ഒരൊറ്റമരപ്പെണ്ണിലേക്കുള്ള ആണ്ടകലങ്ങൾ

‘‘അടുക്കളയിൽ നിന്ന്​ റോഡിലേക്ക് കാഴ്ചയെ തുറന്നിട്ട ജനാലയാണ് എന്നെയും പുറംലോകത്തെയും ബന്ധിപ്പിക്കുന്ന ഏക കണ്ണി. അതുവഴി ഓരോ ദിവസവും ഒഴുകിനീങ്ങുന്ന എത്രയെത്ര പേർ. അതിൽ കണ്ണ് കടന്ന് ഹൃദയത്തിലേക്കുവരുന്ന ചില മനുഷ്യരുണ്ട് . ഇന്നുവരെ മിണ്ടിയിട്ടില്ലാത്ത അവരുടെ വരവും കാത്തു ഞാൻ നിൽക്കുന്നുണ്ടെന്നറിയാത്ത, ഇനി കാണുമോ എന്ന് ഒട്ടും ഉറപ്പില്ലാത്ത കുറച്ചു മനുഷ്യർ. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇങ്ങനെ കുറച്ചു മനുഷ്യരാണ് എന്റെ നൽക്കണികൾ’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. വനജ വാസുദേവ്​​ എഴുതുന്നു.

രോ ആണ്ടും പിന്നോ​ട്ടോടിമറയുമ്പോൾ ഞാൻ തിരിഞ്ഞുനോക്കും.

ചുരുണ്ടു നീളമുള്ള മുടി പിന്നിയിട്ട്, തുളസിക്കതിർ ചൂടി, കാടുപോലെ വളർന്നിറങ്ങിയ കട്ടപ്പിരികത്തിനുനടുവിൽ ഒട്ടാൻ പാടുപെടുന്ന കറുത്ത വട്ടപ്പൊട്ടു തൊട്ട്, നീണ്ട കൈവിരലുകളിൽ പട്ടുപാവാട ഒതുക്കിപ്പിടിച്ച്, വരണ്ട ചിരിയുള്ള, വാക്കുകൾ വറ്റിയ ഭൂമിയിലേക്ക് മിഴിയെറിഞ്ഞു നടക്കുന്ന ഒരു പെൺകുട്ടിയെ കാണും. കണ്ണുകൾക്കുള്ളിൽ അവളുടേതായ ലോകം കറുപ്പിച്ച് മനുഷ്യരെ അകറ്റി ചെടികളോടും പറങ്കിമാവിനോടും നന്ത്യാർവട്ടത്തോടും നിറം മാറുന്ന ജെണ്ടുമല്ലിയോടും മിണ്ടി, ഇരുട്ടു വിഴുങ്ങിയ ആൽമരത്തിലെ ഇലയനക്കങ്ങളെണ്ണി, രാവിൽ പെറ്റെഴുന്നേറ്റ മുല്ലയുടെ മണവുമായി എത്തുന്ന കാറ്റിനെ കാത്തിരുന്ന് മഴ കൊണ്ട് നനഞ്ഞും, വെയിൽ നക്കിയുണക്കിയും നിറഞ്ഞു പൂക്കുന്ന ചെമ്പകമരത്തെ കെട്ടിപ്പിടിച്ച്​ തന്നിലേക്കുമാത്രം വേരാണ്ട് വളർന്നൊരു ഒറ്റമരപ്പെണ്ണായിരുന്നു അവൾ.

കാവും തൊടിയും അമ്പലവും ഉത്സവരാത്രികളിൽ ചൂട്ട് കത്തിച്ച്​ തഴപ്പായ്​ചുരുട്ടിപ്പോകുന്ന നാടകമണി മുഴങ്ങുന്ന രാത്രികളും ഇടവേളകളിൽ ആളകലങ്ങൾക്കിടയിലൂടെ ചാടിപ്പോകുന്ന വറുത്ത കപ്പലണ്ടിയും ചൂടു പൊങ്ങുന്ന ചക്കരക്കാപ്പിയും.

നീലയും ചുവപ്പും കറുപ്പും ഒക്കെയായി കിലുക്കി വിളിക്കുന്ന കുപ്പി വളകളും പിറ്റേന്ന് പുലർച്ചെ വീട്ടിലേക്കുള്ള നടത്തത്തിൽ ഉറക്കം തൂങ്ങി കണ്ണുകളിലേക്ക് വീണടയുന്ന പാടവരമ്പും പാദം മുത്തുന്ന മകരമഞ്ഞിന്റെ തണുപ്പും ആമ്പൽ തിങ്ങിയ കുളവും കരയിൽ നീണ്ടിരുന്ന് ഓല മെടയുന്ന ഇച്ഛായിമാരും സ്കൂൾ അസംബ്ലിക്കെന്ന പോലെ ഒറ്റ മുണ്ടും ചേരാത്ത ബ്ലൗസും നെടുകെ വിടർത്തിയിട്ട തോർത്തും ഇടതുകയ്യിൽ ചോറ്റുപാത്രവും മറുകൈ വായുവിൽ വീശിയെറിഞ്ഞു പോകുന്ന അണ്ടിയാപ്പീസിലെ പെണ്ണുങ്ങളും കുണ്ടൂസേ എന്ന അച്ഛന്റെ നീട്ടിയ വിളികളും ...

വനജ വാസുദേവ്

എന്ത് സുന്ദരമായിരുന്നു അവളുടെ ലോകം.

ഓരോ ആണ്ടും കഴിയും തോറും ഞാനും അവളും തമ്മിലുള്ള അകലം കൂടി വരികയാണ്.

അടുക്കളയിൽ നിന്ന്​ റോഡിലേക്ക് കാഴ്ചയെ തുറന്നിട്ട ജനാലയാണ് എന്നെയും പുറംലോകത്തെയും ബന്ധിപ്പിക്കുന്ന ഏക കണ്ണി. അതുവഴി ഓരോ ദിവസവും ഒഴുകിനീങ്ങുന്ന എത്രയെത്ര പേർ. അതിൽ കണ്ണ് കടന്ന് ഹൃദയത്തിലേക്കുവരുന്ന ചില മനുഷ്യരുണ്ട് . ഇന്നുവരെ മിണ്ടിയിട്ടില്ലാത്ത അവരുടെ വരവും കാത്തു ഞാൻ നിൽക്കുന്നുണ്ടെന്നറിയാത്ത, ഇനി കാണുമോ എന്ന് ഒട്ടും ഉറപ്പില്ലാത്ത കുറച്ചു മനുഷ്യർ. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇങ്ങനെ കുറച്ചു മനുഷ്യരാണ് എന്റെ നൽക്കണികൾ.

ഏഴ് ഏഴരയാകുമ്പോഴാവും ഒരു അമ്മയും മകളും തമിഴ് പേശി കടന്നുവരുന്നത്. റോഡിനോരം പറ്റി അമ്മയുടെ കയ്യിൽ കെട്ടിപിടിച്ച്​ തോളിലേക്ക് ചാഞ്ഞു നിർത്താതെ സംസാരിച്ച് ഒരു പെൺകുട്ടി. ഏഴിലോ എട്ടിലോ പഠിക്കുന്ന പ്രായം. കഴുത്തും കയ്യും ഒഴിഞ്ഞ് ശരീരത്തിന് ചേരാത്ത വലിയ പുള്ളികളുള്ള സാരി അൽപ്പം പൊക്കിയുടുത്ത് മകളുടെ വർത്തമാനത്തിന് ഒരു തലയനക്കം പോലും കൊടുക്കാതെ കാലിന് ചിറകുവിരിച്ച്​ ധൃതിയിൽ നടക്കുന്ന അമ്മ. നടന്നും ഇടയ്ക്ക് ഒന്ന് ഉയർന്നു പൊങ്ങിയും പാവാട കുലുക്കിപ്പോകുന്ന ആ കുട്ടിയുടെ നടത്തം കാണാൻ നല്ല രസമാണ്. പോയി ഒരു അരമണിക്കൂർ കഴിഞ്ഞു കയ്യിൽ ഒരു കവറുമായി രണ്ടാളും തിരികെ വരും. പിന്നീട് ഒൻപത് മണിയാകുമ്പോൾ വീണ്ടും പോകുന്നതുകാണാം. അപ്പോൾ അവൾ സ്കൂൾ യൂണിഫോമും ഇട്ടു ബാഗും തൂക്കി ആകും വരിക. പഴയ പോലെ നിർത്താതെ മിണ്ടി ഇടയ്ക്കൊന്നു ഉയർന്നു പൊങ്ങി പോകും. രാവിലെയുള്ള ഇവരുടെ നടത്തം ഇതെങ്ങോട്ടാണെന്ന് ഞാൻ പലപ്പോഴും തല പുകച്ചിരുന്നു, ഒപ്പം എന്നും കയ്യിൽ കരുതുന്ന ആ കവറും. പിന്നീടാണ്​ കണ്ടുപിടിക്കുന്നത്, അവളുടെ അച്ഛനാണോ മുത്തശ്ശനാണോ എന്നറിയില്ല ജങ്ഷനിൽ കട നടത്തുന്നുണ്ട്. അവിടേക്കാണ് യാത്ര. ചായ, ബിരിയാണി, കപ്പ, മീൻ, ബീഫ്, പുട്ട്, കഞ്ഞി ഇത്യാദിയെല്ലാം അവിടെയുണ്ട്. ഏതോ ഒരു വീടിന്റെ ഒരു വശം വാടകക്കെടുത്താണ് കച്ചവടം . ബോർഡ് വച്ചിട്ടുണ്ടെങ്കിലും അവിടെ അങ്ങനെയൊരു കടയുണ്ടെന്ന്​ ശ്രദ്ധിക്കുന്നതുതന്നെ മാർക്കറ്റിലേക്കുള്ള എന്റെ യാത്രയിൽ ഒരു ദിവസം അവൾ ആ കടയുടെ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോഴാണ്.

പിന്നീട് ഒന്നിരാടം ഇടവിട്ട മാർക്കറ്റിലേക്കുള്ള യാത്രകളിൽ ഞാൻ അവളെ കാണാൻ കടയിലേക്കെത്തി നോക്കും. അങ്ങനെയൊരു ദിവസം കടയിലെ അണ്ണൻ എന്നോട് ചോദിച്ചു, "കപ്പ വേണോ’ എന്ന്. മകളെ കൂടാതെ ഞാൻ കണ്ണാടിച്ചില്ലുകൂട്ടിൽ വേവിച്ച കപ്പ വാട്ടിയ വാഴയിലക്കുമുകളിൽ നിറച്ചു വെച്ചിരിക്കുന്നത് എന്നും നോക്കുന്നതുകണ്ടിട്ടാവും ചോദിച്ചത് . കപ്പ എന്നത് ഒരു വികാരമായതു കൊണ്ട് 40 രൂപ കൊടുത്തു വാങ്ങി. പുട്ടു പോലെ വെന്തുടഞ്ഞ കപ്പയും, മീൻ ചാറും. പിന്നീടുള്ള പല ദിവസങ്ങളിലും എന്റെ കൈവിരലുകളിൽ തൂങ്ങി അണ്ണന്റെ കപ്പയും മീൻചാറും പച്ചക്കറിക്കൂടകൾക്ക് നടുവിൽ വീടെത്തി. ഒന്നുരണ്ട് പ്രാവശ്യം മാത്രമാണ് ഞാൻ അവളെ കടയിൽ വെച്ച് കണ്ടത്. ഒരു വാക്ക് പോലും മിണ്ടാതെ രണ്ട് ജോഡി കണ്ണുകൾ ഉടക്കി, ഒരു ചിരി പൊട്ടി.

ജനലിലൂടെയുള്ള എന്റെ എത്തിനോട്ടം ഒരു ദിവസം അവൾ കണ്ടുപിടിച്ചു. താഴെ ഉമ്മ ഗേറ്റ് തുറക്കുന്ന വലിയ ശബ്ദം കേട്ട് വലതുഭാഗത്തേക്ക് നോക്കിയതായിരുന്നു. മുകളിലത്തെ നിലയിൽ തുറന്നിട്ട ജനലിലൂടെ പാത്രം കഴുകി നിന്ന എന്നെ കണ്ടു. പിന്നീടുള്ള ദിവസങ്ങളിൽ നിറച്ചു മിണ്ടിപ്പോകുന്നതിനിടയിൽ വീടെത്തുമ്പോൾ അമ്മക്കുപിറകിലൂടെ ചാഞ്ഞ്​ ഒരു കാക്ക നോട്ടം നോക്കും. എനിക്ക് ചിരി പൊട്ടും. കുറച്ചു ദിവസം ഞാൻ മനഃപ്പൂർവം അവൾ വരുമ്പോൾ നോക്കാതിരുന്നിട്ടുണ്ട്. അവൾ നോക്കുന്നത് ഓട്ടക്കണ്ണിട്ട്​ എനിക്ക് കാണാമായിരുന്നു. അവളുടെ പേരറിയില്ല. തമിഴ് സംസാരിക്കുന്നതിനാൽ തമിഴ് നാട്ടിലാണ് വീട് എന്നൂഹിച്ചു. എങ്കിലും എനിക്കവൾ എവിടെയൊക്കെയോ പ്രിയപ്പെട്ടവളായിരുന്നു. കൈവിരലുകളിൽ കവറുകൾ തൂക്കി ദൂരെ നിന്ന് വരുമ്പോഴേ കപ്പ പൊതിഞ്ഞ്​ കവറിലിട്ടു തരുന്ന അണ്ണനോടും കൂടുതലൊന്നും ചോദിച്ചിരുന്നില്ല.

കഴിഞ്ഞ നാലഞ്ചു മാസമായി അവളെയും അമ്മയെയും അണ്ണനെയും ഞാൻ കണ്ടിട്ടില്ല. മാർക്കറ്റിലേക്ക് പോകുമ്പോൾ നോക്കും. കണ്ണാടിച്ചില്ലുകൂട് മാത്രം പരിചയം പുതുക്കി മിറ്റത്തുണ്ട്. കട താഴിട്ടു പൂട്ടിയിരുന്നു. അവർ നാട്ടിൽ പോയോ താമസം മാറിയോ എന്ന് വ്യക്തമല്ല. എങ്കിലും എന്നും ഞാൻ നോക്കും. നിറയെ മിണ്ടി ഇടക്കൊന്നുയർന്നു പൊങ്ങി ചാടി ഇടംകണ്ണിട്ടു നോക്കി അവളും കൂടെ മിണ്ടാട്ടം മുട്ടിയ അവളുടെ അമ്മയും കടന്നുവരുന്നത്.

പത്തു പത്തരയാകുമ്പോൾ ഇരുട്ടത്ത് ഒരച്ഛനും മകളും കുടുകൂടെ ചിരിക്കുന്നതുകാണാം. തൊട്ടുമുന്നിലുള്ള വീട്ടിൽ ഹോൾ സെയിലായി ഡ്രസ്സ് തയ്ച്ചു നൽകുന്ന ഇടമാണ്. നോർത്ത് ഇന്ത്യൻ ഫാമിലിയും അവരുടെ പണിക്കാരുമാണ് അവിടെ താമസം. രാത്രി വൈകിയും തയ്യൽ മെഷീനിന്റെ നിർത്താതെയുള്ള കരച്ചിൽ കേൾക്കാം. നിറയെ തുണിക്കെട്ടുകളെയും ആണിനേയും പെണ്ണിനേയും കുട്ടികളെയും ഉൾക്കൊണ്ട് വല്ലാതെ വീർപ്പുമുട്ടി നിൽക്കുന്ന ഒരു കുഞ്ഞുവീട്. വെളുപ്പിനെ മുതൽ പാത്രിരാത്രി വരെ അത്യധ്വാനം ചെയ്യുന്ന മനുഷ്യർ. രണ്ട് പെൺകുട്ടികളും ഉണ്ടവിടെ. വിടർന്ന കണ്ണുകളുള്ള, നീണ്ട ചെമ്പൻ കോലൻ തലമുടിയുള്ള സുന്ദരിക്കുട്ടികൾ. കടയിൽ പോകുമ്പോഴും അപ്പുറത്ത്​ പൈപ്പിൽ നിന്ന് കുടിവെള്ളമെടുക്കാൻ പോകുമ്പോഴും ഒരു ചിരി തന്ന്​ മടങ്ങുന്നവർ.

തൊട്ടുമുന്നിലെ പച്ചക്കറിക്കടയിലെ അവസാനവെട്ടം അണച്ച് ഭായി സൈക്കിളിൽ പോകുമ്പോൾ രാത്രി ആളൊഴിഞ്ഞ റോഡ് നീണ്ടുകിടന്ന്​ നടു നിവർക്കുമ്പോഴാവും. ഇരുട്ടിൽ കിലുകില ചിരി വരും, ഞാൻ ശബ്ദമുണ്ടാക്കാതെ ജനൽ തുറക്കും. താഴെ വീട്ടിൽ നിന്ന് അച്ഛനും ആറോ ഏഴോ വയസു തോന്നിക്കുന്ന, പെറ്റിക്കോട്ടിട്ട ചെറിയ മകളും ഇന്റർലോക്കിട്ട റോഡിലൂടെ വഴിയിലിറങ്ങും. പിന്നെ അവരുടെ ലോകമാണ്. തിരക്കൊഴിയുന്ന റോഡിലൂടെ ഒന്നോടും, തിരികെ വന്ന്​ അച്ഛനെ കെട്ടിപ്പിടിക്കും, അച്ഛൻ ഇരുകൈകളും കൊണ്ട് അവളെ തലയ്ക്കു മുകളിൽ ഉയർത്തിയെടുക്കും. അവൾ ആകാശത്തേക്ക് കൈകൾ വീശും. അച്ഛൻ താഴെ നിർത്തുമ്പോൾ വീണ്ടും റോഡിലേക്കോടിയിറങ്ങി തിരികെ അച്ഛന്റെ തോളിൽ കയറും. അവളെയും വച്ച് അയാൾ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അവരുടെ പ്രദേശിക ഭാഷയിൽ എന്തെല്ലാമോ പറയും, ചിരിക്കും. ഇടയ്ക്കവൾ റോഡിനപ്പുറമുള്ള ഒഴിഞ്ഞ പറമ്പിലേക്കോടും. അതേ സ്പീഡിൽ തിരിച്ചുവന്ന്​ അച്ഛന്റെ മേത്തേക്ക്​ ചാടിക്കയറും. മെലിഞ്ഞ്​ എല്ലുന്തി വെള്ള ബനിയനും കള്ളി മുണ്ടും ഉടുത്ത അയാൾ ചില സമയത്ത്​ വേച്ച്​ പിറകിലേക്ക് ചായും. എങ്കിലും അവൾക്കു വിശ്വാസമാണ്​, അച്ഛന്റെ കൈവഴുതി താഴെ പോകില്ല എന്ന്.

ചില ദിവസങ്ങളിൽ ഒരു പന്തോ ഒരു ബലൂണോ കുഞ്ഞൊരു പാവയോ അവർക്കു നടുവിലുണ്ടാകും. ചില സമയത്ത്​ അച്ഛൻ ഫോണിലൂടെ ആരോടോ ഉച്ചത്തിൽ സംസാരിച്ച്​ അങ്ങോട്ടുമിങ്ങോട്ടും നടക്കും. അവളപ്പോൾ അയാളുടെ ചൂണ്ടുവിരലിൽ തന്റെ സഞ്ചാരസ്വാതന്ത്ര്യം മുഴുവൻ കൊരുത്ത്​ തല ചരിച്ച്​അച്ഛനെ നോക്കിയും പാട്ടു പാടിയും ഒപ്പം നടക്കും. ഈ അടുത്ത സമയത്താണ് ഇതെല്ലാം കണ്ട്​ അവളുടെ അമ്മയും ചേച്ചിയും ടെറസിലിരിക്കുന്നത് കാണുന്നത്. തലയിലേക്കു കയറ്റിയിട്ട സാരിത്തലപ്പിനപ്പുറം തിളങ്ങുന്ന കണ്ണുകളും, നിരയൊത്ത ചിരിയും, മിന്നുന്ന മൂക്കുത്തിയും എന്റെ എത്തി നോട്ടത്തിലൂടെ പരിചയപ്പെട്ടു. എന്ത് ഹാപ്പിയാണെന്നോ ആ ഫാമിലി, എന്ത് സ്നേഹമാണ് അവർക്കിടയിൽ...

അതിരാവിലെ മദ്രസയിലേക്ക് പോകുന്ന കറുത്ത കുഞ്ഞു പർദ്ദയിൽ ഓമന മുഖങ്ങൾ മാത്രം പുറത്തുകാട്ടി കയ്യിലെ വലിയ കവർ ഉയർത്തി നിരനിരയായി ബഹളം വച്ച് പെൻഗ്വിൻ കുഞ്ഞുങ്ങൾ കണക്കേ നടന്നുപോകുന്ന കുട്ടികൾ, തലയിൽ വലിയ ചട്ടികളും കൈയ്യിൽ തൂമ്പയും പ്ലാസ്റ്റിക് വരിഞ്ഞ സഞ്ചികളിൽ ചോറ്റുപാത്രവും ഒതുക്കി കനകാംബരപ്പൂ ചൂടി പണിക്കിറങ്ങുന്ന തമിഴ് മണമുള്ള അക്കമാർ. കാലിനടിയിൽ സ്​പ്രിങ്​ വച്ചപോലെ ബാഗും തൂക്കി ധൃതിയിൽ പോകുന്ന കണ്ണട വച്ച ചെറുപ്പക്കാരൻ. തലയിലെ വലിയ സ്റ്റീൽ ചരുവത്തിൽ മീൻ വിൽക്കാൻ പോകുന്ന നടുവ് വളഞ്ഞ പ്രായമായ അമ്മ. സ്കൂൾ കുട്ടികളെയും അവരുടെ വലിയ ബാഗുകളെയും വിഴുങ്ങി കുലുങ്ങിക്കുലുങ്ങി പോകുന്ന 8.30നുള്ള ഓട്ടോറിക്ഷ, ഉന്തുവണ്ടിയിൽ കാഴ്ച കണ്ടു പോകുന്ന പച്ചക്കറികൾ.

കഴിഞ്ഞൊരു വർഷം എനിക്കൊപ്പം വരുന്ന എന്നുമുള്ള കാഴ്ചകളാണിവ. എന്റെ ഓരോ ദിനങ്ങളിലും ചായം നിറച്ചു തന്നത് ഇവരൊക്കെയാണ്. കാഴ്ചയുടെ വിരലുകളിൽ ഹൃദയം കൊരുത്ത്​ ചിലർ പകുതിവച്ച് മടങ്ങി. പുതിയ ചിലർ അപ്രതീക്ഷിതമായി കടന്നുവന്നു. ഇവരെയൊക്കെ കാണാൻ കഴിഞ്ഞു എന്നതാണ് പോയ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.

അടുത്തവർഷം യാത്രകളുടെതാക്കണം എന്നതാണ് ആഗ്രഹം. മനസ്സിലെന്നും ഇഷ്ടമുള്ള തമിഴ്നാട്ടിലൂടെ യാത്ര പോകണം. പണ്ട്, കന്നിനെ കറന്നുകൊണ്ടിരിക്കുമ്പോൾ അരികിൽ കഥ കേൾക്കാൻ ചെന്നിരിക്കുന്ന എന്നോട് കറവക്കാരൻ ശെവനയ്യ അണ്ണൻ പറഞ്ഞുതന്ന കൊതിപ്പിക്കുന്ന തമിഴ്നാടൻ കഥകളുണ്ട്. ഒരു വട്ടമെങ്കിലും അണ്ണന്റെ തമിഴ് മണ്ണിലൂടെ യാത്ര പോകണം.

Comments