കുട്ടപ്പൻ സാക്ഷി

എം.പി. സുകുമാരൻ നായരുടെ ഷൂട്ടിങ് സൈറ്റിലെ നിശ്ശബ്ദ സാന്നിധ്യമായിരുന്ന ഒരു ചലച്ചിത്രപ്രവർത്തകൻ, കുട്ടപ്പൻ... ഒരു വലിയ സിനിമാ കാലത്തിന്റെ സാക്ഷിയായി ജീവിച്ചുമരിച്ച ആ മനുഷ്യനുവേണ്ടി ഒരു ഓർമക്കുറിപ്പ്‌

ണ്ടുദിവസം മുമ്പ് മൂന്നരമണിയോടെ എം.പി. സുകുമാരൻ നായർ വിളിച്ചുപറഞ്ഞു, ‘എടോ ആ കുട്ടപ്പന്റെ ഒരു വാർത്ത കേട്ടു.'
സുകുമാരൻ ഉദ്ദേശിക്കുന്നതെന്തെന്ന് എനിക്കു മനസ്സിലായി. സുകുമാരനെപ്പോഴുമങ്ങനാ. ഉദ്ദേശിക്കുന്ന കാര്യം കേൾവിക്കാരനറിയാമെന്നുറപ്പാ. മാത്രവുമല്ല, അസുഖകരമുണ്ടാകുന്ന വാർത്ത കേൾക്കാനുള്ള ബുദ്ധിമുട്ടുമാണന്നറിയാം.
‘അതിനെന്താ, ഞാൻ തീർച്ചപ്പെടുത്താം'
കുട്ടപ്പന്റ മകൾ ദിവ്യയുടെ ഓഫീസിൽനിന്ന് വിവരം സ്ഥിരീകരിച്ചു. മുമ്പൊരു ദിവസം അസ്വസ്ഥതയുണ്ടായപ്പോൾ കാരിത്താസിൽ കൊണ്ടുവന്നു, ഉച്ചക്ക് മൂന്നിന് മരിച്ചു. സുകുമാരനെ വിളിച്ചപ്പോൾ തന്നെ അറിഞ്ഞിരുന്നു.

ആരായിരുന്നു കുട്ടപ്പൻ?
സുകുമാരന്റെ ഷൂട്ടിങ്ങ് സെറ്റിലും, ചിത്രത്തിന്റെ പ്രിവ്യുവിനും കാണും. പിന്നെ ഗോവ ഫെസ്റ്റിവലിൽ. ആൾക്കൂട്ടത്തിൽ നിന്നൊതുങ്ങി നിൽക്കും. മിക്കപ്പോഴും, കോട്ടയം, പയ്യന്നൂർ സംഘത്തിന്റെ ഒപ്പം. സുകുമാരന്റെ ചിത്രങ്ങളുടെ പ്രൊഡക്ഷൻ കമ്പനിയുടെ പേര് രചന ഫിലിംസ് എന്നാണ്. ഞങ്ങൾ സുഹൃത്തുക്കൾ പറയുന്നത് പട്ടിണി പ്രൊഡക്ഷൻസ് എന്നാണ്. പട്ടിണി പ്രൊഡക്ഷൻ കമ്പനിയുടെ പ്രൊഡക്ഷൻ മാനേജരും, ഫിനാൻസ് മാനേജരും, മെസ് ഇൻ ചാർജുമെല്ലാം ഈ കുട്ടപ്പനാണ്. സുകുമാരൻ പടം ചെയ്യാൻ തുടങ്ങിയാൽ പണം സംഘടിപ്പിക്കുന്നതും, വിതരണം ചെയ്യുന്നതുമെല്ലാം കുട്ടപ്പൻ തന്നെ. സുഹൃത്തുക്കളോടും, പരിചയക്കാരോടുമെല്ലാം, ചില്ലറക്കാശു മുതൽ ലക്ഷങ്ങൾ വരെ കൈവായ്പ്പ വാങ്ങിയാണ് പ്രൊഡക്ഷൻ നോക്കുന്നത്. പടം പൂർത്തിയാക്കി റിവ്യു കഴിയുമ്പോഴേ സുകുമാരൻ കണക്കറിയൂ.
പണം കിട്ടുമ്പോൾ കൈവായ്പ കൊടുത്തവർക്ക് കൃത്യമായി പണം മടക്കി നൽകും. അതാണ് കുട്ടപ്പൻ.

സിനിമ പഠിച്ച തന്റെ സുഹൃത്ത് സിനിമ ചെയ്യണമെന്ന് വാശിയായിരുന്നു എന്നുതോന്നുന്നു. ചിലരങ്ങനാണല്ലോ. അതായിരുന്നവരുടെ സൗഹൃദം.
ഇവരുടെ ഒപ്പം നിൽക്കാൻ ഇന്ദ്രൻസും, അന്തരിച്ച ജോസും, പി.ടി. രാമകൃഷ്ണനും, അശോകനും, ഉണ്ണിയും, കെ. ജി. ജയനും, രാജീവ് വിജയരാഘവനുമൊക്കെ കാണും. ഈ കൂട്ടത്തിലും കുട്ടപ്പൻ ഒഴിഞ്ഞുമാറിനിൽക്കും.

കോട്ടയം നീണ്ടൂരുകാരനായ കുട്ടപ്പൻ നാട്ടുകാർക്ക് കുട്ടപ്പൻ ചേട്ടനാണ്. പോസ്റ്റുമാനായി ജീവിതം തുടങ്ങിയ കുട്ടപ്പനെങ്ങനാ നാട്ടുകാരുടെ കുട്ടപ്പൻ ചേട്ടനായത്?
എഴുത്തിനെയും, മണിയോർഡറുകളെയും മാത്രം ആശ്രയിച്ചിരുന്ന ആ കൊച്ചുഗ്രാമത്തിൽ, ഇടത്തരം കർഷകരും, കർഷകത്തൊഴിലാളികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടപ്പൻ കത്തുകളും, മണിയോർഡറുകളുമായി സൈക്കിളിൽ ബെല്ലടിച്ച് എത്തും. നീണ്ടൂർ ഗ്രാമത്തിന്റെ സാക്ഷി ആയിരുന്ന കുട്ടപ്പൻ അവിടെ നടന്ന കർഷക ലഹളക്ക്​ സാക്ഷ്യം വഹിച്ചു. ലഹളയുമായി ബന്ധപ്പെട്ട, വക്കീൽ നോട്ടീസുകളും, ജപ്തി നോട്ടീസുകളുമൊക്കെ കുട്ടപ്പന്റെ കൈയിലൂടെ തന്നെയാണ് പോയ്‌ക്കൊണ്ടിരുന്നത്. തന്റെ നാട്ടുകാരിൽ ഒരാൾ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്​ വരുമ്പോൾ അദ്ദേഹത്തിനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും, അതുവഴി തന്റെ നീണ്ടൂരും നീണ്ടൂരിന്റെ ചരിത്രവും ലോകമറിയുമെന്ന് ആഗ്രഹിച്ച സാക്ഷി.

സുകുമാരന്റെ ‘അപരാഹ്നം’, ‘കഴകം’, ‘ശയനം’, ‘ദൃഷ്ടാന്തം’, ‘രാമാനം’, ‘ജലാംശം’ വരെയുള്ള ചിത്രങ്ങളുടെ, പിന്നിൽ ഈ കുട്ടപ്പനാണന്ന് ചരിത്രം അറിയട്ടെ. ഞാനെഴുതിയത് പത്രത്തിൽ വരുന്ന ദിവസം തന്നെ കുട്ടപ്പനാണാദ്യം വിളിച്ച് പ്രതികരിക്കുന്നത്. ഞങ്ങൾ സുഹൃത്തുക്കളിൽ അഭിമാനം കൊള്ളുന്ന പ്രിയ കുട്ടപ്പൻ, നിശബ്ദസാക്ഷിയായി യാത്രയായപ്പോൾ, ചരമ പേജിൽ പോലും, ഒരു വാർത്ത വന്നില്ല. എല്ലാവരെയും സ്‌നേഹിക്കുകയും മറ്റുള്ളവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത ഒരു കർമയോഗിയുടെ നിയോഗം അതായിരിക്കും. ജോസിന്റെ പിന്നാലെ, കുട്ടപ്പനും... ഫോൺ വിളികളും ഇല്ലാതാകും. മരണ വാർത്തകൾ അറിയിക്കാനുള്ള ആളുകളും കുറയുന്നു.
കുട്ടപ്പൻ അവസാന കാലം വരെയും തന്റെ ആ പഴയ സൈക്കിളുമായാണ്, നീണ്ടൂരിൽ ചുറ്റിനടന്നത്. ഇനി ആ സൈക്കിൾ ഒരു സ്മാരകമായി അവർ സൂക്ഷിക്കുമായിരിക്കും.
(നമ്മുടെയിടയിലെ നിശ്ശബ്ദ ‘കുട്ടപ്പൻ' ടി.എൻ. സുകുമാരനാണന്ന് മകൾ ദിവ്യ അറിയിച്ചിരിക്കുന്നു. എം.പി. സുകുമാരൻ നായരും ടി. എൻ. സുകുമാരനും ചേർന്നുണ്ടാക്കിയ തീരുമാനത്തിൽ ഒരാൾ കുട്ടപ്പനായതാണോ? ആകപ്പാടെ ഒരു സിനിമ പോലെ).

Comments