ചിത്രീകരണം: ദേവപ്രകാശ്

വെറും മനുഷ്യർ- 31

സാമ്പത്തിക നീതിയും സമത്വവും നടപ്പിലാവാത്ത ജീവിത പരിസരങ്ങളിൽ ലിംഗസമത്വത്തെ കുറിച്ച് നിങ്ങൾക്ക് എന്നോട് ഒന്നും പറയാൻ കഴിയില്ല. ഒരുപക്ഷേ ഇത് എന്റെ മാത്രം കുഴപ്പമായിരിക്കാം, പക്ഷേ ആ കുഴപ്പം എനിക്ക് പ്രിയപ്പെട്ടതാണ്.​

ലിംഗ സമത്വത്തെപ്പറ്റി എന്നോട് പറയും മുമ്പ് നിങ്ങൾക്ക്
​സാമ്പത്തിക സമത്വത്തെപ്പറ്റി പറയേണ്ടി വരും

ന്തെങ്കിലും പ്രതിഫലത്തിനായി ചെയ്യുന്നതാണ് ജോലി എങ്കിൽ എന്റെ ആദ്യത്തെ ജോലി കുറുക്കൻ കുണ്ടിലായിരുന്നു. അക്കാലത്ത് ഒരു പതിനാലുകാരന് കിട്ടുന്ന ജോലിയിൽ വച്ച് ഏറ്റവും മുന്തിയ ജോലി തന്നെയായിരുന്നു അത്.
ഉമ്മാന്റെ അകന്ന ബന്ധുവിന്റെ ഒരു ബന്ധു വീടുണ്ടായിരുന്നു കുറുക്കൻ കുണ്ടിൽ. ആ വീട്ടിലെ സ്ത്രീ ഉമ്മാന്റെ പഴയ അയൽവാസിയുടെ മകളുമാണ്. അവരുടെ ഭർത്താവ് ഗൾഫിലായതിനാൽ അവർക്കും കുട്ടികൾക്കും പേടിക്ക് ഒരാള് എന്ന പേരിലാണ് ഉമ്മ എന്നെ ആ വീട്ടിൽ കൊണ്ടുപോയി നിർത്തിയത്.

അവർ വാഗ്ദാനം ചെയ്ത നാലുനേര ഭക്ഷണവും മാസം നൂറ്റമ്പത് രൂപയും ഉമ്മാക്ക് വലിയ ആശ്വാസമാണ് നൽകിയത്. ഒരു സന്തതിക്കെങ്കിലും നല്ല ഭക്ഷണം കൃത്യസമയത്ത് കിട്ടും. പിന്നെ മാസം നൂറ്റമ്പത് രൂപയും.. ‘അത് ഇജ് അന്റെ ഇഷ്ടം പോലെ എന്താച്ചാ തന്നാണ്ടി.. അയിലൊന്നും അല്ലല്ലോ കാര്യം അന്ക്കും അന്റെ കുട്ട്യാൾക്കും പേടിക്കൊരു ആളാവോലോ..’ എന്നാണ് ഉമ്മ അവരോട് പറഞ്ഞതെങ്കിലും ആ നൂറ്റമ്പത് രൂപക്ക് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര മൂല്യം ഉമ്മ കൽപ്പിച്ചിരുന്നു.

വീട് നിന്ന ഇടത്തുനിന്ന് നടന്നെത്താവുന്ന ദൂരത്തായിരുന്നു കുറുക്കൻ കുണ്ട്. കവലയും പള്ളിപ്പറമ്പും മുറിച്ചുകടന്നാൽ പിന്നെ അലാക്കിന്റെ കുണ്ടാണ്. മഴക്കാലത്ത് വെള്ളം കുത്തിയൊലിക്കുന്ന ഇടവഴിയാണ് കുറുക്കൻ കുണ്ടിലേയ്ക്കുള്ള ഏക യാത്രാമാർഗ്ഗം. നിറയെ തെങ്ങും കവുങ്ങും തീർത്ത പച്ചപ്പിന്റെ ഇരുട്ട്. മനുഷ്യശബ്ദങ്ങൾ ഒന്നുമില്ലാത്ത അന്തരീക്ഷം. ആ അന്തരീക്ഷത്തിലൂടെ കയ്യിലൊരു പ്ലാസ്റ്റിക് കവറുമായി ഞാൻ ഉമ്മാന്റെ പിന്നാലെ നടന്നു. രാത്രികളിൽ അവിടെ അന്തിയുറങ്ങണമെന്ന അറിവ് അപ്പോൾ എനിക്കില്ലായിരുന്നു.

ചെറിയൊരു കുന്നിൻ പുറത്താണ് ആ മാളിക വീട് നിന്നത്. വീടിന്റെ പരിസരമാകെ ബീരാൻ കാക്കയുടെതാണ്. ബീരാൻ കാക്ക ഗൾഫിലാണ്. മൂപ്പരുടെ ഭാര്യയാണ് മറിയാത്ത. മറിയാത്തയ്ക്ക് രണ്ടു മക്കളായിരുന്നു - അഞ്ച് വയസ്സുള്ള മകനും ഒന്നര വയസ്സുള്ള മകളും. മറിയാത്തയുടെ കാതുകൾ നിറയെ സ്വർണ്ണ ചിറ്റുകൾ തിളങ്ങി നിന്നു. വെളുപ്പും കറുപ്പുമല്ലാത്ത അവരുടെ മുഖത്ത് ആ സ്വർണ്ണ ചിറ്റുകളുടെ നിഴലുകൾ തിളങ്ങി. തടിച്ച് ഉയരം കൂടിയ സ്ത്രീയായിരുന്നു അവർ. ആ വീടിനു പിറകിൽ നീലനിറമുള്ള ജലം ഒഴുകുന്ന നീർച്ചോല ഉണ്ടായിരുന്നു. ആ ചോലയിലെ വെള്ളമാണ് കുടിക്കാനും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും അവർ ഉപയോഗിച്ചത്.

കണ്ടതും അവർ എന്നെ അണച്ചു പിടിച്ചു. അരികിൽ സ്വർണ്ണം പിടിപ്പിച്ച വെള്ളി അരഞ്ഞാണത്തിനു മുകളിൽ നഗ്‌നമായി കിടന്ന അവരുടെ വയറിൽ എന്റെ മുഖം ഉരഞ്ഞപ്പോൾ എനിക്ക് ശ്വാസം മുട്ടി.
‘ഇന്റെ കുട്ട്യാളപ്പോലെ തന്നേണ് ഇന്ക്ക് ഇവനും'; എന്നെ വിടുവിച്ച് അവർ പറഞ്ഞു.
ആ അണച്ച് പിടിക്കലും വർത്താനവും കേട്ടപ്പോൾ ഉമ്മാന്റെ മുഖത്ത് ആശ്വാസത്തിന്റെ വെളിച്ചം പരന്നു.
എന്റെ കയ്യിലെ പ്ലാസ്റ്റിക് കവർ വാങ്ങി അവർ പറഞ്ഞു​; ‘അന്റെ കുടിയാന്നന്നെ കരുതിക്കോ..'
അതും പറഞ്ഞ് വരാന്തയിൽ നിന്ന് അകത്തേയ്ക്ക് കടന്ന്, അവർ നടുമുറിയിലെ മരഗോവണി കയറി. അവരുടെ പിന്നാലെ ആ ഗോവണി കയറുമ്പോൾ എനിക്കറിയില്ലായിരുന്നു ദിവസവും ആ ഗോവണിപ്പടികൾ കഴുകി തുടയ്‌ക്കേണ്ട ജോലി കൂടി എനിക്കുണ്ടെന്ന്.

മാളികമുകളിലെ വിശാലമായ മുറിയിലെത്തി അവർ എന്നോടായി പറഞ്ഞു; ‘ഇതാണ് അന്റെ മുറി.’

ചുവന്ന തറയോടുകൾ വിരിച്ച ആ മുറിയിൽ, അവർ തുറന്നിട്ട ജാലകത്തിലൂടെ ഞാൻ കുറുക്കൻ കുണ്ടിന്റെ ആകാശം കണ്ടു. അവർക്ക് ഗൾഫ് സ്‌പ്രേയുടെ സുഗന്ധമായിരുന്നു. ആ മുറിക്കും അവർ ഇറങ്ങിയ ഗോവണിപ്പടിക്കും അതേ സുഗന്ധം തന്നെയായിരുന്നു. വീടിനകത്തെ സൗകര്യങ്ങൾ നോക്കി കണ്ണിൽ അമ്പരപ്പുമായി ഉമ്മ നിന്നു. അകത്ത് ഏതോ മുറിയിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു; ‘മാളു ഒണന്നു, മോന് ഓളെ തൊട്ടില് ഒന്ന് ആട്ടിക്കൊടുത്താ..'

അവരെന്റെ കൈ പിടിച്ച് അകത്തെ ഒരു ഇരുണ്ട മുറിയിലേയ്ക്ക് കടന്നു.
അവിടെ ചുവന്ന സാരി കൊണ്ട് കെട്ടിയ തൊട്ടിലിൽ കിടന്ന് ഒന്നര വയസ്സുകാരി കരഞ്ഞു. ആ അരണ്ട വെളിച്ചത്തിലും ഞാൻ ആ കുട്ടിയുടെ സുന്ദരമായ മുഖം കണ്ടു. ആ തൊട്ടിലാട്ടിക്കൊണ്ട് ഞാനവിടുത്തെ എന്റെ ജോലി തുടങ്ങി. കിളിവാതിലിലൂടെ അകത്തേക്ക് വരുന്ന വെളിച്ചം ചുമരിൽ വരയ്ക്കുന്ന ചിത്രങ്ങളിലേയ്ക്ക് നോക്കി കുട്ടി കരച്ചിൽ നിർത്തി. പിന്നെ പെരുവിരൽ വായിൽ തന്നെ വച്ച് അവൾ ഉറങ്ങി.

അവർ അടുക്കളയിൽ ഉമ്മാക്കും എനിക്കുമുള്ള ചായ ഉണ്ടാക്കി.
ഉമ്മ അടുക്കളയിലെ അരത്തിണ്ടിലിരുന്ന് അവരോട് ഞാൻ ജനിക്കും മുമ്പുള്ള കഥകൾ പറഞ്ഞു. വെള്ളക്കുമ്മായം തേച്ച ആ ചുവരുകൾക്ക് എനിക്കറിയാത്ത ഗന്ധങ്ങളായിരുന്നു. ചായ കുടിയൊക്കെ കഴിഞ്ഞ് കുറച്ചു നേരം കൂടി വർത്താനം പറഞ്ഞിരുന്ന് ഉമ്മ പോയി. ആ അന്തരീക്ഷ പച്ചകളിലൂടെ ഉമ്മാന്റെ നീല പുള്ളിത്തുണിയും വെള്ള കുപ്പായവും അകന്നകന്ന് പോകുന്നതും നോക്കി ഞാൻ നിന്നു. അപ്പോഴും എനിക്കറിയില്ലായിരുന്നു, ഞാൻ ആ അപരിചിതമായ ഗന്ധങ്ങളിലാണ് അന്തിയുറങ്ങേണ്ടതെന്ന്.. രാത്രിയാവും മുമ്പ് എന്നെ കൊണ്ടു പോവാൻ ഉമ്മ വരും എന്ന് തന്നെ ഞാൻ വിശ്വസിച്ചു.

‘ഇജജ് ആ പാത്രൊക്കെ മോറി വെച്ചാ..' എന്ന് അവർ പറയുവോളം
ഞാൻ അതേ നിൽപ്പ് നിന്നു. പിന്നെ ആ വീടിന്റെ വടക്കിനി മുറ്റത്തെ വലിയ അമ്മിത്തിണ്ടിൽ പാത്രങ്ങൾ കൊണ്ടു വച്ച്, ചോലയിൽ നിന്ന് വെള്ളം എടുത്തുകൊണ്ടുവന്ന് പാത്രങ്ങൾ കഴുകി. ഒരു വിഡ്ഢിയെപ്പോലെ, ഉമ്മ ചായ കുടിച്ച ഗ്ലാസ് ഞാൻ മണത്തു നോക്കി. ആ ഗ്ലാസിന് ഉമ്മാന്റെ മണമായിരുന്നു. വെളുത്തുള്ളിയുടെയും ഉണക്കമീനിന്റെയും മണം.. അതാണ് എന്റെ ഉമ്മാന്റെ മണം. മറ്റ് പത്രങ്ങളൊക്കെ കഴുകുമ്പോൾ ഇടയ്ക്ക് ഞാനാ ഗ്ലാസ് മണത്ത് ഉമ്മയെന്ന സുഗന്ധത്തെ ഉള്ളിലേയ്ക്കെടുത്തു.

പാത്രം മോറി കഴിഞ്ഞപ്പോൾ പുറത്തെ കുളിമുറിയിലെ വലിയൊരു സിമന്റ്​ ബ്ടാവ് കാണിച്ചു തന്ന് അതിൽ വെള്ളം കൊണ്ടു വന്ന് ഒഴിക്കാൻ അവരെനിക്ക് ഒരു നീല ബക്കറ്റ് തന്നു. ആ ബക്കറ്റ് ചോലയിൽ മുക്കി വെള്ളം നിറച്ച് ഉയർത്തിയപ്പോൾ നല്ല ഭാരം.. അത് കാര്യമാക്കാതെ ഞാൻ വെള്ളം നിറച്ച ബക്കറ്റും താങ്ങിപ്പിടിച്ച്, വഴുക്കുന്ന നിലത്തിലൂടെ ശ്രദ്ധിച്ച് നടന്നു. ഏഴ് ബക്കറ്റ് വെള്ളം മുക്കിക്കൊണ്ട് വന്ന് ഒഴിച്ചപ്പോഴാണ് ആ വലിയ ബ്ടാവ് നിറഞ്ഞത്. അപ്പോഴേയ്ക്കും ഞാൻ വീട്ടിൽ നിന്ന് രാവിലെ കഴിച്ച ചോറും അവിടുന്ന് കഴിച്ച ചായയും ആവിയായി കഴിഞ്ഞിരുന്നു. വാലിൽ മഞ്ഞ പുള്ളികളുള്ള കുഞ്ഞു മീനുകൾ ആ ചോലയിൽ നീന്തിക്കളിക്കുന്നത് കണ്ടപ്പോൾ എന്റെയുള്ളിലെ ചെടയാറിന്റെ ജലസംഗീതം ഞാൻ കേട്ടു. ആ വെള്ളമണൽ പുറങ്ങളിൽ പൊഴിഞ്ഞുകിടന്ന അരളിപ്പൂക്കൾ കൺമുന്നിൽ തെളിഞ്ഞു.

‘ഉനക്ക് പശിക്ക്താ..?’, ചോല ജലത്തിലെ കുഞ്ഞു മീനുകൾ തങ്കരാജിന്റെ ശബ്ദത്തിൽ എന്നോട് ചോദിച്ചു. കൈക്കുമ്പിളിൽ ഒന്നിനെ കോരിയെടുത്ത് ഞാൻ അതിനെ ഉമ്മ വെച്ചു.
അതിന്റെ നനുത്ത സ്പർശത്തിൽ ഞാൻ എന്റെ ഗ്രാമം കണ്ടു.
അതിന്റെ പാതകൾ കണ്ടു.
തങ്കരാജിന്റെ താമരക്കുളങ്ങളും മുത്തയ്യൻ സാറിന്റെ കളഭ മണവും റോഡിലൂടെ മണി കിലുക്കി ഓടുന്ന കാളവണ്ടികളും കണ്ടു.
ഒരു മാത്ര എന്റെ ജീവിതം ആ കുഞ്ഞു മീനിന്റേതുമായി വച്ചുമാറാൻ കഴിഞ്ഞെങ്കിലെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു. അരൂപിയായ വിഷാദത്താൽ എന്റെ നെഞ്ച് കനത്തു. കണ്ണുകൾ നിറഞ്ഞു. എനിക്ക് നടന്നെത്താൻ കഴിയാത്ത ദൂരത്തിൽ എന്റെ ആനന്ദങ്ങളും സങ്കടങ്ങളും ബദാം ഇലകളായി പൊഴിഞ്ഞു വീണു. മനുഷ്യപുത്രനെ നെഞ്ചേറ്റിയ കന്യാമറിയത്തിന്റെ ചില്ലുകൂട്ടിന് മുമ്പിലെന്നവണ്ണം ഞാനാ ചോലവക്കത്തെ ചളിയിൽ കമിഴ്ന്നു കിടന്നു.

‘ആടാ.. ഇജജ് ഇവ്‌ടെ കെടന്ന് ഒറങ്ങ് ആ... നീച്ചെ’, അവരെന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. ചോലയിലെ തെളിനീരിൽ തങ്കരാജിന്റെ ശബ്ദവുമായി കുഞ്ഞു മീനുകൾ എന്നെ നോക്കി ചിരിച്ചു.

"ഇഞ്ഞ് നെലം തൊടക്കണം. ആ കാണ്​ ണ്ടതാണ് തൊടക്കാൻ തുണി, അത് ഇട്‌ത്തോ’; അവർ ചൂണ്ടിക്കാണിച്ച തുണിയും എടുത്ത് ഞാനവരുടെ പിന്നാലെ നടന്നു. വലിയൊരു ഇരുമ്പ് തൊട്ടി എനിക്ക് തന്ന് ചോലയിൽ നിന്ന് വെള്ളമെടുത്ത് നിലം തുടക്കാൻ അവരെന്നോട് പറഞ്ഞു. വരാന്തയാണ് ഞാൻ ആദ്യം തുടച്ചത്. അത് കണ്ട് അവർ ചൂടായി, ‘എട പൊട്ടാ, മാളിയമ്മന്ന് തൊടച്ചെറങ്ങെടാ ആദ്യം.’

മാളികവീടുകളിൽ അന്തിയുറങ്ങാത്ത ഞാനെന്ന പൊട്ടൻ ആ ഇരുമ്പ് തൊട്ടിയിൽ വെള്ളവുമായി ഗോവണി കയറി. പിറകിൽ അവരുടെ പിറുപിറുക്കലുകൾ ഞാൻ കേട്ടു. മാളികപ്പുറത്ത് രണ്ടു മുറികളും ഒരു ഇടനാഴികയുമാണ് ഉണ്ടായിരുന്നത്. ഒരു മുറിയിലെ മേശപ്പുറത്ത് ഞാൻ കൊണ്ടുവന്ന പ്ലാസ്റ്റിക് കവർ വികൃത വസ്തുവായി കോലം കെട്ട് കിടന്നു. ആ മുറിയുടെ നിലം തുടച്ചു കഴിഞ്ഞപ്പോൾ അവർ കോണി കയറി വന്നു. ഞാൻ നിലം തുടയ്ക്കുന്നത് നോക്കി നിന്നിട്ട് പറഞ്ഞു; ‘അന്റെ കജ്ജ്മ്മത്തെ വളൊന്നും ഊരിപ്പോവൂല, അമർത്തി തൊടക്കടാ..'

ആ ഇരുണ്ട അന്തരീക്ഷത്തിൽ അപരിചിതയായ ഒരു സ്ത്രീയുടെ വഴക്കും കേട്ട് നിലം തുടക്കുമ്പോൾ ഞാൻ ഉമ്മാനെ ഓർത്തു. എന്നെ ഈ ഗന്ധങ്ങളിൽ ഉപേക്ഷിച്ചു പോയ ഉമ്മാനോട് ദേഷ്യം തോന്നി. എനിക്കു പിറകിൽ സുഗന്ധം പരത്തി അവർ നിന്നു. അപ്പഴാണ് അവരുടെ മകൻ മദ്രസ കഴിഞ്ഞ് ഓടിക്കിതച്ച് വന്നത്. താഴെ നിന്ന് അവൻ അലറി വിളിച്ചു; ‘മ്മാ.. പള്ള പയ്ച്ചുണൂ..'

അവർ ഗോവണി ഇറങ്ങി പോകുന്നതും മകനോട് എന്തൊക്കെയോ പറയുന്നതും അവൻ ഭക്ഷണം കഴിച്ച് സ്‌കൂൾ ബാഗും തോളിലിട്ട് ഓടി പോവുന്നതും ഞാൻ ശബ്ദങ്ങളിലൂടെ അറിഞ്ഞു.

ആ മരഗോവണിയും താഴത്തെ മുറികളും വരാന്തയും അടുക്കളയും തുടച്ച് വൃത്തിയാക്കി കഴിഞ്ഞപ്പോൾ എന്തെങ്കിലും തിന്നാൻ കിട്ടുമെന്ന പ്രതീക്ഷയിൽ ഞാനവരുടെ മുഖത്തേയ്ക്ക് നോക്കി. അവർ എന്തോ തിന്നുകയായിരുന്നു. ഇറച്ചിയുടെ മണം വരുന്നുണ്ട്. കുപ്പിഗ്ലാസ്സിലെ പാൽച്ചായയുടെ കാഴ്ച എന്റെ വായിൽ കൊതിനീരായി മാറുന്നുണ്ട്.

അവരുടെ മുൻവരിയിലെ പല്ല് അല്പം തെറിച്ചിട്ടായിരുന്നു. ആ പല്ലുകൾക്കിടയിൽ ഇറച്ചി തുണ്ട് കിടന്ന് ചവയുന്നത് കണ്ട് കൊതി നീരിറക്കി ഞാനവരെ തന്നെ നോക്കി നിന്നു. അവർ വരാന്തയിലെ ചേറ്റിയാംപടിയിൽ ഇരിക്കുകയായിരുന്നു. വിശപ്പാളുന്ന വയറുമായി ഒരു നായയെ പോലെ ഞാൻ മുറ്റത്തുനിന്ന് അണച്ചു. ഭക്ഷണത്തിന്റെ ഗന്ധവും കാഴ്ച്ചയും വിശപ്പിന്റെ തീയിന് ചൂടുകൂടി. എന്റെ സർവ്വ കോശങ്ങളും വിശപ്പെന്ന ഒറ്റ ബിന്ദുവിൽ തറഞ്ഞു നിന്നു. എന്റെ കാഴ്ചകൾക്ക് വിശന്നു. എന്റെ കേൾവികൾക്ക് വിശന്നു. എന്റെ രോമകൂപങ്ങൾക്ക് വിശന്നു. എന്റെ കാൽപാദങ്ങൾക്ക് വിശന്നു. വിശപ്പ് അനുഭവിച്ചവർക്ക് അറിയാം, അത് വയറിൽ മാത്രമല്ല ആളുന്നതെന്ന്. ഉള്ളം കാലുമുതൽ ഉച്ചം തല വരെ വിശപ്പിന്റെ ആ തീയാളൽ എന്നെയിട്ട് എരിച്ചു .

‘നോക്കി നിന്ന് കൊതികൂടാതെ വടക്കോറത്ത്ക്ക് പോടാ..', അവരെന്നെ ആട്ടി.

ജീവിതത്തിൽ അത്രമാത്രം വേദനയോടെ,അത്രമാത്രം സങ്കടത്തോടെ അത്രമാത്രം രോഷത്തോടെ എനിക്ക് മറ്റ് വാക്കുകൾ കേട്ടുനിൽക്കേണ്ടി വന്നിട്ടില്ല. എന്റെ മുമ്പിലെ പച്ചപ്പുകളിലും ചവിട്ടിയ നിലത്തും തീ പടർന്നു. നൊമ്പരക്കടലുകളെ ഉള്ളിലൊതുക്കി ഞാനാ തീയിലൂടെ നടന്നു. വടക്കിനിപ്പുറത്തെ തിണ്ടിൽ ഞാൻ തളർന്നിരുന്നു. പിന്നെ അവിടന്ന് എഴുന്നേറ്റ് ചോലയിലേക്ക് ചെന്ന് കമിഴ്​ന്നു കിടന്ന് മുഖം വെള്ളത്തിലേക്ക് താഴ്ത്തി ഒരു മൃഗത്തെ പോലെ ഞാൻ വെള്ളം കുടിച്ചു. വെള്ളത്തിനൊപ്പം ചെറിയൊരു മീനും എന്റെ വയറിലേക്ക് ഇറങ്ങിപ്പോയി.

‘ഇങ്ങനെ നക്കി കുടിച്ചാന് ഇജ് പട്ടിയേറ്റേ ടാ..?', ഞാനവരുടെ ശബ്ദം കേട്ടു. ഉറക്കെ പറയണമെന്നു തോന്നി; അതെ, ഞാൻ പട്ടിയാണ്. പത്ത് മക്കൾക്ക് ജന്മം നൽകി അവരെ പോറ്റി വളർത്താൻ പെടാപ്പാട് പെടുന്ന ഒരു അമ്മ നൂറ്റമ്പത് രൂപയ്ക്ക് നിങ്ങൾക്ക് വിറ്റ പട്ടി തന്നെയാണ് ഞാൻ. ആ ഉമ്മാന്റെ ദുരിതം നിങ്ങൾക്ക് മനസ്സിലാവില്ല. അവർ നടന്ന് തീർത്ത വെയിൽ വഴികകളെ നിങ്ങൾക്ക് മനസ്സിലാവില്ല. മകന് സുലഭമായി ഭക്ഷണം കിട്ടുമെന്ന് കരുതി നിങ്ങളുടെ വീട്ടിൽ എന്നെ കൊണ്ടു വിട്ട് മടങ്ങുമ്പോൾ ആ ഉമ്മാന്റെ കണ്ണിൽ പൊടിഞ്ഞ രക്ത നിറമുള്ള കണ്ണീരിന്റെ രുചി നിങ്ങൾക്ക് ഒരിക്കലും മനസ്സിലാവില്ല.

ഒരുപാട് വെള്ളം വയറ്റിൽ എത്തിയതുകൊണ്ട് ഞാൻ ശർദ്ദിച്ചു.
ശർദ്ദിച്ച വെള്ളത്തിൽ ഞാൻ വിഴുങ്ങിയ ആ ചെറിയ മീനും ഉണ്ടായിരുന്നു. ചെളിയിൽ വീണ് അത് കിടന്ന് പുളഞ്ഞു. ഞാനതിനെ കോരിയെടുത്ത് ചോലയിലേകിട്ടു. വാലിൽ കുഞ്ഞുകുഞ്ഞ് മഞ്ഞപ്പുള്ളികളുള്ള അത് തന്റെ ലോകം തിരിച്ചു കിട്ടിയ ആനന്ദത്തിൽ മറ്റ് മീനുകളുടെ അടുത്തേക്ക് നീന്തിപ്പോയി.

എന്റെ അരികിലേക്ക് ഒരു കൂട്ടം തുണികൾ അവർ കൊണ്ടിട്ടു. വിശപ്പിന്റെ തീ ചൂടുമായി ഇതു മുഴുവൻ അലക്കണമല്ലോ എന്ന ചിന്തയിൽ എന്റെ തല മിന്നി. കൺ മുമ്പിൽ നക്ഷത്ര വെളിച്ചങ്ങളും ഇരുണ്ട ആകാശവും തെളിഞ്ഞു. വയറിൽനിന്ന് നെഞ്ച് വഴി തലയിൽ എത്തിയ വൈദ്യുതി കാറ്റിൽ ആ തുണി കൂമ്പാരത്തിലേക്ക് ഞാൻ കമിഴ്ന്നടിച്ചു വീണു.

ഓർമ്മ തെളിയുമ്പോൾ ഞാൻ വടക്കിനിപ്പുറത്തെ തിണ്ടിൽ ചുമരും ചാരി ഇരിക്കുകയാണ്. എനിക്കു മുമ്പിൽ ആവിപാറുന്ന കഞ്ഞിയും ഉണക്കമീനും.. എന്റെ വീഴ്​ച കണ്ട് അവർ വല്ലാതെ ഭയന്നിട്ടുണ്ടാവണം. കുഞ്ഞിനെ അരയിൽ എടുത്ത് വടക്കിനി വാതിലിൽ ചാരി നിന്ന് അവർ പറഞ്ഞു; ‘പള്ളീ കത്തല് മാറ്റിക്കാളാ.. ന്ന്ട്ട് കൊറച്ചേരം ഇവ്‌ടെ കെടന്നോ..'

അത്രയും മധുരമായ വാക്കുകൾ ഞാൻ ജീവിതത്തിൽ പിന്നീടൊരിക്കലും കേട്ടിട്ടില്ല. ചൂടുള്ള കഞ്ഞി ഞാൻ കൈ കൊണ്ട് തന്നെ കോരി കുടിച്ചു. കൈ പൊള്ളുന്നതോ വായ പൊള്ളുന്നതോ നെഞ്ച് പൊള്ളുന്നതോ ഞാനറിഞ്ഞില്ല. ചുട്ട ഉണക്കമീൻ ആർത്തിയോടെ കടിച്ചു തിന്നു. ചുറ്റുമുള്ള കാഴ്ച്ചകൾ സുന്ദരമായി. ഭൂമിയിലെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീയായി അവർ എന്റെ മുമ്പിൽ നിന്നു. പച്ചപ്പുകളിൽ നിന്ന് തീയിറങ്ങുന്നത് ഞാൻ കണ്ടു. വറ്റ് തീർന്നപ്പോൾ പാത്രത്തിലെ കഞ്ഞിവെള്ളം ഞാൻ പാത്രത്തോടെ വലിച്ചു കുടിച്ചു.
കരുണയുടെ നേർത്ത മഞ്ഞു പടലങ്ങൾ അവരുടെ നോട്ടത്തിൽ ഞാൻ കണ്ടു.

കയ്യും വായും കഴുകുക പോലും ചെയ്യാതെ ഞാനാ പൂപ്പൽ മണക്കുന്ന തിണ്ടിലേക്ക് ചാഞ്ഞു. മയക്കം.. സുഖകരമായ മയക്കം.. ആ മയക്കത്തിന്റെ ആകാശച്ചോപ്പിൽ ഞാൻ ഇറച്ചിയും ചോറും വിളമ്പിയ വലിയ വലിയ തളികകൾ കണ്ടു. ആ തളികകളിൽ നിന്ന് വല്യാത്ത ഞങ്ങൾക്ക് വിളമ്പിത്തന്നു. ഞാനും മുത്തയ്യൻ സാറും അട്ർ മൂസാക്കയും തങ്കരാജും അനിയനും ഉമ്മയും ചെടയാറിന്റെ മണൽപ്പുറങ്ങളിൽ നിരന്നിരുന്ന് ഏറ്റവും സന്തോഷത്തോടെ ഏറ്റവും രുചിയോടെ ഭക്ഷണം കഴിച്ചു. അപ്പോഴാണ് മഴ പെയ്തത്.
ആ മഴയിലേക്ക് ഞാൻ കണ്ണുതുറക്കുമ്പോൾ അവർ എന്റെ മുഖത്തേക്ക് വെള്ളം തളിക്കുകയായിരുന്നു. അവരുടെ മകൻ സ്‌കൂൾ വിട്ട് വന്നിരുന്നു. അവൻ കാഴ്ച കണ്ടു ചിരിച്ചു. അവന്റെ ചിരി കണ്ട് ഞാനും ചിരിച്ചു. എന്റെ ഉടുമുണ്ട് അഴിഞ്ഞുപോയിരുന്നു. അടിവസ്ത്രം ഇല്ലാത്തതിനാൽ തെളിഞ്ഞു കണ്ട നഗ്‌നത നോക്കിയാണ് അവൻ ചിരിച്ചത്. ഞാൻ വേഗം മുണ്ടെടുത്ത് ഉടുത്തു.

‘ഞ്ഞ് ഇജ് തിരുമ്പിക്കോ.. നേരം കൊറേയായി' അവർ പറഞ്ഞു.

ചോലയുടെ വക്കത്ത് കൂട്ടിയിട്ട തുണി കളിലേക്ക് ഞാൻ നടന്നു ചെറിയ കുട്ടിയുടെ വസ്ത്രങ്ങൾ പ്രത്യേകം മാറ്റി വെച്ചത് ചൂണ്ടി അവർ പറഞ്ഞു, ‘അദ് വേറെ തന്നെ തിരുമ്പി ഒലുമ്പണം ട്ടാ..'

ആ കുഞ്ഞുടുപ്പുകളിൽ തീട്ടമുണ്ടായിരുന്നു, തീട്ടത്തിന്റെ മണമുണ്ടായിരുന്നു. വയറ്റിലെ തീ ഒടുങ്ങിയത് കൊണ്ടാവണം എനിക്ക് അറപ്പൊന്നും തോന്നിയില്ല. ബക്കറ്റിൽ വെള്ളം മുക്കിയെടുത്ത് അഞ്ഞൂറ്റിയൊന്നിന്റെ ബാർ സോപ്പ് ഉപയോഗിച്ച് ഞാനാ തീട്ടക്കുപ്പായങ്ങൾ തിരുമ്പി ഒലുമ്പി എടുത്തു. പിന്നെയുണ്ടായിരുന്നത് അവരുടെയും മകന്റെയും വസ്ത്രങ്ങളായിരുന്നു. ചോലവക്കത്തെ അലക്കുകല്ലിൽ ആ വസ്ത്രങ്ങൾ ഓരോന്നായി തിരുമ്പിയെടുത്ത് ഒലുമ്പുമ്പോൾ ഞാൻ മൂളിപ്പാട്ട് പാടി. ഒരുനേരത്തെ ഭക്ഷണം കൊണ്ട് ലഭിക്കുന്ന ആനന്ദങ്ങൾ അത് അനുഭവിച്ചവർക്കേ അറിയൂ.. ഭക്ഷണം വിദൂരമായൊരു സ്വപ്നമായി മാറുമ്പോൾ ഞാനെന്നല്ല ഏത് മനുഷ്യനും എന്ത് ജോലിയും ചെയ്യും. ചെയ്യുന്ന ജോലിയുടെ ബുദ്ധിമുട്ടുകളൊന്നും അപ്പൊ ബുദ്ധിയെ മുട്ടിക്കില്ല. അടിപ്പാവാടകളും ബ്ലൗസുകളും തുണിയും തട്ടങ്ങളും നിക്കറുകളും കുപ്പായങ്ങളും ഞാൻ അലക്കിയെടുത്തു. വായിൽ പറ്റി നിന്ന ഉണക്കമീൻ രുചി ഞാൻ ഞൊട്ടി നുണഞ്ഞു.

തിരുമ്പി ഒലുമ്പിയെടുത്ത തുണികൾ മുഴുവൻ അയയിൽ തോരാൻ ഇട്ടു കഴിഞ്ഞപ്പോൾ അവർ വേറെ കുറച്ച് തുണികളുമായി വന്നു, ‘ഇദും വേറെത്തന്നെ തിരുമ്പി ഒലുമ്പണം ട്ടാ..'

സമയം സന്ധ്യയായി കഴിഞ്ഞിരുന്നു.
അന്തരീക്ഷത്തിലെ പച്ചപ്പുകൾ കൂടുതൽ ഇരുണ്ടു തുടങ്ങി. ആ പച്ചപ്പുകളുടെ വിടവിലൂടെ കണ്ട ആകാശത്തിൽ അന്തിക്കിളികൾ കൂടണയാനായി ഓടുന്നത് കാണാമായിരുന്നു. ചോലയ്ക്ക് മുകളിലെ ചെറിയ കുന്നിൽ ചിത്രശലഭങ്ങൾ ഒടുവിലത്തെ വെയില് കായുന്നുണ്ടായിരുന്നു.

ഒരു പുള്ളിത്തുണിയിൽ പൊതിഞ്ഞു കെട്ടിയ കുറെ വെള്ളത്തുണി കണ്ടങ്ങളായിരുന്നു അവരെനിക്ക് അലക്കാൻ തന്നത്. അത് ഓരോന്നായി എടുത്തു നിവർത്തിയപ്പോൾ അവയിൽ ചോരയുടെ ഭൂപടങ്ങൾ.. ഒന്നിൽ മാത്രമല്ല തിരുമ്പാൻ തന്ന എല്ലാ വെള്ള തുണിക്കണ്ടങ്ങളിലും ഏറിയും കുറഞ്ഞും അതേ ചോരപ്പാടുകൾ.. തുണിക്കണ്ടങ്ങളുടെ നടുവിൽ വലുതായും അരികുകളിൽ ചെറുതായും അടയാളപ്പെട്ടു കിടന്ന ആ ചോരപ്പാടുകൾ എന്നെ ഭയപ്പെടുത്തി. ആരുടെ ചോരയാണ്? എന്തിനാണ് ഇത് അലക്കിയെടുക്കുന്നത്? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു.

ആ തുണികളിൽ ഒന്ന് നിവർത്തിപ്പിടിച്ച് അന്തം വിട്ട് നിന്ന എന്നോട് അവർ പറഞ്ഞു; ‘ഇജെന്താ പൊട്ടൻ പൂറ് കണ്ടപോലെ നിക്ക്ണ്ടത്? ബേം തിരുമ്പീട്ട് വാ.. അനക്ക് ചോറ് മാണ്ടേ..? '

അത്തരം നാടൻ ഉപമകൾ ഞാനീ നാട്ടിലെത്തിയിട്ട് ഒരുപാട് കേട്ടതാണ്. പക്ഷേ ഒരു സ്ത്രീയുടെ വായിൽനിന്ന് ആദ്യമായിട്ടാണ് ഞാനത് കേൾക്കുന്നത്. ആ ഉപമയുടെ കൃത്യമായ അർത്ഥം എനിക്കന്ന് അറിയില്ലെങ്കിലും അത് വളരെ മോശപ്പെട്ട ഒന്നാണെന്ന ധാരണ ഉണ്ടായിരുന്നു. എന്റെ അനിയത്തി സംസാരശേഷിയില്ലാത്ത ആളാണ്. അവളെ ഉമ്മ ചിലപ്പോഴൊക്കെ പൊട്ടത്തീന്ന് വിളിക്കുകയും ചെയ്തിരുന്നു. അവൾക്ക് ചെവി കേൾക്കാത്തതിനാൽ ആ വിളിയെന്നല്ല ഏത് ചീത്തവിളിയും അവളുടെ മുഖത്ത് ഭാവ മാറ്റങ്ങൾ ഉണ്ടാക്കുമായിരുന്നില്ല. പൂറ് എന്നത് സ്ത്രീകൾക്ക് മൂത്രമൊഴിക്കാനുള്ള രഹസ്യ ഇടമാണെന്ന അറിവും എനിക്കുണ്ടായിരുന്നു. പക്ഷേ പൊട്ടനേയും ആ രഹസ്യ ഇടത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചരടുകളോ ആ പ്രയോഗത്തിന്റെ നിഗൂഢമായ അർത്ഥമോ അന്ന് എനിക്ക് അറിയില്ലായിരുന്നു.

ചോരയുടെ ഭൂപടങ്ങൾ അടയാളപ്പെട്ട ആ വെള്ളത്തുണിക്കണ്ടങ്ങളൊക്കെ ഞാൻ ഓരോന്നായി അലക്കിയെടുത്തു. അലക്കിയപ്പോൾ ആ ചോരപ്പാടുകൾ മായുകയും ചെയ്തു. ഒലുമ്പി പിഴിഞ്ഞ് ആ തുണികൾ അയയിൽ ഇടുമ്പോൾ, പെരുംചിലമ്പിലെ വീടിന്റെ അടുക്കളപ്പുറത്ത് ആരും കാണാത്ത ഒരിടത്ത് വല്യാത്ത ഉണക്കാനിടുന്ന തുണികൾ എന്റെ ബോധത്തിലേക്ക് വന്നു. അത്തരം തുണികൾ ഉണക്കാൻ ഇടുന്ന ദിവസങ്ങളിൽ അവൾ നിസ്‌കരിക്കാറില്ല എന്നതും ഞാൻ ഓർത്തു.

പച്ചപ്പുകളുടെ ആ ഇരുണ്ട അന്തരീക്ഷത്തിൽ ആ വെള്ള തുണിക്കണ്ടങ്ങൾ നോക്കിനിൽക്കെ, അറപ്പായും ഓക്കാനമായും നിഗൂഢമായ ആനന്ദമായും പിന്നെയും പൊരുളറിയാത്ത പല പല തോന്നലുകളുടെ പെരുക്കങ്ങളിൽ നിന്ന് ഞാനറിഞ്ഞു.

ഞാൻ അലക്കിയെടുത്ത് ഉണങ്ങാനിട്ട ആ തുണികൾ അവരുടെ ആർത്തവ തുണികളാണെണ്​, മാസത്തിലൊരിക്കൽ ഉണ്ടാവുന്ന, എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് അന്ന് എനിക്കറിയാത്ത ആ ചുവന്ന ഭൂപടങ്ങൾ ഈ കുറിപ്പ് എഴുതുമ്പോഴും എന്റെ കൺമുമ്പിലുണ്ട്. ഞാൻ അവിടത്തെ ജോലി വിട്ടുപോരുവോളം അവരുടെ ആ ചുവന്ന ഭൂപടങ്ങളെ അലക്കി യുണക്കി എടുത്ത് മടക്കി വെക്കുന്ന ജോലി എനിക്കു തന്നെയായിരുന്നു.

അന്നത്തെ കാലത്ത് ഏറ്റവും കുറഞ്ഞ സിനിമാ ടിക്കറ്റിന് അഞ്ച് രൂപയായിരുന്നു. ആ അഞ്ച് രൂപയ്ക്കും അവർക്ക് കനിവ് തോന്നി തരുന്ന ഭക്ഷണത്തിനും വേണ്ടി ഒരു പതിനാലുകാരന് ചെയ്യാവുന്നതിന്റെ ഇരട്ടി ജോലികൾ ഞാൻ ചെയ്തു. പിന്നീട് ഞാനൊരു പെയിന്റിങ് തൊഴിലാളിയായി മാറിയപ്പോൾ പെയിന്റടിക്കാൻ പോകുന്ന പല വീടുകളിലെയും വേലക്കാരികൾ, പത്തിലോ ഒമ്പതിലോ വെച്ച് പഠനം നിന്നുപോയ ദരിദ്രകളായ പെൺകുട്ടികൾ ആ വീടുകളിലെ സ്ത്രീകളുടെ ആർത്തവ തുണികൾ അലക്കി ഉണക്കുന്നത് വേദനയോടെ കണ്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്.

ഇത്തരം കാഴ്ച്ചകളും അനുഭവങ്ങളും ഉള്ളതുകൊണ്ട് തന്നെ ലിംഗ സമത്വത്തെ പറ്റി എന്നോട് പറയും മുമ്പ് നിങ്ങൾക്ക് സാമ്പത്തിക സമത്വത്തെപ്പറ്റി എന്നോട് പറയേണ്ടിവരും. സാമ്പത്തിക സമത്വം ഇല്ലാത്ത സമൂഹത്തിൽ ലിംഗസമത്വം നടപ്പിലാക്കുക എന്നത് വലത്തേ കാലിലെ മന്തിനെ ഇടത്തേ കാലിലേക്ക് മാറ്റി സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. ലിംഗ നീതിയെക്കുറിച്ചും ലിംഗ സമത്വത്തെക്കുറിച്ചും എന്നോട് സംസാരിക്കാൻ വരുന്നവരോടൊക്കെ, അല്ലെങ്കിൽ അത്തരം സംസാരങ്ങൾ കേൾക്കുമ്പോളൊക്കെ എന്റെ പരിമിതമായ അറിവും അനുഭവവും വെച്ച് ഞാൻ അവരോട് പറയും; സാമ്പത്തിക നീതിയും സമത്വവും നടപ്പിലാവാത്ത ജീവിത പരിസരങ്ങളിൽ ലിംഗസമത്വത്തെ കുറിച്ച് നിങ്ങൾക്ക് എന്നോട് ഒന്നും പറയാൻ കഴിയില്ല. ഒരുപക്ഷേ ഇത് എന്റെ മാത്രം കുഴപ്പമായിരിക്കാം. പക്ഷേ ആ കുഴപ്പം എനിക്ക് പ്രിയപ്പെട്ടതാണ്.​ ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments