മുഹമ്മദ്​ അബ്ബാസ്​

ക്ഷമിക്കണം, തൂണുകളിൽ കൊത്തിവച്ച ​കോഴിക്കോ​ട്ടെ
​ആ വീടിന്റെ പേര്​ ഞാനിവിടെ പറയുന്നില്ല...

ഉപ്പില്ലാത്ത വിയർപ്പിന്റെ രുചിയിലേക്ക് എന്റെ കണ്ണീരുപ്പു തൊടുമ്പോൾ, എന്നെ ശ്വാസം മുട്ടിച്ച, കൊട്ടാരത്തിലെ പെൺമുലകളെ, അതിന്റെ വയലറ്റ് നിറമുള്ള കണ്ണുകളെ ഞാൻ കണ്ടു. അമ്പുട്ടിക്കാന്റെ ചുണ്ടുകൾ വിറക്കുന്നതുകണ്ടു. മഴപ്പാറ്റകൾ പൊടിയുന്ന മണ്ണിന്റെ ഗന്ധങ്ങൾക്കപ്പുറം തീരാത്ത ഉടൽവിശപ്പുമായി എന്നെ കാത്തുനിന്ന പെണ്ണുടലുകളെ, അതിന്റെ വിനാഗിരി മണങ്ങളെ ഓർക്കാതിരിക്കാൻ ഞാൻ അമ്പുട്ടിക്കാനെ കെട്ടിപ്പിടിച്ചു.

നടത്തത്തിന്റെ ഒടുക്കം ഞാൻ ബോധം കെട്ടുവീണു എന്നെഴുതിയാൽ മതി. പക്ഷേ എനിക്കാ അനുഭവം കൃത്യമായി വിശദാംശങ്ങളോടെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്, അങ്ങനെയോർക്കുമ്പോഴാണ് ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്ന അറിവ് എനിക്ക് അസ്​തിത്വം തരുന്നത്.

ഓർമയുണ്ട് ...
ഇനി ഒരൊച്ചുവട് മുമ്പോട്ടുവെക്കാൻ കഴിയില്ല എന്ന് ബോധ്യമായപ്പോൾ ചുറ്റുമുള്ള കാഴ്ചകൾ വലുതാവാൻ തുടങ്ങി. കെട്ടിടങ്ങളും പാതകളും വാഹനങ്ങളും മനുഷ്യരും തണൽമരങ്ങളും വലുതായി വലുതായി വന്നു. ഞാനെന്ന അസ്​തിത്വം, ഞാനെന്ന ചിന്ത ചെറുതാവാൻ തുടങ്ങി. ചെറുതായിച്ചെറുതായി ഒരു കടുകുമണിയോളം ചെറുതായി. വെളിച്ചത്തിന്റെ ആ കൂറ്റൻ വലയങ്ങൾക്കിടയിൽ ഞാനെന്ന കടുകുമണി ഒന്നുമല്ലാതെയായി. വെയിലുകൊണ്ട് ചൂടായ തലയ്ക്കുള്ളിൽ പലതരം വർണങ്ങൾ തെളിഞ്ഞു. ആ വർണങ്ങളും വലിയ വലിയ വലയങ്ങളായി മാറി.

ബോധത്തിന്റെ മൺതിട്ടിൽ, അതിന്റെ വിളുമ്പിൽ ഞാൻ നാരകങ്ങൾ മണത്തു. നന്നാറി സർവത്തിലേക്ക് നാരങ്ങ പിഴിയുന്ന ഒരാളുടെ മുഖമാണ് ഒടുക്കമായി കണ്ടത്. ആ മുഖത്തിലെ മൂക്കിൻ ദ്വാരത്തിലൂടെ വാഹനങ്ങൾ ഒരു തുരങ്കത്തിലേക്കെന്ന പോലെ കടന്നുപോയി. പറഞ്ഞുഫലിപ്പിക്കാൻ കഴിയാത്ത ഒരുതരം പിടച്ചിൽ തലയ്ക്കുള്ളിൽ അറിഞ്ഞു. പിന്നെ ഞാനെന്ന കടുകുമണി ആ മൂക്കിൻ ദ്വാരത്തിനുള്ളിലെ ഇരുട്ടിലേക്ക് നാരകങ്ങളെ മണത്തുകൊണ്ട് കടന്നുപോയി... കാലങ്ങൾക്കുശേഷം അറുപത് ഉറക്കഗുളികകൾ കഴിച്ച് മരണത്തിലേക്ക് നടന്നപ്പോൾ ഇതേ പിടച്ചിലും ഇതേ ഇരുട്ടും ഞാൻ അറിഞ്ഞതാണ്.

വലയങ്ങളെല്ലാം ചെറുതായി, കടുകുമണി വലുതായി കണ്ണു തുറക്കുമ്പോൾ ഞാൻ മനുഷ്യമുഖങ്ങളെ കണ്ടു. മുഖങ്ങൾ, മനുഷ്യമുഖങ്ങൾ, മനുഷ്യന്റെ കണ്ണുകൾ, മനുഷ്യശബ്ദങ്ങൾ, ഭൂമിയിലെ ഏറ്റവും മനോഹരമായ ആ കാഴ്ചകളിലേക്ക് ഞാൻ അത്യാനന്ദത്തോടെ നോക്കി. എന്റെ തലച്ചോറ് കഴുകി വെടിപ്പാക്കി, അതിന്റെ ചുളിവുകളിലെ മാലിന്യങ്ങളെല്ലാം ഇല്ലാതായ പോലെ. ആരോ എന്നെ എഴുന്നേൽപ്പിച്ചിരുത്തി. വേറെയാരോ നാരകം മണക്കുന്ന തണുത്ത സർവത്ത് കുടിക്കാൻ തന്നു. പുളിയും മധുരവും മണവുമുള്ള ആ സ്വർഗീയ പാനീയം ഞാൻ ഒറ്റ വീർപ്പിന് കുടിച്ചു.

‘ഇനി വേണോ...?'

വേണമെന്ന് ഞാൻ തല കുലുക്കി. സർവത്ത് ക്ലാസ്​ പിടിച്ച എന്റെ കൈ വിറച്ചു, ചുണ്ട് വിറച്ചു. മനുഷ്യരല്ല, ദൈവങ്ങളാണ് ചുറ്റും നിന്നത്. ആ ആൾക്കൂട്ടത്തിൽ നിന്ന് ഞാൻ അമ്പുട്ടിക്കാനെ തിരിച്ചറിഞ്ഞു. എനിക്ക് ഭാഗ്യക്കുറി നീട്ടിയ ആ മനുഷ്യന് പക്ഷേ എന്നെ ഓർമയുണ്ടായിരുന്നില്ല. ആ സർവത്തും കൂടി കുടിച്ചു തീർത്തപ്പോൾ ഞാൻ പൂർണമായ ബോധത്തോടെ എഴുന്നേറ്റു നിന്നു.

‘മോന്റെ വീടെവിടെയാ...? ', അമ്പുട്ടിക്ക ചോദിച്ചു.
ഞാൻ മറുപടി പറഞ്ഞു.
ആ ആൾക്കൂട്ടം ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ സത്യം സത്യമായ ഉത്തരങ്ങൾ പറഞ്ഞു.

‘മോന് വീട്ടിലേക്ക് പോവണോ? ', തലയിൽ ചുവന്ന തുണി കെട്ടിയ ഒരു മനുഷ്യനാണ് അത് ചോദിച്ചത്.
ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ പറഞ്ഞു, ‘മാണ്ട ഇൻക്ക് കുടീക്ക് പോണ്ട.’

അമ്പുട്ടിക്കയും ചുവന്ന തലയിൽകെട്ടുകാരനും തമ്മിൽ എന്തോ സ്വകാര്യം പറഞ്ഞു. അവരെന്നെ ഏറ്റെടുത്തെന്നുതോന്നിയപ്പോൾ കൂടി നിന്നവർ ഓരോരുത്തരായി പിരിഞ്ഞുപോയി. അമ്പുട്ടിക്ക എന്ന ഭാഗ്യവിൽപ്പനക്കാരൻ എന്നെയും കൂട്ടി തൊട്ടുമുമ്പിലുള്ള ഹോട്ടലിലേക്കുനടന്നു. അവിടെ, ‘ഊൺ തീർന്നു' എന്നെഴുതിയ കുഞ്ഞുബോർഡ് ഞാൻ വായിച്ചു.

അതിനുള്ളിൽ തിരക്കില്ലായിരുന്നു. കൈ കഴുകി അമ്പുട്ടിക്കാന്റെ ഒപ്പം ഒരു ബെഞ്ചിൽ ചെന്നിരുന്നു. എനിക്ക് അമ്പുട്ടിക്ക ചായയും പഴം പൊരിയും വാങ്ങിത്തന്നു. കറുത്ത ബാഗ് മേശയിൽ വെക്കാതെ കക്ഷത്തിൽ തന്നെ ഇറുക്കിപ്പിടിച്ച് അമ്പുട്ടിക്ക ചായ കുടിച്ചു. അതിനുള്ളിൽ മനുഷ്യരെ ലക്ഷാധിപതികളാക്കുന്ന ലോട്ടറിയെന്ന അത്ഭുതം ഉണ്ടായിരുന്നു.

ചായ കുടിച്ചുകഴിഞ്ഞ് അമ്പുട്ടിക്ക എന്നെയും കൂട്ടി പുറത്തേക്കിറങ്ങി. വെയിലിന് ചൂട് നഷ്ടപ്പെട്ടിരുന്നു. പാതകളിൽ മനുഷ്യരുടെ തിരക്ക് കൂടി. നടപ്പാതയിൽ നിന്ന് റോഡിലേക്കിറങ്ങി, അമ്പുട്ടിക്ക ഓട്ടോയ്ക്ക് കൈ കാണിച്ചു. ഞങ്ങൾ ഓട്ടോയിലേക്ക് കയറി. എങ്ങോട്ടാണ് പോവുന്നതെന്നോ എന്തിനാണ് പോവുന്നതെന്നോ എനിക്ക് അറിയണ്ടായിരുന്നു. പക്ഷേ അമ്പുട്ടിക്ക എനിക്കത് പറഞ്ഞുതന്നു: ‘പോണത് വല്യ ഒര് തറവാട്ടിലിക്കാണ്. പൊള്ളും കള്ളത്തരവും ല്ലാതെ അവ്‌ടെ കൂടിയാ, അബ്ബാസുട്ടിനെ ഓല് പൊന്ന് പോലെ നോക്കും.’

എന്നെ പൊന്നുപോലെ നോക്കുന്ന ആ തറവാട്ടിലേക്കുള്ള യാത്രയിൽ ഞാൻ നഗരത്തെ സ്‌നേഹത്തോടെ നോക്കി. അടയാളക്കുറികളെ അക്ഷരം തെറ്റാതെ വായിച്ചു. ഓട്ടോ റെയിൽപാളം മുറിച്ചുകടക്കുമ്പോൾ അമ്പുട്ടിക്ക ഡ്രൈവറോട് എന്തൊക്കെയോ പറഞ്ഞു. ഡ്രൈവർക്കും ആ വലിയ തറവാടിനെ കുറിച്ച് അറിയാമായിരുന്നു. ആ തറവാട്ടുകാർക്ക് നഗരത്തിൽ പലതരം കച്ചവടങ്ങളും പല ഉയർന്ന ബന്ധങ്ങളും ഉണ്ടെന്നും ആ ശാഖയിൽ പെട്ട പലരും പല നഗരങ്ങളിലായി മുന്തിയ കച്ചവടങ്ങൾ ചെയ്യുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കി.

മുത്തയ്യൻ സാറ് പറഞ്ഞു തന്ന സിനിമാക്കഥകളിലെ സമ്പന്നതയിലേക്കും സ്‌നേഹത്തിലേക്കും കരുണയിലേക്കുമാണ് യാത്രയെന്നുതോന്നി. നഗര വിളക്കുകൾ ഓരോന്നായി കൺതുറന്നു. നഗരം വെളിച്ചത്തെ പുണർന്ന് പുഞ്ചിരിച്ച് നിന്നു. എവിടെയോ മഴപെയ്തിരിക്കണം... നനഞ്ഞ മണ്ണിന്റെ മണമുള്ള കാറ്റുകൾ എന്നെ വന്നു തൊട്ടു. മെയിൻ റോഡിൽ നിന്ന് ഓട്ടോ മറ്റൊരു ചെറിയ റോഡിലേക്ക് കടന്നു. അവിടെ കണ്ട വിളക്കുകൾക്ക് വെളിച്ചം കുറവാണ്. ആ വെളിച്ചത്തിലേക്ക് മഴപ്പാറ്റകൾ ഉയർന്നുപൊങ്ങി.

ഓട്ടോ ചെന്നുനിന്നത് വലിയൊരു ഗെയിറ്റിനു മുമ്പിലാണ്. അമ്പുട്ടിക്ക ഓട്ടോ കൂലി കൊടുക്കുമ്പോൾ ഞാനാ ഉരുണ്ട തൂണുകളിൽ കൊത്തിവെച്ച വീട്ടുപേര് വായിച്ചു. ആ പേര് ഇവിടെ പറയരുതെന്ന് എന്റെ ഉൾമനസ്സ് എന്നോടുപറയുന്നു, ദയവായി ക്ഷമിക്കുക.

അമ്പുട്ടിക്ക ഗെയിറ്റ് പ്രയാസപ്പെട്ട് തുറന്ന് അകത്തുകടന്നു. ഞാൻ കണ്ടത് വീടല്ല, കൊട്ടാരമാണ്. അത്തരം കൊട്ടാരങ്ങൾ ഇന്ന് നാട്ടിൽ സുലഭമാണെങ്കിലും, അന്ന് മറ്റെവിടെയും ഞാനങ്ങനെ ഒരു കൊട്ടാരം കണ്ടിട്ടില്ല. കൊട്ടാരത്തിലേക്കുള്ള പാതയുടെ ഇരുവശത്തും പൂന്തോട്ടമായിരുന്നു. പൂവുകളിലെ മഴ ജലത്തെ സ്വർണ്ണമാകാൻ അവിടെ മഞ്ഞവെളിച്ചം ഒഴുകി നടന്നു.

എന്റെ മുഷിഞ്ഞുനാറുന്ന വസ്ത്രങ്ങളും തീരാത്ത വിശപ്പും അപകർഷതാ ബോധത്തോടൊപ്പം എന്നിൽ ഭയവും ഉണ്ടാക്കി. കൊട്ടാരം എന്നെ സ്വീകരിച്ചില്ലെങ്കിലോ എന്ന ഭയത്തോടെയാണ് ഞാനതിന്റെ പടികൾക്ക് മുമ്പിൽ ചെന്ന് നിന്നത്. അവിടെ തൂങ്ങിക്കിടന്ന കയറിൽ, അമ്പുട്ടിക്ക പിടിച്ചുവലിച്ചപ്പോൾ മണിമുഴങ്ങി. മടക്കി കുത്തിയ മുണ്ട് അമ്പുട്ടിക്ക നിവർത്തി ഇട്ടു. കക്ഷത്തിലെ ബാഗെടുത്ത് കയ്യിൽ പിടിച്ചു. എന്നോട് മുണ്ട് നേരെയാക്കാൻ പറഞ്ഞു.

ഞങ്ങൾ കാത്തു നിന്നു. കൊട്ടാരത്തിലെ വരാന്തയിൽ, ആകാശത്ത് നിന്നെന്നപോലെ പച്ചവള്ളികൾ പല രൂപത്തിൽ തൂങ്ങിക്കിടന്നു. സിനിമകളിൽ പോലും ഞാൻ കാണാത്ത കാഴ്ചയായിരുന്നു അത്. ആ വള്ളികൾ അത് നട്ട ചട്ടികളേയും മറച്ച് തൂങ്ങിക്കിടന്നതിനാൽ, ഇത് എവിടെ നിന്നാണ് മുള പൊട്ടിയതെന്ന് അമ്പരന്നു. എന്റെ അമ്പരപ്പിലേക്കും അമ്പുട്ടിക്കാന്റെ ഭവ്യതയിലേക്കും വാതിൽ തുറക്കപ്പെട്ടു. സിനിമാ നടികളോളം സൗന്ദര്യമുള്ള ഒരു സ്ത്രീ അവിടെ നിന്നു. അവർക്ക് പിറകിൽ നിന്നുവന്ന വെളിച്ചത്തിൽ ആ മുഖം കൂടുതൽ സുന്ദരമായി.

‘എന്ത്യേ അമ്പുട്ടിയേ ...? '

‘... സാഹിബ് ല്ലേ? നല്ലൊരു കുട്ടീനെ കിട്ടിയാ കൊണ്ടരാൻ പറഞ്ഞീർന്നു.’

അവരെന്നെ നോക്കി. ആ മുറ്റത്ത് മുഷിഞ്ഞ വസ്ത്രങ്ങളും എച്ചിൽ മണവുമായി നിന്ന ഞാൻ, അത്ര നല്ല കുട്ടിയല്ലെന്ന് അവരുടെ ഭാവം അമ്പുട്ടിക്കാനോട് പറഞ്ഞു.

‘പൊരേന്ന് കഷ്ടപ്പാടോ ണ്ട് ഓടിപ്പോന്നതാണ് മാറ്റി ട്ക്കാൻ വേറൊന്നും ല്ല ഒന്റട്ത്ത്...'

മാറ്റിയുടുക്കാൻ വസ്ത്രമില്ലാത്ത ഞാനെന്ന തെണ്ടി അവരെ ഭവ്യതയോടെ നോക്കി. കൈ മുഴുവൻ മറയുന്ന ബ്ലൗസും സാരിയുമായിരുന്നു അവരുടെ വേഷം. തല മറച്ച മക്കനയിൽ നിന്ന്​ അവരുടെ മുടി, പുറംചാടി ഞങ്ങളെ നോക്കി. മഴത്തണുപ്പുള്ള കാറ്റ് അവരുടെ സുഗന്ധവുമായി എന്നെ തൊട്ടു. ഞാൻ തല കുനിച്ചുനിന്നു. അവർ അമ്പുട്ടിക്കാനെ നോക്കി ചിരിച്ചിട്ട്, വാതിലടക്കാതെ തന്നെ അകത്തേക്ക് മടങ്ങിപ്പോയി. ഞാൻ അമ്പുട്ടിക്കാനെ നോക്കി. കൊട്ടാരം എന്നെ സ്വീകരിച്ചോ എന്നറിയാനായി. അമ്പുട്ടിക്ക, എല്ലാം ശരിയാവുമെന്ന ഭാവത്തിൽ തലയാട്ടി. മുറ്റത്തെ പൂന്തോട്ടങ്ങൾക്ക് വെളിച്ചം കിട്ടാൻ കത്തിച്ചുവെച്ച ഉണ്ട ബൾബുകൾക്കു ചുറ്റും മഴപ്പാറ്റകൾ പറന്നുനടന്നു. കുറച്ചുനേരം കഴിഞ്ഞ് അവർ മടങ്ങി വന്നു. കയ്യിലെ മുണ്ടും ഷർട്ടും എനിക്ക് ഇട്ട് തന്നിട്ട്, അമ്പുട്ടിക്കാനോട് പറഞ്ഞു, ‘ഇയ്യ് ഇബനെ ആദ്യം കുളിപ്പിച്ചെട്ക്ക്, ഇക്കോലത്തില് സാഹിബ് കണ്ടാ പിന്നെ അനക്ക് വയറ് നെറയും.’

അമ്പുട്ടിക്ക എന്നെയും കൂട്ടി, കൊട്ടാരത്തിന്റെ വലതുവശത്തേക്ക് നടന്നു. അവിടെയും വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചത്തിൽ, ഇരുമ്പ് സ്റ്റാന്റുകളിൽ ഘടിപ്പിച്ചുവച്ച തേനീച്ച പെട്ടികൾ ഞാൻ കണ്ടു. പൂക്കളം തേനും സുഗന്ധം പരത്തിയ ആ വളപ്പ് സ്വർഗം തന്നെയായിരുന്നു.

കുളിമുറിയിൽ ഷവറുണ്ടായിരുന്നു. അത് ഷവറാണെന്നോ അത് തിരിച്ചാൽ മഴ പെയ്യുമെന്നോ എനിക്കറിയില്ലായിരുന്നു. ഞാനവിടുത്തെ ബക്കറ്റിലേക്ക് വെള്ളമെടുത്ത് കുളിച്ചു. ജീവിതത്തിൽ ആദ്യമായി പിയേഴ്‌സ് സോപ്പ് തേച്ചു. കുളി കഴിഞ്ഞപ്പോൾ ചത്തുകിടന്ന വിശപ്പ് പാമ്പായി ദേഹത്തിലേക്ക് പടർന്നുകയറി. മുൻവശത്തേക്ക് മടങ്ങിചെല്ലുമ്പോൾ ചാരുകസേരയിൽ വെളുത്ത കുർത്ത ധരിച്ച ഒരു മനുഷ്യൻ ഇരിക്കുന്നുണ്ടായിരുന്നു. പാകമല്ലാത്ത കുപ്പായവും വാരിച്ചുറ്റിയ ഡബിൾ മുണ്ടുമായി ഞാനാ മനുഷ്യന്റെ മുമ്പിൽ നിന്നു.

അമ്പുട്ടിക്ക ഭവ്യതയോടെ മൂപ്പരെ നോക്കി നിൽക്കുകയാണ്. മൂപ്പർ കൈ കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. എനിക്കത് മനസ്സിലായില്ല. അമ്പുട്ടിക്ക എന്നെ വെളിച്ചത്തിലേക്ക് മാറ്റിനിർത്തി. ആ ചുണ്ടിൽ എരിഞ്ഞത് ചുരുട്ടാണെന്ന് മനസിലായില്ലെങ്കിലും അതിന്റെ രൂക്ഷഗന്ധം ആ മനുഷ്യന്റെ അടയാളമായി എന്റെ തലച്ചോറിൽ എന്നെന്നേക്കുമായി പതിയുകയായിരുന്നു. എന്നെ ഏറെ നേരം നോക്കിയിരുന്നിട്ട് ആ മനുഷ്യൻ എഴുന്നേറ്റു. എന്നിട്ട്, അമ്പുട്ടിക്കാനോട് പറഞ്ഞു, ‘അകത്തേക്ക് കൂട്ടിക്കോ ...'

അകത്ത് ജാലകവിരികളെ നൃത്തം ചെയ്യിച്ചു കൊണ്ട് പങ്കകൾ കറങ്ങി. വിശാലമായ ആ ഹാളിന്റെ മേൽക്കൂരയിൽ നിന്ന് ചിത്രവിളക്കുകൾ തൂങ്ങിക്കിടന്നു. ആ പ്രകാശത്തിൽ കുളിച്ച് ഞാൻ നിന്നു. ഹാളിൽ നിന്ന് അകത്തേക്ക് തുറക്കുന്ന നാലഞ്ച് വാതിലുകൾ കിരുകിരുക്കുന്ന ഒച്ച കേട്ടു. മുറികളിൽ നിന്ന് ഒരുപാട് മുഖങ്ങൾ എന്നെ നോക്കി. ഒരുപാട് കണ്ണുകൾ ...കണ്ണുകളിൽ തട്ടി തിളങ്ങുന്ന വെളിച്ചങ്ങൾ... ഞാൻ അമ്പുട്ടിക്കാനെ തിരിഞ്ഞുനോക്കി. മൂപ്പർ അവിടെ ഉണ്ടായിരുന്നില്ല.

കാലമെത്രയോ കഴിഞ്ഞ് മീഞ്ചന്തയിലെ വീട്ടിൽ, ഒരു വശം തളർന്നു കിടക്കുന്ന ആ ഭാഗ്യവിൽപ്പനക്കാരനെ ഞാൻ കണ്ടു. അവിടെ വെളിച്ചമെന്ന പേരിൽ ഇത്തിരി വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാലത്തിന്റെ നീണ്ട ഇടവേളയിൽ ഇടയ്ക്കിടയ്ക്ക് കണ്ടിട്ടുള്ളതിനാൽ അമ്പുട്ടിക്ക എന്നെ തിരിച്ചറിഞ്ഞു .ഭാഗ്യം വിറ്റ് നടന്നിട്ടും ഭാഗ്യങ്ങളൊന്നും തുണയാവാതെ പോയ ആ മനുഷ്യൻ എന്നെ തൊട്ടു.
ആ കണ്ണുകളിൽ ജലം പൊടിയുന്നതും ചുണ്ടുകൾ എന്തോ പറയാൻ ശ്രമിക്കുന്നതും ഞാൻ കണ്ടു. പൊന്നുപോലെ എന്നെ നോക്കുമെന്ന് അമ്പുട്ടിക്ക കരുതിയ ആ തറവാട്ടിൽ നിന്ന്, എനിക്ക് ലഭിച്ച സമ്മാനങ്ങളെ കുറിച്ച് ഞാൻ മൂപ്പരോട് പറഞ്ഞിരുന്നു. പെൺമുലകൾക്കിടയിൽ ശ്വാസം മുട്ടിപ്പിടഞ്ഞ ഞാനെന്ന പതിനഞ്ചുകാരൻ, രാത്രിയിൽ ആ കൊട്ടാരം വിട്ടിറങ്ങി ഓടുന്നത് അമ്പുട്ടിക്ക അപ്പോൾ ഉൾക്കണ്ണിൽ കണ്ടിരിക്കണം.

ദ്രവിച്ചുതുടങ്ങിയ മരക്കട്ടിലിൽ അമ്പുട്ടിക്കാനെ ചേർന്നിരിക്കുമ്പോൾ, ഞാനാ കൊട്ടാരത്തിന്റെ ഉൾമുറികളെ കണ്ടു. അവിടുത്തെ സുഗന്ധങ്ങളെ മണത്തു. എന്നെ അവിടെ​യേൽപ്പിച്ച് , അതിന് പ്രതിഫലമായി കിട്ടിയ അമ്പത് രൂപയ്ക്ക് മക്കൾക്ക് നല്ല ഭക്ഷണം വാങ്ങി വീട്ടിലേക്ക് നടക്കുന്ന അമ്പുട്ടിക്കാന്റെ ഉള്ളിൽ അന്ന് സന്തോഷത്തിന്റെ കണ്ണീര് പൊടിഞ്ഞിരിക്കണം. സ്വന്തം അനുവാദത്തിനു പോലും കാത്തുനിൽക്കാതെ തന്റെയുള്ളിൽ കാറ്റുപിടിക്കുന്ന ഓർമയുടെ ശിഖരങ്ങളെ അമ്പുട്ടിക്ക കാണുന്നുണ്ടാവണം. ആ ശിഖരത്തിൽ നിന്ന് ഞാനെന്ന പഴുത്തില കൊഴിഞ്ഞു വീഴുന്നത് കാണുന്നുണ്ടാവണം.
ഞാൻ വിളിച്ചു, ‘അമ്പുട്ടിക്കാ ...'

വാതിൽ മറവിനപ്പുറം, ഭർത്താവ് മൊഴിചൊല്ലിയ മൂത്തമകൾ ലൈല നിന്നു. ലൈല പറഞ്ഞു, ‘ഉപ്പച്ചിക്ക് ഇപ്പൊ ആരെയും ഓർമല്ല , ഒന്നും ഓർമ്മല്ല.’

പക്ഷേ, അമ്പുട്ടിക്കാന്റെ കണ്ണുകളിൽ ഞാൻ ഓർമകളുടെ ചിത്രവിളക്കുകൾ കണ്ടു. എനിക്കുനേരെ നീട്ടിയ നാരകമണമുള്ള സർവത്തിന്റെ തണുപ്പറിഞ്ഞു. തികച്ചും അനാഥനായിപ്പോയ ഒരു കുട്ടിക്കുനേരെ നീണ്ടെത്തിയ ആ സർവ്വത്ത് ഗ്ലാസിന്റെ തണുപ്പ്, ചൂടായി മാറി പൊള്ളുന്നതറിഞ്ഞു. ആ ചുണ്ടുകൾ എന്നോട് മാപ്പ് പറയുകയായിരുന്നു. കാലം എനിക്കായി കരുതിവെച്ച അനേകം ദുരിതങ്ങളുടെ ചതുരംഗപ്പലകയിലെ കരുവായിപ്പോയതിന് അമ്പുട്ടിക്ക എന്നോട് മാപ്പ് പറയുകയായിരുന്നു.

ഞാനാ മുഖത്തേക്ക് കുനിഞ്ഞ് നെറ്റിയിൽ ചുണ്ടമർത്തി. ഉപ്പില്ലാത്ത വിയർപ്പിന്റെ രുചിയിലേക്ക് എന്റെ കണ്ണീരുപ്പു തൊടുമ്പോൾ, എന്നെ ശ്വാസം മുട്ടിച്ച, കൊട്ടാരത്തിലെ പെൺമുലകളെ, അതിന്റെ വയലറ്റ് നിറമുള്ള കണ്ണുകളെ ഞാൻ കണ്ടു. അമ്പുട്ടിക്കാന്റെ ചുണ്ടുകൾ വിറക്കുന്നതുകണ്ടു. മഴപ്പാറ്റകൾ പൊടിയുന്ന മണ്ണിന്റെ ഗന്ധങ്ങൾക്കപ്പുറം തീരാത്ത ഉടൽവിശപ്പുമായി എന്നെ കാത്തുനിന്ന പെണ്ണുടലുകളെ, അതിന്റെ വിനാഗിരി മണങ്ങളെ ഓർക്കാതിരിക്കാൻ ഞാൻ അമ്പുട്ടിക്കാനെ കെട്ടിപ്പിടിച്ചു.

രണ്ട് മക്കളുടെ ഉപ്പയാണ് ഞാനെന്ന ബോധം പോലുമില്ലാതെ കരഞ്ഞു.
എന്റെ കരച്ചിൽ അമ്പുട്ടിക്കാന്റെ മകളായ ലൈലയിലേക്കും പടർന്നു. എന്റെ മുമ്പിൽ ചിത്രവിളക്കുകൾ അടർന്നു വീണു. ജാലകവിരികളും വാതിൽമറകളും തീക്കാറ്റിൽ ഉലഞ്ഞുകത്തി. ആ തീയിന്റെ ആഴങ്ങളിൽ നിന്ന് അമ്പുട്ടിക്ക എന്നെ വിളിച്ചു, അബ്ബാസുട്ടിയേ ... ▮


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments