിരിച്ചറിഞ്ഞതാണ്. അത്രമാത്രം സാമ്യം ഇവർക്കു തമ്മിൽ ഉണ്ട്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ തോട്ടിൻകരയിൽ തുമ്പികളെ വേട്ടയാടുന്ന അപ്പുക്കിളിയെ ഓർക്കുമ്പോഴും അയമുട്ടിയുടെ മുഖം എന്റെയുള്ളിൽ തികട്ടി വരും. അപ്പുക്കിളിയുടെ നിഷ്കളങ്കത മുഴുവൻ അയമുട്ടിയുടെയും മുഖത്തുണ്ടായിരുന്നു.

അതിനേക്കാളൊക്കെ, സീലിംഗ് ഫാനുകൾ കറങ്ങുന്നത് കാണുമ്പോൾ ഇപ്പോഴും അയമുട്ടിയുടെ കറക്കം കാറ്റു പോലെ മനസ്സിലേക്ക് ഓടിയെത്തും.▮


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments