ഗായകൻ
സമയകാലങ്ങളുടെ അപ്പുറത്ത്,
ആ ശബ്ദം ഇവിടെയും…

യേശുദാസ് ഒന്നാം സ്ഥാനക്കാരനായിരുന്ന് സംഗീതത്തെ എന്നും നിയന്ത്രിച്ചുകൊണ്ടിരുന്നപ്പോഴും തന്റെ ബാണിയിൽ പി. ജയചന്ദ്രൻ ഒന്നാം സ്ഥാനക്കാരനായി തന്നെ നിലകൊണ്ടു- ഗായകൻ വി.ടി. മുരളി എഴുതുന്നു.

പി. ജയചന്ദ്രൻ എന്ന ജയേട്ടൻ പോയി എന്ന കാര്യം വിശ്വസിച്ചല്ലേ മതിയാകൂ. വലിയ സങ്കടമുണ്ട്. ഞാനറിയാതെ സംഗീതത്തിൽ എന്നെ കൂടെ കൂട്ടിയ ഒരാൾ കൂടി പോയല്ലോ എന്നോർക്കുമ്പോൾ അതിയായ ദുഃഖമുണ്ട്. ഒരനാഥത്വം അനുഭവപ്പെടുന്നു. നേരത്തെ രാഘവൻ മാസ്റ്റർ വിട്ടുപിരിഞ്ഞപ്പോൾ എനിക്ക് സഹിക്കാനായില്ല. ഇപ്പോഴിതാ ഈ മരണവും എന്റെ മുന്നിൽ ഒരുതരം ശൂന്യത സൃഷ്ടിക്കുന്നു. ജയേട്ടൻ പോയെങ്കിലും ആ ശബ്ദം ഇവിടെയുണ്ട്. അത് ഓരോ മലയാളിയുടെയൂം ഉള്ളിൽ പ്രതിഫലിക്കുന്നുണ്ട്. വിവിധ ഭാവങ്ങളിൽ.

മരിച്ചുപോയവരുടെ ശബ്ദങ്ങൾ...
ദൈവമേ, അവർ സമയകാലങ്ങളുടെ അപ്പുറത്ത്. അവരുടെ ശബ്ദങ്ങൾ ഇവിടെയും
(ബഷീർ).

സംഗീതത്തെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടാത്ത കാലത്തും പി. ജയചന്ദ്രൻ എന്ന ഗായകൻ എനിക്ക് പ്രിയപ്പെട്ടവനായിരുന്നു. യേശുദാസ് എന്ന മഹാഗായകനോടൊപ്പം മനസ്സിന്റെ ഏതോ ഒരു പ്രത്യേക കോണിലിരുന്ന് അദ്ദേഹം എന്നെ സന്തോഷിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എല്ലാവരും യേശുദാസിന്റെ മുഖ്യധാരയിൽ ലയിക്കാൻ ശ്രമിച്ചപ്പോൾ ജയചന്ദ്രൻ ആ ധാരയെ പിൻപറ്റാതെ തന്നെ വേറിട്ടൊരു, തികച്ചും നവ്യമായ മറ്റൊരു ധാരയെ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇത്രയും കാലം അദ്ദേഹത്തിന് ഈ രംഗത്ത് പ്രകാശം പരത്താൻ കഴിഞ്ഞതും. യേശുദാസ് ഒന്നാം സ്ഥാനക്കാരനായിരുന്ന് സംഗീതത്തെ എന്നും നിയന്ത്രിച്ചുകൊണ്ടിരുന്നപ്പോഴും തന്റെ ബാണിയിൽ ജയചന്ദ്രൻ ഒന്നാം സ്ഥാനക്കാരനായി തന്നെ നിലകൊണ്ടു.

സംഗീതത്തെയും കലയെയും വിപണിയുടെയും പ്രശസ്തിയുടെയും മാത്രം അളവുകോൽ വച്ച് തിട്ടപ്പെടുത്തുകയല്ല ചെയ്യേണ്ടത്. അതിന്റെ സൗന്ദര്യപരമായ മൂല്യങ്ങളെയും വൈവിധ്യങ്ങളെയും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. സംഗീതത്തിലും സിനിമയിലും പലപ്പോഴും താരപ്പൊലിമയിൽ മറ്റ് അംശങ്ങൾ മുങ്ങിപ്പോകുകയാണ് പതിവ്.

യേശുദാസ് ഒന്നാം സ്ഥാനക്കാരനായിരുന്ന് സംഗീതത്തെ എന്നും നിയന്ത്രിച്ചുകൊണ്ടിരുന്നപ്പോഴും തന്റെ ബാണിയിൽ ജയചന്ദ്രൻ ഒന്നാം സ്ഥാനക്കാരനായി തന്നെ നിലകൊണ്ടു.
യേശുദാസ് ഒന്നാം സ്ഥാനക്കാരനായിരുന്ന് സംഗീതത്തെ എന്നും നിയന്ത്രിച്ചുകൊണ്ടിരുന്നപ്പോഴും തന്റെ ബാണിയിൽ ജയചന്ദ്രൻ ഒന്നാം സ്ഥാനക്കാരനായി തന്നെ നിലകൊണ്ടു.

ഭാവഗായകൻ എന്നാണ് ജയചന്ദ്രനെ എല്ലാവരും വിശേഷിപ്പിക്കുന്നത്. യേശുദാസിനെ ഗാനഗന്ധർവൻഎന്നും. ഇതൊന്നും ഏതെങ്കിലും സംഘടനയോ സർവകലാശാലയോ നൽകിയ പട്ടങ്ങളല്ല. ആസ്വാദകർ നൽകിയതാണ്.

ജയചന്ദ്രനെ ഭാവഗായകൻ എന്ന് എന്തർഥത്തിലാണ് വിളിക്കുന്നത് എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഗന്ധർവൻ എന്ന പ്രയോഗം സംഗീതത്തിന്റെ ഏറ്റവും വലിയ, ഉച്ചസ്ഥായിയിൽ വിരാജിക്കുന്ന ആൾ എന്ന നിലയിലായിരിക്കണം. ഭാവം എന്നത് ഒരാൾക്കുമാത്രം ചാർത്തിക്കൊടുക്കാൻ പറ്റുന്നതാണോ? യേശുദാസ് ഗന്ധർവൻ ആയിരിക്കെത്തന്നെ ഭാവഗായകനും കൂടിയല്ലേ എന്നൊക്കെ ആലോചിച്ചുപോകാറുണ്ട്. ജയചന്ദ്രനെ അങ്ങനെ പ്രത്യേകമെടുത്തുവിളിക്കുന്നതിന്റെ കാരണം, അർഥം എന്താണ്?

എല്ലാവരും യേശുദാസിന്റെ മുഖ്യധാരയിൽ ലയിക്കാൻ ശ്രമിച്ചപ്പോൾ ജയചന്ദ്രൻ ആ ധാരയെ പിൻപറ്റാതെ തന്നെ വേറിട്ടൊരു, തികച്ചും നവ്യമായ മറ്റൊരു ധാരയെ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

ജയചന്ദ്രൻ പാടുമ്പോഴുള്ള ഒരു ഭാവതലമാണ് മലയാളിയുടെ മനസ്സിനെ തലോടുന്നത്, ഒരിളം കാറ്റായി സ്പർശിക്കുന്നത് എന്നതായിരിക്കാം ഒരു കാരണം. കലയുടെ സംഗീതത്തിന്റെ ഏറ്റവും വലിയ ധർമം ഭാവപ്രകാശമാണ്. അപ്പോൾ പിന്നെ ഒരാളുടെ പാട്ടിൽ മാത്രം ഭാവം കണ്ടെത്തുന്നതെങ്ങനെ? അപ്പോൾ ഭാവം എന്ന വാക്കിന്, എന്ന ഭാവത്തിന്, വികാരത്തിന് മറ്റെന്തോ അർഥമുണ്ട്. അത് ജയചന്ദ്രനിൽനിന്നാണ് ലഭിക്കുന്നത് എന്നല്ലേ?

കലാകാരന്മാരെ പലപല കോണുകളിലൂടെ കാണുന്നവരുണ്ടാകും. അതിനെ സാമാന്യവൽക്കരിക്കുക പ്രയാസമാണ്. ചില പാട്ടുകൾ കേൾക്കുമ്പോൾ നമുക്ക് മറ്റു വികാരങ്ങളല്ല അനുഭവപ്പെടുക. അസാധ്യം എന്നായിരിക്കും നമ്മുടെ പ്രതികരണം, അല്ലെങ്കിൽ എല്ലാവർക്കും പാടാൻ കഴിയുമോ? അസാധ്യം എന്ന് വിശേഷിപ്പിക്കപ്പെട്ട പാട്ടുകളേക്കാൾ വൈകാരികമായി സ്പർശിച്ച പാട്ടുകളെയല്ലേ നാം ഇഷ്ടപ്പെടുന്നത്, കൊണ്ടുനടക്കുന്നത്? പാട്ടുകളുടെ ശക്തിയെക്കുറിച്ച് പറയുമ്പോൾ, അത് തന്നെ ആത്മഹത്യയിൽനിന്ന് പിന്തിരിപ്പിച്ചു എന്നൊക്കെ ചിലർ പറയാറുണ്ട്. ഈ അസാധ്യത്തിന് അങ്ങനെയൊരു ഭാവതലം ഉണ്ടോ?

എന്റെ ഒരടുത്ത സുഹൃത്ത് തന്റെ മകളുടെ അകാല മരണത്തിന്റെ ദുഃഖത്തെ അതിജീവിച്ചത് ‘അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു...' എന്ന ഉദയഭാനുവിന്റെ പാട്ട് കേട്ടിട്ടാണെന്ന് പറഞ്ഞിരുന്നു.
എന്റെ ഒരടുത്ത സുഹൃത്ത് തന്റെ മകളുടെ അകാല മരണത്തിന്റെ ദുഃഖത്തെ അതിജീവിച്ചത് അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു...' എന്ന ഉദയഭാനുവിന്റെ പാട്ട് കേട്ടിട്ടാണെന്ന് പറഞ്ഞിരുന്നു.

എന്റെ ഒരടുത്ത സുഹൃത്ത് തന്റെ മകളുടെ അകാല മരണത്തിന്റെ ദുഃഖത്തെ അതിജീവിച്ചത് ‘അനുരാഗനാടകത്തിൻ അന്ത്യമാം രംഗം തീർന്നു...' എന്ന ഉദയഭാനുവിന്റെ പാട്ട് കേട്ടിട്ടാണെന്ന് പറഞ്ഞിരുന്നു. ആ പാട്ടിന്റെ വരികൾ അദ്ദേഹത്തിന്റെ പോക്കറ്റിൽ തന്നെ കൊണ്ടുനടക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അപ്പോൾ നമ്മെ സ്പർശിക്കുന്ന എന്തോ ഒരു പ്രത്യേകത ജയചന്ദ്രന്റെ പാട്ടിനുണ്ടായിരിക്കണം. അതിനെ നാം ഭാവം എന്നു വിളിക്കുന്നു. ആ വൈകാരികത നമ്മിലെത്തിച്ച ഗായകനെ നാം ഭാവഗായകൻ എന്ന് വിളിച്ചു. ഈ ഭാവത്തിന് ഒരു കേരളീയതയുണ്ടെന്നും ഞാൻ കരുതുന്നു.

ജയചന്ദ്രന്റെ ഫോണിലേക്ക് ഒന്നു വിളിച്ചുനോക്കൂ. നമ്മൾ കേൾക്കുന്ന പാട്ടുകൾ പി. സുശീലയുടെയോ മുഹമ്മദ് റഫിയുടെയോ ആയിരിക്കും. അദ്ദേഹത്തിന്റെ പാട്ടായിരിക്കില്ല.

യേശുദാസ് ആദ്യകാലഘട്ടത്തിൽ പാടിയ ചില പാട്ടുകൾ കേട്ടാൽ, അതിൽ ഈ രണ്ടംശങ്ങളുണ്ട് എന്നു തോന്നും. ആ പാട്ട് പാടാനായി ജനിച്ച ആളാണദ്ദേഹം എന്നു തോന്നും. ഇതിനൊക്കെ കൃത്യമായ കാരണം കണ്ടെത്തുക പ്രയാസമാണ്. ചിലരൊക്കെ വ്യാഖ്യാനിച്ചേക്കാം. പക്ഷെ, അത്തരം വ്യാഖ്യാനങ്ങളൊന്നും എനിക്ക് തൃപ്തികരമായി തോന്നിയിട്ടില്ല. പിന്നെയും എന്തൊക്കെയോ ഉണ്ട് എന്ന തോന്നൽ, ഒരമൂർത്തതയുണ്ട് ഇവിടെയൊക്കെ. ഓരോരുത്തരെയും എങ്ങനെയാണിവരുടെയൊക്കെ സൃഷ്ടികൾ സ്പർശിക്കുന്നത് എന്നതാണ് പ്രധാനം.

പി ജയചന്ദ്രന്‍, യേശുദാസ്, കെ.എസ്. ചിത്ര എന്നിവർ /Photo: jayachandransite.com
പി ജയചന്ദ്രന്‍, യേശുദാസ്, കെ.എസ്. ചിത്ര എന്നിവർ /Photo: jayachandransite.com

അപൂർവമായേ ഞാൻ പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുള്ളൂ. കവിതകൾ സംഗീതം നൽകി ചൊല്ലാറുണ്ട്. ‘എന്നും പ്രിയപ്പെട്ട അമ്മ' എന്ന ഒരു സിനിമയ്ക്കുൾപ്പെടെ ചില ആൽബങ്ങൾക്ക് ഞാൻ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. സിനിമയിലെ പാട്ടുകളിൽ ഒന്ന് പാടിയത് ഡോ. ബാലമുരളീകൃഷ്ണയാണ്. അത് എന്റെ ഈണമല്ല. ‘പിബരേ രാമരസം' എന്ന സദാശിവ ബ്രഹ്‌മേന്ദ്രരുടെ കൃതിയാണ്. മറ്റൊന്ന് സിനിമയുടെ സംവിധായകനായ സി.എൻ. ശ്രീവത്സൻ രചിച്ചതാണ്. പാടിയത് ജയചന്ദ്രൻ.
ഒരു കൂടു കൂട്ടുവാനായ് എന്ന ഗാനം പാടിക്കഴിഞ്ഞപ്പോൾ ജയചന്ദ്രൻ സിനിമാ സംവിധായകനോട് പറഞ്ഞു, ‘പാട്ടൊക്കെ നന്നായിട്ടുണ്ട്. പാട്ടിനെ സിനിമയിൽ സന്നിവേശിപ്പിക്കുമ്പോൾ അതിനെ വെട്ടിനുറുക്കി കളയരുത്. പലയിടങ്ങളിലായി പാട്ടുകളെ ചേർക്കുമ്പോൾ രംഗത്തിൽ അതാവശ്യമായിരിക്കാം. എന്നാൽ പാട്ട് പൂർണമായും ഇല്ലാതായിപ്പോകും. പിൽക്കാലത്ത് പാട്ടുകളാണ് പല സിനിമകളെയും ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്. സംഗീത സംവിധായകനും രചയിതാവും ഉപകരണവാദ്യക്കാരും കഷ്ടപ്പെട്ട് പാട്ടുകൾ ചെയ്യും. നിങ്ങൾ അത് മുറിച്ചുമുറിച്ച് കഷണങ്ങളാക്കുമ്പോൾ പാട്ടിന്റെ ആത്മാവ് നഷ്ടപ്പെടുന്നു. പാട്ടിന്റെ തുടർച്ച ഇല്ലാതാകുന്നു’.

ഡോ. ബാലമുരളീകൃഷ്ണ
ഡോ. ബാലമുരളീകൃഷ്ണ

ആ സിനിമയിൽ ജയേട്ടൻ പാടിയ പാട്ടിന് എന്നിട്ടും ഈ ഗതി തന്നെ ഭവിച്ചു. ഈ പാട്ട് ചെയ്യുമ്പോൾ തന്നെ എന്റെ മനസ്സിൽ ജയേട്ടൻ ഉണ്ടായിരുന്നു.

പി.ടി. മുസ്തഫ എന്ന പ്രിയസുഹൃത്ത് എഴുതിയ ഒമ്പത് പാട്ടുകളും ഇപ്പോൾ പെരിന്തൽമണ്ണ എം.എൽ.എയായ നജീബ് കാന്തപുരം എഴുതിയ പാട്ടുകളും ബാലകൃഷ്ണൻ കണ്ണൂക്കര എഴുതിയ പാട്ടുകളും ഞാൻ ആൽബങ്ങൾക്കായി സംഗീതം ചെയ്തിട്ടുണ്ട്. ഇതിൽ പല പാട്ടുകളും ജയചന്ദ്രനാണ് പാടിയത്. ആ പാട്ടുകളുടെ ഈണങ്ങൾ എന്റെ ഉള്ളിലിരുന്ന് ജയചന്ദ്രൻ പാടിത്തരികയായിരുന്നു. യേശുദാസിനെ കിട്ടാത്തതുകൊണ്ട് ജയചന്ദ്രൻ എന്നല്ല മനസ്സിലുണ്ടായിരുന്നത്, ജയചന്ദ്രനെ കിട്ടിയില്ലെങ്കിൽആ പാട്ടേ ഇല്ല എന്നായിരുന്നു. അദ്ദേഹമല്ല പാടിയതെങ്കിൽ അതൊരിക്കലും പൂർണമാകില്ല എന്നൊരു തോന്നൽ. എന്റെ ഈണത്തിൽ അദ്ദേഹത്തിൽനിന്നെന്തോ കലരേണ്ടതുണ്ട് എന്ന്.

‘ഇത്രയേയുള്ളൂവെന്നറിയുവാൻ
നമ്മളെത്ര ദൂരം നടന്നു...'
അൽപം ദാർശനിക സ്വഭാവമുള്ള ഈ പാട്ടിന്റെ വരികൾ വായിച്ചപ്പോഴേ എന്റെ മനസ്സ് പറഞ്ഞു, ഇത് ജയേട്ടന്റെ പാട്ട് തന്നെ. ദേവരാജൻ മാസ്റ്ററുടെ ‘ഒന്നിനി ശ്രുതി താഴ്ത്തി...' എന്ന പാട്ടുഃം എം. ജയചന്ദ്രന്റെ ‘സ്മൃതിതൻ ചിറകിലേറി ഞാനെൻ ശ്യാമഗ്രാമഭൂവിലണയുന്നു' എന്ന പാട്ടും എന്നെ ഈ ഈണത്തിലേക്കും പി. ജയചന്ദ്രനിലേക്കും നയിച്ചിരിക്കാം.

നജീബ് കാന്തപുരം എഴുതിയ  ‘ഇത്രയേയുള്ളൂവെന്നറിയുവാൻ
നമ്മളെത്ര ദൂരം നടന്നു...'  എന്ന  പാട്ടിന്റെ വരികൾ വായിച്ചപ്പോഴേ എന്റെ മനസ്സ് പറഞ്ഞു, ഇത് ജയേട്ടന്റെ പാട്ട് തന്നെ.
നജീബ് കാന്തപുരം എഴുതിയ ‘ഇത്രയേയുള്ളൂവെന്നറിയുവാൻ
നമ്മളെത്ര ദൂരം നടന്നു...' എന്ന പാട്ടിന്റെ വരികൾ വായിച്ചപ്പോഴേ എന്റെ മനസ്സ് പറഞ്ഞു, ഇത് ജയേട്ടന്റെ പാട്ട് തന്നെ.

അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ എന്നെ ആകർഷിച്ച മറ്റൊരു ഘടകം അദ്ദേഹത്തിന് മറ്റുള്ളവരെ അംഗീകരിക്കാൻ മടിയില്ല എന്നതാണ്. അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒന്നു വിളിച്ചുനോക്കൂ. നമ്മൾ കേൾക്കുന്ന പാട്ടുകൾ പി. സുശീലയുടെയോ മുഹമ്മദ് റഫിയുടെയോ ആയിരിക്കും. തന്റെ പാട്ടായിരിക്കില്ല. തന്നെത്തന്നെ, തന്നെ മാത്രം സ്‌നേഹിക്കുന്ന ഇന്നത്തെ കലാകാരന്മാർക്കിടയിൽ എത്രയോ വ്യത്യസ്തനാണദ്ദേഹം.

ശാസ്ത്രീയ സംഗീതാടിത്തറയുള്ള, കർണാടക സംഗീതഛായയുള്ള പാട്ടുകൾ ജയചന്ദ്രൻ പാടുമ്പോൾ അതിന് ഒരു പ്രത്യേക ചാരുതയുണ്ട്. അതിൽ കർണാടക സംഗീയത്തിന്റെ രാഗഭാവങ്ങൾ പരമ്പരാഗതമായ രീതിയിൽ നിറഞ്ഞുനിൽക്കുന്നു. സാങ്കേതികമായി അല്ല, സൗന്ദര്യാത്മകമായി.

ഒരിക്കൽ കൈരളി ടി.വിയുടെ ഒരു പരിപാടിയിൽ ജോൺ ബ്രിട്ടാസുമായി ആമുഖമായി സംസാരിച്ചശേഷം ബ്രിട്ടാസ് അദ്ദേഹത്തോട് ചോദിച്ചു; ഇനി നമുക്കൊരു പാട്ട് പാടിക്കൂടേ?
അദ്ദേഹം തിരിച്ചുചോദിച്ചു; എന്റെ പാട്ടു തന്നെ പാടണമെന്നുണ്ടോ?
ബ്രിട്ടാസ്, ജയേട്ടന് ഇഷ്ടമുള്ള ഏതു പാട്ടും പാടാം എന്നു പറഞ്ഞു.
ഉടനെ അദ്ദേഹം ചോദിച്ചു, കോഴിക്കോട്ടുളള വി.ടി. മുരളിയെന്ന ഗായകനെ അറിയുമോ?
അറിയാം എന്ന് ബ്രിട്ടാസ്.
മുരളി പാടിയ രാഘവൻ മാസ്റ്ററുടെ ഒരു പാട്ട് പാടി നമുക്ക് ആരംഭിക്കാം എന്ന് ജയേട്ടൻ. ആ പാട്ട് ജയേട്ടന്റെ ആത്മമിത്രമായ ഇ. ജയകൃഷ്ണനാണ് അദ്ദേഹത്തെ പാടി കേൾപ്പിച്ചതെന്ന് തോന്നുന്നു. ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി എഴുതിയ പാട്ട് ആകാശവാണിക്കുവേണ്ടി ഞാൻ പാടിയതാണ്:
‘ഒരു വിഷുപ്പാട്ടിന്റെ ചിറകിൽ ഞാനിന്നലെ
ഒരു പാടുദൂരം പറന്നുവന്നു...'.

ജയചന്ദ്രനും  പി. സുശീലയും.
ജയചന്ദ്രനും പി. സുശീലയും.

ഞാൻ അൽഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ മുന്നിൽ ഞാനെത്ര നിസ്സാരൻ. അങ്ങനെയുള്ള എന്റെ പാട്ടിൽ അദ്ദേഹം ഒരു പരിപാടി ആരംഭിക്കുക. നൂറുകണക്കിന് പ്രശസ്തങ്ങളായ പാട്ടുകൾ പാടിയ അദ്ദേഹത്തിന് എന്റെയൊരു പാട്ടിന്റെ ആവശ്യമെന്ത്? പഴയതും പുതിയതുമായ ഏതെങ്കിലും ഗായകനിൽനിന്ന് ഇത് പ്രതീക്ഷിക്കാമോ?
മുംബൈ ഷൺമുഖാനന്ദ ഹാളിൽ ഒരു പരിപാടിക്കിടയിൽ ഇതേപോലെ ഇതേപാട്ട് അദ്ദേഹം പാടുന്നത് ഒരു സുഹൃത്ത് തൽസമയം ഫോണിലൂടെ കേൾപ്പിച്ചത് ഞാനോർക്കുന്നു. എനിക്ക് കിട്ടിയ വലിയ അവാർഡുകളല്ലേ ഇതൊക്കെ? ഇങ്ങനെ മൺമറഞ്ഞുപോയവരും ഇപ്പോൾ ജീവിച്ചിരിക്കുന്നവരുമായ എത്ര കലാകാരന്മാർ മറ്റുള്ളവരെപ്പറ്റി പറഞ്ഞിട്ടുണ്ട്? ഇതിന് സംഗീതം മാത്രം പോരാ. സംഗീതം നിറഞ്ഞുനിൽക്കുന്ന മനുഷ്യൻ കൂടിയാകണം. പി. ജയചന്ദ്രൻ എന്ന ഗായകൻ, എന്ന മനുഷ്യൻ എന്നെ അന്നും ഇന്നും ആകർഷിക്കുന്നു.

ജി. ദേവരാജൻ, ജയചന്ദ്രൻ, എം.എസ്. വിശ്വനാഥൻ
ജി. ദേവരാജൻ, ജയചന്ദ്രൻ, എം.എസ്. വിശ്വനാഥൻ

പി. ജയചന്ദ്രൻ എന്ന ഗായകനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മുന്നിൽ ആദ്യം എത്തുന്ന കുറെ പാട്ടുകളുണ്ട്. 1966-ൽ കളിത്തോഴൻ എന്ന ചിത്രത്തിൽ പി. ഭാസ്‌കരൻ രചിച്ച് ദേവരാജൻ സംഗീതം നിർവഹിച്ച ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനത്തെ മാറ്റിനിർത്തി പി. ജയചന്ദ്രന്റെ ചരിത്രമോ മലയാള ഗാനശാഖയുടെ ചരിത്രമോ പറയാൻ കഴിയില്ല. എന്റെ കൗമാര യൗവനകാലത്തെ സംഗീതജീവിതത്തെ സജീവമാക്കിയത് ‘സ്വാതിതിരുനാളിൽ കാമിനി' എന്ന ഗാനമാണ്. ശ്രീകുമാരൻ തമ്പി എഴുതി ദക്ഷിണാമൂർത്തി സംഗീതം നൽകിയ ഒരു രാഗമാലിക എന്ന് പറയാം. എത്രയോ വേദികളിൽ ഞാനത് പാടിയിരിക്കുന്നു. അതിൽ പ്രയോഗിക്കപ്പെട്ട രാഗങ്ങളെയോ രാഗസഞ്ചാരങ്ങളെയോ കുറിച്ച് ഒന്നുമറിയാതെയുള്ള ഒരു ലക്ഷ്യജ്ഞാനം.

ശാസ്ത്രീയ സംഗീതാടിത്തറയുള്ള, കർണാടക സംഗീതഛായയുള്ള പാട്ടുകൾ ജയചന്ദ്രൻ പാടുമ്പോൾ അതിന് ഒരു പ്രത്യേക ചാരുതയുണ്ട്. അതിൽ കർണാടക സംഗീയത്തിന്റെ രാഗഭാവങ്ങൾ പരമ്പരാഗതമായ രീതിയിൽ നിറഞ്ഞുനിൽക്കുന്നു. സാങ്കേതികമായി അല്ല, സൗന്ദര്യാത്മകമായി. സംഗീതത്തിന്റെ ആസ്വാദനത്തിലെ അത്തരം അനുഭവങ്ങൾ വിശദീകരിക്കാനുള്ള ഭാഷ എന്റെ കൈവശമില്ല എന്നത് വലിയൊരു പരിമിതിയാണ്. അഭ്യാസബലത്തില്ലാതെ തികച്ചും രാഗങ്ങളെ രാഗഭാവങ്ങളെ ആവിഷ്‌കരിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. പി. ജയചന്ദ്രന്റെ കണ്ഠത്തിൽ രാഗങ്ങളും നാടൻശീലുകളും ഭാഷയും പഴയതും പുതിയതുമായ കാലവും എല്ലാം ഭദ്രമാണ്. അത് സപ്തസ്വരസുധാവാഹിനിയാണ്. ഇത് ആരാധന മൂത്ത് അന്ധവിശ്വാസിയായിപ്പോയ ഒരാൾ പറയുന്നതല്ല. പാട്ടിനെ, സംഗീതത്തെ, സാഹിത്യത്തെ, സംസ്‌കാരത്തെ ഏറെക്കാലമായി ശ്രദ്ധിക്കുകയും പഠിക്കാൻ ശ്രമിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരാൾ പറയുന്നതാണ്.

Comments