Photo : Vinoth Chandar

പറുദീസാ നഷ്ടം

ഒരൊന്നാം ക്ലാസില്ലാതെ രണ്ടാം ക്ലാസോ മൂന്നാം ക്ലാസോ പത്താം ക്ലാസോ ഇരുപതാം ക്ലാസോ സാധ്യമല്ല.

പാറ്വാമ്മ ടീച്ചറെ ഓർമ്മേണ്ടോ? പല നിറം വോയിൽ സാരിയുടുത്തു വരുമായിരുന്ന...
തലമുടി മാലേൽ നിന്ന് മുല്ലപ്പൂക്കളിറുത്തിറുത്ത് കൈവെള്ളയിൽ വെച്ചു തര്വായിരുന്ന.. എല്ലാ ശരികൾക്കും സമ്മാനായി ഉണ്ണിമാങ്ങയോ പുളിവെണ്ടയോ തര്വായിരുന്ന...
കുഞ്ഞുകുഞ്ഞബദ്ധൾക്കു കുറുകെ ഒരിക്കലും തെറ്റു വരയ്ക്കാതിരുന്ന...
ഹ...ഹ...ഓർമ്മേണ്ടോന്നോ? പറഞ്ഞു തുടങ്ങിയാ പെയ്തു തീരാത്തത്ര ഓർമ്മേണ്ട്.

ഒരീസം പാറ്വേമ്മടീച്ചറുടെ ആകാശനീലനിറോള്ള സാരീൽ ഞാൻ മുള്ളി. ഒരുച്ചയ്ക്ക് കഞ്ഞിയൊക്കെ കുടിച്ചു വന്നപ്പം പനിതൊടങ്ങി. അമ്മേ ഓർമ്മവന്നു. കരയാൻ തൊടങ്ങി. ടീച്ചറെന്നെ സാരല്ല്യാട്ടോ പറഞ്ഞു മടീലിരുത്തി. മുടികോതീരിക്കും, മ്...മ്..ന്ന് മൂളീരിക്കും. ഞാനൊറങ്ങിപ്പോയി. ഒറക്കത്ത് അമ്മേടൊപ്പം കെടന്നപ്പഴെന്നപോലെ മുള്ളിപ്പോയി. ടീച്ചറെന്നെ തള്ളിമാറ്റിയില്ല! ഏങ്ങലു വന്നപ്പം സാരല്ല്യാ മോനേന്നു പറഞ്ഞു.
ഓർമ്മേണ്ട്. ടീച്ചറ്ടെ മണം. ആ മണം ഒരു വാസനസോപ്പിന്റേം മണായിരുന്നില്ല. പിന്നീടെത്രയോ പെൺ ദേഹങ്ങൾക്കടുത്തു ചെന്ന് സ്വകാര്യമായി ഞാനാ മണത്തിന് മൂക്കമർത്തിയിട്ടുണ്ട്.
പറുദീസയുടെ മണംന്നാ ഞാനാ മണത്തിനിട്ട പേര്...

എന്റെയോർമ്മ ടീച്ചറുടെ കൈയ്യിലെ സ്ഫടികപ്പാത്രത്തിൽ നിറയെ നിറച്ചോക്കുകളായിരുന്നത്. ചെമ്പരത്തിപ്പൂവുരച്ച് കരിം കറുപ്പാക്കിയ എഴുത്തുമരപ്പലകയിൽ മാന്ത്രികയെപ്പോലെ ടീച്ചർ വിരൽ തൊടുന്നതും നോക്കി ഞങ്ങൾ നിന്നു. പക്ഷികൾ പറന്നു വന്നു. പലനിറം പൂക്കൾ വന്നു. മുയലും മാനും വന്നു. മരത്തേയും കുരങ്ങനെയും മാത്രമല്ല കുരങ്ങൻ തൂങ്ങിയാടുമ്പോഴത്തെ ചില്ലയുലച്ചിൽ പോലും ടീച്ചർ വരച്ചു. ടീച്ചറെന്നും ഞങ്ങളെ സഞ്ചാരത്തിനുകൊണ്ടു പോയിരുന്നു. വയൽ വരമ്പിലൂടെ പുഴയോരം വരെ വരിവരിയിട്ട് ഉറുമ്പുകളുടെ അടക്കത്തോടെ ഞങ്ങൾ നടന്നു. ഹെർമൻഹെസ്സെയുടെ സിദ്ധാർത്ഥൻ ഒടുവിലൊടുവിൽ കേട്ട പുഴയുടെ ഉള്ളൊച്ച ഞങ്ങളന്നേ കേട്ടു.

അവരുടെ ഭാഷ മനുഷ്യൻ മഹാജ്ഞാനത്തിന്റെ പൂന്തോട്ടം വെടിയും മുന്നത്തെ തിര്യക്കുകൾക്കുപോലും കേട്ടാൽ തിരിയുന്ന സരളമാന്ത്രികഭാഷയായി, വാ കുരുവി വരുകുരുവി പാടുമ്പോഴൊക്കെ സെൻറ്​ ഫ്രാൻസിസ് പുണ്യാളന്റെ തോളിലെന്നപോലെ അവരുടെ ചില്ലയിലും കുരുവി വന്നു.

ടീച്ചറു പിടിച്ചുലച്ചപ്പം ചാമ്പയ്ക്കാമരത്തിൽ നിന്ന് ചോന്നു പഴുത്ത ചാമ്പയ്ക്കകൾ പിടും പിടും ന്നു തൂവിയതും ഞങ്ങൾ എണ്ണിയെണ്ണിപ്പെറുക്കിയതും ഓർമ്മേണ്ട്.
ഒന്നാം ക്ലാസിന്റെ മുന്നിലൊരു പൂഴമുറ്റമുണ്ടായിരുന്നതോർമ്മേണ്ട്.. വരച്ചാലും വരച്ചാലും തീരാത്ത എഴുത്തു പുസ്തകം. പൂഴിയിൽ ഇലഞ്ഞിക്കുരുകൊണ്ടും മഞ്ചാടിമണികൊണ്ടും അക്ഷരം വരച്ച് മെല്ലെ മെല്ലെ വിരലോടിക്കാൻ പറയുമായിരുന്നതും ഓർമ്മേണ്ട്.
വരാന്തയിൽ വരിവരി നിന്ന് ഞങ്ങൾക്കൊപ്പം മഴതൊട്ടതും ഓർമ്മേണ്ട്.
ഉച്ചയ്ക്ക് ഞങ്ങളു വട്ടമിട്ടിരുന്ന് ഉച്ചക്കഞ്ഞി കുടിക്കുന്നതിന്റെ ഒപ്പമിരുന്ന് ചോറ്റുപാത്രം തുറന്നുണ്ണുന്നതും ഇത്തിരീശ്ശേ മാങ്ങാച്ചമ്മന്തി ഞങ്ങക്കൊക്കെ തൊട്ടു തൊട്ടു തന്നിരുന്നതും ഓർമ്മേണ്ട്.

കുന്നലംകോട് ഗവ.എൽപി സ്‌ക്കൂളിൽ ജോലികിട്ടിയെത്തിയ അന്നു മുതൽ ശ്രീപാർവ്വതി ടീച്ചർക്ക് ഒന്നാംതരം പേടിസ്വപ്നമായിരുന്നു. നാലാംക്ലാസ് ജനാലവിടവിലൂടെ പല തവണ അവർ കണ്ടിട്ടുണ്ട്, നൂലുപൊട്ടിയ മാലാമണികൾ പോലെയും ഉടഞ്ഞ മൺകലത്തിലെ വെള്ളം പോലെയും കെട്ടു പൊട്ടിച്ച ഉച്ചക്കാറ്റുപോലെയും തട്ടി തൂവുകയും ആടി ഉലയുകയും ചിതറിത്തെറിക്കുകയും ചെയ്യുന്ന ഒന്നാംതരം. മുങ്ങുന്ന കപ്പലിലെ കപ്പിത്താൻപോലെ അലമുറയിടുന്ന അന്നമ്മടീച്ചറെയോ പത്മാവതിട്ടീച്ചറെയോ നോക്കി പലതവണ നാലാംതരക്കാർ മൂകരായിരുന്ന് ഗുണനപ്പട്ടിക എഴുതിക്കൂട്ടുന്നതിനിടയിലെ വിശ്രാന്ത വേളകളിൽ അവർ വാപൊത്തി ചിരിച്ചിട്ടുണ്ട്. അങ്ങനെയങ്ങനെയൊരിക്കൽ ആ കുരിശിൽ ശ്രീപാർവ്വതി ടീച്ചറും തറയ്ക്കപ്പെട്ടു. പിടഞ്ഞു, നിലവിളിച്ചു, ആണിപ്പഴുതുകളിലൂടെ ചോരയൊലിപ്പിച്ചു. പോകെപ്പോകെ ശ്രീപാർവ്വതിടീച്ചറെന്ന ടീച്ചറുദ്യോഗക്കാരി പാറ്വാമ്മടീച്ചറായി പുനരുത്ഥാനം നേടി. അവരുടെ ഭാഷ മനുഷ്യൻ മഹാജ്ഞാനത്തിന്റെ പൂന്തോട്ടം വെടിയും മുന്നത്തെ തിര്യക്കുകൾക്കുപോലും കേട്ടാൽ തിരിയുന്ന സരളമാന്ത്രികഭാഷയായി, വാ കുരുവി വരുകുരുവി പാടുമ്പോഴൊക്കെ സെൻറ്​ ഫ്രാൻസിസ് പുണ്യാളന്റെ തോളിലെന്നപോലെ അവരുടെ ചില്ലയിലും കുരുവി വന്നു.

Photo : OakleyOriginals
Photo : OakleyOriginals

ഹോ, മ്മടെ തുമ്പപ്പൂക്കുഞ്ഞിന്റെ നഷ്ടം. അവൾക്കവളുടെ ഒന്നാംക്ലാസ് പഠിത്തം പോയ്പ്പോയില്ലേ. പാറ്വാമ്മ ടീച്ചറുടെ മടീൽ കണ്ണടച്ചിരുന്നാൽമാത്രം കാണുന്ന ഇലഞ്ഞിപ്പൂ നക്ഷത്രങ്ങളുടെ കള്ളക്കണ്ണിറുക്കൽ അവൾക്കൊരിക്കലും കാണാനാകില്ലല്ലോ! ഒന്നാംക്ലാസ് വരാന്തയിൽ മാത്രം പെയ്യുന്ന അത്ഭുതലോകത്തെ മഴ അവൾക്കൊരിക്കലും അനുഭവിക്കാനുമാവില്ലല്ലോ!

കുറേ കൊല്ലം മുമ്പ് ഞാനൊരു സർക്കാർ പള്ളിക്കൂടത്തിൽ പഠിപ്പിക്കൽക്കാരനായി ജോലിക്കു ചേർന്നു. ആ പള്ളിക്കൂടം തരിശ്ശിൽ മേയും പയ്യുപോലെ മെലിഞ്ഞിരുന്നു. അത് നഗരാതിർത്തിയിലെ പള്ളിക്കൂടമായിരുന്നു. നഗരത്തിൽ വലിയ വലിയ ഓഫീസുകളിൽ ജോലിചെയ്യുന്ന ആളുകളുടെ വീടുകളായിരുന്നു ആ പള്ളിക്കൂടപരിസരത്തെ വീടുകളിൽ മിക്കതും. പള്ളിക്കൂടത്തോടു തൊട്ട് കുഞ്ഞുകുഞ്ഞു വീടുകളുടെ ഒരു കോളനി ഉണ്ടായിരുന്നു. അവിടെത്തെ മെലിഞ്ഞ മനുഷ്യരുടെ മക്കളായിരുന്നു പള്ളിക്കൂടത്തിൽ പഠിച്ചിരുന്നത്. ആ കോളനിയോടു ചേർന്ന ഹൈവേ അരികിലെ സ്ഥലം ഒരു പെട്രോൾ പമ്പ് ഉടമ വിലയ്ക്കു വാങ്ങി. കോളനിയിലെ വീട്ടുകാരുടെ സ്ഥലങ്ങളും അവർ കൂടിയ വിലകൊടുത്തു വാങ്ങാൻ തുടങ്ങി. കോളനിവാസികൾ അവർ മുമ്പൊരിക്കലും കൈയ്യിലെടുത്തിട്ടില്ലാത്തത്ര പണം തൊട്ടപ്പോൾ സാധനസാമഗ്രികളും പെറുക്കിയെടുത്ത് കുഞ്ഞികുട്ടികുടുംബക്കാരെയും കൂട്ടി ഉൾ നാടുകളിലെവിടെയൊക്കെയോ അഞ്ചും പത്തും സെന്റ് സ്ഥലം വാങ്ങി വീടുവെച്ചപ്രത്യക്ഷരായി. പള്ളിക്കൂടം വസന്തത്തിനുശേഷമുള്ള പൂമരംപോലെ ഏകാന്തമായി. കൂട്ടികൾ വളരെ കുറവായി. നഗരത്തിലെ ഒരേക്കർ സ്ഥലത്തുനിന്ന ആ പള്ളിക്കൂടം തിരക്കുകൾക്കിടയിലെ ഒരു പച്ചത്തുരുത്തായി നിലനിൽക്കുന്നതിന്റെ സ്വപ്നസങ്കൽപസൗന്ദര്യത്തിൽ ആകൃഷ്ടനായിരുന്നതിനാൽ വേനലവധികളിൽ പരിസരപ്രദേശങ്ങളിൽ സ്‌ക്കൂളിൽ ചേരാൻ പാകം വന്ന കുഞ്ഞികുട്ടികളെ തിരഞ്ഞു നടക്കൽ എന്റെ വിനോദമായി. അക്കാലത്ത് നാലര വയസ്സു കഴിഞ്ഞ മനുഷ്യരെ എനിക്കൊറ്റ നോട്ടത്തിൽ മനസ്സിലാകുമായിരുന്നു. അകത്തോ പിൻമുറ്റത്തോ ചിത്രംക്കളം വരച്ചോ പാപ്പാത്തിയെ പിടിച്ചോ കളിച്ചു രസിക്കുകയായിരുന്ന ഒരുമ്മക്കുൽസുവിനോടോ ജെയ്‌സൻതോമസിനോടോ അവന്റെ അമ്മയോ അമ്മൂമ്മയോ ഉറക്കെ വിളിച്ചു പറഞ്ഞു. ടാ, പക്രൂസേ, ടീ ചിന്നമ്മുവേ നിന്നെ പള്ളിക്കൂടത്തിൽ വിളിക്കാനിതാ ഒരാളു വന്നിരിക്കുന്നു. ഇത്തിരി നിമിഷങ്ങൾക്കകം പാതാളക്കിണറിലേയ്ക്ക് എത്തിനോക്കുമ്പോഴത്തെ അതേ ഭയ വിസ്മയങ്ങളോടെ വാതിൽ മറഞ്ഞ് രണ്ടു മിന്നാമിന്നിക്കണ്ണുകൾ എന്നെയുറ്റുനോക്കി...വാ...വാ...വാ...പോഞ്ചിയിൽനിന്നൊരു മഴവില്ലെടുത്തു വീശിക്കാണിച്ച് ഞാനവരെ പ്രലോഭിപ്പിച്ചു.

ഒന്നാം ക്ലാസെന്നാൽ ഒരു തറപറ പാഠാവലിയല്ല, പള്ളിക്കൂടത്തിനും വീടിനുമിടയ്ക്കുള്ള ഒരിടനാഴിയാണത്, കഥയോ കാര്യമോ അല്ലാത്തൊരു നാടോടിക്കവിതയിലേയ്‌ക്കെന്ന പോലെ ശിഥിലനിയമങ്ങളുടെ അവ്യവസ്ഥയെ വരുതിയിലാക്കാനാവാത്ത ഒരാൾക്കും ഒരൊന്നാം ക്ലാസിലേയ്ക്ക് പ്രവേശനമില്ല!

ഏപ്രിലിലെ ഊടുപാതയിൽ പൊള്ളും വെയിലത്തൊറ്റയ്ക്കു നടക്കെ എന്തായിരിക്കും പള്ളിക്കൂടം പോരും മുന്നത്തെ ഒരു വാവയുടെ ഉള്ളിലെ പള്ളിക്കൂടമെന്ന് ഞാനതിശയിച്ചിട്ടുണ്ട്. നിറഞ്ഞ ആവേശത്തോടെ ഏവരും പള്ളിക്കൂടത്തിൽ പോയ ഒരേ ഒരു ദിവസം ഒരു പക്ഷെ ആദ്യത്തെ സ്‌ക്കൂൾ തുറപ്പു ദിവസമായിരുന്നിരിക്കും. പുതിയൊരു ജന്മത്തിനുവേണ്ടി എന്നപോലെ എന്തൊക്കെ നിറങ്ങളും അലങ്കാരങ്ങളുമായിരുന്നു ആ ഒറ്റ ദിവസത്തിനുവേണ്ടി സ്വരുക്കൂട്ടി വെച്ചിരുന്നത്! അത്ഭുതലോകത്തേയ്ക്കു വീഴുന്ന ആലീസായിരുന്നു അന്ന് ഓരോരുത്തനുമോരോരുത്തിയും. അപരിചിതമായ ലോകത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ ആന്തലോടെ ഉറ്റുനോക്കിയ ആ ഇളയ ആത്മാവുകൾക്കുമുന്നിൽ ഒരു മഞ്ഞക്കിളിയോ ചിത്രശലഭമോ ആകാൻ പറ്റിയിരുന്നെങ്കിൽ എന്ന് എത്രയോ ആഗ്രഹിച്ചിട്ടുണ്ട്. സ്‌നേഹമെന്ന മായികവിശ്വാസത്തെ യഥാർത്ഥം എന്നു ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്ത്വത്തെക്കാൾ വിഷമം പിടിച്ച മറ്റൊരു ചുമതലയില്ല. നിന്റെയമ്മയെക്കാൾ, അച്ഛനെക്കാൾ അമ്മൂമ്മയെക്കാളുമപ്പൂപ്പനെക്കാളുമെന്ന് വിശ്വസിപ്പിക്കാനായാൽ കരച്ചിൽ ചിരിയായി മാറുന്നു. തറഞ്ഞു നിൽപ്പ് തുള്ളാട്ടമാകുന്നു. വെറും പറച്ചിലുകളെ താളം കൊടുത്തു പാട്ടാക്കിയും എല്ലാ കാര്യങ്ങളെയും കഥയാക്കിയും ഭൂമിയിൽനിന്നാകാശത്തേയ്ക്കു നടക്കുകയാണെന്ന് വരുത്തിത്തീർക്കാനുള്ള ആ ശ്രമങ്ങളിലൂടെയാണ് സാമാന്യമനുഷ്യലോകത്തിന്റെ യുക്തിഭദ്ര ഭാഷ എനിക്കെന്നെന്നേയ്ക്കും കൈമോശംവന്നത്!

Photo: Pixabay
Photo: Pixabay

യന്ത്രസാങ്കേതിക വിദ്യയിലേയ്ക്കു പെറ്റുവീണ കുഞ്ഞുങ്ങളുടെ കാലത്തുനിന്ന് നോക്കുമ്പോൾ പത്തോ ഇരുപതോ വർഷം മുന്നത്തെ ആ ലോകം നൂറ്റാണ്ടുകൾക്കപ്പുറത്താണെന്ന് തോന്നായ്കയല്ല. അമ്മ ഇട്ടേച്ചുപോയതിന്റെ സങ്കടവിതുമ്പലോടെ മടിയിൽ കയറിയിരുന്ന് മധുരമിട്ടായിക്കഥകേട്ട് മെല്ലെ മെല്ലെ മയങ്ങുന്ന ഒരമ്മു അമർത്തിപ്പിടിച്ചതിന്റെ കൈവിരൽപ്പാട് നീലമറുകുപോലെ എന്റെ ഹൃദയഭിത്തിയിപ്പോഴുമുണ്ട്. ഞാനൊരു വൃക്ഷമായിരുന്നെങ്കിൽ അവിടെയൊരന്തിക്കാറ്റുതൊട്ടാൽ ഏതു ഋതുവിലും ഞാനടിമുടി പൂക്കും.

വെള്ളമില്ലാക്കുളം പോലെ എല്ലാ പള്ളിക്കൂടങ്ങളും കഴിഞ്ഞ ഒരു വർഷം മുഴുവൻ കുട്ടികളില്ലാതെ, അവരുടെ കളികളും ഒച്ചയുമാർപ്പുവിളികളുമില്ലാതെ ഒഴിഞ്ഞു കിടന്നു.

ഒരു കുഞ്ഞു പള്ളിക്കൂടം എന്നാൽ നിവർത്തി വിരിച്ചിട്ട ഒരാകാശമെന്നാണു തോന്നൽ. എല്ലാ പള്ളിക്കൂട ദിവസങ്ങളും ആദ്യത്തെ തുറപ്പു ദിവസം പോലെ ഉത്സാഹംകൊള്ളിക്കുന്നതായിരിക്കണം, പുതിയതെന്തോ ഒളിപ്പിച്ചുവെച്ച മാന്ത്രികജ്ഞാനഗുരുവിനെപ്പോലെ അത് ഏതു മനുഷ്യനെയും ഒരൊന്നാംക്ലാസുകാരനാക്കിമാറ്റണം. ഒന്നാം ക്ലാസെന്നാൽ ഒരു തറ പറ പാഠാവലിയല്ല, പള്ളിക്കൂടത്തിനും വീടിനുമിടയ്ക്കുള്ള ഒരിടനാഴിയാണത്, കഥയോ കാര്യമോ അല്ലാത്തൊരു നാടോടിക്കവിതയിലേയ്‌ക്കെന്ന പോലെ ശിഥിലനിയമങ്ങളുടെ അവ്യവസ്ഥയെ വരുതിയിലാക്കാനാവാത്ത ഒരാൾക്കും ഒരൊന്നാം ക്ലാസിലേയ്ക്ക് പ്രവേശനമില്ല! ഒരൊന്നാം ക്ലാസില്ലാതെ രണ്ടാം ക്ലാസോ മൂന്നാം ക്ലാസോ പത്താം ക്ലാസോ ഇരുപതാം ക്ലാസോ സാധ്യമല്ല.

വെള്ളമില്ലാക്കുളം പോലെ എല്ലാ പള്ളിക്കൂടങ്ങളും കഴിഞ്ഞ ഒരു വർഷം മുഴുവൻ കുട്ടികളില്ലാതെ, അവരുടെ കളികളും ഒച്ചയുമാർപ്പുവിളികളുമില്ലാതെ ഒഴിഞ്ഞു കിടന്നു. വേനൽക്കാലം പണ്ട് കുളങ്ങളിൽ ചെളിയെടുത്തു വൃത്തി വരുത്താനുള്ളതാണ്. എത്ര വരണ്ടുണങ്ങിയാലും അടിയടരിലെ നനവറകളിൽ ജീവന്റെ കുഞ്ഞുമുട്ടകൾ ഒളിഞ്ഞിരിക്കും. ഒടുവിൽ മഴ വരും, കുളം നിറയും. അതാ വരാലുകൾ, കോലന്മീനുകൾ, വാലിളക്കങ്ങൾ...അലയിളക്കങ്ങൾ!▮


വി.ടി. ജയദേവൻ

കവി, നോവലിസ്​റ്റ്​, വിവർത്തകൻ. പഴക്കം, വനാന്തരം, ഹരിത രാമായണം, അവളുടെ ആൾ, എറേച്ചി (നോവൽ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments