വടാ പാവ്​; മഹാനഗരരുചി

മഹാനഗരത്തിന്റെ ഐഡന്റിറ്റിയായി പരിഗണിക്കാവുന്ന വടാ - പാവിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചിറങ്ങുന്നത് അത്ര പന്തിയല്ലെന്നു തോന്നുന്നു. എന്നാൽ, അതിനുപുറകിലെ ജീവിതങ്ങൾ വിസ്​മയം നിറഞ്ഞ ഒന്നാണ്​.

ന്റെ സുഹൃത്ത് റോയ് അക്കരയ്ക്ക് വടാ - പാവ് തിന്നണമെന്ന് എപ്പോള്‍ തോന്നിയാലും ഉടൻ ബോംബെയ്ക്കുള്ള ടിക്കറ്റെടുക്കുമെന്ന് പറയാറുണ്ട്. റോയ് അക്കര ഇന്നില്ല.

മഹാനഗരത്തിന്റെ ഐഡന്റിറ്റിയായി പരിഗണിക്കാവുന്ന വടാ - പാവിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മറ്റും അന്വേഷിച്ചിറങ്ങുന്നത് അത്ര പന്തിയല്ലെന്നു തോന്നുന്നു. ഈ അന്വേഷണം എങ്ങും എത്താനും സാധ്യതയില്ല.

സാധാരണക്കാരായ മുംബൈക്കറുടെ ആഹാരമെന്നോ, വിശപ്പടക്കാന്‍ മാത്രമുള്ള ഭക്ഷണ പദാര്‍ത്ഥമെന്നോ നമുക്ക് വടാപാവിനെ വിളിക്കാം. ബ്രിട്ടാനിയയും മോഡേണ്‍ ബ്രഡ്ഡുമൊക്കെ കേരള വിപണിയിലെത്തിച്ചേരാത്ത പഴയ കാലങ്ങളില്‍ ബേക്കറികളില്‍ ചുട്ടെടുത്ത റൊട്ടിയെ അച്ചുറൊട്ടി എന്നാണ് തൃശ്ശൂരുകാർ വിളിച്ചുപോന്നത്. പാട്ടുരായ്ക്കലിലെ എന്‍.ടി. രാമന്‍ നമ്പ്യാര്‍ മദ്രാസ്​ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് (ഓണേഴ്‌സ്) പാസായ വ്യക്തിയാണെങ്കിലും സ്വാതന്ത്ര്യസമരത്തില്‍പങ്കുചേര്‍ന്ന് ജയില്‍വാസമനുഭവിച്ചതോടെ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിന് ഗവണ്‍മെൻറ്​ ജോലി നിഷേധിച്ചു. വാശിക്കാരനായ ആ രാജ്യസ്നേഹി വഴിയെ പാട്ടുരായ്ക്കല്‍ സെന്ററില്‍ 'എന്‍.ടി. രാമന്‍ നമ്പ്യാര്‍ പുകയില ഷോപ്പ്' ആരംഭിക്കുകയാണ് ചെയ്​തതെന്ന്​ സമീപവാസികള്‍ പറയുന്നു. ഏതായാലും എന്‍.ടി. ആറിന്റെ കടയില്‍ ഹോട്ട്‌ ബ്രെഡ്​ വില്പന പൊടിപൊടിച്ചിരുന്നത് നല്ല ഓര്‍മയുണ്ട്. ആരെങ്കിലും അച്ചുറൊട്ടി ആവശ്യപ്പെട്ട് കടയിലെത്തിയാല്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് റൊട്ടി, ഹോട്ട്​ ബ്രെഡ്​ എന്ന വിശേഷണത്തോടെ മാത്രമെ അദ്ദേഹം നല്‍കാറുള്ളൂ.

Photo: flickr.com
Photo: flickr.com

ബോംബെയില്‍ വടാ - പാവ് സെന്ററുകളും കട്ടിംഗ് ചായ് സ്റ്റാളുകളുമില്ലാത്ത തെരുവുകളില്ല. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലാണ് റോബസ്റ്റ വാഴ വ്യാപാരാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതെങ്കില്‍ സവാളയും ഉരുളക്കിഴങ്ങും നാസിക് ജില്ലയില്‍ നിന്നാണ് ബോംബെയിലെത്തുന്നത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് കടലമാവില്‍ മുക്കി വടയുണ്ടാക്കി രണ്ടായി മുറിച്ച പാവില്‍ (ചെറിയ റൊട്ടി) വെച്ച് അതില്‍ പുതീന ഇലയുടെ ചട്ട്ണി പുരട്ടി, വഴറ്റിയ പച്ചമുളകില്‍ ഉപ്പുതരിയും വിതറി ഭക്ഷിയ്ക്കുന്ന വടാ - പാവിന് മഹാരാഷ്ട്രയുടെ തനതുരുചിയുണ്ട്. കൊങ്കണ്‍വഴി ബോംബെയ്ക്ക് പോകുമ്പോള്‍ മഹാരാഷ്ട്ര അതിര്‍ത്തിയിലെ ആദ്യ പ്രധാന റെയില്‍വെ സ്റ്റേഷനാണ് റായ്ഗഡ്. അവിടെ അഞ്ചു രൂപ നിരക്കില്‍ ഒരാള്‍ക്ക് ചൂടുള്ള വടാ - പാവ്‌ ട്രെയിനിൽ തന്നെ വില്പനക്കാര്‍ നിങ്ങള്‍ക്ക് നല്‍കും. പുതീന ചട്ട്ണിയ്ക്ക് പകരം കപ്പല്‍ മുളക് പൊടിച്ച് ഉപ്പുചേര്‍ത്ത പ്രത്യേക സ്വാദുള്ള പൊടിയാണ് റായ്ഗഡില്‍ പ്രധാന ഉപദംശമായി ലഭിക്കുക.

കേരളത്തില്‍നിന്ന് മഹാനഗരത്തിലേക്കുള്ള ഒരാളുടെ ആദ്യ യാത്രയില്‍ ഈ റായ്ഗാഡ് സ്പെഷ്യല്‍ വടാ - പാവ് പ്രത്യേക സ്വാദ് നല്‍കാതിരിക്കില്ല. വടാ - പാവും കട്ടിംഗ് ചായയും കഴിച്ചാൽ താല്‍ക്കാലികമായെങ്കിലും യാത്രാക്ഷീണവും വിശപ്പുമടങ്ങും.

Photo: Vwox Media Facebook Page
Photo: Vwox Media Facebook Page

ബോംബെയുടെ പര്യമ്പുറങ്ങളിലൊന്നായ വീരാറിലെ ബോളിഞ്ച് ഗ്രാമവാസിയാണ് ഞാന്‍. കൃശഗാത്രനായ ഇരിങ്ങാലക്കുട സ്വദേശി ആളൂര്‍ക്കാരന്‍ ഫ്രാന്‍സിസിനെ ഞാന്‍ അവിടെവെച്ചാണ് പരിചയപ്പെടുന്നത്. അദ്ദേഹം ഭാര്യയും രണ്ടു കുട്ടികളുമൊത്ത് തൊട്ടടുത്ത ഗ്രാമമായ അഗാഷിയിലാണ് ഇപ്പോള്‍ താമസം. ബോളിഞ്ചില്‍ ടയര്‍ പഞ്ചര്‍ കട നടത്തിയിരുന്ന ഫ്രാന്‍സിസ് ഈയിടെ വടാ - പാവ് സ്റ്റാള്‍ ഉടമയായി. ഫ്രാന്‍സിന്റെ കഥയില്‍ ട്വിസ്റ്റുകളും മെലോഡ്രാമയുമൊക്കെ വന്നു ചേര്‍ന്നിരിക്കുന്നു. പത്താം ക്ലാസിനുശേഷം നാടുവിട്ട ആളൂക്കാരന്‍ ഫ്രാന്‍സിസ് മറ്റേതൊരു മലയാളിയേയും പോലെ മഹാനഗരത്തിലല്ല, ജീവസന്ധാരണത്തിന്​ നാസിക് ജില്ലയിലാണ് എത്തിപ്പെട്ടത്. അവിടെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഫ്രാന്‍സിസിന്റെ ബന്ധുവിന്റെ സഹായത്തോടെ അയാള്‍ ഒരു പൗള്‍ട്രിഫാമില്‍ (കുക്കുഡാച്ചി ഫാം) ജോലിക്കാരനായി. കോഴികളുടെ കൂടുകള്‍ വൃത്തിയാക്കുക, തീറ്റകൊടുക്കുക എന്നിവക്കുപുറമെ മൊത്തക്കച്ചവടക്കാര്‍ക്കുള്ള കോഴികളെ കയറ്റിയയക്കാനും അതില്‍ മറ്റു ജോലിക്കാരെ സഹായിക്കാനും മുതലാളി നാദ്കരാളയുടെ രണ്ട്​ ഡോബര്‍മാന്‍ നായ്ക്കളുടെ പരിചരണവും ഫ്രാന്‍സിസിന്റെ ചുമലില്‍ വീണു. നായകളുടെ പേര് 'പിസ്റ്റുള്‍' എന്നും 'രാജു' എന്നുമായിരുന്നു. കോഴികളെ കണ്ടാല്‍ ഹാലിളകുന്ന വര്‍ഗ്ഗമാണ് ഇവയെന്ന് ഫ്രാന്‍സിസ് പറയുന്നു. തികച്ചും യജമാന സ്നേഹികളായ ഡോബര്‍മാന്‍ മാര്‍ ഫ്രാന്‍സിസിനെ ഒരുതരത്തിലും അനുസരിച്ചില്ല. ഒരാള്‍ നല്‍കിയാല്‍ മാത്രം ഭക്ഷണം കഴിയ്ക്കുന്ന അവ ഫ്രാന്‍സിസിനെ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല രണ്ടു മൂന്ന് പ്രാവശ്യം അയാളുടെ കൈയ്യില്‍ കടിക്കുക കൂടി ചെയ്തു. രണ്ടുനാല് ഏക്കർ വിസ്തീര്‍ണമുള്ള കോഴിഫാമില്‍ രണ്ട് നായ്ക്കളും ജാഗരൂകരായി രാപകൽ റോന്ത് ചുറ്റിക്കൊണ്ടിരിക്കും. ഒരു ഇലയനക്കം കേട്ടാല്‍ പോലും ദിഗന്തംപൊട്ടുമാറ്​ കുരക്കും. ഇതുകേട്ട് ഫാമിലെ ആയിരക്കണക്കിന് കോഴികൾ ഉച്ചത്തില്‍ കൂവിക്കൊണ്ടിരുന്നാലുള്ള സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. കോഴിക്കാഷ്ഠം വാരിയും പരിചരിച്ചും നായ്ക്കളെ ഇണക്കാന്‍ ശ്രമിച്ചും ഫ്രാന്‍സിസിന്റെ ജീവിതം നീങ്ങിനിരങ്ങി. അയാള്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് ഭേദപ്പെട്ട നിലയില്‍ കഴിയണമെന്ന അതുവരെയുണ്ടാകാത്ത ആഗ്രഹം മനസ്സില്‍ മുളച്ചു.

വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഫ്രാന്‍സിസിന്റെ ബന്ധുവിന്റെ സഹായത്തോടെ അയാള്‍ ഒരു പൗള്‍ട്രിഫാമില്‍ (കുക്കുഡാച്ചി ഫാം) ജോലിക്കാരനായി. / Photo: USAID's Development Credit Authority, flickr.com
വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഫ്രാന്‍സിസിന്റെ ബന്ധുവിന്റെ സഹായത്തോടെ അയാള്‍ ഒരു പൗള്‍ട്രിഫാമില്‍ (കുക്കുഡാച്ചി ഫാം) ജോലിക്കാരനായി. / Photo: USAID's Development Credit Authority, flickr.com

നാസിക് അതിര്‍ത്തിയിൽ, ദുലെ ജില്ലയ്ക്ക് തൊട്ടടുത്ത സ്ഥലത്താണ് നാദ്കരാളെയുടെ കോഴിഫാം. അയാള്‍ ദലിതനാണ്​. പെരുത്ത പണമു​ണ്ടെങ്കിലും മുതലാളിയുടെ മട്ടും ഭാവവും ജീവിതരീതിയുമൊന്നുമില്ലാത്ത ഈ കക്ഷിയ്ക്ക് പ്രത്യേക രാഷ്ട്രീയബന്ധവുമില്ല.

ആയിടെയാണ് നാസിക്കിലെ മാലേഗാവ് സ്ഫോടനം അരങ്ങേറുന്നത്. അമ്പതോളം പേര്‍ മരിക്കുകയും ഇരുനൂറിലധികം ആളുകള്‍ക്ക് മാരകമായി മുറിവേല്‍ക്കുകയും ചെയ്ത ഈ കൂട്ടക്കൊല, ധാരാവി കുട്ടിവാഡിയിലെ ജുമാ മസ്ജിദില്‍ നമാസിനിടെയാണ്​ അരങ്ങേറിയതെങ്കില്‍ അതേരീതിയില്‍ തന്നെ മാലെഗാവ് മുസ്​ലിം പള്ളിയില്‍ പ്രാര്‍ത്ഥനാ സമയത്തുതന്നെയാണ് സ്ഫോടനം ഉണ്ടായത്​, 2006 സെപ്റ്റംബറിൽ. ഇതിന്റെ ഉത്തരവാദിത്തം ബോംബെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് മുസ്​ലിം തീവ്രവാദികളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെങ്കിലും അത് പൊളിഞ്ഞു. ഇത് ആസൂത്രണം ചെയ്തത് ഹിന്ദു സംഘടനകളുടെ ഒത്താശയോടെയാണെന്ന സത്യവും പുറത്തുവന്നു. എന്തായാലും ഇതോടെ ഫ്രാന്‍സിസ് ആളൂക്കാരന്റെയും പൗള്‍ട്രി ഫാം ഉടമ നാദ്കരാളെയുടെയും മറ്റ് തൊഴിലാളികളുടെയും ജീവിതം താറുമാറായി. ആ സംഭവത്തിനുശേഷം തന്റെ മുതലാളിയെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഫ്രാന്‍സിസ്​ പറഞ്ഞു.

മാസങ്ങള്‍ക്കുശേഷം സ്ഥിതി ശാന്തമായപ്പോള്‍ ഫ്രാന്‍സിസ് നാസിക് ടു ബോംബെ റൂട്ടിൽ ലോറിയോടിച്ച് ജീവിതം കണ്ടെത്താന്‍ ശ്രമിച്ചു. സവാളയ്ക്ക് പഞ്ഞമില്ലാത്ത ആ നാട്ടില്‍നിന്ന് അവ ചാക്കു കണക്കിന് വാങ്ങി വലിയ ടെമ്പോയില്‍ നിറച്ച് വാഷി പച്ചക്കറി മാര്‍ക്കറ്റില്‍ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോയി. ഫ്രാന്‍സിസിന് സ്വന്തമായി വാഹനമുണ്ടായിരുന്നില്ല. വണ്ടിവാടക, ഇന്ധനം, പോലീസ്​ ചെക്കിങ്​, ട്രോൾ പിരിവ്​ ഒക്കെയായി ഫ്രാന്‍സിസിന്റെ കീശയിലെത്തുന്ന കാശ് നാമമാത്രമായി. അങ്ങനെയാണ് അയാള്‍ ബോളിഞ്ച്ഗാവില്‍ ടയര്‍ പഞ്ചര്‍, ട്യൂബ് വൾക്കനൈസിങ്​ ആരംഭിച്ചത്​. അഗാഷി പള്ളിയിലെ പാതിരി, ആര്‍ക്കും മനസ്സിലാകാത്ത ലാറ്റിന്‍ ഭാഷയില്‍ ആ കടയേയും അയാളുടെ അസിസ്റ്റന്റിനെയും കൂടിയവരെയും ആശീര്‍വദിച്ചെങ്കിലും ഫ്രാന്‍സിസിന്റെ ജീവിതം എന്തോ പച്ചപിടിച്ചില്ല. ട്യൂബില്ലാത്ത ടയറുകളുള്ള കാറുകള്‍ നൂറുകണക്കിന് റോഡിലിറങ്ങിയപ്പോള്‍ ഫ്രാന്‍സിസിന്റെ പരിപാടി ഏകദേശം നിന്നുപോയി.

ആളൂക്കാരന്‍ ഫ്രാന്‍സിസ് ഇപ്പോള്‍ വടാ - പാവ് സെന്റര്‍ നടത്തുകയാണ്. കൈനോട്ടത്തില്‍ അഗ്രഗണ്യനെന്ന് പറയപ്പെടുന്ന ജര്‍മൻ ശാസ്​ത്രജഞൻ കേയ്‌റോവിന്റെ കൈനോട്ട പുസ്തകം കൈയ്യില്‍ കരുതാറുള്ള എന്നോട് തന്റെ പരുക്കന്‍ കൈപ്പത്തി നീട്ടി ഈ വടാ - പാവുകാരൻ ഭാവി പറയാന്‍ നിര്‍ബ്ബന്ധിക്കാറുണ്ട്. എന്റെ കൈവശമുള്ള ലെന്‍സ് വെച്ച് നൂറാവര്‍ത്തി നോക്കിയിട്ടും ഫ്രാന്‍സിസിന്റെ കൈയ്യിലെ വരകളോ അയാളുടെ ഭാവിയോ ഇതുവരെ പറയാനായിട്ടില്ല.

ട്യൂബില്ലാത്ത ടയറുകളുള്ള കാറുകള്‍ നൂറുകണക്കിന് റോഡിലിറങ്ങിയപ്പോള്‍ ഫ്രാന്‍സിസിന്റെ പരിപാടി ഏകദേശം നിന്നുപോയി.
ട്യൂബില്ലാത്ത ടയറുകളുള്ള കാറുകള്‍ നൂറുകണക്കിന് റോഡിലിറങ്ങിയപ്പോള്‍ ഫ്രാന്‍സിസിന്റെ പരിപാടി ഏകദേശം നിന്നുപോയി.

അസ്സലായി മറാഠി സംസാരിക്കുന്ന ഫ്രാന്‍സിസ് ഒരു മഹാരാഷ്ട്രീയനായിത്തന്നെ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നേഹ വസായ് ഗ്രാമവാസിയാണ്. മക്കളും മറാഠി മീഡിയത്തില്‍തന്നെയാണ് പഠിക്കുന്നത്. വടാ - പാവ് മഹാരാഷ്ട്രീയരുടെ ഇഷ്ട ഭോജ്യമാണ്, ഭക്ഷണമാണ്. അത് നിലനില്‍ക്കുന്ന കാലം വരെ ഫ്രാന്‍സിസിന് ജീവിക്കാമെന്ന് പ്രത്യാശയുണ്ട്. അത് അദ്ദേഹത്തെ നയിക്കട്ടെ.

ബാന്ദ്ര ഈസ്റ്റില്‍ വടാ - പാവ് സെന്റര്‍ നടത്തുന്ന വസന്ത് പൂജാരി മാംഗ്ലൂരിയനാണ്. അതിന് തൊട്ടടുത്തുള്ള ഉഡുപ്പി റസ്റ്റോറന്റില്‍ ചായകുടിക്കാനും ഉടമ അരവിന്ദ് റാവുവുമായി സൊറ പറയാനാണ് അയാളവിടെ എത്താറ്​. വസന്തിന്റെ സര്‍ നെയിം ‘പൂജാരി' എന്നാണെങ്കിലും അയാള്‍ പൂജാകര്‍മ്മാദികളില്‍ താല്‍പര്യമില്ലാത്ത ആളാണെന്ന് തോന്നുന്നു. മെട്രിക് കഴിഞ്ഞ ഇദ്ദേഹം ബോംബെയിലെത്തിയത് 1991 - 92 കാലത്താണ്​. ഏതെങ്കിലും ഭേദപ്പെട്ട ഉഡുപ്പി ഹോട്ടലില്‍ ജോലി സമ്പാദിക്കാനും സായാ കോളേജില്‍ ചേര്‍ന്ന് പഠിച്ചുയരാനുമായിരുന്നു വസന്തിന്റെ ആഗ്രഹം. മാംഗ്ലൂര്‍, ഉഡുപ്പി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിൽനിന്ന്​ മഹാനഗരത്തിലെത്തി ഹോട്ടലുകളില്‍ വെയ്റ്ററായോ ക്ലീനറായോ ജോലി നേടി സമ്പന്നരായി സ്വസ്ഥ ജീവിതം നയിക്കുന്ന അനേകം കന്നഡിഗരുടെ കഥകള്‍ അയാള്‍ക്കറിയാം. കൂട്ടത്തില്‍ എ. നാരായണ്‍ഷെട്ടി എന്ന വസന്തിന്റെ അയല്‍ക്കാരന്‍ ചെമ്പൂരിലെ എ വണ്‍ ഗ്രേഡ്​ ഹോട്ടലില്‍ ക്ലീനറായി ജോലിയില്‍ പ്രവേശിച്ച് വി.റ്റിയിലെ സിദ്ധാര്‍ത്ഥ് കോളേജില്‍ നിയമം പഠിച്ച് ഹൈകോര്‍ട്ട് വക്കീലായ സംഭവവും വസന്തിന് നേരിട്ടറിയാം. അനേകരുടെ ആശാകേന്ദ്രമായ ബോംബെ മഹാനഗരം വസന്ത് പൂജാരിയെ നിരാശനാക്കുകയാണ് ചെയ്തത്. വസന്തിന്റെ സുഹൃത്തായ ബാന്ദ്രാ ഈസ്റ്റ് ഗവണ്‍മെന്റ് കോളനിയിലെ മേല്‍പറഞ്ഞ ഹോട്ടലുടമ താല്‍ക്കാലികമായി താമസിക്കാനുള്ള ഇടവും ഭക്ഷണവും ഹോട്ടലില്‍തന്നെ ഏര്‍പ്പാടാക്കി.

ബാന്ദ്ര ഈസ്റ്റില്‍ വടാ - പാവ് സെന്റര്‍ നടത്തുന്ന വസന്ത് പൂജാരി മാംഗ്ലൂരിയനാണ്. അതിന് തൊട്ടടുത്തുള്ള ഉഡുപ്പി റസ്റ്റോറന്റില്‍ ചായകുടിക്കാനും ഉടമ അരവിന്ദ് റാവുവുമായി സൊറ പറയാനാണ് അയാളവിടെ എത്താറ്​. / Photo: shubhangi athaly, flicker.com
ബാന്ദ്ര ഈസ്റ്റില്‍ വടാ - പാവ് സെന്റര്‍ നടത്തുന്ന വസന്ത് പൂജാരി മാംഗ്ലൂരിയനാണ്. അതിന് തൊട്ടടുത്തുള്ള ഉഡുപ്പി റസ്റ്റോറന്റില്‍ ചായകുടിക്കാനും ഉടമ അരവിന്ദ് റാവുവുമായി സൊറ പറയാനാണ് അയാളവിടെ എത്താറ്​. / Photo: shubhangi athaly, flicker.com

ധാരാവിയില്‍ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ ലഹള മഹാനഗരത്തിലേക്കു പടർന്ന നാളുകളിലാണ് വസന്ത് പൂജാരി മംഗലാപുരം എക്‌സ്പ്രസില്‍ കുര്‍ളയില്‍ വന്നിറങ്ങുന്നത്. മഹാനഗരം ലഹളയുടെ ആഫ്റ്റര്‍ ഇഫക്റ്റില്‍ ചലനമറ്റ് കിടക്കുകയായിരുന്നു. വസന്ത് പൂജാരി കുര്‍ള സ്റ്റേഷനില്‍ തേരാപാര നടന്നും ഇരുന്നും കഴിച്ചു കൂട്ടിയിട്ടും സ്നേഹിതനെ കണ്ടെത്താനായില്ല. ആ കക്ഷി കുര്‍ള സ്റ്റേഷനില്‍ കാത്തുനില്‍ക്കാമെന്ന് കത്തെഴുതി അറിയിച്ചിരുന്നു. സ്നേഹിതന്റെ വിലാസമുള്ള ആ കബളിപ്പിക്കല്‍ സാക്ഷ്യപത്രം കൈയ്യില്‍ക്കരുതി ആ മാന്യനെ തിരഞ്ഞ് വസന്ത് എങ്ങനെയൊക്കെയോ ഗോവണ്ടിയിലെത്തി, അയാളുടെ ചോളിന്റെ വാതിലില്‍ തട്ടി വിളിച്ചു. വാതില്‍ തുറന്ന്, കണ്ണുകള്‍ തിരുമ്മി ഉടുതുണി മുറുക്കിയുടുത്ത് അയാള്‍ കണി കണ്ടത് വസന്ത് പൂജാരിയെയാണ്. തനിക്ക് പനിയാണെന്ന് അയാൾ കല്ലുവെച്ച നുണ പറഞ്ഞു. അര ഡസനോളം മക്കളുളള സുഹൃത്തിന്റെ നിസ്സഹായാവസ്ഥ വസന്തിന് മനസ്സിലായി. വസന്തും സുഹൃത്തും ഒരു തമിഴ് അണ്ണന്റെ ടീ കടയില്‍നിന്ന്​ കട്ടിംഗ് ചായയും ഇഡ്ഡലി - വട - സാമ്പാറും കഴിച്ച്‌ബാന്ദ്ര ഈസ്റ്റിലെത്തി ഗവണ്‍മെൻറ്​ കോളനിയിലേക്ക് ബസ്​ പിടിച്ചു. അങ്ങനെയാണ് വസന്ത് പൂജാരി റെസ്റ്റോറന്റ് ഉടമ റാവുവിന്റെ കൃപാകടാക്ഷത്താല്‍ ഹോട്ടലില്‍ താല്‍ക്കാലിക താമസക്കാരനായത്. ഹോട്ടല്‍ തൊഴിലാളികള്‍ ഗോസടി വിരിച്ച് കൂര്‍ക്കംവലിച്ചുറങ്ങുമ്പോള്‍ വസന്ത് ഭാവിയെക്കുറിച്ച് വല്ലാതെ ഉത്ക്കണ്ഠാകുലനായി. രാപ്പാടികളുടെ കരച്ചിലുകള്‍ പോലും വസന്തിനെ വല്ലാതെ അസ്വസ്ഥനാക്കി. കൊതുകുകളുടെ സംഘഗാനവും ദേഹത്തിലൂടെയുളള എലികളുടെ എരിപൊരി സഞ്ചാരവും വസന്തിന് അസഹ്യവും അരോചകവുമായി. ഗ്രാമത്തിലേക്ക് തിരിച്ചു പോയാലോ എന്നും അയാൾ ആലോചിക്കാതിരുന്നില്ല.


വസന്തും സുഹൃത്തും ഒരു തമിഴ് അണ്ണന്റെ ടീ കടയില്‍നിന്ന്​ കട്ടിംഗ് ചായയും ഇഡ്ഡലി - വട - സാമ്പാറും കഴിച്ച്‌ബാന്ദ്ര ഈസ്റ്റിലെത്തി ഗവണ്‍മെൻറ്​ കോളനിയിലേക്ക് ബസ്​ പിടിച്ചു. / Photo: Hareesh Padmanabhan, flickr.com

വസന്തും സുഹൃത്തും ഒരു തമിഴ് അണ്ണന്റെ ടീ കടയില്‍നിന്ന്​ കട്ടിംഗ് ചായയും ഇഡ്ഡലി - വട - സാമ്പാറും കഴിച്ച്‌ബാന്ദ്ര ഈസ്റ്റിലെത്തി ഗവണ്‍മെൻറ്​ കോളനിയിലേക്ക് ബസ്​ പിടിച്ചു. / Photo: Hareesh Padmanabhan, flickr.com

കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും അറുതിയുണ്ടാകാന്‍ ചിലപ്പോള്‍ നാം കാത്തിരിക്കേണ്ടിവന്നേക്കാം. വസന്ത് പൂജാരിയെ ഭാഗ്യം കടാക്ഷിക്കാന്‍ താമസമുണ്ടായില്ല. അത് ഉഡുപ്പി റസ്റ്റോറന്റിന് സമീപമുള്ള രാജസ്ഥാന്‍ ബേക്കറി ഉടമ അസ്മത്തുള്ളയെ പരിചയപ്പെട്ടതോടെയാണ്. സാമാന്യം നല്ല രീതിയില്‍ വിറ്റഴിയുന്ന അവരുടെ ഉല്പന്നങ്ങള്‍ക്ക് ബാന്ദ്ര ഗവണ്‍മെന്റ് കോളനി മുതല്‍ വെസ്റ്റിലെ പോഷ് ലൊക്കാലിറ്റികളായ പാലി ഹില്‍, ബാന്ദ്ര ടാക്കീസ് പരിസരം, മൗണ്ട് മേരി ചര്‍ച്ച് ഏരിയ തുടങ്ങിയ ഇടങ്ങളില്‍ ഡിമാന്റുണ്ട്. രാജസ്ഥാനി മുസ്​ലിം സഹോദരന്മാരാണ് പാവും ഖാരിയും മറ്റു ബിസ്ക്കറ്റ് ഇനങ്ങളും സൈക്കിളില്‍ കൊണ്ടുപോയി വിൽക്കുന്നത്​. ഗോവക്കാര്‍ അധികവും ഹാര്‍ഡ് പാവ് ഭക്ഷിക്കുമ്പോള്‍ സോഫ്റ്റ് പാവാണ്​ കൂടുതല്‍ പേരും ആഹരിക്കുന്നത്​. ബിസ്ക്കറ്റുകളും കേക്കുകളും പാവ് വാലകള്‍ വിറ്റുപോരുന്നുണ്ട്. കാക്ക കരയുന്നതിനുമുമ്പ് പാവ് വാലകള്‍ കെട്ടിട സമുച്ചയങ്ങളില്‍ പതിവായെത്തുന്നു. സൈക്കിളില്‍ ബെല്‍ മുഴക്കി സാന്നിധ്യമറിയിക്കുന്നു. പാവ് വാലകള്‍​ കസ്റ്റമേഴ്‌സുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും. പന്ത്രണ്ട് പാവുകള്‍ അടങ്ങിയ ലാദി പുഷ്പം പോലെ വിറ്റുപോകും. രാജസ്ഥാനി ബേക്കറിയുടമ അസ്മത്തുള്ളയുമായി ഉടലെടുത്ത വസന്തിന്റെ സൗഹൃദം ജീവിതത്തില്‍ ടേണിംഗ് പോയിൻറാകാൻ അധികനാള്‍ വേണ്ടിവന്നില്ല. അങ്ങനെ അദ്ദേഹത്തിന്റെ സാമ്പത്തിക സഹായത്തോടെ ബാന്ദ്ര ഗവണ്‍മെൻറ്​ കോളനിയിലെ ചേതന ആര്‍ട്‌സ് കോളേജിനരികെ വസന്ത് പൂജാരി വടാ - പാവ് സ്റ്റാള്‍ തട്ടിക്കൂട്ടി. ഇന്നിപ്പോള്‍ ആ സ്റ്റാളിലെ തിക്കും തിരക്കും കണ്ടാല്‍ ആരും അതിശയിക്കും. കോളേജ് വിദ്യാര്‍ത്ഥികളും വഴിപോക്കരുമായി നൂറുകണക്കിന് കസ്റ്റമേഴ്​സ്​ വസന്തിനുണ്ട്.

ബാന്ദ്ര വെസ്റ്റിലെ കീര്‍ത്തി കോളേജിനു സമീപം അശോക് വടാ - പാവ് സെന്റര്‍, മിത്തി ബായ് കോളേജില്‍നിന്ന് അധികം ദൂരമില്ലാത്ത ആനന്ദ് വടാ - പാവ് സെന്റര്‍ എന്നിവ തകര്‍പ്പന്‍ കച്ചവടം നടത്തുന്ന കേന്ദ്രങ്ങളാണ്. / Photo: Bhagyashree Dev, flickr.com
ബാന്ദ്ര വെസ്റ്റിലെ കീര്‍ത്തി കോളേജിനു സമീപം അശോക് വടാ - പാവ് സെന്റര്‍, മിത്തി ബായ് കോളേജില്‍നിന്ന് അധികം ദൂരമില്ലാത്ത ആനന്ദ് വടാ - പാവ് സെന്റര്‍ എന്നിവ തകര്‍പ്പന്‍ കച്ചവടം നടത്തുന്ന കേന്ദ്രങ്ങളാണ്. / Photo: Bhagyashree Dev, flickr.com

ദാദര്‍ വെസ്റ്റിലെ മറാഠി വായനശാലയ്ക്ക് തൊട്ടടുത്തുള്ള ജംബോ വടാ- പാവ് സെന്ററില്‍നിന്ന് ഒരു വടാ - പാവ് കഴിച്ചാല്‍ പിന്നെ നാലഞ്ച് മണിക്കൂര്‍വിശപ്പറിയില്ല. സാധാരണ വടാ - പാവിനെക്കാള്‍ വലിപ്പമുള്ള 'ജംബോ' പരിപാടി മുംബൈയില്‍ ആദ്യമായി പരീക്ഷിച്ചത് അവരാണെന്ന് തോന്നുന്നു. ബാന്ദ്ര വെസ്റ്റിലെ കീര്‍ത്തി കോളേജിനു സമീപം അശോക് വടാ - പാവ് സെന്റര്‍, മിത്തി ബായ് കോളേജില്‍നിന്ന് അധികം ദൂരമില്ലാത്ത ആനന്ദ് വടാ - പാവ് സെന്റര്‍ എന്നിവ തകര്‍പ്പന്‍ കച്ചവടം നടത്തുന്ന കേന്ദ്രങ്ങളാണ്. കോഴിമുട്ടകൊത്തിപ്പൊരിയില്‍ ചില ചേരുവകള്‍ ചേര്‍ത്ത് തയാറാക്കുന്ന ബുര്‍ജി - പാവ് സെന്ററുകള്‍ ചാരായ ഷാപ്പ്, ബീര്‍ പാര്‍ലർ എന്നിവയുടെ പരിസരങ്ങളിലാണ്​ കേന്ദ്രീകരിച്ചിട്ടുള്ളത്. അന്യം നിന്നു പോകാറായ ഇറാനിയന്‍ ഹോട്ടലുകളിലും ബുര്‍ജി പാവും ഓംലെറ്റ് പാവും ആസ്വദിക്കാം. വടാ - പാവ്​ അങ്ങനെ മഹാനഗരത്തിന്റെ ഭക്ഷണമാണെന്നു പറയാം. ഒരു ശരാശരി മാംഗ്ലൂരിയന്‍ ഹോട്ടലിൽ സാദാ ശാപ്പാടിന് 150 മുതല്‍180 രൂപ വരെയാണ്​. സാധാരണക്കാരായ മുംബൈക്കര്‍ക്ക് വടാ - പാവിനെ അങ്ങനെ അവഗണിക്കാനാവില്ലല്ലോ. രണ്ട് വടാ - പാവും അതിനുശേഷം അപ്പോള്‍ തന്നെ രണ്ടുമൂന്ന് ഗ്ലാസ് പച്ചവെള്ളവും ഒരുമിച്ച് കുടിച്ചാല്‍ വയറിളക്കമുണ്ടാകുമെന്ന് അന്തരിച്ച സുഹൃത്ത് റോയ് അക്കര ഒരിക്കല്‍ പറഞ്ഞത് ഓര്‍മ വരുന്നു. എന്തോ, ഞാനത് ഇതേവരെ പരീക്ഷിച്ചിട്ടില്ല.


കെ.സി. ജോസ്​

തൃശൂർ സ്വദേശി. ദീർഘകാലം മുംബൈയിൽ പരസ്യമേഖലയിൽ ജോലി ചെയ്തു. അക്കാല ബോംബെ ജീവിതങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങൾ എഴുതി. മുംബൈ മേരി ജാൻ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.

Comments