ബഹദൂർ അഭിനയിച്ച രണ്ട് ഗൾഫ് സിനിമകൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ (1980- സംവിധാനം: ആസാദ്, തിരക്കഥ: എം.ടി. വാസുദേവൻ നായർ), വിസ (1983- സംവിധാനം ബാലു കിരിയത്ത്), ഇന്നിരുന്ന് കാണുമ്പോൾ മലയാളി ജീവിതത്തിൽ ബഹദൂർ എന്ന സിനിമാനടൻ എങ്ങിനെ പ്രവർത്തിച്ചു, അല്ലെങ്കിൽ അദ്ദേഹം മലയാളി ജീവിതത്തെ എങ്ങനെ പരിചരിച്ചു എന്നതിനെക്കുറിച്ചോർക്കാനുള്ള കൃത്യമായ പശ്ചാത്തലമാകുന്നുണ്ട്. വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ ദുബായിയുടെ ഒരു കോണിൽ നാട്ടിൽ നിന്ന് പുതുതായി എത്തുന്നവരുടെ സംരക്ഷകനാണ് ബഹദൂർ അവതരിപ്പിക്കുന്ന കഥാപാത്രം. ആ സിനിമയിലെ നായകൻ സുകുമാരൻ ഉരുവിലാണ് ദുബായിലെത്തുന്നത്. ബഹദൂർ ഒരു ചെറിയ കടയുമായി അവിടെ ജീവിക്കുന്നു. സുകുമാരൻ ആദ്യ കാലത്ത് അന്തിയുറങ്ങുന്നത് ബഹദൂർ നൽകുന്ന ഒരിടത്താവളത്തിലാണ്.
വിസ എന്ന സിനിമയിൽ സൗദിയിലേക്ക് പോകാനായി നാട്ടിൽ നിന്നു പുറപ്പെട്ട് ചതിക്കപ്പെട്ട് ബോംബെയിൽ കുടുങ്ങി ഇളനീർ കച്ചവടക്കാരനായി അതിജീവിക്കാൻ ശ്രമിക്കുന്ന കുട്ട്യാലിക്ക എന്ന കഥാപാത്രത്തെയാണ് ബഹദൂർ അവതരിപ്പിക്കുന്നത്. അയാളുടെ മുന്നിലൂടെ നിരവധി പേർ ബോംബെ വിമാനത്താവളത്തിലൂടെ ഗൾഫിലേക്ക് പോകുന്നുണ്ട്. തന്നെ വഞ്ചിച്ച വിസ ഏജന്റിനേയും ഒരിക്കൽ അയാൾ അവിടെ വെച്ച് കാണുന്നുണ്ട്. പക്ഷെ കുട്ട്യാലിക്ക നിസ്സഹായനാണ്. 1960-കളുടെ ഒടുവിൽ ആരംഭിക്കുകയും 1980-കളിൽ ഉച്ചനിലയിലെത്തുകയും ചെയ്ത മലയാളിയുടെ ഗൾഫ് സ്വപ്നങ്ങളുടെ രണ്ടറ്റങ്ങളെയാണ് ബഹദൂർ കഥാപാത്രങ്ങൾ ഈ സിനിമകളിൽ അവതരിപ്പിക്കുന്നത്. ആദ്യ സിനിമയിൽ അയാൾ ഗൾഫിൽ വന്നിറങ്ങുന്നവരുടെ സഹായിയും രക്ഷകനുമാണ്. രണ്ടാമത്തെ സിനിമയിൽ വിസയുടെ പേരിൽ വഞ്ചിക്കപ്പെട്ട പതിനായിരക്കണക്കിന് മലയാളികൾ ഒരാളുമാണ്. ഈ രണ്ടു കഥാപാത്രങ്ങളും മലയാളിയുടെ ഗൾഫ് മോഹത്തിന്റെ / പുറംവാസത്തിന്റെ ജീവിച്ചിരുന്ന പ്രതീകങ്ങൾ തന്നെയാണ്. "എ ട്രൂ സ്റ്റോറി ഇൻ ഫിക്ഷൻ" എന്നു പറയാം.
വെളിച്ചത്തിലും ഇരുട്ടിലും നിറഞ്ഞുനിന്ന കഥയിൽ അതിജീവിച്ച നടൻ കൂടിയായിരുന്നു ബഹദൂർ.
സത്യത്തിൽ, ഗൾഫിലേക്ക് പോയവർക്ക് പിടിവള്ളിയായി ബഹദൂർ കഥാപാത്രം. അവിടെ ആരെങ്കിലും സഹായിക്കാനുണ്ടാകുമെന്ന പ്രത്യാശ. രണ്ടാമത്തെ കഥാപാത്രം പറ്റിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്നു. പ്രത്യാശയും മുന്നറിയിപ്പും- അതാണ് ഈ രണ്ട് സിനിമകളിലെ ബഹദൂർ കഥാപാത്രം മലയാളിക്ക് നൽകിയത്. ഈ രണ്ട് പ്രതിഭാസങ്ങളും ഇന്നും തുടരുന്നു. വിസ തട്ടിപ്പ് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ നീണ്ടു. അന്ന് വിസ തട്ടിപ്പ് എന്ന് മാധ്യമങ്ങൾ വിളിച്ച പ്രതിഭാസത്തെ ഇന്ന് മനുഷ്യക്കടത്ത് എന്നു വിളിക്കുന്നു, അതാണ് വ്യത്യാസം. അതു കൊണ്ടുതന്നെ നമ്മുടെ ജീവിതം കടന്നുവന്ന പടവുകളെ പരിശോധിക്കാൻ, പ്രത്യേകിച്ചും പുറംവാസി മലയാളി ജീവിതത്തെക്കുറിച്ച് പഠിക്കാൻ നമ്മെ ബഹദൂർ കഥാപാത്രങ്ങൾ സഹായിക്കുന്നു. ഈ രണ്ട് കഥാപാത്രങ്ങളിലും ഹാസ്യം മാറി നിൽക്കുന്നു. വിസയിൽ ബോംബെയിലെ ലോഡ്ജിൽ ശ്രീനാഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ധന്വന്തരം കുഴമ്പ് പുരട്ടിക്കൊടുക്കുമ്പോൾ മാത്രമാണ് ചിരിച്ചുകളിക്കുന്ന ബഹദൂറിനെ നമ്മൾ കാണുന്നത്.

1980 കളുടെ ഈ സിനിമകൾ മലയാളി ജീവിതത്തിന്റെ മാറുന്ന മുഖത്തെ പ്രതിനിധീകരിക്കുന്നു. പ്രത്യാശകളും മുന്നറിയിപ്പുകളും ചുഴികളും മലരികളും ഒരേ പോലെയുള്ള ആ കാലമാണ് പിൽക്കാല കേരളത്തെ സാധ്യമാക്കിയതെന്ന് സാമൂഹിക-സാമ്പത്തിക പണ്ഡിതർ ഇന്നാവർത്തിച്ചു പറയുന്നു. ആ ലോകത്തെക്കുറിച്ചറിയാൻ ഇന്നൊരാളെ എളുപ്പത്തിൽ സഹായിക്കുക ബഹദൂർ കഥാപാത്രങ്ങളാണ്. ഈ രണ്ട് ഗൾഫ് സിനിമകളുടെ വളർച്ചയോ പരകായമോ ആണ് മാമുക്കോയ അവതരിപ്പിച്ച ഗഫൂർക്ക ദോസ്തും (നാടോടിക്കാറ്റ്) അതിലെ ശ്രീനിവാസൻ, മോഹൻലാൽ കഥാപാത്രങ്ങളും.
1980-കൾക്കുമുൻപ് ബഹദൂർ എന്തു വേഷങ്ങളാണ് മലയാള സിനിമയിൽ അവതരിപ്പിച്ചത്?. മിക്കവാറും അടൂർ ഭാസിയുമൊത്തുള്ള ഹാസ്യ കഥാപാത്ര ജോടി വേഷങ്ങൾ. രണ്ടു പേർക്കും സ്ഥിരം പെൺജോടികളുമുണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടെ 1950-കൾ മുതൽ രാജ്യത്ത് പൊതുവിൽ പ്രതീക്ഷയുടേയും പ്രത്യാശയുടേയും ഒരു പൗര- മാനസിക നില വളരുന്നുണ്ട്. എന്നാൽ സിനിമയിലും സാഹിത്യത്തിലും മറ്റു കലകളിലും ഈ പ്രത്യാശ പൊലിഞ്ഞു പോവുകയാണെന്ന നിരാശ കലർന്ന വിമർശനവും കടന്നുവരുന്നത് കാണാം.

1957-ൽ പുറത്തിറങ്ങിയ "മദർ ഇന്ത്യ" (സംവിധാനം: മെഹബൂബ് ഖാൻ. നർഗീസും സുനിൽ ദത്തും നായികാ നായകൻമാർ) എന്ന സിനിമ ഈ വിമർശനത്തിന്റെ കുന്തമുന ഉയർത്തി. കാലികൾക്ക് പകരം മനുഷ്യർ വയലിൽ വലിക്കുന്ന കലപ്പ ചിത്രീകരിച്ച ഈ സിനിമ സ്വതന്ത്രാനന്തര ഇന്ത്യയുടെ പ്രതീക്ഷാ- പ്രത്യാശാ മുനമ്പിനെ ഒടിച്ചു കളയുന്നതായിരുന്നു. മദർ ഇന്ത്യക്ക് മൂന്നു വർഷം മുമ്പാണ് ബഹദൂർ ആദ്യമായി സിനിമയിൽ ഒരു ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ കാണുന്നു. 1954- ൽ നീലക്കുയിൽ (സംവിധാനം: പി. ഭാസ്ക്കരൻ, രാമുകാര്യാട്ട്, കഥ: ഉറൂബ്) മലയാളത്തിൽ തരംഗമുയർത്തി. നീലക്കുയിൽ ജാതി ബോധത്താൽ പിൻമടങ്ങുന്ന മലയാളിയെ കാണിച്ചു. അതായത് ഇന്ത്യൻ കലാലോകത്ത് അക്കാലത്ത് മദർ ഇന്ത്യ പ്രതിഭാസം പ്രവർത്തിച്ചുതുടങ്ങിയിരുന്നു എന്നു തന്നെ മനസ്സിലാക്കാം. 1971-ൽ അനുഭവങ്ങൾ പാളിച്ചകൾ പോലുള്ള മലയാള സിനിമകൾ ഇടതു പാരമ്പര്യത്തിൽക്കൂടി പ്രതിനിധീകരിച്ചുകൊണ്ട് ഈ നിരാശതകളെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
ഒരഭിമുഖത്തിൽ ബഹദൂർ പറയുന്നു: പഴയ കാലത്ത് ക്യാമറക്കു മുന്നിൽ കണ്ണടക്കാതിരിക്കുക എന്നതായിരുന്നു ഒരു നടന്റെ / നടിയുടെ വിജയം. അന്നത്തെ കത്തി നിൽക്കുന്ന ഹാലജൻ ബൾബുകൾക്കു മുന്നിൽ കണ്ണടക്കാതിരിക്കുക അങ്ങേയറ്റം വിഷമകരമായിരുന്നു.
എന്നാൽ, മലയാള സിനിമ 1975- ൽ ആലിബാബയും നാൽപ്പത്തിയൊന്ന് കള്ളൻമാരും പോലുള്ള സിനിമകളിലേക്ക് തിരിയുന്നു. അനശ്വര പ്രണയകഥകൾ മെനയുന്നു. ഈ സിനിമകളിൽ പലതിലും ബഹദൂർ എന്ന നടൻ അവിഭാജ്യ ഘടകമായിരുന്നു. ബഹദൂർ ഇത്തരം സിനിമകളിലെല്ലാം ഹാസ്യ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. അക്കാലത്തെ സിനിമാ സംവിധായകർ ഇങ്ങനെ പറഞ്ഞു: ഭാസി, ബഹദൂർ- ഈ രംഗത്തെ നിങ്ങളുടെ മനോധർമം ഉപയോഗിച്ച് ഹാസ്യമുള്ളതാക്കുക: തിരക്കഥയിലില്ലാത്ത ഹാസ്യം ഈ രണ്ടു നടൻമാരും ചേർന്ന് അവതരിപ്പിച്ചുപോന്നു. അതവരുടെ മാത്രം കലയായിരുന്നു. രണ്ടു നടൻമാരുമായുള്ള പല അഭിമുഖങ്ങളിലും അവർ ഈ അനുഭവം പറഞ്ഞിട്ടുണ്ട്. ഇരുവരും ഹാസ്യം അവതരിപ്പിക്കുന്നത് എപ്പോഴാണ്? നായകൻ വില്ലനെ തുരത്താൻ മാരകാക്രമണം നടത്തുമ്പോൾ, നായകൻ നായികയെ ക്രൂരരായ ആങ്ങളമാരിൽ നിന്ന് കടത്തിക്കൊണ്ടു പോകുമ്പോൾ അവർ ഹാസ്യം ചമച്ചുകൊണ്ടിരുന്നു. ഇന്ന് ആ രംഗങ്ങളിലൂടെ കടന്നു പോകുമ്പോൾ ഒരസംബന്ധത നമുക്ക് തോന്നാം. നായകനും നായികയും വില്ലനും പ്രാധാന്യം കിട്ടുന്ന സിനിമകളിലെ ഓരത്തുനിന്ന ഭാസിയും ബഹദൂറും അവരുടെ നായികമാരും ചമച്ച ഹാസ്യം അബ്സേർഡ് ആയിരുന്നു, അതിന്റെ കാരണം ആ സിനിമകളുടെ അസംബന്ധത കൂടിയായിരുന്നു. പ്രേംനസീർ മറുകി മാറ്റി ഒട്ടിച്ച് വേഷം മാറുമ്പോൾ ബഹദൂറും ഭാസിയും ഇത്തരത്തിലുള്ള അസംബന്ധതയിലൂടെ തങ്ങളുടേയും ഒപ്പം കാണികളുടേയും അസ്തിത്വം സ്ഥാപിച്ചെടുക്കുകയായിരുന്നു. ഓരത്തു നിൽക്കുന്നവരുടെ വിമർശനം കൂടിയായിരുന്നു ആ ഹാസ്യം.

അടൂർ ഭാസി 1979- ൽ ജോൺ എബ്രഹാമിന്റെ "ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളി"ൽ, ‘ഞാൻ നിങ്ങൾ വിചാരിച്ചതു പോലുള്ള ഹാസ്യ നടൻ മാത്രമല്ല’ എന്നു തെളിയിച്ചു. തൊട്ടുപിന്നാലെ 80-കളിൽ ഗൾഫ് സിനിമകളിലൂടെ ബഹദൂറും അക്കാര്യം സ്ഥാപിച്ചു. 1984-ൽ കുതിരവട്ടം പപ്പു "ആൾക്കൂട്ടത്തിൽ തനിയെ" യിലും പിന്നീട് സലീംകുമാറും (ആദാമിന്റെ മകൻ അബു- 2011) നിരവധി സിനിമകളിൽ ഇന്ദ്രൻസും ഹാസ്യ നടൻ-സ്വഭാവ നടൻ എന്ന തരംതിരിവിനെ പൊളിച്ചടുക്കി. അതിന്നും തുടരുന്നു. ജോക്കർ എന്ന സിനിമയിൽ ബഹദൂർ തന്റെ ജീവിതകാലത്ത് അവസാനമായി ഇതേ ചോദ്യത്തിനുള്ള ഉത്തരം നൽകി. നല്ല നടൻ, മോശം നടൻ എന്നേ ഉള്ളൂവെന്നും ഹാസ്യ നടൻ- സ്വഭാവ നടൻ എന്ന ഒന്നില്ലെന്നും ഈ പറഞ്ഞ നടൻമാർ സ്ഥാപിച്ചു വിജയിച്ചു. അഭിനയ രംഗത്തെ തരംതിരിവുകളെക്കുറിച്ചുള്ള ചർച്ച ഭാസി- ബഹദൂർ മുതലുള്ള നടൻമാർ ചേർന്ന ആഴമുള്ളതാക്കി. ഇന്ന് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ നമുക്കത് മനസ്സിലാവും. ഹാസ്യത്തിൽ നിന്നാണ് ഭാവനടൻ ജനിക്കുന്നതെന്നാണ് ഈ അഭിനേതാക്കൾ തെളിയിച്ചത്.
ബഹദൂർ നിത്യമെന്നോണം ഹാസ്യം അവതരിപ്പിച്ച കാലത്ത് സത്യത്തിൽ മഹാഭൂരിപക്ഷം മലയാളിയുടെ ജീവിതത്തെ പ്രതിനിധീകരിക്കുക കൂടിയായിരുന്നു. അതായത് മുഖ്യധാരയുടെ പരിഗണനയില്ലാത്ത മനുഷ്യരും ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നുണ്ടെന്ന് ബഹദൂറിന്റെ കഥാപാത്രങ്ങൾക്ക് സ്ഥാപിക്കേണ്ടിയിരുന്നു. ഭക്ഷണവും ചില്ലറ നാണയങ്ങളും കൈവശപ്പെടുത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ സിനിമയിലെ ഹാസ്യരംഗങ്ങൾ ഓർക്കുക. ദരിദ്രരുടെയും പാർശ്വവൽക്കൃതരുടെയും ചിരിയായിരുന്നു അത്. പണക്കാർ മാത്രമല്ല, ദരിദ്രരും തങ്ങളുടെ അടിത്തട്ട് ജീവിതത്തെ ഒരു നിമിഷത്തെ ചിരികൊണ്ട് അർഥപൂർണ്ണമാക്കുന്നുണ്ടായിരുന്നു. മലയാളി ജീവിതത്തിൽ ബഹദൂറിനുള്ള വലിയ സ്ഥാനമാണത്.
സിനിമ സംവിധായകൻ അസംബന്ധം എന്നുറപ്പിച്ച രംഗത്തെ ദരിദ്രരുടെ ചിരിയാക്കി ബഹദൂർ പരിണമിപ്പിക്കുകയായിരുന്നു. ഇന്ന് ആ സിനിമകൾ ഓരോന്നായി കാണുമ്പോൾ ഇക്കാര്യം കൂടുതൽ അർഥപൂർണ്ണമായി തെളിഞ്ഞുവരുന്നത് കാണാം. 1960-80കളിലെ കേരളീയ സാമൂഹിക ജീവിതം കൂടി ബഹദൂർ ഹാസ്യത്തിൽ നിൽപ്പുണ്ട്. അത് കൂടി മനസ്സിലാക്കുമ്പോൾ മാത്രമേ ബഹദൂർ ഹാസ്യത്തിന്റെ ആഘാതം ശരിക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കൂ.
1980-കളിൽ തുടങ്ങി ഒടുവിൽ "ജോക്കറി"ലെത്തുമ്പോൾ ബഹദൂർ നമ്മെ ചിരിപ്പിക്കാതെയായി. നമ്മുടെ സിനിമയുടെ സ്വഭാവമാറ്റം കൂടിയായിരുന്നു അത്. ബഹദൂറിനൊപ്പം അദ്ദേഹത്തിന്റെ കാണികളേയും പ്രായം ബാധിച്ചു.
നാടകങ്ങളും ആകാശവാണിയിലെ ഡബ്ബിംഗുമാണ് ബഹദൂറിനെ സിനിമയിലെത്തിച്ചത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രങ്ങളിൽ കാണാം. അദ്ദേഹം കുറച്ചു കാലം ബസ് കണ്ടക്ടർ / ചെക്കർ കൂടിയായിരുന്നു. സത്യത്തിൽ വിയർപ്പ് വീണ നാണയങ്ങളും നോട്ടുകളും സാന്നിധ്യമറിയിക്കുന്ന ബസ് പണിക്കാരന്റെ ജീവിതം ബഹദൂറിനെപ്പോലെ ഒരാളെ സംബന്ധിച്ച് യഥാർഥ അഭിനയക്കളരിയായിരുന്നു എന്ന് ഇന്ന് ഊഹിച്ചെടുക്കാം. മനുഷ്യരുടെ നിരവധി ഭാവങ്ങളെ ബസിനകത്ത് അദ്ദേഹം തിരിച്ചറിയുകയും ഒപ്പിയെടുക്കുകയും ചെയ്തിരിക്കാം. പണമില്ലാതെ വഞ്ചിക്കപ്പെട്ട നിലയിലുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പരിശോധിച്ചാൽ ടിക്കറ്റിനുള്ള പണമില്ലാതെ ബസിനകത്ത് പിടിക്കപ്പെട്ട ഒരു മനുഷ്യന്റെ എല്ലാ ഭാവങ്ങളും കണ്ടെത്താൻ കഴിയും. ബസിനകത്തെ വഴക്കുകളും വക്കാണങ്ങളും ബാക്കി നൽകാനും വാങ്ങാനുമുള്ള വെപ്രാളങ്ങളും- ഇതിൽ നിന്നെല്ലാമായിരിക്കാം ബഹദൂർ തന്റെ പിൽക്കാല അഭിനയത്തിനുള്ള വകകൾ ആദ്യമായി ശേഖരിച്ചത്.

നടൻ രജനീകാന്ത് ബാംഗ്ലൂരിൽ ബസ് കണ്ടക്ടറായിരുന്നുവല്ലോ. ബസിനകത്ത് അദ്ദേഹം യാത്രക്കാരുമായി നടത്തുന്ന വിനിമയങ്ങളും ചേഷ്ടകളും കണ്ട് അതേ ബസിൽ യാത്ര ചെയ്യുകയായിരുന്ന തമിഴ് സംവിധായകൻ കെ. ബാലചന്ദർ അദ്ദേഹത്തെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പിന്നീട് രജനീകാന്ത് അഭിനയം പഠിക്കാൻ പോയി. എന്നാൽ അദ്ദേഹത്തിന്റേയും ആദ്യ അഭിനയ കളരി ബസിനകമായിരുന്നു എന്ന് തന്നെ മനസ്സിലാക്കാം. ബഹദൂർ ബസ് കണ്ടക്ടർ / ചെക്കർ ജീവിതവും അഭിനയവും ബന്ധപ്പെടുത്തി കൂടുതൽ വിശദമാക്കലുകൾ നടത്തിയതായി കണ്ടിട്ടില്ല. പക്ഷെ ഇന്നു നോക്കുമ്പോൾ അഭിനയ ജീവിതത്തിലെ നിസ്സഹായ കഥാപാത്രങ്ങളുടെയെല്ലാം വേരുകൾ അദ്ദേഹം ജോലി ചെയ്തിരുന്ന ബസിൽ നിന്നു തന്നെ കിട്ടി, പിന്നീടത് തന്റെ അഭിനയ പ്രതിഭ കൊണ്ട് അദ്ദേഹം വളർത്തി എന്നു മനസ്സിലാക്കുന്നതിൽ തെറ്റില്ല. നമ്മുടെ ഹാസ്യ നടൻമാർക്ക് പിന്നീട് കിട്ടിയ ശ്രദ്ധ ലഭിച്ച ഗൗരവ റോളുകളെല്ലാം നിസ്സഹായരായ മനുഷ്യരുടേതായിരുന്നു എന്നതു കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. ബഹദൂർ, ഭാസി മുതൽ ഇന്ദ്രൻസ് വരെയുള്ളവരുടെ ഗൗരവ റോളുകൾ ഇക്കാര്യം സാധൂകരിക്കുന്നുണ്ട്.
‘ഏജിംഗ്’ എന്ന പ്രതിഭാസത്തെ തൊട്ടറിയാൻ ബഹദൂർ കഥാപാത്രങ്ങൾ കാണികളേയും ഗവേഷകരേയും ഇന്ന് ഒരേ പോലെ സഹായിക്കും.
1990- കളുടെ തുടക്കത്തിൽ എന്റെ നാടിനടുത്തുള്ള ആനമങ്ങാട് എന്ന ഗ്രാമത്തിൽ ഒഡേസ മൂവീസ് ചാപ്ലിന്റെ ദ കിഡ് 16 എം.എം പ്രൊജക്ടർ ഉപയോഗിച്ച് പ്രദർശിപ്പിക്കുന്നു. ഒരു ഗ്രൗണ്ടിൽ സ്ക്രീൻ കെട്ടിയാണ് പ്രദർശനം. ചാപ്ലിനെ കണ്ടതു മുതൽ സിനിമ അവസാനിക്കും വരെ രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടി അമ്മയുടെ മടിയിലിരുന്ന് ചിരിച്ചു കൊണ്ടേയിരുന്നു. ഇതേ അനുഭവമായിരുന്നു ബഹദൂർ- ഭാസി ജോടി ഒരു കാലത്ത് സ്ക്രീനിൽ വരുമ്പോഴും. അവർ ചേഷ്ടകൾ കാണിക്കുകയോ സംഭാഷണങ്ങൾ പറഞ്ഞു തുടങ്ങുകയോ ചെയ്യുന്നതിനു മുമ്പ് കാണികൾ ചിരി തുടങ്ങും. ചിരി വലിയൊരു ടോണിക്കാണ് എന്ന് ചാപ്ലിൻ പറയുന്നുണ്ടല്ലോ. സത്യത്തിൽ മലയാള സിനിമയിൽ ആ ടോണിക്ക് കാണികൾക്ക് നൽകിയവരിൽ മുൻ നിരയിൽ ബഹദൂറും ഭാസിയുമുണ്ട്. 1980-കളിൽ തുടങ്ങി ഒടുവിൽ "ജോക്കറി"ലെത്തുമ്പോൾ ബഹദൂർ നമ്മെ ചിരിപ്പിക്കാതെയായി . നമ്മുടെ സിനിമയുടെ സ്വഭാവ മാറ്റം കൂടിയായിരുന്നു അത്. ബഹദൂറിനൊപ്പം അദ്ദേഹത്തിന്റെ കാണികളേയും പ്രായം ബാധിച്ചു.
ജോക്കറിൽ ഓർമയുടേയും മറവിയുടേയും തീരങ്ങളിലാണ് ബഹദൂർ കഥാപാത്രത്തിന്റെ സഞ്ചാരം. ചിരിപ്പിച്ചു തുടങ്ങി, ചിന്തിപ്പിച്ച്, പിന്നെ കരയപ്പിച്ച് ബഹദൂർ കഥാപാത്രങ്ങൾ നമുക്കിടയിൽ ജീവിച്ചു. ആ കഥാപാത്രങ്ങളെ സൃഷ്ടിച്ച സംവിധായകർ എന്തു കൊണ്ട് ഈ നടനെത്തന്നെ അതിനായി തെരഞ്ഞെടുത്തു എന്നു ചോദിച്ചാൽ അത് കേരളത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു എന്നേ പറയാനാകൂ. "ഏജിംഗ്" എന്ന പ്രതിഭാസത്തെ തൊട്ടറിയാൻ ബഹദൂർ കഥാപാത്രങ്ങൾ കാണികളേയും ഗവേഷകരേയും ഇന്ന് ഒരേ പോലെ സഹായിക്കും.

ഒരഭിമുഖത്തിൽ ബഹദൂർ പറയുന്നു: പഴയ കാലത്ത് ക്യാമറക്കു മുന്നിൽ കണ്ണടക്കാതിരിക്കുക എന്നതായിരുന്നു ഒരു നടന്റെ / നടിയുടെ വിജയം. അന്നത്തെ കത്തി നിൽക്കുന്ന ഹാലജൻ ബൾബുകൾക്കു മുന്നിൽ കണ്ണടക്കാതിരിക്കുക അങ്ങേയറ്റം വിഷമകരമായിരുന്നു. അതു ജയിച്ചാൽ ഒരു നടൻ / നടി പകുതിയും ജയിച്ചു: ഇതേ പരീക്ഷണത്തിൽ താൻ ആദ്യ കാലത്ത് അമ്പേ പരാജയപ്പെട്ടതായി മമ്മുട്ടി പറഞ്ഞിട്ടുണ്ട്. അങ്ങനെ വെളിച്ചത്തിലും ഇരുട്ടിലും നിറഞ്ഞുനിന്ന കഥയിൽ അതിജീവിച്ച നടൻ കൂടിയായിരുന്നു ബഹദൂർ.
ബഹദൂർ മരിക്കുന്നതിന്റെ തലേദിവസം നിസ്ക്കരിച്ചതിനെക്കുറിച്ചും അതിനു മുമ്പൊരിക്കലും ബാപ്പ നിസ്ക്കരിക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ മരണശേഷം നൽകിയ അഭിമുഖത്തിൽ മകൾ ഓർക്കുന്നുണ്ട്. അഭിനയമായിരുന്നല്ലോ അദ്ദേഹത്തിന്റെ പ്രാർഥന, ആ പ്രാർഥനകളിൽ 1950- കൾ മുതൽ 2000 വരെയുള്ള മലയാളി ജീവിതത്തിലെ ഒരു ഉരകല്ലായി അദ്ദേഹം മാറുകയും ചെയ്തു. ബഹദൂറിന്റെ അഭിനയ പ്രാർഥനയിൽനിന്നു രൂപമെടുത്ത ആ ഉരകല്ല് ഇന്നൊരു കണ്ണാടി പോലെയാണ്. നാലു പതിറ്റാണ്ടു കാലത്തെ മലയാളി ജീവിത യാഥാർഥ്യങ്ങൾ ഇന്നൊരാൾക്ക് ആ കണ്ണാടിയിൽ പ്രതിബിംബിച്ചു നിൽക്കുന്നത് കാണാനും മനസ്സിലാക്കാനും എളുപ്പം സാധിക്കും.
