റസാഖ് കോട്ടയ്ക്കൽ
എടുത്ത ആ ചിത്രങ്ങൾക്ക്
എന്തു സംഭവിച്ചു?

റസാഖ് കോട്ടയ്ക്കൽ എടുത്ത സാഹിത്യകാരരുടെ വിഖ്യാത പോർട്രെയിറ്റുകൾ മാത്രമാണ് ഏവരുടേയും ഓർമ്മകളിൽ കടന്നുവരിക. അവയെല്ലാം മികച്ചതാണ്, സംശയമില്ല. പക്ഷെ, അദ്ദേഹം എടുത്ത മറ്റൊരു കൂട്ടം പ്രധാനപ്പെട്ട ചിത്രങ്ങൾ വീണ്ടും കാണാൻ കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രമിച്ചെങ്കിലും അറിയില്ല, കാണാനില്ല, എവിടെപ്പോയി എന്നറിയില്ല തുടങ്ങിയ ഉത്തരങ്ങൾ മാത്രമാണ് ലഭിച്ചത്- വി. മുസഫർ അഹമ്മദ് എഴുതുന്നു. റസാഖ് കോട്ടക്കലിന്റെ 11ാം ചരമവാർഷികമായിരുന്നു ഏപ്രിൽ ഒമ്പത്.

ചില പഴയ കടലാസുകളിൽ എന്തോ ചികഞ്ഞും തിരഞ്ഞും കൊണ്ടിരിക്കുമ്പോൾ ഭിന്ന ശേഷിക്കാരനായ ഒരു കുട്ടിയുടെ ചിത്രമുള്ള ‘ക്യാമറയുടെ നേരുകൾ’ എന്ന ശീർഷകത്തിലുള്ള ഒരു അറിയിപ്പ് കണ്ടു:

പ്രകൃതി നമുക്കായി യുഗങ്ങളായി പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നമുക്കവളോട് ശരിയായ ചോദ്യങ്ങൾ ചോദിക്കുകയേ വേണ്ടൂ. അണുപ്രസരത്തിന്റെ ദീർകാല അപകടങ്ങളെന്ത്? ഏതളവിൽ റേഡിയേഷൻ അപകടകരമാവാം. തലമുറകളിലേക്കു പകരുന്ന ഭവിഷ്യത്തുകളെന്ത്? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം തരുന്ന ലോകത്തിലെ തുറന്ന ലബോറട്ടറിയാണ് ചവറ നീണ്ടകര പ്രദേശങ്ങൾ. ആണവ ലോബി വിദഗ്ധമായി മൂടിവെക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്ന യാഥാർഥ്യങ്ങൾ ഒരു സ്വതന്ത്ര പഠനം ഉടനെ വെളിപ്പെടുത്തുവാൻ പോകുന്നു. അതിനു മുന്നോടിയായി ചവറ നീണ്ടകര പ്രദേശങ്ങൾ സന്ദർശിച്ച് റസാഖ് കോട്ടക്കൽ തന്റെ ക്യാമറയുടെ കണ്ണുകൾ തുറക്കുന്നു. പ്രകൃതിയുടെ ഈ ‘ഹിബാക്കുഷ’കളെ കുറിച്ചറിയാൻ ആണവ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി നിങ്ങളുടെ പ്രദേശത്ത് ഫോട്ടോകൾ പ്രദർശിപ്പിക്കുവാൻ താൽപര്യമുള്ളവർ വിവരങ്ങൾക്ക് എഴുതുക: സംസ്​ഥാന ആണവ വിരുദ്ധ സമിതി 16, വാഞ്ചി ലോഡ്ജ്, തൃശൂർ–21. (പാഠഭേദം 1990 ഒക്ടോബർ1–15).

ഇവിടെ പറയുന്ന സ്വതന്ത്ര പഠനം വി.ടി. പത്മനാഭൻ എഴുതിയ ‘ദുരന്തത്തിന്റെ നൂറ്റാണ്ടിലേക്ക്’ എന്ന പുസ്തകമാണ്. കേരളത്തിൽ ആണവ നിലയം എന്ന ആശയം വീണ്ടും ചർച്ചകളിലേക്ക് വരുമ്പോൾ ചവറ– നീണ്ടകരയിലെ കരിമണൽ ഖനനവും ഐ.ആർ.ഇയും (ഇന്ത്യൻ റെയർ എർത്ത്സ്) എല്ലാം വീണ്ടും ഓർമ്മയിലേക്ക് വരികയാണ്. ചവറ നീണ്ടകരയിലെ മണലിലുള്ള തോറിയത്തിന്റെ അണുവികരണം പല കുട്ടികളേയും ഭിന്ന ശേഷിക്കാരാക്കിയിരുന്നു. കാലോ കയ്യോ വളഞ്ഞു പോകുന്നതായിരുന്നു പലരിലും കണ്ടിരുന്നത്. ഓട്ടിസം ബാധിച്ചവരും ഉണ്ടായിരുന്നു.

റസാഖ് കോട്ടക്കൽ ഒരു ക്യാമ്പയിൻ ഫോട്ടോഗ്രാഫറായത് ചവറ നീണ്ടകര ചിത്രങ്ങളിലൂടെയാണ്. എന്നാൽ അതിലെ ചിത്രങ്ങൾ ഇന്ന് എവിടേയെങ്കിലുമുണ്ടോ എന്നുറപ്പില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പലരോടും ചോദിച്ചു നോക്കിയെങ്കിലും അതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയില്ല. പിൽക്കാലത്ത് മധുരാജ് എൻഡോസൾഫാൻ ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിച്ചപ്പോൾ ക്യാമ്പയിൻ ഫോട്ടോഗ്രഫി എത്ര ശക്തമാണെന്ന് മലയാളി ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.

‘ക്യാമറയുടെ നേരുകൾ’; ‘പാഠഭേദ’ത്തിലെ അറിയിപ്പ്. ഫോട്ടോ റസാഖ് കോട്ടക്കലിന്റേത്.
‘ക്യാമറയുടെ നേരുകൾ’; ‘പാഠഭേദ’ത്തിലെ അറിയിപ്പ്. ഫോട്ടോ റസാഖ് കോട്ടക്കലിന്റേത്.

‘ഞാനൊരു റൊമാൻ്റിക്കാണെന്നാണ് എല്ലാവരും പറയുക, അല്ല, ഞാനൊരു കഠിന ഹൃദയനാണ്’- ഇങ്ങനെ പറഞ്ഞ് തേങ്ങിത്തേങ്ങി കരഞ്ഞ റസാഖിനെ കണ്ടത് ചവറ നീണ്ടകര ഫോട്ടോഗ്രാഫുകൾ എടുത്ത് തിരിച്ച് കോട്ടക്കൽ വന്ന ശേഷമാണ്. ആ ചിത്രങ്ങൾ ഡവലപ് ചെയ്ത് പ്രിൻ്റുകളെടുത്ത് മേശമേൽ നിരത്തിയിട്ടിരുന്നു. ഈ കുട്ടികളുടെ നേരെ ക്യാമറ പിടിച്ചുനിന്ന ഞാൻ കഠിനഹൃദയനല്ലെങ്കിൽ മറ്റാര്? ഇങ്ങനെ ചോദിച്ചായിരുന്നു റസാഖിന്റെ തേങ്ങൽ.

ക്യാമറയുടെ ഏറ്റവും പ്രധാന കമാൻഡ് ഷൂട്ട് എന്നതാണ് എന്ന് ഇന്ന് ആ യന്ത്രത്തെക്കുറിച്ച് പഠിച്ചിട്ടുള്ളവർക്കറിയാം. തോക്കിനും ക്യാമറക്കും ഒരേ കമാൻഡാണ്. ഷൂട്ട്. അതുകൊണ്ട് ക്യാമറ കരുണയുള്ള യന്ത്രമാണെന്ന് കരുതരുതെന്ന് പല വർഷങ്ങൾക്കുശേഷം റസാഖുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞത് ഓർമ്മയിലുണ്ട്.

റസാഖിന്റെ ഫോട്ടോഗ്രഫി ജീവിതത്തിൽ നിർണ്ണായകമായ മുഹൂർത്തങ്ങളിലൊന്ന് തീർച്ചയായും ചവറ നീണ്ടകര ചിത്രങ്ങളെടുത്ത കാലമാണ്. എന്നാൽ അദ്ദേഹത്തെ പലരും ഓർക്കുകയും എഴുതുകയും ചെയ്യുമ്പോഴൊന്നും ഈ ഫോട്ടോഗ്രാഫുകൾ കടന്നുവരാറില്ല. റസാഖ് എടുത്ത സാഹിത്യകാരരുടെ വിഖ്യാത പോർട്രെയിറ്റുകൾ മാത്രമാണ് ഏവരുടേയും ഓർമ്മകളിൽ കടന്നുവരിക. അവയെല്ലാം മികച്ചതാണ്, സംശയമില്ല. പക്ഷെ, ചവറ- നീണ്ടകര ഫോട്ടോകൾ മറവിയിലാകുന്നത് മലയാളിയുടെ പരിസ്​ഥിതി ജാഗ്രത മാഞ്ഞുപോകുന്നതിെൻ്റ ഏറ്റവും ശക്തമായ അടയാളങ്ങളിലൊന്നായേ കാണാൻ കഴിയൂ. ആ ചിത്രങ്ങൾ വീണ്ടും കാണാൻ പലപ്പോഴായി കഴിഞ്ഞ കുറേ വർഷങ്ങായി ശ്രമിച്ചെങ്കിലും അറിയില്ല, കാണാനില്ല, എവിടെപ്പോയി എന്നറിയില്ല തുടങ്ങിയ ഉത്തരങ്ങൾ മാത്രമാണ് ലഭിച്ചത്. അതിൽ മലയാളി എത്തിനിൽക്കുന്ന ഒരു നിലപാട് കൂടിയുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല.

ബഷീർ, എം.ടി, മാധവിക്കുട്ടി പോർട്രെയ്റ്റുകളിൽ മതിമറക്കരുത് എന്ന് റസാഖിെൻ്റ മൊത്തം ഫോട്ടോഗ്രാഫുകളെക്കുറിച്ച് അറിയാവുന്നവർക്ക് തീർച്ചയായും തോന്നും. അതിൽ നമ്മുടെ മാധ്യമ ചരിത്രത്തിലെ ഒരു നീതികേട് കൂടി ഇന്ന് വായിക്കാൻ കഴിയും. മുഖ്യധാരാ മാധ്യമങ്ങൾ എല്ലാ കാലത്തും പുറത്തുനിർത്തിയ വിഷയങ്ങളിലൊന്നായിരുന്നു നീണ്ടകര- ചവറ പ്രശ്നം. അതിലെ പരിസ്​ഥിതി കാഴ്ച്ച പുറത്താക്കപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ആ ചിത്രങ്ങൾ വിസ്മൃതിയിലായിരിക്കുന്നു, അത്തരം സമരങ്ങളും മനുഷ്യർ ഇരകളാവുകയും ചെയ്യുന്നതും അതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതും കേരളത്തിൽ തീർത്തും കുറഞ്ഞു. സാഹിത്യ സമൂഹം എന്ന നിലയിൽ ആ മേഖലയിൽ നിന്നുള്ള റസാഖ് ചിത്രങ്ങൾ മാത്രം കേരളത്തിൽ ഓർമ്മിക്കപ്പെടുന്നു. റസാഖിനൊപ്പം വളർന്നുവന്ന ഒരു തലമുറയിലാണ് ഈ മാറ്റം ഏറ്റവും ശക്തമായി കാണാനാവുക. ചവറയും നീണ്ടകരയും ഓർക്കുക, മനുഷ്യനു വേണ്ടിയാണ് വികസനം എന്ന സങ്കൽപ്പം മറക്കുക– പരിസ്​ഥിതി പ്രസ്​ഥാനങ്ങളുടെ ഇന്നത്തെ മെലിവിനെയും റസാഖിന്റെ ഈ ഓർമ്മകളിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും.

ഗൾഫ് പീസ്​ ടീമിന്റെ ലേഖന പരമ്പര ‘പാഠഭേദ’ത്തിൽ നിന്ന്. കൂടെയുള്ള ചിത്രം റസാഖിന്റേത്.
ഗൾഫ് പീസ്​ ടീമിന്റെ ലേഖന പരമ്പര ‘പാഠഭേദ’ത്തിൽ നിന്ന്. കൂടെയുള്ള ചിത്രം റസാഖിന്റേത്.

അടുത്ത കാലത്ത് കെ.ജി. എസുമായി സംസാരിക്കുമ്പോൾ റസാഖി​ന്റെ ഈ ഫോട്ടോകൾ കടന്നുവന്നു. കെ.ജി.എസിന്റെ നാടു കൂടിയാണല്ലോ ഈ പ്രദേശം. കുറച്ചു കാലം മുമ്പ് അതിലൂടെ വെറുതെ അലഞ്ഞുതിരിഞ്ഞ് ഒരു ചായപ്പീടികയിൽ കയറിയിരുന്നപ്പോൾ റസാഖിന്റെ ഒരു നീണ്ടകര പടം ഫ്രെയിം ചെയ്ത് അവിടെ തൂക്കിയതായി കെ.ജി.എസ്​ കണ്ടു. തനിക്കത് തരുമോ എന്നദ്ദേഹം ചോദിച്ചു. പിന്നെയാകാം എന്നു പറഞ്ഞ് കടക്കാരൻ ഒഴിഞ്ഞു. പിന്നെയും കുറെ നാൾ കഴിഞ്ഞ് അതേ കടയിൽ പോയപ്പോൾ ആ ഫോട്ടോ അവിടെ കണ്ടില്ലെന്നും കെ.ജി.എസ്​ പറഞ്ഞു. റസാഖിനെ ഇപ്പോൾ ഓർക്കുമ്പോൾ ആ ചിത്രങ്ങളുടെ തിരോധാനം പ്രധാനമായി കടന്നുവരുന്നു. ഒരാളുടെ സർഗലോകം ഓർക്കുമ്പോൾ മറക്കപ്പെടുന്നത്, മാഞ്ഞുപോകുന്നത് പ്രധാനമാണെന്നുതന്നെ തോന്നുന്നു.

കെ.ജി.എസ്​ എഴുതിയ ‘പല പോസിലുള്ള നേരുകൾ’ എന്ന ലേഖനത്തിൽ (റസാഖ് കോട്ടക്കൽ കലയും ജീവിതവും, എഡി: ഡോ. ഉമർ തറമേൽ /പ്രസാധനം: കേരള ലളിത കലാ അക്കാദമി) ഈ ചിത്രങ്ങളുടെ അനുഭവത്തെക്കുറിച്ച് ഇങ്ങനെ എഴുതുന്നു:

‘‘ചവറയിലാണ് ഞാൻ ജനിച്ചത്. എനിക്ക് കിട്ടിയ കടൽത്തീരം ഇങ്ങനെ കറുത്തതായിപ്പോയല്ലോ എന്ന് കഷ്ടം തോന്നിയിട്ടുണ്ട്. അകലെ നിന്നേ കേൾക്കാമായിരുന്നു മണൽക്കമ്പനികളിലെ ചൂളയുടെ തീയിരമ്പം. തിരയിരമ്പത്തേക്കാൾ ഉയരെ. കടൽ കടന്നുപോകുന്ന ചവറ പ്രതാപത്തെപ്പറ്റി അഭിമാനമായി, ഇൽമനൈറ്റും മോണോസൈറ്റും തോറിയവുമെല്ലാം താരങ്ങളായി. കിണറ്റുകരയിൽ നിന്ന് വെള്ളം കോരി കാൽ കഴുകുമ്പോൾ എന്നും കാണും കണങ്കാൽ വരെ നക്ഷത്രപ്പൊടി പോലെ ആ അഭിമാനത്തിരകളുടെ തിളക്കം. അർബുദമോ അജ്ഞാത രോഗങ്ങളോ രൂപവൈകല്യങ്ങളോ എന്തുകൊണ്ടെന്നറിയുന്നത് പിന്നെ മാത്രം. അവിടവിടെ ചില വീടുകൾ മരണവീടുകളായ ശേഷം. പരിസ്​ഥിതി പ്രവർത്തകരും വി.ടി. പത്മനാഭനും റസാഖും കാണിച്ചുതന്നപ്പോൾ. ഓർമ്മയും പുതിയ അറിവും കാഴ്ച്ചയും ഒന്നിച്ചു ഞെട്ടിച്ചപ്പോൾ. അന്ന് റസാഖ് തന്ന ദേശത്തിന്റെ പോർട്രെയ്റ്റുകൾ ജീവനുമായുള്ള പിശാചിന്റെ സംവാദങ്ങളായിരുന്നു. പിൽക്കാലത്ത് മധുരാജിലും മറ്റും വളർന്നുകണ്ട ഫോട്ടോഗ്രഫിക് സജീവതയുടെ പ്രതിരോധ ദർശനം: ആ ചിത്രങ്ങൾ എന്തു കൊണ്ട് നമ്മിൽനിന്ന് മാഞ്ഞുപോയി എന്ന് റസാഖിനെക്കുറിച്ചോർക്കുമ്പോൾ പ്രധാനമാണ്. മറവിയും മായലും ഓർമ്മയും കളം വരക്കുകയാണ് ആ ചിത്രങ്ങളെക്കുറിച്ചുള്ള സ്മൃതികളിൽ’’.

ഒരുപക്ഷെ റസാഖിന്റെ ജീവചരിത്രം തേടുന്നവരെ അദ്ദേഹത്തിന്റെ ദർശനത്തിലേക്ക് എത്തിക്കുന്ന ഒരു കാര്യം കൂടി കെ.ജി.എസ്​ പറയുന്നുണ്ട്: പല യാത്ര കഴിഞ്ഞും റസാഖ് വന്ന് പറഞ്ഞത് ലോകം ഇരുളിൽ മുങ്ങിത്താഴുകയാണെന്നാണ്. നിഴൽ വീഴാതെ പൊരുളൊന്നും കാണാൻ കിട്ടുന്നില്ലെന്നാണ്. എഴുപതുകളിലെ വീഴ്ച്ചക്കു ശേഷം മുഖങ്ങൾ രണ്ടു തരം മാത്രമായെന്ന്. ഇരുളിൽ മുങ്ങുന്നതും ഇരുളിൽ നിന്നുദിക്കുന്നതും: ഇതായിരുന്നു റസാഖിന്റെ ജീവിതവീഴ്ച്ചയുടെ ഉയരം കൂടിയ കൊമ്പെന്നതും–ഇരുൾവീഴ്ച്ചയുടെ ചരിത്രം– ഇന്ന് റസാഖിനെ ഓർക്കുമ്പോൾ പ്രധാനമാണ്.

അവസാനത്തെ യുദ്ധത്തിനുശേഷം
വീണ്ടും എത്ര യുദ്ധങ്ങൾ

ആദ്യ ഗൾഫ് യുദ്ധ വേളയിൽ ഗൾഫ് പീസ്​ ടീമിലെ അംഗമായി റസാഖും ഇറാഖിലേക്ക് യാത്ര ചെയ്തു. ഈ യാത്രയും അതിന്റെ അനുഭവങ്ങളും റസാഖ് പറയുമായിരുന്ന ഇരുട്ടനുഭവമായി. അതും റസാഖിനെ ബാധിച്ചിരുന്നു. ഗൾഫ് പീസ്​ ടീമംഗങ്ങളായ ടോമി മാത്യു, റസാഖ് കോട്ടക്കൽ സെബാസ്റ്റ്യൻ കിഴക്കേക്കൂറ്റ്, ബാബു മാത്യു എന്നിവർ പാഠഭേദത്തിൽ (1991 മാർച്ച് 1–15 ലക്കം മുതൽ) ഒരു പരമ്പര എഴുതിയിരുന്നു. ആ പരമ്പരയിലെ ആദ്യ ലക്കത്തിൽ ഇങ്ങനെ വായിക്കാം:

മിനുട്ടുകൾക്കുള്ളിൽ കാര്യങ്ങൾ സ്​ഥിരീകരിക്കപ്പെട്ടു. സ്​ഫോടനങ്ങൾ, അകലെ, പക്ഷെ കാഴ്ച്ചയിൽ വ്യക്തം. ശബ്ദം, ഭീകരം. ഞങ്ങൾ നിൽക്കുന്ന മണ്ണിൽ നിന്നും ശരീരത്തിലേക്ക് പ്രകമ്പനത്തിന്റെ തരിപ്പ് ഇരച്ചു കയറി. അത്ര തന്നെ ദൂരയല്ലാതെ വടക്കു ദിശയിൽ നിന്നും ആകാശത്തേക്ക് ധൂമപടലങ്ങളുയർന്നു. ഉയരത്തിൽ നിന്ന് തീഗോളം പോലെയെന്തോ ഭൂമിയിലേക്ക്. ഒന്നും വ്യക്തമായില്ല. ഒരു കാര്യമൊഴികെ– ആക്രമണം തുടങ്ങിയിരിക്കുന്നു. സംശയമവശേഷിച്ചിരുന്നവർക്കു വേണ്ടിയെന്നോണം സാക്ഷാൽ ജോർജ് ബുഷ് ഇതാ വോയ്സ്​ ഓഫ് അമേരിക്കയിൽ; പുതിയ ലോകക്രമത്തിനു വേണ്ടി, ഇതാ അവസാനത്തെ യുദ്ധം.

ഇതേ പുതിയ ലോകക്രമം പിന്നേയുമുണ്ടാക്കിയ യുദ്ധങ്ങളെക്കുറിച്ചോർക്കുമ്പോൾ റസാഖ് ഇരുട്ടിനെക്കുറിച്ച് പറഞ്ഞതിെൻ്റ അർഥം മനസ്സിലാക്കാൻ പ്രയാസമില്ല.

യുദ്ധത്തെക്കുറിച്ച് റസാഖെഴുതിയ കുറിപ്പുകൾ ‘റസാഖ് കോട്ടക്കൽ കലയും ജീവിതവും’ എന്ന പുസ്​തകത്തിലുണ്ട്. അതിൽ ഇങ്ങനെയൊരു ഭാഗമുണ്ട്:

ആകാശം ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. എന്തു സംഭവിക്കുന്നുവെന്നറിയാതെ പരസ്​പരം കെട്ടിപ്പിടിച്ചിരുന്നു. തലയ്ക്കു മുകളിൽ നിന്നും ചെവിയടപ്പിക്കുന്ന ഇരമ്പലുകൾ. പൊട്ടിത്തെറിയുടെ വിദൂരതയിൽ നിന്നുള്ള മുഴക്കം. ദൈവമേ യുദ്ധം ആരംഭിക്കുകയാണോ? ഇനിയെന്തിനെല്ലാം സാക്ഷിയാവണം. ഉറങ്ങാതിരുന്ന കുഞ്ഞുനാളുകളിൽ ഉറക്കാൻ പറഞ്ഞ കഥകളിലൂടെ എന്റെ സ്വപ്നത്തിലേക്കൊഴുകിയ ‘ബദ്ഗാദ്’ പൊട്ടിത്തെറിക്കുന്നത് കൺമുന്നിൽ കാണേണ്ടി വന്നു. ഓമനത്വമുള്ള ബഗ്ദാദിന്റെ കൊച്ചുമക്കൾ ഇപ്പോൾ കരിഞ്ഞുകത്തുകയാവും. കളിപറഞ്ഞൊഴുകുന്ന യൂഫ്രട്ടീസ്​ ഇപ്പോളൊഴുകുന്നത് ചുവന്നയാരിക്കുമോ?

ഇരുളിൽ ഉദിക്കുന്നതും ഇരുളിൽ മുങ്ങുന്നതുമായ ഒരു ലോകത്തെ റസാഖ് മനസ്സിലാക്കിയത് ചവറ നീണ്ടകര, ഗൾഫ് യുദ്ധഭൂമി, വടക്കു കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായിരിക്കണം. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിക് ലോകത്തു നിന്ന് ലഭിക്കുന്ന സൂചനകൾ അതാണ്. തന്നിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത ആ റസാഖിനെ മനസ്സിലാക്കാൻ അദ്ദേഹം ജീവിച്ചിരുന്ന കാലത്തും അധികമാർക്കും കഴിഞ്ഞില്ല. നാലു വശത്തു നിന്നും തന്നെ വളയുന്ന ഇരുട്ടിനു നടുവിലിരുന്ന് റസാഖ് വിഖ്യാത പോർട്രെയ്റ്റുകൾ ചെയ്തു. അത് നൽകിയ പ്രശസ്​തി വളരെ കുറച്ചുനാൾ മാത്രമേ റസാഖിനെ ആഹ്ളാദിപ്പിച്ചുള്ളൂ. വീണ്ടും അയാൾ ഒരു തുള്ളി വെളിച്ചത്തിനായി ദാഹിച്ചു. ഇതായിരുന്നു റസാഖിന്റെ യഥാർഥ പ്രതിസന്ധിയെന്ന് അദ്ദേഹത്തിന്റെ രചനാലോകത്തേക്കു നോക്കുമ്പോൾ മനസ്സിലാക്കാനാകും.

‘റസാഖ് കോട്ടക്കൽ കലയും ജീവിതവും’ എന്ന പുസ്തകത്തിന്റെ കവർ.
‘റസാഖ് കോട്ടക്കൽ കലയും ജീവിതവും’ എന്ന പുസ്തകത്തിന്റെ കവർ.

റസാഖിന്റെ പ്രതിസന്ധിയെക്കുറിച്ച് പതിവ് കാര്യങ്ങളാണ് എല്ലാവരും പറഞ്ഞുനോക്കിയത്. കുടുംബം നോക്കുന്നില്ല, ജോലിയിൽ ശ്രദ്ധയില്ല, ലഹരി തന്നെ ലഹരി– പക്ഷെ അയാൾ അൽപ്പം വെളിച്ചത്തിനായി ദാഹിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാൻ കേരളത്തിൽ ആർക്കും പറ്റിയില്ല. കെവിൻ കാർട്ടറിൽ (സുഡാനി ബാലികയെ കഴുകാൻ റാഞ്ചാൻ വരുന്ന ചിത്രമെടുത്ത) നിറഞ്ഞ ഇരുളിന്റെ ഹതാശത റസാഖിലും മറ്റൊരു നിലയിൽ കൂടു കെട്ടി, അത് മനസ്സിലാക്കിയ ചികിൽസകരോ സുഹൃത്തുക്കളോ ഉണ്ടായില്ല. ആത്മബലി റസാഖിനും വഴിയാവുകയായിരുന്നു.

ഇതെഴുതുമ്പോൾ പാഠഭേദത്തിൽ വന്ന രണ്ടു ഫോട്ടോഗ്രാഫുകൾ, ചവറയിലെ കുട്ടിയുടേയും ഗൾഫ് പീസ്​ ക്യാമ്പിൽ നിന്നുള്ള ദൃശ്യത്തിന്റെയും ചിത്രങ്ങൾ മാഞ്ഞ് മഞ്ഞച്ചിരിക്കുന്നു. റസാഖിന്റെ ഒർമ്മകളിൽ നിന്ന് ഈ ഫോട്ടോഗ്രാഫുകൾ മായുമ്പോൾ അയാൾ അനുഭവിച്ച യഥാർഥ പ്രതിസന്ധിയും മായുകയാണ്. അദ്ദേഹത്തിന്റെ കോട്ടക്കലിലെ വാടകവീട്ടിൽ അവസാന നാളുകളൊന്നിൽ കാണുമ്പോൾ റസാഖ് പറഞ്ഞത് കൃത്യമായ സൂചനയായിരുന്നു, പക്ഷെ എനിക്കത് മനസ്സിലായില്ല.

റസാഖ് പറഞ്ഞു: ഇവിടെ ഇരുട്ടിൽ നിറയെ ജിന്നുകളാണ്, അവർ അടക്കിപ്പിടിച്ച് സംസാരിക്കുന്നത് എനിക്കു കേൾക്കാം, നിനക്കത് കേൾക്കില്ല. കാരണം വിചിത്രന്യായങ്ങൾ മാത്രം പറഞ്ഞ് മരിക്കുംവരെ എങ്ങനെയെങ്കിലും ജീവിക്കാൻ ശ്രമിക്കുന്ന ഒരു സാധു മനുഷ്യൻ മാത്രമാണ് നീ. അന്ന് ആ ജിന്ന് പറഞ്ഞത് ഞാനുടനെ ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നുവെന്ന് ഇപ്പോൾ മാത്രം മനസ്സിലാകുന്നു, പക്ഷെ അതു കൊണ്ട് എന്തുകാര്യം?


Summary: A memoir on legendary photographer Razak Kottakkal. V Musafar Ahammed writes on Razak Kottakkal's 11th death anniversary.


വി. മുസഫർ അഹമ്മദ്​

മാധ്യമ പ്രവർത്തകനും എഴുത്തുകാരനും. മരുഭൂമിയുടെ ആത്മകഥ, മരുമരങ്ങൾ, മയിലുകൾ സവാരിക്കിറങ്ങിയ ചെരുവിലൂടെ, കുടിയേറ്റക്കാരന്റെ വീട്, മരിച്ചവരുടെ നോട്ട് പുസ്തകം, ബങ്കറിനരികിലെ ബുദ്ധൻ, camels in the sky: Travels in Arabia എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments