ആത്മകഥ | വെറും മനുഷ്യര്‍- 100
വളരെ കാലം മുമ്പാണ്.
ഒരു തോള്‍ സഞ്ചിയും അതില്‍ കയ്യില്‍ തടയുന്ന പുസ്തകങ്ങളും വസ്ത്രങ്ങളും എടുത്തിട്ട് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തിരുന്ന കാലം.
അപരിചിതമായ റെയില്‍വേ സ്റ്റേഷനുകള്‍, മണങ്ങള്‍, ഭാഷകള്‍.
നാലും അഞ്ചും ചിലപ്പോള്‍ പത്തും പതിനഞ്ചും ദിവസമൊക്കെ കഴിഞ്ഞാണ് മടങ്ങിവരവ്. അത്തരമൊരു മടങ്ങിവരവില്‍ കോഴിക്കോട്ടുനിന്ന് കയറിയ ബസില്‍ വച്ചാണ് ഞാനാ മുഖം കാണുന്നത്.
തിരക്കായതിനാല്‍ ഇരിക്കാന്‍ സീറ്റൊന്നും കിട്ടിയില്ല. കമ്പിയില്‍ തൂങ്ങിപ്പിടിച്ച് പുറത്തെ ജാലക കാഴ്ച്ചകളിലേക്ക് നോക്കവേ, മുടിയിഴകളെ പാറാന്‍ വിട്ട് അവളവിടെ ഇരുന്നു. ആ മുഖം ശരിക്കും കാണാനായി ഞാന്‍ കുറച്ചുകൂടി മുമ്പോട്ട് നീങ്ങി നിന്നു. ഇരുണ്ട നിറമുള്ള മുഖത്ത് നക്ഷത്രങ്ങള്‍ പോലെ രണ്ട് കണ്ണുകള്‍. മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ വകഞ്ഞു മാറ്റുന്ന നേര്‍ത്ത വിരലുകൾ. അത്രയും മതിയായിരുന്നു അന്നത്തെ എനിക്ക് ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നാന്‍.
ബസിലെ ചൂടും വേവും കുളിരായി മാറി. ബസില്‍ കാപ്പികള്‍ പൂത്തു. അതിന്റെ കടും സുഗന്ധത്തില്‍ മയങ്ങി ഞാനാ മുഖത്തേക്കുതന്നെ നോക്കി നിന്നു. ബ്രൗണിനും ചുവപ്പിനും ഇടയിലെവിടെയോ അവളുടെ അധരങ്ങള്‍ തണുത്ത കാറ്റുകളെ സ്വീകരിച്ചു. പെട്ടെന്ന് എന്തോ ഉള്‍വിളിയാലെന്ന പോലെ അവള്‍ തല തിരിച്ച് എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ മിന്നാമിന്നികള്‍ പല വര്‍ണ്ണങ്ങളില്‍ പാറി.
ഞാന്‍ നോട്ടം മാറ്റിയില്ല. അവളും മാറ്റിയില്ല. അവളുടെ തൊട്ടടുത്തിരുന്നത് അനിയത്തിയാണ്. ഏട്ടത്തിയുടെ നോട്ടത്തെ പിന്തുടര്‍ന്ന് ആ കുട്ടിയുടെ നോട്ടം എന്നിലെത്തിയപ്പോള്‍ ഞാന്‍ മുഖം താഴ്ത്തി. ഓര്‍മ്മയുടെ വൃക്ഷശിഖരങ്ങളില്‍ ഞാനവളുടെ മുഖം തിരഞ്ഞു, കണ്ടുകിട്ടിയില്ല.
കോട്ടക്കല്‍ ബസ് സ്റ്റാൻഡിൽ ആ രാത്രിയില്‍ ചാറ്റല്‍ മഴ പെയ്തിരുന്നു. തെരുവുവിളക്കിനുചുവട്ടില്‍ മഴപ്പാറ്റകള്‍ ചത്തുകിടന്നിരുന്നു. എനിക്കും അവള്‍ക്കും പിരിയേണ്ട ആ സന്ധിയില്‍ ഹൃദയവേദനയോടെ ഞാന്‍ നിന്നു.
എന്നിട്ടും അവളെ ഞാന്‍ എവിടെയൊക്കെയോ വെച്ച് കണ്ടിട്ടുണ്ടെന്നുതന്നെ എനിക്കുതോന്നി. ആ പിന്‍കഴുത്തില്‍ വീഴുന്ന വെളിച്ചത്തില്‍ ചെമ്പന്‍ രോമങ്ങള്‍ തിളങ്ങിനിന്നിരുന്നു.
പലതവണ ഞങ്ങളുടെ നോട്ടമിടഞ്ഞപ്പോള്‍ അവള്‍ എനിക്കായി ചിരിച്ചു. ആ ചിരിയുടെ വെണ്‍മയില്‍ പകരം ചിരിക്കാന്‍ മറന്ന് ഞാന്‍ നിന്നു. സാധാരണ കോഴിക്കോട് നിന്ന് കോട്ടക്കലെത്താന്‍ ബസിന് ഒരു മണിക്കൂറിലേറെ സമയം വേണം. അന്നത് പത്ത് മിനിറ്റ് കൊണ്ടാണ് എത്തിയത് എന്ന് എന്റെ കാലബോധം എന്നോടു പറഞ്ഞു. അവളുടെ കൂടെ അമ്മയും അനിയത്തിയും ഉണ്ടായിരുന്നു. കോട്ടക്കല്‍ബസ് സ്റ്റാൻഡിൽ ആ രാത്രിയില്‍ ചാറ്റല്‍ മഴ പെയ്തിരുന്നു. തെരുവുവിളക്കിനുചുവട്ടില്‍ മഴപ്പാറ്റകള്‍ ചത്തുകിടന്നിരുന്നു. എനിക്കും അവള്‍ക്കും പിരിയേണ്ട ആ സന്ധിയില്‍ ഹൃദയവേദനയോടെ ഞാന്‍ നിന്നു. ഞങ്ങള്‍ക്ക് മുമ്പില്‍ മഴ പെയ്തു.
അവള്‍ക്ക് പോവേണ്ട സ്ഥലത്തേക്ക് രാത്രി ബസുണ്ടായിരുന്നില്ല. ജീപ്പുകളാണ് ഓടിയിരുന്നത്. അവളൊരു ജീപ്പില്‍ കയറിയിരുന്നു. എന്നെ കാണാനായി മാത്രം അവള്‍ അമ്മയും അനിയത്തിയും ആദ്യം കയറാന്‍ കാത്തുനിന്നു. പിന്നെ ആ ചെറിയ പാദങ്ങള്‍ മഴ നനവോടെ ജീപ്പിലേക്ക് കയറി. അറവുമൃഗത്തിന്റെ ഭയാശങ്കകളോടെ ഞാനവളെ നോക്കി. ആ കണ്ണുകളില്‍ എനിക്കുള്ള സന്ദേശമുണ്ടായിരുന്നു. പകരം ചിരിക്കുമ്പോള്‍ ഇനി ഒരിക്കലും അവളെ കാണില്ലല്ലോ എന്ന ചിന്തയില്‍ എന്റെ ഉള്ള് ഇരുണ്ടു.
കുറച്ചാളുകള്‍ കൂടി കയറിയപ്പോള്‍ ജീപ്പ് സ്റ്റാൻറ് വിട്ടു പോയി. ജീപ്പിനു പിറകില്‍ തൂങ്ങിപ്പിടിച്ചു നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ ഒരു കൈ നീണ്ടു വന്ന് എന്നോട് യാത്ര പറഞ്ഞു. തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ ആ കൈവിരലുകള്‍ മഴ നനയുന്നത് ഞാന്‍ കണ്ടു.
ജീപ്പിറങ്ങുമ്പോള്‍ അവള്‍ക്ക് നനയില്ലേ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. എവിടെയാവും അവളുടെ വീടെന്ന് ഉൽക്കണ്ഠപ്പെട്ടു. ആ നടത്തത്തിലും അന്നത്തെ ഉറക്കത്തിലും എനിക്ക് കൂട്ടുവന്നത് മഴപ്പാറ്റകളും മഴ നനഞ്ഞ പാദങ്ങളുമായിരുന്നു.
ആ രാത്രിയില്‍ അവിടെ നിന്ന് വീടെത്തിച്ചേരാന്‍ എനിക്ക് വാഹനങ്ങളുണ്ടായിരുന്നില്ല. ഞാന്‍ നടന്നു. വിളക്കുകാലുകളുടെ വെളിച്ചത്തിലേക്ക് മരണം തേടി മഴപ്പാറ്റകള്‍ ചെന്നു. അവ കൂട്ടത്തോടെ വഴിവക്കില്‍ ചത്തുകിടന്നു. മഴ പെയ്തു ഞാന്‍ മഴ നനഞ്ഞു. എന്റെ മാറാപ്പിലെ പുസ്തകങ്ങളും വസ്ത്രങ്ങളും മഴ നനഞ്ഞു.
ജീപ്പിറങ്ങുമ്പോള്‍ അവള്‍ക്ക് നനയില്ലേ എന്നോര്‍ത്ത് ഞാന്‍ സങ്കടപ്പെട്ടു. എവിടെയാവും അവളുടെ വീടെന്ന് ഉൽക്കണ്ഠപ്പെട്ടു. ആ നടത്തത്തിലും അന്നത്തെ ഉറക്കത്തിലും എനിക്ക് കൂട്ടുവന്നത് മഴപ്പാറ്റകളും മഴ നനഞ്ഞ പാദങ്ങളുമായിരുന്നു. ഉറക്കത്തില്‍ ഞാനാ പാദങ്ങളുടെ വിരലതിരുകളില്‍ തടഞ്ഞു വീണു. കാപ്പിപ്പൂവിന്റെ കടും സുഗന്ധമുള്ള നോട്ടത്തിലും ചിരിയിലും ഞാന്‍ നനഞ്ഞ് കുതിര്‍ന്നു.
പിന്നീട് നാലഞ്ചുദിവസം ഞാന്‍ വിഷാദത്തിന്റെ മഞ്ഞു പാളികളില്‍ വെയിൽ കാത്തുകിടന്നു. ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് എന്റെ ഇത്തരം മൗനങ്ങള്‍ പരിചിതമായതിനാല്‍ അവരെന്നെ തനിയെ വിട്ടു.
പെയിന്റടിക്കുന്ന ഭിത്തികളില്‍ ഞാനാ കണ്ണുകളും കാറ്റു പിടിച്ച മുടിയഴകളും കണ്ടു. അവക്കുമേല്‍ വിറയലോടെ ഞാന്‍ ചായം പൂശി. എന്നിട്ടും ആ നോട്ടം എന്റെ ഹൃദയഭിത്തികളില്‍ മുള്ളുകളായി വന്ന് തറച്ചു.
മെല്ലെ മെല്ലെ മറവിയുടെ മണ്‍പുറ്റിലേക്ക് ആ യാത്രയും അവളും മായാന്‍ തുടങ്ങുമ്പോള്‍, കുറച്ച് ദിവസം കഴിഞ്ഞ് അതേ കോട്ടക്കല്‍ സ്റ്റാന്റില്‍ വെച്ച് ഞാനവളെ വീണ്ടും കണ്ടു. അതേ ഭാഗത്തേക്കുള്ള ജീപ്പില്‍ അവള്‍ കയറിയിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഞാനും ആ ജീപ്പില്‍ കയറി. രണ്ട് ഭാഗത്തെ സീറ്റിലും സ്ത്രീകളായിരുന്നു. ഏത് സീറ്റില്‍ വേണമെങ്കിലും എനിക്ക് ഇരിക്കാമായിരുന്നു. ഞാനവള്‍ക്ക് എതിരിലുള്ള സീറ്റിലിരുന്നു. എനിക്കവളെ മുട്ടിയുരുമ്മി യാത്ര ചെയ്യാനല്ല തോന്നിയത്. ആ മുഖം നേര്‍ക്കുനേര്‍ കണ്ട് യാത്ര ചെയ്യാനാണ്.
എന്നെ തിരിച്ചറിഞ്ഞപ്പോള്‍ ആ മുഖം ചുവന്നു. ചുണ്ടുകള്‍ കൂടുതല്‍ ചുമന്നു. കണ്ണുകളില്‍പ്രകാശം നിറഞ്ഞു. കൂരിരുട്ടിലെ പ്രകാശിക്കുന്ന പൂവായി അവളവിടെ ഇരുന്നു. അവള്‍ ടിക്കറ്റെടുത്ത ഇടത്തേക്കുതന്നെ, ഞാനും ജീപ്പിലെ കിളിക്ക് പണം കൊടുത്ത് ടിക്കറ്റെടുത്തു. രണ്ട് നോട്ടങ്ങള്‍ കൂട്ടി മുട്ടി മിന്നാമിന്നികള്‍ പാറി. ലിപിയില്ലാത്തൊരു പുരാതന ഭാഷയില്‍ ഞങ്ങള്‍ സംസാരിച്ചു. ഞങ്ങള്‍ക്ക് യാത്രയും ലോകവും കാലവും നഷ്ടപ്പെട്ടു. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ അപ്പോള്‍ ആ ജീപ്പില്‍ ഉണ്ടായിരുന്നുള്ളൂ.
നിഗൂഢമായ അവളുടെ ചിരിയില്‍ ജീവന്‍ കൊരുത്തിട്ട് ഞാനെന്ന മഴപ്പാറ്റ ഇരുന്നു. ആ വെളിച്ചത്തിലേക്ക് പാറിച്ചെന്ന് ചിറക് കരിഞ്ഞു വീണു. വീണ്ടും മണ്ണില്‍ നിന്നും മുളച്ചു പൊന്തി ചിറക് വീശി അവളുടെ ചിരി വെണ്‍മയിലേക്ക് പറന്നു. വീണ്ടും ചിറകറ്റ് വീണു.
ഇറങ്ങേണ്ട ഇടമെത്തിയപ്പോള്‍ മുന്‍ഭാഗത്തുനിന്ന് മറ്റ് രണ്ടാളുകള്‍ കൂടി ഇറങ്ങി. അവളും അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഇറങ്ങിയവരില്‍ ഒരു സ്ത്രീ അവളോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് മുന്നോട്ടു പോയി. ആ വഴിയിലൂടെയായിരുന്നു അവള്‍ക്കും പോവേണ്ടിയിരുന്നത്. കണ്‍വെട്ടത്ത് നിന്ന് പിന്നെയും അവളെ നഷ്ടമാവാതിരിക്കാന്‍ ഞാനാ ചെറിയ പാദങ്ങളെ പിന്തുടര്‍ന്നു.
ഞങ്ങള്‍ക്കിടയില്‍ ഭാഷയും വാക്കുകളും ചത്തു കിടന്നു. അതൊരു ഇടവഴിയായിരുന്നു. ഇരുവശത്തും മുളങ്കാടുകളായിരുന്നു. മുളയിലകള്‍ വീണു കിടന്ന മഞ്ഞപ്പാതയിലൂടെ അവളുടെ മുടിയഴകും നോക്കി ഞാനെന്ന വിഡ്ഢി നടന്നു. ഞാന്‍ എന്തെങ്കിലും ചോദിക്കുമെന്ന് കരുതി അവളെന്നെ തിരിഞ്ഞുനോക്കി ചിരിച്ചു. അവളുടെ മുമ്പില്‍ പോവുന്ന സ്ത്രീയെ ഭയന്ന്, ഉള്ളിലേക്ക് ചുരുങ്ങുന്ന എന്റെ സ്വഭാവത്തെ പഴിച്ച് ഞാന്‍ പകരം ചിരിക്കുക മാത്രം ചെയ്തു.
യൗവ്വനാരംഭത്തിന്റെ മൂച്ചിപ്പിരാന്തില്‍ പിന്നെയും പലതവണ പാമ്പുകള്‍ ഇഴയുന്ന ആ കരിയിലപ്പാതയിലൂടെ ഞാനവളെ കാണാന്‍ പോയി. ചിലപ്പോള്‍ കണ്ടു, ചിലപ്പോള്‍ കണ്ടില്ല.
പാതയില്‍ പാമ്പുകളുണ്ടാവുമെന്നും, സൂക്ഷിക്കണമെന്നും ആ സ്ത്രീ അവളോട് പറയുന്നുണ്ടായിരുന്നു. വിഷപ്പാമ്പുകളോട് പോലും ഇഷ്ടം തോന്നുന്ന പ്രണയത്തിന്റെ ആകാശം എനിക്ക് കാവല്‍ നിന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ കയ്യാല കടന്ന് അവള്‍ വീട്ടിലേക്ക് കയറി. ലോകവും ജീവിതവും വഴികളും അവിടെ അവസാനിച്ചവനെപ്പോലെ ഞാന്‍ അന്തം വിട്ടു നിന്നു. ബസില്‍ വെച്ച് കണ്ട അവളുടെ അനിയത്തി മുറ്റത്തേക്കിറങ്ങി വന്നു. വീടിന്റെ വരാന്തയിലേക്ക് കയറും മുമ്പ് അവളെന്നെ നോക്കി വീണ്ടും ചിരിച്ചു.
സ്വര്‍ഗം സ്വന്തമാക്കി ഞാന്‍ തിരികെ നടന്നു. യൗവ്വനാരംഭത്തിന്റെ മൂച്ചിപ്പിരാന്തില്‍ പിന്നെയും പലതവണ പാമ്പുകള്‍ ഇഴയുന്ന ആ കരിയിലപ്പാതയിലൂടെ ഞാനവളെ കാണാന്‍ പോയി. ചിലപ്പോള്‍ കണ്ടു, ചിലപ്പോള്‍ കണ്ടില്ല. ഏറെ നാളത്തെ യാത്രക്കൊടുവില്‍ ആ പടി വരെ വന്ന് മടങ്ങിപ്പോവുന്ന എന്നെ അവളുടെ അമ്മ വഴക്ക് പറഞ്ഞു. അച്ഛനില്ലാത്ത രണ്ടു പെണ്‍കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ ആ അമ്മ വിഴുങ്ങുന്ന തീയിനെ കുറിച്ച് ഞാനെന്ന കാമുകന് ഒന്നും അറിയില്ലായിരുന്നല്ലോ. അപ്പഴേക്കും ജീപ്പ്, ആ ഇടവഴിയുടെ മുമ്പിലെത്തുമ്പോള്‍ എനിക്ക് അവിടെയാണ് ഇറങ്ങേണ്ടതെന്ന് ഡ്രൈവര്‍ക്ക് പരിചയമായി കഴിഞ്ഞിരുന്നു.
വഴക്ക് കേട്ടിട്ടും ഞാനെന്ന മഴപ്പാറ്റ അവളെന്ന വെളിച്ചം തേടിച്ചെന്നു. അവള്‍ മുറ്റത്തെ അയയില്‍ വസ്ത്രങ്ങള്‍ ഉണങ്ങാനിടുകയായിരുന്നു. അവളുടെ മുടിയില്‍നിന്ന് കുളിയുടെ ഓര്‍മകളായി ജലം ഇറ്റി വീണിരുന്നു. എന്നെ കണ്ടതും ആ മുഖം വാടി. കണ്ണുകളിലെ പ്രകാശം കെട്ടു. എനിക്കായി ചിരിക്കാതെ അവള്‍ വീടിനകത്തേക്ക് കയറിപ്പോയി.
നിലത്തിരുന്ന് ആ കടലാസു പൊതി ഞാനെടുക്കുമ്പോള്‍ പാമ്പുകള്‍ കരിയിലകള്‍ക്കിടയിലൂടെ പാഞ്ഞുപോയി.
ജീവന്‍ മാത്രമുള്ള ശരീരമായി, പാമ്പുകളുടെ ആ ഇടവഴിയില്‍ മുളയിലകള്‍ പൊഴിയുന്ന സന്ധ്യയെ നോക്കി ഞാന്‍ നിന്നു. പഴുത്ത മുളയിലകള്‍ കാറ്റത്ത് പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. വാതില്‍ തുറന്ന് അവള്‍ പുറത്തേക്ക് വന്നു. മുറ്റവും കടന്ന് വേലിക്കരികിലേക്ക് വന്ന് അവള്‍ ചെറിയൊരു കടലാസു പൊതി എനിക്ക് ഇട്ടു തന്നു. എന്നിട്ട് ഭൂമിയിലെ വേദനകളത്രയും ആവാഹിച്ച മുഖവുമായി വീടിനകത്തേക്ക് കയറിപ്പോയി.
നിലത്തിരുന്ന് ആ കടലാസു പൊതി ഞാനെടുക്കുമ്പോള്‍ പാമ്പുകള്‍ കരിയിലകള്‍ക്കിടയിലൂടെ പാഞ്ഞുപോയി. ഇരുളാന്‍ തുടങ്ങുന്ന അന്തരീക്ഷത്തില്‍, മിടിക്കുന്ന ഹൃദയവുമായി ഞാനാ പൊതി തുറന്നു. അതില്‍ എക്ലയറിന്റെ മൂന്ന് മിഠായികളുണ്ടായിരുന്നു. വരയില്ലാത്ത നോട്ടു ബുക്കില്‍ നിന്ന് ചീന്തിയെടുത്ത ആ കടലാസില്‍ ഇങ്ങനെ എഴുതിയിരുന്നു:
‘ഇനി എന്നെ കാണാന്‍ വരരുത്. ഉമ്മ എന്നെ തല്ലിക്കൊല്ലും.
എന്ന്
സ്വന്തം ഫര്‍സാന.’
എനിക്കുമുമ്പില്‍ അപ്പോഴും മുളയിലകള്‍ പൊഴിഞ്ഞുവീണുകൊണ്ടിരുന്നു.
ഫര്‍സാനയെന്ന അവളെത്തേടി ഇത് എഴുതുന്നതു വരെ ഞാനാ പാതയിലേക്ക് പിന്നീട് പോയിട്ടില്ല.