1947-ൽ സ്ലിമാൻ മൻസൂർ ജനിക്കുമ്പോൾ ഇസ്രായേൽ എന്ന രാജ്യം ഉണ്ടായിരുന്നില്ല. അതിനാൽ ജനനം സമ്പൂർണ്ണ പലസ്തീനിയായിട്ടായിരുന്നു. പലസ്തീനി ക്രിസ്ത്യൻ. എന്നാൽ അദ്ദേഹത്തിന് ഒരു വയസ്സായപ്പോൾ 1948-ൽ ഇസ്രായേൽ സ്ഥാപിക്കപ്പെട്ടു. പിന്നീടദ്ദേഹം അധിനിവിഷ്ട പലസ്തീനിൽ ബേർസേത്തിലും കിഴക്കൻ ജറുസലേമിലും ജീവിച്ചു. ആഗസ്റ്റ് 24-ന് തിങ്കളാഴ്ച്ച 79-ാമത്തെ വയസ്സിൽ അധിനിവിഷ്ട പലസ്തീനിൽ സ്ലിമാൻ അന്തരിച്ചു. അദ്ദേഹം പലസ്തീനിലെ മുൻനിര ചിത്രകാരനായിരുന്നു. ശിൽപ്പി, കാർട്ടൂണിസ്റ്റ്, പോസ്റ്ററിസ്റ്റ് എന്നീ നിലകളിൽ കൂടി ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു. പലസ്തീനിലും വാഷിങ്ടണിലുമായി കല പഠിച്ച് തന്റെ നാട്ടിൽ തന്നെ തുടർന്ന് കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. ജറുസലേമിനെ ചുമലിൽ ചുമക്കുന്ന ഒരു തൊഴിലാളിയുടെ/പോർട്ടറുടെ ചിത്രം അദ്ദേഹം വരച്ചിട്ടുണ്ട്. ('ജമാൽ അൽ മഹ്മിൽ' എന്നാണ് 2005-ൽ വരച്ച ഈ ചിത്രത്തിന്റെ ശീർഷകം - ഭാരങ്ങളുടെ ഒട്ടകം എന്നർഥം) ആ തൊഴിലാളി എല്ലാ നിലയിലും പരീക്ഷിക്കപ്പെട്ട/പീഡിപ്പിക്കപ്പെട്ട ഒരു മനുഷ്യനാണ്. പക്ഷെ, ജറുസലേം തന്റേതാണെന്ന് ആ പലസ്തീൻ പോർട്ടർ ആവർത്തിക്കുന്നു. ചുമലിൽ ഒരു തുറന്ന ചാക്കിൽ ജറുസലേമിന്റെ വിവിധ വിശദാംശങ്ങൾ അദ്ദേഹം വരച്ചിരിക്കുന്നു. അതിൽ ബൈത്തുൽ മുഖദ്ദിസുമുണ്ട്. നിരവധി സ്ഥലദൃശ്യങ്ങൾ ഈ ചിത്രത്തിൽ കടന്നു വരുന്നു. കെട്ടിടങ്ങളും കാണാം. ശരിക്കും ഒരു പലസ്തീൻ ജറുസലേമിനെയാണ് ആ തൊഴിലാളി തന്റെ മുതുകിൽ വഹിക്കുന്നത്. ഇസ്രായേലി ജറുസലേമിനെയല്ല. സ്ലിമാൻ മൻസൂറിന്റെ പ്രാധാന്യം അതും കൂടിയാണ്. പലസ്തീനായിരുന്ന സ്ഥലങ്ങളെ പലസ്തീനായി തന്നെ തന്റെ ചിത്രങ്ങളിലെങ്കിലും സംരക്ഷിക്കുക. അദ്ദേഹത്തിന്റെ കലയിലെ മാനിഫെസ്റ്റോ അതായിരുന്നു. പലസ്തീനിൽ പ്രിയങ്കരമായ നിറങ്ങൾ, രൂപങ്ങൾ, വസ്ത്രങ്ങൾ, മുഖങ്ങൾ അവയെല്ലാം അദ്ദേഹം തന്റെ കലാകാര ജീവിതത്തിൽ നിരന്തരമായി വരച്ചു കൊണ്ടിരുന്നു. അങ്ങിനെ ഹിംസയിൽ രക്തസ്നാനം നടത്തുന്ന ഇസ്രായേലിനെ സാംസ്‌ക്കാരികമായി തുടർച്ചയായി വെല്ലുവിളിച്ചു.
ഒരു രാജ്യത്തെ വരയ്ക്കുക മാത്രമല്ല, അതിന് അസ്തിത്വത്തിന്റെ എല്ലാ വിശദാംശങ്ങളോടെയും മുഖം നൽകുകയും ചെയ്യുന്ന കലാകാരരുണ്ട്. സ്ലിമാൻ മൻസൂർ പലസ്തീനു വേണ്ടിയാണ് ഇത് ചെയ്തത്. അദ്ദേഹത്തിന്റെ ‘ചുമട്ടുതൊഴിലാളികൾ’, ‘ഒലിവ് മരങ്ങൾ’, ‘എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ’ എന്നിവ ഒരു ദേശത്തിന്റെ (പലസ്തീന്റെ) ഓർമ്മയുടെയും അണയാത്ത പ്രതിരോധത്തിന്റെയും കഥ പറഞ്ഞു. ഭൗതികമായി അദ്ദേഹം ഇന്നില്ല. പക്ഷേ ആ കലാകാരന്റെ നോട്ടം ഇപ്പോഴും നിലനിൽക്കുന്നു. ഒരു ഐക്കണായി മാറിയ ജറുസലേം ചിത്രത്തിലെന്നപോലെ, അദ്ദേഹം തന്റെ നാടിനെ തന്റെ ചുമലിലും തലയിലും ചുമക്കുന്നത് തുടരും. കലാചരിത്രത്തിലും ഭാവി ചരിത്രത്തിലും.

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ ഒന്നായ 'റിച്വൽസ് അണ്ടർ ഒക്യുപേഷനെ' (1989) ഒരു ക്യുറേറ്റർ ഇങ്ങിനെ സംക്ഷിപ്തമാക്കുന്നു: അധിനിവേശത്തിൻ കീഴിൽ ജീവിക്കുന്ന പലസ്തീനികളുടെ കഷ്ടപ്പാടുകളും അവരുടെ ദൈനംദിന പ്രതിരോധശേഷിയും ചിത്രം പകർത്തുന്നു. ഈ എണ്ണച്ഛായ ചിത്രത്തിൽ, വളരെ പ്രതീകാത്മകമായ ഒരു ശവസംസ്‌കാര രംഗം വികസിക്കുന്നു. വലിയൊരു ജനക്കൂട്ടം പലസ്തീൻ പതാകയിൽ പൊതിഞ്ഞ ഒരു പലസ്തീനിയുടെ ശവപ്പെട്ടി വഹിക്കുന്നു, അത് ഒരു വലിയ കുരിശായി ചിത്രീകരിച്ചിരിക്കുന്നു, ഇത് ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ ആഖ്യാനങ്ങളെ ഓർമ്മപ്പെടുത്തുന്നു: ഏറ്റവും വിഖ്യാതനായ പലസ്തീനി യേശുക്രിസ്തുവാണെന്ന് ആ കുരിശ് ലോകത്തെ ഓർമ്മിപ്പിക്കുന്നു. തന്റെ തന്നെ ക്രിസ്തീയ വേരുകളിൽ നിന്നാണ് ഈ ദൃശ്യ രൂപകം ഉണ്ടായതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നുമുണ്ട്.
പലസ്തീൻ കവിയും എഴുത്തുകാരനുമായ ഉസ്മാൻ ഷാഹിൻ സ്ലിമാനെ ഓർത്തു കൊണ്ടെഴുതിയ സ്മരണാജ്ഞലി ലേഖനത്തിന്റെ തലക്കെട്ട് 'Without Love, There Is No Belonging' എന്നായിരുന്നു. അതേ ലേഖനത്തിൽ പോർട്ടർമാരെ നിരന്തരമായി വരച്ചു കൊണ്ടിരുന്ന, 'ജമാൽ അൽ മഹ്മിൽ' സൃഷ്ടിച്ച ആ കലാകാരനെക്കുറിച്ച് ഇങ്ങിനെ എഴുതിയിരിക്കുന്നു: ‘നിങ്ങൾ ഒരു പലസ്തീനിയാണെങ്കിൽ 'ജമാൽ അൽ മഹ്മിൽ' തീർച്ചയായും ഇതിനു മുമ്പ് കണ്ടിരിക്കും. നഗ്‌നപാദനായ ഒരു വൃദ്ധൻ മുന്നോട്ട് കുനിഞ്ഞ് വലത്തേക്ക് നടക്കുന്നു. അയാളുടെ പുറകിലെ ലോഡിൽ നിന്ന് നെറ്റിയിലൂടെ ഒരു കയർ കെട്ടിയിട്ടുണ്ട്. പഴയ ജറുസലേമിലെ പോർട്ടർമാർ തോളുകൾക്ക് പകരം കഴുത്തും നട്ടെല്ലും ഭാരം വഹിക്കാൻ ഉപയോഗിച്ചിരുന്ന രീതിയാണിത്. ഭാരം വളരെ വലുതും ഒരു കണ്ണിന്റെ ആകൃതിയിലുള്ളതുമാണ്. കണ്ണിനുള്ളിൽ ജറുസലേം ഉണ്ട്, അതിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന റോക്ക് ഡോം (ബൈത്തുൽ മുഖദിസ്സ്) ചുറ്റുമുള്ള കെട്ടിടങ്ങളേക്കാൾ വളരെ വലുതാണ്. പോർട്ടറുടെ കൈ-കാലുകൾ യഥാർഥ രൂപത്തേക്കാൾ വലുതായി വരച്ചിരിക്കുന്നു. പോർട്ടറുടെ മുഖം കഷ്ടിച്ച് ഉറപ്പിച്ചിരിക്കുന്നു. അയാൾക്ക് നടക്കാൻ ഒരു തുണ്ട് ഭൂമിയില്ല. അയാൾക്ക് മുന്നിൽ ഒരു ലക്ഷ്യസ്ഥാനവുമില്ല. പോർട്ടർ ആ നഗരവുമെടുത്ത് ലക്ഷ്യങ്ങളൊന്നുമില്ലാതെ അലയുന്നു.

ഈ പെയിന്റിംഗിനെക്കുറിച്ച് മിക്കവർക്കും അറിയാത്ത കാര്യം കണ്ണ് ഒരു അപകടമായിരുന്നു എന്നതാണ്. സ്ലിമാൻ കുറച്ചുകാലമായി ഇടവഴികളിൽ നിന്ന് പോർട്ടർമാരുടെ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു. പക്ഷേ എങ്ങുമെത്തിയില്ല. അയാൾ ആ മനുഷ്യനെ കൊണ്ട് ഒരു ഫ്രിഡ്ജ് ചുമപ്പിച്ചു നോക്കി. (അങ്ങിനെയൊരു ചിത്രം വരച്ചു എന്നർഥം) പിന്നീട് ഒരു അലമാര പരീക്ഷിച്ചു. ഓരോ തവണയും ചിത്രകാരന് പോർട്ടറുടെ വിത്യസ്തങ്ങളായ ചിത്രങ്ങൾ ലഭിച്ചു. അതായത് ഒന്നുമില്ലാത്ത ചിത്രം. അപ്പോഴാണ് അദ്ദേഹത്തിന് നഗരം ആ പോർട്ടറെക്കൊണ്ട് എടുപ്പിക്കുക എന്ന ആശയം വന്നത്. ആദ്യം അദ്ദേഹം ജറുസലേമിനെ ഒരു വൃത്തത്തിനുള്ളിൽ വരച്ചു, ആ വൃത്തം ഏത് നിമിഷവും ആ മനുഷ്യന്റെ മുതുകിൽ നിന്ന് ഉരുണ്ടുവീഴാമെന്ന് തോന്നി, അതിനാൽ അത് സ്ഥിരമാക്കാൻ അദ്ദേഹം ഓരോ അറ്റത്തും ഒരു കോൺ ചേർത്തു. ആ കോണിൽ നിന്ന് പുറത്തുവന്ന ആകൃതി ഒരു കണ്ണിനോട് സാമ്യമുള്ളതായിരുന്നു.
അമ്പത് വർഷത്തെ വ്യാഖ്യാനം ആ കണ്ണിൽ തൂങ്ങിക്കിടക്കുന്നു. പ്രിയപ്പെട്ടവൻ കണ്ണിന്റെ കൃഷ്ണമണിയാണ് എന്ന അറബി പ്രയോഗവുമായി ആളുകൾ അതിനെ ബന്ധിപ്പിക്കുന്നു. പോർട്ടർക്ക് സ്വന്തമായി കണ്ണുകളില്ല, കാരണം അയാൾ പുറകിൽ വഹിക്കുന്നത് അയാളുടെ കണ്ണുകൾക്ക് യഥാർഥത്തിൽ കാണാൻ കഴിയുന്നു എന്നാണ് കലാനിരൂപകർ എഴുതിയത്. അതെല്ലാം നല്ലതും മനോഹരവുമാണ്, സത്യവുമാണ്: ഈ വരികൾ സ്ലിമാനിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന നടപ്പാതകളിലൊന്നാണ്. 1978ൽ 'എ വുമൺ കാരിയിംഗ് ജറുസലേം’, 1978ൽ ‘ജറുസലേം ഓൺ ഹേർ ഹെഡ്’ എന്നീ ചിത്രങ്ങളും അദ്ദേഹം രചിച്ചു. ആദ്യ ചിത്രത്തിൽ പലസ്തീനി സ്ത്രീയുടെ ഹൃദയത്തിൽ ജറുസലേം ചിത്രീകരിച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ യുവതിയുടെ തലച്ചുമടിലാണ് (അതോ ഓർമ്മയുടെ ഭാവനയിലോ) ജറുസലേം. ഈ ജറുസലേം പരമ്പര 2005-ൽ 'ജമാൽ അൽ മഹ്മിൽ' എന്ന ചിത്രത്തോടെ പൂർണ്ണമാവുകയായിരുന്നു.
ഒലീവ് പറിക്കുന്ന സ്ത്രീകളേയും പുരുഷൻമാരേയും അദ്ദേഹം തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കി. അവരെല്ലാം പലസ്തീൻ തുന്നൽത്തുണികൾ ധരിച്ചവരായിരുന്നു. ആ തുണികളിൽ അവർ സമ്പൂർണ്ണ പലസ്തീനികളായി. ആ ചിത്രങ്ങളിൽ മാത്രം അവരിന്നും പലസ്തീനികളായി തങ്ങളുടെ ജീവിതം തുടരുകയും ചെയ്യുന്നു. അതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തോട് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചു: ഞാൻ ഓറഞ്ച് മരങ്ങൾ വരക്കുന്നത് 1948-ൽ പലസ്തീൻ അധിനിവേശ പ്രദേശമായി എന്ന് ആവർത്തിച്ച് പറയാനാണ്. ഒലീവ് മരങ്ങളെ വരയ്ക്കുന്നത് 1967-ൽ ഇസ്രായേൽ അധിനിവേശം നടത്തിയ പലസ്തീൻ ദേശത്തെ അടയാളപ്പെടുത്താനാണ്: സുലൈമാൻ മൻസൂറിന്റെ ചിത്രങ്ങളിലൂടെ മരങ്ങൾ ഒരു ദേശത്തിന്റെ കഥ പറയുകയാണ്. ഇന്നും ഇസ്രായേൽ ആക്രമണത്തിന്റെ, ഹിംസയുടെ വാർത്തകൾ വായിക്കുമ്പോൾ പലസ്തീനികളുടെ ഒലീവ് തോട്ടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ കാണാം.

ഒലീവിന്റെ ആഖ്യാനത്തിന് ക്രിസ്തുവിന് പിറകിലുള്ള കാലത്തിലേക്ക് പോലും വഴികൾ തുറന്നിട്ടിരിക്കുന്നു. ഒലിവിന്റെ ഭൂതകാലം ഒരു ദേശത്തിന്റെ ഭൂപടം തന്നെയായി മാറിയിരിക്കുന്നു. അതിനാൽ ഇസ്രായേൽ ഒലിവ് മരങ്ങളെ ഭയക്കുന്നു. അതിനെ കൂട്ടത്തോടെ ഇല്ലാതാക്കുന്നു. ഒരു ഒലീവ് ബാക്കിയായാൽ അത് പറയുന്ന കഥ ഇത് പലസ്തീനാണ്, ഇസ്രായേൽ അല്ല എന്ന സത്യമായിരിക്കും. മനുഷ്യരെ കൊന്നൊടുക്കുന്നതു പോലെ ഒലീവ്-ഓറഞ്ച് തോട്ടങ്ങളേയും ഇസ്രായേൽ ഇല്ലാതാക്കുന്നു. ഈ തിരിച്ചറിവ് സ്ലിമാന്റെ കലാ ജീവിതത്തെ തന്നെ നയിച്ച പ്രധാന ആശയങ്ങളിൽ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വെർച്ച്വൽ ഗ്യാലറിയിലൂടെ കടന്നു പോകുമ്പോൾ ഈ വസ്തുത എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും. ഒരു മരത്തിൽ ഒലീവും ഓറഞ്ചും കായ്ച്ചു നിൽക്കുന്നതും ആ മരത്തെ കെട്ടിപ്പിടിച്ച് നിൽക്കുന്ന യുവതിയും അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളിലൊന്നാണ്. 2021-ൽ വരച്ച ഈ ചിത്രത്തിന്റെ പേര് 'The oranges and the olives on the same tree. From the river to the sea' എന്നാണ്. ഒരു പക്ഷെ ‘ഓറഞ്ച് - ഒലീവ് - പലസ്തീൻ’ ചിത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട രചന ഇതു തന്നെയാണെന്ന അനുഭവം ആ ചിത്രം പ്രദാനം ചെയ്യുന്നു.
2020-ൽ അദ്ദേഹം 'ഹോളി ഫാമിലി ഇൻ ഒലീവ് ഗ്രൂവ്' എന്ന ചിത്രം വരക്കുന്നുണ്ട്. തീർച്ചയായും അത് ദൈവച്ചിത്രത്തിന്റെ രീതിയിൽ തന്നെ വരച്ചതാണ്. ഒപ്പം തന്നെ പലസ്തീനിൽ ഒലീവ് തോട്ടത്തിൽ കഴിയുന്ന കുടുംബം അതു കൊണ്ട് തന്നെ പരിശുദ്ധരാണെന്ന സങ്കൽപ്പം ഈ കലാകാരൻ മുന്നോട്ടു വെക്കുന്നു. ഒലീവാണ് ഇസ്രായേലിനു നേരെ തൊടുത്തുവിടാവുന്ന ഏറ്റവും ശക്തിയേറിയ ആയുധമെന്ന് അദ്ദേഹം ഈ ചിത്രത്തിലൂടെയും ആവർത്തിക്കുന്നു. സാംസ്‌ക്കാരികമായ അർഥങ്ങൾ ഒരു പലസ്തീനി എവിടെയെല്ലാം തേടുന്നു എന്ന അതിപ്രധാനമായ കാര്യം അദ്ദേഹം സ്വന്തം രചനകളിലൂടെ ആവർത്തിക്കുകയും അങ്ങിനെ വിസ്തൃതമാക്കുകയും ചെയ്തു. എവിടേയും പലസ്തീൻ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിറങ്ങൾ ഉപയോഗിക്കുന്നതിൽ സ്ലിമാൻ ബദ്ധശ്രദ്ധ പുലർത്തി. എല്ലാ അധിനിവേശങ്ങളും എതിർക്കപ്പെടണമെന്നും അതിനായി സ്വന്തം ദേശത്തിന്റെ പല തരം ഉറവകളെ എങ്ങിനെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിരന്തരമായി ആലോചിച്ചു. അത് സ്വന്തം ആർട് പ്രാക്ടീസായി മാറ്റുകയും ചെയ്തു. തടവറ, വിണ്ട മണ്ണ്, ബ്രൈഡ് ഓഫ് ദ ഹോം ലാൻഡ് ( ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്ന 17കാരിയാണ് 'ബ്രൈഡിലെ' പ്രമേയം) തുടങ്ങിയ ചിത്രങ്ങളിൽ ആവിഷ്കാര ത്തിന്റെ മറ്റൊരു പാതയിലേക്ക് കടക്കാനും അദ്ദേഹം ശ്രമിച്ചു.
സ്ലിമാന്റെ അവസാനത്തെ അത്താഴത്തിന്റെ ശീർഷകം 'ലാസ്റ്റ് സമ്മർ ഇൻ പലസ്തീൻ, എ പലസ്തീൻ ലാസ്റ്റ് സപ്പർ' എന്നാണ്. ‘1994-ൽ വരച്ച ഈ ചിത്രം പലസ്തീന് അവസാനത്തെ പിടി മണ്ണും നഷ്ടപ്പെടുന്നു എന്ന തോന്നൽ ശക്തമായ വേളയിൽ വരച്ചതാണ്. കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ സുലൈമാൻ മൻസൂർ ഇങ്ങിനെ പറഞ്ഞു: പലസ്തീനുമായുള്ള ബന്ധം പ്രണയാർദ്രമാണ്. കവിതയായാലും സാഹിത്യമായാലും ദൃശ്യകലയായാലും സംഗീതമായാലും പലസ്തീൻ കലയ്ക്ക് വലിയൊരു പ്രണയബോധം ഉണ്ട്. ഇതിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു ഗുണം എന്തെന്നാൽ, ഞാൻ ഒരു പലസ്തീൻ ഗ്രാമം വരയ്ക്കുമ്പോൾ, അത് ഏറ്റവും മനോഹരമായി വരയ്ക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, ഒരു ഒടിഞ്ഞ മരം ഉണ്ടെങ്കിൽ, ഞാൻ അത് മുളപ്പിക്കും. തണലിൽ ഒരു കഴുത കീറിപ്പറിഞ്ഞതായി കാണപ്പെട്ടാൽ, ആ രംഗത്തിൽ ഞാൻ എന്തെങ്കിലും ചേർക്കും. അത്തരം പെയിന്റിംഗ് നേരിട്ട് ഹൃദയത്തിലേക്ക് പ്രവേശിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും നിരവധി ചെറുപ്പക്കാർ എന്നോട് പറഞ്ഞിട്ടുണ്ട്, ഞങ്ങൾ ഒരിക്കലും പലസ്തീനിൽ പോയിട്ടില്ല, പക്ഷേ നിങ്ങളുടെ ചിത്രങ്ങളിലൂടെയാണ് ഞങ്ങൾ പലസ്തീനെ സ്‌നേഹിക്കുന്നത്. എനിക്ക്, അത് ഒരു വലിയ നേട്ടമായി തോന്നുന്നു. ഞാൻ യഥാർത്ഥത്തിൽ നേടിയ ഒന്ന്. ഞാൻ അവരിൽ പലസ്തീനോടുള്ള സ്‌നേഹം ഉണർത്തി. സ്‌നേഹമില്ലാതെ, സ്വന്തമാക്കൽ ഇല്ല. സ്വന്തമാക്കൽ പലസ്തീനെയും അതിലെ പലസ്തീൻ ജനതയുടെ സ്വന്തമാക്കലിനെയും രക്ഷിക്കും'.

▮
കുറിപ്പ്: ഈ വിഖ്യാത കലാകാരന്റെ പേര് അദ്ദേഹത്തിന്റെ മാതൃഭാഷയായ അറബിയിൽ എഴുതുന്നത് സുലൈമാൻ മൻസൂർ എന്നാണ്. അദ്ദേഹത്തിന്റെ സാംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്തവരുടെ വീഡിയോ വന്നതിൽ എല്ലാവരും സ്ലിമാൻ എന്നാണ് ഉച്ചരിക്കുന്നത്. ഇതൊരു പ്രാദേശിക ഉച്ചാരണ ഭേദമാകാം. ഈ ലേഖനത്തിൽ സ്ലിമാൻ എന്ന പേരാണ് ഉപയോഗിച്ചിട്ടുള്ളത്. സുലൈമാൻ, സ്ലിമാൻ എന്നീ പേരുകളുടെ അടിവേര് സോളമൻ എന്ന പേരിൽ നിന്നാണ്.







