മാനുട്ടൻ എന്ന ജാരൻ

വെറും മനുഷ്യർ- 32

കുറുക്കൻ കുണ്ടിലെ ആദ്യരാത്രിയിലാണ് ജീവിതത്തിൽ ആദ്യമായി ഭയത്തിന്റെ കരിമ്പടം എന്നെ വന്നുപൊതിഞ്ഞത്. ഭയം ഒരു വ്യക്തിയെ, പ്രത്യേകിച്ച് ഒരു കുട്ടിയെ എങ്ങനെയൊക്കെയാണ് ശ്വാസംമുട്ടിക്കുന്നതെന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

പൊതുവേ ഇരുണ്ട ആ അന്തരീക്ഷം രാത്രിയായപ്പോൾ കൂടുതൽ ഇരുണ്ടു. വരാന്തയിലെ റാന്തൽ വെളിച്ചത്തിനപ്പുറം കറുകറുത്ത ഇരുട്ട്. വൃക്ഷശിഖരങ്ങളിൽ കാറ്റ് പിടിക്കുമ്പോഴുള്ള പേടിപ്പെടുത്തുന്ന ഒച്ച. ആ ഇരുട്ടിന്റെ വിദൂരതയിൽ കണ്ട വീട്ടുവെട്ടങ്ങൾ. അപരിചിതമായ ജീവികളുടെ കരച്ചിൽ. ഇടവിട്ടിടവിട്ട് ഓലിയിടുന്ന കുറുക്കന്മാർ.

രാത്രി ഭക്ഷണം കഴിക്കും മുമ്പ് എനിക്ക് എച്ചിൽപാത്രങ്ങൾ കഴുകണമായിരുന്നു. വടക്കിനി മുറ്റം അടിച്ചു വാരണമായിരുന്നു. അടുക്കളയുടെ നിലം തുടച്ചു വൃത്തിയാക്കണമായിരുന്നു. അതിനുമുമ്പ് വടക്കിനി മുറ്റത്തെ വിറകടുപ്പിൽ അവർക്ക് കുളിക്കാനുള്ള വെള്ളം തിളപ്പിച്ച് ആറാൻ വെച്ചിരുന്നു . അവർ ഉച്ചക്ക് ചോലയിൽ നിന്ന് കുളിച്ചതാണ്, പിന്നെ എന്തിനാണ് കിടക്കും മുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. വലിയ വീടുകളിലെ ആൾക്കാരൊക്കെ രാത്രി ചൂടുവെള്ളത്തിൽ കളിക്കാറുണ്ടാവുമെന്ന് കരുതി ഞാൻ ആശ്വസിച്ചു.

അടുപ്പിലെ തീക്കനലിന്റെ വെളിച്ചത്തിൽ വടക്കിനി മുറ്റം അടിച്ചുവാരുമ്പോൾ ഒരു കൂട്ടം കുറുക്കന്മാർ എന്റെ തൊട്ടുമുകളിലെ പൊന്തക്കാടുകളിൽ നിന്ന് ഓലിയിട്ടു. എന്റെ കൈ കാലുകൾ വിറച്ചു. ഭയത്തിന്റെ ആ വിറയൽ നിയന്ത്രിക്കാനാവാതെ രണ്ടുകൈകൊണ്ടും ചൂലുപിടിച്ച് ഒരു വിധത്തിൽ ഞാനാ മുറ്റം അടിച്ചു വാരി. പിന്നെ എച്ചിൽപാത്രങ്ങൾ കഴുകി, നിലം തുടച്ച് വൃത്തിയാക്കി. അവർ എനിക്കായി വിളമ്പി വെച്ച ചോറ് ഞാൻ തിന്നു. ഇറച്ചി വരട്ടിയത് ഒരു പാത്രത്തിൽ കണ്ട് ഞാൻ എല്ലാ ക്ഷീണവും മറന്നു. ആ ഇറച്ചി കണ്ടങ്ങളിൽ ചോറിന്റെ വറ്റുകൾ പറ്റിപ്പിടിച്ചിരുന്നു. അവയിൽ മസാല ഉണ്ടായിരുന്നില്ല. അവരും മകനും വായിലിട്ട് ചവക്കാനാവാതെ തുപ്പി മാറ്റിവെച്ച ബലമുള്ള ഇറച്ചി കണ്ടങ്ങളായിരുന്നു അത്. വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറഞ്ഞാൽ എച്ചിൽ. പക്ഷേ അന്നത്തെ എനിക്ക് ആ എച്ചിൽ തന്നെ മനം മയക്കുന്ന വിഭവമായിരുന്നു. ചവച്ചും വിഴുങ്ങിയും ഞാനാ ഇറച്ചി കണ്ടങ്ങൾ മുഴുവൻ തിന്നു തീർത്തു. അകത്തെ മുറിയിൽ നിന്ന് അവരുടെ ശബ്ദം വന്നു.
‘ഇജ് തിന്ന പാത്രം കൂടി മോറിവെച്ചിട്ട് മാളിയമ്മക്ക് പൊയ്‌ക്കോ, അവ്‌ടെ ഞാൻ അനക്ക് കെടക്കാൻ വിരിച്ചിട്ട്ണ്ട്.'

അവർ കിടന്ന മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടിരുന്നു. മറ്റേ മുറിയിലെ തൊട്ടിലിൽ മകളും കട്ടിലിൽ മകനും കിടന്നു. ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഞാൻ ഗോവണി കയറി. കറുത്ത പെയിന്റടിച്ച പോലെ ചുറ്റും ഇരുട്ടുമാത്രം. ഇരുട്ടിന്റ മണങ്ങൾ മാത്രം. ആ മണങ്ങളിലൂടെ തട്ടിയും തടഞ്ഞും ഞാൻ എനിക്ക് കിടക്കേണ്ട മുറിയിലെത്തി. കുറച്ചുനേരം ഭയന്ന് വിറച്ചങ്ങനെ നിന്നപ്പോ മുറിയിലെ കാഴ്ച്ചകൾ തെളിഞ്ഞു.

നിലത്ത് ഒരു പായയും തലയണയും പുതപ്പുമുണ്ട് ഭയത്തിന്റെ ആ അന്തരീക്ഷത്തിലും സ്വന്തമായി ഒരു പായയും തലയിണയും പുതപ്പും കിട്ടിയതിന്റെ ചെറുതല്ലാത്ത സന്തോഷം ഞാനറിഞ്ഞു. പായയിൽ എന്റെ പ്ലാസ്റ്റിക് കവർ കണ്ടപ്പോഴാണ് ഞാൻ കുളിച്ചിട്ടില്ലല്ലോ എന്ന കാര്യമോർത്തത്. ചളിയും വിയർപ്പും ശ്ചർദ്ദിൽ പാടുകളും പറ്റിപ്പിടിച്ച എന്റെ ശരീരത്തിന്റെ ഗന്ധം എനിക്ക് ഓക്കാന മുണ്ടാക്കി.

ഭയവും ഇരുട്ടും പുതച്ചു കിടക്കുന്ന ചോലയും അതിലെ തെളിനീരും കുഞ്ഞുമീനുകളും എന്നെ മാടി വിളിച്ചു. ബിസ്‌ക്കറ്റ് കളറുള്ള ഗൾഫ് സോപ്പിന്റെ മണം എന്നെ മാടിവിളിച്ചു. കുളിക്കണോ വേണ്ടയോ എന്ന ചിന്താകുഴപ്പവുമായി ഞാനാ പായയിൽ ഇരുന്നു. നല്ല ക്ഷീണമുണ്ട്, കൈയും കാലും നടുവും വേദനിക്കുന്നു. കട്ടിയുള്ള പശ തേച്ച പോലെ ശരീരമാകെ ഒട്ടിപ്പിടിക്കുന്നു. നീണ്ട നേരത്തെ വീണ്ടുവിചാരങ്ങൾക്കുശേഷം എന്റെ ശരീരവും താങ്ങി ഞാൻ ഗോവണിയിറങ്ങി.

ഞാൻ കോണി ഇറങ്ങുന്ന ഒച്ച അവർ കേട്ടിരിക്കണം. അവർ എന്തൊക്കെയോ മുറുമുറുത്തു. ആ ശബ്ദങ്ങൾക്ക് ചെവി കൊടുക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. അവരുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ പുരാതനമായൊരു കാറ്റ് എന്നെ വന്നുതൊട്ടു. ഞാൻ കേൾക്കുന്നത് സാധാരണ മുറുമുറുപ്പുകളല്ല, വേദന കൊണ്ട് അവർ പുളയുന്ന ശബ്ദങ്ങളായിട്ടാണ് എനിക്കത് തോന്നിയത്. ആ ശബ്ദത്തിന്റെ ഒപ്പം ഒരു പുരുഷന്റെ അസാധാരണമായ ശ്വാസഗതിയുടെ ഒച്ചയും ഞാൻ കേട്ടു. രണ്ടു ശബ്ദങ്ങൾ... രണ്ട് ഈണത്തിലുള്ള സ്വരവ്യത്യാസങ്ങളുള്ള ശബ്ദങ്ങൾ.
ഞാൻ എന്തോ ചിലത് അറിയുകയായിരുന്നു.

രാത്രിയുടെ നിശബ്ദതയിൽ ഒഴുകുന്ന നീർച്ചോലയുടെ ശബ്ദം പോലെ. മരച്ചില്ലകൾ അടരും പോലെ. വിറക് കൊത്തുന്ന തമിഴന്റെ കിതപ്പ് പോലെ. പെരുമഴയത്ത് കുടപിടിച്ച പോലെ. ഞാൻ പോലുമറിയാതെ എന്റെ അരക്കെട്ടിലേക്ക് ചൂട് കയറിവന്നു. ഇന്ദ്രിയങ്ങളാകെയും ഏതോ ഉണർവിലേക്കുണർന്നു. ഞാനാ വാതിലിൽ ചെവിചേർത്തുവെച്ച് നിന്നു. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം പൂരപ്പറമ്പിലെ വാദ്യമേളം പോലെ കേൾക്കാമായിരുന്നു. എനിക്കറിയാത്ത ചലനങ്ങളുടെ ശബ്ദങ്ങൾ. എനിക്കറിയാത്ത ഇഴുകിച്ചേരലിന്റെ ശബ്ദങ്ങൾ. കിതപ്പുകൾ. സീൽക്കാരങ്ങൾ. വല്ലാതെ ഇളകുന്ന കട്ടിലിന്റെ, വല്ലാതെ ചലിക്കുന്ന ശരീരങ്ങളുടെ പെരുക്കങ്ങൾ...

അത് രതിയുടെ സംഗീതമായിരുന്നു, ഇണ ചേരലിന്റെ പ്രാകൃത താളമേളങ്ങളായിരുന്നു. സേതുവിന്റെ പാണ്ഡവപുരം വായിക്കും മുമ്പ്, ഏത് സ്ത്രീയാണ് ഒരു ജാരനെ ആഗ്രഹിക്കാത്തത് എന്ന ചോദ്യങ്ങൾക്കൊക്കെ വളരെ മുമ്പ്, ഞാനാ ഇരുട്ടിന്റെ അന്തരീക്ഷത്തിൽ എന്നെയാകെ പൊടിച്ചു കളയുന്ന കൊടുങ്കാറ്റിന്റെ ചുഴികളിൽ, പൊരുളറിയാത്ത ഉണർച്ചകളുടെ രക്തവേഗങ്ങളിൽ, ഒടുങ്ങിയമരലിന്റെ അലർച്ചകളിൽ പരിസരം മറന്നുനിന്നു. ഭയത്തിനു പകരം വല്ലാത്തൊരു ഉണർവാണ് എനിക്കപ്പോൾ തോന്നിയത്. ആ ഉണർവിന്റെ അരികുപിടിച്ച് ഞാൻ അടുക്കള വാതിൽ തുറന്നു.

പുറത്ത് രാത്രിയുടെ ജീവികൾ ഉച്ചത്തിൽ കരഞ്ഞു.
കുറുക്കന്മാർ ഓലിയിട്ടു. വിദൂരതയിലെ വീട്ടുവെട്ടങ്ങൾ അണഞ്ഞുകഴിഞ്ഞിരുന്നു. ചോലയിലെ തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോൾ എന്റെ ദേഹമാകെ ചുട്ടുപൊള്ളുന്നത് ഞാനറിഞ്ഞു. പനിച്ചൂടായിരുന്നില്ല അത്, ജീവിതത്തിൽ ആദ്യമായി കേട്ട, രതിയുടെ സംഗീതം എന്നിലുണ്ടാക്കിയ ചൂടൻ പൊടിപ്പുകളായിരുന്നു. മീനുകൾ എന്റെ ദേഹത്താകെ വന്ന് കൊത്തി ഇക്കിളിയാക്കി. അരക്കെട്ടിലെ അപരിചിതമായ ആ ചൂട് ആറി തണുക്കുവോളം യാതൊരു ഭയവുമില്ലാതെ ഞാൻ ജലത്തിന്റെ സുഖലഹരിയിൽ മുഴുകിക്കിടന്നു.
കുളിച്ച് തല തുവർത്തി ചോലയിൽനിന്ന് മടങ്ങുമ്പോഴും എന്റെയുള്ളിൽ ആ ചൂടിന്റെ മരം പെയ്തു. അടുക്കള വാതിൽ കുറ്റിയിട്ട് ഇരുട്ടിലൂടെ അവരുടെ ആ മുറിയും കടന്ന് മുന്നോട്ടു നീങ്ങുമ്പോൾ എന്റെ നടുമ്പുറത്ത് ആരുടെയോ കാലുവന്ന് തൊഴിച്ചു.
ബാലൻസ് തെറ്റി എന്റെ ശരീരം ചുമരിൽ ഇടിച്ച് നിലത്തേക്കുവീണു.
തലയ്ക്കുള്ളിൽ നക്ഷത്രങ്ങൾ വിരിഞ്ഞു. ശരീരമൊന്നാകെ വേദനിച്ചു.
മുഖത്തേക്ക് ടോർച്ചിന്റെ കടുത്ത വെളിച്ചം വന്ന് തറച്ചു. അറിയാതെ കണ്ണുകളടച്ചുപോയി.
ചുമരിൽ തട്ടി മടങ്ങിയ വെളിച്ചത്തിൽ എന്നെ തൊഴിച്ച കാലിന്റെ ഉടമയെ ഞാൻ കണ്ടു. നിവർന്നങ്ങനെ നിൽക്കുന്നു.
അയാളുടെ തല തട്ടിൻ തിലാത്തിൽ മുട്ടുന്നുണ്ടെന്ന് തോന്നിപ്പോയി.
ഇടത്തേ കയ്യിൽ ടോർച്ചും പിടിച്ച് വലത്തേ കൈ കൊണ്ട് ഉടുമുണ്ട് വാരിച്ചുറ്റി അയാൾ എന്റെ അരികിലേക്ക് വന്നു. അടുത്ത തൊഴി പ്രതീക്ഷിച്ച് ഞാൻ പേടിച്ച് ചുരുണ്ട് കൂടി കിടന്നു.

‘എണീക്കെടാ...'
അതൊരു അലർച്ചയായിരുന്നു.
വസ്ത്രങ്ങൾ വാരിച്ചുറ്റി അവരും വാതിൽക്കൽ വന്നുനിന്നു.
‘അന്നോടാണ് എണീക്കെടാ'
പിന്നെയും അതേ അലർച്ച. അറിയാതെ ഞാൻ എഴുന്നേറ്റു പോയി. ദേഹമാകെ വേദനിക്കുന്നു. ശരിക്ക് നിൽക്കാൻ കൂടി വയ്യ. ഞാൻ ചുമരിൽ ചാരി നിന്നു. തൊഴി കൊണ്ട ഭാഗത്ത് ആണിയടിച്ച് കയറ്റിയ പോലത്തെ വേദന. ശ്വാസം വലിക്കുമ്പോൾ ആ ഭാഗത്ത് കൂടുതൽ ആണികൾ കയറുന്നു.

‘എന്താടാ അന്റെ പേര്? '
ഞാൻ പേരുപറഞ്ഞു.
‘എന്തിനാ ഇയ്യ് ഇന്നേരത്ത് പൊറത്തേക്ക് പോയത്? '
‘കുളിക്കാനാണ്'
ഞാൻ നിന്ന് വിക്കി.
‘അനക്ക് കുളിക്കാതെ ഒറക്കം വരൂലേ നായേ ...? '
മറുപടി പറയാനില്ലാതെ ഞാൻ തല താഴ്​ത്തി നിന്നു.
‘മതി നായരുട്ട്യേ ...'
അവർ പറഞ്ഞു. പറയുമ്പോൾ അവർ ചിരിക്കുന്നുണ്ടായിരുന്നു, ചിരിച്ചപ്പോൾ ആ മാറിലെ ഗോളങ്ങൾ കിടന്ന് കുലുങ്ങി.
‘കേറിപ്പോടാ മോളിലിയ്ക്ക്.'
ആണികൾ തുളഞ്ഞുകയറിയ നടുവുമായി ഞാൻ ആടിയാടി കോണി കയറി.
‘ചെക്കന്റെ നടൂന് വല്ലതും പറ്റിയോ ആവോ ?'
പിറകിൽ നിന്നുള്ള അവരുടെ ചിരിക്കിലുക്കം ഞാൻ കേട്ടു.
‘ഒന്ന് കിട്ട്ണ്ടത് നല്ലതാണ്, ഓർമണ്ടാവൂലോ.'
അയാളുടെ ഈർഷ്യയില്ലാത്ത ശബ്ദം ഞാൻ കേട്ടു.

അവരുടെ മുറിയുടെ വാതിലടഞ്ഞു.
ആ അടയലിന്റെ ഒച്ചയിൽ തൊട്ടിലിൽ കിടന്ന കുട്ടി ഉണർന്നുകരഞ്ഞു.
‘എടാ മാളൂന്റെ തൊട്ടി അട്ടി കൊടുക്കേ... '
വാതിൽ അല്പം തുറന്ന് തല മാത്രം പുറത്തേക്കിട്ട് അവർ പറഞ്ഞു.
ഞാൻ ശ്വാസം പണിപ്പെട്ട് വലിച്ച് വേദനയുടെ പടികൾ ഇറങ്ങി.

മറ്റൊരു ശബ്ദവും ഇല്ലാത്ത അന്തരീക്ഷത്തിൽ കുട്ടിയുടെ കരച്ചിൽ മാത്രം ഉയർന്നു കേട്ടു. അവളുടെ തൊട്ടിലിനടിയിൽ വെച്ചിരുന്ന വട്ടപ്പാത്രത്തിലെ മൂത്രം എന്റെ കാല് തട്ടി മറിഞ്ഞു. അവൾ നിർത്താതെ കരഞ്ഞു. ഉറക്കം വന്ന് മുട്ടിയ കണ്ണുകളും നടുമ്പുറത്തെ ആണി വേദനകളുമായി എന്നെ തന്നെ വെറുത്തുകാണ്ട്, സർവ ലോകങ്ങളെയും ജീവിതത്തെയും വെറുത്തുകൊണ്ട് ഞാൻ തൊട്ടിൽ ഉറക്കെ ആട്ടി.
ഇടനാഴികയിലെ ചുമരിലേക്ക് അവരുടെ വാതിൽ വിടവിലൂടെ വെളിച്ചം വന്നു. പിന്നെ ആ വാതിൽ മുഴുവനായി തുറക്കപ്പെട്ടു. അകത്തെ വെളിച്ചത്തിൽ പൂർണ്ണ നഗ്‌നരായി നിൽക്കുന്ന രണ്ട് രൂപങ്ങളുടെ നിഴലുകൾ ചുമരിൽ തെളിഞ്ഞു. രണ്ട് നീണ്ട നിഴലുകൾ... ഭയവും കൗതുകവും മറ്റുപലതും ചേർന്ന് എന്നെ ആ നിഴലുകളിൽ തളച്ചിട്ടു.

‘എന്തെങ്കിലും പാട്ട് പാടിക്കൊണ്ട് തൊട്ടിലാട്ടടാ...'
അയാളുടെ ശബ്ദം ഞാൻ കേട്ടു. അയാളുടെ നിഴൽ കൈകൾ അവരുടെ നിഴൽ തോളിൽ വീഴുന്നതും പിന്നെ ആ നിഴലിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നതും മാറിയ ശ്വസന താളത്തിന്റെ ഉണർച്ചയോടെ ഞാൻ കണ്ട് നിന്നു.
‘പാടടാ നായേ ... '
അയാൾ അലറി. അയാളുടെ നിഴൽചുണ്ടുകൾ അവരുടെ നിഴൽ ശരീരത്തിലൂടെ താഴോട്ട് തട്ടി തടഞ്ഞും, വിശ്രമിച്ചും, പറ്റിനിന്നും ചലിച്ചു. തൊട്ടിലാട്ടിക്കൊണ്ട് ഞാൻ പാടി...
കടവുൾ വാഴും കോവിലിലേ കർപ്പൂരദീപം കലൈ ഇഴയ്ന്ത മാടത്തിലേ മുകാരി രാഗം മുകാരി രാഗം'

ആ നിഴലുകൾ തമ്മിൽ സംസാരിക്കുന്നതും ഒന്നാവുന്നതും ഉയരുന്നതും താഴുന്നതും കെട്ടിപ്പിടിക്കുന്നതും എനിക്ക് കാണാമായിരുന്നു. ഏതോ ലഹരിയിൽ അയാൾ ഉറക്കെ അലറി; ‘ ഈണത്തില് പാടടാ... അനക്ക് ശ്വാസം മുട്ടലൊന്നും ല്ലല്ലോ.'

അയാളുടെ കിതപ്പിന്റെ ശബ്ദം ഞാൻ കേട്ടു. അവരുടെ ഈണം മാറിയ നിശ്വാസത്തിന്റെ താളം ഞാൻ കേട്ടു. വിദൂരതയിൽ നിന്ന് പെയ്തു വരുന്ന പെരുമഴയുടെ ആരവം പോലെ ഞാൻ രതിയുടെ നിശ്വാസ വേഗങ്ങൾ കേട്ടു. എന്തോ ഒന്ന് സംഭവിക്കുകയാണ് എന്നല്ലാതെ എന്താണ് സംഭവിക്കുന്നത് എന്നെനിക്ക് കൃത്യമായി മനസ്സിലായില്ല. മഞ്ഞുമൂടിയ പുലരിക്കാഴ്ചകൾ പോലെ അവ്യക്തമായ എന്തൊക്കെയോ ഞാൻ അറിയുകയായിരുന്നു. ആ മുറിക്കകത്ത് അണയാതെ നിന്ന ടോർച്ചിന്റെ വെളിച്ചത്തിൽ ഇടനാഴികയിലെ ചുമര് തിരശ്ശീലയായി മാറി.

‘വാതിലടക്കീ നായരുട്ട്യേ...' - അവർ പറയുന്നുണ്ടായിരുന്നു.
‘വേണ്ട, ചെക്കൻ വന്ന് കാണട്ടെ, കണ്ട് പടിക്കട്ടെ.'
‘അജ്ജേ, എന്ത് മന്ഷ്യനാ ഇങ്ങള് നായരുട്ട്യേ ...? '

എന്റെ കാലുകൾ ആ ഇടനാഴികയിലേക്ക് എന്നെ പിടിച്ചു വലിച്ചു.
എനിക്കറിയാത്ത ആ പൊരുളിന്റെ കാഴ്ചകൾ കാണാൻ എന്റെ ശരീരത്തിലെ ഓരോ അണുവും ത്രസിച്ചു. പക്ഷേ നടുമ്പുറത്ത് വീണ തൊഴിയുടെ ആണി വേദനകൾ ആ ത്രസിപ്പിനെ ഇല്ലാതാക്കിക്കൊണ്ട് എനിക്ക് ചുറ്റും കിടന്ന് വട്ടംചുറ്റി. കൊടുങ്കാറ്റിൽ പെട്ട പോലെ എന്റെ ശരീരം നിന്ന് വിറച്ചു. എന്റെ ശരീരത്തിലെ രഹസ്യ ഇടത്തിലെ ഉണർച്ചകളിൽ എന്റെ വിരലുകൾ ആദ്യമായി തൊട്ടത് അന്നാണ്.

ഗൾഫ് സ്‌പ്രേയുടെ മണമുള്ള ആ ഇരുണ്ട മുറിയുടെ കുമ്മായച്ചുവരുകളിൽ ചാരിനിന്ന് ഇടനാഴികയിലെ നിഴൽ ചലനങ്ങൾ കണ്ട് എന്റെ വിരലുകൾ പുരാതനമായ ആ ചലനത്തിന്റെ ആദ്യ ചുവടുകളിലേക്ക് നടന്നു. എന്റെ പാട്ടിന്റെ കാര്യം ഞാനും അയാളും മറന്നുപോയിരുന്നു . ഇതിനു മുമ്പ് എന്റെ ശരീരത്തിലെ ആ അവയവത്തിന് ഇങ്ങനെയൊരു ഭാവം കൂടി ഉണ്ടെന്ന് എനിക്ക് ഒട്ടുമേ അറിയില്ലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.

പുതിയ ആ അറിവിൽ ഞാൻ എന്റെ ശരീരത്തെ സ്‌നേഹത്തോടെ തൊടാൻ പഠിച്ചു. തലോടാൻ പഠിച്ചു. സ്വയം ഉമ്മ വെച്ച് ഉണരാൻ പഠിച്ചു. പെരുമഴകൾ നനയാനും കൊടും വെയില് കൊള്ളാനും പഠിച്ചു. ഞാൻ ചെയ്യുന്ന പ്രവൃത്തി എന്താണെന്ന് പോലും എനിക്കന്ന് അറിയില്ലായിരുന്നു. എന്നിട്ടും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്യുന്നതെന്ന പാപ ബോധത്തിനും ആ അവയവത്തിന്റെ ചലനം തന്ന ആനന്ദത്തിനും നടുവിൽ, ജീവിതത്തിനും മരണത്തിനും നടുവിൽ, ഞാൻ നനഞ്ഞു നിന്നു. ഇരുട്ടിനും വെളിച്ചത്തിനും ഇടയിൽ, സ്വർഗത്തിനും നരകത്തിനും നടുവിൽ ഞാനാകെ ഉലഞ്ഞുനിന്നു.

എന്നെ തൊഴിച്ച ആ മനുഷ്യൻ, രതിയുടെ സംഗീതം എന്നെ ആദ്യമായി കേൾപ്പിച്ച ആ മനുഷ്യൻ മാനുട്ടനായിരുന്നു. ബാലകൃഷ്ണൻ എന്ന മാനുട്ടൻ. മറിയാത്തയുടെ ജാരനായ നായരുട്ടി. മാനുട്ടന്റെ അച്ഛന്റേതായിരുന്നു കുറുക്കൻ കുണ്ടും, അതിനും താഴേക്ക് ചെറുകുളമ്പോളം പരന്ന് കിടന്ന ഭൂമി മുഴുവനും. ബീരാൻ, മാനുട്ടന്റെ അച്ഛന്റെ അടുത്തുനിന്ന് സ്ഥലം വാങ്ങി വീട് വെക്കുമ്പോൾ വെള്ളത്തിന് എന്തുചെയ്യുമെന്ന വലിയ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. ആ ചോദ്യത്തിന് ഉത്തരമായിട്ടാണ് ചോലയ്ക്കടുത്ത് വീടുവെച്ചത്. ആളും മനുഷ്യനും ഇല്ലാത്ത കുറുക്കൻ കുണ്ടിൽ ഭാര്യക്കും കുട്ടിക്കും കാവലിനായി ബീരാൻ കണ്ടത് സഹപാഠി കൂടിയായ മാനുട്ടനെയായിരുന്നു.

മാനുട്ടൻ മറിയാത്തയുടെ മാത്രം ജാരനായിരുന്നില്ല, തനിക്കായി തുറക്കപ്പെട്ട വാതിലുകളിലൂടെയെല്ലാം മാനുട്ടൻ സധൈര്യം കടന്നുചെന്നു. മറിയാത്തക്കും അറിയാമായിരുന്നു, മാനുട്ടൻ തന്റെ മാത്രം ജാരനല്ലെന്ന്. അയാൾ ഇണ ചേർന്ന സ്ത്രീകളൊന്നും അയാളെ അക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തിയില്ല. അയാൾക്കും അവർക്കും ഇടയിൽ പ്രണയത്തിന്റെ ഉടായിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. വിശപ്പിന് ഭക്ഷണം പോലെ, ശ്വസിക്കാൻ വായു പോലെ, ശരീരത്തിന്റെ വിശപ്പുകൾക്ക് അവർ പരസ്പരം ഭക്ഷണമായി. അവർക്കിടയിൽ ചരടുകളും ഉടമ്പടികളും ഉണ്ടായിരുന്നില്ല. ഭർത്താക്കന്മാർ പാതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന തങ്ങളുടെ ശരീരത്തിന്റെ നേരുകൾക്ക് അവർ മാനുട്ടനിൽ ഉത്തരങ്ങളും ഉന്മാദവും കണ്ടെത്തി.

എന്നിട്ടും മാനുട്ടനെ ബീരാൻ അടക്കം എല്ലാവർക്കും വിശ്വാസമായിരുന്നു. ലക്ഷണമൊത്ത ജാരനായിരുന്നു അയാൾ. തന്റെ ജാരനെ മറ്റു കുറെ സ്ത്രീകൾ അനുഭവിക്കുന്നു എന്നത് മറിയാത്തക്കോ മറ്റുള്ളവർക്കോ ഒരു പ്രശ്‌നമായി തോന്നിയില്ല. മാനുട്ടന്റെ മുമ്പിൽ അവർക്ക് ഒളിമറകൾ ഉണ്ടായിരുന്നില്ല, അറപ്പും വെറുപ്പും ഉണ്ടായിരുന്നില്ല. ഭർത്താക്കന്മാരോട് പറയാൻ മടിച്ച സെക്‌സിലെ പോസുകൾ അവർ മാനുട്ടനോട് തുറന്നുപറഞ്ഞു. ഇണചേരലിനിടയിൽ, ഇഞ്ഞ് ഇജൊന്ന് ചാരി ഇരുന്നാ നായരുട്ട്യേ ന്ന്, മറിയാത്ത പലവട്ടം പറയുന്നത് ഞാൻ കേട്ടതാണ്.

മാനുട്ടൻ കല്യാണം കഴിച്ചില്ല. ഒരുപക്ഷേ ഇഷ്ടം പോലെ പെണ്ണുടലുകൾ തനിക്കായി കാത്തിരിക്കുമ്പോൾ എന്തിനാണ് ഇനി ഒരു പെണ്ണ് എന്ന് അയാൾ ചിന്തിച്ചിരിക്കണം. അച്ഛന് ഓഹരിയായി കിട്ടിയ നിലങ്ങളെല്ലാം അയാൾ വിറ്റുതുലച്ചു. മറിയാത്താക്കും മറ്റ് കാമുകിമാർക്കും അയാൾ നിലങ്ങൾ വെറുതെ എഴുതിക്കൊടുത്തു. ആരൊക്കെയോ അയാളെ മുതലാക്കി. ആരോഗ്യവും സമ്പത്തും ചൂതാടി തീർത്ത് ഒടുക്കക്കാലത്ത് അയാൾ കോട്ടക്കൽ അങ്ങാടിയിലൂടെ തെണ്ടി നടന്നു. തെണ്ടിയായപ്പോൾ അയാൾ തന്റെ കാമുകിമാരെ തേടി ഒരിക്കലും വന്നില്ല. എങ്ങനെയാവും അവരെയൊക്കെ അയാൾ തന്റെ ബോധത്തിൽ നിന്ന് കുടിയിറക്കിയതെന്ന് ഓർത്ത് ഞാൻ അത്ഭുതപ്പെടുത്താറുണ്ട്.
കവി അയ്യപ്പൻ ഒരിക്കൽ മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നത് ഞാൻ കണ്ട, ചങ്കുവെട്ടിയിലെ അതേ പെട്രോൾ പമ്പിനു മുമ്പിലെ ഓടയിൽ മാനുട്ടൻ മരിച്ചു കിടന്നു. അയാളുടെ മൃതദേഹത്തിന് അവകാശം പറഞ്ഞ് ആരും ചെന്നില്ല. എന്താണ് അയാൾ ജീവിതത്തിൽ നേടിയതെന്നും, നമ്മളോരോരുത്തരും ജീവിതമെന്ന ഈ ഓട്ടപ്പാച്ചിലിനിടയിൽ എന്താണ് തേടുന്നതെന്നും എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കൽ വലിയപറമ്പിൽ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടിൽ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയിൽ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments