മേരാ ഭാരത് മഹാൻ

1989-ൽ ജവഹർലാൽ നെഹ്റുവിന്റെ നൂറാം ജന്മവാർഷികത്തിൽ, രാജീവ് ഗാന്ധി സർക്കാർ നെഹ്റുവിനെ കുറിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഡോക്യുമെൻ്ററി സിനിമ നിർമിക്കാൻ തീരുമാനിച്ചു. പ്രസിദ്ധ ബ്രിട്ടീഷ് ഹോളിവുഡ് നടനും ചരിത്രപണ്ഡിതനുമായ കെനത്ത് ഗ്രിഫിത്തിനെയാണ് ആ സിനിമ ചെയ്യാനേൽപ്പിച്ചത്. ആ സിനിമയുടെ ക്യാമറാമാനായിരുന്ന വേണു, സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അത്യന്തം വിക്ഷുബ്ധമായ അനുഭവങ്ങളെക്കുറിച്ചെഴുതുന്നു.

വേണു

റക്കത്തിന്റെ ഇരുട്ടിൽ എന്തൊക്കെയോ ശബ്ദങ്ങൾ അവ്യക്തമായി കേൾക്കാൻ തുടങ്ങി. തലയ്ക്കുള്ളിൽ തെളിയാൻ ആയാസപ്പെട്ടുകൊണ്ടിരുന്ന ബോധത്തിന്റെ വെളിച്ചത്തിന് പക്ഷേ, തെളിച്ചം തീരെയില്ല.

എത്ര ശ്രമിച്ചിട്ടും ക്ഷീണിച്ച് കനം വെച്ച കൺപോളകൾ അനങ്ങാൻ അശക്തരായി കണ്ണുകൾക്കുമേലെ ചത്തതുപോലെ കിടക്കുന്നു. എവിടെയോ മനുഷ്യരോടൊപ്പം മൃഗങ്ങളും ശബ്ദിക്കുന്നതു പോലെ തോന്നി. എന്നിട്ടും തുറക്കാൻ വിസമ്മതിച്ച് എന്റെ കണ്ണുകൾ അടഞ്ഞു തന്നെ കിടന്നു.

ഞാനിപ്പോൾ എവിടെയാണെന്നോ ഇന്നെന്ത് ദിവസമാണെന്നോ ഇപ്പോൾ സമയമെന്താണെന്നോ എനിക്കറിയില്ല. കൂടുതൽ പ്രയത്നിക്കാൻ മനസ്സിന് പറ്റുന്നില്ല. ഇതെല്ലാം ഏതോ തുടർസ്വപ്നങ്ങളുടെ ഭാഗമാണോ എന്നും മനസ്സിലാകുന്നില്ല. പുറത്തെ ശബ്ദങ്ങൾ കൂടുതൽ ഉയർന്നുകേൾക്കാൻ തുടങ്ങി. കണ്ണു തുറന്ന് നോക്കണമെന്ന് എത്ര വിചാരിച്ചിട്ടും സാധിക്കുന്നില്ല.

ഒടുവിൽ ശേഷിച്ച ശക്തി മുഴുവൻ സംഭരിച്ച്, എങ്ങനെയോ ഞാനെന്റെ കണ്ണുകൾ തുറന്നു. കണ്ണിൽ വെളിച്ചം വീണപ്പോൾ, യൂസ്മർഗ് എന്നു പേരുള്ള ഒരു കശ്മീരി ഗ്രാമത്തിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെ ആകെയുള്ള രണ്ടു മുറികളിൽ ഒന്നിലെ ഒരു കട്ടിലിലാണ് ഞാനെന്നും, ഇത് 1988 മെയ് മാസത്തിലെ ഒരപരാഹ്നമാണെന്നും, എന്റെ മുറിയുടെ മങ്ങിയ ജനൽചില്ലുകളെ മറയ്ക്കാൻ തൂക്കിയിട്ട മുഷിഞ്ഞ കർട്ടന്റെ പുറത്ത് കേൾക്കുന്നത് കലഹത്തിന്റെയും വാക്കുതർക്കത്തിന്റെയും ഭാഷയാണെന്നും എനിക്ക് മനസ്സിലായി.

യൂസ്മർഗ്
യൂസ്മർഗ്

ഞാൻ എഴുന്നേറ്റ് മുറിയുടെ വാതിൽ തുറന്നു. നേരെ മുന്നിൽക്കാണുന്നത് റസ്റ്റ് ഹൗസിലെ രണ്ടാമത്തെ മുറിയുടെ അടഞ്ഞ വാതിലാണ്. അതിൽ എന്റെ സുഹൃത്ത് അലൻ ആണ് താമസം. അവിടെ അനക്കമൊന്നും ഇല്ല. രണ്ടു മുറികളുടെയും ഇടയിൽ ചെറിയൊരു ഭക്ഷണമുറിയുണ്ട്. അതിന്റെയും വാതിൽ തുറന്നുവേണം പുറത്തേക്കിറങ്ങാൻ.

ഇതൊന്നും സ്വപ്നമല്ലെന്നും, പൂർണമായും യഥാർത്ഥമായ ലോകത്തിലാണ് ഞാനെന്നും ധരിച്ച് മുറ്റത്തേക്കുള്ള വാതിൽ തുറന്നപ്പോൾ, പുറത്തെ വെയിലിൽ നിന്ന് കുതിരമണമുള്ള കുറേ മനുഷ്യർ ഒരുമിച്ചെഴുന്നേറ്റ് ഒച്ചവെച്ച് മുന്നോട്ട് തള്ളിക്കയറി വന്നു. പല പ്രായക്കാരായി ഏകദേശം പത്തിരുപത് പേരുണ്ട്. തിക്കിത്തിരക്കിയും കൈകൂപ്പി യാചിച്ചും ഈശ്വരനോട് അപേക്ഷിച്ചും പരസ്പരം പൊരുതിയും ആകാശത്തേക്ക് നോക്കി ആവലാതി പറഞ്ഞും അവർ എന്നെ വളഞ്ഞു. എല്ലാവരും കുതിരക്കാരാണ്. റസ്റ്റ് ഹൗസിൽ രണ്ട് ടൂറിസ്റ്റുകൾ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് കുതിരകളുമായി ഓടി വന്നതാണ്.

ഇവിടെ കശ്മീരിൽ, സഞ്ചാരികളുടെ പറുദീസയിൽ, ഒരു സഞ്ചാരി വന്നിട്ട് വർഷങ്ങളാകുന്നു. യൂസ്മർഗിൽ കഴിഞ്ഞ ആറു വർഷമായി ഒരു ടൂറിസ്റ്റ് പോലും വന്നിട്ടില്ല. മുഷിഞ്ഞ മുഖമുള്ള ഈ ദരിദ്രരൂപങ്ങളിൽ ചിലർ, അവരേക്കാൾ ദരിദ്രരായ അവരുടെ കുതിരകൾ സ്വഭാവമേന്മയിലും ശാരീരികക്ഷമതയിലും മറ്റേതു കുതിരകളേക്കാളും മികച്ചതാണെന്ന് ദയനീയമായി ആവർത്തിച്ചു കൊണ്ടിരുന്നു. ഇംഗ്ലീഷ് അറിയാവുന്ന കുതിരകളും സിനിമയിൽ അഭിനയിച്ചിട്ടുള്ള കുതിരകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ചിലർ എന്റെ കാലിൽ തൊടാൻ ശ്രമിക്കുകയും ഒരാൾ നിയന്ത്രണം വിട്ട് തേങ്ങിക്കരയുകയും ചെയ്തു.

ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ  സംവിധായകൻ അലൻ ബെർക്കിൻഷോയും ഛായാഗ്രാഹകനായ വേണുവും.
ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ സംവിധായകൻ അലൻ ബെർക്കിൻഷോയും ഛായാഗ്രാഹകനായ വേണുവും.

കശ്മീരിൽ കുറേക്കാലമായി കൊടും ദാരിദ്ര്യകാലമാണ്. പ്രധാന വരുമാനമാർഗമായ ടൂറിസം പൂർണമായും നിലച്ചിരിക്കുന്നു. കടകളെല്ലാം അടഞ്ഞുകിടക്കുന്നു. ശ്രീനഗറിലെ ജനശൂന്യമായ വഴികളിൽ പട്ടാള വാഹനങ്ങളുടെ കനത്ത ഇരുമ്പ് കവചങ്ങൾക്ക് പിന്നിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമെറ്റും ധരിച്ച് അടിമുടി സായുധരായ സൈനികർ തങ്ങളുടെ ശത്രു ഏതെന്ന് തിരിച്ചറിയാനാവാതെ വിഷമിക്കുന്നു. എല്ലാം സംശയത്തോടെ മാത്രം കാണുന്ന അവരുടെ യന്ത്രത്തോക്കുകൾ എപ്പോൾ എങ്ങോട്ട് തിരിയുമെന്ന് ആർക്കുമറിയില്ല.

ഇന്നിവിടെ യൂസ്മർഗിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ മുറ്റത്ത്, വെറും രണ്ട് ടൂറിസ്റ്റുകൾക്കായി ഇരുപത് കുതിരക്കാർ നിലവിളിച്ച് തമ്മിലടിക്കുന്നത് സ്വന്തം കുടുംബത്തിന് ഒരു നേരത്തെ ആഹാരം ആഗ്രഹിച്ചാണ്. ഇവിടുത്തെ കുഞ്ഞുങ്ങൾ ചിരിക്കാത്തത് അവർക്ക് വിശന്നിട്ടാണ്. ഇത്തരമൊരു മഹാവറുതി മനസ്സിൽ നിന്ന് മാറ്റി നിർത്തിയിട്ട് ഇവിടുത്തെ നീലാകാശവും മഞ്ഞണിഞ്ഞ മലകളും ചിനാർവനങ്ങളും ആപ്പിൾമരങ്ങളും പൈൻ മണമുള്ള തണുത്ത കാറ്റും ആസ്വദിക്കാൻ ശ്രമിക്കുക എന്നത് സന്ദർശകർക്ക് അസാധ്യമാണ്.

എന്നാൽ എന്റെ സുഹൃത്ത് അലനും ഞാനും ഇവിടെ വന്നിരിക്കുന്നത് ഈ പ്രകൃതിഭംഗി ആസ്വദിക്കാനായിരുന്നില്ല. ഞങ്ങളിപ്പോൾ ഇവിടെ വരാനുള്ള മൂലകാരണം, സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രിയ പൈതൃകഭൂമിയാണ് കശ്മീർ എന്നതാണ്.

വേണുവും അലൻ ബെർക്കിൻഷോയും.
വേണുവും അലൻ ബെർക്കിൻഷോയും.

അടിയന്തരാവസ്ഥ കഴിഞ്ഞുണ്ടായ പരാജയത്തിനുശേഷം കോൺഗ്രസ് വീണ്ടും കേന്ദ്രത്തിൽ അധികാരത്തിൽ വന്നെങ്കിലും പഞ്ചാബ് - കശ്മീർ തീവ്രവാദം, സുവർണക്ഷേത്രം, ഇന്ദിരാഗാന്ധി വധം, തുടർന്നുണ്ടായ സിഖ് കൂട്ടക്കൊല, ഭരണപരിചയമില്ലാത്ത പുതിയ പ്രധാനമന്ത്രി എന്നിങ്ങനെ വിവിധ വിഷയങ്ങൾ കേന്ദ്ര സർക്കാരിനെ പിടിച്ചുകുലുക്കിയിരുന്ന കാലമായിരുന്നു അത്. വേണ്ടത്ര ശക്തിയിൽ കുലുക്കാനുള്ള ആൾബലം പ്രതിപക്ഷത്തിനില്ലായിരുന്നു എന്നതിനാലാണ് മറിഞ്ഞുവീഴാതിരുന്നത്.

ആ സമയത്ത്, ‘മേരാ ഭാരത് മഹാൻ’ എന്ന പേരിൽ ഇന്ദിരാഗാന്ധി സർക്കാർ നേരത്തേ തുടങ്ങിവെച്ച ഒരു പ്രചാരണപദ്ധതി കൂടുതൽ ആവേശത്തോടെ പുതിയ രാജീവ് ഗാന്ധി സർക്കാർ ഏറ്റെടുത്തു നടപ്പാക്കാനാരംഭിച്ചു.

1989 നവമ്പർ 14 ജവഹർലാൽ നെഹ്റുവിന്റെ നൂറാം ജന്മവാർഷികമാണ്. അതിനാൽ തന്നെ നെഹ്റുവാണ് മേരാ ഭാരത് മഹാന്റെ മുഖമുദ്ര. മാരുതി കാറുകളും, ദൂർദർശൻ ടെലിവിഷനും, എസ്.ടി.ഡി എന്നറിയപ്പെട്ടിരുന്ന ദീർഘദൂര ടെലിഫോൺ സൗകര്യവും ഇന്ത്യയിൽ സാധാരണമായിത്തുടങ്ങിയ കാലമായിരുന്നു അത്.

റസ്റ്റ് ഹൗസിൽ രണ്ട് ടൂറിസ്റ്റുകൾ എത്തിയിട്ടു എന്നറിഞ്ഞ് കുതിരകളുമായി ഓടി വന്നതാണ്.  ഇംഗ്ലീഷ് അറിയാവുന്ന കുതിരകളും സിനിമയിൽ അഭിനയിച്ചിട്ടുള്ള കുതിരകളും അക്കൂട്ടത്തിലുണ്ടായിരുന്നു. Representative image
റസ്റ്റ് ഹൗസിൽ രണ്ട് ടൂറിസ്റ്റുകൾ എത്തിയിട്ടു എന്നറിഞ്ഞ് കുതിരകളുമായി ഓടി വന്നതാണ്. ഇംഗ്ലീഷ് അറിയാവുന്ന കുതിരകളും സിനിമയിൽ അഭിനയിച്ചിട്ടുള്ള കുതിരകളും അക്കൂട്ടത്തിലുണ്ടായിരുന്നു. Representative image

ഇന്ത്യയിലെമ്പാടുമുള്ള തീവണ്ടികളും വിമാനങ്ങളും, ടെലിവിഷനും റേഡിയോയും, തപാൽ കവറുകളും പരസ്യ ബോർഡുകളും, പത്രത്താളുകളും, സ്കൂൾ ചുവരുകളും മേരാ ഭാരത് മഹാൻ എന്ന മുദ്രാവാക്യത്തോടൊപ്പം നെഹ്റുവിന്റെ ചിത്രവും കൊണ്ട് നിറഞ്ഞു. ഭാരതത്തിന്റെ സാംസ്കാരിക മഹത്വം മറ്റു രാജ്യങ്ങളിൽ പരിചയപ്പെടുത്താനായി ‘ഫെസ്റ്റിവൽ ഓഫ് ഇന്ത്യ’ എന്ന പേരിൽ ആഴ്ചകൾ നീണ്ടു നിന്ന കലാ- സാംസ്കാരിക പൈതൃക മഹാമേളകൾ മോസ്ക്കോയിലും പാരീസിലും ന്യൂയോർക്കിലും ലണ്ടനിലും കേന്ദ്ര സർക്കാർ സംഘടിപ്പിച്ചു.

ഇന്ദിരാഗാന്ധിയുടെ അടുത്ത സുഹൃത്തും ലോക പ്രശസ്ത കലാപണ്ഡിതയുമായ പുപ്പുൽ ജയ്കർ ആയിരുന്നു ഈ ആശയത്തിനു പിന്നിൽ. ഇന്ത്യയുടെ നാനാഭാഗത്തുനിന്ന് നിരവധി ആദിവാസി, തനത്, ഗ്രാമീണ കലാകാരന്മാരും കലാകാരികളും ക്ലാസിക്കൽ കലാകാരോടൊപ്പം സ്വന്തം നാട്ടിലെ കലാരൂപങ്ങൾ വിദേശികളുടെ മുന്നിൽ അവതരിപ്പിച്ചു. കഥകളിയും കലംകാരിയും, കളരിപ്പയറ്റും കവാലിയും അയ്യനാർ കുതിരയും അഘോരനൃത്തവും മധുബനിയും മണിപുരിയും നാഗാ നെയ്ത്തും പൊട്ടൻ തെയ്യവുമെല്ലാം ആദ്യമായി കണ്ട പാശ്ചാത്യർ അതിശയിച്ചു കൈയടിച്ചു. മേളകളെല്ലാം വൻ വിജയമായി ആഘോഷിക്കപ്പെട്ടു.

ഇതേസമയം, നെഹ്റുവിനെ കുറിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഡോക്യുമെൻ്ററി സിനിമ നിർമിക്കാനും തീരുമാനമായി. അതിനായി അവർ തെരഞ്ഞെടുത്തത്, നിരവധി ചരിത്ര- രാഷ്ട്രീയ വ്യക്തിത്വങ്ങളെ ആസ്പദമാക്കി ധീരമായ കഥേതര സിനിമകൾ ചെയ്തിട്ടുള്ള, പ്രസിദ്ധ ബ്രിട്ടീഷ് ഹോളിവുഡ് നടനും ചരിത്രപണ്ഡിതനുമായ കെനത്ത് ഗ്രിഫിത്തിനെയാണ്. കെനത്ത് ഗ്രിഫിത്തിന്റെ സിനിമകൾ പലതും വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ വിമർശനങ്ങൾക്കും പൊതു വിലക്കുകൾക്കും വരെ ഇടയാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സിനിമകളുടെ ഉയർന്ന ചിന്താസരണിയും ചലച്ചിത്രമൂല്യവും അവതരണ ശൈലിയും അസാധാരണമായ വീക്ഷണവിചാരങ്ങളും കെനത്ത് ഗ്രിഫിത്തിനെ മറ്റ് ഡോക്യുമെൻ്ററി നിർമാതാക്കളിൽ നിന്ന് വ്യത്യസ്തനാക്കി. അയർലണ്ടിന്റെയും ദക്ഷിണാഫ്രിക്കയുടേയും സമീപകാല സമരചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഗാധപാണ്ഡിത്യം ആർക്കും നിഷേധിക്കാൻ പറ്റാത്തതായിരുന്നു. അദ്ദേഹത്തിന്റെ ശേഖരത്തിലുള്ള, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവുമായി ദക്ഷിണാഫ്രിക്കയിൽ നടന്ന ബൂവർ യുദ്ധകാലത്ത് എഴുതപ്പെട്ട നിരവധി കത്തുകളും യുദ്ധസന്ദേശങ്ങളും അമൂല്യ ചരിത്രരേഖകളായി വിലയിരുത്തപ്പെടുന്നു.

ഇന്ത്യയിലെമ്പാടുമുള്ള തീവണ്ടികളും വിമാനങ്ങളും, ടെലിവിഷനും റേഡിയോയും, തപാൽ കവറുകളും പരസ്യ ബോർഡുകളും, പത്രത്താളുകളും, സ്കൂൾ ചുവരുകളും മേരാ ഭാരത് മഹാൻ എന്ന മുദ്രാവാക്യത്തോടൊപ്പം നെഹ്റുവിന്റെ ചിത്രവും കൊണ്ട് നിറഞ്ഞു.
ഇന്ത്യയിലെമ്പാടുമുള്ള തീവണ്ടികളും വിമാനങ്ങളും, ടെലിവിഷനും റേഡിയോയും, തപാൽ കവറുകളും പരസ്യ ബോർഡുകളും, പത്രത്താളുകളും, സ്കൂൾ ചുവരുകളും മേരാ ഭാരത് മഹാൻ എന്ന മുദ്രാവാക്യത്തോടൊപ്പം നെഹ്റുവിന്റെ ചിത്രവും കൊണ്ട് നിറഞ്ഞു.

നെഹ്റുവിനെപ്പറ്റി സിനിമ ചെയ്യാൻ ഒരു ബ്രിട്ടിഷ് ചലച്ചിത്രകാരനെ തെരഞ്ഞെടുത്തതിന്റെ യുക്തി ഇന്ത്യൻ പാർലമെൻറ്റിൽ വരെ ചർച്ചയായെങ്കിലും ഒടുവിൽ സിനിമാനിർമാണക്കരാർ കെനത്ത് ഗ്രിഫിത്തിനുതന്നെ ലഭിച്ചു. ഗ്രിഫിത്തിന്റെ സിനിമകളുടെ വിഷയഗവേഷണവും, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള തിരക്കഥ തയാറാക്കലും, വിവിധ കഥാപാത്രങ്ങളെ ക്യാമറക്കു മുൻപിൽ അവതരിപ്പിക്കലും, എല്ലാം അദ്ദേഹം സ്വയമാണ് ചെയ്യുന്നത്. രണ്ടാമതൊരു മുഖം സിനിമയിലില്ല. എങ്കിലും സാങ്കേതിക കാര്യങ്ങൾ നിശ്ചയിക്കാനും നിയന്ത്രിക്കാനും ഒരു സംവിധായകൻ ആവശ്യമുണ്ട്. അതിനായി ഗ്രിഫിത്ത് കണ്ടുപിടിച്ചത് അലൻ ബെർക്കിൻഷോ എന്ന യുവ ഇംഗ്ലീഷ് സംവിധായകനെയായിരുന്നു. ആ യുവ ഇംഗ്ലിഷ് സംവിധായകനാണ് പുറത്തെ കുതിരക്കാരുടെ ബഹളത്തിൽ പകച്ച് അടുത്ത മുറിയിൽ അനങ്ങാതെയിരിക്കുന്ന എന്റെ സുഹൃത്ത് അലൻ. അദ്ദേഹത്തിന്റെ ക്യാമറാമാനാണ് ഞാൻ. ഷൂട്ടിംഗ് ലൊക്കേഷൻ നോക്കാനാണ് ഞങ്ങളിവിടെ വന്നിരിക്കുന്നത്.

1986- ൽ ഭരതന്റെ പ്രണാമം എന്ന സിനിമയുടെ ചിത്രീകരണം തിരുവല്ലയിൽ നടക്കുമ്പോൾ എന്റെ ഭാര്യ ബീന വീട്ടിലെ ഫോണിൽനിന്ന് വിളിച്ചിട്ട്, എന്നെ അന്വേഷിച്ച് രണ്ട് ഇംഗ്ലീഷുകാർ ഡൽഹിയിൽനിന്ന് വിളിച്ചിരുന്നു എന്നും, നാളെ തിരുവനന്തപുരത്ത് വന്നാൽ എന്നെ കാണാൻ പറ്റുമോ എന്ന് അവർ ചോദിച്ചെന്നും, ഏതോ സിനിമയുടെ കാര്യം ചർച്ച ചെയ്യാനാണെന്നും, എനിക്ക് തിരുവനന്തപുരത്ത് വരാൻ അസൗകര്യമുണ്ടെങ്കിൽ അവർ തിരുവല്ലയിൽ വന്ന് എന്നെ കാണാൻ തയാറാണെന്നും മറ്റും പറഞ്ഞു. ആലോചിച്ചുനോക്കിയപ്പോൾ ഇംഗ്ലീഷുകാരെ ഇങ്ങോട്ടുവിളിക്കുന്നത് ബുദ്ധിയല്ല എന്നെനിക്ക് തോന്നി. ഒരു ദിവസത്തെ ഷൂട്ടിംഗ് എന്റെ അസോസിയേറ്റ് ക്യാമറാമാനായിരുന്ന കെ.ജി. ജയനെ ഏൽപ്പിച്ചിട്ട് സംവിധായകന്റെ അനുവാദം വാങ്ങി, രാത്രി തന്നെ ഞാൻ തിരുവനന്തപുരത്തേക്കു പോയി.

നെഹ്റുവിനെപ്പറ്റി സിനിമ ചെയ്യാൻ ഒരു ബ്രിട്ടിഷ് ചലച്ചിത്രകാരനെ തെരഞ്ഞെടുത്തതിന്റെ യുക്തി ഇന്ത്യൻ പാർലമെൻറ്റിൽ വരെ ചർച്ചയായെങ്കിലും ഒടുവിൽ സിനിമാനിർമാണക്കരാർ കെനത്ത് ഗ്രിഫിത്തിനുതന്നെ ലഭിച്ചു.
നെഹ്റുവിനെപ്പറ്റി സിനിമ ചെയ്യാൻ ഒരു ബ്രിട്ടിഷ് ചലച്ചിത്രകാരനെ തെരഞ്ഞെടുത്തതിന്റെ യുക്തി ഇന്ത്യൻ പാർലമെൻറ്റിൽ വരെ ചർച്ചയായെങ്കിലും ഒടുവിൽ സിനിമാനിർമാണക്കരാർ കെനത്ത് ഗ്രിഫിത്തിനുതന്നെ ലഭിച്ചു.

പിറ്റേന്ന് ഉച്ചക്ക് കെനത്ത് ഗ്രിഫിത്തും അലൻ ബെർക്കിൻഷോയും പട്ടത്തെ ഞങ്ങളുടെ ചെറിയ ഫ്ലാറ്റിൽ എന്നോടൊപ്പമിരുന്ന്, അവർ വന്ന കാര്യം ദീർഘമായി ചർച്ച ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ ജിവിതവും രാഷ്ട്രീയവുമാണ് സിനിമയുടെ വിഷയം. But I have promises to keep എന്നാണ് സിനിമയുടെ പേര്. നിർമാണച്ചുമതല ദൂർദർശനാണ്. അവരുമായുള്ള ഉടമ്പടി പ്രകാരം പ്രധാന സാങ്കേതിക പ്രവർത്തകർ ഇന്ത്യയിൽ നിന്നായിരിക്കണം. അങ്ങനെയാണ് ഗ്രിഫിത്തും അലനും ഒരു ക്യാമറാമാനെ കണ്ടുപിടിക്കാനായി ഇന്ത്യൻ സിനിമകൾ കാണാൻ തുടങ്ങിയതും, ഒടുവിൽ മണി കൗൾ സംവിധാനം ചെയ്ത മാട്ടിമാനസ് കാണാനിടവന്നതും, അതുകണ്ട് എങ്കിൽ ഇയാൾ മതി എന്നു തീരുമാനിച്ച് അതിന്റെ ക്യാമറമാനെ അന്വേഷിച്ച് തിരുവനന്തപുരത്ത് വന്നതും, ഞാനുമായി നേരിട്ട് സംസാരിച്ചതും, കാര്യങ്ങൾ ഉറപ്പിച്ചു മടങ്ങിയതും. അന്ന് ഗ്രിഫിത്തിനെ കണ്ടാൽ അറുപത്തഞ്ചിനുമേൽ പ്രായം തോന്നും. അലന് നാൽപതായിട്ടില്ല. എനിക്ക് മുപ്പതായിട്ടില്ല.

ഇന്ത്യയിലും വിദേശത്തുമായി പത്ത് മുപ്പത്തഞ്ച് സ്ഥലങ്ങളിലാണ് ഷൂട്ട് ചെയ്യേണ്ടത്. വിദേശമെന്നാൽ ഇംഗ്ലണ്ട് മാത്രമാണ്. അവിടുത്തെ ഷൂട്ടിംഗ് ആദ്യം കഴിഞ്ഞു. എന്നാൽ ഇന്ത്യയിൽ ഷൂട്ടിംഗ് തുടങ്ങുന്നതിന് ധാരാളം തടസങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ആശയങ്ങളിലുള്ള അഭിപ്രായവ്യത്യാസം മുതൽ വേതനവും വേതനേതര സൗകര്യങ്ങളും വരെ അവസാനിക്കാത്ത തർക്ക വിഷയങ്ങളായി. പല തവണ ഷൂട്ടിംഗ് തിയതികൾ മാറിപ്പോയി. ഒടുവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് തർക്കങ്ങളിൽ പലതും പരിഹരിച്ചത്. അങ്ങനെ അഞ്ചാറു മാസത്തെ അവധിക്കുശേഷം, ഇന്ത്യയിൽ വീണ്ടും ഷൂട്ട് തുടങ്ങി. ആ സമയത്ത് സിന്ധു ഗംഗാ സമതലത്തിൽ ശരാശരി ചൂട് നാൽപ്പത്തി ഏഴ് ഡിഗ്രി സെൽഷ്യസ് ആണ്.

സാങ്കേതിക കാര്യങ്ങൾ നിശ്ചയിക്കാനും നിയന്ത്രിക്കാനും ഒരു സംവിധായകൻ ആവശ്യമുണ്ട്. അതിനായി ഗ്രിഫിത്ത് കണ്ടുപിടിച്ചത് അലൻ ബെർക്കിൻഷോ എന്ന യുവ ഇംഗ്ലീഷ് സംവിധായകനെയായിരുന്നു.
സാങ്കേതിക കാര്യങ്ങൾ നിശ്ചയിക്കാനും നിയന്ത്രിക്കാനും ഒരു സംവിധായകൻ ആവശ്യമുണ്ട്. അതിനായി ഗ്രിഫിത്ത് കണ്ടുപിടിച്ചത് അലൻ ബെർക്കിൻഷോ എന്ന യുവ ഇംഗ്ലീഷ് സംവിധായകനെയായിരുന്നു.

നെഹ്റുവിന്റെ ജനനം മുതൽ മരണം വരെ അദ്ദേഹവുമായി ബന്ധപ്പെട്ട ഏകദേശം എല്ലാ സ്ഥലങ്ങളിലും ഷൂട്ട് ചെയ്യേണ്ടതുണ്ട്. നെഹ്റു മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ സമകാലിനരും എതിരാളികളും സിനിമയിലുണ്ട്. അവരുമായി ബന്ധപ്പെട്ട ചില പ്രധാന സ്ഥലങ്ങളും കൂടി ചേർത്തപ്പോൾ ലൊക്കേഷൻ ലിസ്റ്റിന്റെ നീളം വീണ്ടും കൂടി. ക്യാമറ അടക്കമുള്ള ഉപകരണങ്ങൾക്കും, അവയുടെ സൂക്ഷിപ്പുകാർക്കും, അവ കൈകാര്യം ചെയ്യുന്നവർക്കും, സഹായികൾക്കുമായി വലിയൊരു ബസാണ് യാത്രാവാഹനം. അവരാകെ പത്തുപന്ത്രണ്ട് പേരാണുള്ളത്. ഇതിൽ രണ്ട് പേരൊഴിച്ച് മറ്റെല്ലാവരും ദൂർദർശന്റെയോ ഫിലിം ഡിവിഷന്റെയോ ഉദ്യോഗസ്ഥരാണ്. ആ രണ്ടു പേരിലൊരാൾ ബസിന്റെ ഡ്രൈവറായിരുന്നു. മറ്റെയാൾ, കെനത്ത് ഗ്രിഫിത്തിന്റെ നാലാമത്തെ ഭാര്യയിലെ രണ്ടാമത്തെ മകനായ, ജോനോ എന്ന് വിളിപ്പേരുള്ള, ജോനഥൻ ഗ്രിഫിത്ത് എന്ന ഇരുപതുകാരനായിരുന്നു. എലെമാക് ഡോളി ഓപ്പറേറ്റർ കം ഗ്രിപ്പ് എന്നതായിരുന്നു അയാളുടെ ഔദ്യോഗിക പദവി. ഈ വിഷയങ്ങളിൽ യാതൊരു മുൻപരിചയവുമില്ലാത്ത ജോനൊയെ അതിന്റെ പേരിൽ യൂണിറ്റിൽ തിരുകിക്കയറ്റിയത് ഗ്രിഫിത്തിന്റെ ചെറിയൊരു ഓപ്പറേഷന്റെ ഫലമായിട്ടായിരുന്നു. ആറടിയിലധികം ഉയരവും, നൂറു കിലോ ഭാരവും, കീറിപ്പറിഞ്ഞ വസ്ത്രങ്ങളും, ലോകം മുഴുവൻ തനിക്കെതിരാണെന്ന മുഖഭാവവുമായി ഒരു ഫുട്ബോൾ ഹൂളിഗനെപ്പോലെ ആടിയായി നടന്ന്, എങ്ങനെയൊക്കെയോ ജോനോ തന്റെ ജോലി ചെയ്തു കൊണ്ടിരുന്നു. സാങ്കേതികമായി എന്റെ അസിസ്റ്റൻ്റ് ആണെങ്കിലും ജോനോയെ വ്യക്തിപരമായി ഞാനങ്ങനെ അടുത്തിടപെടുത്തിയിട്ടില്ല. അവനെ ജോലിയിൽ സഹായിച്ചിരുന്നത് ചിപ്ലുൺകർ എന്ന പേരുള്ള ഒരു ദൂർദർശൻ ജോലിക്കാരനായിരുന്നു. പൊതുവേ അന്തർമുഖനായ ജോനോ, ഇടവേളകളിൽ ചിപ്ലൂങ്കറുമായി മാറിയിരുന്ന് ദീർഘസംഭാഷണങ്ങൾ നടത്തുന്നത് ഞാൻ നോക്കിയിരുന്നിട്ടുണ്ട്. ഒരാൾ സംസാരിക്കുന്നത് തനി മറാഠിയിലും മറ്റെയാൾ കോക്‌നി ഇംഗ്ലീഷിലും.

ഇനി ഞങ്ങൾക്ക് പോകാനുള്ളത് നെഹ്റുവിന്റെ നാടായ കശ്മീരിലേക്കാണ്. ബസ് ഇവിടെ നിന്ന് അവിടെയെത്താൻ രണ്ട് ദിവസമെടുക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ അലനും ഞാനും ഒരു വിമാനത്തിൽ കയറി പോകേണ്ട സ്ഥലത്ത് നേരത്തെ എത്തി ഷൂട്ട് ചെയ്യാനുള്ള പ്രത്യേക സ്ഥലങ്ങൾ കണ്ടുവെക്കുകയും, ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുകയാണ് പതിവ്. കൂടുതൽ സഹായത്തിന് അവിടെ ആളുണ്ടാകും. ക്രൂ ബസ് വരുമ്പൊഴേക്കും ഇവിടെ എല്ലാം റെഡിയായിരിക്കും. അല്ലെങ്കിൽ അതാണ് ഉദ്ദേശ്യം.

ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ നിർമാണച്ചുമതല ദൂർദർശനാണ്. അവരുമായുള്ള ഉടമ്പടി പ്രകാരം പ്രധാന സാങ്കേതിക പ്രവർത്തകർ ഇന്ത്യയിൽ നിന്നായിരിക്കണം.
ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ നിർമാണച്ചുമതല ദൂർദർശനാണ്. അവരുമായുള്ള ഉടമ്പടി പ്രകാരം പ്രധാന സാങ്കേതിക പ്രവർത്തകർ ഇന്ത്യയിൽ നിന്നായിരിക്കണം.

ഈ ദിവസങ്ങളിൽ ഗ്രിഫിത്തും അദ്ദേഹത്തിന്റെ ലേഡി ഫ്രണ്ട് കിയാരയും അവർക്കിഷ്ടമുള്ള എതെങ്കിലും ഒഴിഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് രണ്ട് ദിവസം അവിടെ താമസിക്കും. ഇന്നത്തെ വഴക്ക് അവർ അവിടെ ആഘോഷിക്കും. കിയാര ഇറ്റലിക്കാരിയാണ്. അവരുടെ മുഖത്തെ ചുളിവുകൾക്കും ചാലുകൾക്കും തൊണ്ണൂറിന്റെ ആഴം തോന്നുമെങ്കിലും ശരീരം മുപ്പതുകാരിയുടെ പോലെയാണ്. അവരുടെ ഇംഗ്ലീഷിനും രണ്ടര- മൂന്ന് വയസിൽ കൂടുതൽ പ്രായം തോന്നില്ല. കിയാരയും ഈ സിനിമയിൽ പ്രതിഫലം വാങ്ങി ജോലി ചെയ്യുന്നുണ്ട്. കോസ്റ്റ്യൂം, ഹെയർ ആൻ്റ് മേക്കപ്പ് ആർട്ടിസ്റ്റ് എന്നാണ് അവരുടെ ഔദ്യോഗിക പദവിയുടെ പേര്. ഇതും ഗ്രിഫിത്തിന്റെ ഒരു ഓപ്പറേഷന്റെ ഫലമായി നടന്നതാണ്. ശ്രീനഗറിൽ ഒരു ഹൗസ് ബോട്ടിലാണ് ഇത്തവണ ഗ്രിഫിത്തും കിയാരയും താമസിക്കുന്നത്. തടാകത്തിലെ ആയിരം ഹൗസ് ബോട്ടുകളിൽ, ഇന്നു രാത്രി വിരുന്നുകാരുള്ള ഒരേയൊരു ഹൗസ് ബോട്ട് ഇതായിരിക്കും. അതിനാൽത്തന്നെ അതിലെ വിരുന്നുകാർക്ക് സി.ആർ.പി.എഫ് ജവാന്മാരുടെ കാവലുമുണ്ട്.

ശ്രീനഗറിൽ കാണാനുള്ള ലൊക്കേഷനെല്ലാം കണ്ടിട്ടാണ് അലനും ഞാനും യൂസ് മർഗിൽ വന്നത്. ഇവിടെ വേണ്ടതും ഞങ്ങൾ വേഗം കണ്ടുവെച്ചു. ഇനി തിരിച്ച് ശ്രീനഗറിൽ പോയി അവിടെ നിന്ന് വേണം ഷൂട്ട് തുടങ്ങാൻ. എന്നാൽ ശ്രീനഗറിൽ ഞങ്ങളെ കാത്തിരുന്നത് ഒരു ദുരന്ത വാർത്തയായിരുന്നു. കിയാരയുടെ സഹോദരൻ പീറ്റർ ഇറ്റലിയിൽ ഒരപകടത്തിൽ പെട്ട് മരിച്ചു എന്നായിരുന്നു സന്ദേശം. ഇദ്ദേഹത്തെ ഞാനൊരിക്കൽ ദില്ലിയിൽ വെച്ച് പരിചയപ്പെട്ടിട്ടുള്ളതാണ്. പീറ്റർ അന്ന് അലിറ്റാലിയാ എയർലൈൻസിൽ പൈലറ്റായിരുന്നു. മരിച്ചയാൾക്ക് രണ്ട് മക്കളുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. നിലവിൽ ഭാര്യ ഇല്ല. കിയാര അടുത്ത ഫ്ലൈറ്റിൽ തന്നെ ഇറ്റലിക്ക് പോയി. ഒരാഴ്ച കഴിഞ്ഞ് അവർ മടങ്ങി വന്നത് മരിച്ച സഹോദരന്റെ രണ്ട് മക്കളുമായാണ്.

അലൻറെ ഭാര്യ മിം(മുകളിൽ ഇടത്) അലൻ (തൊപ്പി ധരിച്ചയാളുടെ പിറകിൽ), കെന്നത്ത് ഗ്രിഫിത്ത് (മുകളിൽ ഇടത്ത് നിന്ന് മൂന്നാമത്), കിയാര (മുകളിൽ ഇടത്ത് നിന്ന് രണ്ടാമത്)
അലൻറെ ഭാര്യ മിം(മുകളിൽ ഇടത്) അലൻ (തൊപ്പി ധരിച്ചയാളുടെ പിറകിൽ), കെന്നത്ത് ഗ്രിഫിത്ത് (മുകളിൽ ഇടത്ത് നിന്ന് മൂന്നാമത്), കിയാര (മുകളിൽ ഇടത്ത് നിന്ന് രണ്ടാമത്)

അച്ഛൻ നഷ്ടപ്പെട്ട അമ്മയില്ലാത്ത കുട്ടികൾ ആദ്യമെല്ലാം ദൂരെക്കാഴ്ചകളായിരുന്നു. അടുത്തു കണ്ടപ്പോൾ അവർ പത്തു വയസ്സുള്ള മകനും പതിനെട്ട് വയസുള്ള മകളുമായി മാറി. ദൂരക്കാഴ്ചയിൽ സുന്ദരി ആയിരുന്ന മകൾ ലാറ, സമീപക്കാഴ്ചയിൽ അതിസുന്ദരിയായി മാറി. ജോനോക്കുചുറ്റും ചിത്രശലഭങ്ങൾ പറന്നുയരാൻ തുടങ്ങി. ആ നിമിഷം മുതൽ ജോനോയുടെ ശ്രദ്ധ പരിപൂർണമായും ലാറയുടെ മേൽ മാത്രമായി. എന്നാൽ ലാറ അത് ശ്രദ്ധിച്ചതേയില്ല. അത്യാകർഷണ ശേഷിയുള്ള ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് കടന്നുകയറാൻ ശേഷിയില്ലാതെ, ഏതോ വിദൂര ഭ്രമണപഥത്തിൽ അതിനെ നിർത്താതെ വലം വെയ്ക്കാൻ മാത്രം വിധിക്കപ്പെട്ട ചെറിയൊരു ഉപഗ്രഹം പോലെ ജോനോ അവളെ വിടാതെ വലം വെക്കാൻ തുടങ്ങി. ചിലപ്പോഴൊതെ ഇത് ഷൂട്ടിന്റെ ഒഴുക്കിനെ ബാധിക്കാനും കൂടി ഇട വന്നപ്പോൾ അലൻ അത് ശ്രദ്ധിച്ചു. എന്നാൽ ജോനോ അത് ശ്രദ്ധിച്ചില്ല. ലാറ എന്നും ലൊക്കേഷനിൽ വരുന്നുണ്ട്. എങ്കിലും അവൾ കൂടുതലും ഇടപെടുന്നത് കിയാരയും ഗ്രിഫിത്തും അലനും ആയിട്ടാണ്. ജോനോ ആ വൃത്തത്തിനുപുറത്താണ്. അവന്റെ വാഹനം ക്രൂ ബസാണ്. അവൾക്ക് യാത്ര ചെയ്യാൻ കിയാരയുടെ പ്രൊഡക്ഷൻ കാറും ഡ്രൈവറും ഉണ്ട്. അല്ലെങ്കിൽ അലനും ഞാനും പോകുന്ന കാറിൽ അവളും കയറും. അനിയൻ മിക്കവാറും കിയാരയുടെ കൂടെയായിരിക്കും. ലാറയുടെ ആകർഷണവലയത്തിനുപുറത്തെ ശൂന്യാകാശത്ത് നിന്നുകൊണ്ട് ലാറയെ ഒരു വിദൂരഗ്രഹമായി മാത്രം കാണാനായിരുന്നു ജോനോയുടെ യോഗം.

അടുത്തദിവസം ലാറയും അനിയനും ഇറ്റലിക്ക് തിരിച്ചുപോകുകയാണ്. അവളെ കണ്ട് യാത്ര പറയാൻ രാവിലെ മുതൽ ജോനോ ചുറ്റി നടക്കുന്നുണ്ട്. എത്ര ശ്രമിച്ചിട്ടും ലാറയെ അവന് തനിച്ച് കിട്ടുന്നില്ല. അവർക്ക് ഇന്നുച്ചയ്ക്ക് ശ്രീനഗറിൽ നിന്നാണ് ആദ്യത്തെ ഫ്ലൈറ്റ്. അവരെ കൊണ്ടുപോകാൻ വരുമെന്നുപറഞ്ഞ കാർ ഇതു വരെ എത്തിയിട്ടില്ല. അവർക്ക് പോകേണ്ട സമയമാകുന്നു. ഞങ്ങൾക്കും അടുത്ത സീനെടുക്കാൻ ശ്രീനഗറിലേക്കാണ് പോകേണ്ടത്.

അലനും ഞാനും കയറിയ കാറിൽ ലാറയും കയറി. ഞങ്ങൾ പോകുന്ന വഴിക്കാണ് എയർപോർട്ട്. ലാറയുടെ അനിയനെയും കൂട്ടി, ലഗേജുമായി കിയാര മറ്റൊരു വണ്ടിയിൽ നേരത്തെ പോയിരുന്നു. ഉദ്ദേശിച്ച രീതിയിൽ ലാറയോട് യാത്ര പറയാൻ സാധിക്കാത്തതിന്റെ വിഷാദത്തിൽ നിൽക്കുന്ന ജോനോയെക്കടന്ന് ഞങ്ങളുടെ കാർ നീങ്ങിയ ഉടൻ തന്നെ എനിക്ക് മനസ്സിലായി, ഞാനെന്റെ ലൈറ്റ് മീറ്റർ എവിടെയോ വെച്ച് മറന്നുപോയി എന്ന്. ഒച്ചയെടുത്ത് വണ്ടി നിർത്തിച്ച് ഞാൻ ചാടിയിറങ്ങി. വണ്ടി നൂറ് മീറ്റർ പോലും പോയിട്ടില്ല. ലൈറ്റ് മീറ്റർ എവിടെ അന്വേഷിക്കണം എന്നെനിക്കറിയില്ല. അവരുടെ ഫ്ലൈറ്റിന് സമയമാകുന്നു. നിങ്ങൾ വിട്ടോ, ഞാൻ അടുത്ത വണ്ടിയ്ക്ക് വന്നേക്കാമെന്നു പറഞ്ഞ് ഞാനവരെ യാത്രയാക്കി. അപ്പോഴും ജോനോ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. പത്തടി നടന്ന് വീണ്ടും നോക്കിയപ്പോൾ അവൻ അപ്രത്യക്ഷനായിരിക്കുന്നു.

എനിക്ക് പോകാനുള്ള അടുത്ത വണ്ടി ക്രൂ ബസാണ്. ഞാനതിൽ കയറിയിരുന്നു. ലൈറ്റ് മീറ്റർ അവിടെത്തന്നെയുണ്ടായിരുന്നു. ജോനോയെ ബസിലും കണ്ടില്ല. ഇന്ന് കശ്മീരിലെ ഷൂട്ടിംഗ് തീർക്കണം. എടുക്കാൻ ഒരുപാട് ബാക്കിയുണ്ട്. ശ്രീനഗറിലെത്തി ഷൂട്ട് തുടങ്ങാറായപ്പോൾ വീണ്ടും ഞാൻ ജോനോയെ അന്വേഷിച്ചു. കണ്ടവരാരും ഇല്ല. എല്ലാവരും അവസാനം കണ്ടത് യൂസ് മർഗിൽ ലാറയും അലനും കയറിപ്പോയ കാറിൽ നിന്ന് കണ്ണെടുക്കാതെ നോക്കിനിൽക്കുന്ന ജോനോയെ ആണ്. അതിനുശേഷം അവനെ കണ്ടതായി ആരും ഓർക്കുന്നില്ല.

വൈകീട്ട് ഹൗസ് ബോട്ടിലേക്ക് വരാൻ ഗ്രിഫിത്ത് ക്ഷണിച്ചു. അലനെ ക്ഷണിച്ചിട്ടില്ല. ഹൗസ് ബോട്ടിലെ റാന്തൽ വെളിച്ചത്തിൽനിന്ന് എന്നെ മാറ്റിനിർത്തി ഗ്രിഫിത്ത് ചോദിച്ചു, ‘ജോനോയ്ക്ക് എന്തുപറ്റി?’. എനിക്കറിയില്ലെന്നുപറഞ്ഞ് ഞാനൊഴിഞ്ഞു. ചിപ്ലൂൺകറുമായി ഒന്ന് സംസാരിച്ചാൽ ചിലപ്പോൾ എന്തെങ്കിലും വിവരം കിട്ടുമെന്ന് ഗ്രിഫിത്ത് വീണ്ടും പറഞ്ഞു. സംസാരിച്ചുനോക്കാമെന്ന് ഞാൻ സമ്മതിച്ചു. പിറ്റേന്നുരാവിലെ ശ്രീനഗർ എയർപോർട്ടിൽ നിന്ന് അമൃത് സറിലേക്ക് പോകാനായി ഫ്ലൈറ്റ് കാത്തിരിക്കുന്നവരിൽ, എനിക്കും അലനുമൊപ്പം ഗ്രിഫിത്തും കിയാരയും കൂടി ഉണ്ടായിരുന്നു. ഇതേ ഫ്ലൈറ്റിൽ ജോനോയ്ക്കും ഒരു ടിക്കറ്റുണ്ട്. എന്നാൽ ആ യാത്രക്കാരൻ ഇതുവരെ എത്തിയിട്ടില്ല. തലേന്ന് രാത്രി ഞാൻ ചിപ്ലൂൺകറുമായി സംസാരിച്ചിരുന്നു. പ്രണയനഷ്ടം തന്നെയാണ് കാര്യം എന്നയാൾ പറഞ്ഞു. ലാറ അലന്റെ കൂടെ കാറിൽ കയറി പോകുന്ന കാഴ്ച മനസ്സിൽ നിന്ന് മായാതെ അവൻ മാറി നടക്കുകയായിരിക്കും എന്ന് ഞാനും വിചാരിച്ചു.

 അമൃത്സറിൽ ചെന്ന് പെട്ടി വെച്ചയുടനെ അലനും ഞാനും ലൊക്കേഷൻ വിസിറ്റിനിറങ്ങി. സുവർണ ക്ഷേത്രം, ജാലിയൻവാലാ ബാഗ് - ഇത് രണ്ടുമാണ് ഷൂട്ട് ചെയ്യാനുള്ള സ്ഥലങ്ങൾ.
അമൃത്സറിൽ ചെന്ന് പെട്ടി വെച്ചയുടനെ അലനും ഞാനും ലൊക്കേഷൻ വിസിറ്റിനിറങ്ങി. സുവർണ ക്ഷേത്രം, ജാലിയൻവാലാ ബാഗ് - ഇത് രണ്ടുമാണ് ഷൂട്ട് ചെയ്യാനുള്ള സ്ഥലങ്ങൾ.

അമൃത്സറിൽ ചെന്ന് പെട്ടി വെച്ചയുടനെ അലനും ഞാനും ലൊക്കേഷൻ വിസിറ്റിനിറങ്ങി. സുവർണ ക്ഷേത്രം, ജാലിയൻവാലാ ബാഗ് - ഇത് രണ്ടുമാണ് ഷൂട്ട് ചെയ്യാനുള്ള സ്ഥലങ്ങൾ. എല്ലായിടത്തും ഞങ്ങൾക്ക് സായുധസേനാ സംരക്ഷണവും ഉണ്ട്. കാശ്മിർ വിഘടനവാദം പോലെ, അല്ലെങ്കിൽ അതിലും രൂക്ഷമായി പഞ്ചാബിൽ ഖാലിസ്ഥാൻ വാദം അനുഭവപ്പെട്ടിരുന്ന സമയമായിരുന്ന അത്. ഭിന്ദ്രൻവാലെ, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാഗാന്ധിയുടെ മരണം, സിഖ് കൂട്ടക്കൊല-ഇതെല്ലാം കഴിഞ്ഞ് ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ എന്ന പേരിൽ സുവർണക്ഷേത്രത്തിലേക്ക് വീണ്ടുമൊരു പടനീക്കം, ഇങ്ങനെ നടപടികൾ നിരന്തരം തുടരുന്ന കാലം. സിഖ് മതക്കാരുടെ രാജ്യസ്നേഹം ഔദ്യോഗികമായി ചോദ്യം ചെയ്യപ്പെടുന്ന കാലം. ബ്ലാക്ക് തണ്ടർ കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും അമൃത് സർ ഒരു വിജനനഗരമായി തുടരുന്നു. കടകൾ പലതും അടഞ്ഞുകിടക്കുന്നു. വഴികൾ ശൂന്യമാണ്. ഇരുവശത്തേക്കും മെഷീൻ ഗണ്ണുകൾ ഉറപ്പിച്ചുവെച്ച് അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന സേനാവാഹനങ്ങളാണ് പ്രധാന ട്രാഫിക്. ഞങ്ങൾ താമസിക്കുന്ന അമൃത്സർ ഇൻ്റർ നാഷണൽ ഹോട്ടൽ നഗരത്തിലെ ഏറ്റവും വലുതാണ്. അവിടെ എണ്ണൂറ് മുറികളുണ്ട്. എന്നാൽ ഇന്നവിടെ നാല് മുറികളിൽ മാത്രമേ താമസക്കാരുള്ളൂ. അലൻ, ഞാൻ, ഗ്രിഫിത്തും കിയാരയും, പിന്നെ ജോനോയ്ക്കായി ബുക്ക് ചെയ്ത നാലാമത്തെ മുറിയും.

സുവർണക്ഷേത്രത്തിന്റെ ഏറ്റവും നല്ല കാഴ്ചപ്പാടുകൾ തേടി അലനും ഞാനും വൈകീട്ട് കുറേ സമയം അവിടെയെല്ലാം ചുറ്റിനടന്നു. ക്ഷേത്രത്തിനും വലിയ കുളത്തിനും പുറത്ത്, ഉയരത്തിൽ തിങ്ങിനിറഞ്ഞുനിൽക്കുന്ന നീണ്ടു മെലിഞ്ഞ കെട്ടിടങ്ങൾ പലതും പണ്ട് ലോഡ്ജുകളായിരുന്നു. ഇപ്പോൾ അവ മിക്കതും സൈന്യത്തിന്റെ കൈവശമാണ്. അതിലൊന്നിൽ കയറിനിന്ന് നോക്കിയാൽ ക്ഷേത്രത്തിന്റെ ദൃശ്യം നന്നായിക്കാണാൻ കഴിയും എന്ന് ഞങ്ങൾക്ക് തോന്നി.

അല്പം കഴിഞ്ഞ് താക്കോലുകളുമായി രണ്ട് ജവാന്മാർ വന്നു. ഇടുങ്ങിയ കുറേ കോണിപ്പടികൾ കയറി ഏഴാം നിലയിൽ എത്തിയപ്പോൾ അവിടെ നിലത്തെല്ലാം ഒരേ രൂപത്തിലും നിറത്തിലുമുള്ള ചെറിയ ഡയറി പോലെയുള്ള കുറേ കുഞ്ഞു പുസ്തകങ്ങൾ ചിതറിക്കിടക്കുന്നു. അടുത്തുചെന്ന് നോക്കിയപ്പോൾ പാസ്പോർട്ട് ബുക്കുകളാണ്. ഖാലിസ്ഥാൻ പൗരർക്ക് വിതരണം ചെയ്യാൻ, ഖാലിസ്ഥാൻ സർക്കാർ തയാറാക്കിയ ഖാലിസ്ഥാനി പാസ്പോർട്ടുകളാണ് ഇവിടെ ഇങ്ങനെ ഉടമസ്ഥരില്ലാതെ ചിതറിക്കിടക്കുന്നത്. ഈ അപൂർവ ചരിത്രരേഖകളിലൊന്ന് രഹസ്യമായി പോക്കറ്റിലാക്കാൻ ശ്രമിച്ച എന്നെ ഒരു സി.ആർ.പി.എഫ് ജവാൻ കൈയോടെ പിടിച്ച് അത് ഇരുന്നിടത്ത് തിരികെ വെപ്പിച്ചു.

തിരിച്ച് ഹോട്ടലിൽ വന്നപ്പോൾ കിട്ടിയ വാർത്ത ജോനോ എത്തിയിട്ടുണ്ട് എന്നതാണ്. കുറച്ചുമുൻപ് ചെക്കിൻ ചെയ്ത് നേരേ മുറിയിൽ കയറി വാതിലടച്ചിരിപ്പാണ്. സുവർണക്ഷേത്രത്തിലെ ലംഗാർ ഹാൾ പോലെ പരന്നുകിടക്കുന്ന അമൃത്സർ ഇൻ്റർനാഷണൽ ഹോട്ടലിലെ ആഡംബര റെസ്റ്റാറൻ്റിന്റെ നൂറിൽപ്പരം മേശകളെല്ലാം തന്നെ ഇല്ലാത്ത അതിഥികൾക്കായി പൂർണ സജ്ജമാണ്, ക്രോക്കറിയും കട്ലറിയും ഗ്ലാസ് വേയ്റും എല്ലാം അടക്കം. എന്നാൽ അതിഥികളുണ്ടായിരുന്ന ഏക ടേബിൾ, റസ്റ്റോറൻ്റിന്റെ ഒരറ്റത്ത് അടുക്കളയോട് അടുത്തുള്ള, അലനും ഗ്രിഫിത്തും ഞാനും ഭക്ഷണം കഴിക്കാനിരുന്ന ടേബിൾ മാത്രമായിരുന്നു. കിയാര ഇന്ന് രാത്രിഭക്ഷണം മുറിയിൽ വരുത്തിയാണ് കഴിക്കുന്നത്. സമയമിപ്പോൾ രാത്രി ഒൻപതായിക്കാണും.

പെട്ടെന്ന് ഹാളിന്റെ മറ്റെയറ്റത്ത് ജോനോ പ്രത്യക്ഷപ്പെട്ടു. ഞാനാണാദ്യം കണ്ടത്.

അലനും ഗ്രിഫിത്തും തിരിഞ്ഞുനോക്കി. ജോനോയുടെ ഇടതുതോളിൽ സ്ഥിരമുള്ള കീറിയ ബാഗ് അവിടെത്തന്നെയുണ്ട്. പാതി തീർത്ത ഒരു ബിയർ കുപ്പിയുടെ കഴുത്ത് വലത് കൈവിരലുകൾക്കിടയിൽ തൂക്കിയിട്ടുകൊണ്ട് ജോനോ ആടിയായി നടന്ന് ഞങ്ങളുടെ ടേബിളിനടുത്തുവന്ന് നിന്നു. എന്നിട്ട് അവിടെ നിന്നു കൊണ്ടുതന്നെ ബാക്കി ബിയർ കുടിച്ചുതീർത്തു. അടുത്ത നിമിഷം അവനാ കുപ്പി വായുവിലുയർത്തി സകലശക്തിയുമെടുത്ത് അലന്റെ ഉച്ചിയിൽ അടിച്ചു പൊട്ടിച്ചു. ചിതറുന്ന ചില്ലുകളോടൊപ്പം ചിതറുന്ന രക്തവും. പിന്നെ അവിടെ എന്താണ് നടന്നതെന്ന് എനിക്ക് ക്രമമായ ഓർമകളില്ല. ജോനോയെ തടയുന്നതും തള്ളിമാറ്റുന്നതും ഓർമയുണ്ട്.

ചോരയിൽ കുളിച്ച അലനെ താങ്ങിക്കൊണ്ടുപോയി അടുക്കളയിൽ ഒളിപ്പിച്ച് മുൻവാതിലിലൂടെ പുറത്ത് കൊണ്ടുവന്നത് ഓർമയുണ്ട്. എന്റെ ഷർട്ട് വലിച്ചു കീറി അലന്റെ തല കെട്ടിയതോർമയുണ്ട്. എന്റെ കൂടെ മറ്റാരുമില്ലായിരുന്നു എന്നോർമയുണ്ട്. ഈ ഹോട്ടലിൽ ഞങ്ങൾ അഞ്ചു പേർ മാത്രമാണല്ലോ താമസം എന്നോർത്തതും ഓർമയുണ്ട്. ഞങ്ങളുടെ ഒരു കാറോ ഡ്രൈവറോ ഇവിടെ ഇല്ല. അവരുടെ ഹോട്ടലുകൾ ഏതാണെന്നെനിക്കറിയില്ല. വിളിക്കാൻ നമ്പറും ഫോണും, ഇല്ല. അപ്പുറത്ത് വീണ്ടും എന്തോ പൊട്ടിത്തകരുന്ന ശബ്ദവും ജോനോയുടെ ആക്രോശവും കേട്ടു. അലനുമായി ഞാൻ വേഗം റോഡിലേക്കിറങ്ങി. ആക്രമണത്തിന്റെ ആദ്യത്തെ ആഘാതത്തിൽ നിന്ന് അലൻ കുറശ്ശെ മോചിതനാകുന്നുണ്ട്. പതുക്കെ നടക്കാനും സാധിക്കുന്നുണ്ട്. എങ്കിലും ഇപ്പോഴും ചോര നിന്നിട്ടില്ല. എന്റെ കീറിയ ഷർട്ടിന്റെ കെട്ടിനൊന്നും ചോര നിർത്താൻ കഴിയുന്നില്ല.

വേണു  ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ
വേണു ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ

റോഡിൽ ആദ്യം കണ്ട വണ്ടി ഒരു പട്ടാള വണ്ടിയായിരുന്നു. കുടുതലൊന്നും ചോദിക്കാതെ, വലത്തേക്കൊരു വഴി ചൂണ്ടിക്കാണിച്ചിട്ട് അവർ പെട്ടെന്ന് സ്ഥലം വിട്ടു. ഒന്നവിടെ ആക്കിത്തരാമോ എന്ന് വിളിച്ച് ചോദിച്ചതിന്റെ ഉത്തരമായി കിട്ടിയ, നൂറിൽ വിളിച്ച് പറയാനുള്ള ഉപദേശവും മറുപടി കാക്കാതെ ജീപ്പിനോടൊപ്പം ഓടിപ്പോയി. എന്തായാലും ഇവിടെ നിന്നിട്ട് കാര്യമില്ല. മുന്നോട്ട് നടക്കാൻ തന്നെ തീരുമാനിച്ചു. അലന്റെ കാലുകൾ നിലത്തുറക്കുന്നില്ല. എന്നെ താങ്ങി വേച്ചുവേച്ചാണ് നടക്കാൻ ശ്രമിക്കുന്നത്. ഷർട്ട് ചോരയിൽ നനഞ്ഞൊട്ടിക്കിടക്കുന്നു. എന്റെ ദേഹത്തും നിറയെ ചോരയാണ്.

പിന്നെ വന്നത് ഒരു സൈക്കിൾ റിക്ഷയായിരുന്നു. ഇങ്ങനെയൊരു സ്ഥലത്ത്, ഈ സമയത്ത്, ഇരുട്ടിൽ ചോരയൊലിപ്പിച്ച് നിൽക്കുന്ന ഒരു വിദേശിയെയും അയാളെ വട്ടം പിടിച്ച് നിൽക്കുന്ന ഷർട്ടിടാത്ത ഒരു താടിക്കാരനെയും കണ്ടിട്ട് റിക്ഷാക്കാരൻ സർദാർജി ഭയന്നില്ല. ഒട്ടും മടിക്കാതെ അയാൾ ഞങ്ങളെ റിക്ഷയിൽ കയറ്റി അടുത്ത ആശുപത്രിയിലേക്ക് ആകാവുന്നത്ര വേഗത്തിൽ കൊണ്ടുപോയി. അഞ്ച് കി.മീ. ദൂരെയാണ് ആശുപത്രി. വലിയ വഴിയാണെങ്കിലും എല്ലായിടത്തും നിശ്ശബ്ദമായ ഇരുട്ടാണ്. റിക്ഷയുടെ ചെയിൻ വലിയുന്ന കിരുകിരുപ്പിന്റെ താളത്തിൽ ദൂരെ ചില തെരുവു ലൈറ്റുകൾ മിന്നുന്നുണ്ട്. ഇരുണ്ട ആകാശത്തിനെതിരെ അതിലും ഇരുണ്ടുനിൽക്കുന്ന മൂകമന്ദിരങ്ങൾ മുഖം തിരിക്കുന്നത് മന്ദഗതിയിലാണ്. റിക്ഷ വളരെ പതുക്കെയാണ് ഓടുന്നത് എന്നെനിക്കുതോന്നി. അലന്റെ ചോര ഇപ്പോഴും നിൽക്കുന്നില്ല. സർദാർജിയോട് കുറച്ച് കൂടി വേഗത്തിൽ പോകാൻ പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു. എന്നാൽ പടിപടിയായി ഉയരാൻ തുടങ്ങിയിരുന്ന സർദാർജിയുടെ താളത്തിലുള്ള കിതപ്പിന്റെ ശബ്ദം റിക്ഷയുടെ ചെയിനിന്റെ ശബ്ദത്തിനും മുകളിൽ കേൾക്കാൻ തുടങ്ങിയപ്പോൾ ഞാനാ ആലോചന വേണ്ടെന്നു വെച്ചു. സർദാർജിയെ ആ സമയത്ത് കിട്ടിയില്ലായിരുന്നെങ്കിൽ എന്തായിരുന്നേനെ ഞങ്ങളുടെ അവസ്ഥ എന്നാലോചിക്കാനും ഞാനപ്പോൾ മറന്നു പോയി. അമൃത്സറിൽ ഇപ്പോൾ കർഫ്യൂവിനു സമാനമായ അന്തരിക്ഷമാണ്. ഹോട്ടലിൽനിന്ന് ആശുപത്രി വരെയുള്ള അഞ്ചു കി.മി. ദൂരത്തിനിടയിൽ ഒരു വണ്ടി പോലും കണ്ടതായി ഞാൻ ഓർക്കുന്നില്ല. ആശുപത്രിയും വിജനമായിരുന്നു. ഞങ്ങളെ ആശുപത്രിലെത്തിച്ചിട്ടും സർദാർജി പോകാതെ നിന്നു. എല്ലാത്തിനും കൂടെ നിന്ന് സഹായിക്കുകയും ചെയ്തു.

ബിയർ കുപ്പി പരസ്പരം എറിഞ്ഞ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൈവഴുതി തലയിൽ വിണ് പൊട്ടി പരുക്ക് പറ്റി, എന്നൊരു കുട്ടിക്കഥയാണ് ആശുപത്രിയിൽ കാരണമായി പറഞ്ഞിരിക്കുന്നത്. അലന്റെ മുറിവുകൾ ഗുരുതരമായിരുന്നു. തലയിലും കൈയിലുമായി മുപ്പത് തയ്യലുകൾ ഇടേണ്ടിവന്നു. ഞാനില്ലാതെ ഓപ്പറേഷൻ തിയേറ്ററിൽ കയറാൻ വിസമ്മതിച്ച് അലൻ ആദ്യം എന്റെ കൈയിൽ നിന്ന് പിടിവിടാതെ നിന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് ചിലരൊക്കെ വന്നുതുടങ്ങിയിരുന്നു. അലൻ ഇപ്പോൾ ചിരിക്കുന്നുണ്ട്. സാരമില്ല കുഴപ്പമില്ല, എന്നൊക്കെ പറയുന്നുമുണ്ട്.

ആശുപത്രിയിലെ ഒരു പൈപ്പിൽ ചുവട്ടിൽ ഞാനെന്റെ ദേഹത്തെ ചോരപ്പാടുകൾ കുറച്ചൊക്കെ കഴുകിക്കളഞ്ഞു. എക്‌സ് റേകൾക്കും തുന്നലുകൾക്കും ഡ്രിപ്പുകൾക്കും ഒരു മണിക്കൂർ നേരത്തെ നിരീക്ഷണത്തിനും ശേഷം അലന് ഡിസ്ചാർജ് കിട്ടി. ഇത്ര വേഗമൊരു ഡിസ്ചാർജ് ഞങ്ങളാരും പ്രതീക്ഷിച്ചതല്ല. പ്രത്യേകിച്ച് ഇങ്ങനെയൊരു ഹെഡ് ഇൻജുറിക്കുശേഷം. എന്നാൽ അലൻ എറ്റവും സന്തോഷിച്ച സമയമായിരുന്നു അത്. അവരുടെ മനസ്സു മാറുന്നതിനുമുൻപ് നമുക്ക് ഇവിടുന്ന് പോകാം എന്നു പറഞ്ഞ് ഉറയ്ക്കാത്ത കാലുകളിൽ അലൻ എഴുന്നേറ്റ് നിന്നു. ഞങ്ങൾ ഹോട്ടലിലേക്ക് മടങ്ങി.

ഹോട്ടൽ മുറ്റത്ത് ഒരു പോലീസ് വണ്ടിയും, ലോബിയിൽ ചുറ്റും നോക്കിനടന്ന് എന്തൊക്കെയോ എഴുതിയെടുത്തുകൊണ്ടിരുന്ന രണ്ട് പോലീസുകാരും ഉണ്ടായിരുന്നു. ജോനോ ഇവിടെയെവിടെയെങ്കിലും ഉണ്ടോ എന്ന ആശങ്കയിൽ, അവന്റെ സാന്നിധ്യം മാത്രം തേടി നടന്ന എന്റെ കണ്ണുകൾക്ക്, അല്പം മുൻപുമാത്രം അവിടെ നടന്ന മറ്റൊരാക്രമണത്തിന്റെ അവശിഷ്ടങ്ങൾ അപ്പോൾ കാണാൻ കഴിഞ്ഞില്ല. ജോനോയുടെ സാന്നിധ്യം അലനുമാത്രമല്ല, ചിലപ്പോൾ എനിക്കുപോലും ഭീഷണിയാകാമെന്ന് ഞാൻ ഭയന്നു. അവൻ അലനെ അടിച്ച അടി, കൊല്ലാനുള്ള അടിയായിരുന്നു. അതിപ്പോഴും അപൂർണമായി നിൽക്കുന്നു. അതിനെ പൂർണതയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയും നടക്കാം. ഞാനെന്റെ ഭയം ഞങ്ങളുടെ മാനേജരോട് പറഞ്ഞു. എന്നാൽ അത് പേടിക്കാനില്ലെന്നും ജോനോ ഇനി ഇങ്ങോട്ട് വരില്ല എന്നും മാനേജർ ഉറപ്പിച്ചുപറഞ്ഞു. കാരണം, ആ സമയത്ത്, പഞ്ചാബ് പോലിസിന്റെ ലാത്തികൾ സമ്മാനിച്ച കഠിനമായ വേദന സഹിക്കാനാവാതെ, ബോധം മറഞ്ഞു തുടങ്ങുന്ന മനസ്സുമായി, പഞ്ചാബ് പോലീസിന്റെ തന്നെ സംരക്ഷണത്തിൽ ഒരു എയർ ഇന്ത്യ വിമാനത്തിലിരുന്ന് ദില്ലിയിലേക്ക് പറക്കുകയായിരുന്നു ജോനോ. ഗ്രിഫിത്തിനെ അവിടെ എവിടെയും കാണാനുണ്ടായിരുന്നില്ല. സമയം രാത്രി ഒരു മണിയായി.

അടുത്ത ദിവസത്തെ ഷൂട്ടിന് മാറ്റമൊന്നുമില്ലെന്ന് അലൻ പറഞ്ഞു. നാളെ അവധി പ്രതീക്ഷിച്ചവർ നിരാശരായി മടങ്ങി. അലനെ മുറിയിലാക്കാനായി ഞാനും കൂടെച്ചെന്നു. ‘നിങ്ങളെന്റെ ജീവൻ രക്ഷിച്ചു’ എന്നുപറഞ്ഞ്, അലൻ എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് പുതിയൊരു ഷർട്ട് വാങ്ങിത്തന്നാൽ പ്രശ്നം തീരുമെന്ന് ഞാനും പറഞ്ഞു. ഇട്ടിരുന്ന ഷർട്ട് കീറിയാണ് ഞാൻ അലന്റെ തല കെട്ടിയത്. എനിക്കിപ്പോഴും ഉടുപ്പില്ല.
ഉടുപ്പിടാതെ തന്നെ ഞാൻ താഴെ ലോബിയിലേക്ക് തിരിച്ചുചെന്നു. ജോനോയെ ലഗേജടക്കം പോലീസ് വണ്ടിയിൽ കയറ്റി കൊണ്ടുപോയെന്ന് ചിപ്ലൂൺകർ പറഞ്ഞു. നന്നായി, എന്ന് ഞാനും പറഞ്ഞു.

നെഹ്റുവിന്റെ ജനനം മുതൽ മരണം വരെ അദ്ദേഹവുമായി ബന്ധപ്പെട്ട ഏകദേശം എല്ലാ സ്ഥലങ്ങളിലും ഷൂട്ട് ചെയ്യേണ്ടതുണ്ട്. നെഹ്റു മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ സമകാലിനരും എതിരാളികളും സിനിമയിലുണ്ട്.
നെഹ്റുവിന്റെ ജനനം മുതൽ മരണം വരെ അദ്ദേഹവുമായി ബന്ധപ്പെട്ട ഏകദേശം എല്ലാ സ്ഥലങ്ങളിലും ഷൂട്ട് ചെയ്യേണ്ടതുണ്ട്. നെഹ്റു മാത്രമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ സമകാലിനരും എതിരാളികളും സിനിമയിലുണ്ട്.

ഇവിടുത്തെ ചുറ്റുപാടുകൾ ഞാനിപ്പോഴാണ് ശരിക്കൊന്ന് ശ്രദ്ധിച്ചത്. റിസെപ്ഷൻ കൗണ്ടറും അലങ്കാരങ്ങളും അലങ്കോലമായിക്കിടക്കുന്നു. വിവിധ രാജ്യങ്ങളിലെ സമയം കാണിക്കുന്ന അഞ്ച് ക്ലോക്കുകൾ കണ്ണാടിച്ചില്ലുകൾക്കിടയിൽ സമയമറ്റ് കിടക്കുന്നു. രണ്ട് ഫോണുകൾ പൊട്ടിത്തുറന്നും ഒടിഞ്ഞ് തൂങ്ങിയും കിടക്കുന്നു. ഒരു കസേര കാലൊടിഞ്ഞ് മലർന്നുകിടക്കുന്നു. എല്ലാം ജോനോ തല്ലിപ്പൊട്ടിച്ചതാണെന്ന് ചിപ്ലൂൺകർ പറഞ്ഞു. ഒടുവിൽ പോലീസ് എത്തിയപ്പോൾ അവരെ കസേരയെടുത്തെറിഞ്ഞു. കൂടുതൽ തകർക്കൽ തുടങ്ങി. അധികനേരം പോലിസ് നോക്കി നിന്നില്ല. അവനിന്ന് കിട്ടിയ അടിയുടെ കേട് തീരാൻ കാലം കുറെ എടുക്കുമെന്ന് പറഞ്ഞ് ചിപ്ലൂൺകർ ഒരു നിമിഷം കണ്ണടച്ചു. മാത്രമല്ല, ജോനൊയെ കൈയിലും കാലിലും വിലങ്ങുവെച്ച് വണ്ടിയിലിരുത്തിയിട്ട് അവന്റെ മുറി പരിശോധിക്കാൻ ചെന്ന പോലിസ് കണ്ടത് തറയിൽ കത്തിക്കാൻ പാകത്തിന് കൂട്ടിയിട്ടിരുന്ന മെത്തയ്ക്കും തലയിണയ്ക്കും ഷീറ്റുകൾക്കുമൊപ്പം, തല്ലിയൊടിച്ച കട്ടിലിന്റെ ഒരു ഭാഗവും ഒടിഞ്ഞ കസേരക്കാലുകളും ഒരു കുപ്പി മണ്ണെണ്ണയുമാണ്. എല്ലാം തയാറാക്കി വെച്ചിട്ടാണ് ജോനോ പകരം വീട്ടാനിറങ്ങിയത്.

ഇതിനിടെ ചിപ്ലൂൺകർ രഹസ്യമായി എന്നോട് മാത്രമായി ഒരു കാര്യം പറഞ്ഞു. ജോനോ ശ്രീനഗറിൽനിന്ന് 10,000 രൂപ കൊടുത്ത് ഒരു കിലോ ഹഷീഷ് വാങ്ങിയിട്ടുണ്ട്. അതവന്റെ കൈയിലെ ബാഗിലുണ്ടായിരുന്നു. അത് വാങ്ങാൻ സഹായിച്ചത് താനാണ്. പിടിച്ചാൽ താനും കുടുങ്ങും. എന്നാൽ ഇതൊന്നും ആരും പിടിക്കാൻ പോകുന്നില്ലെന്നും, എന്തെങ്കിലും പുറത്ത് വന്നാൽ അത് ഇന്ത്യ സർക്കാരിന് വലിയ നാണക്കേടാകുമെന്നും, അതൊഴിവാക്കണമെങ്കിൽ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന് ഭാവിക്കുകയാണ് വേണ്ടത് എന്നും ചിപ്ലൂൺകറിന് അപ്പോൾ അറിയില്ലായിരുന്നു. എന്നാൽ അതറിയാവുന്നവർ സർക്കാരിന്റെ ഭാഗത്തുണ്ടായിരുന്നു.

കൂടിയാലോചനകൾ വളരെ തിടുക്കത്തിൽ നടന്നു. പ്രധാന തീരുമാനം, ഇങ്ങനെയൊരു സംഭവം നടന്നു എന്ന് കാണിക്കുന്ന ഒരു രേഖയും എവിടെയും കാണാൻ പാടില്ല എന്നതായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട രേഖകളെല്ലാം പോലീസ് സ്റ്റേഷനിൽ നിന്നും ആശുപത്രിയിൽ നിന്നും ആദ്യം തന്നെ മാറ്റി. മനഃപൂർവമായുള്ള കൊലപാതകശ്രമം, കലാപത്തിനും കൊള്ളിവെയ്പിനുമുള്ള നീക്കം, പോലീസിനെ ആക്രമിക്കൽ, വാണിജ്യവ്യവസ്ഥയിൽ മയക്കുമരുന്ന് കൈവശം വെയ്ക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുക്കാൻ കഴിയുമായിരുന്ന നിരവധി കേസുകൾ വേണ്ടെന്നു വെച്ചു. ഇതിനിടയിൽ പഞ്ചാബ് പോലീസ് ദില്ലിയിലെത്തിച്ച ജോനോയെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്ന് മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങി. അന്നുരാത്രി മൂന്ന് മണിക്കുള്ള എയർ ഇന്ത്യയുടെ ഡൽഹി ലണ്ടൻ ഫ്ലൈറ്റിലെ ബിസിനസ് ക്ലാസിൽ ജോനാഥൻ ഗ്രിഫിത്തിനെ ഇന്ത്യൻ സർക്കാർ രഹസ്യമായി ലണ്ടനിലേക്ക് കടത്തി. ഇക്കോണമി ക്ലാസിൽ സീറ്റില്ലായിരുന്നു എന്നതാണ് ബിസിനസ് ക്ലാസിൽ പോകാനുള്ള കാരണമായി പറഞ്ഞതെങ്കിലും അധികം ജനശ്രദ്ധ കിട്ടാതിരിക്കാനാണ് യാത്രക്കാർ കുറവുള്ള ബിസിനസ് ക്ലാസിൽ കയറ്റിവിട്ടതെന്ന് കൂടെപ്പോയ ഡ്രൈവർ പറഞ്ഞു. ഈ സമയമെല്ലാം കെനത്ത് ഗ്രിഫിത്തിന്റെ മുറിയിലെ ഫോൺ വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്രങ്ങളോ പ്രതിപക്ഷങ്ങളോ ഇങ്ങനെയൊരു സംഭവം അന്ന് അറിഞ്ഞതേ ഇല്ല.

സിനിമയുടെ ഷൂട്ട് തീരാൻ വീണ്ടും ഒരുപാട് മാസങ്ങളെടുത്തു. അതിന്റെ എഡിറ്റിംഗും മറ്റും ലണ്ടനിലാണ് നടന്നത്. എനിക്കവിടെ ആ സമയത്ത് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെങ്കിലും ഞാനും അപ്പോൾ ലണ്ടനിലുണ്ട്. ജോനോയും ലണ്ടനിൽ എവിടെയോ ഉണ്ട് എന്ന ചിന്ത ഇടക്കിടെ എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. സൈക്കോപാത്തുകളെ അന്നും ഇന്നും എനിക്ക് ഭയമാണ്. അലന്റെ മനസ്സിലും സമാനമായ ഭീതികളുണ്ടായിരുന്നു എന്നുറപ്പാണ്. ആ സമയത്ത്, ഒരു പ്രൊഡ്യൂസറുടെ തന്നെ മൂന്ന് സിനിമകൾ സംവിധാനം ചെയ്യാനുള്ള ഒരു ഓഫർ അലന് ലഭിച്ചു. മൂന്ന് തിരക്കഥകളും നടിനടന്മാരും റെഡിയാണ്. അതിലൊന്നും മാറ്റം പാടില്ല. എങ്കിലും സാങ്കേതിക കാര്യങ്ങൾ സംവിധായകന് സ്വതന്ത്രമായി തീരുമാനിക്കാം. അലൻ ആദ്യം തന്നെ ക്യാമറാമാനായി എന്നെ തിരുമാനിച്ചു. എനിക്കും വലിയ സന്തോഷമായി. മൂന്നും ചെറിയ സിനിമകളാണെങ്കിലും പുതിയ അനുഭവങ്ങൾ ധാരാളം ഉണ്ടാകും. പ്രതിഫലവും മോശമാകില്ല. രണ്ടു ദിവസത്തിനകം കൂടുതൽ വിവരം കിട്ടുമെന്നും എന്തായാലും ഉടൻ ലൊക്കേഷൻ കാണാൻ റെഡി ആയിക്കോ, പാസ്പോർട്ടിന്റെ കോപ്പി എടുത്തു വെച്ചോ, എന്നുമെല്ലാം അലൻ ഉത്സാഹത്തിൽ പറഞ്ഞു.
എവിടെയാണ് ലൊക്കേഷൻ എന്നു ചോദിച്ചപ്പോൾ അത് ആഫ്രിക്കയിൽ എവിടെയോ ആണെന്നും നാളെ കൃത്യം അറിയാം എന്നും പറഞ്ഞ് അലൻ ഫോൺ വെച്ചു. നാളെ വരെയൊന്നും കാക്കാതെ അപ്പോൾത്തന്നെ ഞാൻ ആഫ്രിക്കയിലേക്ക് പോയി.

പിറ്റേന്ന് കാലത്ത് വോർഡ്രോ സ്ട്രീറ്റിലെ അലന്റെ ഓഫീസിനടുത്തുള്ള ഒരു പബ്ബിൽ ഞാൻ അലനെ കാത്തിരുന്നു. അലൻ വലിയ ഉത്സാഹത്തിലാണ് വന്നത്. വന്നയുടൻ ബാഗിൽ നിന്നൊരു കടലാസെടുത്ത് എന്തൊക്കെയോ ധൃതിയിൽ എഴുതിക്കൂട്ടി എന്റെ നേരെ നീട്ടി. മൂന്ന് സിനിമകളുടെയും ഏകദേശം ഷൂട്ടിംഗ് ദിവസങ്ങളും എന്റെ പ്രതിഫലത്തിന്റെ കണക്കുകളുമാണ് കടലാസിൽ. എന്റെ പ്രതീക്ഷകൾക്കൊക്കെ വളരെ അപ്പുറമാണ് പ്രതിഫലത്തുക. ഞാൻ പലതും മനസ്സിൽ കാണാൻ തുടങ്ങി. ആഫ്രിക്കയിൽ ഏത് രാജ്യത്താണ് ഷൂട്ട് എന്ന് വീണ്ടും അന്വേഷിച്ചപ്പോൾ, അത് ചോദിക്കാൻ പിന്നെയും മറന്നു എന്നു പറഞ്ഞിട്ട്, എവിടെയായാലെന്താ ആഫ്രിക്കയല്ലെ എന്നു കൂടി അലൻ പറഞ്ഞു. അലൻ ഇതുവരെ ആഫ്രിക്ക കണ്ടിട്ടില്ല. ഞാൻ ഇന്ത്യക്കുവെളിയിൽ ആകെ പോയിട്ടുള്ളത് ഇംഗ്ലണ്ടിലും ഹോളണ്ടിലും മാത്രമാണ്. ഞാനത് പറഞ്ഞപ്പോൾ അലൻ ധൃതിയിൽ എഴുന്നേറ്റ് എന്റെ പാസ്പോർട്ടിന്റെ കോപ്പിയും വാങ്ങി എനിക്ക് ഒപ്പിടാനുള്ള കോൺട്രാക്റ്റ് ഡ്രാഫ്റ്റ് ചെയ്യാനായി ഓഫീസിലേക്ക് പോയി. ഇവിടെ എനിക്കുവേണ്ടി ഇതെല്ലാം ചെയ്യുന്നത് അലനാണ്. പറയുന്നിടത്ത് ഒപ്പിടൽ മാത്രമായിരിക്കും എന്റെ ജോലി. കുറച്ചു മുൻപ് അലൻ എഴുതിത്തന്ന കുറിപ്പ് ഞാനൊന്ന് കൂടി ശ്രദ്ധിച്ചുനോക്കി. പൂജ്യങ്ങൾ പല തവണ എണ്ണി നോക്കി. സത്യമാണ്. കുറിപ്പ് പ്രകാരം എനിക്ക് പ്രതിഫലമായി കിട്ടാൻ പോകുന്നത് വളരെ വലിയ ഒരു തുക തന്നെയാണ്. ഞാനാ കടലാസ് മടക്കി എന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചിട്ട് ഒരു പൈൻ്റ് ബിറ്റർ ബിയർ പറഞ്ഞു.

അടുത്ത ദിവസം കുടുതൽ വിവരങ്ങൾ കിട്ടി. ആഫ്രിക്ക എന്നാൽ സൗത്താഫിക്ക ആണ്. അവിടെയാണ് മൂന്ന് സിനിമകളും ഷൂട്ട് ചെയ്യേണ്ടത്. നിർമാതാക്കൾ സൗത്താഫ്രിക്കക്കാരാണ്. പണവും അവിടെ നിന്നു തന്നെയാണ്. അതായത് ഇത് മൂന്നും സൗത്ത് ആഫ്രിക്കൻ സിനിമകളാണ്. എനിക്ക് പെട്ടെന്ന് എന്റെ പാസ്പോർട്ട് ഒന്ന് കാണണമെന്ന് തോന്നി. അത് നോക്കിയപ്പോൾ എന്റെ സംശയം ശരിയായിരുന്നു എന്ന് ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി. എന്റെ പാസ്പോർട്ടിൽ വ്യക്തമായി ഇങ്ങനെ എഴുതിയിട്ടുണ്ട് - ഈ പാസ്പോർട്ട് ഉപയോഗിച്ച് ദക്ഷിണാഫ്രിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ പോകാൻ അനുവാദമില്ല. എന്റെ അന്താരാഷ്ട്ര ഷൂട്ടിംഗ് പരമ്പര, തുടങ്ങുന്നതിന് മുൻപ് തന്നെ അവസാനിച്ചു എന്ന് ഞാൻ മനസ്സിലാക്കി.

സിനിമയുടെ ഷൂട്ട്  തീരാൻ വീണ്ടും ഒരുപാട് മാസങ്ങളെടുത്തു. അതിന്റെ എഡിറ്റിംഗും മറ്റും ലണ്ടനിലാണ് നടന്നത്.
സിനിമയുടെ ഷൂട്ട് തീരാൻ വീണ്ടും ഒരുപാട് മാസങ്ങളെടുത്തു. അതിന്റെ എഡിറ്റിംഗും മറ്റും ലണ്ടനിലാണ് നടന്നത്.

സൗത്ത് ആഫിക്കയിൽ അന്ന് നിലവിലിരുന്ന ഔദ്യോഗിക വർണവിവേചന നയത്തോടുള്ള എതിർപ്പുമൂലം ലോകത്തെ മഹാ ഭൂരിപക്ഷം രാജ്യങ്ങളും ആ രാജ്യവുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തിവെച്ചിരുന്ന കാലമായിരുന്നു അത്. എങ്കിലും ബ്രിട്ടൻ പോലെയുള്ള കുറച്ച് പാശ്ചാത്യ രാജ്യങ്ങൾ വളഞ്ഞ വഴികളിലൂടെ ആ ബന്ധം തുടർന്നുപോന്നു. അന്ന് ബ്രിട്ടിഷ് പാസ്പോർട്ടുമായി ഒരാൾക്ക് സൗത്ത് ആഫ്രിക്കയിൽ പോകാൻ യാതൊരു തടസവുമില്ല. എന്നാൽ, ഇന്ത്യൻ പാസ്പോർട്ടുപയോഗിച്ച് സൗത്താഫ്രിക്കയിൽ പോകുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ഇന്ത്യയിൽ അങ്ങനെയൊരു നിയമമുണ്ടെങ്കിൽ അതിവിടെ ഇംഗ്ലണ്ടിൽ ബാധകമല്ല എന്നും ഇവിടെനിന്ന് സൗത്താഫ്രിക്കയിൽ പോയി ഇങ്ങോട്ടുതന്നെ തിരിച്ചു വരുന്നതിന് പ്രശ്നമില്ല എന്നുമൊക്കെ അലൻ വാദിച്ചു നോക്കി. എന്നിട്ട് ഫോണെടുത്ത് ലണ്ടനിലെ സൗത്താഫ്രിക്കൻ ഹൈക്കമീഷൻ ഓഫീസിൽ വിളിച്ചു. സംഭാഷണത്തിനൊടുവിൽ, ‘ഞാൻ പറഞ്ഞില്ലേ ഇവിടുന്ന് പോകുമ്പോൾ അങ്ങനെ യാതൊരു പ്രശ്നവുമില്ല’ എന്നുപറഞ്ഞ് അലൻ വിജയഭാവത്തിൽ എഴുന്നേറ്റു.
എങ്ങനെ? എന്ന് ഞാൻ ചോദിച്ചു.
നാളെ രാവിലെ നമ്മൾ സൗത്താഫ്രിക്കൻ ഹൈക്കമ്മിഷൻ ഓഫീസിൽ പോകുന്നു. അവർക്കിതിനൊക്കെ കൃത്യമായ രീതികളുണ്ട്. നാളെ അവർ എല്ലാം വിശദമായി പറയും. ഇതെല്ലാം ഇവർക്ക് സാധാരണ കാര്യങ്ങളാണ്. നമ്മളൊന്നും അറിയണ്ട, ഒന്നും സംശയിക്കുകയും വേണ്ട. കമോൺ- ലെറ്റ്സ് പാക്ക് അവർ ബാഗ്സ് - വീ ആർ ഗോയിങ് ടു സൗത്ത് ആഫ്രിക്കാ…. ലല്ലലല്ല ലാ…

അന്നുരാത്രി കുറേ നേരം ഞാൻ സൗത്താഫ്രിക്കയെപ്പറ്റി ഓർത്തുകിടന്നു. മനസ്സിൽ വരുന്നതെല്ലാം ഫോട്ടോകളായിട്ടാണ്. ബ്ലാക്ക് ആൻ്റ് വൈറ്റിൽ, പത്രങ്ങളിലും മാസികകളിലും മറ്റും കണ്ടത് പോലെ, കഷ്ടപ്പാടിന്റെ കറുത്ത മുഖങ്ങൾ.

സൗത്താഫ്രിക്കയുടെ അപ്പോഴത്തെ അവസ്ഥയെന്താണെന്ന് തീരെ അറിയാത്ത ആളല്ല ഞാനന്ന്. നെൽസൺ മണ്ടേല ജയിലിലാണെന്നൊക്കെ എനിക്കും നന്നായി അറിയാം. എന്നാൽ അലന് ഒന്നുമറിയില്ലായിരുന്നു. അപാത്തൈഡ് എന്ന് അവർ തന്നെ വിളിക്കുന്ന വർണവിവേചനവ്യവസ്ഥ സൗത്താഫ്രിക്കയിൽ നിലവിലുണ്ടെന്ന് അലന് അന്നറിയില്ല. അവിടെ രാജ്യം ഭരിക്കുന്ന വെള്ളക്കാർ വെറും ന്യൂനപക്ഷമാണെന്നും അവിടെ കറുത്തവർക്ക് വോട്ടവകാശമില്ലെന്നും, ആ രാജ്യത്ത് കറുത്തവർക്കും വെളുത്തവർക്കും എല്ലാ വിഷയങ്ങളിലും രണ്ട് നീതിയാണെന്നും അലന് കൃത്യമായി അറിയില്ല. അവിടെ കറുത്തവർ ഈയിടെയായി ചില പ്രശ്നങ്ങളുണ്ടാക്കുന്നു എന്നു മാത്രമാണ് അലന്റെ ഓർമ. അലൻ മാത്രമല്ല, ശരാശരി ഇംഗ്ലീഷുകാരാരും തന്നെ അക്കാലത്ത് സൗത്ത് ആഫ്രിക്കയിൽ എന്താണ് നടക്കുന്നത് എന്ന് ശ്രദ്ധിക്കാൻ മെനക്കെട്ടിട്ടില്ല. ബ്രിട്ടനും സൗത്താഫ്രിക്കയും പഴയ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ, ലണ്ടനിലെ എറ്റവും പ്രധാന നഗരചത്വരമായ ട്രഫാഗൽ സ്ക്വയറിന്റെ നേരെ മുന്നിലാണ് സൗത്ത് ആഫ്രിക്കൻ ഹൈകമ്മീഷൻ ഓഫീസ്.

അലനും ഞാനും രാവിലെ ഹൈകമ്മീഷൻ ഓഫിസിന്റെ ഗേറ്റിലെത്തി. സൗത്താഫ്രിക്കൻ വർണവിവേചന നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന നാലഞ്ചുപേർ അവിടെ ബാനറുകളും മറ്റും പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെക്കടന്ന് ഞങ്ങൾ മുന്നോട്ടുനടന്നു. പ്രതിഷേധക്കാരിലൊരാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു - അങ്ങോട്ട് പോകരുത്, അത് പാപികളുടെ ഭവനമാണ്. ഞാൻ തിരിഞ്ഞുനോക്കി. പത്തറുപത് വയസ് തോന്നിക്കുന്ന ഒരു കറുത്തയാളാണ്. പിന്നെയുള്ളത് രണ്ട് വെളുത്ത ചെറുപ്പക്കാരും, മുടി നീട്ടിയ മറ്റൊരാളുമായിരുന്നു. അവരും വർണവിവേചനത്തിനെ എതിർക്കുന്ന പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചിരുന്നു. കറുത്തയാൾ എന്റെ അടുത്തേക്ക് വന്നിട്ട്, നിങ്ങൾ അങ്ങോട്ട് പോകരുത്, എന്ന് വീണ്ടും പറഞ്ഞു. അലനെ നോക്കി അത് നിങ്ങളുടെ ആരാണ്, എന്ന് ചോദിച്ചിട്ട്, അയാളവിടെ പോകരുതെന്ന് ഞങ്ങൾ പറയില്ല, അയാൾ വെള്ളക്കാരനാണ്, പക്ഷേ നിങ്ങൾ പോകരുത്, കാരണം സൗത്താഫ്രിക്കയിലെ വെള്ളക്കാർ നിങ്ങളുടെ സഹോദരരെ മനുഷ്യരായി കാണാൻ കൂട്ടാക്കാത്ത പാപികളാണ്, അവരുടെ വീടാണിത്, അവിടെ പോകരുത്, അവരുമായി സംസാരിക്കരുത് എന്നെല്ലാം അയാൾ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നു.

എന്റെ മനസ്സിൽ കൂടുതൽ ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങൾ, തെളിഞ്ഞുവരാൻ തുടങ്ങി. ഞാനയാളുടെ മുഖത്തുനിന്ന് കണ്ണ് മാറ്റി. കുറച്ച് മാറി സെക്യൂരിറ്റിഗേറ്റിൽ അലൻ എന്നെക്കാത്ത് അക്ഷമനായി നിൽക്കുന്നുണ്ട്. കമോൺ വേണു, ലെറ്റ്സ് ഗോ- എന്ന് അലൻ വിളിച്ചുപറഞ്ഞു. വഞ്ചിതരുടെ കണ്ണിൽ നോക്കാൻ ധൈര്യമില്ലാതെ ഒളിച്ചോടുന്ന ഒറ്റുകാരനെപ്പോലെ ഞാൻ പെട്ടെന്ന് തിരിഞ്ഞ് അലന്റെ നേരെ വേഗത്തിൽ നടന്നു. പിന്നിൽനിന്ന് ഉച്ചത്തിലൊരു വചനമുയർന്നു - ‘മകനെ, ഇവരുടെ ചോരക്കാശിൽ നീ വീണു പോകരുത്, അത് കറുത്തവരുടെ ചോരയാണ്, ആ ചോരക്കാശിൽ മയങ്ങിവീണ് നീയൊരു കുലംകുത്തിയാകരുത്’.

ഹൈക്കമ്മീഷന്റെ പബ്ലിക് റിലേഷൻസ് ഓഫീസറുമായാണ് ഞങ്ങൾക്ക് സംസാരിക്കേണ്ടത്. സൗത്താഫ്രിക്കൻ യാത്രയ്ക്ക് അനുവാദമില്ല എന്നെഴുതിയ എന്റെ പാസ്പോർട്ടിന്റെ പേജ് ഞാനയാൾക്ക് കാണിച്ചു കൊടുത്തു. ഇവിടുന്ന് സൗത്ത് ആഫ്രിക്കയിൽ പോകാൻ ഇന്ത്യൻ പാസ്പോർട്ടിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് അയാളെനിക്കത് തിരിച്ചുതന്നു. ഞങ്ങൾ നിങ്ങൾക്കൊരു സ്പെഷ്യൽ പെർമിറ്റ് തരും. ആറ് മാസത്തേക്ക് അല്ലെങ്കിൽ ഒരു കൊല്ലത്തേക്ക്. അതൊരു താത്കാലിക പാസ്പോർട്ടിനു തുല്യമാണ്. അതുമായി നിങ്ങൾക്ക് സൗത്താഫ്രിക്കൻ നിയമം അനുവദിക്കുന്ന എന്തും ചെയ്യാം. സൗത്താഫ്രിക്കയിൽ എവിടെയും സഞ്ചരിക്കാം. എന്നാൽ, നിങ്ങളുടെ ഇന്ത്യൻ പാസ്പോർട്ട് പ്രകാരം നിങ്ങൾ ഈ സമയമൊക്കെ ഇംഗ്ലണ്ടിലായിരിക്കും ഉള്ളത്. അതുകൊണ്ട് ഇവിടെ ഒരു മേൽവിലാസവും ആ കാലയളവിലേക്കുള്ള ബ്രിട്ടിഷ് വിസയും ഉണ്ടായിരിക്കണം. നിങ്ങൾ വേറെ ഒന്നും അറിയണ്ട. എന്നിട്ടും എനിക്ക് വിശ്വാസമായില്ല. പി.ആർ. ഒ. എഴുന്നേറ്റുപോയി കുറേ കടലാസുകൾ എടുത്തു കൊണ്ടുവന്ന് മേശപ്പുറത്ത് വെച്ചു. എന്നിട്ടതിലൊന്നെടുത്ത് എനിക്ക് കാണിച്ചു തന്നു. ഇതാണാ പെർമിറ്റ്. നൂറ് കണക്കിന് ഇന്ത്യൻ പൗരർ ഇതുപയോഗിച്ച് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ നിന്ന് സൗത്താഫ്രിക്കയിൽ പോയി വരുന്നുണ്ടെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പി.ആർ.ഒ. വാദിച്ചു.

തന്റെ പല സിനിമകൾക്കും മുൻപ് കിട്ടിയിട്ടുള്ള അതേ ശിക്ഷ തന്നെ ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന ഈ സിനിമയ്ക്കും കിട്ടി - അലമാരിയുടെ ഇരുട്ടിൽ ആജീവനാന്ത വിശ്രമം.
തന്റെ പല സിനിമകൾക്കും മുൻപ് കിട്ടിയിട്ടുള്ള അതേ ശിക്ഷ തന്നെ ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന ഈ സിനിമയ്ക്കും കിട്ടി - അലമാരിയുടെ ഇരുട്ടിൽ ആജീവനാന്ത വിശ്രമം.


എന്നിട്ടും എനിക്ക് വിശ്വാസമായില്ല. അലൻ അക്ഷമനായിത്തുടങ്ങി. എനിക്ക് എങ്ങനെയെങ്കിലും ഇവിടുന്ന് ഇറങ്ങിയാൽ മതിയെന്നായി. എന്നാൽ പി.ആർ. ഒ. വിടാൻ തയാറല്ലായിരുന്നു. നിങ്ങളെപ്പോലെയുള്ള കലാകാരന്മാരെ കാത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കയെന്നും, അവിടെ വന്ന് കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ നിങ്ങൾക്കത് ബോധ്യമാകുമെന്നും, ഇതുവരെ നിങ്ങൾ സൗത്താഫ്രിക്കയെപ്പറ്റി കേട്ടതെല്ലാം കളവാണെന്നും, ചിരിക്കുന്ന മുഖങ്ങൾ മാത്രമുള്ള ഒരു മനോഹര രാജ്യമാണതെന്നും മറ്റും അയാൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. ഇയാളീ പറയുന്നത് മുഴുവൻ അവാസ്തവങ്ങളാണ് എന്നറിയാൻ സൗത്താഫ്രിക്കയിൽ പോയി നോക്കേണ്ട കാര്യമൊന്നുമില്ല എന്നെനിക്കറിയാം. ഞാൻ അലനെ നോക്കിയിട്ട്, ആലോചിച്ച് പറയാം എന്ന് പറഞ്ഞെഴുന്നേറ്റു. കൂടെ കുറേ ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളും എഴുന്നേറ്റു.

അലൻ മുന്നിലും ഞാൻ പിന്നിലുമായാണ് ഞങ്ങൾ അകത്തേക്ക് കയറിയതെങ്കിൽ, പുറത്തിറങ്ങുമ്പോൾ ഞാനായിരുന്നു മുന്നിൽ. ഇതിലെന്താണിത്ര പ്രശ്നം? എന്നലൻ ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ അവരെക്കടന്ന് ഞങ്ങൾ റോഡിലേക്കിറങ്ങി.
ഇന്ത്യയിലെ ഏതെങ്കിലും വക്കിലുമായി സംസാരിക്കണോ? എന്ന് അലൻ ചോദിച്ചു. വേണ്ട എന്ന് ഞാൻ പറഞ്ഞു. ഒന്നും പറയാതെ ഞങ്ങൾ കുറേ നേരം കൂടി നടന്നു. സൗത്താഫ്രിക്കൻ ഹൈകമ്മീഷൻ അകന്നു പോകുന്നതനുസരിച്ച് എന്റെ മനസും കുറേശ്ശെ ശാന്തമായിത്തുടങ്ങി. എന്താണ് പ്രശ്നം എന്ന് അലൻ വീണ്ടും ചോദിച്ചു. ഞാനൊന്നും പറഞ്ഞില്ല. ചെറിയൊരു മൗനത്തിന് ശേഷം അലൻ തുടർന്നു - ഞാനുറപ്പ് പറയുന്നു, സാങ്കേതികമായി ഇതിൽ യാതൊരും പ്രശ്നവുമില്ല. ഇവിടുത്തെ നിയമങ്ങൾക്ക് വിരുദ്ധമായി ഒന്നുമില്ല. ഒന്നും പേടിക്കാനില്ല.
എന്നിട്ടും ഞാനൊന്നും പറഞ്ഞില്ല. ഞങ്ങൾ വീണ്ടും മൗനമായി നടപ്പ് തുടർന്നു. അതിനൊടുവിൽ സംഭാഷണം തുടരാനുള്ള ഉത്തരവാദിത്തം അലൻ തന്നെ വീണ്ടും ഏറ്റെടുത്തു. വേറെയെന്താണ് പ്രശ്നം? എനിക്ക് മനസ്സിലാകുന്നില്ല, അതാണ് ചോദിക്കുന്നത്, എന്ന് അലൻ പറഞ്ഞു. എന്നിട്ടും ഞാൻ നിശ്ശബ്ദനായിത്തന്നെ നടന്നു. അതിന് മറുപടി പോലെ, ‘അതോ ഇനി ആ പ്രതിഷേധക്കാരൻ പറഞ്ഞതുപോലെ സൗത്താഫ്രിക്കയുടെ ചോരക്കാശ് വേണ്ടെന്നാണോ’, എന്ന് അലൻ അല്പം പരിഹാസത്തിൽ ചോദിച്ചു. ഞാനതിനും മറുപടി പറഞ്ഞില്ല. ഇതൊക്കെ ഇവർക്കൊരു നാടകം കളിയാണ്, വരുമാനമാർഗവുമാണ്. ഇവിടെ കിട്ടുന്ന സംഭാവനയും പിരിവും കൊണ്ടാണ് വീട്ടുചെലവ് വരെ നടക്കുന്നത്. അവര് പറഞ്ഞത് കേട്ടിട്ടാണോ - അതാണോ കാര്യം - എന്ന് അലൻ പാതി തമാശയായി ചോദിച്ചു. അതെ, അതാണ് കാര്യം, എന്ന് പാതി ഗൗരവത്തിൽ ഞാനും പറഞ്ഞു.

ലണ്ടനിലെ ഏഷ്യൻ ഡോക്യുമെൻ്ററി ഫെസ്റ്റിവലിൽ എറ്റവും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ ഛായാഗ്രാഹകനായ വേണുവിനായിരുന്നു ലഭിച്ചത്.
ലണ്ടനിലെ ഏഷ്യൻ ഡോക്യുമെൻ്ററി ഫെസ്റ്റിവലിൽ എറ്റവും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ ഛായാഗ്രാഹകനായ വേണുവിനായിരുന്നു ലഭിച്ചത്.

കാര്യമെന്തായാലും സൗത്താഫ്രിക്കൻ യാത്ര വേണ്ടെന്ന് ഞാൻ തീരുമാനിച്ചത് അലന് വലിയ ബുദ്ധിമുട്ടുണ്ടാക്കി. സൗത്താഫിക്കക്കാർ നിർദ്ദേശിച്ച ക്യാമറാമാൻ വേണ്ടെന്നുപറഞ്ഞാണ് അലൻ എന്നെ ആ ജോലി ഏൽപ്പിച്ചത്. ഇനി വീണ്ടും അങ്ങോട്ട് തന്നെ മടങ്ങണം. എല്ലാം പുതുതായി ആരംഭിക്കണം. ഇതിനിടയിൽ ഗ്രിഫിത്തിന്റെ നെഹ്റു സിനിമ പൂർത്തിയായി. ലണ്ടനിലെ ഏഷ്യൻ ഡോക്യുമെൻ്ററി ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്തു. സിനിമ കണ്ടിറങ്ങിയ ചില ഇന്ത്യൻ ചരിത്രകാരന്മാരും നയതന്ത്രജ്ഞരും സിനിമയിലെ പല ആശയങ്ങളോടുമുള്ള എതിർപ്പ് പരസ്യമായി പറഞ്ഞു. അതിന്റെയൊക്കെ ഫലമായി സിനിമയുടെ ചില ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്ന് ഭാരത സർക്കാർ ഗ്രിഫിത്തിനോടാവശ്യപ്പെട്ടു. ഉടമ്പടി പ്രകാരം അത് ചെയ്യാൻ അധികാരമുള്ള ഒരേ ഒരാൾ ഗ്രിഫിത്താണ്. എന്നാൽ ഗ്രിഫിത്ത് മാറ്റങ്ങൾക്ക് തയാറല്ലായിരുന്നു. വീണ്ടും തർക്കങ്ങൾ ആരംഭിച്ചു. ഈ ബഹളങ്ങൾക്കെല്ലാം നടുവിൽ ആ ഫിലിം ഫെസ്റ്റിവലിൽ എറ്റവും മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമയുടെ ഛായാഗ്രാഹകനായ എനിക്കായിരുന്നു എന്നാരും ശ്രദ്ധിച്ചില്ല. ഞാനപ്പോഴേക്കും തിരിച്ച് ഇന്ത്യയിലെത്തിയിരുന്നു. അന്ന് എനിക്കുവേണ്ടി അവാർഡ് സ്വീകരിച്ചത് അലനായിരുന്നു.

ഇതിനിടയിൽ, സിനിമാനിർമാണവേളയിലെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ഗ്രിഫിത്തെഴുതിയ ഒരു പുസ്തകം പുറത്തുവന്നു. ഇന്ത്യൻ സർക്കാരിനേയും വിവിധ സർക്കാർ ഏജൻസികളേയും നിശിതമായി അപഹസിക്കുന്ന പല സന്ദർഭങ്ങളും പുസ്തകത്തിലുണ്ടായിരുന്നു. ഇതിൽ ചിലതൊക്കെ സത്യവും, ചിലതൊക്കെ അതിശയോക്തി കൊണ്ട് അയോഗ്യമായതും, ചിലതൊക്കെ പൂർണമായും ഭാവനാനിർമിതവുമായിരുന്നു. അതോടെ സിനിമയുടെ നിർമാതാക്കളായ കേന്ദ്ര സർക്കാർ ഈ സിനിമയുടെ പ്രദർശനവും അതിനെക്കുറിച്ചുള്ള പരാമർശങ്ങളും കർശനമായി വിലക്കി. നിർമാതാക്കൾ തന്നെ സ്വന്തം സിനിമ നിരോധിച്ചു. അങ്ങനെ തന്റെ പല സിനിമകൾക്കും മുൻപ് കിട്ടിയിട്ടുള്ള അതേ ശിക്ഷ തന്നെ ഗ്രിഫിത്തിന്റെ ഈ സിനിമയ്ക്കും കിട്ടി - അലമാരിയുടെ ഇരുട്ടിൽ ആജീവനാന്ത വിശ്രമം. അതിനുശേഷം അലൻ ബെർക്കിൻഷോ സംവിധാനം ചെയ്ത, കെനത്ത് ഗ്രിഫിത്തിന്റെ ബട്ട് ഐ ഹാവ് പ്രോമിസസ് റ്റു കീപ്പ് എന്ന സിനിമ ആരും കണ്ടിട്ടില്ല. എന്തിന്, കേട്ടിട്ടു പോലുമില്ല. അലനുമായി വല്ലപ്പോഴും എനിക്കുണ്ടായിരുന്ന ടെലിഫോൺ ബന്ധവും പതുക്കെപ്പതുക്കെ ഇല്ലാതായി.

വർഷങ്ങൾക്കുശേഷം, 2013-ൽ, ഞങ്ങളുടെ മകൾ വിവാഹിതയായി ഇംഗ്ലണ്ടിലെ കേംബ്രിജിൽ താമസമാക്കിയ കാലത്ത് ഞങ്ങൾ ഒരിക്കൽ അവിടെ പോയിരുന്നു. ലണ്ടനിൽനിന്ന് അഞ്ച് മണിക്കൂർ ദൂരെയാണ് കേംബ്രിജ്. അലൻ ലണ്ടനിലാണുള്ളത്. കേട്ടയുടൻ അലൻ തന്റെ കാറിൽ കേംബ്രിജിലെത്തി. ആ ദിവസം മുഴുവൻ ഞങ്ങൾ വിശേഷങ്ങൾ പറഞ്ഞിരുന്നു. അലന് ഇപ്പോൾ സിനിമയുമായി വലിയ ബന്ധമില്ല. സൗത്താഫ്രിക്കൻ സിനിമകൾ ഒന്നും നന്നായില്ല. പെട്ടെന്ന് ഓഫറുകൾ കുറഞ്ഞു. തത്കാലം ചൈനയിൽ നിന്ന് വലിയ മാർബിൾ പ്രതിമകൾ വാങ്ങി യൂറോപ്പിൽ വിൽക്കുന്ന ബിസിനസാണ്. അന്ന് നിങ്ങളുണ്ടായിരുന്നെങ്കിൽ തന്റെ സൗത്താഫ്രിക്കൻ സിനിമകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരില്ലായിരുന്നു എന്ന് അലൻ പറഞ്ഞു. എന്ത് ചെയ്യാനാണ് എന്ന് ഞാനും പറഞ്ഞു.

ഇന്ത്യൻ സർക്കാരിനേയും വിവിധ സർക്കാർ ഏജൻസികളേയും നിശിതമായി അപഹസിക്കുന്ന പല സന്ദർഭങ്ങളും പുസ്തകത്തിലുണ്ടായിരുന്നു. ഇതിൽ ചിലതൊക്കെ സത്യവും, ചിലതൊക്കെ അതിശയോക്തി കൊണ്ട് അയോഗ്യമായതും, ചിലതൊക്കെ പൂർണമായും ഭാവനാനിർമിതവുമായിരുന്നു.
ഇന്ത്യൻ സർക്കാരിനേയും വിവിധ സർക്കാർ ഏജൻസികളേയും നിശിതമായി അപഹസിക്കുന്ന പല സന്ദർഭങ്ങളും പുസ്തകത്തിലുണ്ടായിരുന്നു. ഇതിൽ ചിലതൊക്കെ സത്യവും, ചിലതൊക്കെ അതിശയോക്തി കൊണ്ട് അയോഗ്യമായതും, ചിലതൊക്കെ പൂർണമായും ഭാവനാനിർമിതവുമായിരുന്നു.

അതുപോട്ടെ, അത് കഴിഞ്ഞ കാര്യം എന്നു പറഞ്ഞ് അലൻ ഒരു സാങ്കൽപിക ചോദ്യം ചോദിച്ചു, ഇനിയൊരിക്കൽ ആരെങ്കിലും സൗത്താഫ്രിക്കയിലേക്ക് ഒരു സിനിമാ ഷൂട്ടിംഗിന് വിളിച്ചാൽ വേണു പോകുമോ? അതോ കഴിഞ്ഞ തവണ ചെയ്തു പോലെ ചെയ്യുമോ? തീർച്ചയായും പോകും എന്ന് ഞാൻ ചാടിക്കയറി പറഞ്ഞു. അലൻ പൊട്ടിച്ചിരിച്ചുകൊണ്ട്, അതെന്താ ഇപ്പോൾ ഇങ്ങനെ മനസ്സ് മാറാൻ കാര്യം എന്ന് ചോദിച്ചു. സൗത്താഫിക്കയിലെ വെള്ളക്കാരുടെ ന്യൂനപക്ഷ സർക്കാർ തകർന്നെന്നും, അവിടെയിപ്പോൾ ജനാധിപത്യ സർക്കാരാണെന്നും വർണവിവേചനം അവിടെ നിയമവിരുദ്ധമാണെന്നും മുൻ ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന അന്താരാഷ്ട്ര വിലക്കുകളൊന്നും ഇപ്പോൾ അവിടെയില്ലെന്നും ഓർക്കാതെയാണ് അലൻ അത് ചോദിച്ചതെന്ന് എനിക്ക് മനസിലായി. ഞാനൊന്നും തിരുത്താൻ പോയില്ല.

വൈകീട്ട് പോകാനിറങ്ങുന്നതിനുമുൻപ് കാറിൽ നിന്ന് ഭൂഗോളം പോലെ തോന്നിക്കുന്ന ഒരു വിചിത്ര വസ്തു എടുത്തുകൊണ്ടുവന്ന് അലൻ എന്റെ നേരെ നീട്ടി. അടുത്ത് കണ്ടപ്പോൾ ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ലണ്ടനിലെ ഏഷ്യൻ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിൽ എനിക്ക് ലഭിച്ച ഏറ്റവും മികച്ച ഛായാഗ്രാഹകനുള്ള അവാർഡിന്റെ ശില്പമാണെന്ന് മനസ്സിലായി. ഒരു പിച്ചള ഗോളത്തിൽ ചുറ്റിക്കെട്ടിയ ഒരു ഫിലിം കഷണമായാണ് ശില്പം വിഭാവനം ചെയ്തിരിക്കുന്നത്. സത്യത്തിൽ ഞാനാ അവാർഡിന്റെ കാര്യം അപ്പോൾ ഓർക്കുന്നു പോലുമില്ലായിരുന്നു. അന്ന് എനിക്കീ അവാർഡ് കിട്ടിയെന്നറിഞ്ഞപ്പോൾ തോന്നിയ താത്കാലിക സന്തോഷത്തോടൊപ്പം അതിന്റെ ഓർമകളും മറഞ്ഞുപോയിരിക്കുന്നു. 25 കൊല്ലം മുൻപ് എന്റെ അസാന്നിധ്യത്തിൽ എനിക്കുവേണ്ടി ഈ പിച്ചള ഗോളം ഏറ്റു വാങ്ങിയ അലൻ തന്നെയാണ് ഇത്രയും കാലം എനിക്കുവേണ്ടി അത് ഭദ്രമായി കൈവശം സൂക്ഷിച്ചതും, ഇപ്പോൾ ഈ ദൂരമെല്ലാം താണ്ടി അതെന്റെ കൈയിൽ നേരിട്ട് ഏൽപ്പിച്ച് മടങ്ങാനൊരുങ്ങുന്നതും. അപ്പോൾ കിട്ടിയ ഒരു പുത്തനവാർഡ് പോലെ ഞാനാ ഗോളം അലന്റെ കൈയിൽ നിന്ന് വാങ്ങിച്ചു. പിച്ചള ഗോളശില്പം എന്റെ കൈയിലിരുന്ന് എന്നെത്തന്നെ നോക്കുന്നു. അതിന് എന്നോടെന്തോ പറയാനുണ്ടെന്ന് എനിക്ക് വെറുതേ തോന്നി. ഞാനാ ഗോളമെടുത്ത് എന്റെ കാതിനോട് ചേർത്ത് പിടിച്ചു ശ്രദ്ധിച്ചുനിന്നു.
ഒന്നുമില്ല. വെറും നിശ്ശബ്ദത മാത്രം.
എന്നോട് അതിനൊന്നും പറയാനില്ല.


Summary: 1989-ൽ ജവഹർലാൽ നെഹ്റുവിന്റെ നൂറാം ജന്മവാർഷികത്തിൽ, നെഹ്റുവിനെക്കുറിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ സര്‍ക്കാര്‍ ഡോക്യുമെന്ററി നിര്‍മിക്കാന്‍ തീരുമാനിച്ചു. ആ സിനിമയ്ക്ക് പിന്നീടെന്ത് സംഭവിച്ചു?


വേണു

സിനിമാറ്റോഗ്രാഫർ, സംവിധായകൻ, എഴുത്തുകാരൻ. ദയ, മുന്നറിയിപ്പ്, കാർബൺ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സോളോ സ്റ്റോറീസ്, നഗ്നരും നരഭോജികളും എന്നിവ പുസ്തകങ്ങൾ.

Comments