മൂന്നാറിന്റെ കണ്ണും കരളും

‘‘മൂന്നാറിലെ കൊടും ദുരിതജീവിതങ്ങളെ ഏറ്റെടുത്ത ഒരേയൊരു ഭരണാധികാരി വി.എസ് ആണ്. മൂന്നാറിൽ ജനിച്ചവർക്ക് മൂന്നാറിൽ തന്നെ മരിക്കാം എന്ന ആത്മവിശ്വാസമുണ്ടാക്കികൊടുത്തത് അദ്ദേഹമാണ്.’’ വി.എസും മൂന്നാറുമായുള്ള ബന്ധത്തെക്കുറിച്ച് എഴുതുന്നു, ചിറ്റിവാരെ എസ്റ്റേറ്റിലെത്തിയ തൊഴിലാളി കുടുംബത്തിലെ നാലാം തലമുറക്കാരനായ പ്രഭാഹരൻ കെ. മൂന്നാർ.

നമനസ്സുകളിലെ സമരസ്വരമാണ് വി.എസ്. ജനങ്ങളുടെ സ്വന്തമായ ഒരു നേതാവ്.

തെക്കൻ തിരുവിതാംകൂറിലെ പടിഞ്ഞാറൻ പുന്നപ്രയിൽ വേലിക്കകത്ത് ശങ്കരന്റെ മകനായി 1923-ൽ അച്യുതാനന്ദൻ ജനിക്കുമ്പോൾ, കേരളീയ സമൂഹം നവോത്ഥാനത്തിന്റെ തുടർച്ചയിലായിരുന്നു. പൊയ്കയിൽ അപ്പച്ചന്റെയും അയ്യങ്കാളിയുടെയും നാരായണഗുരുവിന്റെയും ഇടപെടലുകൾ കേരളത്തിലാകെ വ്യാപിച്ചിരുന്ന സമയം. തൊഴിലാളികൾ ജീവിക്കാൻ ഏറെ ബുദ്ധിമുട്ടി. ജന്മികളുടെ അടിമകളായിരുന്നു അവർ. ബ്രിട്ടീഷുകാരും തിരുവിതാംകൂർ രാജാക്കന്മാരും ജനങ്ങളെ കൊത്തടിമകളായി കണ്ടിരുന്ന കാലം.

ഇത്തരമൊരു സാഹചര്യത്തിന്റെ സൃഷ്ടി കൂടിയായിരുന്നു വി.എസ്. അച്യുതാനന്ദൻ. സ്വയം തിരിച്ചറിവുണ്ടായിരുന്ന ബാല്യം. സ്കൂളിൽ തന്നോട് അയിത്തം കൽപ്പിക്കുന്നവരുമായി കലഹിച്ചു. കഷ്ടിച്ച് ഏഴാം ക്ലാസ് വരെ കടന്നുകയറി. വസൂരി ബാധിച്ച് മരിച്ച അമ്മയും പതിനൊന്നാം വയസ്സിൽ തന്നെ ഒറ്റയ്ക്കാക്കി യാത്രയായ അച്ഛനും ആ ബാല്യത്തെ ദുസ്സഹമാക്കി. താൻ ജനിച്ച തയ്യൽ തൊഴിലാളി കുടുംബത്തിന്റെ തൊഴിൽ തന്നെ പിന്തുടർന്നു. ദാരിദ്ര്യം, പട്ടിണി, അടിമത്ത ജീവിതം എന്നിവയാൽ പീഡിതമായിരുന്നു ആ ജീവിതം. കാലം അവിടെ നിന്നാണ് അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റുകാരനെ വാർത്തെടുത്തത്.

പൊയ്കയിൽ അപ്പച്ചൻ, അയ്യങ്കാളി, ശ്രീനാരായണ ഗുരു

14-ാം വയസ്സിൽ തൊഴിലാളികളെ സംഘടിപ്പിച്ച് ജന്മിമാർക്കെതിരായ സമരത്തിന്റെ മുന്നിൽനിന്നു. അവിടെ നിന്നായിരുന്നു ആ കമ്യൂണിസ്റ്റുകാരന്റെ സമരയാത്ര. ഇതിനിടയിൽ ആലപ്പുഴയിൽ കയർ തൊഴിലാളികളെയും മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ചതിന് ബ്രിട്ടീഷ് ഗവൺമെൻറ് ഭീഷണി മുഴക്കി. ഇതേതുടർന്ന് കുറച്ചു കാലം ഒളിവിൽ.

സർ സി.പിയുടെ ആജ്ഞയനുസരിച്ച് പട്ടാളം വളഞ്ഞിട്ട് തല്ലി. ബയണറ്റ് കാൽവണ്ണയിൽ തുളച്ചു കയറ്റി. അപ്പോഴും ഇൻക്വിലാബ് സിന്ദാബാദ് എന്നുറക്കെ വിളിച്ചു. അതുകേട്ട് പോലീസുകാർ വീണ്ടും അയാളെ തല്ലിച്ചതച്ചു.

മരിച്ചു എന്നു കരുതി പൊലീസ് ആ ശരീരം കാട്ടിലുപേക്ഷിച്ചു. പൊലീസുകാരുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഒരു കള്ളനാണ് അത് അച്യുതാനന്ദനാണെന്നും മരിച്ചിട്ടില്ല എന്നും തിരിച്ചറിഞ്ഞത്. അങ്ങനെ പേരറിയാത്ത ആ ആളെ അവർ രക്ഷിച്ചു. പോരാട്ടത്തിനുവേണ്ടിയുള്ള പുനർജന്മം എന്നു പറയാം.

സർ സി.പിയുടെ ആജ്ഞയനുസരിച്ച് പട്ടാളം വളഞ്ഞിട്ട് തല്ലി. ബയണറ്റ് കാൽവണ്ണയിൽ തുളച്ചു കയറ്റി. അപ്പോഴും ഇൻക്വിലാബ് സിന്ദാബാദ് എന്നുറക്കെ വിളിച്ചു. / Photo: Jacob Philip

സമരം വി.എസ്സിന്റെ ജീവിതശൈലിയാണ്. അതുകൊണ്ടാണ് പിൽക്കാലത്ത് അദ്ദേഹം എഴുതിയ പുസ്തകത്തിന് സമരങ്ങൾക്ക് ഇടവേളയില്ല എന്ന് പേരിട്ടത്. വളരെ ചെറിയ പ്രായത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം 1940- ൽ സി.പി.ഐ സംസ്ഥാന കമ്മിറ്റിയിലെത്തി. തൊഴിലാളികളെ അണിനിരത്തുക എന്ന ദൗത്യമായിരുന്നു അദ്ദേഹത്തിന്റേത്.

മൂന്നുതവണ കേരളത്തിൻെറ പ്രതിപക്ഷ നേതാവായിരുന്നു വിഎസ്. ഒരു കാലത്ത്, വി.എസ് എന്നാൽ കേരളവും കേരളം എന്നാൽ വി.എസ്സും മാത്രമായി ചുരുങ്ങി. 2006 തൊട്ട് കേരളം ഈ മനുഷ്യനെ മനസ്സിലേറ്റി.

2007-ൽ മൂന്നാർ ദൗത്യം ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന വി.എസിനുമുന്നിൽ ഏറെ കടമ്പകളുണ്ടായിരുന്നു, പാർട്ടിയിലും പുറത്തും. ഒറ്റക്കാണ് 86 വയസുകാരനായ വി.എസ് അവയെ നേരിട്ടത്.

2007-ൽ മൂന്നാർ ദൗത്യം ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയായിരുന്ന വി.എസിനുമുന്നിൽ ഏറെ കടമ്പകളുണ്ടായിരുന്നു, പാർട്ടിയിലും പുറത്തും. ഒറ്റക്കാണ് 86 വയസുകാരനായ വി.എസ് അവയെ നേരിട്ടത്. മൂന്നാറിന്റെ ചെരിവുകളിലുണ്ടായിരുന്ന കയ്യേറ്റഭൂമികളുടെ ബോർഡുകൾ എടുത്തു മാറ്റുന്നതിൽ തുടങ്ങി ഊർജസ്വലനായ ഒരു ഭരണാധികാരിയെയാണ് കേരളം കണ്ടത്. ലോക്ക് ഹാർട്ട് ഗ്യാപ് എന്ന സ്ഥലത്താണ്, കമ്പനി അനധികൃതമായി കയ്യേറി സ്ഥാപിച്ച ബോർഡ് പിഴുതെറിഞ്ഞത്. ഒരു മുഖ്യമന്ത്രി അടമഴക്കാലത്ത് കയ്യേറ്റഭൂമി ഒഴിപ്പിക്കാൻ തേയിലക്കാട്ടിലേക്കിറങ്ങി വരുന്ന കാഴ്ച സ്ഫോടനാത്മകം കൂടിയായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കൽ എന്നാൽ കുടിയേറ്റക്കാരെ പുറത്താക്കലായിരുന്നില്ല, ലാൻഡ് മാഫിയകളെ പുറത്താക്കലാണ് എന്ന് വി.എസ് വിശദീകരിച്ചു. കേരളത്തിൽ, ഒരു മുഖ്യമന്ത്രിക്കും സാധിക്കാത്ത ജനകീയ പോരാട്ടമാണ് വി.എസ് അന്ന് ഒറ്റയ്ക്ക് ഏറ്റെടുത്തത്.

വി.എസ്. അച്യുതാനന്ദൻ മൂന്നാറിൽ

മൂന്നാറിനെ മൂന്നാറാക്കിയത് തൊഴിലാളികളുടെ വിയർപ്പും രക്തവുമാണെന്ന് തിരിച്ചറിയാനായതുകൊണ്ടാണ് ഈയൊരു പോരാട്ടം മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് ​ഏറ്റെടുക്കാനായത്. മൂന്നാറിലെ തൊഴിലാളികളുടെ മനസ്സ് കൂടിയാണ് അന്ന് വി.എസ് അളന്നെടുത്തത്. അനധികൃത കെട്ടിടങ്ങൾ പൊളിച്ച് ആ സ്ഥലം തൊഴിലാളികൾക്ക് വീതിച്ചുനൽകുമെന്ന് തുടക്കത്തിൽ അദ്ദേഹം വ്യക്തമാക്കി. കമ്പനിക്കാർ കൈയ്യേറിയ 17,000 ഏക്കറോളം ഭൂമി അന്ന് പിടിച്ചെടുത്തു. കുട്ടിയാർവാലി എന്ന സ്ഥലത്ത് 1000 ഏക്കറോളം കമ്പനിക്കാർ കയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് വി.എസ് പൊതുസമൂഹത്തെ അറിയിച്ചു. മൂന്നാറിൽ ആകെ സർവ്വേ നടത്തിയാൽ ആയിരക്കണക്കിന് ഏക്കർ ഭൂമി കമ്പനിക്കാർ കൈവശപ്പെടുത്തിയിട്ടുണ്ട് എന്ന സത്യം തിരിച്ചറിയാനാകുമെന്നും അദ്ദേഹം രേഖകളുടെ അടിസ്ഥാനത്തിൽ പറഞ്ഞു.

തൊഴിലാളികുടുംബത്തിൽ ജനിച്ചതുകൊണ്ടാണ് തൊഴിലാളികളുടെ വേദന മനസ്സിലാക്കാൻ പറ്റുന്ന ജൈവിക കമ്യൂണിസ്റ്റാകാൻ വി.എസിന് കഴിഞ്ഞത്.

പിടിച്ചെടുത്ത ഭൂമി യഥാർഥ അവകാശികളായ തൊഴിലാളികൾക്ക് വീതിച്ചുകൊടുക്കണം എന്നായിരുന്നു വി.എസിന്റെ വാദം. ചെറുകിട, വൻകിട കയ്യേറ്റക്കാർ വി.എസിനെ എതിർത്തു. പാർട്ടിയിലെ സ്വന്തം ചേരിയിൽ നിന്നുവരെ വി.എസ്സിനെതിരെ ശബ്ദമുയർന്നു. അദ്ദേഹത്തെ നിശ്ശബ്ദമാക്കാൻ ഒരുപാട് കുതന്ത്രങ്ങൾ അരങ്ങേറി.

തൊഴിലാളികുടുംബത്തിൽ ജനിച്ചതുകൊണ്ടാണ് തൊഴിലാളികളുടെ വേദന മനസ്സിലാക്കാൻ പറ്റുന്ന ജൈവിക കമ്യൂണിസ്റ്റാകാൻ വി.എസിന് കഴിഞ്ഞത്. തൊഴിലാളികളെ മനസ്സിലാക്കണമെങ്കിൽ ആ സമൂഹത്തിൽ നിന്നുതന്നെ നേതാക്കൾ ഉയർന്നു വരണമെന്ന അന്റോണിയോ ഗ്രാംഷിയുടെ അഭിപ്രായം വി.എസിന്റെ ജീവിതം ശരിവക്കുന്നു. 14-ാം വയസ്സിൽ തൊഴിലാളികൾക്കുവേണ്ടി തുടങ്ങിവച്ച പോരാട്ടത്തിന്റെ ഫലപ്രദമായ തുടർച്ചയായിരുന്നു മൂന്നാർ കയ്യേറ്റഭൂമി ഒഴിപ്പിക്കൽ.

കർഷകർ എന്നും തമിഴ്നാട്ടിൽനിന്ന് കുടിയേറിയവർ എന്നും തമിഴർ എന്നും ഒറ്റപ്പെടുത്തപ്പെട്ട തൊഴിലാളി വർഗ്ഗമാണ് മൂന്നാർ മലനിരകളിലുണ്ടായിരുന്നത് എന്ന് അച്യുതാനന്ദൻ തിരിച്ചറിഞ്ഞു. അവർക്ക് സ്വന്തമായി ഒരു സെൻറ് ഭൂമിയെങ്കിലും വേണം- ഇതായിരുന്നു മൂന്നാർ ദൗത്യം ഏറ്റെടുത്ത വി.എസിനുമുന്നിലുണ്ടായിരുന്ന ലക്ഷ്യം.

1890-കളിൽ പട്ടിണിയെ അതിജീവിക്കാൻ തമിഴ്നാട്ടിൽ നിന്ന് മല കയറിവന്നവർക്കുവേണ്ടി ആദ്യമായാണ് ഇത്തരമൊരു ശബ്ദം ഉയരുന്നത്. വി.എസും മൂന്നാറുകാരും തമ്മിൽ തലമുറകൾക്കു മുമ്പേ ആത്മബന്ധമുണ്ട് എന്ന് തെളിയിക്കുന്ന ഒരു സന്ദർഭം കൂടിയായിരുന്നു അത്.

റോസമ്മ പൊന്നൂസിനെ ജയിപ്പിക്കാൻ മാസങ്ങളോളം മൂന്നാർ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച ആ കാലത്താണ് വി.എസ് അച്യുതാനന്ദൻ മൂന്നാർ തൊഴിലാളികളുടെ ജീവിതം പഠിച്ചും അനുഭവിച്ചും അറിഞ്ഞത്. 1957- ൽ മനസ്സുകൊണ്ട് ഏറ്റെടുത്ത ആ ചുമതല 2006- ൽ നിറവേറ്റുകയായിരുന്നു.

കേരളത്തിൽ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടന്നത് 1958-ൽ ദേവികുളം ദേവികുളം നിയോജക മണ്ഡലത്തിലാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് സി.പി.ഐ സ്ഥാനാർഥി റോസമ്മ പുന്നൂസായിരുന്നു. അവർ ജയിച്ച് കേരളത്തിലെ ആദ്യ എം.എൽ.എയായി, ആദ്യ വനിത എം.എൽ.എയും. ആദ്യ നിയമസഭയിലെ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിച്ച പ്രോ ടേം സ്പീക്കറായിരുന്നു അവർ. എന്നാൽ, എതിർ സ്ഥാനാർഥി, കോൺഗ്രസിലെ ബി.കെ. നായരുടെ പത്രിക മതിയായ കാരണമില്ലാതെ തള്ളി എന്ന തെരഞ്ഞെടുപ്പുകേസിൽ അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പുകേസ്. തുടർന്ന് 1958-ൽ ഉപതെരഞ്ഞെടുപ്പ്. റോസമ്മ പുന്നൂസും ബി.കെ. നായരും സ്ഥാനാർഥികൾ. കേരളത്തിലെ ആദ്യത്തെ ഈ ഉപതെരഞ്ഞെടുപ്പിനെപ്പോലെ ആവേശകരമായ ഒരു മൽസരം പീന്നിട് കേരളത്തിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലുണ്ടായിട്ടില്ല.

റോസമ്മ പുന്നൂസ്, ബി.കെ. നായർ

ഇ.എം.എസ് സർക്കാറിനെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ തെരഞ്ഞെടുപ്പ്. എ.കെ.ജിയുടെ നിർദേശപ്രകാരം ദേവികുളം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന വി.എസ്. അച്യുതാനന്ദനായിരുന്നു റോസമ്മ പുന്നൂസിന്റെ ഇലക്ഷൻ സെക്രട്ടറി. റോസമ്മ പുന്നൂസിന്റെ പ്രചാരണത്തിന് സാക്ഷാൽ എം.ജി.ആർ വരെ എത്തി. അദ്ദേഹം അന്ന് ഡി.എം.കെയിലായിരുന്നുവെങ്കിലും രാഷ്ട്രീയത്തിൽ അത്ര സജീവമല്ല. ജ്യോതിബസു, രാജേശ്വര റാവു, എസ്.എ. ഡാങ്ക, പി. രാമമൂർത്തി, ജീവാനന്ദം... കമ്യൂണിസ്റ്റ് നേതാക്കളുടെ വലിയ പട തന്നെ ദേവികുളത്തെ ഇളക്കിമറിച്ചു. കാമരാജും ഇന്ദിരാഗാന്ധിയുമാണ് ബി.കെ. നായരുടെ പ്രചാരണത്തിനെത്തിയത്. 1958 മേയിൽ ഉപതെരഞ്ഞെടുപ്പ് ഫലം വന്നു. റോസമ്മ പുന്നൂസിന് 7098 വോട്ടിന്റെ ഭൂരിപക്ഷം. ഒരേ സഭയിൽ രണ്ടു തവണ സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ച ആദ്യ എം.എൽ.എ കൂടിയായി അവർ.

റോസമ്മ പൊന്നൂസിനെ ജയിപ്പിക്കാൻ മാസങ്ങളോളം മൂന്നാർ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ച ആ കാലത്താണ് വി.എസ് അച്യുതാനന്ദൻ മൂന്നാർ തൊഴിലാളികളുടെ ജീവിതം പഠിച്ചും അനുഭവിച്ചും അറിഞ്ഞത്. 1957- ൽ മനസ്സുകൊണ്ട് ഏറ്റെടുത്ത ആ ചുമതല 2006- ൽ നിറവേറ്റുകയായിരുന്നു.

എന്നും ഒറ്റപ്പെടുത്തപ്പെട്ട തൊഴിലാളി വർഗ്ഗമാണ് മൂന്നാർ മലനിരകളിലുണ്ടായിരുന്നത് എന്ന് അച്യുതാനന്ദൻ തിരിച്ചറിഞ്ഞു. / Photo: Sankar S., Flickr

കുട്ടിയാർവാലിയിൽ വി.എസ് മുൻകൈയെടുത്ത് സ്ഥാപിച്ച കുട്ടിയാർവാലി ഇ.എം. എസ് കോളനിയിലാണ്, മൂന്നാറിന്റെ ചരിത്രത്തിലാദ്യമായി സ്വന്തം ഭൂമിയിൽ തൊഴിലാളിക്കൂട്ടങ്ങൾ ഒരു നേരം അന്തിയുറങ്ങുന്നത്. അതുവരെ മൂന്നാറിലെ ഒരു തൊഴിലാളിയുടെ ജീവിതം ഇങ്ങനെയായിരുന്നു: ആരോഗ്യം മുഴുവൻ തേയിലക്കാട് സംരക്ഷിക്കാൻ നഷ്ടപ്പെടുത്തുക. ഒടുവിൽ കിട്ടുന്ന തുച്ഛമായ സർവീസ് പണം കൈപ്പറ്റി കടം മേടിച്ചവർക്ക് തിരിച്ചുകൊടുക്കുക. അടുത്ത തലമുറക്കാർ എസ്റ്റേറ്റ് ജോലിയിലുണ്ടെങ്കിൽ മാത്രം അവിടെ കിടന്നു മരിക്കുക, അല്ലെങ്കിൽ തമിഴ്നാട്ടിലെ ഏതെങ്കിലും ഫാക്ടറികളിലോ കൃഷി സ്ഥലങ്ങളിലോ ത്രാണിയുള്ളതുവരെ ജോലി ചെയ്തു ജീവിക്കുക, പിന്നീട് അസുഖം വന്ന് മരിക്കുക.
ഈ കൊടും ദുരിതജീവിതങ്ങളെയാണ് വി.എസ് എന്ന ഭരണാധികാരി ഏറ്റെടുത്തത്. മൂന്നാറിൽ ജനിച്ചവർക്ക് മൂന്നാറിൽ തന്നെ മരിക്കാം എന്ന ആത്മവിശ്വാസം അവർക്കുണ്ടാക്കികൊടുത്തത് വി.എസ് ആണ്.

വി.എസിനെ ഹൃദയത്തിലേറ്റുന്നവരാണ് ഇപ്പോഴും ഇവിടുത്തെ തൊഴിലാളികൾ. ചിലർ വി.എസിന്റെ ശബ്ദം അനുകരിക്കുന്നതും വി.എസിന്റെ ശൈലിയിൽ സംസാരിക്കുന്നതും പല പ്രാവശ്യം കേട്ടിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പുകാലത്ത് ഒരു ഓട്ടോ ഡ്രൈവർ പറഞ്ഞു, ‘ഞാൻ കോൺഗ്രസുകാരനാണ്, പക്ഷേ ഇപ്രാവശ്യം വി.എസ് മുഖ്യമന്ത്രിയാവണം, അതുകൊണ്ട് ഞാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യും.’
അച്യുതാനന്ദൻ മത്സരിക്കുന്ന സമയങ്ങളിലെ മൂന്നാർ തൊഴിലാളികളുടെ വികാരം ഇതായിരുന്നു.

തൊഴിലാളികൾക്ക് സ്വന്തമായി ഒരു സെൻറ് ഭൂമിയെങ്കിലും വേണം- ഇതായിരുന്നു മൂന്നാർ ദൗത്യം ഏറ്റെടുത്ത വി.എസിനുമുന്നിലുണ്ടായിരുന്ന ലക്ഷ്യം. / Photo: Thefederal

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2015-ലാണ് മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരം നടന്നത്. തൊഴിലാളികളുടെ തുച്ഛമായ കൂലി വർദ്ധിപ്പിക്കുക, ലയങ്ങളിലെ ശോച്യാവസ്ഥ കണക്കിലെടുത്ത് ഒറ്റ മുറി വീടുകളിൽ നിന്ന് തൊഴിലാളികളെ മോചിക്കുക, തൊഴിലാളികളുടെ മക്കൾക്ക് കൂടുതൽ വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുക, തൊഴിലാളികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പുവരുത്തുക തുടങ്ങിയവയായിരുന്നു ആഴ്ചകളോളം നീണ്ട ആ സമരത്തിന്റെ ആവശ്യങ്ങൾ. രാഷ്ട്രീയക്കാരെയും യൂണിയനുകളെയും സമരക്കാർ അടുപ്പിച്ചില്ല. മൂന്നാർ ആകെ സ്തംഭിച്ചു. ഒരാഴ്ച കഴിഞ്ഞ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ മൂന്നാറിലെത്തി. വി.എസിന് കുടപിടിക്കാനും അദ്ദേഹത്തെ ജാക്കറ്റണിയിക്കാനും കസേര നൽകാനും മൈക്ക് പിടിക്കാനുമൊക്കെ എത്രയെത്രയാളുകൾ .... ഇതാണ് മറ്റു നേതാക്കളിൽ നിന്ന് വി.എസിനെ വ്യത്യസ്തനാക്കുന്നത്.

പെമ്പിളൈ ഒരുമൈ സമരത്തിനിടെ ഗോമതി

വി.എസ് അവിടെയെത്തിയപ്പോൾ സമരാന്തരീക്ഷം തന്നെ മാറി. പിന്നീട് ചർച്ചയായി, അത് തീരുമാനത്തിലെത്തി. തൊഴിലാളി സമൂഹത്തെ ഏറ്റെടുത്താൽ വി.എസ് അതിനുവേണ്ടി മേലും കീഴും നോക്കാതെ എന്തും ചെയ്യും എന്ന ഉറപ്പ് തൊഴിലാളികൾക്കുണ്ടായിരുന്നതുകൊണ്ടാണ് അവർ വി.എസിനെ ഹൃദയപൂർവ്വം സ്വീകരിച്ചത്. ഈ ആത്മബന്ധമാണ് വി.എസും മൂന്നാറിലെ തൊഴിലാളികളും തമ്മിലുള്ളത്.

കേരളത്തിനുപുറത്ത്, തമിഴ്നാട്ടിൽ കൂടംകുളം സമരത്തിലും പങ്കെടുക്കാൻ വി.എസ് എത്തണമെന്ന് അവിടുത്തെ ജനങ്ങൾ ആഗ്രഹിച്ചിരുന്നു. കൂടംകുളം സമരനായകൻ ഉദയകുമാർ പല പ്രാവശ്യവും ഈ ആശയം പങ്കുവെച്ചിട്ടുണ്ട്. മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും വ്യത്യസ്തനായ സമരനായകനാണ് താനെന്ന് വി.എസ് തെളിയിച്ചു. കാലത്തെ സാക്ഷിയാക്കി അദ്ദേഹം ഉയർത്തിപ്പിടിച്ച ഭൂമാഫിയകൾക്കെതിരായ സമരങ്ങൾക്ക് ഇന്നും ഇവിടെ തുടർച്ചയുണ്ട്.

Comments