വളരെ കുറഞ്ഞ ബന്ധങ്ങൾ മാത്രമുള്ള ഈ ദേശത്ത് ഞാനിപ്പോൾ തനിച്ചാണ്. ചാരാൻ വാതിലുകളില്ലാത്ത ആ ശൂന്യതയിൽ എന്റെ മുഴുബന്ധങ്ങളും കിടക്കുന്നുണ്ടെന്ന തോന്നലിൽ കുരുങ്ങി ഞാൻ കറന്റടിച്ച പോലെ തരിച്ചുനിന്നു.
വീടിനു പുറത്തായിരുന്നു അടുക്കള.
അടുക്കളയെന്നുപറയാൻ മാത്രം ഒന്നുമില്ല.
മൂന്നു കല്ലുകൾ വെച്ച് ഉമ്മ ഉണ്ടാക്കിയ അടുപ്പ്, അടുപ്പിന് ഒരു തിണ്ട്. അതിനുചുറ്റും മൺകട്ടകൾ കൊണ്ടുണ്ടാക്കിയ അരമതില്. ആ ഇത്തിരി ചതുരത്തിന് ചുറ്റും സദാസമയവും ഞങ്ങൾക്കും വല്ലതും തരണേ എന്ന് വിലപിച്ച് നടക്കുന്ന ഉപ്പാന്റെ പൂച്ചകൾ. വീട്ടിലും കവലയിലും ജോലിസ്ഥലത്തും ഉപ്പാക്ക് പൂച്ചകൾ ഉണ്ടായിരുന്നു.
ഏട്ടൻ പരിഹാസത്തോടെ പറയും; ‘ബാപ്പാന്റെ സമ്പാദ്യാണ്, മക്കൾക്ക് സമാസമായിട്ട് ഓരിവെക്കാന്‌ള്ളതാണ്.’
പറയുക മാത്രമല്ല, ഏട്ടൻ പൂച്ചകളെ തൊഴിക്കുകയും ചെയ്യും.
വീട്ടിലെ പൂച്ചകൾ കവലയിലേയ്ക്കും കവലയിലെ പൂച്ചകൾ വീട്ടിലേയ്ക്കും ജോലിസ്ഥലത്തെ പൂച്ചകൾ വീട്ടിലേയ്ക്കും കവലയിലേയ്ക്കുമൊക്കെ താമസം മാറുമായിരുന്നു. ഒരുദിവസം കാണുന്ന പൂച്ചകളെയല്ല പിറ്റേന്ന് വീട്ടിൽ കാണുക. ജോലിസ്ഥലത്തുനിന്ന് കവലയിലെത്തി അവിടുന്ന് ഉപ്പാന്റെയൊപ്പം വീട്ടിലെത്തിയതാവും ആ പൂച്ചകൾ. എന്നും പുതിയ പുതിയ പൂച്ചകളെ, പലനിറത്തിലുള്ള പൂച്ചകളെ കണ്ട് ഉമ്മ അന്തംവിടും.
"ഇന്നലെ കണ്ടീന ഒന്നിനിം ഇന്ന് കാണാൻ ല്ല , എന്ത് കുദ്‌റത്താ റബ്ബേ ഇത് ....'
അടുപ്പുകല്ലിലും അരമതിലിലും മുറ്റത്തും വീടിനകത്തും ഉപ്പാന്റെ പൂച്ചകൾ സംസ്ഥാനസമ്മേളനങ്ങൾ നടത്തി. ഡിസംബർ- ജനുവരി കാലങ്ങളിലെ പുലരികളിൽ, ചമ്മൽ കൂട്ടിയിട്ട് തീകായുന്ന ഞങ്ങൾക്കുചുറ്റും അവ വന്നിരിക്കും. അവയ്ക്കും ചൂടുവേണമായിരുന്നു, ഭക്ഷണം വേണമായിരുന്നു.
പറങ്കിമാവിൻ തോട്ടങ്ങളിൽനിന്ന് ചെറിയാത്തയും ഉമ്മയും അനിയനും ചേർന്ന് അടിച്ചുവാരികൂട്ടി ചാക്കുകളിൽ നിറച്ചുകൊണ്ടുവരുന്ന ചമ്മലാണ് അക്കാലത്ത് അടുപ്പിൽ കത്തിച്ചിരുന്നത്. അടുപ്പുനിറയെ ചമ്മൽ നിറച്ച് അതിനിടയിൽ ഒരു വിറകുകൊള്ളിയും വെച്ചാണ് ചെറിയാത്ത ഭക്ഷണമുണ്ടാക്കിയത്. കാറ്റത്ത് ചമ്മലുകൾ അടുപ്പിൽനിന്ന് പറന്നുപോവും.
അവൾ ഉച്ചഭക്ഷണം ഉണ്ടാക്കുമ്പോൾ അങ്ങനെ പറന്നുപോയ ചമ്മലിലെ തീപ്പൊരിയിൽ നിന്നാണ് പുല്ലുമേഞ്ഞ വീടിന് തീപിടിച്ചത്. ഓലയും പുല്ലും മേഞ്ഞ ആ മേൽക്കൂര തീപിടിക്കാൻ പാകത്തിൽ മൊരിഞ്ഞുനിന്നിരുന്നു.
വിജനമായ ആ വെളിമ്പറമ്പിൽ വലിയൊരു അഗ്‌നിഗോളമായി വീട് നിന്ന് കത്തി. അനിയത്തി അവളുടേതായ ഭാഷയിൽ തന്റെ കളിപ്പാട്ടങ്ങളും കളി കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താനായി മുമ്പോട്ട് ഓടിയിരിക്കണം,
സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത എന്റെ അനിയത്തി വീടിനുള്ളിൽ അവളുടേതായ ലോകത്തിൽ, അവളുടേതായ കളിപ്പാട്ടങ്ങളാൽ അവളുടെ അടുക്കളയിൽ അവൾക്കുവേണ്ട ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. ആറോ ഏഴോ വയസ്സുള്ള അവൾ തന്റെ കളിവീടിനും തനിക്കും മുകളിൽ തീയാളുന്നത് അറിഞ്ഞില്ല.
കുടുംബത്തിന്റെ അത്രയും കാലത്തെ സമ്പാദ്യമായ വീടിന് തീപിടിക്കുന്നതുകണ്ട്, അമ്പരന്ന ചെറിയാത്ത തന്റെ കൈയിൽ നിന്നാണ് വീടിന് തീപിടിച്ചതെന്ന അറിവിൽ ഞെട്ടിവിറച്ചു. മുമ്പിലുണ്ടായിരുന്ന പാത്രങ്ങളിലെ വെള്ളമെല്ലാം എടുത്തൊഴിച്ചിട്ടും, ആ വിജനതയിലൂടെ ശക്തമായി വീശിയ കാറ്റിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നതുകണ്ട് അവൾ വീടിനകത്തേക്ക് ഓടിക്കയറിയത് ഏട്ടനെ ഭയന്ന്, മരണത്തെ സ്വീകരിക്കാൻ ഒരുങ്ങിത്തന്നെയാണ്.
അവിടെ, വീടിനകത്ത് ഒന്നുമറിയാതെ കളിച്ചുകൊണ്ടിരിക്കുന്ന അനിയത്തിയെ കണ്ടപ്പോൾ അവളുടെ നെഞ്ച് വല്ലാതെ കനത്തിരിക്കണം. ഉമ്മ തന്നെ ഏൽപ്പിച്ചുപോയ കുട്ടിയെ താൻ ഓർത്തില്ലല്ലോ എന്ന വേദനയിൽ പൊള്ളിപ്പിടത്തിരിക്കണം. അവളെയും വാരിയെടുത്ത് പുറത്തേയ്ക്ക് ഓടുമ്പോൾ തങ്ങളെ ആ വിജനതയിൽ തനിച്ചാക്കി പോയ ഉപ്പാനെയും ഉമ്മാനെയും സഹോദരങ്ങളെയും അവൾ ശപിച്ചിരിക്കണം.
വിജനമായ ആ വെളിമ്പറമ്പിൽ വലിയൊരു അഗ്‌നിഗോളമായി വീട് നിന്ന് കത്തി. അനിയത്തി അവളുടേതായ ഭാഷയിൽ തന്റെ കളിപ്പാട്ടങ്ങളും കളി കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്താനായി മുമ്പോട്ട് ഓടിയിരിക്കണം, ഏട്ടത്തി അവളെ ചേർത്തുപിടിച്ചിരിക്കണം. ഉടുതുണിയടക്കം ഒരു കുടുംബത്തിന്റെ മുഴുവൻ സമ്പാദ്യവും കത്തിയമരുന്നത് കാണാൻ ഞാനുണ്ടായിരുന്നില്ല.
ഞാൻ ഷൈൻ ആർട്‌സിന്റെ ബാൽക്കണിയിൽ നിന്ന് കോട്ടക്കൽ അങ്ങാടിയുടെ മുഴുവൻ ഭാവങ്ങളിലും മുടിവിടർത്തിയിട്ട് നിൽക്കുന്ന അവളെ ധ്യാനിച്ചുനിൽക്കുകയായിരുന്നു. ദൂരെനിന്ന് ആരൊക്കെയോ ഓടിക്കൂടുമ്പോൾ വീടിന്റെ മേൽക്കൂര മുഴുവൻ കത്തിത്തീർന്ന് ചാരമായി നിലംപതിച്ചിരുന്നു. ആ ചാരത്തിനിടയിൽ നിന്ന് അവർ കൈയിൽ കിട്ടിയതൊക്കെ എടുത്തു പുറത്തേക്കിട്ടു. ഏറെ കാലം, കരിഞ്ഞ ആ മൺകട്ടകൾ ദുരന്തസ്മരണയായി ആ ആറര സെന്റിൽ പലഭാഗത്തായി ചിതറിക്കിടന്നിരുന്നു.
മേൽക്കൂരയ്ക്കുപകരം ശൂന്യത മാത്രം... ആ ശൂന്യതയ്ക്കുതാഴെ കനലുകൾ ഒളിപ്പിച്ച മൺകട്ടയുടെ ചുമരുകൾ... ചമ്മലിന്റെയും വെന്ത വസ്ത്രങ്ങളുടെയും മണം... മറവിയുടെയും ഓർമയുടെയും മണം...
രാത്രി കവലയിൽ ബസ്സിറങ്ങി ഞാൻ വീട്ടിലേക്ക് നടന്നു. ലക്ഷംവീട് കോളനിയിലെ കലപിലയും, മാലിന്യമലയുടെ നാറ്റവും, ഏതൊക്കെയോ അടുക്കളകളിൽ വേവുന്ന ഭക്ഷണസുഗന്ധവും ശ്വസിച്ച് നടക്കുമ്പോൾ, എന്റെ പുറംലോകത്തും അകംലോകത്തും അവളായിരുന്നു. ചെമ്മൺപാതയിൽനിന്ന് വെളിമ്പറമ്പിലേക്ക് കടന്നപ്പോൾ ദേവകീ സൈനുവിന്റെ വീട്ടിലെ റാന്തൽവെളിച്ചം കണ്ടു.
പറങ്കിമാവിൻ പൂക്കളുടെ ഗന്ധമുള്ള കാറ്റുകൾ എന്നെ തഴുകി കടന്നുപോയി. കുറുക്കൻ മൈലാഞ്ചികൾക്കും കാട്ടെള്ളുകൾക്കും ഇടയിലെ ഒറ്റയടിപ്പാത ആ അരണ്ടവെളിച്ചത്തിൽ ജീവിതംപോലെ നീണ്ടുകിടന്നു. ചെങ്കൽപാറകൾ തണുക്കാൻ തുടങ്ങിയിരുന്നു. മഞ്ഞപ്പാവുട്ട മരത്തിന്റെ ചുവട്ടിലെത്തുമ്പോൾ എന്നും ഞാൻ കാണുന്ന വീട്ടുവെളിച്ചം കാണാനില്ല. പകരം അവിടെ കാറ്റ് തട്ടുമ്പോൾ തെളിയുന്ന കനലുകൾ മാത്രം.
മേൽക്കൂരയ്ക്കുപകരം ശൂന്യത മാത്രം... ആ ശൂന്യതയ്ക്കുതാഴെ കനലുകൾ ഒളിപ്പിച്ച മൺകട്ടയുടെ ചുമരുകൾ... ചമ്മലിന്റെയും വെന്ത വസ്ത്രങ്ങളുടെയും മണം... മറവിയുടെയും ഓർമയുടെയും മണം... കാറ്റത്ത് പറക്കുന്ന ചാരം... ഏതൊക്കെയോ ഉള്ളറിവുകളിൽ നിന്ന്, ഭയത്തിന്റെ നിറമണിഞ്ഞ ചിന്തകൾ എന്റെ തലച്ചോറിൽ സംസാരിച്ചു.
എനിയ്ക്കുമുമ്പിൽ വീടില്ല. ഉപ്പയോ ഉമ്മയോ സഹോദരങ്ങളോ ഇല്ല. എന്റെ കിടക്കപ്പായയില്ല. എന്റെ അനിയത്തി ഇല്ല, ഇനിയൊരിക്കലും കാണാനാവാത്തവിധം അവരീ ഭൂമിയിൽ നിന്ന് ഇല്ലാതായിരിക്കുന്നു. വളരെ കുറഞ്ഞ ബന്ധങ്ങൾ മാത്രമുള്ള ഈ ദേശത്ത് ഞാനിപ്പോൾ തനിച്ചാണ്. ചാരാൻ വാതിലുകളില്ലാത്ത ആ ശൂന്യതയിൽ എന്റെ മുഴുബന്ധങ്ങളും കിടക്കുന്നുണ്ടെന്ന തോന്നലിൽ കുരുങ്ങി ഞാൻ കറന്റടിച്ച പോലെ തരിച്ചുനിന്നു.
എന്റെ കൈയിലെ ചോറ്റുപാത്രം നിലത്തേയ്ക്കുവീണു. അതിന്റെ ശബ്ദത്തിൽ ഞാൻ വല്ലാതെ ഭയന്നു. മേൽക്കൂരയില്ലാതെ നിൽക്കുന്ന ആ ചുമരുകൾക്കകത്ത് എന്റെ ജീവിതം വെന്തുകിടക്കുകയാണ്. ഉപ്പയും ഉമ്മയും ഇല്ലാത്ത വീട്. ചെറിയാത്ത ഇല്ലാത്ത വീട്. വഴക്കുപറയാൻ ഏട്ടനില്ലാത്ത വീട്. സ്വന്തം ഭാഷയിൽ സംസാരിക്കാൻ എന്റെ അനിയത്തിയില്ലാത്ത വീട്.
അവിടെ, വീട് കത്തിയ ചാരം പരന്നുകിടന്ന വെറുംനിലത്ത് ഞാൻ തളർന്നിരുന്നു. എന്റെ മുമ്പിലെ കാഴ്ചകളൊക്കെ കൂടുതൽ ഇരുണ്ടു. അനാദിയായ ഇരുട്ടിന്റെ ഭയത്തിൽ, ആ ഇരുട്ട് ഗർഭത്തിൽ വഹിക്കുന്ന മരണമണമുള്ള ചിന്തകളിൽ ശ്വസനം മറന്ന് ഞാനെന്ന കുട്ടി കണ്ണുകളെ ഇറുക്കിയടച്ചു. കണ്ണുകളടച്ചപ്പോൾ തീപിടിച്ച അനേകം മനുഷ്യർ എന്റെ ഉള്ളിലൂടെ അലറിവിളിച്ച് കടന്നുപോയി. അതിൽ എന്റെ ഉമ്മയും ഉപ്പയും സഹോദരങ്ങളും ഉണ്ട്. എങ്ങോട്ടെന്നില്ലാതെ അവർ ഓടുകയാണ്. ആ ഓട്ടം കാണാനാവാതെ ഞാൻ കണ്ണുകൾ തുറന്നു.
സ്വന്തം വീട്ടുമുറ്റത്ത് ഖബറെടുത്ത് കുഴിച്ചിട്ട അവരുടെ കുഞ്ഞ്, അപ്പോൾ ആ വയറിനുള്ളിൽ ജീവനോടെ ഉണ്ടായിരുന്നു. അലിവോടെ എന്നെ തൊടാൻ ഒരാളെ കിട്ടിയപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഞാൻ പൊട്ടിക്കരഞ്ഞു.
വീടിന്റെ വടക്കുവശത്തായി വലിച്ച് വാരിയിട്ടിരിക്കുന്നത് ഈർന്നെടുത്ത മരത്തടികളാണ്. ആ മരത്തടികൾ കൊണ്ട് വീടിന് ജനലും വാതിലും പണിയാനാണ് ഏട്ടൻ അനിയന്മാരുടെ പണിക്കൂലി കൂടി നിർബന്ധിച്ച് വാങ്ങിയത്. ഏട്ടന്റെ സ്വപ്നത്തിൽ മരവാതിലുകൾ ഉള്ള നല്ലൊരു വീടുണ്ടായിരുന്നു. പണമില്ലാത്തതുകൊണ്ട് പലതും നഷ്ടമായ ഏട്ടൻ പണം ഉണ്ടാക്കുകയായിരുന്നു. അതിനായി ഉള്ളിലെ ആർദ്രതകളെയും കരുണയെയും മണ്ണിട്ടുമൂടുകയായിരുന്നു.
ആ ശൂന്യതയിലേയ്ക്കുതന്നെ നോക്കിയിരിക്കെ എനിക്കാ ഇടം അപരിചിതമായി തോന്നി. അപരിചിതമായ ഒരിടം. അപരിചിതമായ കനലുകൾ. അപരിചിതമായ കാറ്റുകൾ... ഇനിയെന്ത് ഇനിയെങ്ങനെ എന്ന വലിയ ചോദ്യങ്ങളിലേയ്ക്ക് എന്റെ ചിന്ത വഴിമാറുമ്പോൾ ആരോ എന്റെ ചുമലിൽ തൊട്ടു.
അത് ദേവകീ സൈനുവായിരുന്നു.
സ്വന്തം വീട്ടുമുറ്റത്ത് ഖബറെടുത്ത് കുഴിച്ചിട്ട അവരുടെ കുഞ്ഞ്, അപ്പോൾ ആ വയറിനുള്ളിൽ ജീവനോടെ ഉണ്ടായിരുന്നു. അലിവോടെ എന്നെ തൊടാൻ ഒരാളെ കിട്ടിയപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ട് ഞാൻ പൊട്ടിക്കരഞ്ഞു. അവരെന്നെ ചേർത്തുപിടിച്ചു. ആ ശൂന്യതയിൽ വല്ലാതെ പൊള്ളിയ വടുക്കളിൽ ചേർത്തുപിടിക്കാൻ ഒരാളുണ്ടായപ്പോൾ എന്റെ കരച്ചിൽ ആ വെളിമ്പറമ്പും കടന്ന് ദൈവങ്ങൾ പോലും കേൾക്കുന്നത്ര ഉച്ചത്തിലായി.
‘കരയല്ലേ മോനേ... '
അവർ എന്നെ ആശ്വസിപ്പിച്ചു.
ആശ്വസിപ്പിക്കാൻ ആരുമില്ലെങ്കിൽ ഉറഞ്ഞുപോകുന്ന ദുഃഖങ്ങളും കണ്ണീരുമാണ് എന്റേത്. പക്ഷേ എന്നെ ആശ്വസിപ്പിച്ചുകൊണ്ട്, എന്റെ തോളിൽ തലോടിക്കൊണ്ട് അവർ ചോദിച്ചു, ‘ഇജ് എവിടേർന്നു? '
വാക്കുകൾ തൊണ്ടയിൽ തടഞ്ഞുനിന്ന എന്നെ അവർ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ആ വരാന്തയിലെ ചാരുപടിയിലിരുത്തി എനിക്ക് ചായയും അവിലുകുഴച്ചതും തന്നു. മുമ്പിൽ തികഞ്ഞ ശൂന്യതയായിരുന്നിട്ടും, എന്റെതായ എല്ലാവരും കത്തിയെരിഞ്ഞുപോയി എന്ന തെറ്റിദ്ധാരണയിലായിരുന്നിട്ടും, ഞാനാ ചായ കുടിച്ചു. എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. ഞാൻ ആർത്തിയോടെ അവില് തിന്നുന്നതും നോക്കി അവർ റാന്തൽ വെളിച്ചത്തിൽ നിന്നു. ഗർഭകാലത്തെ വിളർച്ച ബാധിച്ച മുഖത്തുനിന്ന് ആ കണ്ണുകൾ എന്നെ അലിവോടെ നോക്കി, ‘ഇഞ്ഞ് മാണോ? '
വേണ്ടാന്ന് ഞാൻ തലയാട്ടിയപ്പോൾ ചെമ്പുകിണ്ടിയിൽ വെള്ളം എടുത്തുതന്ന് അവർ പറഞ്ഞു; ‘കൈയും മോറും നല്ലോം കെഗ്ഗിക്കാളാ ,അന്റെ മോത്ത് നെറച്ചും കരിയാണ്.’
അപ്പോഴാണ് ഞാൻ എന്റെ വസ്ത്രങ്ങളിലേക്ക് നോക്കിയത് .
കാറ്റത്ത് പാറിവന്ന കരിയും ചാരവുമൊക്കെ എന്റെ വസ്ത്രത്തിലും വസ്ത്രം പൊതിയാത്ത ശരീരഭാഗങ്ങളിലും പറ്റിപ്പിടിച്ചുനിന്നിരുന്നു. അവരാണ് വീടിന് എങ്ങനെ തീപിടിച്ചുവെന്നും, ഉമ്മയും ഉപ്പയും അനിയത്തിയും മറ്റുള്ളവരുമെല്ലാം, ഇപ്പോൾ എളാപ്പയുടെ വീട്ടിലാണെന്നും എനിക്ക് പറഞ്ഞുതന്നത്. ഞാൻ അങ്ങോട്ട് പോകാൻ തുടങ്ങിയപ്പോൾ, അതിന്റെ ആവശ്യം ഇല്ലെന്നും ഇന്ന് ഇവിടെ കിടന്നോ എന്നും പറഞ്ഞ് കുളിക്കാൻ വെള്ളവും കിടക്കാൻ പായയും തന്നത്.
ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു. നടന്ന കാര്യങ്ങൾ ഒന്നും അറിയാതെ ഞാൻ വീട്ടിലേയ്ക്ക് പോവുമെന്നും, അവിടെയെത്തി കത്തിയ വീട് കാണുമ്പോൾ ഞാനാകെ പേടിച്ചുപോവുമെന്നും ആരും ഓർത്തില്ല. ഉമ്മയും ഉപ്പയും ഏട്ടന്മാരും എല്ലാവരും എന്നെ മറന്നു. കവലയിൽ എനിക്ക് ആരും കൂട്ടില്ലാത്തതിനാൽ എന്നോട് ആരും വീട് കത്തിയ കാര്യം പറയില്ലെന്നും അവരാരും ഓർത്തതേയില്ല. അമ്പരപ്പിലും ഭയത്തിലും നിസ്സഹായതയിലും പെട്ട് അവരെന്നെ മറന്നുപോയതാവണം. അനിയത്തി മാത്രം അവളുടേതായ ആംഗ്യഭാഷയിൽ ഞാൻ എവിടെയെന്ന് രാത്രി മുഴുവൻ ഉമ്മാനോട് ചോദിച്ചുകൊണ്ടേയിരുന്നു എന്ന് പിന്നീടാണ് ഞാനറിയുന്നത്. ഞാൻ അവിടെയെത്തി വീട് കത്തിയത് കാണുമ്പോൾ ഇങ്ങോട്ട് വന്നോളുമെന്നാണ് ഉമ്മ കരുതിയത്.
ദേവകി സൈനുവിന്റെ വീട്ടുവരാന്തയിൽ, അവർ വിരിച്ചുതന്ന പായയിൽ ഉടുതുണി പുതച്ചുകിടന്ന ആ രാത്രിയിൽ, എന്റെ അബോധത്തിൽ തീയായിരുന്നു. ആ തീയിലൂടെ ഉമ്മയും ഉപ്പയും സഹോദരങ്ങളും തീപിടിച്ച ചർമങ്ങളുമായി അലറിവിളിച്ച് ഓടി.
ആ ഓർമയില്ലായ്മയുടെ ഓർമ എന്നെ വല്ലാതെ ഉലച്ചു. അങ്ങനെ ഓർത്തുവെക്കേണ്ട ഒരാളാണ് ഞാനെന്ന് ആരും കരുതുന്നില്ല എന്നത് എന്നെ കൂടുതൽ അന്തർമുഖനാക്കി. അന്നത്തെ ആ രാത്രി മുതൽ എനിക്കെന്റെ ചിരി നഷ്ടമായി. വ്യർഥമാണെന്നറിഞ്ഞിട്ടും, ഇപ്പോഴും ഞാൻ എന്നോടുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു, ആരെങ്കിലും ഒരാൾക്ക്, ഒരേയൊരാൾക്ക് കവലയിൽ വന്നുനിൽക്കാമായിരുന്നു. കവലയിലല്ലെങ്കിൽ ചെമ്മൺ പാതയുടെ തുടക്കത്തിൽ എനിക്കായി കാത്തുനിൽക്കാമായിരുന്നു. എന്നോട് പറയാമായിരുന്നു. എങ്കിൽ ഇന്നും എന്നെ പിടിച്ചുകുലുക്കുന്ന ആ ശൂന്യതയും, കനലുകളും, എനിയ്ക്ക് അനുഭവിക്കേണ്ടിവരില്ലായിരുന്നു. ഉറ്റവരെല്ലാം വീടിനോടൊപ്പം എരിഞ്ഞുതീർന്നുവെന്ന ആ ഭയം... ആ ശൂന്യത... അന്ന് കരിയും ചാരവുമായി എന്നെ തൊട്ട കാറ്റുകൾ എന്റെ ചിരിയെ ഇല്ലാതെയാക്കി, ഇങ്ങനെ മരണംവരേയ്ക്കും എന്നെ പിന്തുടരില്ലായിരുന്നു.
ദേവകി സൈനുവിന്റെ വീട്ടുവരാന്തയിൽ, അവർ വിരിച്ചുതന്ന പായയിൽ ഉടുതുണി പുതച്ചുകിടന്ന ആ രാത്രിയിൽ, എന്റെ അബോധത്തിൽ തീയായിരുന്നു. ആ തീയിലൂടെ ഉമ്മയും ഉപ്പയും സഹോദരങ്ങളും തീപിടിച്ച ചർമങ്ങളുമായി അലറിവിളിച്ച് ഓടി. എല്ലാവരുടെയും വസ്ത്രങ്ങൾ ഒന്നിച്ചുകത്തി. എല്ലാ നിലവിളികൾക്കും ഇടയിൽ ഭാഷയില്ലാത്ത എന്റെ അനിയത്തിയുടെ നിലവിളി മാത്രം, ഇരുട്ട് തുളച്ച്, കാറ്റ് തുളച്ച്, കരിയും ചാരവും തുളച്ച് എന്റെ ചെവിയിൽ ഉരുകിയൊലിച്ച ഈയമായി ഇറ്റിവീണു.
അബോധങ്ങളിൽ എവിടെയോ ഞാൻ വല്യത്താനെ കണ്ടു. അവളുടെ മണങ്ങളെ അറിഞ്ഞു. അവൾ തൊട്ടടുത്ത് ഉണ്ടെന്ന ഉറച്ച ധാരണയിൽ, അവളുടെ മണങ്ങളിൽ എന്റെ ഭയം കുറഞ്ഞു. അവളുടെ പുതപ്പിൻകീഴിൽ അവളുടെ ചൂടുപറ്റി ഞാൻ കിടന്നു. അവളുടെ വെളുത്തുള്ളി മണമുള്ള കൈകൾ എന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു. അബോധങ്ങളിലെ ഇരുട്ടിൽ, കനലുകൾ അണയുകയായിരുന്നു. ചാരങ്ങളിലേയ്ക്ക് മഞ്ഞിൻതണുപ്പ് പെയ്യുകയായിരുന്നു.
ഉണരുമ്പോൾ ദൂരെ... നിറം മാറിയ മൺകട്ടകളുമായി മേൽക്കൂരയില്ലാതെ എന്റെ വീട് നിന്നു. അവിടെ ഞാൻ ഉപ്പാനെ കണ്ടു. കരയുന്ന ഉമ്മാനെ കണ്ടു. വീടിനുള്ളിലെ ചാരത്തിൽ നിന്ന് പലതും പെറുക്കി പുറത്തേയ്ക്കിടുന്ന മറ്റ് ഏട്ടൻമാരെ കണ്ടു. അന്തിച്ചുനിൽക്കുന്ന അനിയനെ കണ്ടു.
ആ ചാരത്തിനുള്ളിൽ നിന്നാണ് എന്റെ ചെറിയ തകരപ്പെട്ടി എനിയ്ക്ക് കിട്ടിയത്. ഞാനൊരിക്കലും രുചി അറിഞ്ഞിട്ടില്ലാത്ത ബിസ്‌കറ്റിന്റെ ടിന്നായിരുന്നു അത്. അതിനുള്ളിലാണ് എനിക്ക് മുത്തയ്യൻ സാറ് തന്ന ഫൗണ്ടൻ പേനയും എന്റെ അതുവരെയുള്ള സമ്പാദ്യമായ ഒമ്പതുരൂപയും ഞാൻ സൂക്ഷിച്ചുവെച്ചിരുന്നത്. ആ തകരപ്പെട്ടിയുടെ വർണങ്ങൾ കരിഞ്ഞുപോയിരുന്നെങ്കിലും, നല്ലോണം പഠിച്ച് നല്ലവനായി ജീവിക്കാൻ, മുത്തയ്യൻ സാറ് എനിയ്ക്കുതന്ന ഫൗണ്ടൻ പേന ഒന്നും പറ്റാതെ അതിനുള്ളിലുണ്ടായിരുന്നു.
ആ പേനയും പിടിച്ച് ഞാൻ ഏറെനേരം നിന്നു. എനിയ്ക്കുചുറ്റും നെൽപ്പാടങ്ങളും താമരക്കുളങ്ങളും ഇരമ്പിയാർത്തു. ഗിരീഷിന്റെ എച്ചിൽ തിന്ന എന്റെ കൈയും പിടിച്ച് മുത്തയ്യൻ സാറ് നടന്ന ആ അപരാഹ്നദൂരങ്ങൾ വിതുമ്പലായി എന്റെ ഉള്ളിൽ തെളിഞ്ഞു. അരിപ്പൊടിക്കോലങ്ങൾ ചിതറിക്കിടന്ന ഒരു വീട്ടുമുറ്റത്ത് പതിഞ്ഞ എന്റെ കാൽപ്പാടുകൾ ഞാൻ കണ്ടു. ആ ചാരത്തിൽ നിന്ന് വിശേഷദിവസങ്ങളിൽ കാലിൽ അണിയാനായി താൻ കരുതിവെച്ച വെള്ളിപാദസരം വെന്തുരുകി കട്ടയായതും പിടിച്ച് അനിയത്തിനിന്നു. ഓരോരുത്തരും അവരവരുടേതായ എന്തൊക്കെയോ ആ വീടിനുള്ളിൽ സൂക്ഷിച്ചുവെച്ചിരുന്നു.
വീട് പണിക്കായി ഏട്ടൻ കരുതിവെച്ച പണമത്രയും കത്തിച്ചാമ്പലായി. അത് എത്രയുണ്ടെന്ന് ഏട്ടനുമാത്രമേ അറിയുമായിരുന്നുള്ളൂ. നല്ലൊരു വീടെന്ന സ്വപ്നത്തിനായി സ്വന്തം കൂലിപ്പണവും അനിയൻമാരിൽ നിന്ന് അധികാരം കാട്ടി വാങ്ങിയ പണവും ഏട്ടന്റെ ആ സമ്പാദ്യത്തിലുണ്ടായിരുന്നു. അവയത്രയും കടലാസുകളാണെന്നും, അതിന്റെ ചാരം പോലും വേർതിരിച്ചെടുക്കാൻ കഴിയില്ലെന്നും അറിയാമായിരുന്നിട്ടും, തന്റെ വിയർപ്പും കണ്ണീരും വീണ ആ നോട്ടുകൾക്കായി ഏട്ടൻ, ആ ചാരത്തിൽ ഒരു വടി കൊണ്ട് തിരഞ്ഞുനോക്കുന്നത് കണ്ട് ഉമ്മ നെഞ്ചത്തടിച്ച് കരഞ്ഞു. ഉമ്മയിൽ നിന്ന് പടർന്ന് എത്താവുന്ന ആ കണ്ണീർമഴയിൽ പെട്ടുപോകാതിരിക്കാൻ ഞാൻ അവിടെ നിന്നും നടന്നു. എന്റെ കൈയിൽ അപ്പോഴും ആ ഫൗണ്ടൻ പേന ഉണ്ടായിരുന്നു.
വീട് നഷ്ടപ്പെട്ടവർക്കായി പള്ളിയിൽ ആ വെള്ളിയാഴ്ച പിരിവ് നടന്നു. അന്നന്നത്തെ അന്നത്തിനായി പരക്കം പായുന്നവരുടെ അടുത്തുനിന്നും, മരുഭൂമികളുടെ നാട്ടിൽ പൊരിവെയില് കൊള്ളുന്നവരുടെ അടുത്തുനിന്നുമൊക്കെ കനിവായി പണം എത്തി.
ഉടുതുണി അല്ലാതെ സകലതും കത്തിനശിച്ചിരുന്നു.
മൺപാത്രങ്ങൾ പൊട്ടിച്ചിതറിയിരുന്നു
ഏട്ടന്റെ കട്ടിൽ, കത്തി പാതിയായത് ആരോ വലിച്ചിട്ടപടി മുറ്റത്ത് കിടന്നിരുന്നു. പെരുംചിലമ്പിൽ നിന്ന് ഇവിടം വരെ ഞങ്ങളോടൊപ്പം വന്ന വീട്ടുപകരണങ്ങൾ എല്ലാം അതിന്റെ രൂപങ്ങൾ മാറി ഉപയോഗശൂന്യമായി ആ ചാരത്തിൽ പുതഞ്ഞുകിടന്നു.
ഉപ്പ ജോലിയെടുക്കുന്ന റബ്ബർതോട്ടത്തിന്റെ ഉടമയുടെ പരിചയത്തിലുള്ള ഒരു വീട്ടിലേയ്ക്കു ഞങ്ങൾ താമസം മാറി. ഒരിക്കലും ഉപയോഗിക്കാൻ കഴിയില്ല എന്നുറപ്പുണ്ടായിരുന്നിട്ടും, കത്തിക്കരിഞ്ഞ തന്റെ അടുക്കളപ്പാത്രങ്ങളുടെ എക്‌സ് റേ പ്രിന്റുകൾ ചാക്കിലാക്കി ഉമ്മ ചുമന്നു. എല്ലാം കത്തിയെരിഞ്ഞ ഞങ്ങൾക്ക് ആരൊക്കെയോ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങൾ കനിവായി കിട്ടി. അതിൽനിന്ന് എനിക്ക് പാകമായ ഒരു ഷർട്ട് ഞാൻ തിരഞ്ഞെടുത്തു.
വീട് നഷ്ടപ്പെട്ടവർക്കായി പള്ളിയിൽ ആ വെള്ളിയാഴ്ച പിരിവ് നടന്നു. അന്നന്നത്തെ അന്നത്തിനായി പരക്കം പായുന്നവരുടെ അടുത്തുനിന്നും, മരുഭൂമികളുടെ നാട്ടിൽ പൊരിവെയില് കൊള്ളുന്നവരുടെ അടുത്തുനിന്നുമൊക്കെ കനിവായി പണം എത്തി. ആരും കണക്ക് പറഞ്ഞില്ല. ആരും കണക്ക് ചോദിച്ചില്ല. കുറെ ദിവസം കഴിഞ്ഞ് പള്ളി കമ്മിറ്റി സെക്രട്ടറി ഞങ്ങൾ താമസിക്കുന്ന വീട്ടിലെത്തി ഉപ്പാക്ക് ഒരു കവർ കൈമാറി. അതിൽ കൃത്യം 250 രൂപയുണ്ടായിരുന്നു. ഇരുപത്തയ്യായിരത്തിലേറെ രൂപ അന്നത്തെ കാലത്ത് പിരിഞ്ഞുകിട്ടിയിരുന്നു. ആ ഇരുപത്തയ്യായിരത്തിൽ നിന്ന് രണ്ട് പൂജ്യങ്ങൾ, നാഴികയ്ക്ക് നാല്പതിനായിരം വട്ടം ദൈവനാമം ഉരുവിടുന്നവർ അടിച്ചുമാറ്റി. യാതൊരു കുറ്റബോധവും ഇല്ലാതെ അവർ ആ പണം വീതിച്ചെടുത്തു. കവറിൽ നിന്ന് നോട്ടെടുത്ത് എണ്ണിനോക്കി എന്റെ ഉപ്പ മനസ്സ് നിറഞ്ഞുനിന്നു. ദൈവനാമത്തിൽ കള്ളം പറയാനോ ചെയ്യാനോ അറിയാത്ത ആ പാവം മനുഷ്യനോട്, എന്റെ ഉപ്പാനോട്, സെക്രട്ടറി പടച്ചോനോട് പ്രാർഥിക്കാൻ പറഞ്ഞു. ആരും പറഞ്ഞില്ലെങ്കിലും, കനിവായി കരുതലായി തന്നെ തേടിയെത്തിയ സ്‌നേഹസ്പർശങ്ങൾക്ക് ഉപ്പ നന്ദി പറയുമായിരുന്നു, പ്രാർഥിക്കുമായിരുന്നു.
ഉപ്പാന്റെ ദൈവം എല്ലാം അറിയുന്നവനും എല്ലാം ക്ഷമിക്കുന്നവനും എല്ലാത്തിന്റെയും കണക്ക് സൂക്ഷിക്കുന്നവനും ആയിരുന്നു. ആ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ ചുവന്ന മഷി കൊണ്ട് വെട്ടിയ രണ്ട് പൂജ്യങ്ങൾ ഇന്നും അടയാളപ്പെട്ടു കിടക്കുന്നുണ്ടാവും. ഇപ്പോൾ ഈ ഭൂമിയിൽ ഇല്ലാത്ത എന്റെ ഉപ്പാക്ക് ദൈവം ആ രണ്ടു പൂജ്യങ്ങളുടെ കണക്ക് പറഞ്ഞുകൊടുത്തിരിക്കും.
മടങ്ങുംമുമ്പ് ലീഗുകാരനായ സെക്രട്ടറി ലീഗുകാരനായ ഉപ്പാനോട്, മലപ്പുറത്തെ കെ.എം.സി.സി.യുടെ ഓഫീസുമായി ബന്ധപ്പെടാൻ പറഞ്ഞിട്ടാണ് പോയത്. ഏട്ടൻ അതുവേണ്ട എന്നുപറഞ്ഞെങ്കിലും, മക്കൾക്ക് കയറിക്കിടക്കാൻ ഒരു നെടുമ്പുര എങ്കിലും ഉണ്ടാക്കിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ഉപ്പ, ദൂരങ്ങൾ താണ്ടി ആ ഓഫീസിലേക്കും പോയി. മരണം വരെ എന്റെ ഉപ്പ ക്ഷേമ പെൻഷനുകൾ ഒന്നും സ്വീകരിച്ചിരുന്നില്ല. ഉമ്മാക്കും അത് വേണ്ടാന്ന് തീരുമാനിച്ചതും ഉപ്പ തന്നെയാണ്. അതിനു തികച്ചും ന്യായമായ കാരണമാണ് ഉപ്പ പറഞ്ഞത്, ‘ഇന്ക്ക് പത്ത് മക്കള്ണ്ട്. അദില് ഏഴെണ്ണം ആൺമക്കളാണ്. ഇത്രീം സമ്പാദ്യം പടച്ചോൻ തന്നിട്ടും, ഞാന് പെൻഷൻ വാങ്ങിയാ അദ് പടച്ചോൻ പൊറുക്കൂല.’
ആ ഉപ്പയാണ് അന്ന് തികച്ചും നിസ്സഹായനായി മലപ്പുറത്തെ ഓഫീസിലേയ്ക്ക്, ഇവിടുന്ന് പാർട്ടിക്കാർ കൊടുത്ത കത്തുമായി പോയത്. ഉപ്പ മടങ്ങിവന്നത് പ്രതീക്ഷയറ്റ മുഖവുമായിട്ടാണ്. ഉപ്പാന്റെ കൈയിൽ പച്ചനിറമുള്ള ഒരു കവറുണ്ടായിരുന്നു. ആ കവറിനുള്ളിൽ ഒരു വെള്ളപേപ്പറിൽ,
‘തീർച്ചയായും അല്ലാഹു ക്ഷമയുള്ളവനാണ്. അവൻ ക്ഷമിക്കുന്നവരുടെ കൂടെയുമാണ്' എന്നർഥം വരുന്ന ഖുർആൻ സൂക്തങ്ങൾ, അറബിയിൽ നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയിട്ടിരുന്നു. ആ ഖുർആൻ സൂക്തം നശിപ്പിക്കാതെ ഉപ്പ സൂക്ഷിച്ചുവെച്ചു. തീർച്ചയായും എന്റെ ഉപ്പ കടലോളം ക്ഷമയുള്ളവനായിരുന്നു. ജീവിതം തന്നെ നീണ്ട ക്ഷമയായി മാറിയ ആ മനുഷ്യൻ കരുണയുള്ളവനായിരുന്നു. പൂച്ചകൾക്കും കവലയിലെ നൂറായിരം പക്ഷികൾക്കും നായകൾക്കും ഭക്ഷണവും വെള്ളവും കൊടുക്കുമായിരുന്നു. സഹിക്കാനാവാത്ത ശ്വാസംമുട്ടലുമായി വീട്ടിൽ കിടപ്പിലാവും വരെ അത് ചെയ്തിരുന്നു. തന്റെ ഓഹരി ഭക്ഷണത്തിന്റെ നല്ല പങ്കും പൂച്ചകൾക്കാണ് മൂപ്പർ കൊടുത്തത്. തന്റെ പണം കൊണ്ടാണ്, മീനും പൊറോട്ടയും ഇറച്ചിയുമൊക്കെ വാങ്ങി കവലയിലെ പൂച്ചകൾക്കും നായകൾക്കും ഉപ്പ തിന്നാൻ കൊടുത്തത്.
മനുഷ്യർ വഴിനടക്കുന്ന പാതകളിലെ തടസ്സങ്ങൾ നീക്കുന്നതും ഇബാദത്താണെന്ന, ദൈവവചനത്തെ നെഞ്ചേറ്റിയ എന്റെ ഉപ്പ, റോഡിലെ കല്ലും മുള്ളും കുട്ടികൾ എറിഞ്ഞു പൊട്ടിക്കുന്ന കുപ്പികളുടെ ചില്ലുകളും എടുത്തുമാറ്റുമായിരുന്നു.
ചില സംഘടനകൾ തെരുവോരത്തെ മരക്കൊമ്പിലും മറ്റും ചെറിയ പാത്രങ്ങളിൽ വെള്ളം നിറച്ചുവെക്കുന്ന പക്ഷിസ്‌നേഹം തുടങ്ങുന്നതിനും എത്രയോ വർഷങ്ങൾക്കുമുമ്പ് എന്റെ ഉപ്പ, കവലയിലെ വൈദ്യുതി പോസ്റ്റുകൾക്കുചുവട്ടിൽ പ്ലാസ്റ്റിക് പാത്രങ്ങൾ വച്ച് അതിൽ വെള്ളം നിറച്ചുവെയ്ക്കുമായിരുന്നു. ആ പാത്രങ്ങളിൽ നിന്ന് പലതരം പക്ഷികൾ വെള്ളം കുടിക്കുന്നത് ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ഉപ്പ കണ്ടുനിൽക്കുമായിരുന്നു. വയ്യാതായി കിടപ്പിലായപ്പോൾ ആ പാത്രങ്ങളിൽ വെള്ളം നിറച്ചുവെക്കാൻ ഞങ്ങൾ മക്കളെ ഓർമിപ്പിക്കുമായിരുന്നു. മനുഷ്യർ വഴിനടക്കുന്ന പാതകളിലെ തടസ്സങ്ങൾ നീക്കുന്നതും ഇബാദത്താണെന്ന, ദൈവവചനത്തെ നെഞ്ചേറ്റിയ എന്റെ ഉപ്പ, റോഡിലെ കല്ലും മുള്ളും കുട്ടികൾ എറിഞ്ഞു പൊട്ടിക്കുന്ന കുപ്പികളുടെ ചില്ലുകളും എടുത്തുമാറ്റുമായിരുന്നു. കവലയാകെ അടിച്ചുവാരി വൃത്തിയാക്കുമായിരുന്നു.
ഇത്തരം മനുഷ്യർ ഇന്നും ഈ ഭൂമിയിൽ നിശബ്ദമായി ജീവിച്ചിരിക്കുന്നത് കൊണ്ടാണ് മഹാശബ്ദങ്ങൾ നമ്മളെ തേടിയെത്താത്തത്. എവിടെയും വാഴ്ത്തപ്പെടാതെ പോകുന്ന അവരുടെ ചെറിയ ചെറിയ നന്മകളിലാണ് ഈ ഭൂമിയുടെ ഘടികാരങ്ങൾ മിടിച്ചുകൊണ്ടിരിക്കുന്നത്.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.