പ്രഭ പിള്ളയുടെ പഴയൊരു കുടുംബചിത്രം: പാർവതി പവനൻ, സി.പി. രാമചന്ദ്രൻ, വേറമ്മ, വാച്ചുട്ടിമാമ എന്ന സി.പി. ഭാസ്‌കരൻ, പ്രഭ പിള്ളയുടെ അമ്മ സരോജിനി അമ്മ, സി.പി. ശ്രീധരൻ.

മരണം ശ്വസിച്ചറിഞ്ഞ
​വാച്ചുട്ടി മാമ

ഞാൻ ഒന്നും പറയാതെ കിടപ്പുമുറിയിൽ കയറി വാതിലടച്ചു. കരച്ചിൽ വരുന്നില്ല. കരയണമെന്നുണ്ട്. പക്ഷെ കരയാൻ പറ്റുന്നില്ല. ആദ്യമായാണ് വളരെ അടുത്ത ഒരാളുടെ മരണം ഞാനനുഭവിക്കുന്നത്.

സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞാൻ വിചാരിച്ചിരുന്നത്, വയസ്സനുസരിച്ചാണ് മനുഷ്യർ മരിക്കുന്നതെന്നും മരണത്തിനൊരു ക്രമമുണ്ടെന്നുമൊക്കെയായിരുന്നു. അക്കാലത്ത്, വേറമ്മ എന്ന്​ ഞാൻ വിളിച്ചിരുന്ന, അമ്മമ്മയുടെ അമ്മയും ആ വല്യമ്മമ്മയുടെ സഹോദരീസഹോദരൻമാരും ജീവിച്ചിരിപ്പുണ്ട്. വേറമ്മയുടെ ഏട്ടനും എടത്തിയും ഉണ്ട്. അവരുടെയൊക്കെ ഊഴത്തിനുശേഷമാണ് വേറമ്മ മരിക്കുക എന്നു വിശ്വസിച്ചിരുന്ന ഞാൻ അതിന് കുറേ കാലതാമസമുണ്ടാവുമല്ലോ എന്നാശ്വസിച്ചു. എന്റെ ആ വിശ്വാസത്തിനനുസരിച്ച് അവരെല്ലാം ക്രമാനുഗതമായി തന്നെയാണ് ലോകം വെടിഞ്ഞതും.

പക്ഷെ അതല്ല ലോകരീതി, മറിച്ച് ക്രമമനുസരിച്ച മരണം എന്നതാണ് ലോകത്തിലെ അത്ഭുതമെന്നും എനിക്ക് മനസ്സിലായത് ഞാൻ മുപ്പതുകളിലെത്തിയപ്പോഴാണ്.

പ്രഭ പിള്ളയും സഹോദരീ സഹോദരന്മാരും വേറമ്മ, അമ്മ, അച്ഛൻ, എന്നിവർക്കൊപ്പം. സ്കൂൾ കാലത്തെടുത്ത ഫോട്ടോ.
പ്രഭ പിള്ളയും സഹോദരീ സഹോദരന്മാരും വേറമ്മ, അമ്മ, അച്ഛൻ, എന്നിവർക്കൊപ്പം. സ്കൂൾ കാലത്തെടുത്ത ഫോട്ടോ.

അപ്പോഴേക്കും ഞാൻ ബോംബെയിലെ ബോറിവിലിയിൽ താമസമാക്കിയിരുന്നു. കുട്ടികൾ അടുത്തുള്ള സ്‌കൂളിൽ. ഒരു വേനലവധിക്ക് പറളിയിലെ വീട്ടിൽ പോയപ്പോഴാണ് ഒരു ദിവസം രാവിലെ അമ്മയുടെ തൊട്ടുതാഴെയുള്ള അനിയൻ, ഞങ്ങൾ വാച്ചുട്ടി മാമ എന്നുവിളിച്ചിരുന്നു സി.പി. ഭാസ്‌കരൻ വീട്ടിലെത്തിയത്. വല്ലാതെ പരവശനായി, ശ്വസിക്കാൻ ബുദ്ധിമുട്ടി, വാതിൽക്കൽ നിന്ന അനിയനെ കണ്ടപ്പോഴേ അമ്മയ്ക്ക് എന്തോ പന്തികേട് തോന്നിയിരിക്കണം.

വേറമ്മ ഞങ്ങൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അതുകൊണ്ട് അമ്മയുടെ സഹോദരീസഹോദരൻമാർ അവധിക്ക് വരുന്നതൊക്കെ പറളിവീട്ടിലേക്കാണ്. വാച്ചുട്ടി മാമ വളരെ കുറച്ചേ വരാറുള്ളൂ. അതിനൊരു കാരണം പിന്നെയാണ് എനിക്ക് മനസ്സിലായത്.

ആശുപത്രിയിൽ പോകുന്നതിനുമുൻപ് വേറമ്മയെ കെട്ടിപ്പിടിച്ചു. തിരിഞ്ഞുതിരിഞ്ഞ് വീടിനെയും സ്വന്തക്കാരെയും നോക്കിയിട്ടാണ് പോയത്. ഒരുപക്ഷെ ഇതവസാന യാത്ര എന്ന് വാച്ചുട്ടി മാമ മനസ്സിലാക്കിയിരിക്കും.

കോഴിക്കോട്ട്​ ദേശാഭിമാനിയിൽ ജോലിചെയ്തിരുന്ന വാച്ചുട്ടി മാമ പിന്നീട് തിരുവനന്തപുരത്തേക്ക് മാറി. നന്നായി എഴുതുകയും വരയ്ക്കുകയുമൊക്കെ ചെയ്തിരുന്നു വാച്ചുട്ടി മാമ. എന്റെ ഓർമ ശരിയാണെങ്കിൽ, ഹെർമൻ ഹെസ്സേയുടെ സിദ്ധാർഥ, വാച്ചുട്ടി മാമ തർജമ ചെയ്തത് ചിന്തയിൽ വന്നിരുന്നു. വെള്ളിയാഴ്ചകളിലാണ് വന്നിരുന്നതെന്നാണോർമ. അത് വായിക്കാൻ സ്‌കൂളിൽ നിന്ന് ഓടിയെത്തിയിരുന്ന എനിക്ക് അക്കാലത്ത് ഹെർമൻ ഹെസ്സേ ആരാണെന്നുപോലും അറിവുണ്ടായിരുന്നില്ല. വാച്ചുട്ടി മാമയുടെ തർജമ എനിക്കുപോലും മനസ്സിലാവുന്നവിധത്തിലായിരുന്നു. അതൊക്കെ സൂക്ഷിച്ചെടുത്തുവെക്കണമെന്ന് അമ്മയ്‌ക്കോ വേറമ്മയ്‌ക്കോ തോന്നിയില്ല, അല്ലെങ്കിൽ അത്രയ്ക്കറിവുണ്ടായിട്ടുണ്ടാവില്ല. ജീവിതത്തിൽ പലതും നഷ്ടപ്പെടുന്നവരല്ലേ നാം മനുഷ്യർ.

പ്രഭ പിള്ള അച്ഛനും അമ്മക്കും വേറമ്മക്കും ഒപ്പം
പ്രഭ പിള്ള അച്ഛനും അമ്മക്കും വേറമ്മക്കും ഒപ്പം

വാച്ചുട്ടി മാമ തിരുവനന്തപുരത്ത് ഒരു പ്രേമത്തിൽപെട്ടു- ഒരു ഏകപക്ഷീയ പ്രേമം. സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്നു അവർ. അവരെ വാച്ചുട്ടി മാമ കണ്ടുമുട്ടിയതെങ്ങനെ എന്ന് എനിക്കിപ്പോഴുമറിയില്ല. ഏകവശ പ്രേമമാണെന്നറിയാതെ വാച്ചുട്ടി മാമയിൽ നിന്ന് ഈ വിവരമറിഞ്ഞ വേറമ്മയും ചെറിയമ്മയും അവരെ നേരിട്ടുകണ്ട് കല്യാണാലോചന നടത്തി. അന്തംവിട്ട അവർ തനിക്കതിന് ഒരു താത്പര്യവുമില്ലെന്ന് തുറന്നുപറഞ്ഞു. അവിടന്ന് തുടങ്ങിയ പ്രേമനൈരാശ്യം വാച്ചുട്ടി മാമയുടെ മനസ്സിനെ ബാധിച്ചു. ഉണ്ടായിരുന്ന ജോലി വിട്ടു, നാട്ടിലേക്ക് വരുന്നത് നിർത്തി. രാവിലെയും വൈകീട്ടും സെക്രട്ടറിയേറ്റ് നടയിലെത്തി അവരെ കാണുക എന്നതായി പതിവ്. നാട്ടിലേക്ക് അയക്കാൻ പലവട്ടം ചെറിയമ്മ ടിക്കറ്റുമെടുത്ത് തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് വണ്ടി കയറ്റിവിട്ടാലും അടുത്ത സ്റ്റേഷനിലിറങ്ങി തിരിച്ചെത്തും.

സി.പി. രാമചന്ദ്രനും സഹോദരി സി.പി. സരോജിനി അമ്മയും.
സി.പി. രാമചന്ദ്രനും സഹോദരി സി.പി. സരോജിനി അമ്മയും.

അങ്ങനെയുള്ളയാളാണ് ഒരു ദിവസം രാവിലെ തനിച്ച് പറളി വീട്ടിലെത്തിയത്. വാച്ചുട്ടി മാമ ആകെ മാറിയിരുന്നു. ഡോക്ടറെ കാണാൻ കൂട്ടാക്കാത്ത വാച്ചുട്ടി മാമ അത്തവണ പാലക്കാട് ഡോക്ടറുടെ അടുത്ത് പോകണമെന്ന്​ അമ്മ പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അനുസരിച്ചു.

ആദ്യത്തെ തവണ ഡോക്ടറെ കണ്ട് മരുന്ന് മേടിച്ച് വീട്ടിലെത്തിയ വാച്ചുട്ടി മാമയ്ക്ക് അൽപസ്വൽപം ആശ്വാസം കിട്ടിയെങ്കിലും വീണ്ടും ശ്വാസതടസം രൂക്ഷമായി. കിടക്കാൻ പറ്റാതെ എന്റെ അച്ഛന്റെ തോളിൽ തലചായ്ച്ച് ഇരിക്കും. ആ സമയത്ത് വായിലൂടെ തുപ്പൽ താഴേക്കൊഴുകി അച്ഛന്റെ ചുമലാകെ നനയും. പക്ഷെ അതിനെ നിയന്ത്രിക്കാനൊന്നും കഴിയാത്തതായിരുന്നു വാച്ചുട്ടി മാമയുടെ സ്ഥിതി. വീണ്ടും ആശുപത്രിയിൽ. ആശുപത്രിയിൽ പോകുന്നതിനുമുൻപ് വേറമ്മയെ കെട്ടിപ്പിടിച്ചു. തിരിഞ്ഞുതിരിഞ്ഞ് വീടിനെയും സ്വന്തക്കാരെയും നോക്കിയിട്ടാണ് പോയത്. ഒരുപക്ഷെ ഇതവസാന യാത്ര എന്ന് വാച്ചുട്ടി മാമ മനസ്സിലാക്കിയിരിക്കും.
ആശുപത്രിയിൽ രാത്രിയിലുണ്ടായിരുന്നത് എന്റെ അനിയൻ അജിയായിരുന്നു. അവന് സഹായത്തിന് ചിലപ്പോൾ മാണിക്കൻ നായരെന്ന ഞങ്ങളുടെ അടുത്ത പരിചയക്കാരനും. (കോങ്ങാട് നക്‌സലൈറ്റ് കേസിലുണ്ടായിരുന്ന മാണിക്കൻ നായർ ആ കേസിനുമുൻപും ശേഷവും ഞങ്ങളുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു, മരണം വരെ).

ഞാൻ അവിടെ അനങ്ങാതെ കിടന്നു. അമ്മയോ അച്ഛനോ അടുത്തുണ്ടായിരുന്നെങ്കിൽ, ഞാൻ വല്ലാതെ ആശിച്ചു. അമ്മയും വേറമ്മയും എങ്ങനെയായിരിക്കും ഈ സമയം. എനിക്കവരുടെയടുത്ത് എത്താൻ തോന്നി.

അവധി കഴിഞ്ഞ് ഞാനും കുട്ടികളും ബോംബെയിലേക്ക് മടങ്ങുമ്പോൾ റെയിൽവേ സ്‌റ്റേഷനിൽ പോകുന്നവഴി വാച്ചുട്ടി മാമയെ കാണാൻ പോയി. കിടന്നുകൊണ്ടുതന്നെ വാച്ചുട്ടി മാമ എന്നോടും കുട്ടികളോടും സംസാരിച്ചു. എത്തിയിട്ട് വിവരമറിയിക്കാൻ പറഞ്ഞു. രണ്ടുമാസത്തെ അവധി കഴിഞ്ഞ് പോകുന്നതിന്റെ വിഷമവും വാച്ചുട്ടി മാമയുടെ കിടപ്പും... എനിക്ക് കരച്ചിൽ വന്നു. (വണ്ടി ഒലവക്കോട് വിടുമ്പോൾ തോന്നുന്ന നെഞ്ചിലെ കനം മാറാൻ കുറച്ചേറെ സമയം വേണം, സാധാരണ സമയങ്ങളിൽ പോലും. കണ്ണ് കലങ്ങിയും ചുണ്ട് വിതുമ്പിയുമൊക്കെ പല സഹയാത്രികരും ഉണ്ടാകുമെന്നതുകൊണ്ട് നാണക്കേട് തോന്നാറില്ല.)

ബോംബെയിലെത്തി ജീവിതം സാധാരണ മട്ടിലായി.
അക്കാലത്ത് ഞാൻ താമസിക്കുന്ന കെട്ടിടത്തിൽ ടി.വി. ഉള്ളവർ കുറവായിരുന്നു. അന്ന്​ മലയാളമൊന്നും കിട്ടിത്തുടങ്ങിയിരുന്നില്ല. ഞായറാഴ്ചകളിലെ വൈകുന്നേരത്തെ ഹിന്ദി സിനിമ കാണാൻ അടുത്തുള്ള താമസക്കാർ വീട്ടിലെത്തും. മുൻവശത്തെ മുറി നിറച്ചാൾക്കാർ. ആ സമയത്താണ് ടെലഗ്രാമുമായി ഒരാൾ എത്തുന്നത്. ചീത്ത വാർത്തകൾ എന്നാണല്ലോ അന്നത്തെ കമ്പിസന്ദേശങ്ങളെക്കുറിച്ചുള്ള ധാരണ. എനിക്കും മനസ്സിലായി, ചീത്ത വാർത്ത തന്നെ- വാച്ചുട്ടി മാമയുടെ മരണവാർത്ത.

സി.പി.രാമചന്ദ്രൻ, കെ.കെ.വാരിയർ, എം.പി. നാരായണപിള്ള
സി.പി.രാമചന്ദ്രൻ, കെ.കെ.വാരിയർ, എം.പി. നാരായണപിള്ള

എന്റെ ഭർത്താവ് നാണപ്പൻ വീട്ടിലില്ല. കുട്ടികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റാത്ത പ്രായം. വീട്ടിലെ മുറി നിറച്ചാൾക്കാർ. ടി.വി.യിൽ സിനിമ. എനിക്കാ വാർത്ത അവിടെയുണ്ടായിരുന്നവരോട് പറയാൻ തോന്നിയില്ല. അവരുടെ സഹതാപം, ആശ്വസിപ്പിക്കൽ ഒക്കെ വല്ലാത്തൊരു നിലയിലേക്കെന്നെ കൊണ്ടുപോയാലോ എന്ന ഭയംകൊണ്ട് അത് വേണ്ടെന്നുവച്ചു. ഞാൻ ഒന്നും പറയാതെ കിടപ്പുമുറിയിൽ കയറി വാതിലടച്ചു. കരച്ചിൽ വരുന്നില്ല. കരയണമെന്നുണ്ട്. പക്ഷെ കരയാൻ പറ്റുന്നില്ല. ആദ്യമായാണ് വളരെ അടുത്ത ഒരാളുടെ മരണം ഞാനനുഭവിക്കുന്നത്.

ഞാൻ അവിടെ അനങ്ങാതെ കിടന്നു.
അമ്മയോ അച്ഛനോ അടുത്തുണ്ടായിരുന്നെങ്കിൽ, ഞാൻ വല്ലാതെ ആശിച്ചു. അമ്മയും വേറമ്മയും എങ്ങനെയായിരിക്കും ഈ സമയം. എനിക്കവരുടെയടുത്ത് എത്താൻ തോന്നി.
കുറേ കഴിഞ്ഞപ്പോൾ ടി.വി. ശബ്ദം നിന്നു. കുട്ടികൾ വാതിൽക്കൽ മുട്ടിവിളിച്ചു. ഞാനവരോട് അപ്പോഴും ഒന്നും പറഞ്ഞില്ല. ഏഴും നാലും വയസ്സുകാർക്ക് എന്തറിയാൻ. നാണപ്പൻ വന്നശേഷമാണ്​ അതുവരെ അടക്കിയതൊക്കെ പുറത്തുവന്നത്. ഒന്നും പറയാതെ നാണപ്പൻ അടുത്തിരുന്നു. കുറേ കരഞ്ഞപ്പോൾ എനിക്കും ഒരാശ്വാസം തോന്നി.

സഹോദരങ്ങൾക്ക് കപ്പലിലെ നങ്കൂരമായിരുന്നു എന്റെ അമ്മ. അതുകൊണ്ടുതന്നെയാവും അതുവരെ നാട്ടിലേക്ക് വരാൻ മടിച്ചുനിന്ന വാച്ചുട്ടി മാമ മരിക്കാനായി പറളിവീട്ടിലെത്തിയത്, അവസാനത്തെ ഒന്നുരണ്ട് മാസം ഞങ്ങൾ ഒന്നിച്ച് കഴിഞ്ഞത്. അങ്ങനെയല്ലായിരുന്നെങ്കിൽ ആ മരണത്തിന്റെ തീവ്രത ഇത്രയും എന്നെ ബാധിക്കുമായിരുന്നോ, ചിലപ്പോഴൊക്കെ ഞാനെന്നോടുതന്നെ ചോദിക്കാറുണ്ട്.

ചെറിയമ്മയ്ക്കും, അനിയത്തിക്കും, അമ്മയ്ക്കുമൊപ്പം പ്രഭ പിള്ള.
ചെറിയമ്മയ്ക്കും, അനിയത്തിക്കും, അമ്മയ്ക്കുമൊപ്പം പ്രഭ പിള്ള.

അനിത്യാനി ശരീരാണി, വിഭവോ നൈവ ശാശ്വതഃ, നിത്യം സന്നിഹിതോ മൃത്യു
(ശരീരം ശാശ്വതമല്ല, സമ്പത്ത് സ്ഥിരവുമല്ല, അന്തകൻ അരികിൽ തന്നെ)
എന്ന ചാണക്യദർശനമൊന്നും മനസ്സിനടുത്തുകൂടി വരാതിരുന്ന അക്കാലത്ത് എന്റെ മനസ്സിന് വലിയ ആഘാതമേൽപ്പിച്ച ആദ്യ അനുഭവം അതായിരുന്നു, വാച്ചുട്ടി മാമയുടെ മരണം.

ജീവിതത്തിൽ അതിനുശേഷം എത്രയോ മരണങ്ങൾ,
എത്രയോ ഞെട്ടലുകൾ, വിങ്ങലുകൾ, എത്രയോ കടിച്ചമർത്തലുകൾ.
ജീവിതം- മരണം, രണ്ടും ഒരുപോലെയാണ്. മടിപിടിച്ചിരിക്കാനവർക്കാവില്ല.
കുറച്ചു മെല്ലെയാകാം ചിലപ്പോൾ, പക്ഷെ യാത്ര തുടർന്നുകൊണ്ടിരിക്കും. ▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


പ്രഭ പിള്ള

ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്ക്‌ലിയിൽ കോപ്പി എഡിറ്ററായിരുന്നു. ഓർമകൾ മഹാനഗരത്തിൽ, വേർപാടിന്റെ പുസ്തകം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments